Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, July 14, 2014

ഒരു ബസ് യാത്ര













നല്ല മഴക്കാറുണ്ടായിരുന്നതൊഴിച്ചാൽ, കഥ തുടങ്ങുമ്പോൾ ഒരു നാടകീയതയ്ക്കും സാധ്യതയില്ലായിരുന്നു. ഒരു പകലിന്റെ മുഴുവൻ വേവലാതിയും തലയിലേന്തി, ഞാൻ ബസ് സ്റ്റോപ്പിലേക്കു നടക്കുകയാണ്. വിരസമായ ഈ ദിനചര്യയുടെ കുറ്റിയിൽ കിടന്നു കറങ്ങാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടാവുന്നു. ഈ ജോലിയുപേക്ഷിച്ച്, ജീവിതത്തോട് ശക്തമായി പ്രതികരിക്കണമെന്നൊക്കെ ചിലപ്പോൾ തോന്നും. എന്നാൽ, അരി മേടിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിൽ, ഒടുവിൽ ഒരൊത്തുതീർപ്പിലെത്തുകയാണ് പതിവ്.

പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. അല്ലെങ്കിലും മഴയ്ക്കു വെറുതെ പെയ്താൽ മതിയല്ലോ. സ്റ്റോപ്പിൽ നിറഞ്ഞുനിന്ന മനുഷ്യർ അസ്വസ്ഥരായി തിക്കിത്തിരക്കി. അപ്പോൾ വന്ന ഒരു സൂപ്പർഫാസ്റ്റിലേക്കു ചാടിക്കയറി, ഞാൻ രക്ഷപ്പെട്ടു. ഒരു സീറ്റുമാത്രമേ ഒഴിവുള്ളു. അതു ഞാൻ സ്വന്തമാക്കി. ഒരു പോലീസുകാരനാണ് ഇടതുവശത്തേക്കൊതുങ്ങി എനിക്കിരിക്കാൻ സ്ഥലം തന്നത്. ഇരുന്നുകഴിഞ്ഞാണ് വലതുഭാഗത്ത് എന്നോടു ചേർന്നിരിക്കുന്നയാളിന്റെ കൈയിലെ വിലങ്ങ് എന്റെ ശ്രദ്ധയിൽ‌പ്പെട്ടത്. ഓ, അതൊരു കുറ്റവാളിയാണ്.! പോലീസുകാരൻ അയാളുടെ ഉടമസ്ഥനും.

ഒരു കുറ്റവാളിയെ ഇത്രയടുത്തു കാണുന്നത് ആദ്യമായിട്ടാണ്. മുപ്പത്തഞ്ചുവയസോളം തോന്നിക്കുന്ന മെലിഞ്ഞ യുവാവ്. മുടിയിൽ അല്പം നര കയറിയിട്ടുണ്ട്. ഇവിടെ വേണമെങ്കിൽ ഒരു ചെറിയ നാടകീയതയ്ക്കു സ്കോപ്പുണ്ട്. ഒരേ സീറ്റിൽ തൊട്ടുതൊട്ടിരിക്കുന്ന ഞങ്ങൾ മൂന്നുപേരെ ഇപ്പോൾ നിരീക്ഷിക്കുന്ന ഒരാൾ പെട്ടെന്ന് ഞാനും ഒരു കുറ്റവാളിയാണെന്നു സംശയിച്ചേക്കാം. എനിക്ക് ഒരു കുറ്റവാളിയുടെ മുഖമുണ്ടോ.? ഞാനയാളുടെ മുഖത്തേക്കു നോക്കി. അതൊരു കുറ്റവാളിയുടെ മുഖമല്ലായിരുന്നു. കണ്ണുകളിൽ ദു:ഖം ഖനീഭവിച്ചുകിടന്നിരുന്നു. എന്റെയുള്ളിലെ തീവ്രവിഷാദങ്ങൾ ആവിയായിപ്പോയി. ഒരു മനുഷ്യൻ കുറ്റവാളിയായിത്തീരുന്ന നിമിഷത്തെപ്പറ്റി ഞാൻ പെട്ടെന്നോർത്തു.

പുറത്തേക്കു നോക്കിയിരുന്ന അയാൾ, മഴ ശക്തമായതോടെ ഷട്ടറിട്ടു. ഞങ്ങൾ മൂവരും അതിവേഗത്തിൽ ഒരു ഏകാന്തതയിലകപ്പെട്ടു. എന്തുകുറ്റമാവും അയാൾ ചെയ്തിട്ടുണ്ടാവുക.? ആരെയെങ്കിലും കൊന്നുകാണുമോ? ഒരുവേള, വെറുമൊരു കള്ളനോ പിടിച്ചുപറിക്കാരനോ ആവുമോ? എനിക്ക് ആ വ്യക്തിയോട് ഒരനുഭാവം തോന്നി. അയാളെപ്പറ്റി കൂടുതലറിയാൻ ആഗ്രഹം തോന്നി. എന്നാൽ, ഇവിടെ തൊട്ടടുത്തിരിക്കുമ്പോഴും ഒരു കുറ്റവാളിയെ പരിചയപ്പെടാനുള്ള സ്വാതന്ത്ര്യം എനിക്കില്ല. ഇടതുവശത്തിരിക്കുന്ന പോലീസുകാരന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അയാളും അടിച്ചേൽ‌പ്പിക്കപ്പെട്ട സ്വന്തം ഏകാന്തതയിൽ അഭിരമിക്കുകയായിരുന്നു. പതിവുജോലിയുടെ നിസ്സംഗതയാണ് ആ മുഖത്തും കാണാൻ കഴിഞ്ഞത്. അയാളോടും ഒരു വാക്കു സംസാരിക്കാനോ വിവരങ്ങളറിയാനോ എനിക്കനുവാദമില്ല എന്നു ഞാനോർത്തു.

സമയം കടന്നുപോയ്ക്കൊണ്ടിരുന്നു. ഇടയ്ക്ക് ഷട്ടർ അല്പം തുറന്ന് ആ മനുഷ്യൻ ഒരു കാറ്റിനെ അകത്തേയ്ക്കു കടത്തിവിട്ടു. ഞങ്ങളുടെ ഏകാന്തതയ്ക്ക് പെട്ടെന്നൊരു ശമനമുണ്ടായി. ഏതാനും മഴത്തുള്ളികൾ ഞങ്ങളുടെ മുഖത്തേക്കു പാറിവീണു. ഒരുപക്ഷേ, അയാളിപ്പോൾ ബസ്സിന്റെ ജനാലയിലൂടെ കോരിച്ചൊരിയുന്ന മഴയിലേയ്ക്ക് ചാടി രക്ഷപ്പെടാനുള്ള സാധ്യതയെപ്പറ്റിയും അതിന്റെ തുടർസാധ്യതകളെപ്പറ്റിയും ഞാൻ വെറുതെ ആലോചിച്ചുകൊണ്ടിരുന്നു. ഒരു കുറ്റവാളിക്കും പോലീസുകാരനുമിടയിലെ അനിവാര്യമായ ഏകാന്തത ഞാൻ ആദ്യമായി അനുഭവിക്കുകയായിരുന്നു.

അങ്ങനെയിരിക്കെ സ്റ്റോപ്പെത്തി. ഞാനിതാ പെരുമഴയിലേക്കിറങ്ങുന്നു. നാടകീയമായി ഒന്നും സംഭവിക്കാതെ, അനാഥമായ മൂന്ന് ഏകാന്തതകളുടെ സമാന്തരസഞ്ചാരം മാത്രമായി ഈ കഥ അവസാനിക്കുകയാണ്. അത്യന്തം വിരസമായ ഈ കഥയിൽ അപ്രതീക്ഷിതമായ എന്തെങ്കിലും ട്വിസ്റ്റ് നിങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ, അതെന്റെ കുറ്റമല്ല. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്തും സമയത്തും സംഭവിക്കുന്ന ഒന്നല്ല അത്. ഒട്ടും നിനച്ചിരിക്കാതെ പടികയറിവരുന്ന അപരിചിതനാണത്.

ഇറങ്ങും മുൻപ് സീറ്റിലേയ്ക്കു ചാഞ്ഞുകിടക്കുന്ന അയാളുടെ മുഖത്തേക്ക് ഞാൻ ഒരിക്കൽക്കൂടി നോക്കി. ആ അടഞ്ഞ കണ്ണുകൾക്കു താഴെ ഒരു ജലസ്പർശം കണ്ടു. എന്നാൽ അത് പാറിവീണ മഴത്തുള്ളിയോ കണ്ണുനീരോ എന്ന് എനിക്കു തിരിച്ചറിയാനായില്ല.

Sunday, March 4, 2012

ജീവിതം ഒരു റോഡ് മൂവീ














യാ
ത്ര ജീവിതത്തെ ത്രസിപ്പിക്കുന്ന ഇന്ധനമാണെന്ന് പറഞ്ഞതാരാവാം.? അഥവാ ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ.? അതെന്തായാലും, ഞാനുൾപ്പെട്ട കാമ്പസ്സിലെ അരാജകസംഘത്തെ സംബന്ധിച്ച്, യാത്രകൾ മനസ്സിനെ ഹരം കൊള്ളിയ്ക്കുന്ന ഉത്സവങ്ങളായിരുന്നു. ഒരുവേള, പലർക്കും വിചിത്രമായിത്തോന്നാം. ഞങ്ങളുടെ യാത്രകൾ ഒരിക്കലും പ്രശസ്തമായ ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്കോ നിസ്സഹായരായ മനുഷ്യർ തിക്കിത്തിരക്കുന്ന പുണ്യസ്ഥലങ്ങളിലേക്കോ ഒന്നുമായിരുന്നില്ല അവ മിക്കവാറും പ്രകൃതിയിലേക്കുള്ള മടക്കയാത്രകളായിരുന്നു. കാടും മലയും വെള്ളച്ചാട്ടങ്ങളും പുഴയും കായലും കാറ്റും കടൽത്തീരവും മാത്രമല്ല. വൈവിധ്യമാർന്ന മനുഷ്യപ്രകൃതിയും വാക്കുകൾക്കതീതമായ അനുഭവങ്ങൾ ഞങ്ങൾക്കു പകർന്നുതന്നു.!

നാട്ടുമ്പുറങ്ങളിലെ നെൽ‌പ്പാടങ്ങൾക്കും പുഴയോരങ്ങൾക്കും ഒറ്റയടിപ്പാതകൾക്കുമായി ഒഴിവുദിനങ്ങൾ വിട്ടുകൊടുത്ത ഞങ്ങൾ വിരസമായ ദിനാന്തങ്ങളിൽ ഭ്രമാത്മകമായ നഗരത്തിരക്കിലലിഞ്ഞു നടന്നു..പുലരിമഞ്ഞിന്റെ പുതപ്പിനുള്ളിലൂടെ പാടത്തു പണിയ്ക്കിറങ്ങുന്ന കർഷകർ എന്നിൽ ശരിക്കും രോമാഞ്ചമുണ്ടാക്കി. എന്റെ ക്യാമറയിൽ ഏറ്റവുമധികം പതിഞ്ഞത് അധ്വാനത്തിന്റെയും, വിയർപ്പിന്റെയും ഈ നിഴൽച്ചിത്രങ്ങളത്രേ.! നഗരത്തെയും ഞങ്ങൾ വെറുതെ വിട്ടില്ല. ഒരിടത്തും നിൽക്കാതെ പായുന്ന അവളുടെ പദചലനങ്ങളെ ഞങ്ങൾ മാറിനിന്ന് വീക്ഷിച്ചു. ലക്ഷ്യമില്ലാതെയുള്ള ഈ അലസഗമനങ്ങൾക്കിടെ ഞങ്ങൾ ജീവിതത്തെപ്പറ്റി ചിന്തിച്ചു...സംസാരിച്ചു. ഒരിക്കലും പിടിതരാത്ത അതിന്റെ വിസ്മയങ്ങളുടെ തലനാരിഴ കീറി. തളരുമ്പോൾ താവളത്തിലേയ്ക്കു മടങ്ങി. ചുരുക്കത്തിൽ, ഏതു യാത്രയും നവ്യാനുഭൂതികളുടെ ഒരു പുതുലോകം ഞങ്ങൾക്കു മുന്നിൽ തുറന്നു. പതിയെപ്പതിയെ, ജീവിതം ഒരു റോഡ് മൂവിയായി ഞങ്ങൾ ആസ്വദിക്കാൻ തുടങ്ങുകയായിരുന്നു.!

ഒരു മുഖവുരയുമില്ലാതെ കഥയിലേയ്ക്കു പ്രവേശിച്ചതിൽ നീരസം തോന്നുന്നുണ്ടോ.? എങ്കിൽ, നമുക്കൊന്നു പരിചയപ്പെടാം. എന്റെ പേർ സൂരജ്. ശിവൻ, ജോൺസൺ, ബാലു എന്നിവർ കൂടിച്ചേർന്നതാണ് ഞങ്ങളുടെ നാൽവർസംഘം. സുഹൃത്തുക്കളെന്നൊക്കെ ഒറ്റ വാക്കിൽപ്പറഞ്ഞാൽ ഒരുപക്ഷേ, കാര്യങ്ങൾ വ്യക്തമാവണമെന്നില്ല. ജീവിതമെന്ന മായികതയിൽ പരസ്പരം കണ്ടുമുട്ടുമ്പോൾ ഞങ്ങൾ ബിരുദവിദ്യാർത്ഥികളായിരുന്നു. സസ്യങ്ങളുടെ നിശ്ചലജീവിതമായിരുന്നു ക്ലാസ്സിലെ പഠനവിഷയമെങ്കിലും യഥാർത്ഥ ജീവിതം ക്ലാസ്സിനു പുറത്തായിരുന്നു. മാലാഖമാരുടെ സ്വപ്നജീവിതം.! ബാച്ചിലെ സുന്ദരികളായ 16 പെൺകുട്ടികൾക്കൊപ്പം ഞങ്ങൾ നാല് ആൺതരികൾ മാത്രം.! വിജയകരമായ മൂന്നു വർഷത്തിനപ്പുറം ബിരുദധാരികളായി മാറുമ്പോൾ, നഗരവും ആ കലാലയവും ആത്മാവിന്റെ ഭാഗമായിത്തീർന്നിരുന്നു. ബിരുദാനന്തരത്തിനും അതേ കാമ്പസ്സിൽ, ഒരേ ക്ലാസ്സിൽത്തന്നെ പ്രവേശനം ലഭിച്ചതാണ് ഞങ്ങളുടെ സൌഹൃദത്തെ ഒരു ചരിത്രസംഭവമാക്കി മാറ്റിയത്.

അദൃശ്യമായ ഏതോ ചരടിനാൽ ബന്ധിക്കപ്പെട്ട ആത്മാക്കളെപ്പോലെ എല്ലായിടത്തും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. കോളെജിലും ഹോസ്റ്റലിലും ബീച്ചിലും ബാറിലും ബസ്സിലും തട്ടുകടയിലും ഹോട്ടലിലും തീയേറ്ററിലും എന്നുവേണ്ട, ഞങ്ങളുടെ വഴികൾ എന്നും ഒരേ ദിശയിൽത്തന്നെ സഞ്ചരിച്ചു.! അഞ്ചാം വർഷത്തിൽ ഒരേ ജോലിക്കുള്ള പ്രവേശനപരീക്ഷ ഒരുമിച്ചു പാസ്സാകുംവരെ ഈ അനുയാത്ര തുടർന്നു.! ശിവനും ജോൺസണും ജോലി ലഭിച്ചപ്പോൾ ഞാനും ബാലുവും ഇന്റർവ്യൂ എന്ന കടമ്പയിൽ തടഞ്ഞു വീണു.! അപ്പോഴും ജോലിയല്ല; അനിവാര്യമായിത്തീർന്ന വേർപാട് മാത്രമായിരുന്നു ഞങ്ങളെ വിഷമിപ്പിച്ചത്.! അഞ്ചു സംവത്സരങ്ങളുടെ സഹവാസത്തിനു ശേഷം ആദ്യമായി ഞങ്ങളുടെ ജീവിതങ്ങൾ നാലു ദിക്കിലേക്കു ചിതറി. ഈ വിരഹം അംഗീകരിക്കാത്ത ഞങ്ങളുടെ മനസ്സുകൾ തപാൽവകുപ്പിനെ ആശ്രയിച്ച് ആശയവിനിമയവും അവസാനിക്കാത്ത സൈദ്ധാന്തിക ചർച്ചകളും തുടർന്നുകൊണ്ടേയിരുന്നു. ശിവന്റെയും ജോൺസന്റെയും അവധിദിനങ്ങൾ പിന്നെയും ഞങ്ങളുടെ സംഗമവേദികളായി മാറി. ഗൃഹാതുരമായ പോയകാലത്തെ മടക്കിവിളിക്കാൻ, ഈ സമാഗമങ്ങളെല്ലാം ഞങ്ങൾ യാത്രകൾക്കായി മാറ്റി വെച്ചു.

ബോറടിക്കുന്നുണ്ടോ.? ഉണ്ടെങ്കിൽ പറയണം...അതൊരു ഒക്ടോബർ മാസമായിരുന്നു. നേർത്ത തണുപ്പുകാറ്റിന്റെ തലോടലേറ്റ് രാത്രിവണ്ടിയിൽ ഞാനും ബാലുവും ജോൺസണും എറണാകുളത്തുനിന്നു പേരാമ്പ്രയിലേയ്ക്കു യാത്ര ചെയ്യുമ്പോൾ, വിശേഷിച്ച് ഒരു പദ്ധതിയും മനസ്സിലുണ്ടായിരുന്നില്ല. സൈഡ് സീറ്റിലെ ഷട്ടർ താഴ്ത്തി, ഞങ്ങൾ സുഖമായുറങ്ങി. പുലർച്ചയോടെ ശിവന്റെ വാടകവീട്ടിലെത്തിയതും മനസ്സിലേയ്ക്ക് കാമ്പസ്സും ആ നഷ്ടസ്മൃതികളും മടങ്ങിവന്നു. അല്പനേരം വിശ്രമിച്ച്, കുളിയും തേവാരവുമെല്ലാം കഴിഞ്ഞ് തൊട്ടടുത്തുള്ള ഉഡുപ്പി ഹോട്ടലിൽ നിന്ന് ഞങ്ങൾ ഇഡ്ഡലിയും ചമ്മന്തിയും കഴിച്ചു. ചൂടുചായ ഊതിക്കുടിക്കുന്നതിനിടെ, ‘ഇന്നു നമ്മൾ കക്കയത്തേയ്ക്കാണ് പോകുന്ന‘തെന്ന് ശിവൻ വെളിപ്പെടുത്തി. ഉച്ചഭക്ഷണം പാഴ്സലായി വാങ്ങി, സ്റ്റാൻഡിലെത്തിയ ഞങ്ങളെക്കാത്ത് അബൂബക്കർ എന്ന ടാക്സിഡ്രൈവർ നിൽ‌പ്പുണ്ടായിരുന്നു. ‘ഇതു ബക്കറിക്ക; എന്റെ സ്ഥിരം സാരഥി‘യെന്ന് ശിവൻ പരിചയപ്പെടുത്തി. നരച്ചുതുടങ്ങിയ താടിയിൽ തടവി, ബക്കർ നിഷ്കളങ്കമായി ചിരിച്ചു. പിന്നെ, കാറിൽക്കയറി ഞങ്ങൾ യാത്രയായി.

ശിവന്റെ വക സ്ഥലപുരാണത്തിന്റെ അകമ്പടിയോടെ, വനമേഖലയിലേക്കുള്ള വഴികൾ പിന്നിടുമ്പോൾ, ഞാനോർക്കുകയായിരുന്നു. പത്താം തരത്തിൽ പഠിക്കുമ്പോഴാണ് സാജനെന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ദുരൂഹമായ കസ്റ്റഡിമരണം. അന്നത്തെ പത്രത്താളുകളിലെ ശവഗന്ധമുള്ള വാർത്തകളും വൃദ്ധനായ ഒരു പിതാവിന്റെ ദു:ഖം ഖനീഭവിച്ച മുഖവും എനിക്കോർമ്മ വന്നു. ഉച്ചയോടെ കക്കയത്തെത്തി. ഒരിക്കൽ നിഗൂഢരഹസ്യങ്ങളുടെ കലവറയായിരുന്ന പോലീസ് ക്യാമ്പ് ഇന്ന് വെറുമൊരു ഓഫീസാണ്. ‘സ്വന്തം ഉത്തരവാദിത്തത്തിലാണ് ഡാം സൈറ്റിലേയ്ക്കു പോകുന്നതെന്ന് എഴുതിയൊപ്പിട്ടു നൽകുമ്പോൾ, എന്തിനാണിത്രയും കരുതലെന്ന് ഞങ്ങളോർക്കാതിരുന്നില്ല. ഇരുവശവും ഇടതൂർന്ന ഹരിതവനത്തിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഇടുങ്ങിയ വഴി, ആ കരുതലിനെപ്പറ്റി ദുരൂഹമായ ചില സൂചനകൾ തന്നുകൊണ്ടിരുന്നു. മുകളിലേക്കു പോകുന്തോറും നിശ്ശബ്ദതയുടെ കനം കൂടിക്കൂടി വരുന്നതുപോലെ.! ഇടയ്ക്കിടെ പുറത്തിറങ്ങി ഞങ്ങൾ ക്യാമറ ക്ലിക്ക് ചെയ്തു. പൊടുന്നനെ എവിടെനിന്നോ മഞ്ഞിൻ പാളികൾ വന്നു നിറഞ്ഞ് വനമാകെ ഒരു വെള്ളക്കടലായി മാറി. പ്രകൃതിയുടെ വന്യഭംഗി ആസ്വദിക്കുന്നതിനൊപ്പം അകാരണമായ ഒരു ഭീതി ഞങ്ങളെ വലയം ചെയ്തു. ‘ഹോ..എന്തൊരു കാട്.! ആളെക്കൊല്ലാൻ പറ്റിയ സങ്കേതം തന്നെ’യെന്ന് ജോൺസൺ ഒരു തമാശ പറഞ്ഞു. ചരിത്രത്തിലെ ആ ദുരന്തസ്മൃതികൾ ഒരിക്കൽക്കൂടി മനസ്സിലേക്കു കടന്നുവന്നു.

മലമുകളിലെ ഡാം സൈറ്റിലെത്തിയപ്പോഴേയ്ക്കും മഴ പെയ്യാനാരംഭിച്ചു. മലയിലെ മഴയ്ക്ക് സമതലങ്ങളിലെ മഴയുടെ ശാന്തസ്വഭാവമല്ല. വലിയ മഴത്തുള്ളികൾ, ചരൽക്കല്ലുകളെപ്പോലെ ശരീരത്തെ നോവിച്ചു. മഴയുടെ ശക്തി കൂടിയതിനാൽ ഞങ്ങൾ ഓടി കാറിൽക്കയറി. ഭക്ഷണപ്പൊതിയഴിച്ച് വിശപ്പകറ്റി, ഞങ്ങൾ മഴയ്ക്കിടയിലൂടെ മലയിറങ്ങാൻ തുടങ്ങി. നിമിഷങ്ങൾക്കകം ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മലഞ്ചരിവിലൂടെ നിരവധി ജലപാതങ്ങൾ രൂപപ്പെട്ടു. പ്രകൃതിയുടെ പെട്ടെന്നുള്ള ഈ ഭാവമാറ്റം ഞങ്ങളെ തെല്ലു ഭയപ്പെടുത്താതിരുന്നില്ല. ‘വഴി ഒട്ടും കാണാൻ കഴിയുന്നില്ല’ എന്നു ബക്കറിക്ക പറഞ്ഞതിനാൽ ഞാൻ ടവ്വലെടുത്ത് മുന്നിലെ ഗ്ലാസ്സ് തുടച്ചുകൊണ്ടിരുന്നു. ഒരു ഹെയർപിൻ വളവു തിരിഞ്ഞ് ബക്കർ പെട്ടെന്ന് വണ്ടി നിർത്തി. പുറത്തേക്കു നോക്കിയ ഞങ്ങൾ ശരിക്കും പേടിച്ചുപോയി. മലമുകളിൽ നിന്ന് വലിയ ഒരു വെള്ളച്ചാട്ടം തൊട്ടുമുന്നിലെ കാട്ടുപാതയിലേയ്ക്ക് ശക്തിയായി പതിക്കുകയാണ്. ‘വണ്ടിയെടുക്കാൻ കഴിയൂല്ല; ഒന്നെറങ്ങി നോക്ക്...’ബക്കറിന്റെ ശബ്ദത്തിലും ആശങ്ക നിറഞ്ഞിരുന്നു.

ഞങ്ങൾ പുറത്തിറങ്ങി രംഗം വീക്ഷിച്ചു. ഒരു കാറിനു മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിനിറഞ്ഞ് വെള്ളമൊഴുകുകയാണ്. പെരുമഴയിൽ രൂപമെടുത്ത വെള്ളച്ചാട്ടങ്ങൾക്ക്, നോക്കിനിൽക്കെ ശക്തി കൂടിവരുന്നു. വണ്ടിയെടുത്താൽ, കാറിനു മുകളിലേയ്ക്കു തന്നെ വെള്ളം ശക്തിയായി പതിയ്ക്കും. തൊട്ടപ്പുറത്ത് നിലയില്ലാത്ത കൊക്കയാണ്. നനഞ്ഞു കുതിർന്ന ഞങ്ങൾ നിസ്സഹായരായി മുകളിലേയ്ക്കു നോക്കി. അല്പമകലെയായി, ഒരു വലിയ പാറ അടർന്നു വീണ ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടിവിറച്ചു. മുന്നറിയിപ്പുപോലെ ഒരു‌ മേഘഗർജ്ജനം കൂടി ഭൂമിയിലേയ്ക്കിറങ്ങിവന്നു. അവിടെ നിൽക്കുന്നതു പന്തിയല്ലെന്നു തോന്നി. രണ്ടും കല്പിച്ച് കാറിൽ കയറി ഞങ്ങൾ ബക്കറിനു ധൈര്യം പകർന്നു. ഗിയർ താഴ്ത്തി, ബക്കർ വണ്ടിയെടുത്തു. ജലപാതത്തിൽ ശക്തമായി ഒന്നുലഞ്ഞെങ്കിലും ഒഴുക്കിൽ‌പ്പെട്ടതു പോലെ കാർ പതിയെ മുന്നിലേയ്ക്കു നീങ്ങി. പുനർജ്ജന്മം ലഭിച്ചവരെപ്പോലെ ഞങ്ങൾ പ്രാർത്ഥനാനിരതരായി.!

വൈകിട്ട് അഞ്ചുമണിയോടെ നഗരത്തിൽ തിരിച്ചെത്തി ബക്കറെ യാത്രയാക്കുമ്പോഴാണ് ആ ചൂടുവാർത്തയറിഞ്ഞത്. വടക്ക് അയോദ്ധ്യയിലേക്കു പുറപ്പെട്ട ഒരു രഥയാത്ര സർക്കാർ തടഞ്ഞിരിക്കുന്നു.! നാട്ടിലാകെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.! പുറം ലോകത്തു നടന്നതൊന്നുമറിയാതെ ഒരു പകൽ മുഴുവൻ ഞങ്ങൾ യാത്രയിലായിരുന്നല്ലോ.? ഒരിക്കൽക്കൂടി, ഞങ്ങൾ വിഷമകരമായ ഒരു ചരിത്രസന്ധിയിലെത്തിച്ചേർന്നതായി എനിക്കു തോന്നി.

വളരെ വേഗത്തിൽ, നഗരത്തിന്റെ ഭാവം മാറി. ഒരു സാംക്രമികരോഗം പോലെ തെരുവിലുടനീളം ഹർത്താൽ പടർന്നുപിടിച്ചു. കടകളടഞ്ഞു. സ്വയമൊളിയ്ക്കാൻ ശ്രമിക്കുന്നതു പോലെ നഗരവാസികൾ കൂരകൾക്കുള്ളിലേക്കൊതുങ്ങി. ബാക്കിയായവർ കരുതലോടെ കൂട്ടംകൂടി നിന്നു. അവരുടെ തൊണ്ടയിൽ നിന്ന്, ചുരുക്കം വാക്കുകൾ മാത്രം പതിഞ്ഞ ശബ്ദത്തിൽ പുറത്തു വന്നു. ഭയം ഭീമാകാരനായ ഒരു ദിനോസറിനെപ്പോലെ നഗരത്തെ പാതിയും വിഴുങ്ങിക്കഴിഞ്ഞിരുന്നു. അത്താഴത്തിനായി എന്തെങ്കിലും വാങ്ങാമെന്നുകരുതി ഞങ്ങൾ അടച്ചു കൊണ്ടിരുന്ന ഒരു ഹോട്ടലിൽ കയറി. അപ്പോൾ, ദൂരെനിന്ന് ഒരു ജാഥ കടന്നുവരുന്നുണ്ടായിരുന്നു. വളരെപ്പെട്ടെന്ന് തൊട്ടടുത്ത കവലയിൽ നിന്ന് എതിർദിശയിലേക്കും ഒരു ജാഥ രൂപപ്പെട്ടു. അതുവരെ സാധാരണ മനുഷ്യരായിരുന്നവർ പെട്ടെന്ന് ഹിന്ദുവും മുസ്ലീമുമായി മാറിയതായി എനിക്കു തോന്നി. പോർവിളി മുഴക്കിക്കൊണ്ട് ഇരുജാഥകളും നേർക്കുനേർ അടുത്തു. ഞങ്ങൾ ഒരപകടം മണത്തു. നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ കണ്മുന്നിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. കയ്യിൽ മാരകായുധങ്ങളുമായി ദൂരെനിന്ന് കുറച്ചുപേർ ഓടിവരുന്നതുകണ്ട് ഞങ്ങൾ കടയിൽ നിന്നിറങ്ങിയോടി. അടുത്തു കണ്ട ഒരിടവഴിയിലൂടെ ശിവൻ താമസിക്കുന്ന വീട്ടിലെത്തിയപ്പോഴേയ്ക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.

വാതിലും ജനലുമെല്ലാമടച്ച് ഞങ്ങൾ അകത്തിരുന്നു. ഉള്ളിലും പുറത്തും ഭയാനകമായ ഒരു നിശ്ശബ്ദത കനത്തുവന്നു. ഞങ്ങൾക്ക് ഒന്നും സംസാരിക്കാൻ തോന്നിയില്ല. കുറച്ചു ദൂരെ നിന്ന് ഒരു സ് ഫോടനത്തിന്റെ ശബ്ദം ഉയർന്നുകേട്ടു. ജനൽപ്പാളി തുറന്ന് ഞങ്ങൾ പുറത്തേക്കു നോക്കിയെങ്കിലും ഒന്നും വ്യക്തമായിരുന്നില്ല. പെട്ടെന്ന് വൈദ്യുതി നിലച്ചു. എല്ലാ സങ്കീർണ്ണതകളെയും വിഴുങ്ങിക്കൊണ്ട് ഇരുട്ട് അതിന്റെ ഭീതിദമായ രൂപം പുറത്തുകാട്ടി. എന്തെങ്കിലും സംസാരിക്കാൻ വേണ്ടി മാത്രം, ‘ഈ വീട് ആരുടെയാണെ‘ന്ന് ഞാൻ ശിവനോട് പതുക്കെ ചോദിച്ചു. ‘ഇതു ഷൌക്കത്ത് മാഷിന്റെ വീടാ. രണ്ടുവർഷമായി മാഷും കുടുംബവും ഗൾഫിലാ..’ അവൻ പറഞ്ഞു. ഇതു കേട്ടതോടെ എന്റെ ശ്വാസഗതി അല്പം കൂടി വേഗത്തിലായി. പാവം ബാലുവിന്റെ ശരീരം ആലിലപോലെ വിറയ്ക്കുന്നത് ആ കനത്ത ഇരുട്ടിലും ഞാൻ കണ്ടു. വിശപ്പും ദാഹവുമൊക്കെ മറന്ന് അനിവാര്യമായ വിധിയും കാത്ത് ഞങ്ങൾ അവിടെത്തന്നെയിരുന്നു. ഈയൊരു ദിവസത്തെ അനുഭവത്തിൽ നിന്നുതന്നെ, എനിക്കു മതങ്ങളിലുള്ള വിശ്വാ‍സം എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടിരുന്നു.! വളരെപ്പെട്ടെന്ന്, തികച്ചും യാദൃശ്ചികമായി, യാത്രയുടെ നാനാർത്ഥങ്ങളെപ്പറ്റി ഞാൻ ഒരിക്കൽക്കൂടി ഓർത്തുപോയി. ‘യാത്ര ജീവിതത്തെ ചലിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന ഇന്ധനമാണെന്ന് പറഞ്ഞതാരാവാം.? അഥവാ ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ.?’

Saturday, October 1, 2011

നന്മ നിറഞ്ഞവന്റെ ധർമ്മസങ്കടങ്ങൾ









ഒന്ന്

തിരുവോണനാൾ. കത്തിത്തുടങ്ങുന്ന ഒരു ചിതയുടെ ദൃശ്യത്തിലേയ്ക്കാണ് രാവിലെ കണ്ണുതുറന്നത്.! ആരാണീ പത്രം കിടക്കയിൽ കൊണ്ടുവന്നു വെച്ചത്.? നബീസു തന്നെയാവും. എന്റെ പഴയ ശീലങ്ങളൊന്നും അവളിനിയും മറന്നിട്ടില്ല. ഒരു വർഷത്തിനു ശേഷം വീണ്ടും ഒരു മലയാളപത്രത്തിലൂടെ കണ്ണോടിച്ചു. ദില്ലി സ്ഫോടനത്തിൽ കൊല്ലപ്പെട്ട പിതാവിന്റെ ചിതയ്ക്കരികിൽ നിൽക്കുന്ന മകൻ. വിഷാദത്തിന്റെ കരിനിഴൽ വീണ അവന്റെ മുഖത്തേയ്ക്കു നോക്കാൻ എനിക്കു മടി തോന്നി. എത്ര ആകസ്മികമായാണ്, വരാനിരിക്കുന്ന ഓരോ ഓണവും ആ കുമാരന് ജീവിതദുരന്തത്തിന്റെ ഓർമ്മദിവസമായി മാറിയത്? ഓരോ മരണവും ചിന്തയിൽ നീറുന്ന ചിതയൊരുക്കുന്നു.! ഉള്ളിലിരുന്ന് എന്നെ കാർന്നുതിന്നുന്ന മറുപാതിയെ ഞാൻ ഒരിക്കൽക്കൂടി ശപിച്ചു.

ഒമാനിൽ നിന്ന് ഇന്നലെ എത്തിയതേയുള്ളു. റംസാനു മുൻപ് നാട്ടിലെത്താനുള്ള ശ്രമം നേരത്തേ തുടങ്ങിയെങ്കിലും പെരുന്നാളും കഴിഞ്ഞ് ഓണമെത്തിയപ്പോഴാണ് ഒടുവിൽ, അത് സഫലമായത്. ഇനിയിപ്പോൾ, തിരുവോണത്തെ പെരുന്നാളാക്കി മാറ്റുകയേ നിവൃത്തിയുള്ളു. രണ്ടാഴ്ചത്തെ ലീവ് മാത്രം. എങ്കിലും, എന്നെ സംബന്ധിച്ച് ഈ ദിവസങ്ങൾ വളരെ പ്രധാനമാണ്. മുൻകൂട്ടി വാങ്ങിവെച്ച പെരുന്നാൾ സമ്മാനങ്ങൾ ബീവിയ്ക്കും എന്റെ തങ്കക്കുടമായ ഐഷ മോൾക്കും സ്വന്തം കൈകൊണ്ടു നൽകുന്നതിന്റെ സുഖം ഒന്നുവേറെ തന്നെ.! നിസ്സാരമായ നിരവധി സ്വപ്നങ്ങളിൽ പുലരുന്ന പ്രവാസിയുടെ ശരാശരി ജീവിതം ഇങ്ങനെയൊക്കെയാണല്ലോ.? നല്ലപാതിയായ എന്റെ നബീസു, സ്വന്തം കൈകൊണ്ടുണ്ടാക്കിയ നേർമ്മയുള്ള അരിപ്പത്തിരിയുടെയും കോഴിക്കറിയുടെയും ഓർമ്മ നുണഞ്ഞ് പതിയെ ദിനചര്യയിലേയ്ക്കു കടന്നു.!

ചായ കുടിച്ച് രണ്ടു വീടപ്പുറമുള്ള നജീമിന്റെ വീട്ടിലേയ്ക്കിറങ്ങുമ്പോൾത്തന്നെ, അവന്റെ ഫോൺ വന്നു. എത്ര ദൂരെയാണെങ്കിലും സമാനമനസ്സുകൾ സമാന്തരമായി സഞ്ചരിക്കുന്നു.! ബാല്യം മുതലേ കളിക്കൂട്ടുകാരനായ അവന്റെയൊപ്പമാണ് പത്തുവർഷം മുൻപ് ആദ്യമായി നാടുവിടുന്നത്. കമ്പനി രണ്ടാണെങ്കിലും ഒരേ റൂമിൽത്തന്നെ താമസം. “മജീക്കാ, നമ്മൾ പ്രതീക്ഷിച്ച പോലെ ഇന്നലെ വൈകി പി.ആർ.ഓ എത്തി. കാര്യം പറഞ്ഞപ്പോഴേ പാസ് പോർട്ട് എടുത്തുതന്നു. എന്റെ കണ്ണുനിറഞ്ഞു പോയിക്കാ. ഉമ്മയെ അവസാനമായൊന്നു കാണാൻ പറ്റുമെന്നു വിചാരിച്ചില്ല. അള്ളാഹുവിന്റെ കൃപ..! ടിക്കറ്റിനായി ഞാൻ ദാ ഇപ്പത്തന്നെ ഇറങ്ങുവാ. ന്റെ വീട്ടിലേക്കൊന്നു കേറണേ ഇക്കാ..തീർച്ചയായും ഞാനെത്തുമെന്നു പറയണം.. ടിക്കറ്റ് ഓകെയാക്കി ഞാൻ ഉടനെ വിളിക്കാം”. പാവം നജീം..മൂന്നു ദിവസമായി അവന്റെ പുന്നാര ഉമ്മയുടെ മരവിച്ച ശരീരം, പൊന്നുമകന്റെ വരവും കാത്തു കിടക്കുന്നു. അത്യാഹിതലീവിനായുള്ള കഠിനശ്രമം ഒടുവിൽ വിജയിച്ചിരിക്കുന്നു. പ്രവാസിയുടെ അനിവാര്യമായ ദുർവിധികളെപ്പറ്റി ഓർത്തുകൊണ്ട് ഞാൻ മൌനമുദ്രിതമായി വിറങ്ങലിച്ചു നിൽക്കുന്ന ആ വീടിന്റെ പടികൾ കയറി.

രണ്ട്

‘സ്നേഹഭവനാ’കെ അന്ന് ഉല്ലാസത്തിലായിരുന്നു. വർഷത്തിലൊരിക്കൽ മാത്രം വിരുന്നെത്തുന്ന സന്തോഷം അന്തേവാസികളുടെ തിളക്കമാർന്ന മുഖങ്ങളിൽ വായിക്കാം. ജീവിതമെന്തെന്നറിയുന്നതിനു മുൻപേ, അനാഥമന്ദിരത്തിലെത്തിപ്പെട്ട കുരുന്നുകൾ.! അച്ഛനാരെന്നറിയാത്തവർ, മാനഭയം നിമിത്തം അമ്മമാർ രഹസ്യമായി ഉപേക്ഷിച്ചവർ. രക്തബന്ധമെന്ന കെട്ടുപാടില്ലാതെ വളരുന്ന ഒരുവന്റെ മനോവ്യാപാരങ്ങൾ എങ്ങനെയായിരിക്കും.? അനാഥൻ എന്നുപേരിട്ടു തന്നെ മാറ്റിനിർത്തുന്ന ലോകത്തെ അവൻ എങ്ങനെയാവും കാണുക.? പൊതുസമൂഹത്തിനും തനിക്കുമിടയിലെ നികത്താനാവാത്ത വിടവ് ആ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുണ്ടാവും.?

ചെറിയ ഹാളിലെ പെട്ടെന്നൊരുക്കിയ വേദിയിൽ സ്ഥാപനത്തിന്റെ മേധാവിയ്ക്കൊപ്പം കുട്ടികൾക്ക് അഭിമുഖമായിരിക്കെ, ശിഥിലചിന്തകളിൽ സ്വയം നഷ്ടപ്പെട്ടു. മുൻപിൽ, കലപില കൂട്ടുന്ന കുട്ടികളുടെ കളങ്കരഹിതമായ സന്തോഷം മനസ്സിൽ സമ്മിശ്രവികാരങ്ങളുടെ തിരയുണർത്തി. അരുണും ഹരിയും മാറിമാറി അവരുടെ ഭാവഭേദങ്ങൾ ക്യാമറയിൽ പകർത്തുന്നുണ്ട്. ഒരു മാസം കൊണ്ട് ഞങ്ങൾ സുഹൃത്തുക്കൾ ചേർന്നു സമാഹരിച്ച സഹായധനം കൈമാറാൻ എല്ലാവരും കൂടി എന്നെയാണു ചുമതലപ്പെടുത്തിയത്. എന്റെ ഇടതുവശത്തിരുന്ന നാട്ടുകാരനായ ചലച്ചിത്രതാരം ചടങ്ങിനു കൊഴുപ്പു കൂട്ടി. തുക കൈമാറി, മൈക്കിനു മുന്നിലെത്തിയപ്പോൾ സത്യത്തിൽ, കണ്ണു നിറഞ്ഞുപോയി. സഭാകമ്പമോ, വിവരണാതീതമായ ആനന്ദമോ എന്നറിയില്ല..മനസ്സ് പെട്ടെന്നു വികാരഭരിതമായി. പിന്നീട്, വിശിഷ്ടാതിഥിയായ നടന്റെ നർമ്മമധുരമായ ആശംസാപ്രസംഗം കുഞ്ഞുങ്ങൾക്കൊപ്പം എന്നെയും ചിരിപ്പിച്ചു. അപ്പോഴാണ് മനസ്സൊന്നു തണുത്തത്. പിന്നെ, വിഭവസമൃദ്ധമായ സദ്യയ്ക്കു ശേഷം, ഞങ്ങൾ അവർക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്നു. വിസ്മയം മാറാത്ത കണ്ണുകളോടെ പലരും ഞങ്ങളെ തുറിച്ചുനോക്കി. കൂട്ടത്തിൽ, കുസൃതിയായ ഒരുവൻ എന്റെ കൈപിടിച്ച് എന്നോടൊപ്പം വന്നു. പിന്നെ, ആരും കേൾക്കുന്നില്ലെന്നുറപ്പു വരുത്തി, അവൻ എന്നോടൊരു രഹസ്യം ചോദിച്ചു. “അങ്കിൾ, അടുത്ത തവണ വരുമ്പോൾ മോഹൻലാലിനെക്കൂടി കൊണ്ടുവര്വോ..?” അവനെ കെട്ടിപ്പിടിച്ച്, ആ ഓമനക്കവിളിൽ ഒരുമ്മ കൊടുത്തു. അതൊരുറപ്പായി അവൻ കരുതിക്കാണും. എനിക്കെന്തോ വല്ലാത്ത സങ്കടം വന്നു.! പോക്കറ്റിൽ നിന്ന് തൂവാലയെടുത്ത്, ആരും കാണാതെ ഞാൻ കണ്ണുകൾ തുടച്ചു.

മൂന്ന്

നബീസുവിനെയും ഐഷമോളെയും കൂട്ടി കുമരകത്തെത്തുമ്പോൾ, എല്ലാരുമെത്തിക്കഴിഞ്ഞിരുന്നു. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന സുഹൃദ്സംഗമം. ഒപ്പം, നബീസുവും എന്റെ തങ്കക്കുടവും കാത്തുകാത്തിരുന്ന ഒരു വിനോദയാത്ര.! സന്തോഷ് വർമ്മയെന്ന ‘ആശാന്റെ’കാർമ്മികത്വത്തിൽ വളരെപ്പെട്ടെന്ന് ആലോചിച്ചുറപ്പിച്ച പരിപാടിയായിരുന്നു, ഹൌസ്ബോട്ടിൽ ഒരു ജലയാനം. നാട്ടിലുള്ളവരെയെല്ലാം ഫോണിൽ വിളിച്ച് സ്ഥലവും സമയവും അറിയിച്ചു. വിശാലമായ കായൽപ്പരപ്പിലൂടെ മന്ദമന്ദം ഒഴുകിനീങ്ങുന്നതിന്റെ ആഹ്ലാദം.! ഓൺലൈൻ ബന്ധങ്ങളെ നേരിൽ പരിചയപ്പെടുന്നതിന്റെ ആനന്ദം..! ജോമോനെ മുൻപൊരിക്കൽ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കുടുംബത്തെ കാണുന്നത്. ഭൂമിയിലേയ്ക്കു വിരുന്നുവന്ന ദേവദൂതിയെപ്പോലെ ഒരു സുന്ദരിമോളാണ് അയാൾക്ക്.! ‘പാറുക്കുട്ടി‘യുടെ തൽസ്വരൂപമായ റസിയ എല്ലാവർക്കും മധുരം വിതരണം ചെയ്ത് ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നു. ടീച്ചറായ ശ്രീച്ചേച്ചിയുടെ മുഖം, കടുത്ത വെയിലിൽ അല്പം വാടിയ ഒരു പനിനീർപ്പൂവിനെ ഓർമ്മിപ്പിച്ചു.

സുന്ദരമായ കായൽത്തീരദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് ബെഹ്റിനിൽ നിന്ന് മനൂട്ടൻ വിളിച്ചത്. പാവം, ഒരു മാസമായി വീട്ടിനുള്ളിൽ അടച്ചിരിപ്പാണത്രേ.! പുറത്ത് സർക്കാരും കലാപകാരികളും തമ്മിലുള്ള സംഘർഷം ഇനിയും അയഞ്ഞിട്ടില്ല.! “നിങ്ങടെയൊക്കെ നല്ലകാലം.! സന്തോഷിക്ക്...ഞങ്ങൾ ഇവിടിരുന്ന് അതൊക്കെ മനസ്സിൽ കാണാം.!“ അവന്റെ തമാശയിൽ പൊതിഞ്ഞ ദു:ഖം, ഒരു നിമിഷം എന്നെ നിശ്ശബ്ദനാക്കി. ദുബായിൽ നിന്നു വിളിച്ച നാച്ചിയെന്ന അബ്ദുൾ നാസർ, തന്റെ മാസ്റ്റർപീസായ പൊട്ടിച്ചിരിയ്ക്കിടയിലൂടെ ഈ അപൂർവസംഗമത്തിന് എല്ലാവിധ ആശംസകളും നേർന്നു. മനു, മജ് നു, ഹരി, വിഷ്ണു തുടങ്ങി എല്ലാവർക്കുമൊപ്പമിരുന്ന് തമാശകൾ പൊട്ടിച്ചിരുന്ന നോബിയെയും അരുണിനെയും പെട്ടെന്നു കാണാതായി. പിന്നീട് അടച്ചിട്ട മുറിയിൽ നിന്നു പുറത്തുവന്നതും, അവരുടെ ചിരിയിലും പെരുമാറ്റത്തിലും ചില പ്രകടമായ മാറ്റങ്ങൾ കാണപ്പെട്ടു. ഇതിനു കാരണമന്വേഷിച്ചുപോയ ഹരി, പച്ചനിറമുള്ള ഒരു കാലിക്കുപ്പിയുമായെത്തി, അത് എല്ലാവരുടെയും മുൻപിൽ പ്രദർശിപ്പിച്ചു.! രഹസ്യം പുറത്തായതിന്റെ ചമ്മലുമായി അവർ അതിവിശാലമായ ബോട്ടിലെ അടുക്കളയിലേയ്ക്കു നിഷ്ക്രമിച്ചു. തന്റെ ഗൃഹനിർമ്മാണത്തിന്റെ പ്രശ്നങ്ങൾ ‘ആശാൻ‘ എന്നെ വിശദമായി ധരിപ്പിച്ചു. കീശയിലുള്ളതു തീർന്നെന്നും പണി തീർക്കാൻ ഇനി ലോണെടുക്കുകയേ നിവൃത്തിയുള്ളു എന്നുമറിയിച്ചു. വിശേഷങ്ങൾ മുഴുവൻ പറഞ്ഞുതീരും മുൻപേ, സുന്ദരമായ പകൽ എരിഞ്ഞടങ്ങുകയും പടിഞ്ഞാറേ ആകാശത്ത് അവശേഷിച്ച ചുവപ്പും അപ്രത്യക്ഷമാവുകയും ചെയ്തു. വീണ്ടും കാണാമെന്ന ഉപചാരം ചൊല്ലി മനസ്സില്ലാമനസ്സോടെ ഞങ്ങൾ പിരിഞ്ഞു.

നാല്

എത്ര പെട്ടെന്നാണ് അവധിദിവസങ്ങൾ തീർന്നുപോയത്.! അതിരാവിലെ നബീസു വിളിച്ചുണർത്തി ഓർമ്മപ്പെടുത്തിയപ്പോഴാണ് മടക്കയാത്രയുടെ അനിവാര്യതയെപ്പറ്റി ബോധമുണ്ടായത്. സ്വീകരണമുറിയിൽ, നജീം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ദു:ഖിതനെങ്കിലും ഉമ്മയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം ആ മുഖത്തു കണ്ടു. അവനു ഞായറാഴ്ച വരെ ലീവുണ്ട്. സാധനങ്ങൾ പായ്ക്ക് ചെയ്യാനും മറ്റും എന്റെയൊപ്പം കൂടി. ഈയിടെ വാങ്ങിയ പുതിയ ‘ക്വാളിസു‘മായി അളിയനും രാവിലെ തന്നെ എത്തിയിട്ടുണ്ട്. എന്നെ സുരക്ഷിതമായി എയർപോർട്ടിലെത്തിക്കുകയാണ് ഉദ്ദേശ്യം. രണ്ടു മണിയ്ക്കാണ് ഫ്ലൈറ്റ്. നബീസുവും ഐഷ മോളും ഒരുങ്ങിയിറങ്ങി. കൂടെപ്പോരാമെന്നേറ്റ്, നജീമും വണ്ടിയിൽ കയറി. ബൈപ്പാസിൽ നിന്ന് അരുണും ഹരിയും ഞങ്ങളുടെയൊപ്പം ചേർന്നു.

യാത്രയിൽ, ഈ വരവിലും നടക്കാതെ പോയ ആഗ്രഹങ്ങളെ മനസ്സ് ഒരിക്കൽക്കൂടി ഓർത്തെടുത്തു. സുശീലന്റെ വീട്ടിൽ പോയി അവനെ കാണണമെന്നുണ്ടായിരുന്നു. അർബുദം ബാധിച്ച് അവന്റെ അമ്മ കിടപ്പിലാണ്. രാജേഷിന്റെ സ്വപ്നപദ്ധതിയായ ആദ്യ കവിതാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിലും പങ്കെടുക്കാൻ കഴിഞ്ഞില്ല്ല്ല. അടുത്തദിവസം ജനിക്കാൻ പോകുന്ന മോൾക്കുള്ള താരാട്ടുപാട്ടുകളുമായി വരണമെന്ന് ഗൌരി അന്ത്യശാസനം നൽകിയിരുന്നു. സമയം കിട്ടാത്തതിനാൽ, ഗാനങ്ങൾ ഒരു സീഡിയിലാക്കി അയച്ചു കൊടുത്തു. ബാംഗ്ലൂരിൽ നിന്ന് ലാജു വിളിച്ച് ഏതുവിധേനയും ഒന്നുകാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതും നടന്നില്ല. ശ്രീനിവാസൻ സിനിമയിൽ, വിജയൻ ദാസനോടു പറയുംപോലെ ഒരിക്കലും നടക്കാത്ത സുന്ദരസ്വപ്നങ്ങൾ കൊണ്ടു തീർത്ത ഒരു തുരുത്താണോ, ജീവിതം.?

എയർപോർട്ടിലെത്തിയതറിഞ്ഞില്ല. ചെക്കിൻ ചെയ്യുന്നതിനുള്ള ക്യൂവിൽ നിൽക്കെ, ആരോ പുറത്തു തോണ്ടി വിളിച്ചു. പോലീസാണെന്ന് അയാൾ പരിചയപ്പെടുത്തിയപ്പോൾ ഞാൻ അമ്പരന്നു. ഇനി ആളു മാറിയതാവുമോ.? “എന്നോടൊപ്പം ഓഫീസിലേയ്ക്കു വരൂ. നിങ്ങൾ മാത്രം മതി..കൂടെയുള്ളവർ ഇവിടെ വെയ്റ്റ് ചെയ്യൂ.” അയാൾ നിർദ്ദേശിച്ചു. എനിക്കൊന്നും മനസ്സിലായില്ല. ഇത് പതിവില്ലാത്തതാണല്ലോ.? എന്തെങ്കിലും പരിശോധനയാവുമോ.? ഞാൻ അയാളുടെ കൂടെച്ചെന്നു. ഓഫീസിലെത്തിയതും പോലീസുകാരുടെ ആൾബലം കൂടി. സ്വരവും കടുത്തതായി. പാസ്പോർട്ടും മറ്റു രേഖകളും ആവശ്യപ്പെട്ടു. ഇതിനിടയിൽ ഒരാൾ എന്റെ മൊബൈൽ ഫോണും പിടിച്ചുവാങ്ങി. ഒരു കസേരയിലിരുത്തി, ചോദ്യം ചെയ്യാനാരംഭിച്ചു. എനിക്കറിയാത്ത എന്തൊക്കെയോ കാര്യങ്ങൾ അവരെന്നോടു ചോദിച്ചു. ഒരു ചോദ്യത്തിനുത്തരം പറഞ്ഞുതീരും മുൻപേ അടുത്ത ചോദ്യം. എനിക്ക് ഒരു തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നറിയിച്ച അവർ, ‘എല്ലാം വെളിപ്പെടുത്തുന്നതാണ് ഇനി നിങ്ങൾക്കു നല്ലതെ’ന്ന് ഒരുപദേശവും നൽകി. കാര്യത്തിന്റെ ഗൌരവമറിഞ്ഞ് ഒന്നു ഞെട്ടിയെങ്കിലും അല്പസമയത്തിനകം സമനില വീണ്ടെടുത്ത് നിരപരാധിത്വം ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. ‘നിങ്ങൾ മൂന്നാർ സന്ദർശിച്ചിട്ടുണ്ടോ’ എന്നും ‘അവിടെ ഒരു ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ടോ’ എന്നും ചോദിച്ചു. 5 വർഷം മുൻപ് കുടുംബസമേതം മൂന്നാർ കാണാൻ പോയിട്ടുണ്ടെന്നും മറ്റൊന്നുമറിയില്ലെന്നും ഞാൻ പറഞ്ഞു. “നിങ്ങൾ പറയുന്നത് നുണയാണ്.. എന്തായാലും, ഈ യാത്ര ഞങ്ങൾ ക്യാൻസൽ ചെയ്യുന്നു...വി ആർ സോ സോറി ഫോർ ദാറ്റ്. അല്പസമയത്തിനകം ഐ.ജി. എത്തും. നിങ്ങൾക്കിവിടെ വെയ്റ്റ് ചെയ്യാം.” അവർ പറഞ്ഞു. രണ്ടു പോലീസുകാരുടെ കാവലിൽ, ഞാൻ അവിടെയിരുന്നു.

അടഞ്ഞ വാതിലിനു പുറത്ത്, എന്നെ കാത്തിരിക്കുന്ന സുഹൃത്തുക്കളുടെയും നബീസുവിന്റെയും മോളുടെയും ആശങ്ക നിറഞ്ഞ മുഖങ്ങൾ, മനസ്സിനെ വല്ലാതെ അലട്ടി. ഞാൻ നിസ്സഹായനായിരുന്നു. ഒരു പൌരനെന്ന നിലയിൽ, എന്റെ നിരപരാധിത്വം തെളിയിക്കാൻ ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. നീതിയ്ക്കും നിയമത്തിനുമിടയിലെ വർദ്ധിച്ചുവരുന്ന വിടവിനെക്കുറിച്ചാലോചിച്ചപ്പോൾ, ഭയം തോന്നി. പിന്നീട്, വിശാലമായ മുറിയുടെ ചില്ലുജനാലയ്ക്കപ്പുറം, എനിക്കു പോകേണ്ടിയിരുന്ന വിമാനം അന്തരീക്ഷത്തിലേക്കു പറന്നുയരുന്നത് വേദനയോടെ ഞാൻ നോക്കിക്കണ്ടു. രണ്ടാഴ്ചയുടെ പെരുന്നാൾക്കാലം നൽകിയ ഈ പ്രഹരം എന്നെ തളർത്തിക്കളഞ്ഞു. ഒരിടത്തേയ്ക്കും ചലിക്കാനാവാതെ നിരായുധനായി, എപ്പോഴോ വരാനിടയുള്ള ഐ.ജിയെയും കാത്ത് ഞാൻ അവിടെത്തന്നെയിരുന്നു. അല്പം മുൻപുവരെ മനസ്സിൽ പൂത്തുലഞ്ഞുനിന്ന വസന്തം, ഒറ്റനിമിഷത്തിൽ കരിഞ്ഞുണങ്ങിപ്പോകുന്നത് ഞാനറിഞ്ഞു. അബ്ദുൾ മജീദ് എന്നതിനു പകരം, പേര് അനന്തപത്മനാഭൻ എന്നായിരുന്നെങ്കിൽ, ഒരു വേള, എന്റെ വിധി മറ്റൊന്നാകുമായിരുന്നോ എന്നാണ് ഞാനപ്പോൾ ആലോചിച്ചു കൊണ്ടിരുന്നത്.!

Saturday, September 3, 2011

ദീപക് ജോസഫിന്റെ തിരോധാനം













പ്രിയപ്പെട്ട വായനക്കാരാ, ഒരു പ്രവാസിയുടെ വൈകുന്നേരങ്ങൾ, എത്രയനാഥമാണെന്ന് നിങ്ങൾക്കറിയുമോ.? വേരുകളെല്ലാം പിഴുതെടുത്ത്, മരുഭൂമിയിലുപേക്ഷിക്കപ്പെട്ട ഒരു കിളുന്തുചെടിയെപ്പോലെ എന്റെ ആത്മാവ് തേങ്ങുന്ന സമയമാണത്. നിനച്ചിരിക്കാതെ, ഇന്റർനെറ്റിന്റെ കിളിവാതിലുകൾ കൂടി കൊട്ടിയടക്കപ്പെടുന്ന ചില ദിവസങ്ങളിൽ, എന്തുചെയ്യണമെന്നറിയാതെ ഞാൻ ആകെ അസ്വസ്ഥനാകും. ആർക്കും വേണ്ടാത്തവനായിപ്പോയല്ലോ എന്നോർത്ത് മനസ്സ് കാടു കയറും. അല്ലാത്ത ദിനങ്ങളിൽ, ജി ടോക്കിന്റെയും ഫേസ് ബുക്കിന്റെയും ഓർക്കൂട്ടിന്റെയും വാതിലുകൾ തുറന്നിട്ട് എന്റെ ജീവൻ നിലനിർത്തിപ്പോരുന്ന സൌഹൃദങ്ങൾക്കായി ഞാൻ കാത്തിരിക്കും. അതോടൊപ്പം, എന്റെ ഇഷ്ടചാനൽ തുറന്നുവെച്ച്, ശബ്ദം താഴ്ത്തി ലോകത്തിന്റെ സ്പന്ദനങ്ങൾക്കായി കാതോർക്കും.!

അന്നൊരു വ്യാഴാഴ്ചയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയതേയുള്ളു. ഒരു ചായയിട്ടു കുടിച്ചുകൊണ്ട്, പതിയെ സോഫയിലേയ്ക്കു ചാഞ്ഞു. കോമഡിസിനിമകളിലെ നിലവാരമില്ലാത്ത പതിവുതമാശകളിൽ മനംമടുത്ത്, കുറെക്കൂടി മികച്ച തമാശകൾക്കായി ഞാൻ വാർത്താചാനലുകളിലേക്കു തിരിഞ്ഞിരുന്നു. അപ്പോഴാണ്, നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട്, ഫ്ലാഷ് ന്യൂസായി ആ വാർത്ത സ്ക്രീനിലൂടെ മിന്നിമറഞ്ഞത്: “പ്രമുഖ ചാനൽ റിപ്പോർട്ടർ ദീപക് ജോസഫിനെ കാണാനില്ല.” ഇതു കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ ദീപുവിന്റെ മൊബൈലിലേയ്ക്ക് ഡയൽ ചെയ്തു. സ്വിച്ചോഫ് ചെയ്തിരിക്കുകയാണെന്ന സന്ദേശം കിട്ടി. ഉടൻതന്നെ, അവന്റെ ഭാര്യ ജെസ്സിയെ വിളിച്ചു. അവളുടെ അച്ഛനാണ് ഫോണെടുത്തത്.
‘എന്തുപറ്റി.? എന്താണച്ഛാ സംഭവിച്ചത്?
‘അരുണേ, നിനക്കറിയാമല്ലോ.? ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യാൻ അവൻ ഗോവയിലായിരുന്നു. നല്ല സുഖമില്ലെന്നറിയിച്ച് ഫോൺ വന്നപ്പോൾ ഞാൻ അങ്ങോട്ടുപോയതാ. ചാനലിൽ വിളിച്ച് പകരം സംവിധാനമുണ്ടാക്കി, ഞാനവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. നല്ല ടെൻഷനുണ്ടെന്നു തോന്നി. ഒന്നും സംസാരിച്ചില്ല. അവർ അവിടെ കിടത്തി എന്തോ മരുന്നു കൊടുത്തു. ഒന്നുറങ്ങിയെണീറ്റപ്പോൾ എല്ലാം ശരിയായെന്നുതോന്നി. വേഗം നാട്ടിൽ പോകണമെന്നു പറഞ്ഞു. ഇന്നലെ രാത്രി, ട്രെയിനിൽ ഇങ്ങോട്ടു വരികയായിരുന്നു ഇടയ്ക്കെപ്പോഴോ ടോയ് ലറ്റിൽ പോവുകയാണെന്നു പറഞ്ഞ് അവൻ സീറ്റിൽ നിന്നെണീറ്റുപോയി. 10-15 മിനിറ്റ് കഴിഞ്ഞിട്ടും കാണാത്തപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അവനെ കണ്ടില്ല. അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ, ഞാൻ എല്ലായിടത്തും പോയി നോക്കി. ഒരിടത്തുമുണ്ടായിരുന്നില്ല. വിളിച്ചുനോക്കി. ഫോൺ സ്വിച്ചോഫ് ആയിരുന്നു..“
‘അതേ, ഞാനും ഇപ്പോൾ വിളിച്ചുനോക്കിയച്ഛാ.. സ്വിച്ചോഫ് ആണ്.”
“എന്തെങ്കിലും വിവരം ലഭിച്ചാൽ പറയണേ മോനേ. ഞാൻ പിന്നെ വിളിക്കാം.”

എല്ലാ സമാധാനവും നഷ്ടപ്പെട്ടു. പ്രിയചങ്ങാതീ, എല്ലാവരെയും കബളിപ്പിച്ച് നീ എങ്ങോട്ടാണ് ഇറങ്ങിപ്പോയത്.? ഇപ്പോൾ 24 മണിക്കൂർ പിന്നിടുന്നു. ഇതിനിടയിൽ, നിന്റെ മന:സ്സാക്ഷിസൂക്ഷിപ്പുകാരനായ എന്നെപ്പോലും നീയൊന്നു വിളിച്ചില്ലല്ലോ.? ചാനലിലിപ്പോൾ മറ്റേതോ വാർത്തയാണ് ഫ്ലാഷ് ചെയ്യുന്നത്. ഞാൻ ടീവിയും കമ്പ്യൂട്ടറുമെല്ലാം ഓഫ് ചെയ്ത്, കട്ടിലിൽ കയറി വെറുതെ കണ്ണടച്ചുകിടന്നു.

* * * *

ഓർമ്മകൾ തുടങ്ങുന്നത് എട്ടുവർഷം മുൻപ്, പ്രസ്സ് അക്കാദമിയിലെ ജേർണലിസം ക്ലാസ്സിലാണ്. അവിടെവെച്ചാണ് ആദ്യമായി അവനെ പരിചയപ്പെടുന്നത്. ദീപക് ജോസഫ്-പരുക്കൻ ജീൻസും ഷർട്ടും ബുൾഗാൻ താടിയുമായി എല്ലാവരെയും അകറ്റി നിർത്തിയിരുന്ന ഒരു റിബൽ കഥാപാത്രം. വളരെ പെട്ടെന്നാണ്, കൂട്ടുകാരൻ എന്നതിനപ്പുറം എന്നെ പൂരിപ്പിക്കുന്ന എന്റെതന്നെ മറുപുറമായി അവൻ മാറിയത്. അരാജകമായ ആ പുറംമോടി അതിലോലമായ അവന്റെ മനസ്സിനെ മറയ്ക്കുന്ന ജാട മാത്രമായിരുന്നു. ബുദ്ധിമാനായ അവന് എല്ലാ ജീവിത സമസ്യകൾക്കും അവന്റേതായ ഉത്തരമുണ്ടായിരുന്നു. ലളിതസുന്ദരമായ പരിഹാരങ്ങളുണ്ടായിരുന്നു. ഏതു പരീക്ഷയിലും ഒന്നാമനായി. കഥ, കവിത, ചിത്രകല, സംഗീതം... തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു മാന്ത്രികവിദ്യ അവനു വശമായിരുന്നു.. കോഴ്സ് പൂർത്തിയാക്കും മുൻപേ പ്രമുഖചാനലിൽ സബ് എഡിറ്റർ ജോലി സമ്പാദിച്ച് മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ താരമായി. പിന്നീട് നാലുവർഷം ജോലിതെണ്ടി നടന്ന എന്നെ, ദുബായിലെ ഒരു കമ്പനിയിലെത്തിച്ച് എന്റെ രക്ഷകനുമായി.! പക്ഷേ...ജീവിതത്തിന്റെ ദിക്കുകൾ ആരറിയുന്നു.!

വിദേശത്തെത്തി, ഒരു മാസത്തിനു ശേഷം ജി ടോക്കിന്റെ സ്വകാര്യതയിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി.
“ഡാ, നായിന്റെ മോനേ...നീ എവിടെയാ..? കാണുന്നില്ലല്ലോ.?”
“തിരക്കായിപ്പോയെടാ...കഴിഞ്ഞാഴ്ചയാ താമസം ശരിയായത്. നെറ്റ് കണക്ഷൻ ഇന്നലെ കിട്ടിയതേയുള്ളു.”
“ഉം..ഒന്നും പറയണ്ട..ഇപ്പോൾ സിറ്റി റിപ്പോർട്ടറാ..എനിക്കീ ജോലി ശരിയാകുമെന്നു തോന്നുന്നില്ല. മിക്കവാറും ഞാനിവരുമായി തല്ലിപ്പിരിയും...വല്ലാത്ത ടെൻഷൻ.. ലോകത്തെന്തു നടന്നാലും നമ്മളറിയണം..അല്ലെങ്കി മൊതലാളി നമ്മളെ വെച്ചേക്കില്ല..നമുക്കു കിട്ടാത്ത ഒരു വാർത്ത മറ്റേ ചാനലിൽ വന്നാപ്പിന്നെ പറയുകയും വേണ്ട.! മര്യാദയ്ക്കൊന്നൊറങ്ങീട്ട് എത്ര ദിവസായെന്നറിയാമോ.? മിക്കവാറും, ഞാൻ ഇതുപേക്ഷിക്കും...!”
“എടാ, ദീപൂ, നീ പെട്ടെന്നൊരു തീരുമാനമെടുക്കല്ലേ...ക്ഷമിക്ക്..കുറച്ചുനാൾ കഴിഞ്ഞാൽ വീണ്ടും ഡെസ്കിലേക്കു പോകാമല്ലോ.?”
“എന്റേടാ, വല്ലാത്ത മടുപ്പ്.. വാർത്ത അയയ്ക്കാൻ നേരമായി..ഞാൻ പിന്നെ വരാം.”

ഞാൻ ദുബായിലെത്തി, ഒരു വർഷത്തിനു ശേഷമായിരുന്നു അവന്റെ വിവാഹം. അതിൽ പങ്കെടുക്കാനാണ് ആദ്യമായി ലീവെടുത്ത് നാട്ടിൽ പോകുന്നതും. ടീവിയിൽ, അവന്റെ ചലനാത്മകമായ വ്യക്തിത്വം കണ്ട് ഇഷ്ടമായ ജെസ്സിയെന്ന പെൺകുട്ടി പ്രണയാഭ്യർത്ഥനയ്ക്കൊന്നും മുതിരാതെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ബാങ്കുദ്യോഗസ്ഥയായ അവളെ ഒരിക്കൽ ജോലിസ്ഥലത്തു ചെന്ന് കണ്ടുസംസാരിച്ച കാര്യം ഇടയ്ക്കെന്നോടു പറഞ്ഞിരുന്നു. ചാനൽ സുഹൃത്തുക്കളെല്ലാം വിവാഹത്തിൽ പങ്കെടുത്തു. ചിലരെയൊക്കെ എനിക്കു പരിചയപ്പെടുത്തി. മടങ്ങിപ്പോരുന്നതിനു മുൻപ് വീട്ടിൽ‌പ്പോയി ഞാനവനെ കണ്ടു. പിരിയാൻ നേരം എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു: “എടാ, പെണ്ണുകെട്ടിയെന്നു കരുതി വിളിക്കാതിരിക്കല്ലേ..അറിയാമല്ലോ.? എനിക്കു നീയൊക്കെയേ ഒള്ളു.!”

പിന്നീട്, ഫേസ് ബുക്കിലും ജി ടോക്കിലുമായി വല്ലപ്പൊഴുമൊക്കെ ഞങ്ങൾ കണ്ടുമുട്ടി. ഓൺലൈനിൽ കാണാത്തപ്പോൾ നഗരത്തിലെ ഏതെങ്കിലും തെരുവിൽ നിന്നോ, അമ്പലപ്പറമ്പിൽ നിന്നോ, ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നോ സമ്മേളനവേദിയിൽ നിന്നോ ഒക്കെ അവൻ ഊർജ്ജസ്വലമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതുകണ്ട് ഞാൻ സന്തോഷിച്ചു. അങ്ങനെയിരിക്കെ, ഒരു ദിവസം, ഫേസ് ബുക്കിലെ ചാറ്റ് റൂമിൽ പച്ചവെളിച്ചം കണ്ട് ഞാനവനെ വിളിച്ചു.
“എടാ, ദീപൂ..”
“എടാ, ഞാൻ നിന്നെ നോക്കിയിരിക്കുവായിരുന്നു.”
“എന്തുപറ്റിയെടാ.?”
“എടാ, എനിക്കു വയ്യ..തീരെ സുഖമില്ല. ഇപ്പോൾ, വീണ്ടും ഡെസ്കിലെത്തി. പക്ഷേ, ഇവിടെയും ടെൻഷനു കുറവൊന്നുമില്ല. പലപ്പോഴും താങ്ങാൻ പറ്റുന്നില്ല തലയ്ക്ക് വല്ലാത്ത ഭാരം..നല്ല തലവേദനയും.. ഉള്ളിലെന്തോ പെരുത്തുവരുന്നതുപോലെ തോന്നുന്നു.“
“സാരമില്ലെടാ, ഹെവി വർക്കിന്റെയാ. നീ പേടിക്കാതെ..വല്ലാതെ അസ്വസ്ഥതയുണ്ടെങ്കിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കണ്ടു സംസാരിക്ക്. എല്ലാം ശരിയാവും, നീ സമാധാനമായിരിക്ക്. എനിക്കൊരാളെ നേരിട്ടറിയാം. ഞാൻ വിളിച്ച് ടൈം ഫിക്സ് ചെയ്തു തരട്ടെ.?”
“വേണ്ട വേണ്ട നീയുള്ളപ്പോൾ പിന്നെന്തിനാ വേറെ സൈക്കോളജിസ്റ്റ്..?” അവനും ഒപ്പം ഞാനും ചിരിച്ചു. “ഇപ്പം, വലിയ കുഴപ്പമൊന്നുമില്ല. ഞാൻ മാനേജ് ചെയ്തോളാം.”

നാട്ടിലായിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. സ്വകാര്യദു:ഖങ്ങൾ അവൻ എന്നോടുമാത്രമേ പറയൂ. അതാണിപ്പോൾ, എന്നെ കൂടുതൽ ദു:ഖിതനാക്കിയത്. പുറംലോകത്തിന് ഒരു പത്രപ്രവർത്തകൻ മാത്രമായ ആ പാവത്തിന്റെ മനസ്സ് താളം തെറ്റുമോയെന്നു ഞാൻ ഭയന്നു. കുറേ നാളത്തേയ്ക്ക് ഓൺലൈനിൽ കണ്ടതേയില്ല. തിരക്കാവുമെന്നു കരുതി. ഞാനും ജോലിത്തിരക്കിലായിരുന്നു. രണ്ടുമൂന്നുവട്ടം വിളിച്ചിട്ടും ഫോൺ എടുത്തതുമില്ല. പിന്നീടൊരു ദിവസം എന്റെ ഫോൺ റിംഗ് ചെയ്തു. അവനായിരുന്നു:
“എടാ, അരുണേ, എനിക്കറിയില്ലടാ..ന്യൂസ്റൂമിൽ റസിയയുമായി സംസാരിച്ചിരിക്കുകയായിരുന്നു. രാത്രി 8-നുള്ള മെയിൻ സ്റ്റോറിയുടെ ‘ലീഡി’നെക്കുറിച്ചാ പറഞ്ഞോണ്ടി രുന്നത്. പെട്ടെന്ന് എന്റെ സമനില തെറ്റിയതുപോലെ എനിക്കു തോന്നി. അവളെന്നോട് എന്തൊക്കെയോ ചോദിച്ചു. എനിക്കൊന്നും വ്യക്തമായില്ല. പിന്നീട്, തളർന്നുവീഴുക യായിരുന്നത്രേ.! ഉണരുമ്പോൾ ഹോസ്പിറ്റലിലായിരുന്നു. എന്റെ ലൈഫ് തീർന്നെടാ.. എനിക്കിനി ഒന്നുമാവില്ല. സത്യത്തിൽ, എന്റെ വിഷമം അസുഖത്തെക്കുറിച്ചല്ല ; ഓഫീസിലാകെ ഞാനൊരു ചർച്ചാവിഷയമായി. എനിക്കു മതിയായെടാ. എന്റെ കരിയർ ഇതോടെ അവസാനിച്ചു.”

അവനെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. സത്യത്തിൽ സംഗതിയുടെ ഗൌരവം അപ്പോളാണ് എനിക്കും വ്യക്തമായത്. അന്നുവൈകിട്ട് ഓൺലൈനിൽ, ഞങ്ങൾ വിശദമായി സംസാരിച്ചു. എന്റെ സുഹൃത്തായ സൈക്കോളജിസ്റ്റുമായി ഫോണിൽ സംസാരിപ്പിച്ചു. ഒടുവിൽ, ജോലി രാജിവെയ്ക്കാനും പുതുതായി തുടങ്ങിയ മറ്റൊരു ചാനലിൽ ജോയിൻ ചെയ്യാനും തീരുമാനമായി. ഒരുപക്ഷേ, മറ്റൊരു സ്ഥാപനത്തിന്റെ സമീപനം അല്പം കൂടി സൌമനസ്യമുള്ളതാണെങ്കിൽ അവന് ആരോഗ്യം വീണ്ടെടുക്കാനാവുമെന്നും ഞാൻ പ്രതീക്ഷിച്ചു. കൃത്യം രണ്ടാഴ്ചകൾക്കു ശേഷം, പുതിയ ചാനലിന്റെ പ്രൈംടൈം ന്യൂസ് അവതരിപ്പിക്കുന്ന അവനെക്കണ്ട് ഞാൻ അളവില്ലാതെ സന്തോഷിച്ചു. എന്നാൽ, ടീവി സ്ക്രീനിലെ ചിരിക്കുന്ന മുഖങ്ങൾക്ക് യഥാർത്ഥമുഖവുമായുള്ള അന്തരമെന്തെന്ന് അപ്പോൾ എനിക്കറിയാമായിരുന്നു. യാഥാർത്ഥ്യവും ഇമേജും തമ്മിലുള്ള വ്യത്യാസം ദീപക് ജോസഫ് എന്ന പത്രപ്രവർത്തകനിലൂടെത്തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു.!

ഗോവയിൽ ഫിലിം ഫെസ്റ്റിവൽ കവർ ചെയ്യാൻ പോകുന്നതിന്റെ തലേന്നുരാത്രിയാണ് പിന്നീട് അവനെന്നെ വിളിക്കുന്നത്. വിഷാദമെല്ലാം മാറി, വളരെ ഹാപ്പിയായിരുന്നു.
“ഡാ, നായിന്റെ മോനേ..ഞാൻ ഗോവയ്ക്കു പോകുവാ, നാളെ കാലത്ത്. നീ വരുന്നോ പടം കാണാൻ.?
“ഇല്ലടാ, തൽക്കാലം നിന്റെ റിപ്പോർട്ട് കാണാം.”
ഇനി ഒരാഴ്ച അവിടാ..എന്നെ കാണണമെന്നു തോന്നുമ്പം ടീവീ ഓൺ ചെയ്തോണം കേട്ടാ.. ഫെസ്റ്റിവൽ ലൈവായിട്ടങ്ങോട്ടു തന്നേക്കാം എന്താ.?”
“ഇന്നേതാ ബ്രാന്റ്..? കൊള്ളാമെന്നു തോന്നുന്നല്ലോ.?” ഞാൻ ചിരിച്ചു.
“അതു പിന്നെ മോശം വരുമോ, മിലിറ്ററി വോഡ്ക്ക ഒരെണ്ണം കിട്ടി...കൂട്ടുകാരന്റെ സംഭാവനയാ..തൊടങ്ങീട്ടേ ഒള്ളു..! ആരുമില്ലടാ..ഒറ്റയ്ക്കാ..അവളിന്നലെ വീട്ടിൽ പോയി.! “
“ദീപൂ..ഒരുപാടു കഴിക്കണ്ട. നാളെ യാത്രയുള്ളതല്ലേ..?”
“ഒന്നു പോടാ ചെറുക്കാ..നമ്മളിതൊക്കെ എത്ര കണ്ടതാ...നാളെ എന്റെ റിപ്പോർട്ട് കണ്ടിട്ട് വിവരം പറ. നീയാണല്ലോ ഇപ്പം നമ്മടെ ജൂറി..?”
ഇതായിരുന്നു, ഞങ്ങളുടെ ഒടുവിലത്തെ സംഭാഷണം. പിറ്റേന്ന് വൈകിട്ട് ഫെസ്റ്റിവലിന്റെ ആദ്യദിനം അവൻ മനോഹരമായി റിപ്പോർട്ട് ചെയ്യുന്നതുകണ്ട്, ഞാൻ അതിശയിച്ചു. ഉദ്ഘാടനചിത്രത്തിന്റെ സവിശേഷതകൾ എണ്ണിയെണ്ണിപ്പറഞ്ഞ അവൻ സംവിധായകന്റെ അഭിമുഖവും നൽകി, ആരെയുമാകർഷിക്കുന്ന പുഞ്ചിരിയോടെയാണ് അവസാനിപ്പിച്ചത്. ആഴ്ചകൾക്കു മുൻപ്, മനസ്സു തകർന്നനിലയിൽ എന്നോടു സംസാരിച്ച എന്റെ സുഹൃത്ത് തന്നെയോ ഇതെന്ന് ഞാൻ അമ്പരന്നു. ഒന്നു വിളിച്ച് അഭിനന്ദിക്കാമെന്നു കരുതിയെങ്കിലും തിരക്കിലായിരിക്കുമെന്നു കരുതി, ഞാൻ അതൊഴിവാക്കി…

* * * *

ഓർമ്മകളിലമർന്നുകിടന്ന് ഒന്നു മയങ്ങിപ്പോയി. ഉണർന്നപ്പോൾ സമയം 12. പത്തു തവണയെങ്കിലും അവന്റെ മൊബൈലിലേക്കു വിളിച്ചുനോക്കി. നമ്പർ നിലവിലില്ല എന്നാണിപ്പോൾ പറയുന്നത്. സിം കാർഡ് മാറ്റിയിട്ടുണ്ടാവുമോ.? ഒന്നും കഴിക്കാൻ തോന്നിയില്ല. മനസ്സാകെ അസ്വസ്ഥമാണ്. അവനിപ്പോൾ എവിടെയായിരിക്കും.? എന്തെങ്കിലും സാഹസം കാണിക്കുമോ..? എപ്പോഴോ ഉറങ്ങി, രാവിലെ വൈകിയാണുണർന്നത്. ഉടനെ, ജെസ്സിയുടെ അച്ഛനെ വിളിച്ചു. അവർക്കും യാതൊരു വിവരവുമില്ല. ഫോൺ നമ്പർ ഉപയോഗിച്ച് സ്ഥലം ട്രെയ് സ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. പക്ഷേ, എത്രത്തോളം വിജയിക്കുമെന്നറിയില്ല. ഇടയ്ക്കിടെ അവന്റെ നമ്പർ ഡയൽ ചെയ്തുകൊണ്ട് ദിവസം മുഴുവൻ റൂമിൽ ചെലവഴിച്ചു. ഒരു ഫലവുമുണ്ടായില്ല. വെറുതെയിരുന്ന് മുഷിഞ്ഞതിനാൽ വൈകിട്ട്, സിറ്റിയിൽ പോയി, കറങ്ങിനടന്ന് തിരിച്ചെത്തി. രാത്രി, പതിനൊന്നര വരെ ഓൺലൈനിൽ എല്ലാ വാതിലുകളും തുറന്നിട്ട് ഞാൻ കാത്തിരുന്നു. ഒരു കള്ളച്ചിരിയുമായി അവൻ എവിടെയെങ്കിലും പ്രത്യക്ഷപ്പെടുമെന്നു കരുതി. വന്നില്ല. ഒരു പ്രവാസിയുടെ നിസ്സഹായതയെന്തെന്ന് പൂർണ്ണമായി ബോധ്യപ്പെട്ട നിമിഷങ്ങൾ.!

വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. രാത്രിയെപ്പോഴോ ഒരു ഫോൺ മെസ്സേജിന്റെ ശബ്ദം എന്നെ ഉണർത്തി. വിറയ്ക്കുന്ന കരങ്ങളോടെയാണ് ഞാൻ മൊബൈലെടുത്ത് ആ സന്ദേശം തുറന്നുവായിച്ചത്. അതിങ്ങനെയായിരുന്നു: “ഡാ, നായിന്റെ മോനേ..നിന്നോടുമാത്രമേ പറയുന്നുള്ളു. പോട്ടേടാ..?“ എന്റെ കയ്യിലിരുന്ന് മൊബൈൽഫോൺ വിറച്ചു. വിദൂരമായ ഏതോ ദേശത്ത്, മനസ്സിന്റെ ഭാരം താങ്ങാനാവാതെ എന്റെ ആത്മസുഹൃത്ത്...എന്റെ നിസ്സഹായത എനിക്കു താങ്ങാവുന്നതിനു മപ്പുറത്തായിരുന്നു. ഇതുവരെ വിശ്വാസിയല്ലാതിരുന്ന ഞാൻ, പേരറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ച് അവനുവേണ്ടി പ്രാർത്ഥിച്ചു. പിന്നെ, ഒന്നും ചെയ്യാനില്ലാതെ പാതിരാത്രിയുടെ നിശ്ശബ്ദതയിലേയ്ക്കു നോക്കിയിരുന്നു. ഞാനറിയാതെ, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. പിന്നെ, സമനില വീണ്ടെടുത്ത്, അവന്റെ ഫോണിലേയ്ക്ക് ഒരിക്കൽക്കൂടി ഡയൽ ചെയ്തു. ‘നിങ്ങൾ വിളിക്കാൻ ശ്രമിക്കുന്നയാൾ പരിധിയ്ക്കു പുറത്താണ്.!“ നിസ്സംഗമായി, ഒരു സ്ത്രീശബ്ദം എന്റെ ചെവിയിൽ മന്ത്രിച്ചു.

Monday, August 1, 2011

എനിക്കും നിനക്കുമിടയിൽ










പ്രിയപ്പെട്ട മരണമേ,

എനിക്കും നിനക്കുമിടയിൽ ഇനിയവശേഷിക്കുന്നത് കാലത്തിന്റെ ഏതാനും കണികകൾ മാത്രമാണ്. വിപുലമായ നിന്റെ സാമ്രാജ്യത്തിലേക്ക് ഒരു പ്രജയെക്കൂടി ലഭിക്കുന്നതിൽ നിനക്കു ന്യായമായും സന്തോഷിക്കാം. എങ്കിലും, നിന്നോടൊപ്പം, അനന്തമായ ആ നിശ്ശബ്ദതയുടെ ലോകത്തിലേയ്ക്കു വരുന്നതിനു മുൻപ് എനിക്കു നിന്നോടു ചിലതു പറയാനുണ്ട്. കാരണം, ഇപ്പോൾ എന്നെ പ്രതീക്ഷിക്കുന്ന ഒരേയൊരു സുഹൃത്തും ബന്ധുവും വഴികാട്ടിയും നീ മാത്രമാണ്.!

നീ കേൾക്കുന്നുണ്ടോ.? പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കപ്പെട്ട്, സുഖദമായ തണുപ്പു നിറഞ്ഞ ഈ മുറിയിലിങ്ങനെ കിടക്കുമ്പോൾ ഇന്നെന്റെ മനസ്സ് അല്പം ശാന്തമാണ്. എന്റെ കാഴ്ചയുടെ ലോകം എത്രയോ ചുരുങ്ങിയിരിക്കുന്നു.! ഇടതുഭാഗത്തായി നഗരഹൃദയത്തിലേയ്ക്കു തുറക്കുന്ന ജനാല.. ഇടയ്ക്കിടെ മെല്ലെ ചലിക്കുന്ന അതിന്റെ നീലത്തിരശ്ശീലകൾ...അതിലൂടെ വല്ലപ്പോഴും കടന്നെത്തുന്ന നഗരത്തിന്റെ ശബ്ദവീചികൾ..ഇരുവശത്തുമായി, എന്റെ ഹൃദയമിടിപ്പും നാഡീസ്പന്ദനവും കൃത്യമായി അളന്നുകുറിക്കുന്ന മോണിട്ടറുകൾ.. എനിക്കു ജീവശ്വാസവും അന്നവും പകർന്നു തരുന്നതിൽ ജാഗരൂകരായ യന്ത്രസാമഗ്രികൾ. ഇതാണിപ്പോൾ എന്റെ ലോകം.! ദിവസത്തിന്റെയും ആഴ്ചയുടെയും കാലഗണനകൾ എനിക്കെന്നോ അന്യമായിക്കഴിഞ്ഞു. സിരകളിൽ ജീവന്റെ അവസാന തുടിപ്പുയരുന്ന ഈ നിമിഷം മാത്രമാണ് എനിക്കിപ്പോൾ സ്വന്തം. അതുമാത്രമാണ് എന്റെ സത്യം.

കൂട്ടുകാരാ, ബോധവും അബോധവും മാറിമറിയുന്ന, സ്വപ്നവും സത്യവും കൂടിക്കുഴയുന്ന, ഓർമ്മകളിൽ ഇടയ്ക്കിടെ ഞെട്ടറ്റു വീഴുന്ന ഈ അവസ്ഥയിലും ഞാൻ നിന്നെ കാണുന്നുണ്ട്. ഈ മുറിയുടെ പരിസരത്തുനിന്നു മാറാതെയുള്ള നിന്റെ ഒളിച്ചുകളികൾ...നിന്റെ കറുത്ത ശിരോവസ്ത്രവും, മുഖത്ത് സദാ തങ്ങിനിൽക്കുന്ന നിഗൂഢമായ കള്ളച്ചിരി പോലും എനിക്കു കാണാം. എനിക്കറിയാം, നീ എന്നെ കൂട്ടിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. അരൂപികളായ നിഴലുകൾ നൃത്തംവെയ്ക്കുന്ന നിന്റെ ലോകത്തേയ്ക്കു വരാൻ ഞാനും ഒരുങ്ങിക്കഴിഞ്ഞു. ഇനി, എന്റെ സന്ദേഹങ്ങൾ നിന്നോടല്ലാതെ മറ്റാരോടാണു ഞാൻ പറയുക.? ഒളിച്ചുകളിക്കാതെ, ഇനിയെങ്കിലും നീ എന്റെയടുത്തു വരൂ..ഇവിടെ ഈ കിടക്കയിൽ, എന്റെ ഹൃദയത്തോടു ചേർന്നിരിക്കൂ. ആ ശിരോവസ്ത്രമൊന്നു നീക്കിയാൽ എനിക്കാ മുഖമൊന്നു വ്യക്തമായി കാണുകയും ചെയ്യാം. നീ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഞാനൊന്നു പറയട്ടെ. എനിക്കിപ്പോൾ നിന്നെ ഒട്ടും ഭയമില്ല.!

ഒരുപക്ഷേ, നിനക്കറിയുമായിരിക്കാം, എണ്ണമറ്റ ജീവിതാഭിലാഷങ്ങളും ആസക്തികളുമായി ഒരിടത്തും നിൽക്കാതെ പായുന്ന പാവം മനുഷ്യന്റെ വിധിയെപ്പറ്റി. എങ്കിലും പറയുകയാണ്…സന്ദിഗ്ദ്ധമായ ഈ ഘട്ടത്തിൽ‌പ്പോലും, ചിലനേരങ്ങളിൽ എനിക്ക് സമചിത്തതയോടെ ചിന്തിക്കാൻ കഴിയുന്നുണ്ട്. ഒരിക്കൽ, ഞാനും ഇങ്ങനെയൊക്കെയായിരുന്നു. ഒരിക്കലും തൃപ്തിപ്പെടാത്ത ആഗ്രഹങ്ങളിലൂടെ, പിടിതരാത്ത ആർത്തികളിലൂടെ എന്റെ ജീവിതവും ഇരമ്പിപ്പായുകയായിരുന്നു. ജീവിതം എനിക്കൊരു പരീക്ഷണവസ്തു തന്നെയായിരുന്നു. ഒരിക്കൽ മാത്രം കരഗതമാകുന്ന ഈ വിസ്മയത്തുരുത്ത് ആരെയാണ് ഭ്രമിപ്പിക്കാത്തത്.? ആരെയും മോഹിപ്പിക്കുന്ന ഈ നാടകത്തിൽ ഞാനും സ്വയം മറന്നാടുകയായിരുന്നു. അതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി നിന്റെയീ രംഗപ്രവേശം. രംഗബോധമില്ലാത്ത കോമാളിയെന്ന് ചിലർ നിന്നെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല.! ഇപ്പോൾ, നാം സുഹൃത്തുക്കളായ സ്ഥിതിയ്ക്ക് എന്നോടു പറയൂ..ഇങ്ങനെ വിളിക്കുന്നതിൽ നിനക്ക് തെല്ലുപരിഭവം തോന്നുന്നുണ്ടോ.?

ഓർമ്മകൾ പഞ്ഞിക്കെട്ടുകൾ പോലെയാണ്. അടുക്കും ചിട്ടയുമില്ലാതെ മനസ്സിൽ അവ പറന്നുകളിക്കുന്നുണ്ട്. മനോഹരമായ ആ സാ‍യാഹ്നത്തിൽ, വെയിൽ ചായുന്ന നേരത്ത് അനൂപിനോടൊപ്പം സിനിമാപ്രദർശന ത്തിനായി ലൈബ്രറിഹാൾ ഒരുക്കുന്നത് എനിക്കു വ്യക്തമായി ഓർമ്മയുണ്ട്. മൃതിയുമായുള്ള ഒരു മനുഷ്യന്റെ ചതുരംഗം തത്വചിന്താപരമായി ചിത്രീകരിച്ച ബെർഗ് മാന്റെ ‘ഏഴാംമുദ്ര‘യിലെ രംഗങ്ങൾ...മാരകമായ പ്ലേഗിന്റെ പിടിയിലമർന്ന നഗരത്തിന്റെ ഇരുണ്ട ദൃശ്യങ്ങൾ...ഒരുവേള, ആ സിനിമ തന്നെ അന്നു ഞങ്ങൾ സ്ക്രീനിങ്ങിനു തെരഞ്ഞെടുത്തതിനു പിന്നിൽപ്പോലും നിന്റെ അദൃശ്യമായ ഇടപെടൽ ഉണ്ടായിരുന്നോ എന്നു ഞാൻ സംശയിക്കുന്നു. പിന്നെ, രാത്രി വൈകി അനൂപിനെ പിന്നിലിരുത്തി ഞാൻ നഗരത്തിലൂടെ ബൈക്കോടിക്കുന്ന ദൃശ്യം. റോഡിലേയ്ക്കു തെറിച്ചുവീണ എന്റെ നേർക്ക് ഉരുണ്ടുവരുന്ന ഒരു വലിയ ടയറിന്റെ ക്ലോസ്സപ്പ്..! എന്റെ ഓർമ്മകൾ പൊടുന്നനെ ഇവിടെ അവസാനിക്കുന്നു. ഇടയ്ക്കൊന്നു ചോദിച്ചോട്ടെ. പൊടിമഴ പെയ്തു കൊണ്ടിരുന്ന ആ രാത്രിയിൽ സുഹൃത്തേ, ആ കൊടുംവളവിലെ ഇരുട്ടിൽ നീ ഒളിച്ചിരിപ്പുണ്ടായിരുന്നോ..?

നിനക്കറിയുമോ.? ചിലപ്പോഴൊക്കെ പേടിപ്പെടുത്തുന്ന ഓർമ്മകളിൽ മുങ്ങിത്താണ് എനിക്കു ശ്വാസംമുട്ടാറുണ്ട്. അപ്പോഴൊക്കെ, ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങും. ദീർഘമായി ഒരു ശ്വാസമെടുത്ത് അല്പസമയത്തിനകം, ഞാൻ സമനില കൈവരിക്കും. ഒരു ഇടവേളയ്ക്കു ശേഷം പിന്നെയും ഓർമ്മകൾ വിരുന്നുവരും…വളരെ നീണ്ട ഒരുറക്കത്തിൽ നിന്ന് പെട്ടെന്നുണർന്ന ആ ദിവസം ഞാനിപ്പോൾ ഓർക്കുന്നു. ചെവിയിൽ ആരോ പേരു ചൊല്ലി വിളിക്കുന്നതു പോലെയാണു തോന്നിയത്. മെല്ലെ കണ്ണു തുറന്നപ്പോൾ കണ്ടത് അനൂപിന്റെ മുഖമാണ്. അവന്റെ ചുണ്ടിൽ ആശ്വാസത്തിന്റെ ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു. തളർന്ന എന്റെ കൈവിരലുകളിൽ അവൻ കൈകൾ കോർത്തുപിടിച്ചിരുന്നു. നെറ്റിയിൽ തലോടിക്കൊണ്ട് അവൻ എന്നോട്, ‘വേദനയുണ്ടോ‘ എന്നു ചോദിച്ചു. അപ്പോഴാണ് ശരീരത്തെപ്പറ്റി എനിക്കോർമ്മവന്നത്. പതിയെപ്പതിയെ, ശരീരത്തിൽ പലയിടത്തുനിന്നുമായി വേദനകൾ ഉണർന്നു വരുന്നുണ്ടായിരുന്നു.

ദീപ്തമായ മറ്റൊരോർമ്മ ആലീസെന്ന നഴ്സിന്റെ കരുണ കത്തുന്ന കണ്ണുകളാണ്. എനിക്കിഷ്ടപ്പെട്ട പേരായതിനാൽ ആലീസിനെ ഞാൻ മറക്കില്ല. വിളക്കു കൊളുത്തിവെച്ചതു പോലെ പ്രകാശിക്കുന്ന അവളുടെ മുഖം കാണുമ്പോൾ ഏതോ ചുമർചിത്രത്തിൽ പണ്ടെന്നോ കണ്ട ഒരു മാലാഖയെ എനിക്കോർമ്മ വരും. ഈ മാലാഖയാണ് എന്റെ വേദനകളെ ശമിപ്പിക്കുന്നത്. സ്നേഹത്തോടെ അവൾ എന്റെ കൈത്തണ്ടയിൽ കുത്തിവെക്കുന്ന മരുന്നാണ് എന്നെ എല്ലാ വേദനകളിൽ നിന്നും മോചിപ്പിക്കുന്നത്. പാദം മുതൽ ശിരസ്സുവരെയുള്ള എന്റെ കോശങ്ങളെ പടിപടിയായി നീണ്ട ഉറക്കത്തിലേക്കു നയിക്കുന്നത്. കൂട്ടുകാരാ, നിന്റെ ഗാഢാലിംഗനത്തിലും ഇതുപോലുള്ള ഒരനുഭവമായിരിക്കാം എന്നെ കാത്തിരിക്കുന്നത് അല്ലേ..?

ഒരുപക്ഷേ, നീ ശ്രദ്ധിച്ചുകാണും...ആദ്യമൊക്കെ എന്റെ മുറിയ്ക്കു മുന്നിൽ ബന്ധുക്കളുടെ തിരക്കായിരുന്നു. മുൻപിൽ വന്നുനിന്നു കണ്ണീരൊഴുക്കാൻ അവർ മത്സരിക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്. ഇത്രയേറെ സ്നേഹിക്കപ്പെടു ന്നുണ്ടോയെന്ന് ഞാൻ സ്വയം അത്ഭുതപ്പെട്ടു. ബോധാബോധങ്ങൾക്കിടയിലൂടെ അമ്മയുടെ അമർത്തിയ ഗദ്ഗദവും അച്ഛന്റെ പതിഞ്ഞ സ്വരത്തിലുള്ള നിർദ്ദേശങ്ങളും ഞാൻ കേട്ടു. പിന്നെയും നീണ്ട ഉറക്കത്തിലേയ്ക്കു വഴുതി. പതിയെപ്പതിയെ, സന്ദർശകരുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വന്നു. ഇടയ്ക്കിടെയുള്ള ഉണർവിന്റെ വേളകൾ ബന്ധങ്ങളുടെ നെല്ലും പതിരും എനിക്കു വേർതിരിച്ചുതന്നു. നേർത്തുനേർത്തുവരുന്ന നൂലിഴകൾ.! ഒടുവിലിപ്പോൾ, എനിക്കു ബന്ധുക്കളായി, എന്റെ ആത്മസുഹൃത്തായ അനൂപും ആലീസും പിന്നെ നീയും മാത്രമായി.

അന്തിമമായ കണക്കെടുപ്പിന്റെ ഈ വേളയിൽ, നിന്നോടുമാത്രമായി ഒരു രഹസ്യം പറയട്ടെ. എന്റെ നഷ്ടങ്ങളെപ്പറ്റി ഇനിയെനിക്കു വേവലാതിയില്ല. പുലർവേളയിൽ എന്നെ വിളിച്ചുണർത്തിയ കിളിപ്പാട്ടുകൾ, എന്റെ ഹൃദയത്തിൽ കുളിർനിറച്ച പാടങ്ങൾ, പുഴകൾ; എന്റെ ഇഷ്ടസിനിമകൾ, എനിക്കു പ്രിയപ്പെട്ട പുസ്തകശേഖരം..ഒക്കെയും ഞാനെന്റെ ഓർമ്മയിൽ നിന്നു മായ്ച്ചുകളയുന്നു. ബാധ്യതയായി മാറിക്കഴിഞ്ഞ വ്യർത്ഥബന്ധങ്ങളിലേയ്ക്കു മടങ്ങാൻ എനിക്കിനി ആഗ്രഹമില്ല.! പകരം, നിന്റെ സാമ്ര്യാജ്യത്തിന്റെ നിഗൂഢരഹസ്യങ്ങൾ എനിക്കറിയണം. ദയവായി, സ്നേഹപൂർവമുള്ള ഒരാലിംഗനത്താൽ അഴുകിജീർണ്ണിച്ച ഈ പാഴ് വസ്ത്രത്തിൽ നിന്ന് എന്നെ മോചിപ്പിക്കുക....കൂട്ടുകാരാ, എനിക്കെന്തോ വല്ലാത്തൊരു ക്ഷീണം തോന്നുന്നു. ഞാനൊന്നു മയങ്ങട്ടെ..ഒരുപക്ഷേ ഇനി ഞാനുണരുമ്പോൾ, അത് മായികമായ നിന്റെ ലോകത്തിലേയ്ക്കാണെങ്കിൽ ഹാ..എന്റെ ജന്മം സഫലമായി.!

Thursday, June 16, 2011

ലാസ്റ്റ് ഷോ














വൈകിട്ടെന്താ പരിപാടി? എന്ന അരുണിന്റെ ചോദ്യത്തിനു ചെവികൊടുക്കാതെ, ഉണക്കച്ചപ്പാത്തിയും കടലക്കറിയും തിന്ന്, ഞാന്‍ മെസ്സ്ഹാളില്‍ നിന്നു പതിയെ കിടപ്പുമുറിയിലേക്ക് ചേക്കേറിയെങ്കിലും അവന്‍ പിന്നെയും പിറകേകൂടുമെന്നു കരുതിയില്ല.! പത്തു മിനിറ്റു കഴിഞ്ഞ്‍, പൊളിറ്റിക്സ്സിലെ ഉണ്ണിയെയും കൂട്ടി അവന്‍ വീണ്ടും വാതിലില്‍ മുട്ടിയപ്പോഴാണ് സംഗതി സീരിയസ്സാണെന്നു മനസ്സിലായത്.! ‘ടാ ലവള്‍ടെ പടം ഇന്നു ലാ‍സ്റ്റ് ഷോയാ. പ്രണയപരവശനായ ഈ സഹോദരന് അവളെയൊന്നു കാണാതെ ഉറക്കം വരില്ല. അതല്ലേ..? നീയൊന്നു വാതില്‍ തൊറക്ക്..’. ഉണ്ണി അവന്റെ ഗിരിപ്രഭാഷണം തുടങ്ങി..! ഇനി രക്ഷയില്ല; മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു, വേഷം മാറി. വാർഡന്റെ കണ്ണില്‍പ്പെടാതെ ചുറ്റുമതിലിന്റെ തെക്കേയറ്റത്തുള്ള ഇരുട്ടിന്റെ മറയിലൂടെ മതിൽ ചാടി‍, ഞങ്ങള്‍ പുറത്തുകടന്നു.!

അരുണ്‍ സിനിമാപ്രാന്തനാണ്.! എല്ലാ ശനിയാഴ്ചയും ഒരു സെക്കന്റ് ഷോ കാണാതെ അവനുറക്കം വരില്ല.! ആരായാലും മതി; ഒരു കൂട്ടുവേണമെന്ന നിര്‍ബന്ധം മാത്രമേയുള്ളു. ടിക്കറ്റടക്കമുള്ള ചെലവുകളെല്ലാം ഉദാരമനസ്സോടെ ഏറ്റെടുക്കുന്ന അവന്റെ ദാനധര്‍മ്മങ്ങള്‍ കാണുമ്പോള്‍‍ ഇവന്‍ ഒരു സന്യാസിയിത്തീരുമോ എന്ന് ന്യായമായും എനിക്കു തോന്നാറുണ്ട്.! ബസ്സില്‍‍ ഒട്ടും തിരക്കില്ലായിരുന്നു. ഉണ്ണി സംസാരിച്ചുകൊണ്ടേയിരുന്നു. പഠിക്കുന്നതു രാഷ്ട്രീയമെങ്കിലും തത്വചിന്തയും മന:ശ്ശാസ്ത്രവുമൊക്കെ യേ അവന്റെ നാവില്‍ വരൂ. യുവമനസ്സില്‍ ഒരു ഇത്തിക്കണ്ണിയായി വളര്‍ന്ന്, അതിന്റെ നന്മ മുഴുവന്‍ വലിച്ചുകുടിക്കുന്ന അക്രമവാസനയായിരുന്നു പ്രഭാഷണവിഷയം.! ഇടവേളകളില്‍, ഒന്നു മൂളുന്ന ജോലി മാത്രമേ നമുക്കുള്ളു.!!

സിനിമ തുടങ്ങിയത് ആശ്വാസം ! ഉണ്ണി നിശ്ശബ്ദനായി. അരുണ്‍ അവന്റെ നായികയുടെ മുഗ് ദ്ധസൌന്ദര്യത്തില്‍ ഒഴുകി പ്പോയി. അവളോടുള്ള അവന്റെ വിശുദ്ധപ്രണയത്തിന് ഏറെ വര്‍ഷത്തെ പഴക്കമുണ്ട്.! നദികള്‍ കടലിലേക്കെന്ന പോലെ, അവന്റെ എല്ലാ സംഭാഷണങ്ങളും ചെന്നുചേരുന്നത് അവളുടെ തിളക്കമുള്ള വലിയ കണ്ണുകളുടെ വര്‍ണ്ണനയിലാണ്.!

സിനിമ തീര്‍ന്നപ്പോള്‍ കൃത്യം 12 മണിയായി. പതിവുപോലെ, കുറുക്കുവഴിയിലുടെ നടന്നാണ് മടക്കയാത്ര..! ബാനര്‍ജി റോഡില്‍ നിന്നു മാര്‍ക്കറ്റ് റോഡു വഴി നടന്ന്, നഗരത്തിലെ ഏറ്റവും വീതികുറഞ്ഞ ബ്രോഡ് വേയും കഴിഞ്ഞാൽ ഹോസ്റ്റലായി.! തിരക്കൊഴിഞ്ഞ വിജനമായ നഗരത്തെരുവിലൂടെ ഇരുകൈയും വീശിയങ്ങനെ നടക്കുക ഒരു സുഖമാണ്.! ഒരു പകലിന്റെ മടുപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍‍ മുഴുവന്‍ ഉള്ളിലൊതുക്കി, നഗരം ഉറങ്ങുന്നത് ഒരു കാഴ്ച തന്നെയാണ്. അതിന്റെ നിശ്ശബ്ദതയ്ക്കടിയില്‍ നിരവധി വിഷസര്‍പ്പങ്ങള്‍ പതിയിരിക്കുന്നുണ്ടെന്നു തോന്നും.!

കായലില്‍ നിന്ന് ഒരു തണുത്ത കാറ്റ് വീശുന്നുണ്ട്.! ഉണ്ണിയുടെ പ്രസംഗം ഒരു പശ്ചാത്തല സംഗീതമായി തുടരുകയാണ്..! ഇഷ്ടനായികയെ അധികനേരം കണ്ടിരിക്കാനനുവദി യ്ക്കാത്ത താരരാജാവിന്റെ അഹങ്കാരമാണിപ്പോള്‍ വിഷയം.! അരുണ്‍ അനുസരണ യോടെ, കൃത്യമായി മൂളുന്നുണ്ട്.! എന്റെ മനസ്സില്‍, ഒരു പഴയ സിനിമാഗാനത്തിന്റെ വരികള്‍ താളമിട്ടു :“നഗരം നഗരം മഹാസാഗരം, മഹാസാഗരം കളിയും ചിരിയും മേലേ, ചളിയും ചുഴിയും താഴേ...പുറമേ പുഞ്ചിരി ചൊരിയും സുന്ദരി, പിരിയാന്‍ വിടാത്ത കാമുകി....”പാതിരാവിന്റെ മുഴങ്ങുന്ന നിശ്ശബ്ദതയില്‍, ആ വരികള്‍ക്ക് മായികമായ ഒരു സൌന്ദര്യം കൈവരുന്നതായി തോന്നി.

ജ്യൂസ് സ്ട്രീറ്റിലേക്കുള്ള ഇടവഴിയുടെ അടുത്തെത്തിയപ്പോള്‍‍, കയ്യില്‍ ഒരു ബ്രീഫ് കെയ് സുമായി സുമുഖനായ ഒരു യുവാവ് ഞങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. “ ഇവിടെ, അഡ്വക്കേറ്റ് ബാലഗോപാലന്റെ വീടറിയുമോ.? ഞങ്ങള്‍ സംശയത്തോടെ പരസ്പരം നോക്കുന്നതു കണ്ട് അയാള്‍ വിശദീകരിച്ചു : “നേരത്തേ എത്തേണ്ടതായിരുന്നു. മലബാര്‍ എക്സ്പ്രസ്സ് എത്താന്‍ വൈകി. ഈ ഇടവഴിയുടെ അറ്റത്താണെന്നാണു പറഞ്ഞത്. ഈ സ്ഥലം ഒട്ടും പരിചയമില്ല. സ് ട്രീറ്റ് ലൈറ്റില്ല.! ഫോണും‍ എടുക്കുന്നില്ല; ദാ അവിടെ വരെ എന്റെ കൂടെ ഒന്നു വരുമോ..?”

കണ്ടിട്ട് ഒരു പാവത്താന്റെ മട്ടൊക്കെയുണ്ട്.! എന്നാലും ഈ മെട്രോനഗരത്തില്‍‍, അതും ഈ പാതിരാത്രിയില്‍ എങ്ങനെയാണ് ഒരു അപരിചിതനെ വിശ്വസിക്കുക? വല്ല അധോലോകമോ മറ്റോ ആയിരിക്കുമോ? ഉറക്കം കണ്‍പോളകളില്‍ മുട്ടിവിളിക്കുന്ന ഈ നേരത്ത് എന്തായാലും ഒരു റിസ്ക്ക് എടുക്കാന്‍ വയ്യ. “സോറി..! അറിയില്ല കേട്ടോ?.”...ഞങ്ങള്‍, സൌകര്യപൂര്‍വം ഒഴിഞ്ഞുമാറി..!! കൂടുതലൊന്നും അയാള്‍ ചോദിച്ചില്ല; ചുറ്റുമൊന്നു നോക്കി, പതിയെ ആ ഇരുട്ടിലേക്കു നടക്കാന്‍ തുടങ്ങി. ഞങ്ങളും നടന്നു. ഒഴുക്കു മുറിഞ്ഞതിന്റെ പരിഭവത്തില്‍, ഉണ്ണി തന്റെ പ്രഭാഷണം തുടര്‍ന്നു.

റൂമിലെത്തിയതും ബോധം കെട്ടുറങ്ങിപ്പോയി. മൊബൈല്‍കിളി ചിലയ്ക്കുന്നതു കേട്ടാണുണര്‍ന്നത്. ബിന്ദുവിന്റെ ശബ്ദം : “ടാ ചെറുക്കാ, ഫ്ലവര്‍ഷോയുടെ കാര്യമൊക്കെ മറന്നോ” ഇന്നു ലാസ്റ്റ് ഡേയാ..വേഗം ഇങ്ങോട്ടെറങ്ങ്...സുഭാഷ് പാര്‍ക്കിന്റെ ഗേറ്റിനറ്റുത്ത്...എല്ലാരുമൊണ്ട്.... അതോ ഞങ്ങളങ്ങോട്ടു വരണോ..?”.എന്റെ ദൈവമേ, ഒമ്പതു മണി..! ഈ കടന്നല്‍ക്കൂട്ടം വരുന്ന കാര്യം ഓര്‍ത്തില്ലല്ലോ..? ഇന്നത്തെ കാര്യം തീരുമാനമായി..!! വേഗം കുളിച്ചൊരുങ്ങി പാര്‍ക്കിലെത്തി. പനിനീര്‍ പുഷ്പങ്ങളുടെയും ഓര്‍ക്കിഡുകളുടെയും ‍നഗരതരുണികളുടെയും വര്‍ണ്ണപ്രപഞ്ചത്തില്‍ മുങ്ങി അങ്ങനെ നടന്നു.!

തിരിച്ചു ഹോസ്റ്റലിലെത്തുമ്പോള്‍,‍ നാലുമണി. വിശദമാ‍യി ഒന്നു കുളിച്ച്, മുറിയിലേക്കു മടങ്ങുമ്പോഴാണ്, റീഡിംഗ് റൂമില്‍ കിടന്ന സായാഹ്നപ്പത്രത്തിലെ ചൂടുവാര്‍ത്തയില്‍ കണ്ണുകളുടക്കിയത്. ‘നഗരത്തില്‍ യുവാവിന്റെ അജ്ഞാത ജഡം.! കൊലയെന്നു സംശയം.’ വാര്‍ത്തയ്ക്കൊപ്പം ചേര്‍ത്ത ഫോട്ടോയിലെ മുഖത്തേയ്ക്ക് ഒന്നേ നോക്കിയുള്ളു.! എന്റെ കയ്യിലിരുന്ന് പത്രം വിറയ്ക്കാന്‍ തുടങ്ങി.!!

Wednesday, June 15, 2011

പ്രേമലേഖനം’11










മൈ ഡിയർ സാറാ,
രണ്ടു മാസത്തിനുശേഷം ഇന്നാണ് എന്റെ കപ്പൽ കരയിലടുക്കുന്നത്.! രണ്ടാഴ്ച മുൻപ് നീ അയച്ച മെയിൽ ഇപ്പോഴാണു കാണുന്നത്.! എന്റെ സാറാ, നമ്മുടെ ജീവിതം ഇങ്ങനെയായിത്തീർന്നതിൽ എനിക്കു സങ്കടമില്ലെന്നാണോ നീ കരുതുന്നത്.? രാവും പകലുമില്ലാതെ കരകാണാക്കടലിൽ അലയുമ്പോൾ നിന്റെയും നമ്മുടെ മോന്റെയും വിചാരം മാത്രമാണ് എന്റെ ഏക ആശ്വാസം.!

നീ പറയേണ്ട കാര്യമില്ല; എനിക്കറിയാം, വീട്ടിൽ നീ അനുഭവിക്കുന്ന പ്രശ്നങ്ങൾ.! അമ്മയുടെ സ്വഭാവം നിന്നേക്കാൾ കൂടുതൽ എനിക്കറിയാമല്ലോ? ഇത്രയും വർഷങ്ങൾക്കു ശേഷവും അവർക്കു നിന്നെ ഉൾക്കൊള്ളാൻ കഴിയാത്തതിൽ എനിക്കു വളരെ ഖേദമുണ്ട്. സാറാ, ഞാൻ വെറുതെ പറയുകയല്ല; കാര്യം എന്റെ പെങ്ങളൊക്കെയാണെങ്കിലും കമല നിന്നെപ്പറ്റി പറയുന്ന പരാതികളൊന്നും ഞാൻ മുഖവിലയ്ക്കെടുക്കാറില്ല.! എനിക്കു നീ തന്നെയാണു പ്രധാനം.! നിന്റെ അരികിലെത്താൻ വേണ്ടി മാത്രമാണ് എന്റെ ജീവിതം.! നിന്റെ അന്യതാബോധം എനിക്കു മനസ്സിലാവുന്നുണ്ട് . സ്വന്തക്കാരെ മുഴുവൻ ഉപേക്ഷിച്ച് എന്റെ കൂടെ ഇറങ്ങിവന്ന നിനക്ക് സന്തോഷപൂർണ്ണമായ ഒരു ജീവിതം തരാൻ എനിക്കിതുവരെ സാധിച്ചില്ല.!! സത്യമായും, നിന്റെ മനസ്സു വേദനിക്കുന്നത് എനിക്കു സഹിക്കാനാവുകയില്ല.! പക്ഷേ സാറാ, തൽക്കാലം ഞാൻ നിസ്സഹായനാണ്.!

നിനക്കോർമ്മയുണ്ടോ സാറാ, കാമ്പസ്സിൽ എന്നും വിവാദവിഷയമായിരുന്ന നമ്മുടെ പ്രണയം..! പാരമ്പര്യത്തിന്റെ അഴിക്കൂടുകൾ തകർത്ത്, പ്രണയത്തെ മാത്രം ഹൃദയത്തോടു ചേർത്ത്, നമ്മൾ കൈകോർത്തുനടന്ന വഴികൾ…പ്രേമിക്കാൻ പോലും ഭയന്ന നമ്മുടെ ചങ്ങാതിമാർക്ക് നാമൊരു ഉദാത്തമാതൃകയായിരുന്നു.! ഓർക്കുമ്പോൾ, എനിക്കിന്നും കുളിരുകോരുന്നു.! നീണ്ട പകൽ അവ സാനിക്കുന്നതുവരെ, കെമിസ്ട്രിലാബിനു മുന്നിലെ വരാന്തയിലിരുന്ന് നാം നടത്തിയ ദീർഘസംഭാഷ ണങ്ങൾ…ഭാരത് കഫേയിലെ ഫാമിലിറൂമിൽ മുട്ടിയുരുമ്മിയിരുന്നു നാം നുണഞ്ഞ ഐസ്ക്രീമുകൾ..! സത്യമായും, എനിക്കു മരിക്കാൻ തോന്നുന്നു സാറാ..! തിരയടങ്ങാത്ത കടലിന്റെ സീൽക്കാരം മാത്രം കേട്ട്, എന്റെ കുടുസ്സുമുറിയിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്, അലറുന്ന ഈ കടലിന്റെ ഹൃദയത്തിലേയ്ക്ക് സ്വയം എടുത്തെറിഞ്ഞ് എല്ലാം അവസാനിപ്പിച്ചാലോ എന്ന്.! നിന്നെയോർത്തു മാത്രമാണ്, നമ്മുടെ മോനെ ഓർത്തു മാത്രമാ‍ണ് ഞാനതു ചെയ്യാത്തത്.! എന്റെ സാറാ, നടുക്കടലിൽ സ്ഥലകാലങ്ങൾ നഷ്ടപ്പെട്ട്, അലയുന്ന ഈ എണ്ണക്കപ്പൽ എന്റെ ജീവിതം തന്നെയാണ്..! സോറി, എന്റെ മാത്രമല്ല; നമ്മുടെ ജീവിതം.!! എന്നോടു ക്ഷമിക്കൂ സാറാ.! എനിക്കു മനസ്സു തുറന്ന് ഒന്നു കരയണമെന്നുണ്ട്.!!

രണ്ടുവർഷം കൂടി നീ ക്ഷമിക്കണം.! രണ്ടു കൊല്ലം കൂടി അമ്മയേം ആ തല്ലുകൊള്ളിയേം നീ സഹി ക്കണം.! അപ്പോഴേക്കും നമുക്കുമാത്രം
സ്വന്തമായ ആ സ്വപ്നഭവനം ഞാൻ ഉണ്ടാക്കിയിരിക്കും.! ദൈവമേ, നമ്മുടെ തങ്കക്കുടത്തിന്റെ മുഖം പോലും ഞാനൊന്നു കണ്ടിട്ട് എത്ര നാളായി..? നിനക്ക റിയാമോ, ഒരു ലാപ് ടോപ്പ് പോലും സ്വന്തമായി വാങ്ങിക്കാതെ, ഞാനീ കഷ്ടപ്പെടുന്നതെല്ലാം ആ ഒരു സ്വപ്നസാക്ഷാത്ക്കാരത്തിനു വേണ്ടി മാത്രമാണ്.! ഒരു സുഹൃത്തിന്റെ ലാപ് ടോപ്പിൽ നിന്നാണ് ഇപ്പോൾ നിനക്കെഴുതുന്നത്.! എന്റെ സാറാ, നീയെന്നെ കൈവെടിയരുത്.! കുത്തുവാക്കുകളിലൂടെ ഇനിയും നീയെന്നെ നോവിക്കരുത്. ഞാൻ തകർന്നുപോകും. ! എനിക്കു ഭ്രാന്തു വന്നുകാണാൻ, നീ അഗ്രഹിക്കുന്നുണ്ടോ..?

നിന്റെ ദിവസങ്ങൾ എങ്ങനെ കടന്നുപോകുന്നു എന്നറിയാൻ എനിക്കാഗ്രഹമുണ്ട്.! നീയിപ്പോൾ, എന്തെങ്കിലും വായിക്കാറുണ്ടോ.?
നമ്മുടെ പഴയ കൂട്ടുകാരാരെങ്കിലും വിളിക്കാറുണ്ടോ.? രമേഷ്, ഒരിക്കൽ എന്നെ വിളിച്ചിരുന്നു.! പൂർവ്വവിദ്യാർത്ഥികളുടെ സംഗമത്തിനു നീ കോളേജിൽ ചെന്നില്ലെന്നു പറഞ്ഞു.! പരാതികൾ മാത്രമെഴുതാതെ, അടുത്ത മെയിലിലെങ്കിലും നീ നിന്റെ വിശേഷങ്ങൾ എനിക്കെഴുതണം.! 24 മണിക്കൂറും നീ കമ്പ്യൂട്ടറിന്റെ മുന്നിലാണെന്നും നിനക്കിപ്പോൾ അടുക്കളയിലേക്കൊന്നു തിരിഞ്ഞു നോക്കാൻ പോലും സമയമില്ലെന്നും, പല രാജ്യങ്ങളിലായി നിനക്ക് ഒരുപാട് ആൺസുഹൃത്തുക്കളുണ്ടെ ന്നുമൊക്കെ എന്നെ വിളിക്കുമ്പോൾ, ആ തല്ലുകൊള്ളി പറയാറുണ്ട്.! വെറുതെ, എന്നെ പ്രകോപിപ്പി ക്കാനാണെന്ന് എനിക്കറിയാം,! നീ അവളോടു വഴക്കിനൊന്നും പോകണ്ട.! ഞാനതൊന്നും വിശ്വസിച്ചിട്ടില്ല. എന്റെ സാറാ, മനസ്സിൽ‌പ്പോലും നീ എന്നോടു വഞ്ചന കാട്ടുമെന്ന് ചിന്തിക്കാൻ എനിക്കു കഴിയില്ല.! അഥവാ അങ്ങനെ ചിന്തിക്കേണ്ട ഒരു ഘട്ടം വന്നാൽ, അന്നു ഞാൻ ഉണ്ടാ‍വുകയില്ല.!

ഇവിടെയിപ്പോൾ , കപ്പൽ കരയിലണഞ്ഞതിന്റെ ഉത്സവമാണ്...! സുഹൃത്തുക്കളെല്ലാം ആഹ്ലാദത്തിലാണ്..! മദ്യവും സ്ത്രീകളുമായി രമിച്ച് അവർ മതിവരുവോളം ജീവിതം ആസ്വദിക്കുക യാണ്..!! നീ വിശ്വസിച്ചാലുമില്ലെങ്കിലും ഞാൻ ഒരു സത്യം പറയട്ടെ; നിന്നെപ്പിരിഞ്ഞതിൽപ്പിന്നെ ഒരു സ്ത്രീയുടെ ഗന്ധം ഇതേവരെ, ഞാൻ അറിഞ്ഞിട്ടില്ല.!! ‘ഒരു പാവം നാട്ടുമ്പുറത്തുകാരൻ’ എന്നു കൂട്ടുകാരെല്ലാം കളിയാക്കും.! സാറാ, എന്നെപ്പറ്റി നിനക്കും അങ്ങനെ തോന്നുന്നുണ്ടോ.?

എന്തായാലും, രണ്ടുവർഷം കൂടി കഴിഞ്ഞാൽ, ഈ നരകജീവിതം അവസാനിപ്പിച്ച് ഞാൻ നാട്ടിലേക്കു വരും. ലാഭമുള്ള എന്തെങ്കിലും ഒരു ബിസിനസ്സ് തുടങ്ങണം.! കിട്ടുന്നതിൽ തൃപ്തി കണ്ടെത്തി, നമുക്കൊന്നിച്ചു കഴിയാം.! അച്ഛന്റെ ഷെയറാ‍യി കിട്ടിയ 20 സെന്റുണ്ടല്ലോ. അതിൽ, ഒരു ഫാം തുടങ്ങുന്ന കാര്യവും എന്റെ മനസ്സിലുണ്ട്.! സാറാ, കുറച്ചുകാലം കൂടി, നീ ഒന്നു പിടിച്ചുനിൽക്കണം.! എന്റെ ഒരപേക്ഷയാണ്..!!

ഇവിടെ, എന്റെ കമ്പനിയും പ്രതിസന്ധിയിലാണെന്നൊക്കെ കേൾക്കുന്നു.! ഉടനെ ഒരു പ്രശ്നമുണ്ടാ വില്ലെന്ന
പ്രതീക്ഷയിലാണ് എല്ലാവരും...ഇനി ഒരാഴ്ചയോളം ഞാൻ റെയിഞ്ചിലുണ്ടാവും. പിന്നെ, വീണ്ടും കൊല്ലുന്ന ഈ സമുദ്രയാത്രയാരംഭിക്കും.!! ഇന്നു വൈകിട്ട് സിറ്റിയിൽ പോകുന്നുണ്ട്. ഫോൺ റീചാർജ് ചെയ്ത്, ഏഴുമണിക്കു മുൻപായി ഞാൻ നിന്നെ വിളിക്കും.! സാറാ, നിന്നോടു മതിവരുവോളം ഒന്നു സംസാരിക്കാൻ എനിക്കു കൊതിയാവുന്നുണ്ട്..!

എന്ന്, പ്രണയപൂർവ്വം,

നിന്റേതുമാത്രമായ
കേശവ്.

Tuesday, June 14, 2011

ഫെമിനിസ്റ്റ്








നീണ്ടുനീണ്ടുപോകുന്ന നിശ്ശബ്ദതയുടെ കരയിൽ അയാൾ ഇങ്ങനെയിരിക്കാൻ തുടങ്ങിയിട്ട് ഒരുപാടു നേരമായി. ചുവരിലെ ക്ലോക്ക് രാത്രി 2.35 എന്ന സമയം കാണിക്കുന്നുണ്ടെങ്കിലും അയാളെ സംബന്ധിച്ച് സമയവും കാലവുമെല്ലാം അപ്രസക്തമായിരുന്നു. താൻ എത്ര നേരമായി അങ്ങനെയിരിക്കാൻ തുടങ്ങിയിട്ടെന്നോ, താൻ അവിടെ ഇരിക്കുന്നുണ്ടെന്നുതന്നെയോ അയാൾ മറന്നുപോയിരുന്നു.! കിടക്കയിൽ പുറംതിരിഞ്ഞുകിടന്ന് അവൾ ശാന്തമായുറങ്ങുന്നു.! ഒരു നിമിഷം..അയാൾക്ക് പരിസരബോധം വന്നു.. എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അയാൾ ഓർക്കാൻ ശ്രമിച്ചു...
അതൊരു അറേഞ്ച്ഡ് മാര്യേജായിരുന്നു. സർക്കാർസർവീസിൽ ജോലിയുള്ള കുട്ടി. അറേബ്യയിലെ മരുജീവിതത്തിനിടയിൽ ഇ-മെയിലായി വന്ന അവളുടെ ഫോട്ടോ അയാളുടെ മനം കുളുർപ്പിച്ചു. “സാമ്പത്തികമൊന്നുമില്ല..ആൾ വളരെ സൈലന്റാ.. ഒരു പാവം..നിനക്കു ചേരും..!" ജ്യേഷ്ഠന്റെ നിരീക്ഷണം മുഖവിലയ്ക്കെടുത്തു. പലകുറി ശ്രമിച്ചെങ്കിലും രണ്ടുമൂന്നു വട്ടമേ ഫോണിൽ കിട്ടിയുള്ളു. അപ്പോഴൊക്കെ അവൾ ഒന്നോ രണ്ടോ വാക്കിൽ ചോദ്യത്തിനുത്തരം മാത്രം പറഞ്ഞു. നാണത്തിൽ പൊതിഞ്ഞ ഒരു മുഖം മനസ്സിൽ കണ്ട് അയാൾ ക്ഷമിച്ചു. ഈ നാണമൊക്കെ താൻ മാറ്റിയെടുക്കുമെന്ന് ഉള്ളിൽ തീരുമാനിച്ചു. പിന്നെല്ലാം പെട്ടെന്നായിരുന്നു. അറബി മൂന്നു മാസത്തെ അവധി കനിഞ്ഞു നൽകിയ സമയം. എല്ലാം നല്ലതിനായിരിക്കും.! കിട്ടിയ ഫ്ലൈറ്റിൽ അയാൾ നാട്ടിലേക്കു പറന്നു.
പാരമ്പര്യവിധിപ്രകാരം അമ്പലമുറ്റത്തെ പന്തലിൽ താലികെട്ടുമ്പോൾ, ഏതാനും വർഷം മുൻപ് കാമ്പസ്സിൽ ഫെമിനിസ്റ്റുകളുടെ സഖാവായി, വിവാഹം കഴിക്കാതെയുള്ള സഹജീവിതത്തിന്റെ വക്താവായി വിലസിയ കാലങ്ങൾ അയാളോർത്തു. നഗരം വിട്ട് ഗ്രാമവസതിയുടെ പടികയറുമ്പോൾ, തന്നിലെ പുരോഗമനവാദി ഒരു പഴഞ്ചനായി മാറുന്നതിലെ വൈരുദ്ധ്യമോർക്കവേ, അയാൾക്കു ചിരി വന്നു. സദ്യയുടെയും സൽക്കാരങ്ങളുടെയുമിടയിൽ അയാൾക്ക് അവളുടെ ചെറുപുഞ്ചിരികൾ സമ്മാനമായിക്കിട്ടി. തന്റെ ഭാര്യയ്ക്ക് നിഷ്കളങ്കമായി ചിരിയ്ക്കാനറിയാം..! അഹങ്കാരത്തോടെ അയാളോർത്തു. പിന്നീട്, തിരക്കുകളെല്ലാമൊഴിഞ്ഞ്, കിടപ്പുമുറിയിൽ അയാളൊറ്റയ്ക്കായി. തിരക്കായതിനാലാവാം അവൾ വൈകുന്നത്..! ഒടുവിൽ മടിച്ചുമടിച്ച് അവളെത്തിയപ്പോൾ, ആ മുഖത്തുനിന്ന് പുഞ്ചിരി മാഞ്ഞിരുന്നു.! പകരം ഒരു അമ്പരപ്പ് അവളെ പൊതിഞ്ഞതു പോലെ..‘ഇവിടിരിക്ക്, ചോദിക്കട്ടെ..‘എന്ന് അവളുടെ കരം ഗ്രഹിക്കാനൊരുങ്ങവേ, അവൾ ഭയന്ന് പിന്നോട്ടുമാറി. അയാളുടെ ഹൃദയം പിടഞ്ഞു. സ്വപ്നങ്ങളുടെ ആകാശം അയാളുടെ മേൽ ഇടിഞ്ഞുവീണു.!
തന്റെ ജീവിതം മുഴുവൻ പങ്കിടേണ്ടവൾ മൌനത്തിന്റെ ഒരു കൂടാരമാണെന്നും പരിചയക്കുറവിനും വെറും ലജ്ജയ്ക്കുമപ്പുറം അതിനു മാനങ്ങളുണ്ടെന്നുമുള്ള അറിവ് അയാളെ മരവിപ്പിച്ചു. വിരുന്നുപോയ വീടുകളിൽ, അവൾ ചർച്ചയാകുന്നത് അയാൾ കേട്ടു. വിവാഹം ക്ഷണിക്കാൻ വന്ന തന്റെ ആത്മസുഹൃത്ത്, “ശ്രീമതിയെവിടെ.?കണ്ടില്ലല്ലോ.!”എന്ന് തിരക്കവെ, അപമാനഭാരത്താൽ അയാൾ തല കുനിച്ചു .! സന്ദർശകരെ കാണുമ്പോൾ, കുളിമുറിയിൽ കയറി വാതിലടച്ചിരിക്കുന്ന തന്റെ ഭാര്യയെ ഇതിനകം അയാൾക്ക് പരിചയമായിക്കഴിഞ്ഞിരുന്നു.! ലാൽബാഗിലെ പുൽമെത്തകൾ അതിരിട്ട നടപ്പാതകളിൽ, സുഭാഷ് പാർക്കിൽ, ആ നിശ്ശബ്ദതയ്ക്ക് കൂട്ടുനടക്കവേ, തന്റെയുള്ളിലെ ഫെമിനിസത്തിന്റെ പരിമിതികൾ അയാൾക്കു ബോധ്യപ്പെട്ടു. ആഗ്രഹങ്ങൾ ചത്തുമലച്ച കിടപ്പുമുറിയിൽ, ‘ദയവായി ക്ഷമിക്കൂ..എനിക്കൊന്നുമാവില്ലെ’ന്നു മുദ്രപതിച്ച അവളുടെ മുഖത്തേക്കു നോക്കിയിരിക്കെ, അയാൾക്ക് ആദ്യമായി തന്റെ സമനിലയെപ്പറ്റി സംശയം തോന്നി..!
നാട്ടിലെ പ്രശസ്തയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനു മുന്നിൽ ഒരു പരാജിതന്റെ മുഖവുമായിരിക്കെ, അവരുടെ ശാന്തമായ പതിഞ്ഞ ശബ്ദം അയാളുടെ കാതിൽ പതിച്ചു. “ലുക്ക് മൈ ഫ്രണ്ട്, ഇതൊരു സ്പെഷ്യൽ കേസാണ്. എന്റെ ഇതുവരെയുള്ള പ്രാക്ടീസിൽ ആദ്യമായിട്ടാ, ഇങ്ങനെയൊന്ന്. ഇറ്റ്സ് എ കേസ് ഓഫ് ഡീപ്പ് ഡിപ്രഷൻ. ഷീ ഈസ് ടോട്ടലി ഇൻട്രോവെർട്ട്.! ആൻഡ്, ഇതിപ്പം എത്ര വർഷം കൊണ്ട് ഇതിൽ നിന്ന് റിക്കവറാകും എന്നൊന്നും ഉറപ്പുപറയാൻ വയ്യ...സത്യത്തിൽ എനിക്ക് വിഷമമുണ്ട്..! നിങ്ങളെപ്പോലെ ലോകപരിചയമുള്ള ഒരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്.! ഇനി ഇതിങ്ങനെ, തുടർന്നുകൊണ്ടു പോകണമെന്ന് ഞാൻ പറയില്ല.! ദാറ്റ് വിൽ ബി സ്പോയിലിങ്ങ് യുവേഴ് സെൽഫ് . ബെറ്റർ, യു ട്രൈ ഫോർ എ ഡിവോഴ്സ്..ഐ ആം സോറി റ്റു സേ..!”
*********************************
കുടുംബക്കോടതിയിൽ നല്ല തിരക്കായിരുന്നു.! കൊടുത്തതിന്റെയും വാങ്ങിയതിന്റെയും കണക്കുകൾ തമ്മിൽ കോർത്ത്, വക്കീലന്മാർ പരസ്പരം ഏറ്റുമുട്ടി.! അകത്തും പുറത്തും പെരുത്തുവരുന്ന ചൂടിൽ, വാദികൾക്കും പ്രതികൾക്കുമിടയിൽ ശൂന്യമനസ്കനായി നിൽക്കെ, കോടതിമുറിയുടെ വെള്ളച്ചുമരുകൾ തന്നെനോക്കിച്ചിരിക്കുന്നതായി അയാൾക്കു തോന്നി.! നടപടികളെല്ലാം തീർത്ത് , കടലാസുകളിൽ ഒപ്പുവെക്കുമ്പോൾ, അയാൾക്കു നല്ല ആശ്വാസം അനുഭവപ്പെട്ടു.! ഒടുവിൽ, ജഡ്ജിയുടെ ചോദ്യത്തിനു മറുപടിയായി അവളുടെ ചുണ്ടിൽ നിന്നു പുറപ്പെട്ട ആ വാക്ക് അയാൾ വ്യക്തമായിക്കേട്ടു: ‘സമ്മതമാണ്”.!
മടക്കയാത്രയിൽ, ഫ്ലൈറ്റിലെ സൈഡ് സീറ്റിൽ ലാപ് ടോപ്പിലെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചിരിക്കെ, ഒരിക്കലും പൂരിപ്പിക്കാനാവാത്ത ചില ജീവിതസമസ്യകളെപ്പറ്റി, ഒരിക്കലും തിരുത്താനാവാത്ത ചില തെറ്റുകളെപ്പറ്റി അയാൾ വെറുതെ ആലോചിക്കുകയായിരുന്നു.! അഭിനന്ദനവാക്കുകളുമായി തന്നെ സ്വീകരിക്കാൻ കാത്തിരിക്കുന്ന സുഹൃത്തുക്കളെപ്പറ്റി അയാളോർത്തു.! അവരുടെ കള്ളച്ചിരിയും കളിയാക്കലുകളുമോർത്തു..! അപ്പോഴാണ്, ആ ചിത്രം അയാളുടെ കണ്ണിലുടക്കിയത്. മൂന്നുമാസം മുൻപ്, തന്റെ ജീവിതം മാറ്റിമറിയ്ക്കുവാൻ, ഒരു ഇമെയിലിലൂടെ തന്നെ തേടിയെത്തിയ പെൺകുട്ടിയുടെ ചിത്രം.! നിസ്സംഗമായി, അത് ഡിലീറ്റ് ചെയ്യവേ, ഇനിയും തന്റെയുള്ളിൽ അല്പമെങ്കിലും ഫെമിനിസം ബാക്കിയുണ്ടോ എന്ന് അയാൾ മനസ്സിലേക്ക് ഒരിക്കൽക്കൂടി പാളിനോക്കി. ശൂന്യതയുടെ ഒരു തമോഗർത്തം മാത്രമേ അയാൾക്കവിടെ കാണാൻ കഴിഞ്ഞുള്ളു.!

Sunday, June 12, 2011

അവസാനത്തെ ബസ്സ്
















അന്ത്യരംഗം കഴിഞ്ഞു കര്‍ട്ടന്‍ വീണതും അരങ്ങിന്റെ മധ്യത്തില്‍ ‘മരിച്ചു’കിടന്നിരുന്നു നടൻ പിടഞ്ഞെണീറ്റു. ധൃതിയില്‍ മേക്കപ്പെല്ലാം അഴിച്ചുകളഞ്ഞ് അയാള്‍ ‘മേടയില്‍ സതീഷ് കുമാറാ’യി മാറി. പന്ത്രണ്ടിന് ഇനി പത്തുമിനിറ്റേയുള്ളു.! സുഹൃത്തുക്കളോടു യാത്ര പറഞ്ഞ് ഒരു ഓട്ടോ പിടിച്ച് സ്റ്റാന്‍ഡിലെത്തുമ്പോളേക്കും അവസാനബസ് നീങ്ങിത്തുടങ്ങിയിരുന്നു. ചാടിക്കയറി, മുന്‍സീറ്റില്‍ത്തന്നെ വിശാലമായി ഇരുന്നു. ഹോ..ഇന്നെങ്കിലും വീട്ടില്‍ കിടന്നുറങ്ങാമല്ലോ..! ബസ്സില്‍ താനുള്‍പ്പെടെ അഞ്ചാറുപേര്‍ മാത്രം.! പാതിരാവിന്റെ വിഷാദം ആ ക്ഷീണിച്ച മുഖങ്ങളില്‍ നിഴലിക്കുന്നു.! നാടകത്തിന്റെ അന്ത്യരംഗമോര്‍ക്കെ, അയാളുടെ ചുണ്ടില്‍ ചെറിയ ചിരി പടര്‍ന്നു. 'എന്റെ മോനേ..' എന്നു നിലവിളിച്ചു കൊണ്ടു വസുമതിച്ചേച്ചി തന്റെ ‘മൃതദേഹ’ത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞതും താനറിയാതെ, രണ്ടുകണ്ണിലും‍ നീര്‍ തുളുമ്പിവന്നതും....

കിഴക്കേക്കോട്ടയില്‍ ബസ്സിറങ്ങി സ്വാമിയുടെ തട്ടുകടയില്‍ നിന്ന് ഒരു സിഗററ്റു വാങ്ങി കത്തിച്ച് അയാള്‍ ദീപുവിന്റെ മൊബൈലിലേക്കു വിളിച്ചു. “എടാ കൂട്ടുകാരാ, ഉറങ്ങിയാരുന്നോ.? നീയാ വണ്ടിയെടുത്ത് ഇവിടം വരെയൊന്നു വാ..നല്ല ക്ഷീണം. ഇനി നാലുകിലോമീറ്ററൂടെ നടക്കാനുള്ള ഊര്‍ജജമില്ല.. പ്ലീസ്..” ഭാഗ്യം.. അവന്‍ സമ്മതിച്ചു.! ഈ രാത്രിസഞ്ചാരങ്ങള്‍ എന്നാണവസാനിക്കുക..? നാളെ അങ്കമാലിയിലാണ് പരിപാടി. പിന്നെ, ഞായറാഴ്ചയേയുള്ളു. അത് തത്തമംഗലത്താണ്..! നക്ഷത്രങ്ങള്‍ നിറഞ്ഞ വൃത്തിയുള്ള ആകാശം..ഇതു വൃശ്ചികമാസമാണല്ലോ..? നാളെയാണ് അമ്പലത്തില്‍ കൊടിയേറ്റ്..! ഇത്തവണയെങ്കിലും ഒമ്പതാമുത്സവം കൂടാന്‍ പറ്റുമോ എന്തോ.? മട്ടന്നൂരിന്റെ ആ പഞ്ചാരിമേള‍ത്തിലാറാടിയങ്ങനെ നില്‍ക്കാന്‍ കൊതിയാകുന്നു..! ...

ഉറക്കം വരുന്നുണ്ട്. പതിയെ നടക്കാം.. മൃദുചിന്തകളുടെ ഉന്മാദത്തിലമര്‍ന്നങ്ങനെ...അപ്പോഴേക്കും അവനെത്തുമല്ലോ..! അവസാനപുകയും ആഞ്ഞുവലിച്ച് സിഗററ്റ്കുറ്റി വലിച്ചെറിഞ്ഞതും പാഞ്ഞുവന്ന ഒരു ബൈക്ക് അയാളെ തട്ടിത്തെറിപ്പിച്ചതും ഒന്നിച്ചായിരുന്നു. വായുവില്‍ കരണം മറിഞ്ഞ് റോഡിന്റെ ഒത്തമധ്യത്തില്‍ മലര്‍ന്നടിച്ചുവീണതും അബോധത്തിന്റെ അജ്ഞേയമായ ഒരു കരിമ്പടം അയാളെ വന്നുമൂടി.!

പിന്നീട്, ദൂരെ നിന്ന് ഒരു ബൈക്കിന്റെ ശബ്ദം അടുത്തടുത്തു വന്നതും തൊണ്ടയില്‍ കുടുങ്ങിയ വിലാപത്തോടെ ദീപുവെന്ന സുഹൃത്ത് തന്നെ വാരിയെടുത്തതും ഒരു സഹായഹസ് തത്തിനായി അവന്‍ നാലുപാടും ചിതറിയോടിയതുമൊന്നും അയാളറിഞ്ഞില്ല. ജീവിതമെന്ന സങ്കല്‍പ്പരതിയുടെ അന്ത്യരംഗമോര്‍ത്ത് അപ്പോള്‍‍ സ്വതന്ത്രമായ ഒരാത്മാവ് ശബ്ദമില്ലാതെ ചിരിച്ചു.! പിന്നെ, മഞ്ഞുപാളികള്‍ക്കിടയിലൂടെ, അത് വൃശ്ചികമാസത്തിന്റെ വൃത്തിയുള്ള ആകാശത്തിലേക്കൂളിയിട്ടു.!!

Saturday, June 11, 2011

സര്‍പ്പദംശം








വാടകവീടിന്റെ നിസ്സംഗത ചൂഴുന്ന ഔട്ട്ഹൗസ് പൂട്ടി ഇടവഴിയിലേയ്ക്കിറങ്ങുമ്പോള്‍, മനുഷ്യബന്ധങ്ങളെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നത്. മൃദുലമായ ഹൃദയവികാരമായി രൂപമെടുത്ത്, ചിരപരിചയത്തിന്റെ മുള്‍മുനയിലുരഞ്ഞ്, വരവുചെലവുകണക്കുകളായി പരിണമിച്ച്, അസംബന്ധനാടകങ്ങളായി അവസാനിക്കുന്ന ബന്ധങ്ങള്‍...

രാത്രി. തെരുവുവിളക്കുകള്‍ അണഞ്ഞിരുന്നു. ഗ്രാമത്തെ ചുറ്റിവരിയുന്ന ഒരു പെരുമ്പാമ്പായി വഴി നീണ്ടുകിടന്നു. വിളറിയ ചിരിയുമായി ചന്ദ്രക്കല മാത്രം എനിക്കു കൂട്ടു വന്നു..! ഒന്നരയ്ക്കു പുറപ്പെടുന്ന എന്റെ ബസ്സ്, ഇപ്പോള്‍ സ്റ്റാന്‍ഡിന്റെ തെക്കേ മൂലയില്‍ പാര്‍ക്കു ചെയ്തിട്ടുണ്ടാവും. നേരം പുലരുമ്പോഴേക്കും, വണ്ടി തലസ്ഥാനനഗരിയിലെ എന്റെ ഗവേഷണകേന്ദ്രത്തിലെത്തും. രാവിലെ തന്നെ, ഒരു വനയാത്രയുള്ളതാണ്.!

രണ്ടു പോലീസുകാര്‍ എതിരേ നടന്നു വന്നു. പരിചിതമുഖങ്ങളാണ്. സൗജന്യമായി ഒരു ചിരി സമ്മാനിച്ച് അവര്‍ കടന്നു പോയി. വലിയകവലയിലേക്കുള്ള വളവില്‍, മുറുക്കിച്ചുവന്ന ചുണ്ടുകളും ലഹരി നുരയുന്ന കണ്ണുകളുമായി, ഒരു ഇലക് ട്രിക് പോസ്റ്റില്‍ ചാരി അജയന്‍ നില്പുണ്ടായിരുന്നു. "നീയെന്താ അസമയത്തിവിടെ.?" ഞാന്‍ ചോദിച്ചു. "ഞാന്‍ നിന്നെ കാത്തു നില്ക്കുകയായിരുന്നു.! എന്താ ഇത്ര വൈകിയത്..?" സ്ഥിരം തമാശ സ്വയം ആസ്വദിച്ച്, അവന്‍ പൊട്ടിച്ചിരിച്ചു. ഇരുട്ടില്‍, ഒരു പ്രാവിന്റെ ചിറകടികള്‍ ഉയര്‍ന്നുപൊങ്ങി, പാതിരാവിന്റെ നിശ്ശബ്ദതയില്‍ ലയിച്ചു..! "ഒരാഘോഷം കഴിഞ്ഞ മട്ടുണ്ടല്ലോ..? എവിടായിരുന്നു..? ഞാന്‍ ചോദിച്ചു. "നിനക്കെന്തറിയാം? ഈ ജീവിതത്തിനപ്പുറം എന്താഘോഷം..?" അവന്‍ വീണ്ടും പൊട്ടിച്ചിരിച്ചു..

അവന്‍ എന്റെ കൂടെ നടന്നു. ഞങ്ങള്‍ പലതും സംസാരിച്ചു. ലൈബ്രറിയില്‍ പൂര്‍ത്തിയായി വരുന്ന പുസ്തകങ്ങളുടെ ബൈൻഡിംഗിനെപ്പറ്റി, പുതുതായി വരുത്താനുള്ള മാസികകളെപ്പറ്റി, ദില്ലിയില്‍ നിന്ന് നാളെയെത്തുന്ന കാര്‍ഡ് കാറ്റലോഗിനെപ്പറ്റി, പാര്‍ക്കില്‍ ഒരു ടീവി സ്ഥാപിക്കാന്‍ സ്പോണ്‍സറെ കണ്ടെത്തുന്നതിനെപ്പറ്റി, അവിടെ നട്ടുപിടിപ്പിക്കേണ്ട തണല്‍വൃക്ഷങ്ങളെപ്പറ്റി, ഉറവയെടുക്കും മുമ്പ് വറ്റിപ്പോകുന്ന കവിതയെപ്പറ്റി....അജയന്‍ സംസാരിച്ചുകൊണ്ടേയിരുന്നു..

സ്റ്റാന്‍ഡിലെത്തിയപ്പോഴും അവന്‍ പറഞ്ഞു തീര്‍ന്നിരുന്നില്ല. ബസ്സിന്റെ സൈഡ് സീറ്റില്‍ എന്നോടൊപ്പം അവനുമിരുന്നു. ഇടയ്ക്കിടെ പുറത്തേക്കു മുറുക്കിത്തുപ്പിക്കൊണ്ട് അവന്‍ ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു. കണ്ടക്ടര്‍ വന്ന് ഡബിള്‍ബെല്ലടിച്ചപ്പോഴാണ് പരിസരബോധം വന്നത്. പെട്ടെന്നിറങ്ങവേ, കാല്‍ വഴുതി അവന്‍ വീഴാന്‍ തുടങ്ങി. ചാടിയെണീറ്റ് ഞാന്‍ അവനെ താങ്ങുവാനും...!

കട്ടിൽപ്പടിയില്‍ തട്ടി തല വേദനിച്ചപ്പോളാണ് കണ്ണുതുറന്നത്.! ഹോ..സ്വപ്നമായിരുന്നോ? എന്താണിങ്ങനെയൊരു....അതും ഈ വെളുപ്പാന്‍‍കാലത്ത്..? പതിയെ എഴുന്നേറ്റു. ചാര്‍ജ് ചെയ്യാനായി മൊബൈല്‍ കയ്യിലെടുത്തപ്പോഴാണ് കണ്ടത് : 'സെവൻ മിസ്സ്ഡ് കോള്‍സ് - പ്രവീണ്‍..എപ്പോഴായിരുന്നു..? തിരിച്ചുവിളിച്ചു. മറുവശത്ത് പ്രവീണിന്റെ ചിലമ്പിച്ച ശബ്ദം..! "നീയിതെവിടായിരുന്നു..? ഞാന്‍ എത്രവട്ടം വിളിച്ചു..? എടാ, നമ്മുടെ അജയന്‍ ഇന്നലെ രാത്രി മരിച്ചുപോയി. രാത്രി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ എന്തോ കടിച്ചതാ. അവന്‍ കാര്യമാക്കിയില്ല. അത്താഴം കഴിച്ചുകിടന്നപ്പഴാ അസ്വസ്ഥത തുടങ്ങിയത്. രാത്രി വൈകിയതിനാല്‍ ടാക്സിയൊന്നും കിട്ടിയില്ല. അനിയന്റെയൊപ്പം സൈക്കിളിലാ‍ ടൗണിലെ ഹോസ്പിറ്റലിലേക്കു പോയത്..അവിടെയെത്തിയില്ല..അതിനു മുന്‍പേ, കുഴഞ്ഞുവീണു..." ഇടയ്ക്കിടെ തൊണ്ടയില്‍ കുടുങ്ങുന്ന ശബ്ദത്തില്‍, അവന്‍ പിന്നെയും പലതും പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ഞാന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല..!

ഒരിടിമിന്നല്‍ എന്റെ നെഞ്ചിലൂടെ പാഞ്ഞുപോയി. കാലിന്റെ പെരുവിരലിൽ നിന്ന് , ഒരു തരിപ്പ് മുകളിലേക്കു കയറാന്‍ തുടങ്ങി..!!

അമ്മുക്കുട്ടി അതു പറയില്ല















ലാബ് അറ്റന്‍ഡര്‍ മേരിയുടെ നാവില്‍ നിന്നാണ് ആദ്യം അതു പൊട്ടിവീണത്. “എന്റീശോയേ, നേരാണോ ഈ കേക്കുന്നേ..? ഈ പെങ്കൊച്ചിനെന്നാ പറ്റി.? അതും പരീക്ഷയടുത്ത ഈ നേരത്ത് , ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്..?” കലാലയത്തിന്റെ രോമാഞ്ചമായ അമ്മുക്കുട്ടിയെന്ന ചിത്രശലഭം പാതിവഴിയില്‍ ബിരുദപഠനം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത എണ്ണമറ്റ അവളുടെ കാമുകന്മാരുള്‍പ്പെടെ കാമ്പസ്സിലെ ഓരോ മണല്‍ത്തരിയും ഞെട്ടലോടെയാണ് സ്വീകരിച്ചത്. നിമിഷങ്ങള്‍ക്കകം, ‍നിഴലുകള്‍ ചിത്രം വരയ്ക്കുന്ന ഇടനാഴികളിലും പുരാതനമായ പിരിയന്‍കോണിച്ചുവട്ടിലും ഒരു ചൂടുള്ള ചര്‍ച്ചയായി അവള്‍ മാറി.!

അമ്മുക്കുട്ടി തീര്‍ത്തും നിസ്സംഗയായിരുന്നു.! ഒട്ടും വായിച്ചെടുക്കാനാവാത്ത ഒരു ചെറുപുഞ്ചിരിയോടെ അവള്‍ എല്ലാവരെയും നേരിട്ടു.! ക്ലാസ്സിലും ഒരു വിളിപ്പാടകലെയുള്ള ഹോസ്റ്റല്‍ മുറിയിലും അവളുടെ സന്തതസഹചാരിയായ മീരാ കൃഷ്ണനു നേരേയാണ് സ്വാഭാവികമായും കൂടുതല്‍ പുരികങ്ങളുയര്‍ന്നത്..! എന്നാല്‍, ‘എനിക്കറിയില്ല’ എന്ന് അവളും ഒഴിഞ്ഞുമാറുകയായിരുന്നു.! ആത്മസുഹൃത്തിന്റെ വേര്‍പാടിലുള്ള വേദന, വിഷാദം തളം കെട്ടിയ അവളുടെ കണ്ണുകള്‍ മറച്ചുവെച്ചതുമില്ല.! ‍

അമ്മുക്കുട്ടിയുടെ അംഗീകൃതകാമുകനും കവിയുമായ ഇംഗ്ലീഷ് എം.എ. ക്ലാസ്സിലെ ബി. ഉണ്ണിക്കൃഷ്ണനും അപ്രതീക്ഷിതമായുണ്ടായ ഈ വിരഹതാപത്തെ തന്റെ മുഖത്തു നിന്ന് മായ്ച്ചുകളയാന്‍ കഴിയുമായിരുന്നില്ല.! എത്ര ചോദിച്ചിട്ടും, ദുരൂഹമായ ഒരു പുഞ്ചിരിയില്‍ എല്ലാമൊതുക്കി അവനെ തോല്പിച്ചുകൊണ്ട് ഒരു ചെറുകാറ്റു പോലെ അവള്‍ കടന്നു പോയി.!

മറ്റു കാമുകന്മാരുടെയും സുഹൃത്തുക്കളുടെയും സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ‘രസതന്ത്ര’ത്തിലെ അദ്ധ്യാപകരാകട്ടെ, തങ്ങളുടെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിനി നഷ്ടപ്പെടുന്നതിന്റെ വിഷമം സഹപ്രവർത്തകരുമായി പങ്കുവെച്ചു.! അമ്മുക്കുട്ടിയുടെ നിരാശാജനകമായ തീരുമാനത്തിന്റെ രസതന്ത്രം അവര്‍ക്കും വഴങ്ങുന്നതായിരുന്നില്ല.! കൂട്ടുകാരുടെ യാത്രയയപ്പിനു പോലും ഇടനല്‍കാതെ ഓഫീസിലെയും ലൈബ്രറിയിലെയും കണക്കുകള്‍ പെട്ടെന്നു തീര്‍ത്ത് ഉച്ചയ്ക്കുമുന്‍പേ, അവള്‍ ഹോസ്റ്റല്‍ മുറിയിലേയ്ക്കു മടങ്ങി.!

മൂന്നു മണിയോടെ, ഒരു ടാക്സിക്കാര്‍ ലേഡീസ് ഹോസ്റ്റലിനു മുന്നിലെത്തി, ശീതളമായ ആ മഹാഗണിത്തണലില്‍ വിശ്രമിച്ചു. ഷൊർണ്ണൂരിലെ വീട്ടില്‍ നിന്ന് അമ്മുക്കുട്ടിയുടെ ജ്യേഷ്ഠസഹോദരന്‍ രമേശനായിരുന്നു അവളെ കൂട്ടാനെത്തിയത്. അമ്മുക്കുട്ടിയുടെ മനോഗതം പിടികിട്ടാത്തതിന്റെ അസ്വസ്ഥത അയാളുടെ മുഖത്തും പ്രകടമായിരുന്നു.! അയാള്‍ തന്നെയാണ് ബാഗുകളും മറ്റും ഡിക്കിയിലെടുത്തുവച്ചതും.‍

ക്ലാസ്സിലെ സഹപാഠികളെല്ലാം കാറിനു സമീപം അവളെക്കാത്തു നിന്നു. മൌനത്തിലമര്‍ന്ന ഒരു യാത്രാമൊഴി എല്ലാവരുടെയുമുള്ളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.! പിന്നീട്, ചുണ്ടില്‍ പുഞ്ചിരിയുമായി അമ്മുക്കുട്ടി പടവുകളിറങ്ങിവന്നു. മേട്രന്റെ അനുവാദത്തോടെ ഹോസ്റ്റലിനു മുന്നിലെ പൂന്തോട്ടത്തില്‍ നിന്ന് അവള്‍ ഒരു റോസാപ്പൂവിറുത്തു.! പിന്നെ, കൈവീശി, കാറില്‍ക്കയറി യാത്രയായി.!.

അടുത്തദിവസം രാവിലെ, മീരാകൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ തന്റെ ‍മുറിയുടെ വാതില്‍ തുറക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് കുട്ടികള്‍ വിവരം മേട്രനെ അറിയിക്കുകയുണ്ടായി.! പിന്നീട്, വാതില്‍ ബലം പ്രയോഗിച്ച് തുറക്കപ്പെട്ടു. എല്ലാ‍വരെയും ഞെട്ടിച്ചു കൊണ്ട് , ആ പെണ്‍കുട്ടി മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു..!

Thursday, June 9, 2011

ആസക്തികളുടെ ചതുപ്പുനിലം















പ്രിയസുഹൃത്തേ,
ഈ മെയില്‍ വായിക്കാൻ‍, നിനക്കു സമയമുണ്ടാവാനിടയില്ല. വല്ലപ്പോഴും വിളിച്ചാല്‍, ഫോണെടുക്കാന്‍ പോലും കഴിയാത്തത്ര വേഗതയില്‍ നിന്റെ ജീവിതം പായുകയാണെന്നറിയാം. ഒരിക്കല്‍ ആത്മസുഹൃത്തായിരുന്നവൻ‍ എന്ന അധികാരപ്രയോഗം തന്നെ. നീ കളിയാക്കാറുള്ളതു പോലെ, നിനക്കു വായിക്കാന്‍ വേണ്ടിയല്ല; എനിക്കു പറയാന്‍ വേണ്ടി മാത്രമാണീ എഴുത്തും.!

ത്യാഗം ജീവിതവ്രതമാക്കിയ ഒരു പ്രസ്ഥാനത്തില്‍ ആസക്തികള്‍ നുഴഞ്ഞു കയറുന്നതിനെപ്പറ്റിയാണ് ഇന്നലെ ഓണ്‍ലൈനില്‍ നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത്. അപ്പോഴാണു പെട്ടെന്നു സൈന്‍ ഔട്ട് ചെയ്തു നീ പൊയ്ക്കളഞ്ഞത്. എന്താണു പ്രകോപനമെന്നു പോലും പറയാതെയുള്ള ആ പോക്ക് എന്നെ അല്പം നിരാശപ്പെടുത്തി. എന്നാല്‍, നിന്റെ പ്രവൃത്തിയില്‍, എനിക്കു വലിയ അത്ഭുതമൊന്നും തോന്നിയില്ല. അല്ലെങ്കിലും, ഒരു ദൈവത്തിന്റെയും വാഹനമല്ലാത്തവനെ, ആരാണു ഗൌരവത്തിലെടുക്കുക..? ഒരു പക്ഷേ, നീയായിരിക്കാം ശരി. എങ്കിലും കൂട്ടുകാരാ, ഈ അരാഷ്ട്രീയവാദിയുടെ സംശയങ്ങള്‍ തീരുന്നില്ലല്ലോ.?

പഴയ കലാലയത്തിനു പിന്നിലെ കുന്നിന്‍പുറത്ത്, അസ്തമയസൂര്യന്റെ സാന്ധ്യശോഭയിലിരുന്ന് പുതിയ ലോകത്തിന്റെ പിറവിയെക്കുറിച്ചു നീ പറഞ്ഞതൊന്നും ഞാനിപ്പോഴും മറന്നിട്ടില്ല. ഭരണകൂടം കൊഴിഞ്ഞു വീഴുന്ന സുവര്‍ണകാല മായിരുന്നല്ലോ, അന്നത്തെ നമ്മുടെ ഭ്രാന്തന്‍ സ്വപ്നം‍.? ഒരുപക്ഷേ, നീയിപ്പോള്‍ അതൊക്കെ മറന്നു കാണും. ഒരു നാട്ടിന്‍പുറത്തുകാരന്‍ ഉള്ളിലിരിക്കുന്നതു കൊണ്ടാവാം, എനിക്കൊന്നും മറക്കാന്‍ കഴിയുന്നില്ല.

പത്തുവര്‍ഷം മുന്‍പ്, തലസ്ഥാനനഗരത്തിലേക്കു നീ വണ്ടി കയറവേ, നമ്മുടെ കണ്ണുകള്‍ ഒരേ സമയം നിറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. എന്നാലിന്നലെ, ഫേസ്ബുക്കില്‍‍ ചേര്‍ത്ത നിന്റെ ചിത്രവും ഖദറില്‍ പൊതിഞ്ഞ ആ വെള്ളച്ചിരിയും കണ്ടപ്പോള്‍, അതിലെന്തോ ഒരശ്ലീലമുള്ളതായി എനിക്കു തോന്നി. തീര്‍ത്തും അപരിചിതനായ ഒരാളെക്കാണുന്നതു പോലെ. എന്നുമുതലാണ് നീയും ഇമേജിന്റെ തടവറയിലായത്...?

കൊയ്ത്തുകാലത്ത്, പച്ചത്തത്തകള്‍ പറന്നിറങ്ങിയിരുന്ന വീടിനു പിന്നിലെ പുഞ്ചപ്പാടം തരിശുനിലമായി മാറിയത് നമ്മുടെ കണ്മുന്നിലാണല്ലോ..? ആ ബദാം മരം ഇപ്പോഴും അവിടെയുണ്ട്. നീണ്ട കാലം പണിയെടുത്തു പ്രായമായവര്‍ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ഇപ്പോഴും ആ ചെറ്റപ്പുരകളില്‍ ജീവിച്ചിരിപ്പുണ്ട്; നിരവധി ജാഥകള്‍ നയിച്ചു തളര്‍ന്ന ദിവാകരേട്ടനെ ഞാനിന്നലെ ചന്തമുക്കില്‍ കണ്ടിരുന്നു. രണ്ടു കാല്പാദങ്ങളിലും ആണിരോഗം വന്ന് തീരെ നടക്കാന്‍ വയ്യ. തളര്‍ന്ന ആ നോട്ടം കണ്ട് ഞാന്‍ കുറച്ചു പണം പോക്കറ്റിലിട്ടു കൊടുത്തു. ആ മുഖത്തു തെളിഞ്ഞ ഭാവമെന്തെന്ന് എനിക്കു വായിച്ചെടുക്കാനായില്ല. ഇലക്ഷനടുക്കുമ്പോള്‍, ഗൃഹാതുരമായ ഏതോ ഓര്‍മ്മയില്‍ മുഴുകി ഇപ്പോഴും അവര്‍ ജാഥയിലണിചേരുന്നു. നിന്നോടിതൊക്കെ പറഞ്ഞിട്ടെന്താ കാര്യം.? ‘വേണ്ടപ്പെട്ടവരു’ടെ ജോലിയ്ക്കും ട്രാന്‍സ്ഫറിനുമായി സെക്രട്ടറിയേറ്റില്‍ കയറിയിറങ്ങി നടക്കുന്നതിനിടയില്‍ നിനക്കിതൊക്കെ ഓര്‍ക്കാനെവിടെയാ നേരം, അല്ലേ.?

പിന്നെ, വലിയകവലയ്ക്കു പടിഞ്ഞാറുവശത്തെ വയല്‍ നികത്തി, അവിടെ ഒരു മണിമാളിക ഉയര്‍ന്നു വരുന്നുണ്ടിപ്പോള്‍. നിനക്കോര്‍മ്മ കാണും, ചിലപ്പോള്‍. കോളേജില്‍, ചെയര്‍മാനായി മത്സരിച്ചു ജയിച്ച അനിരുദ്ധനെ. അവന്റെ വീടാണ്. വാര്‍ഡുമെമ്പറുമൊക്കെയായി ആളിപ്പോള്‍ നല്ല നിലയിലാ. കുറഞ്ഞത് ഒരു കോടിയെങ്കിലും ചിലവു വരും. നമ്മുടെ നാട്ടില്‍ ഇത്രവലിയൊരു വീടു ഞാന്‍ കണ്ടിട്ടില്ല. അവന്റെ സ്വത്തിനെക്കുറിച്ചും വയല്‍ നികത്തിയതിനെക്കുറിച്ചുമൊക്കെയാണിപ്പോള്‍ നാട്ടിലെ സായാഹ്നചര്‍ച്ചകള്‍. പുഴയുടെ തീരത്തെ പത്തേക്കര്‍ തരിശുനിലം ഫ്ലാറ്റു നിര്‍മ്മിക്കുന്നതിനായി ആരോ വാങ്ങി. നിലം നികത്തുന്നതിനെതിരെ വലിയ പ്രതിഷേധമൊക്കെയായിരുന്നു. പിന്നീടെല്ലാം കെട്ടടങ്ങി. എല്ലാവര്‍ക്കും കീശനിറയെ കിട്ടിയെന്നാ കേട്ടത്. വാര്‍ത്തയെഴുതാതിരിക്കാന്‍ പത്രക്കാര്‍ക്കു കിട്ടിയ തുകയുടെ കണക്ക് നമ്മുടെ ദിനേശന്‍ ഇതുവഴി വന്നപ്പഴാ പറഞ്ഞു തന്നത്.

നീയിപ്പോള്‍ സിനിമയൊക്കെ കാണാറുണ്ടോ? ഇന്നലെ ഒരെണ്ണം കണ്ടു. സുനിയും തോമാച്ചനും കൂടി വന്നു നിര്‍ബന്ധിച്ചതു കൊണ്ടു പോയതാ. പേരു മറന്നു പോയി കേട്ടോ. പഴയ ജനകീയസാംസ്കാരികവേദിയുടെ നായകനായിരുന്ന കവി യുണ്ടല്ലോ. ആ മാന്യദേഹമായിരുന്നു വില്ലന്‍. ലവന്റെ പ്രകടനം കണ്ട് ഓക്കാനം വന്നതിനാല്‍, ഞാന്‍ ഇടയ്ക്കിറങ്ങിപ്പോന്നു. പുസ്തകവായനയും വളരെക്കുറവാ. നമ്മള്‍ പണ്ട് ആവേശത്തോടെ വായിച്ചിരുന്നവരൊന്നും ഇപ്പോള്‍ ഒന്നുമെഴുതിക്കാണാറില്ല. പലരും സീരിയലെഴുതുന്ന തിരക്കിലാണത്രേ.

എന്തായാലും, സംഘടനാ നേതൃത്വത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവുട്ടിക്കയറുന്ന നിന്റെ ഭാവിയെപ്പറ്റി, എനിക്കു തെല്ലും ആശങ്കയില്ല. ചാനലുകളിലെ നിറസാന്നിധ്യമായി നീ മാറിക്കഴിഞ്ഞല്ലോ. ഇലക്ഷന്‍ കാ‍ലമായതിനാല്‍, നല്ല തിരക്കുണ്ടാവുമെന്നറിയാം. എന്റെ വരണ്ട വിശേഷങ്ങള്‍ പറഞ്ഞ് നിന്നെ ബോറടിപ്പിക്കുന്നില്ല. കമ്പ്യൂട്ടറും പുസ്തകങ്ങളുമായി ഈ കുടുസ്സുമുറിയില്‍ അങ്ങനെ കഴിഞ്ഞുകൂടുന്നു. ചിലപ്പോഴൊക്കെ, ലോകജീവിതത്തോട് ഒരു വിരക്തി തോന്നുന്നു.

ഇടയ്ക്കു സമയം കിട്ടുമ്പോള്‍, ഓണ്‍ലൈനില്‍ വാ. ചുമ്മാ വഴക്കടിയ്ക്കാം.!

നിന്റെ സ്വന്തം,
കൂട്ടുകാരന്‍.

Monday, June 6, 2011

സഞ്ജുവിശ്വം; ഒരു ദുരന്തകഥ









 




ഒന്ന്
സഞ്ജുവിശ്വം എന്ന കുരുന്നുജീവനിൽ അതിബുദ്ധിയുടെ ജീനുകൾ നിറയ്ക്കുമ്പോൾ അത് ദൈവത്തിന്റെ നിഷ്കളങ്കമായ ഒരു അധികാരപ്രയോഗം മാത്രമായിരുന്നു..! വ്യത്യസ്തനായ ഒരു മനുഷ്യനു ഭൂമിയിൽ നേരിടേണ്ടിവരാവുന്ന പ്രശ്നങ്ങളെപ്പറ്റി അപ്പോൾ ദൈവം ചിന്തിച്ചിരുന്നില്ല. അധികാരമെന്ന ദുരൂഹസമസ്യയെപ്പറ്റി പ്രജയായ സഞ്ജുവിശ്വത്തിനും അറിവുണ്ടായിരുന്നില്ല.! അങ്ങനെയുള്ള ഒരാൾ, തികച്ചും നിരുപാധികമായി ജീവിതത്തെ നേരിടുമ്പോൾ എന്തൊക്കെയാവാം സംഭവിക്കുക..?

ബാലനായ സഞ്ചുവിന്റെ വ്യത്യസ്തതകൾ, ചെറുപ്രായത്തിൽത്തന്നെ അവനെ കളിക്കൂട്ടുകാരിൽ നിന്നകറ്റി.! ഇടവേളകളിൽ നിഴലും വെളിച്ചവും ചിത്രം വരയ്ക്കുന്ന സ്ക്കൂൾമുറ്റത്ത്, അരങ്ങേറുന്ന കള്ളനും പോലീസും കളിയിലെ അധികാരം അവനിഷ്ടമായിരുന്നില്ല. ആളൊഴിഞ്ഞ ക്ലാസ്സ് മുറിയിലെ ജനൽ‌പ്പടിയിൽ ഏകനായിരുന്ന് അവൻ പുറംലോകത്തെ ചടുലതകൾ വീക്ഷിച്ചു. എല്ലാ വിഷയത്തിനും ഉയർന്ന മാർക്കു വാങ്ങുന്ന അവനെ സഹവിദ്യാർത്ഥികൾ അസൂയയോടെ മാത്രം നോക്കി.. ഏഴാം ക്ലാസ്സിലെത്തുമ്പോഴേയ്ക്കും ബാലരമയും പൂമ്പാറ്റയും കളിക്കുടുക്കയുമടങ്ങുന്ന ബാലസാഹിത്യം മടുത്തിരുന്നു. നഗരസഭാ ലൈബ്രറിയിലെ ഷെൽഫിൽ നിരന്നിരുന്ന നോവലുകൾ അവന്റെ അവധിദിനങ്ങൾ അപഹരിച്ചു. സഞ്ജുവിന്റെ പകലുകൾ മിക്കവാറും കിടപ്പുമുറിയ്ക്കുള്ളിൽ തുടങ്ങി, അവിടെത്തന്നെ അവസാനിച്ചു. എങ്കിലും അവൻ ദു:ഖിതനായിരുന്നു. ഒരു ആത്മസുഹൃത്തിന്റെ സാമീപ്യത്തിനായി പലപ്പോഴും ഹൃദയം കൊതിച്ചു. തൊട്ടടുത്ത അമ്പലത്തിൽ ഒമ്പതാമുത്സവം പൊടിപൊടിയ്ക്കുമ്പോൾ, തനിക്കു കൂട്ടായി ഒപ്പം നടക്കാൻ ഒരാളെപ്പോലും കിട്ടാതെ, ഏകനായി അവൻ ആൾത്തിരക്കിലലഞ്ഞു. ഇടയ്ക്കിടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു..!

വീട്ടിൽ, അമ്മയായിരുന്നു അധികാരകേന്ദ്രം. ഒരിക്കലും അവസാനിക്കാത്ത അവരുടെ ശകാരവാക്കുകൾ അവനെ നിരന്തരം പിൻതുടർന്നു. യാഥാർത്ഥ്യം പ്രതികൂലമാണെന്നു മനസ്സിലാക്കിയ സഞ്ചുവിശ്വം ഭാവനയുടെ ലോകത്ത് യഥേഷ്ടം വിഹരിച്ചു. തന്റെ ഇഷ്ടനോവലുകളിലെ സ്നേഹവും സ്വാതന്ത്ര്യവും വേണ്ടുവോളം അനുഭവിക്കുന്ന കഥാപാത്രങ്ങൾക്കൊപ്പം അവരിലൊരാളായി അവൻ മാറി.
രണ്ട്
നഗരത്തിലെ പ്രമുഖകലാലയം അവനു മുന്നിൽ പുതിയൊരു ലോകംതുറന്നിട്ടു. ജീവിതത്തിലാദ്യമായി അമ്മയുടെ ശകാരത്തിൽ നിന്നും ഏട്ടന്റെയും ചേച്ചിമാരുടെയും കുത്തുവാക്കുകളിൽ നിന്നും അവൻ രക്ഷപ്പെട്ടു. എന്നാൽ, പ്രായത്തിൽ കവിഞ്ഞ പക്വതയുമായി, ചിന്തയിൽ മുഴുകി നടന്ന അവന് ‘പാവം’ എന്ന ബഹുമതിയാണ് സുഹൃത്തുക്കൾ കനിഞ്ഞുനൽകിയത്..! ഹോസ്റ്റലിലെ ആദ്യരാത്രിയിൽ, റാഗിംഗ് എന്ന പേരിൽ വീണ്ടും അധികാരം അവനു മുൻപിലെത്തിയെങ്കിലും നിഷ്കളങ്കമായ പുഞ്ചിരിയാൽ, ഒരു പരിധിവരെ അതിനെ നേരിടാൻ അവനു സാധിച്ചു.

കാമ്പസ്സ് ഒരു സ്വപ്നസാമ്രാജ്യം തന്നെയായിരുന്നു.! മാലാഖമാർ മാത്രമുള്ള ആ സ്വപ്നജീവിതത്തിൽ അവർക്കൊപ്പം അവനും പാറിനടന്നു. ആകാശത്തോളം വളർന്ന അവന്റെ ചിന്തകൾ, ഭാവനകൾ അക്ഷരങ്ങളായി കോളേജ് മാഗസിനിലെ മുൻപേജുകളിൽ സ്ഥാനം പിടിച്ചു. പതിയെപ്പതിയെ, സഞ്ജുവിശ്വം കാമ്പസ്സിൽ പ്രശസ്തനായി. കഥാമത്സരത്തിൽ ഒന്നാം സമ്മാനാർഹമായ അവന്റെ സൃഷ്ടി പ്രമുഖസാഹിത്യമാസികയിൽ പ്രസിദ്ധീകരിച്ചുവന്നതോടെ സഞ്ചുവിശ്വം ഒരു എഴുത്തുകാരന്റെ മേലങ്കി അണിയുകയായിരുന്നു.!

പ്രണയമായിരുന്നു കാമ്പസ്സിന്റെ ജീവൻ.! നഗരസന്തതികളായ പല പെൺകുട്ടികളും സഞ്ജുവിന്റെ പ്രണയത്തിനായി ദാഹിച്ചുവെങ്കിലും അവർക്കൊന്നും ആ ഹൃദയത്തിൽ കയറിപ്പറ്റാനായില്ല്ല. കാമ്പസ്സ്-ബുദ്ധിജീവിയും കവിയുമായ ചാരുലതയ്ക്കു മാത്രമാണ് അതിനു കഴിഞ്ഞത്. നീണ്ടുനീണ്ടുപോകുന്ന ബൌദ്ധികസംവാദങ്ങൾ അവരുടെ പകലുകളെ സജീവമാക്കി. എല്ലാ സംവാദങ്ങൾക്കുമപ്പുറം,ചാരുവിന്റെ സാമീപ്യം അവന് സ്വപ്നതുല്യമായ അനുഭവമായിരുന്നു. ക്രമേണ, ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്തവിധം അവരുടെ മനസ്സുകൾ പരസ്പരം കെട്ടപ്പെട്ടു. ഉറക്കത്തിലും ഉണർവിലും, അവൻ നോക്കുന്നിടത്തെല്ലാം അവളുണ്ടായിരുന്നു. ഉറക്കം വരാത്ത രാത്രികളിൽ, അസ്ഥിയിൽ തുളച്ചുകയറുന്ന വിരഹവുമായി മല്ലിടവേ, പ്രണയത്തിന് തന്റെ മേൽ ചെലുത്താൻ കഴിയുന്ന സ്വാധീനമോർത്ത് അവൻ പരിതപിച്ചു. വായിക്കുന്ന പുസ്തകങ്ങളിലൊന്നും, ഈ പൊള്ളുന്ന ചൂടിനെ തണുപ്പിക്കാനുള്ള ഉപായം കണ്ടെത്താനാവാതെ അവൻ കുഴങ്ങി. കൊല്ലുന്ന ഈ പാവനാടകത്തിൽ, തന്നെ നിയന്ത്രിക്കുന്ന ചരടുകൾ ചാരുലതയുടെ കൈയിലാണെന്ന സത്യം വേദനയോടെ അവൻ മനസ്സിലാക്കി.
മൂന്ന്
തറവാട്ടിൽ, പിതൃസ്വത്തിന്റെ വിഭജനം സംബന്ധിച്ച അധികാരത്തർക്കം മൂർദ്ധന്യത്തിലെത്തിയ കാലമായിരുന്നു. അനുസരണയില്ലാത്ത ഇളയപ്രജയുടെ രജിസ്റ്റർ-വിവാഹത്തിന്റെ വാർത്ത ഗൃഹസദസ്സിൽ, എരിതീയിലെ എണ്ണയായി. പുറത്താക്കപ്പെടുന്നതിനു മുൻപേ, വീട്ടിൽ നിന്ന് സ്വയം ഇറങ്ങാൻ തീരുമാനിച്ച സഞ്ചു തന്റെ മറുപാതിയായ ചാരുവിൽ മാത്രം വിശ്വാസമർപ്പിച്ച് നഗരത്തിലെ വാടകവീട്ടിൽ, പുതിയ ജീവിതം തുടങ്ങി.

പ്രണയം മാത്രം ഭക്ഷിച്ച് ജീവിക്കാനാവില്ലെന്ന അറിവ് താമസിയാതെ, അവരുടെ പുഷ്പതല്പത്തിൽ ആദ്യത്തെ മുള്ളായി.! ഒരു സായാഹ്നപ്പത്രത്തിൽ സബ് എഡിറ്റർ ജോലി തരപ്പെടുത്തി, ചാരുലത അന്നന്നത്തെ അത്താഴത്തിനുള്ള വക കണ്ടെത്തിയപ്പോൾ, അയാൾ ആത്മനിന്ദയുടെ തീയും പുകയുമായി നഗരങ്ങളിൽ തൊഴിൽ തേടിയലഞ്ഞു. ഉള്ളിൽ രൂപമെടുത്ത നിരവധി കഥാബീജങ്ങൾ പിറവിയെടുക്കും മുൻപേ, ചത്തുമലച്ചു. കലയും ജീവിതവും തമ്മിൽ നടന്ന രൂക്ഷമായ ശീതസമരത്തിൽ, ജീവിതം വിജയം വരിച്ചു. ഒടുവിൽ, സുഹൃത്തിന്റെ ശുപാർശയിൽ മന്ത്രിയുടെ പേഴ് സണൽ സ്റ്റാഫിൽ അയാൾ ഒരു താൽക്കാലികജോലി സമ്പാദിച്ചു.
എപ്പോഴാണ് പ്രണയാരാമത്തിൽ വെറുപ്പിന്റെ കള്ളിച്ചെടികൾ വളരാൻ തുടങ്ങിയതെന്നറിയില്ല. എന്തായിരുന്നു ആദ്യപ്രകോപനമെന്നും..കലഹങ്ങൾ, നിത്യസംഭവമായി മാറിക്കഴിഞ്ഞിരുന്നു..സ്വന്തം വിജയം സ്ഥാപിച്ചുകിട്ടാനുള്ള ശ്രമത്തിൽ അന്തിമമായി ഇരുവരും പരാജയപ്പെട്ടു.! പാതിരാവിന്റെ നിശ്ശബ്ദതയിൽ, ഒരു പാഴ് വാക്കിന്റെ വിനിമയം പോലും നഷ്ടപ്പെട്ട് മുഖംതിരിഞ്ഞുകിടക്കവേ, കാൽക്കീഴിൽ നിന്നു വഴുതിപ്പോകുന്ന തന്റെ ജീവിതത്തെപ്പറ്റി അയാൾ ഖേദിച്ചു. ഒരു ദൈവത്തിന്റെയും വാഹനമല്ലാത്ത സഞ്ചുവിശ്വത്തിന്റെ ആത്മാവിന് അഭയം നഷ്ടപ്പെട്ടിരുന്നു. ജീവിതത്തിന്റെ വഴികൾ താൻ കരുതിയതിനേക്കാളേറെ സങ്കീർണ്ണമാണെന്ന് അയാൾക്കു തോന്നി. ഉള്ളിൽ വളർന്നുമുറ്റിയ നിസ്സംഗത, നെഞ്ചിനെ നീറ്റുന്ന തീവ്രവിഷാദമായി മാറുന്നത് അയാളറിഞ്ഞു.
നാല്
കക്ഷിരാഷ്ട്രീയം ഒരിക്കലും സഞ്ജുവിനെ ആകർഷിച്ചിരുന്നില്ല. കാമ്പസ്സിൽ വെച്ച്, പുറത്തുനിന്നെത്തിയ ഭരണകക്ഷിയുടെ കൂലിപ്പടയാളികൾ ആത്മസുഹൃത്തിനെ കൺമുന്നിലിട്ട് തല്ലിച്ചതയ്ക്കുന്നതു കണ്ടതു മുതൽ അധികാരത്തോടു വിരക്തി തോന്നിയിരുന്നു.! എവിടെനിന്നോ ഇറക്കുമതി ചെയ്ത വിപ്ലവത്തിൽ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഉപജാപങ്ങളും ചതിയും വഞ്ചനയും കൂട്ടിക്കൊടുപ്പും നിറഞ്ഞ ആ ചതുപ്പുനിലത്തിൽത്തന്നെയാണ് ഒടുവിൽ എത്തിപ്പെട്ടത്. മന്ത്രിമന്ദിരത്തിലെ ദിനചര്യയിൽ അനിവാര്യമായ അഴിമതിയുമായി ഒട്ടും പൊരുത്തപ്പെടാൻ അയാൾക്കു കഴിഞ്ഞില്ല. ജീർണ്ണതയുടെ വിഴുപ്പുകൾ ചുമന്ന് അയാൾ തളർന്നു. അങ്ങനെയിരിക്കെ, ഒരു നാൾ, പ്രൈവറ്റ് സെക്രട്ടറി വിളിപ്പിച്ചതനുസരിച്ച് അയാൾ ഗസ്റ്റ് ഹൌസിലെത്തി. അധികാരരതിയുടെ ഉന്മാദം ബാധിച്ച ഫ്യൂഡൽപ്രഭുവിന്റെ മുഖത്തോടെ മന്ത്രി അയാളെ എതിരേറ്റു. വിശാലമായ കിടക്കയിൽ, കട്ടിയുള്ള തലയിണയിൽ ചാരിക്കിടന്ന് അയാൾ മൊഴിഞ്ഞു: “നിങ്ങൾ ഒന്നും സംസാരിക്കണമെന്നില്ല. പറയുന്നതു കേട്ടാൽ മതി. ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പുറത്തേക്കു ചോർത്തിക്കൊടുക്കുന്നതായി എനിക്കു വിവരം കിട്ടിയിട്ടുണ്ട്. ഇനി ക്ഷമിക്കാനാവില്ല; തൽക്കാലം, നിങ്ങളെ പിരിച്ചുവിടുകയാണ്.. കൂടുതലൊന്നും പറയാനില്ല. നിങ്ങൾക്കു പോകാം..”
അഞ്ച്
ഓഫീസിൽ നിന്നിറങ്ങി ജനത്തിരക്കിലൂടെ നടക്കവേ, അന്നുവരെ ചിരപരിചിതമായിരുന്ന നഗരം അയാൾക്ക് തീർത്തും അന്യമായിത്തോന്നി. അടുത്തുകണ്ട ബാറിൽക്കയറി, കൌണ്ടറിൽ നിന്നുതന്നെ രണ്ടു പെഗ്ഗ് അകത്താക്കി. മാർക്കറ്റിൽ നിന്ന് ചില അവശ്യവസ്തുക്കൾ വാങ്ങി, സ്റ്റാൻഡിലേയ്ക്കു നടന്നു. പതിവിൽനിന്നു ഭിന്നമായി മൂന്നാർ എന്നെഴുതിയ സൂപ്പർ ഫാസ്റ്റിലാണ് അയാൾ കയറിയത്. ആളൊഴിഞ്ഞ സൈഡ് സീറ്റിൽ സ്ഥാനം പിടിച്ച് സ്വസ്ഥമായി ചാരിക്കിടന്നു. കുന്നിൻ മുകളിലെ റിസോർട്ടിനു മുന്നിൽ ബസ്സിറങ്ങുമ്പോൾ, രാത്രി 11 മണി കഴിഞ്ഞിരുന്നു.
ഓഫ് സീസൺ ആയതിനാൽ, ടൂറിസ്റ്റുകൾ കുറവായിരുന്നു. കീ വാങ്ങി, മൂന്നാം നിലയിലെ ഡബിൾ റൂമിലെത്തി. റൂം ബോയിയോട് ഗ്ലാസ്സും ഒരു ബോട്ടിൽ വെള്ളവും ആവശ്യപ്പെട്ട് അയാൾ ബാൽക്കണിയിലേയ്ക്കു നടന്നു. അവിടെ, രാത്രിയുടെ അലൌകിക സൌന്ദര്യത്തിലേക്കു നോക്കിനിൽക്കെ, മലമുകളിൽ നിന്ന് മഞ്ഞുപാളികൾ അയാളെ വന്നുപൊതിഞ്ഞു. അവളിപ്പോൾ എന്തു ചെയ്യുകയാവും.? അയാൾ വെറുതെ ആലോചിച്ചു.

റെസ്റ്റോറന്റിൽ തിരക്കൊഴിഞ്ഞിരുന്നു. രണ്ടു ചപ്പാത്തി മാത്രം കഴിച്ച്, റൂമിലെത്തി അല്പനേരം കിടന്നു. പിന്നീട്, ബാഗ് തുറന്ന് മദ്യക്കുപ്പിയും ഒരു ചെറുപൊതിയുമെടുത്തു. പൊതിയിൽ നിന്ന് കടും നീലനിറത്തിലുള്ള തരികൾ ഗ്ലാസിലിട്ട് അതിൽ മദ്യമൊഴിച്ച് അലിയുന്നതുവരെ ഇളക്കി. പിന്നീട്, മൊബൈൽ ഫോണെടുത്ത് അതിൽ ഒരു സന്ദേശം കുറിച്ചു: “പ്രിയപ്പെട്ട ചാരൂ..ഞാൻ നിന്നോട് തെറ്റു ചെയ്തു...ഇതാദ്യമായി, എന്റെമേൽ എനിക്കുള്ള അധികാരത്തെ ഞാൻ ഉപയോഗിക്കുകയാണ്..എന്നോടു ക്ഷമിക്കൂ...നിനക്ക് എല്ലാ നന്മയും നേരുന്നു..ശുഭരാത്രി..!!” സെൻഡ് ബട്ടൺ അമർത്തിയശേഷം മൊബൈലിൽ നിന്ന് സിം കാർഡ് എടുത്തു മാറ്റി മേശമേൽ വെച്ചു. കിടക്കയിലിരുന്ന്, ഗ്ലാസ്സിലെ പാനീയം ഒറ്റവലിക്കു കുടിച്ചു. പിന്നെ വെളിച്ചമണച്ച്, ഫാൻ ഓൺ ചെയ്തശേഷം അയാൾ ഉറങ്ങാൻ കിടന്നു.!

Saturday, February 13, 2010

‘ഋതു-കഥയുടെ വസന്തം’

സുഹൃത്തേ,

ഒരു പുതിയ ബ്ലോഗിനെ പരിചയപ്പെടാം..
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ‘ഋതു-കഥയുടെ വസന്തം’ എന്ന ഗ്രൂപ്പ് ബ്ലോഗ്.

ഇടവേളയുടെ കൌതുകത്തിനപ്പുറം, ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി, ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..

ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച രണ്ടു കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.! വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന 24 കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!

Thursday, February 4, 2010

രവിയുടെ തുടര്‍ച്ചകള്‍.!

















രവി

കാലവര്‍ഷത്തിന്റെ വെളുത്ത മഴ ശമിച്ചു. ജലം മാത്രം ഒഴുകി. ചെതലിയുടെ ചെരിവില്‍ നിന്ന്, അനേകം ധമനികളിലൂടെ മന്ദതാളത്തില്‍ അത് യാത്ര തുടര്‍ന്നു...വൈകുന്നേരത്തെ മന:ശ്ശാന്തിക്കുള്ള പഴുതു തേടിയിറങ്ങിയ കുപ്പുവച്ചനാണ് ആദ്യം കണ്ടത്. ബസ്റ്റോപ്പിലെ മണ്‍തിട്ടയ്ക്കരികെ, ഉടഞ്ഞ ശംഖു പോലെ ജല സമാധിയായി ഒരാൾ‍..കണ്ണില്ലാത്തവന്റെ ഹൃദയത്തിലേയ്ക്ക് ദുരന്തസാന്നിധ്യമായി രവി വന്നു നിറയുകയായിരുന്നു. വരണ്ട ആ കൺകുഴികൾ രണ്ടുതുള്ളി നീരിനായി ദാഹിച്ചു.! “എന്റെ ദെയ്‌വത്തുങ്ങളേ, നുമ്മടെ മേഷ് ക്കെന്താ പറ്റീത്..?” അയാള്‍ ആര്‍ത്തുവിളിച്ചു.! ആധിപൂണ്ട ഖസാക്കിലെ മനുഷ്യര്‍ ഒന്നൊന്നായി വെട്ടുവഴികളിലൂടെ അവിടേക്കൊഴുകിയെത്തി. അവരുടെ നിരുപാധിക സ്നേഹം പ്രാചീനമായ ഒരൊറ്റ നിലവിളിയായി രവിയെ ചൂഴ്ന്നു.! ആദിമമായ തണുപ്പില്‍ ലയിച്ച് അയാള്‍ സുഖനിദ്രയിലാണ്ടുകിടന്നു. നിരാസക്തിയുടെ ഒരു ചിരി ആ ചുണ്ടില്‍ അപ്പോഴും മായാതെ നിന്നു.!

എല്ലാ ശബ്ദവും നിലച്ച സ്കൂള്‍ വരാന്തയില്‍, രവിയെ കിടത്തി. മാധവന്‍ നായര്‍ കരഞ്ഞില്ല. രവിയുടെ തലയ്ക്കല്‍ കുന്തിച്ചിരുന്ന് അയാള്‍ ആ മുടിയിഴകളെ മാടിയൊതുക്കി. “യാ അള്ളാ..!” ഖാലിയാര്‍ രവിയുടെ ശാന്തിയ്ക്കായി മനസ്സലിഞ്ഞു പ്രാര്‍ത്ഥിച്ചു. കുഞ്ഞാമിനയുടെയും അപ്പുക്കിളിയുടെയും കണ്ണുകള്‍ നിര്‍ത്താതെ പെയ്തുകൊണ്ടി രുന്നു.! മൈമുന മാത്രം വന്നില്ല; അവളുടെ അഭാവം നിരവധി അർത്ഥങ്ങളുള്ള ഒരു മൌനമായി അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. സന്ധ്യയായി; രാത്രിയായി.. പതിയെപ്പതിയെ, ചെതലിയ്ക്കുമപ്പുറം പ്രഭാതം ചുവന്നു വെളുത്തു. പത്തുമണിയോടെ, കൂമന്‍ കാവിലെ തപാലാഫീസില്‍ നിന്ന് ചുരുങ്ങിയ വാക്കുകളില്‍ ഒരു ചരമസന്ദേശം രവിയുടെ വീട്ടിലേക്കു പുറപ്പെട്ടു. പിന്നീട്, നിരാലംബമായ ഒരു വിലാപമായി ഖസാക്ക് രവിക്കു വിട ചൊല്ലി. ആംബുലന്‍സിലെ ഇരുമ്പുതല്പത്തില്‍ നിത്യശാന്തമായ മനസ്സും ശരീരവുമായി രവി നീണ്ടുനിവര്‍ന്നു കിടന്നു.!

അച്ഛന്‍

തറവാടിന്റെ കിഴക്കേമുറ്റത്ത്, പുഷ്പചക്രങ്ങളുടെ മധ്യത്തില്‍ രവി അവസാനമായി ചമഞ്ഞുകിടക്കവേ, മകനെ അടുത്തുകാണാന്‍ അച്ഛന്‍ ആഗ്രഹിച്ചില്ല. ദുര്‍ബ്ബലമായ ആ ദേഹത്തെ ആരോ താങ്ങി, ഇറയത്തെ സോഫയില്‍ ചാരിയിരുത്തിയെങ്കിലും ആ കണ്ണുകള്‍ ദൂരെ, പാടത്തിനും പുഴയ്ക്കുമക്കരെ ശൂന്യതയിലെവിടെയോ നഷ്ടപ്പെട്ടു. തീവ്രവിഷാദത്തിന്റെ ഒരല ഉള്ളില്‍ നിറഞ്ഞുവന്നെങ്കിലും അയാള്‍ ഒന്നും കാണുന്നുണ്ടായിരു ന്നില്ല.! വിദൂരമായ ഏതോ മലഞ്ചരിവിലൂടെ അച്ഛനും കൌമാരം വിടാത്ത രവിയും സായാഹ്നയാത്രയിലായിരുന്നു.! കുട്ടിത്തം നിറഞ്ഞ കുസൃതിയോടെ, തന്നെ തോല്‍പ്പിച്ചുകൊണ്ട് മലമുകളിലേയ്ക്ക് ഓടിക്കയറുന്ന രവിയെ ഇടയ്ക്കിടെ, മൂടല്‍മഞ്ഞിന്റെ വെള്ളത്തിര വന്നു മൂടി. അപ്പോഴെല്ലാം അയാള്‍ ഭയം നിറഞ്ഞ കരുതലോടെ വിളിച്ചു പറഞ്ഞു: “മോനേ രവീ, അവിടെ നില്‍ക്ക്, ഞാനും കൂടി വരട്ടെ..!”

ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍, സന്ധ്യയുടെ ചുവപ്പു മുഴുവന്‍ അലിഞ്ഞു തീര്‍ന്നിരുന്നു..! ചെറിയ ശബ്ദങ്ങ ളും പിറുപിറുക്കലുകളും അകന്നകന്നു പോയി. തെക്കേമുറിയുടെ ജനാലയിലൂടെ കത്തിയമരുന്ന ചിതയിലേക്ക് നോക്കിയിരിക്കെ പത്മയ്ക്കു തന്റെ ബോധം മറയുന്ന പോലെ തോന്നി.

പത്മ

രവി യാത്രയായിട്ട് എത്ര ദിവസമായിക്കാണും.? പത്മയ്ക്ക് സ്വന്തം മുറി ഒരു തടവറയായി അനുഭവപ്പെട്ടു. ഇവിടെയെത്തി, കാലം നിശ്ചലമായ പോലെ..! ഓര്‍മ്മകള്‍ മനസ്സിന്റെ വെളിമ്പുറങ്ങളില്‍ കാരുണ്യമില്ലാതെ മേഞ്ഞുനടന്ന്, അവളെ കുത്തി മുറിവേല്‍പ്പിച്ചു.. രവിയില്‍ തുടങ്ങി രവിയിലവസാനിക്കുന്ന ഓര്‍മ്മകള്‍..! അവള്‍ക്കു രവിയോടു ദേഷ്യം തോന്നി. ‘നീ ശരിക്കും എന്നെ ഒറ്റയ്ക്കാക്കി. നീയില്ലാതെ എനിക്കൊന്നുമാവില്ലെന്നും എന്റെ ഭാഷ മനസ്സിലാവുന്ന വേറെ ആരും ഈ ഭൂമിയിലില്ലെന്നും നീ ഓര്‍ക്കാതിരുന്നതെന്ത്.? എന്റെ പഠനവും ഗവേഷണവുമെല്ലാം നിന്നെ മനസ്സിലാക്കാന്‍ വേണ്ടി മാത്രമായിരുന്നു..അഴിയുന്തോറും കെട്ടുപിണയുന്ന കുരുക്കുകളായി മാറിയ എന്റെ പരീക്ഷണങ്ങള്‍..! എല്ലാം വെറുതെയായി...” ഒരു നാടന്‍ പെണ്‍കൊടിയെപ്പോലെ, അവള്‍ പരിഭവിച്ചു. മനസ്സ് ഒരു കല്ലായി മാറിയിരിക്കുന്നു.! ഒന്നുറങ്ങാന്‍ കഴിഞ്ഞെങ്കില്‍..?

കിടക്കയില്‍ നിന്നെണീറ്റ്, അവള്‍ ജനാല തുറന്നു. പുറത്ത്, നല്ല നിലാവ്..! നേര്‍ത്ത ജലതരംഗമായി ഒരു മഴ തുടരുന്നുണ്ട്..! ഏതോ വിസ്മൃതിയില്‍, അവള്‍ അലമാരിയുടെ വാതില്‍ തുറന്ന് ഉറക്കഗുളികയുടെ കുപ്പി കൈയിലെടുത്തു. ഗുളികകള്‍ ഒന്നൊന്നായി വിഴുങ്ങവെ, അവളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. കൂജയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു..നല്ല സുഖം..! ഒന്നു മുറ്റത്തിറങ്ങിയാലോ..? മഴ നനഞ്ഞ് പതിയെ നടക്കവെ‍, അവള്‍ക്കു രവിയുടെ ഗന്ധം അനുഭവപ്പെട്ടു.! ചേരും ചതുരമുല്ലയും ഇഞ്ചയും പടര്‍ന്നു പിടിച്ച സര്‍പ്പക്കാവിലെ നാഗദൈവ ങ്ങള്‍ക്കരികിലൂടെ അവള്‍ കുളക്കരയിലേക്കു നടന്നു. തല നേരെ നില്‍ക്കുന്നില്ല. നല്ല മയക്കം.! സ്വസ്ഥതയോടെ അവള്‍ കിടന്നു. പിറ്റേന്നു പുലര്‍ച്ചെ, കുളക്കടവിനു സമീപം വീട്ടുകാര്‍ അവളെ കണ്ടെത്തുമ്പോള്‍ ആ ദേഹം തണുത്തു വിറങ്ങലിച്ചിരുന്നു..!

കഥാന്തരം

അനസൂയയുടെ ഇരുപതാം പിറന്നാളായിരുന്നു അന്ന്. അനുമോളെന്ന് അവളെ സ്നേഹത്തോടെ വിളിക്കുന്ന അമ്മമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി, രാവിലെ തന്നെ കുളിച്ചൊരുങ്ങി അവള്‍ അമ്പലത്തിലേക്കു പുറപ്പെട്ടു. ശ്രീകോവിലിനു മുന്നില്‍ ഇന്നു തിരക്കു കുറവാണ്.... ഓടക്കുഴലൂതുന്ന കൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ഏകാഗ്രയായി അവള്‍ കണ്ണടച്ചുനിന്നു. പ്രസാദം വാങ്ങി, പ്രദക്ഷിണവഴിയിലൂടെ ചുറ്റമ്പലത്തിനു വലം വെയ്ക്കവെ, വടക്കുപടിഞ്ഞാറെ മൂലയില്‍ പടര്‍ന്നു പന്തലിച്ചു നിന്ന അരയാല്‍ ഒരു ചിരിയാല്‍ അവളെ മാടിവിളിച്ചു. അവള്‍ അടുത്തുചെന്നു. വിണ്ടുകീറിയ തറയില്‍ വളര്‍ന്നു പടര്‍ന്ന വേരുകള്‍.! ഏതോ ഓര്‍മ്മയില്‍, അവള്‍ ആ വേരുപടലത്തില്‍ കൈ തൊട്ട് നിറുകയില്‍ വെച്ചു. ചെറിയൊരു കാറ്റ് അവളെ തഴുകി കടന്നുപോയി. അടര്‍ന്നു വീണ ഒരില അവളുടെ തുടുകവിളില്‍ സ്പര്‍ശിച്ച് താഴേയ്ക്കു പതിച്ചു. ഒരു കാറ്റു കൂടി വീശി. ഇത്തവണ, ആലിലകള്‍ തുറന്നുചിരിച്ചു. ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്ന് ആരോ അവളുടെ ചെവിയില്‍ പതിയെ മന്ത്രിച്ചു..“എന്റെ പെണ്‍കുട്ടീ, നീയെന്നെ മറന്നല്ലോ..?”

Monday, November 23, 2009

നിഷാദം














ആനക്കയ‘ത്തില്‍ ജീപ്പിറങ്ങി മലകയറാനൊരുങ്ങുമ്പോള്‍ത്ത‍ന്നെ രാവണന്‍ കുട്ടി ആനക്കഥകളുടെകെട്ടഴിക്കാന്‍ തുടങ്ങിയിരുന്നു. ‘രാമന്‍കുട്ടി’യുടെ ഈ ദ്രാവിഡരൂപമാണ് ഓരോ വനയാത്രയിലും എനിക്കു തുണ. കാടിന്റെ ഹൃദയമറിയുന്ന രാവണന്‍ കുട്ടി കൂടെയുള്ളപ്പോള്‍ ഞാനെന്തിനു ഭയപ്പെടണം? എന്നാലും, യാത്രയില്‍ ആനക്കഥകള്‍ പറഞ്ഞ് എന്നെ ഭയപ്പെടുത്തുകയാണ് അവന്റെ ഇഷ്ടവിനോദം. വന്മരങ്ങളില്‍ കയറി ചില്ലകള്‍ ശേഖരിക്കുന്നതിനും, പുഴകടക്കുന്നതിനും, ഭാരം താങ്ങുന്നതിനും എന്നുവേണ്ട എന്റെ ജീവരക്ഷയ്ക്കു പോലും എനിക്കു രാവണന്‍ കുട്ടി വേണം. കുരങ്ങനേക്കാള്‍ ചടുലമായ അവന്റെ മരംകയറ്റം ഒന്നു കാണേണ്ടതു തന്നെയാണ്.  തീര്‍ന്നില്ല; ഒരാള്‍ കൂടിയുണ്ട് ഞങ്ങളുടെ സംഘത്തില്‍. രാവണന്‍ കുട്ടിയുടെ വിശ്വസ്തനായ നായ, ടൈഗര്‍ ആണത്. കാല്‍നടയാത്രയുടെ ഓരോ മാത്രയിലും, ടൈഗര്‍ ഞങ്ങള്‍ക്കു മുന്‍പേ ഓടി, പരിസരം നിരീക്ഷിച്ചു തിരിച്ചെത്തുകയും മാര്‍ഗ്ഗം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

രാവിലെ, യാത്ര പുറപ്പെടും മുമ്പു നടന്ന കൂടിക്കാഴ്ചയില്‍ എന്റെ ഗവേഷണസഹായി ഡോ. നായരുടെ വക പ്രത്യേക ഉപദേശമുണ്ടായിരുന്നു.“നോക്കൂ, കാടിന്റെ ഇന്റീരിയറിലേക്കു തന്നെ പോകണം. ഇത്തവണ കളക്ഷന്‍ മോശമായാല്‍ എനിക്കു തന്റെ കാര്യം റീതിങ്ക് ചെയ്യേണ്ടി വരും..” ഭീഷണിയുടെ സ്വരം. കട്ടിപ്പുരികത്തിനു താഴെ ജ്വലിക്കുന്ന കഴുകന്‍ കണ്ണുകള്‍. അവയില്‍, ഇരയ്ക്കു വേണ്ടിയുള്ള വന്യമായ ദാഹം. “യെസ് , സര്‍.. ഐ വുഡ് ട്രൈ മൈ ലെവല്‍ ബെസ്റ്റ്..” എന്നു പറഞ്ഞു മുറിക്കു പുറത്തേയ്ക്കോടുകയായിരുന്നു.

കുത്തനെയുള്ള കരിമലയുടെ ഉച്ചിയിലെത്തിയപ്പോള്‍ തന്നെ കൈയിലുള്ള കുടിവെള്ളശേഖരമെല്ലാം കാലിയായിരുന്നു. വേനല്‍, ശരീരത്തെയും മനസ്സിനെയും ഒരുപോലെ പൊള്ളിക്കുന്നു. ഒരു പാറയില്‍ അല്പനേരം വിശ്രമിച്ച്, ഞങ്ങള്‍ യാത്ര തുടര്‍ന്നു. മലമുകളില്‍ നിന്നു പുറപ്പെട്ട് , ഇതുവഴി ആര്‍ത്തുല്ലസിച്ചൊഴുകിയിരുന്ന പുഴ ഇന്ന് ഒരു ജലരേഖ പോലും ബാക്കിവെയ്ക്കാതെ അപ്രത്യക്ഷമായിരിക്കുന്നു. ഒരു വര്‍ഷകാലത്തിന്റെ ശീതളസ്മരണയില്‍ മയങ്ങുന്ന ഉരുളന്‍ കല്ലുകള്‍.

കാട്. പച്ചയുടെ മാസ്മരിക ലോകം.! ഇടയ്ക്കിടെ ദൃശ്യമാകുന്ന ആനത്താരകളുടെ ഓരം ചേര്‍ന്നുഞങ്ങള്‍ നടന്നു. ആവി പറക്കുന്ന ആനപ്പിണ്ടവും, ആനക്കൂട്ടം ചവിട്ടി മെതിച്ച ഈറ്റക്കാടുകളും കണ്ടു ഭയന്നു. ഒട്ടും സമയം കളയാനില്ല. പരിസരം മറന്ന്, ഞങ്ങള്‍ ജോലി ചെയ്തു. സസ്യലതാദികളാല്‍ എന്റെ തോള്‍സഞ്ചി നിറഞ്ഞു കൊണ്ടേയിരുന്നു..
കുറ്റിക്കാടുകള്‍ പിന്നിട്ട്, ഞങ്ങള്‍ അനന്തവിസ് തൃതമായ ഒരു പുല്‍മേട്ടിലെത്തി. അവിടവിടെയായിഎഴുന്നു നില്‍ക്കുന്ന കറുത്ത കൂറ്റന്‍ ശിലകള്‍. എന്തോ, എനിക്കു പെട്ടെന്നു പാണ്ഡവരുടെ വനവാസകാലവും ‘രണ്ടാമൂഴ‘ത്തിലെ ഭീമനെയും ഓര്‍മ്മ വന്നു.

ഇലകളനങ്ങുന്ന ശബ്ദം. ഞങ്ങള്‍ ജാഗരൂകരായി. അത് പതിയെ അടുത്തടുത്തു വരികയാണ്. ഒരു കരടി തന്നെ. ഞങ്ങള്‍ക്കു മുന്നില്‍ ഏതാനും അടി അകലത്തെത്തിക്കഴിഞ്ഞു. നല്ല പ്രായമുണ്ട്. പിന്‍കാലുകളില്‍‍ നിവര്‍ന്നുനിന്ന് അവന്‍ ഞങ്ങളെയൊന്നു വീക്ഷിച്ചു. രാവണന്‍ കുട്ടി, ഉച്ചത്തില്‍ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി. തിരിഞ്ഞുനോക്കിക്കൊണ്ട് അവന്‍ ഭയന്നോടി. പിന്നെ, കാഴ്ചയില്‍ നിന്നു മറഞ്ഞു.

ശരീരത്തിലെ ജലാംശം വറ്റുന്നതായി കാലുകള്‍ മുന്നറിയിപ്പു തന്നു. ചുവടുകളിടറാന്‍ തുടങ്ങി.“നമുക്കു മടങ്ങാം, വെള്ളമില്ലാതെ ഇനി വയ്യ.“ ഞാന്‍ രാവണന്‍ കുട്ടിയോടു പറഞ്ഞു.“കുറച്ചു ദൂരെ ഒരു അരുവിയുണ്ട്. നമുക്കു അങ്ങോട്ടു നടക്കാം.”- അവന്‍ പറഞ്ഞു.. മനസൊന്നു തണുത്തു. ഞാന്‍ കാലുകള്‍ ‍ പെറുക്കിപ്പെറുക്കി രാവണന്‍ കുട്ടിക്കു പിറകെ പിച്ചവെച്ചു. വഴിയില്‍, പുല്ലാനിയുടെ വള്ളികള്‍ വെട്ടിയെടുത്ത് അതില്‍ നിന്നൂറുന്ന വെള്ളം നാവിലിറ്റിച്ചു.

നടന്നു നടന്ന് ഞങ്ങള്‍ ഒരു നിശ്ശബ്ദതയുടെ  കൂടാരത്തിലെത്തി. ഏതോ പുരാതനശിലകളുടെ നഷ്ടാവശിഷ്ടങ്ങള്‍. കത്തിയമര്‍ന്ന ചന്ദനത്തിരികള്‍. പൊട്ടിയ ഒരു കല്‍വിളക്ക്. ഭയവും ക്ഷീണവും എന്നെ ഒരുപോലെ വലയം ചെയ്തു. “നമുക്കു വഴി തെറ്റിയെന്നു തോന്നുന്നു; ഇവിടെയെങ്ങും ആ അരുവി കാണാനില്ല.” രാവണന്‍ കുട്ടിയുടെ ചിതറിയ ശബ്ദം എന്നെ കൂടുതല്‍ നിസ്സഹായനാക്കി. ദിക്കറിയാതെ ഞങ്ങള്‍ തലങ്ങും വിലങ്ങും നടക്കാന്‍ തുടങ്ങി. എങ്ങും പച്ചയുടെ പ്രളയം മാത്രം.! ദൂരെയെവിടെയെങ്കിലും ഒരു പ്രകാശഗോപുരം? ഒരു സഹായഹസ്തം? ഇല്ല. ദിക്കുകള്‍ ഞങ്ങളെ കൈവെടിഞ്ഞു കഴിഞ്ഞിരുന്നു. കടപുഴകി വീണ ഒരു വലിയ മരം കുറുകെ കടക്കവെ, എന്റെ ദേഹം എന്റെ നിയന്ത്രണത്തിലല്ല്ല്ലെന്നു ഞാനറിഞ്ഞു.

ഭയമെന്തെന്നറിയാത്ത രാവണന്‍ കുട്ടിയുടെ കണ്ണുകളിലും ഭീതി കൂടുകൂട്ടിയതു ഞാന്‍ കണ്ടു. മടിയില്‍ നിന്നു വെറ്റിലയും പാക്കുമെടുത്ത് അവന്‍ കണ്ണില്‍ ചേര്‍ക്കുന്നുണ്ട്. മലദൈവങ്ങളോടുള്ള പ്രാര്‍ത്ഥനയാണ്. ഞാന്‍ വാച്ചിലേക്കു നോക്കി. സമയം ആറുമണി. ദൈവമേ..! എനിക്കു തല ചുറ്റുന്നതു പോലെ തോന്നി. ഞാന്‍ ഒരു മരത്തില്‍ ചാരി, പതിയെ നിലത്തിരുന്നു. ഡോ. നായരുടെ കഴുകന്‍ കണ്ണുകള്‍ മനസ്സില്‍ വീണ്ടും വീണ്ടും തെളിഞ്ഞുവന്നു. ഒരു തളര്‍ച്ച എന്റെ ശരീരത്തെയാകെ വന്നു പൊതിഞ്ഞു. പെട്ടെന്ന് എവിടെനിന്നോ, ടൈഗര്‍ കുരച്ചുകൊണ്ട് ഓടിവന്നു. അവന്റെ മുഖം മുഴുവന്‍ രക്തം പുരണ്ടിരുന്നു.. ആകെ ഭയന്നതു പോലെ അവന്‍ കുരച്ചു കൊണ്ടേയിരുന്നു. നിലത്തിരുന്ന്, അവനെ കെട്ടിപ്പിടിച്ചു കൊണ്ട് രാവണന്‍ കുട്ടിയും കരയാന്‍ തുടങ്ങി.

പതിയെപ്പതിയെ, എന്റെ കാഴ്ചവട്ടം ചെറുതായി വന്നു. എനിക്കു മുകളില്‍, ആകാശത്തോളം വളര്‍ന്ന വന്മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ മാത്രം എനിക്കിപ്പോഴും കാണാം. ഇലകള്‍ക്കിടയില്‍ നിന്ന്ഇരുട്ട് എന്റെമേല്‍ ചാടിവീഴുന്നതും കാത്ത് ഞാന്‍ കണ്ണടച്ചു കിടന്നു.