Sunday, August 24, 2014

മുന്നറിയിപ്പ്ഉത്തമകലയെക്കുറിച്ചുള്ള സന്ദേഹങ്ങൾ നിങ്ങളുടെ മനസ്സിൽ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിൽ സമഗ്രജീവിതത്തെക്കുറിച്ചുള്ള ചില വെളിപാടുകൾ നൽകുന്ന ഒന്നിനെ ആ ഗണത്തിൽപ്പെടുത്താവുന്നതാണ്. നിരുപാധികമായി ചിന്തിച്ചാൽ, കഥയും കവിതയും നോവലും പോലെ ചലച്ചിത്രവും ഒരു സ്വതന്ത്രാവിഷ്കാരമാണ്. ആ നിലയിൽ കാണുമ്പോൾ, ഇതാ ഒരു മികച്ച സിനിമയെന്ന് മനസ്സ് മുന്നറിയിപ്പു നൽകിക്കൊണ്ടിരുന്നു. നീതിമാനും സ്വതന്ത്രമായി ചിന്തിക്കുന്നവനുമായ ഒരു സാധാരണപൌരനെ സാമൂഹ്യമായ ചുറ്റുപാടുകൾ എത്രമേൽ ഉപദ്രവിക്കുന്നുവെന്നും തന്ത്രപരമായി തടവിൽ പാർപ്പിക്കുന്നുവെന്നും വേദനയോടെ കണ്ടുകൊണ്ടിരുന്നു. ഓരോ ഘട്ടത്തിലും തനിക്കു മാത്രം സ്വന്തമായ രീതിയിൽ അയാൾ ആ സന്ദർഭങ്ങളെ നേരിടുന്നതും സ്വാതന്ത്ര്യം തിരിച്ചുപിടിക്കുന്നതും അത്ഭുതത്തോടെ നോക്കിയിരുന്നു. അങ്ങനെയിരിക്കെ വേട്ടക്കാരനും ഇരയായി മാറുന്നതു കണ്ടു. സിനിമ ജീവിതമാകുന്നതു കണ്ടു.

ബഷീറിനെപ്പോലെ ഒരു മാനവികബോധം അഥവാ സ്വാതന്ത്ര്യബോധം ഈ ഫിലിംമേക്കറെയും നയിക്കുന്നുണ്ട്. ലോകമെന്നത് ഒരു തുറന്ന ജയിൽ തന്നെയാണെന്ന് അയാൾ മനസ്സിലാക്കുന്നുണ്ട്. അനുനിമിഷം മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന കാണാച്ചരടുകളെപ്പറ്റി പറയാതെ പറയുന്നുണ്ട്. ഒരു പ്രത്യേക പ്രമേയത്തിലൊതുക്കാതെ സമഗ്രതയിലേക്കു നോക്കുന്നുണ്ട്. എന്നാൽ ഒരു വ്യത്യാസമുണ്ട്. നായകനായ സി.കെ. രാഘവനെപ്പോലെതന്നെ സിനിമയും ഇക്കാര്യങ്ങൾ ഉറക്കെ വിളിച്ചുപറയുന്നില്ല. പതിവുനാടകീയതയുടെ വാതിലുകൾ തുറക്കുന്നില്ല. തെളിച്ചുപറഞ്ഞാൽ, വിളിച്ചുപറയാത്തതെന്തോ അതാണ് സിനിമ എന്ന ഒരു സങ്കൽപ്പത്തിലാണ് ഈ സിനിമയുടെ നിൽപ്പുതന്നെ. ഈ നിൽപ്പ് ഒരു പ്രശ്നം തന്നെയാണ്. കാരണം, ശബ്ദഘോഷങ്ങളിൽ മുങ്ങിപ്പോയ, മെലോഡ്രാമയിൽ അഭിരമിക്കുന്ന നമ്മുടെ സിനിമയ്ക്കും അതിന്റെ പ്രേക്ഷകർക്കും ഈ ഗഹനത അഥവാ subtlety പരിചയമില്ല. ഇതാണു പ്രശ്നം. അഥവാ, സിനിമയുടെ മുഖ്യസൌന്ദര്യഘടകമെന്തോ അതുതന്നെ കാണികളെ അതിൽനിന്നകറ്റുന്ന വിചിത്രമായ ഒരു വൈരുദ്ധ്യം അതിലടങ്ങിയിരിക്കുന്നു.

എനിക്കു സിനിമ ഏറെയിഷ്ടമായി. മുന്നറിയിപ്പ് എന്ന പേരിൽ ഗഹനത കുറഞ്ഞുപോയെങ്കിലും ദൃശ്യപരമായും ശബ്ദപരമായും മികച്ച ഒരനുഭവം തന്നെയാണ്. ആർ. ഉണ്ണിയെപ്പോലെ ഒരാൾ സിനിമയെഴുതുമ്പോൾ ദൃശ്യങ്ങൾ കഥാപരമായിത്തീരുന്നുണ്ട്. ഒരുപക്ഷേ, ആത്മകഥാപരമായിത്തീരുന്നുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം വേണു എന്ന സിനിമറ്റോഗ്രാഫർ രാഷ്ട്രീയമാനമുള്ള ഒരു ചിത്രത്തിലൂടെ സ്വയം അപ്ഡേറ്റ് ചെയ്യുന്നുണ്ട്. കോർപ്പറേറ്റ് കാലത്തും നല്ല സിനിമ സാധ്യമാണെ
ന്ന പ്രതീക്ഷ പങ്കിടുന്നുണ്ട്. ശക്തമായ സ്ത്രീകഥാപാത്രം ഒരു ജാടയല്ലെന്ന് അപർണ്ണയും ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന് മമ്മൂട്ടിയും വെളിപ്പെടുത്തുന്നുണ്ട്. ഒടുവിൽ നമ്മൾ ഞെട്ടിയുണരുന്നത് അപ്രതീക്ഷിതമായ ഒരു ക്ളൈമാക്സ്ഷോട്ടിലേക്കു മാത്രമല്ല, ഏറ്റവും പുതിയ സാമൂഹ്യപാഠങ്ങളിലേക്കു കൂടിയാണ്.!