Saturday, October 1, 2011

നന്മ നിറഞ്ഞവന്റെ ധർമ്മസങ്കടങ്ങൾ

ഒന്ന്

തിരുവോണനാൾ. കത്തിത്തുടങ്ങുന്ന ഒരു ചിതയുടെ ദൃശ്യത്തിലേയ്ക്കാണ് രാവിലെ കണ്ണുതുറന്നത്.! ആരാണീ പത്രം കിടക്കയിൽ കൊണ്ടുവന്നു വെച്ചത്.? നബീസു തന്നെയാവും. എന്റെ പഴയ ശീലങ്ങളൊന്നും അവളിനിയും മറന്നിട്ടില്ല. ഒരു വർഷത്തിനു ശേഷം വീണ്ടും ഒരു മലയാളപത്രത്തിലൂടെ കണ്ണോടിച്ചു. ദില്ലി സ്ഫോടനത്തിൽ കൊല്ലപ്പെട്ട പിതാവിന്റെ ചിതയ്ക്കരികിൽ നിൽക്കുന്ന മകൻ. വിഷാദത്തിന്റെ കരിനിഴൽ വീണ അവന്റെ മുഖത്തേയ്ക്കു നോക്കാൻ എനിക്കു മടി തോന്നി. എത്ര ആകസ്മികമായാണ്, വരാനിരിക്കുന്ന ഓരോ ഓണവും ആ കുമാരന് ജീവിതദുരന്തത്തിന്റെ ഓർമ്മദിവസമായി മാറിയത്? ഓരോ മരണവും ചിന്തയിൽ നീറുന്ന ചിതയൊരുക്കുന്നു.! ഉള്ളിലിരുന്ന് എന്നെ കാർന്നുതിന്നുന്ന മറുപാതിയെ ഞാൻ ഒരിക്കൽക്കൂടി ശപിച്ചു.

ഒമാനിൽ നിന്ന് ഇന്നലെ എത്തിയതേയുള്ളു. റംസാനു മുൻപ് നാട്ടിലെത്താനുള്ള ശ്രമം നേരത്തേ തുടങ്ങിയെങ്കിലും പെരുന്നാളും കഴിഞ്ഞ് ഓണമെത്തിയപ്പോഴാണ് ഒടുവിൽ, അത് സഫലമായത്. ഇനിയിപ്പോൾ, തിരുവോണത്തെ പെരുന്നാളാക്കി മാറ്റുകയേ നിവൃത്തിയുള്ളു. രണ്ടാഴ്ചത്തെ ലീവ് മാത്രം. എങ്കിലും, എന്നെ സംബന്ധിച്ച് ഈ ദിവസങ്ങൾ വളരെ പ്രധാനമാണ്. മുൻകൂട്ടി വാങ്ങിവെച്ച പെരുന്നാൾ സമ്മാനങ്ങൾ ബീവിയ്ക്കും എന്റെ തങ്കക്കുടമായ ഐഷ മോൾക്കും സ്വന്തം കൈകൊണ്ടു നൽകുന്നതിന്റെ സുഖം ഒന്നുവേറെ തന്നെ.! നിസ്സാരമായ നിരവധി സ്വപ്നങ്ങളിൽ പുലരുന്ന പ്രവാസിയുടെ ശരാശരി ജീവിതം ഇങ്ങനെയൊക്കെയാണല്ലോ.? നല്ലപാതിയായ എന്റെ നബീസു, സ്വന്തം കൈകൊണ്ടുണ്ടാക്കിയ നേർമ്മയുള്ള അരിപ്പത്തിരിയുടെയും കോഴിക്കറിയുടെയും ഓർമ്മ നുണഞ്ഞ് പതിയെ ദിനചര്യയിലേയ്ക്കു കടന്നു.!

ചായ കുടിച്ച് രണ്ടു വീടപ്പുറമുള്ള നജീമിന്റെ വീട്ടിലേയ്ക്കിറങ്ങുമ്പോൾത്തന്നെ, അവന്റെ ഫോൺ വന്നു. എത്ര ദൂരെയാണെങ്കിലും സമാനമനസ്സുകൾ സമാന്തരമായി സഞ്ചരിക്കുന്നു.! ബാല്യം മുതലേ കളിക്കൂട്ടുകാരനായ അവന്റെയൊപ്പമാണ് പത്തുവർഷം മുൻപ് ആദ്യമായി നാടുവിടുന്നത്. കമ്പനി രണ്ടാണെങ്കിലും ഒരേ റൂമിൽത്തന്നെ താമസം. “മജീക്കാ, നമ്മൾ പ്രതീക്ഷിച്ച പോലെ ഇന്നലെ വൈകി പി.ആർ.ഓ എത്തി. കാര്യം പറഞ്ഞപ്പോഴേ പാസ് പോർട്ട് എടുത്തുതന്നു. എന്റെ കണ്ണുനിറഞ്ഞു പോയിക്കാ. ഉമ്മയെ അവസാനമായൊന്നു കാണാൻ പറ്റുമെന്നു വിചാരിച്ചില്ല. അള്ളാഹുവിന്റെ കൃപ..! ടിക്കറ്റിനായി ഞാൻ ദാ ഇപ്പത്തന്നെ ഇറങ്ങുവാ. ന്റെ വീട്ടിലേക്കൊന്നു കേറണേ ഇക്കാ..തീർച്ചയായും ഞാനെത്തുമെന്നു പറയണം.. ടിക്കറ്റ് ഓകെയാക്കി ഞാൻ ഉടനെ വിളിക്കാം”. പാവം നജീം..മൂന്നു ദിവസമായി അവന്റെ പുന്നാര ഉമ്മയുടെ മരവിച്ച ശരീരം, പൊന്നുമകന്റെ വരവും കാത്തു കിടക്കുന്നു. അത്യാഹിതലീവിനായുള്ള കഠിനശ്രമം ഒടുവിൽ വിജയിച്ചിരിക്കുന്നു. പ്രവാസിയുടെ അനിവാര്യമായ ദുർവിധികളെപ്പറ്റി ഓർത്തുകൊണ്ട് ഞാൻ മൌനമുദ്രിതമായി വിറങ്ങലിച്ചു നിൽക്കുന്ന ആ വീടിന്റെ പടികൾ കയറി.

രണ്ട്

‘സ്നേഹഭവനാ’കെ അന്ന് ഉല്ലാസത്തിലായിരുന്നു. വർഷത്തിലൊരിക്കൽ മാത്രം വിരുന്നെത്തുന്ന സന്തോഷം അന്തേവാസികളുടെ തിളക്കമാർന്ന മുഖങ്ങളിൽ വായിക്കാം. ജീവിതമെന്തെന്നറിയുന്നതിനു മുൻപേ, അനാഥമന്ദിരത്തിലെത്തിപ്പെട്ട കുരുന്നുകൾ.! അച്ഛനാരെന്നറിയാത്തവർ, മാനഭയം നിമിത്തം അമ്മമാർ രഹസ്യമായി ഉപേക്ഷിച്ചവർ. രക്തബന്ധമെന്ന കെട്ടുപാടില്ലാതെ വളരുന്ന ഒരുവന്റെ മനോവ്യാപാരങ്ങൾ എങ്ങനെയായിരിക്കും.? അനാഥൻ എന്നുപേരിട്ടു തന്നെ മാറ്റിനിർത്തുന്ന ലോകത്തെ അവൻ എങ്ങനെയാവും കാണുക.? പൊതുസമൂഹത്തിനും തനിക്കുമിടയിലെ നികത്താനാവാത്ത വിടവ് ആ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുണ്ടാവും.?

ചെറിയ ഹാളിലെ പെട്ടെന്നൊരുക്കിയ വേദിയിൽ സ്ഥാപനത്തിന്റെ മേധാവിയ്ക്കൊപ്പം കുട്ടികൾക്ക് അഭിമുഖമായിരിക്കെ, ശിഥിലചിന്തകളിൽ സ്വയം നഷ്ടപ്പെട്ടു. മുൻപിൽ, കലപില കൂട്ടുന്ന കുട്ടികളുടെ കളങ്കരഹിതമായ സന്തോഷം മനസ്സിൽ സമ്മിശ്രവികാരങ്ങളുടെ തിരയുണർത്തി. അരുണും ഹരിയും മാറിമാറി അവരുടെ ഭാവഭേദങ്ങൾ ക്യാമറയിൽ പകർത്തുന്നുണ്ട്. ഒരു മാസം കൊണ്ട് ഞങ്ങൾ സുഹൃത്തുക്കൾ ചേർന്നു സമാഹരിച്ച സഹായധനം കൈമാറാൻ എല്ലാവരും കൂടി എന്നെയാണു ചുമതലപ്പെടുത്തിയത്. എന്റെ ഇടതുവശത്തിരുന്ന നാട്ടുകാരനായ ചലച്ചിത്രതാരം ചടങ്ങിനു കൊഴുപ്പു കൂട്ടി. തുക കൈമാറി, മൈക്കിനു മുന്നിലെത്തിയപ്പോൾ സത്യത്തിൽ, കണ്ണു നിറഞ്ഞുപോയി. സഭാകമ്പമോ, വിവരണാതീതമായ ആനന്ദമോ എന്നറിയില്ല..മനസ്സ് പെട്ടെന്നു വികാരഭരിതമായി. പിന്നീട്, വിശിഷ്ടാതിഥിയായ നടന്റെ നർമ്മമധുരമായ ആശംസാപ്രസംഗം കുഞ്ഞുങ്ങൾക്കൊപ്പം എന്നെയും ചിരിപ്പിച്ചു. അപ്പോഴാണ് മനസ്സൊന്നു തണുത്തത്. പിന്നെ, വിഭവസമൃദ്ധമായ സദ്യയ്ക്കു ശേഷം, ഞങ്ങൾ അവർക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്നു. വിസ്മയം മാറാത്ത കണ്ണുകളോടെ പലരും ഞങ്ങളെ തുറിച്ചുനോക്കി. കൂട്ടത്തിൽ, കുസൃതിയായ ഒരുവൻ എന്റെ കൈപിടിച്ച് എന്നോടൊപ്പം വന്നു. പിന്നെ, ആരും കേൾക്കുന്നില്ലെന്നുറപ്പു വരുത്തി, അവൻ എന്നോടൊരു രഹസ്യം ചോദിച്ചു. “അങ്കിൾ, അടുത്ത തവണ വരുമ്പോൾ മോഹൻലാലിനെക്കൂടി കൊണ്ടുവര്വോ..?” അവനെ കെട്ടിപ്പിടിച്ച്, ആ ഓമനക്കവിളിൽ ഒരുമ്മ കൊടുത്തു. അതൊരുറപ്പായി അവൻ കരുതിക്കാണും. എനിക്കെന്തോ വല്ലാത്ത സങ്കടം വന്നു.! പോക്കറ്റിൽ നിന്ന് തൂവാലയെടുത്ത്, ആരും കാണാതെ ഞാൻ കണ്ണുകൾ തുടച്ചു.

മൂന്ന്

നബീസുവിനെയും ഐഷമോളെയും കൂട്ടി കുമരകത്തെത്തുമ്പോൾ, എല്ലാരുമെത്തിക്കഴിഞ്ഞിരുന്നു. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന സുഹൃദ്സംഗമം. ഒപ്പം, നബീസുവും എന്റെ തങ്കക്കുടവും കാത്തുകാത്തിരുന്ന ഒരു വിനോദയാത്ര.! സന്തോഷ് വർമ്മയെന്ന ‘ആശാന്റെ’കാർമ്മികത്വത്തിൽ വളരെപ്പെട്ടെന്ന് ആലോചിച്ചുറപ്പിച്ച പരിപാടിയായിരുന്നു, ഹൌസ്ബോട്ടിൽ ഒരു ജലയാനം. നാട്ടിലുള്ളവരെയെല്ലാം ഫോണിൽ വിളിച്ച് സ്ഥലവും സമയവും അറിയിച്ചു. വിശാലമായ കായൽപ്പരപ്പിലൂടെ മന്ദമന്ദം ഒഴുകിനീങ്ങുന്നതിന്റെ ആഹ്ലാദം.! ഓൺലൈൻ ബന്ധങ്ങളെ നേരിൽ പരിചയപ്പെടുന്നതിന്റെ ആനന്ദം..! ജോമോനെ മുൻപൊരിക്കൽ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കുടുംബത്തെ കാണുന്നത്. ഭൂമിയിലേയ്ക്കു വിരുന്നുവന്ന ദേവദൂതിയെപ്പോലെ ഒരു സുന്ദരിമോളാണ് അയാൾക്ക്.! ‘പാറുക്കുട്ടി‘യുടെ തൽസ്വരൂപമായ റസിയ എല്ലാവർക്കും മധുരം വിതരണം ചെയ്ത് ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നു. ടീച്ചറായ ശ്രീച്ചേച്ചിയുടെ മുഖം, കടുത്ത വെയിലിൽ അല്പം വാടിയ ഒരു പനിനീർപ്പൂവിനെ ഓർമ്മിപ്പിച്ചു.

സുന്ദരമായ കായൽത്തീരദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് ബെഹ്റിനിൽ നിന്ന് മനൂട്ടൻ വിളിച്ചത്. പാവം, ഒരു മാസമായി വീട്ടിനുള്ളിൽ അടച്ചിരിപ്പാണത്രേ.! പുറത്ത് സർക്കാരും കലാപകാരികളും തമ്മിലുള്ള സംഘർഷം ഇനിയും അയഞ്ഞിട്ടില്ല.! “നിങ്ങടെയൊക്കെ നല്ലകാലം.! സന്തോഷിക്ക്...ഞങ്ങൾ ഇവിടിരുന്ന് അതൊക്കെ മനസ്സിൽ കാണാം.!“ അവന്റെ തമാശയിൽ പൊതിഞ്ഞ ദു:ഖം, ഒരു നിമിഷം എന്നെ നിശ്ശബ്ദനാക്കി. ദുബായിൽ നിന്നു വിളിച്ച നാച്ചിയെന്ന അബ്ദുൾ നാസർ, തന്റെ മാസ്റ്റർപീസായ പൊട്ടിച്ചിരിയ്ക്കിടയിലൂടെ ഈ അപൂർവസംഗമത്തിന് എല്ലാവിധ ആശംസകളും നേർന്നു. മനു, മജ് നു, ഹരി, വിഷ്ണു തുടങ്ങി എല്ലാവർക്കുമൊപ്പമിരുന്ന് തമാശകൾ പൊട്ടിച്ചിരുന്ന നോബിയെയും അരുണിനെയും പെട്ടെന്നു കാണാതായി. പിന്നീട് അടച്ചിട്ട മുറിയിൽ നിന്നു പുറത്തുവന്നതും, അവരുടെ ചിരിയിലും പെരുമാറ്റത്തിലും ചില പ്രകടമായ മാറ്റങ്ങൾ കാണപ്പെട്ടു. ഇതിനു കാരണമന്വേഷിച്ചുപോയ ഹരി, പച്ചനിറമുള്ള ഒരു കാലിക്കുപ്പിയുമായെത്തി, അത് എല്ലാവരുടെയും മുൻപിൽ പ്രദർശിപ്പിച്ചു.! രഹസ്യം പുറത്തായതിന്റെ ചമ്മലുമായി അവർ അതിവിശാലമായ ബോട്ടിലെ അടുക്കളയിലേയ്ക്കു നിഷ്ക്രമിച്ചു. തന്റെ ഗൃഹനിർമ്മാണത്തിന്റെ പ്രശ്നങ്ങൾ ‘ആശാൻ‘ എന്നെ വിശദമായി ധരിപ്പിച്ചു. കീശയിലുള്ളതു തീർന്നെന്നും പണി തീർക്കാൻ ഇനി ലോണെടുക്കുകയേ നിവൃത്തിയുള്ളു എന്നുമറിയിച്ചു. വിശേഷങ്ങൾ മുഴുവൻ പറഞ്ഞുതീരും മുൻപേ, സുന്ദരമായ പകൽ എരിഞ്ഞടങ്ങുകയും പടിഞ്ഞാറേ ആകാശത്ത് അവശേഷിച്ച ചുവപ്പും അപ്രത്യക്ഷമാവുകയും ചെയ്തു. വീണ്ടും കാണാമെന്ന ഉപചാരം ചൊല്ലി മനസ്സില്ലാമനസ്സോടെ ഞങ്ങൾ പിരിഞ്ഞു.

നാല്

എത്ര പെട്ടെന്നാണ് അവധിദിവസങ്ങൾ തീർന്നുപോയത്.! അതിരാവിലെ നബീസു വിളിച്ചുണർത്തി ഓർമ്മപ്പെടുത്തിയപ്പോഴാണ് മടക്കയാത്രയുടെ അനിവാര്യതയെപ്പറ്റി ബോധമുണ്ടായത്. സ്വീകരണമുറിയിൽ, നജീം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ദു:ഖിതനെങ്കിലും ഉമ്മയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം ആ മുഖത്തു കണ്ടു. അവനു ഞായറാഴ്ച വരെ ലീവുണ്ട്. സാധനങ്ങൾ പായ്ക്ക് ചെയ്യാനും മറ്റും എന്റെയൊപ്പം കൂടി. ഈയിടെ വാങ്ങിയ പുതിയ ‘ക്വാളിസു‘മായി അളിയനും രാവിലെ തന്നെ എത്തിയിട്ടുണ്ട്. എന്നെ സുരക്ഷിതമായി എയർപോർട്ടിലെത്തിക്കുകയാണ് ഉദ്ദേശ്യം. രണ്ടു മണിയ്ക്കാണ് ഫ്ലൈറ്റ്. നബീസുവും ഐഷ മോളും ഒരുങ്ങിയിറങ്ങി. കൂടെപ്പോരാമെന്നേറ്റ്, നജീമും വണ്ടിയിൽ കയറി. ബൈപ്പാസിൽ നിന്ന് അരുണും ഹരിയും ഞങ്ങളുടെയൊപ്പം ചേർന്നു.

യാത്രയിൽ, ഈ വരവിലും നടക്കാതെ പോയ ആഗ്രഹങ്ങളെ മനസ്സ് ഒരിക്കൽക്കൂടി ഓർത്തെടുത്തു. സുശീലന്റെ വീട്ടിൽ പോയി അവനെ കാണണമെന്നുണ്ടായിരുന്നു. അർബുദം ബാധിച്ച് അവന്റെ അമ്മ കിടപ്പിലാണ്. രാജേഷിന്റെ സ്വപ്നപദ്ധതിയായ ആദ്യ കവിതാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിലും പങ്കെടുക്കാൻ കഴിഞ്ഞില്ല്ല്ല. അടുത്തദിവസം ജനിക്കാൻ പോകുന്ന മോൾക്കുള്ള താരാട്ടുപാട്ടുകളുമായി വരണമെന്ന് ഗൌരി അന്ത്യശാസനം നൽകിയിരുന്നു. സമയം കിട്ടാത്തതിനാൽ, ഗാനങ്ങൾ ഒരു സീഡിയിലാക്കി അയച്ചു കൊടുത്തു. ബാംഗ്ലൂരിൽ നിന്ന് ലാജു വിളിച്ച് ഏതുവിധേനയും ഒന്നുകാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതും നടന്നില്ല. ശ്രീനിവാസൻ സിനിമയിൽ, വിജയൻ ദാസനോടു പറയുംപോലെ ഒരിക്കലും നടക്കാത്ത സുന്ദരസ്വപ്നങ്ങൾ കൊണ്ടു തീർത്ത ഒരു തുരുത്താണോ, ജീവിതം.?

എയർപോർട്ടിലെത്തിയതറിഞ്ഞില്ല. ചെക്കിൻ ചെയ്യുന്നതിനുള്ള ക്യൂവിൽ നിൽക്കെ, ആരോ പുറത്തു തോണ്ടി വിളിച്ചു. പോലീസാണെന്ന് അയാൾ പരിചയപ്പെടുത്തിയപ്പോൾ ഞാൻ അമ്പരന്നു. ഇനി ആളു മാറിയതാവുമോ.? “എന്നോടൊപ്പം ഓഫീസിലേയ്ക്കു വരൂ. നിങ്ങൾ മാത്രം മതി..കൂടെയുള്ളവർ ഇവിടെ വെയ്റ്റ് ചെയ്യൂ.” അയാൾ നിർദ്ദേശിച്ചു. എനിക്കൊന്നും മനസ്സിലായില്ല. ഇത് പതിവില്ലാത്തതാണല്ലോ.? എന്തെങ്കിലും പരിശോധനയാവുമോ.? ഞാൻ അയാളുടെ കൂടെച്ചെന്നു. ഓഫീസിലെത്തിയതും പോലീസുകാരുടെ ആൾബലം കൂടി. സ്വരവും കടുത്തതായി. പാസ്പോർട്ടും മറ്റു രേഖകളും ആവശ്യപ്പെട്ടു. ഇതിനിടയിൽ ഒരാൾ എന്റെ മൊബൈൽ ഫോണും പിടിച്ചുവാങ്ങി. ഒരു കസേരയിലിരുത്തി, ചോദ്യം ചെയ്യാനാരംഭിച്ചു. എനിക്കറിയാത്ത എന്തൊക്കെയോ കാര്യങ്ങൾ അവരെന്നോടു ചോദിച്ചു. ഒരു ചോദ്യത്തിനുത്തരം പറഞ്ഞുതീരും മുൻപേ അടുത്ത ചോദ്യം. എനിക്ക് ഒരു തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നറിയിച്ച അവർ, ‘എല്ലാം വെളിപ്പെടുത്തുന്നതാണ് ഇനി നിങ്ങൾക്കു നല്ലതെ’ന്ന് ഒരുപദേശവും നൽകി. കാര്യത്തിന്റെ ഗൌരവമറിഞ്ഞ് ഒന്നു ഞെട്ടിയെങ്കിലും അല്പസമയത്തിനകം സമനില വീണ്ടെടുത്ത് നിരപരാധിത്വം ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. ‘നിങ്ങൾ മൂന്നാർ സന്ദർശിച്ചിട്ടുണ്ടോ’ എന്നും ‘അവിടെ ഒരു ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ടോ’ എന്നും ചോദിച്ചു. 5 വർഷം മുൻപ് കുടുംബസമേതം മൂന്നാർ കാണാൻ പോയിട്ടുണ്ടെന്നും മറ്റൊന്നുമറിയില്ലെന്നും ഞാൻ പറഞ്ഞു. “നിങ്ങൾ പറയുന്നത് നുണയാണ്.. എന്തായാലും, ഈ യാത്ര ഞങ്ങൾ ക്യാൻസൽ ചെയ്യുന്നു...വി ആർ സോ സോറി ഫോർ ദാറ്റ്. അല്പസമയത്തിനകം ഐ.ജി. എത്തും. നിങ്ങൾക്കിവിടെ വെയ്റ്റ് ചെയ്യാം.” അവർ പറഞ്ഞു. രണ്ടു പോലീസുകാരുടെ കാവലിൽ, ഞാൻ അവിടെയിരുന്നു.

അടഞ്ഞ വാതിലിനു പുറത്ത്, എന്നെ കാത്തിരിക്കുന്ന സുഹൃത്തുക്കളുടെയും നബീസുവിന്റെയും മോളുടെയും ആശങ്ക നിറഞ്ഞ മുഖങ്ങൾ, മനസ്സിനെ വല്ലാതെ അലട്ടി. ഞാൻ നിസ്സഹായനായിരുന്നു. ഒരു പൌരനെന്ന നിലയിൽ, എന്റെ നിരപരാധിത്വം തെളിയിക്കാൻ ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. നീതിയ്ക്കും നിയമത്തിനുമിടയിലെ വർദ്ധിച്ചുവരുന്ന വിടവിനെക്കുറിച്ചാലോചിച്ചപ്പോൾ, ഭയം തോന്നി. പിന്നീട്, വിശാലമായ മുറിയുടെ ചില്ലുജനാലയ്ക്കപ്പുറം, എനിക്കു പോകേണ്ടിയിരുന്ന വിമാനം അന്തരീക്ഷത്തിലേക്കു പറന്നുയരുന്നത് വേദനയോടെ ഞാൻ നോക്കിക്കണ്ടു. രണ്ടാഴ്ചയുടെ പെരുന്നാൾക്കാലം നൽകിയ ഈ പ്രഹരം എന്നെ തളർത്തിക്കളഞ്ഞു. ഒരിടത്തേയ്ക്കും ചലിക്കാനാവാതെ നിരായുധനായി, എപ്പോഴോ വരാനിടയുള്ള ഐ.ജിയെയും കാത്ത് ഞാൻ അവിടെത്തന്നെയിരുന്നു. അല്പം മുൻപുവരെ മനസ്സിൽ പൂത്തുലഞ്ഞുനിന്ന വസന്തം, ഒറ്റനിമിഷത്തിൽ കരിഞ്ഞുണങ്ങിപ്പോകുന്നത് ഞാനറിഞ്ഞു. അബ്ദുൾ മജീദ് എന്നതിനു പകരം, പേര് അനന്തപത്മനാഭൻ എന്നായിരുന്നെങ്കിൽ, ഒരു വേള, എന്റെ വിധി മറ്റൊന്നാകുമായിരുന്നോ എന്നാണ് ഞാനപ്പോൾ ആലോചിച്ചു കൊണ്ടിരുന്നത്.!