Saturday, January 4, 2014

മെമ്മറീസ്


 കലാപരമായ പരിചരണത്തിലൂടെ നുണയെ സത്യമാക്കി മാറ്റുന്നതിന്റെ സൌന്ദര്യമത്രേ സിനിമ. ഒറ്റവാക്കിൽ മേക്ക് ബിലീഫെന്നും പറയാം. അഭിനയമികവിലെ അത്ഭുതകരമായ കൃത്യത, ഇടത്തും വലത്തും പതറാതെ പ്രേക്ഷകനിൽ പിടിമുറുക്കുന്ന തരത്തിലുള്ള വൈകാരികതയുടെ മാനേജ്മെന്റ്,  ഒരേ നൂലിൽ കൊരുത്തതുപോലുള്ള ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും സമഞ്ജസമായ സമന്വയം, കാച്ചിക്കുറുക്കിയ പാൽ പോലെ തെളിമയും ഒതുക്കവുമുള്ള ചിത്രസന്നിവേശത്തിന്റെ ശില്പസൌകുമാര്യം.. ഇതൊക്കെ ചേർന്നാൽ, ഏതു കല്ലുവെച്ച നുണയും നമ്മൾ സത്യം പോലെ വിശ്വസിക്കും. പലപ്പോഴും സ്വയം മറന്ന് നിറകണ്ണുകളോടെ ദീർഘനിശ്വാസമുതിർക്കും. ഒരുവേള, നമ്മളെ ഈ അവസ്ഥയിലെത്തിച്ച സംവിധായകനെപ്പോലും മറക്കും. സാം എന്ന മനുഷ്യൻ കടന്നുപോകുന്ന സങ്കീർണ്ണമായ അനുഭവലോകത്തെക്കുറിച്ചും പൃഥ്വിരാജെന്ന ബുദ്ധിമാനായ നടനെക്കുറിച്ചും മാത്രമോർക്കും.!

നോർത്ത് 24 കാതം
ജാതകവശാൽ വൃത്തിബോധം അല്പം കൂടിപ്പോയ ഹരി എന്ന യുവാവിന്റെ എക്സെൻട്രിക്കായ പ്രവൃത്തികളിലാണ് സംവിധായകന്റെ ഫോക്കസ്. ഏറിയും കുറഞ്ഞും ഒരു ഹരി എല്ലാവരിലും ഒളിഞ്ഞിരിപ്പുള്ളതിനാൽ കാണികൾക്ക് പലപ്പോഴും കണ്ണാടിയിൽ നോക്കുന്ന പ്രതീതി ലഭിക്കുന്നുണ്ട്. അത് പൊട്ടിച്ചിരിയായോ അമർത്തിച്ചിരിയായോ മാറുന്നുണ്ട്. ഫഹദിന് അറിഞ്ഞഭിനയിക്കാനുള്ള വകുപ്പുണ്ട്. നടപ്പിലും എടുപ്പിലുമൊക്കെ അയാൾ സ്വന്തം റിയൽ വ്യക്തിത്വത്തെ മാറ്റിമറിയ്ക്കുന്നുമുണ്ട്. ആ ശരീരഭാഷയ്ക്കു വേണ്ടി ഉടലെടുത്ത തിരക്കഥ തന്നെയാണെന്നു വ്യക്തം . 24 മണിക്കൂർ ദൈർഘ്യമുള്ള റോഡ് മൂവിയുടെ ക്രാഫ്റ്റ് പുതിയ ഫാഷനുമാണ്. പിന്നെന്താണൊരു പ്രശ്നം.? പ്ലോട്ടിലെ/പരിചരണത്തിലെ  പുതുമ മാത്രം പോരാ. വിശദാംശങ്ങളുടെ വിശ്വാസ്യത വളരെ പ്രധാനമാണ്. ഇക്കാര്യം ഫിലിം മേക്കർ അത്ര ഉൾക്കൊണ്ട മട്ടില്ല. കൊല്ലം മുതൽ കോഴിക്കോട് വരെ നീളുന്ന ഹർത്താൽദിന യാത്രയുടെ ഡീറ്റെയിൽസ് വേണ്ടത്ര യുക്തിഭദ്രമല്ല. യുക്തിഭംഗം രണ്ടാം പകുതിയെ അല്പം സില്ലിയാക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും അവിടവിടെ ജീവിതം കയറിവരുന്നുണ്ട്. ചിരിക്കൊപ്പം ചിന്തയുടെ മേമ്പൊടി വിതറുന്നുണ്ട്. കയറിപ്പോയ കുറ്റത്തിന് പ്രേക്ഷകനെ പ്രതിയാക്കുന്ന പടങ്ങൾക്കിടയിൽ ഇതൊക്കെ ഒരു വലിയ റിലീഫ് തന്നെയാണേയ്.!

Thursday, January 2, 2014

വെടി വഴിപാട്

പുരോഗമനപരമല്ലാത്ത സദാചാരസംഹിതകളെ ചോദ്യം ചെയ്യുന്നത് പുതിയ കാര്യമൊന്നുമല്ല. പണ്ടുമുതലേ എഴുത്തുകാരും കലാകാരന്മാരും ഒരു നിയോഗമായി ഇതേറ്റെടുത്തിട്ടുണ്ട്. ഇക്കാരണത്താൽത്തന്നെ പലരെയും നമ്മൾ കുരിശിലേറ്റിയിട്ടുമുണ്ട്. എന്നിട്ടും കാലങ്ങളിലൂടെ ക്രിയാത്മകപ്രവർത്തനം തുടരുന്നു. ഡിബേറ്റ് ചെയ്യപ്പെടേണ്ട നിരവധിസദാചാരങ്ങൾ നമ്മളിപ്പോഴും കൃത്യമായി പരിപാലിച്ചുപോരുന്നുണ്ട് എന്നതാണ് അതിന്റെ കാലികപ്രസക്തി.

പൊതുവിൽ പറഞ്ഞുകേട്ടതുപോലെ െടിവഴിപാട്ഒരു ചീത്ത സിനിമയാണെന്നു കണ്ടപ്പോൾ തോന്നിയില്ല. പോസ്റ്ററുകളിൽ കണ്ടതുപോലെ, ഇതൊരു വെടിക്കെട്ടുസിനിമയല്ല. എന്നാൽ കലാകാരന്റെ കോട്ടുവായ പോലെ, വെറുമൊരു വഴിപാട് സിനിമയുമല്ല. സിനിമയിലെ പൊങ്കാല ഒരു നറേറ്റീവ് സങ്കേതം മാത്രമാണെന്നു കാണാൻ അതിബുദ്ധിയൊന്നും വേണ്ട. അതുപയോഗിച്ചുകൊണ്ട് ഒരു നഗരത്തിന്റെ 24 മണിക്കൂർ ജീവിതം തുറന്നുവെയ്ക്കുകയാണ് സിനിമ. ഏതൊരു നഗരത്തിലും, ഏതൊരു ദിവസത്തിലും ചേർത്തുവെയ്ക്കാവുന്ന ഒരു ജീവിതഖണ്ഡം. നഗരവാസികളായ നാലു യുവദമ്പതികളും ലൈംഗികത തൊഴിലായി സ്വീകരിച്ച ഒരു യുവതിയുമാണ് കഥാപാത്രങ്ങൾ. പുറംജീവിതത്തിനു സമാന്തരമായി നഗരത്തിന് ഒരു അകംജീവിതവുമുണ്ട്. അതിൽ രതിയുണ്ട്. തെറിയുണ്ട്. ചതിയുണ്ട്. പെർവെർഷനുണ്ട്. പരിഹാരമില്ലാത്ത വിഷാദം പോലുമുണ്ട്. ജീവിതത്തിലുള്ളത് അതേപടി കാണിച്ചാൽ കലയാകുമോ എന്നു ചോദിച്ചാൽ, ഇല്ല എന്നുതന്നെയാണുത്തരം. ആയതിനാൽ ഇതൊരു കലാസിനിമയൊന്നുമല്ല. ന്യൂ ജനറേഷനെന്നാൽ സോഫ്റ്റ് പോൺ മാത്രമാണ് എന്ന മുൻവിധിയും ശരിയല്ല. മനസ്സിൽ നിന്ന് കലയും കാല്പനികതയും ഒഴുക്കിക്കളയുന്ന ഒരു മുഷിഞ്ഞ റിയാലിറ്റിയാണ് സിനിമ.

സെൻസർബോർഡുമായുള്ള ഒരങ്കത്തിനു ശേഷം പ്രായപൂർത്തിയായവർക്കു മാത്രം എന്ന മുന്നറിയിപ്പുമായാണ് സിനിമ ഇറങ്ങിയത്. എന്നാൽ, ഇതുകൊണ്ടുമാത്രം ശംഭു പുരുഷോത്തമൻ എന്ന സംവിധായകന്റെ ഈ കന്നിസംരംഭത്തെ അവഗണിക്കാനാവില്ല. പോർണോഗ്രഫിയുടെ ഈ സുവർണ്ണകാലത്ത് ഈ ‘A’ സർട്ടിഫിക്കറ്റിനെന്തു പ്രസക്തി എന്നാണെങ്കിൽ, ചിത്രം അതിനുള്ള മറുപടി നൽകുന്നുണ്ട്. രതികേന്ദ്രീകൃതമായ ഒരു സറ്റയറിന്റെ ഫോർമാറ്റാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. പതിവിൽ നിന്നു ഭിന്നമായി ഡോക്കുമെന്ററി സ്വഭാവമുള്ള ഒരു നോൺലീനിയർ ശില്പത്തെ ഒട്ടും ബോറടിക്കാത്ത രീതിയിൽ മിനുക്കിയെടുത്തിട്ടുണ്ട്. ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മാത്രം നാം കണ്ടുപരിചയിച്ച രതിയെ നേർക്കുനേർ പറയുന്നതിന്റെ, കാണുന്നതിന്റെ ഒരസ്വസ്ഥത പലരും പ്രകടിപ്പിക്കുന്നുണ്ട്. തിരശ്ശീലയിലെ രതിമുഹൂർത്തങ്ങളുടെ ഫീഡ്ബാക്ക് അസഹിഷ്ണുതയിൽ പൊതിഞ്ഞ തെറിവാക്കുകളായി മടക്കിനൽകുന്ന പ്രേക്ഷകരും സിനിമയുടെ പ്രമേയത്തെ കൃത്യമായി വിശദീകരിക്കുന്നുണ്ട്. തെറിയുടെ അകമ്പടിയില്ലാതെ നമുക്കു രതിയുമില്ലല്ലോ.!

വിവാഹബന്ധത്തെയോ വിവാഹേതരബന്ധങ്ങളെയോ ആദർശവൽക്കരിക്കാനുള്ള ബോധപൂർവമായ ഒരു ശ്രമം സംവിധായകൻ നടത്തുന്നില്ല. എങ്കിലും, ജോസഫും (ഇന്ദ്രജിത്ത്) വിദ്യയും (മൈഥിലി) തമ്മിലുള്ള വിവാഹേതരബന്ധത്തെ പതിവുഫോർമാറ്റിൽ നിന്നു വ്യത്യസ്തമായി, വളരെ സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നു. ഏറെ ഹൃദ്യമായി വികസിച്ചുവരുന്ന അവരുടെ സംഭാഷണത്തിലൂടെയാണ് സിനിമയുടെ സന്ദേശം സംവിധായകൻ പ്രേക്ഷകനു കൈമാറുന്നതും. ഒരേ തരംഗദൈർഘ്യമുള്ള രണ്ടു മനസ്സുകളുടെ സ്വാഭാവികലയനമായി ഒരു പ്രണയം പരിണമിക്കുന്നത് നമുക്കിവിടെ കാണാം.

സന്ദേശത്തെക്കുറിച്ചാണെങ്കിൽ, ഏതുവിദ്യാസമ്പന്നനും വിശ്വസിക്കുന്ന ചൊവ്വാദോഷത്തെ സിനിമ ഡിബേറ്റ് ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട ചേർച്ചയില്ലാത്തവരുടെ അറേഞ്ച്ഡ് മാര്യേജിനെ ഡിബേറ്റ് ചെയ്യുന്നു. അതിൽ നിന്നുണ്ടാകുന്ന അസംതൃപ്തരതിയെ ഡിബേറ്റ് ചെയ്യുന്നു. അതിൽ നിന്നുണ്ടാകുന്ന വിവാഹേതരബന്ധത്തെയും ലൈംഗികപീഡനത്തെയും വ്യഭിചാരത്തെയും ഡിബേറ്റ് ചെയ്യുന്നു. യുക്തിഭദ്രമല്ലാത്ത ആണധികാരത്തെ ഡിബേറ്റ് ചെയ്യുന്നു. പുരുഷന്റെ ‘ലിംഗപര’മായ പരിമിതികളെ ഒരു നാണവുമില്ലാതെ വെളിപ്പെടുത്തുന്നു. രതിയുടെ സമസ്യകൾക്കപ്പുറം, ഷെയർമാർക്കറ്റിനെയും ചാനൽമാർക്കറ്റിനെയും ഡിബേറ്റ് ചെയ്യുന്നു. ഭക്തിയുടെയും ഉത്സവത്തിന്റെയും മാർക്കറ്റും ഡിബേറ്റ് ചെയ്യപ്പെടുന്നു.!

പോർണോഗ്രഫിയിലേയ്ക്കു വഴുതാനുള്ള ഒരു സാധ്യത സിനിമയിലെ ഓരോ സന്ദർഭത്തിലും ബോധപൂർവമെന്നോണം നിലനിർത്തുന്നുണ്ട്. എന്നാൽ ഈ സന്ദർഭങ്ങളോരോന്നും പ്രേക്ഷകന്റെ പ്രതീക്ഷയെ തെറ്റിച്ചുകൊണ്ട് ഒടുവിൽ, സാധ്യതയെ അസാധ്യതയാക്കി മാറ്റുകയും സിനിമയെ കൂടുതൽ സിനിമാറ്റിക്കാക്കുകയും ചെയ്യുന്നു. ഒടുവിൽ, രതിവില്പനക്കാരിയുടെ വള്ളി പൊട്ടിയ ചെരുപ്പിലേയ്ക്ക് ക്യാമറ തിരിച്ചുവെച്ചുകൊണ്ട് സംവിധായകൻ തന്റെ സമീപനം കൃത്യമായി വ്യക്തമാക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ, വ്യക്തിയുടെയും സമൂഹത്തിന്റെയും യാഥാർത്ഥ്യങ്ങളോടു പുറം തിരിഞ്ഞുനിൽക്കുന്ന സോപ്പ് സിനിമകൾ മാത്രം പോര. ലൈംഗികതയുൾപ്പെടെയുള്ള പ്രമേയങ്ങളെ അതീവഗൌരവത്തോടെ സമീപിക്കുന്ന നിലവാരമുള്ള ‘A’ സർട്ടിഫിക്കറ്റ് സിനിമകളും നമുക്കു വേണമെന്നർത്ഥം.!

ഫ്രോഗ്


 


ദിനവും പിറന്നുവീഴുന്ന ചെറുസിനിമകൾക്കിടയിൽ ഫ്രോഗ് എന്ന ഹ്രസ്വചിത്രത്തെ വ്യത്യസ്തമാക്കുന്നതെന്താണ്.? വെറും ഇരുപതുമിനിറ്റിന്റെ സമയദൈർഘ്യത്തിൽ കാണിയുടെ മനസ്സിനെയും ചിന്തയെയും അറസ്റ്റ് ചെയ്ത് ഒരു അപരലോകത്തെത്തിക്കാൻ കഴിയുന്നു എന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ഇതെങ്ങനെ സാധിക്കുന്നു എന്നാണെങ്കിൽ, സിനിമയെ ജീവനോളം പ്രണയിക്കുന്ന ഒരാൾ സിനിമയെടുക്കുമ്പോൾ സഹജമായി സംഭവിക്കുന്നതാണ് എന്നേ പറയാനാവൂ. Sanal Kumar Sasidharan ആണ് ഈ മനുഷ്യൻ. ലൊക്കേഷന്റെ/വിഷ്വലുകളുടെ സമർത്ഥമായ തെരഞ്ഞെടുപ്പ്, ഓരോ ഫ്രെയിമും പ്രമേയത്തിന്റെ സ്ഥലത്തിലും കാലത്തിലും തളച്ചുനിർത്തുന്ന കൃത്യമായ പരിചരണം, പാത്രസൃഷ്ടിയിലെ അതിസൂക്ഷ്മത, സംഭവങ്ങളിലെ വിസ്മയിപ്പിക്കുന്ന സത്യസന്ധത, വിശാലമായ ഒരു ജീവിതദർശനം ഇതൊക്കെ വിജയഘടകങ്ങളാണ്.

കോഴിക്കച്ചവടക്കാരന്റെ വ്യക്തിത്വത്തിലെ സവിശേഷതകൾ ബൈക്ക് യാത്രയുടെ ആദ്യസെക്കന്റുകളിൽത്തന്നെ സമർത്ഥമായി എസ്റ്റാബ്ലിഷ് ചെയ്യുന്നു. എതിർധൃവത്തിൽ വിരുദ്ധസ്വഭാവമുള്ള മറ്റൊരാളെ അഭിമുഖമായി പ്രതിഷ്ഠിക്കുന്നതോടെ ചിത്രത്തിന്റെ ഡ്രാമ പിറക്കുന്നു. ജീവിതരതിയും മരണാസക്തിയും ഒരേ വാഹനത്തിലേറുന്നതോടെ അത് ഒന്നുകൂടി മുറുകുന്നു. മരണഗന്ധമുള്ള മൂടൽമഞ്ഞിലൂടെയുള്ള ആ മലകയറ്റം നിഗൂഢമായ എന്തോ വരാനിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മരണത്തിലേയ്ക്ക് ഉറ്റുനോക്കിയിരിക്കുന്നവരുടെ മുന്നിലേയ്ക്ക് അവിചാരിതമായി അതാ രതിയുടെ കടന്നുകയറ്റം. മൃതിയുടെ മുനമ്പിൽ നിന്ന് രതിയിലേയ്ക്കുള്ള ഈ പകർന്നാട്ടമാണ് സിനിമയിലെ  ആദ്യട്വിസ്റ്റ്. വിജനമായ ആ മലനിരകൾ വിചിത്രമായ മനുഷ്യപ്രകൃതിയുടെയും യാദൃശ്ചികതയുടെയും കളിസ്ഥലമാവുകയാണ്. അവിടെയും തീരുന്നില്ല. ഒരിക്കൽക്കൂടി നമ്മെ ഞെട്ടിച്ചുകൊണ്ട് പൊടുന്നനെ ജീവിതവും മരണവും തങ്ങളുടെ സ്ഥലങ്ങൾ പരസ്പരം വെച്ചുമാറുന്നു. മനോഹരമായ രണ്ടാമത്തെ ട്വിസ്റ്റ്. പിന്നെ, മരണാസക്തിയുമായി വന്നവൻ ജീവിതത്തിലേയ്ക്ക് തിരിഞ്ഞോടുമ്പോൾ, ‘രാഗങ്ങളേ, മോഹങ്ങളേ..’ എന്ന ഐറണി അന്തരീക്ഷത്തിൽ മുഴങ്ങുന്നു. മരണത്തിൽ നിന്നു ജീവിതത്തിലേയ്ക്കുള്ള കവിത നിറഞ്ഞ ഒരു തവളച്ചാട്ടം കൂടിക്കാണിച്ചിട്ടേ സംവിധായകൻ പിന്മാറുന്നുള്ളു. ജീവിതത്തിന്റെ/മൃതിയുടെ/രതിയുടെ അതിശയിപ്പിക്കുന്ന ആപേക്ഷികസ്വഭാവത്തിലേയ്ക്ക്, ഉഭയത്ത്വത്തിലേയ്ക്ക് ‘ഫ്രോഗ്’ നമ്മെ എടുത്തുയർത്തുകയാണ്..! 

സക്കറിയായുടെ ഗർഭിണികൾ

സത്യത്തിൽ എന്താണു സംഭവിച്ചതെന്നു ചോദിച്ചാൽ, ദൈവം ഒന്നു തുടങ്ങിക്കൊടുത്തെങ്കിലും പിന്നെയുള്ള പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചത് സ്ത്രീയാണ്.! പുരുഷൻ ഒരുപകരണം മാത്രമായിരുന്നു. അല്ലെങ്കിലും ഈയൊരഹങ്കാരം സത്രീയ്ക്ക് എന്നുമുണ്ടാവും. ലോകം തന്റെ കാൽക്കീഴിലാണെന്ന ഒരു ഗർവ്വ് ഏതൊരു ഗർഭിണിയുടെയും മുഖത്തുനിന്ന് വായിച്ചെടുക്കാം. മറുവശത്ത്, ഈ പുണ്യകർമ്മത്തിൽത്തന്നെ ഒട്ടും പ്രിയമല്ലാത്ത ഗഹനതകളും അടങ്ങിയിട്ടുമുണ്ട്. ചുരുക്കത്തിൽ, ഗർഭത്തിന്റെയും മാതൃത്വത്തിന്റെയും മഹത്വത്തെക്കുറിച്ചുള്ള വീമ്പുപറച്ചിലല്ല, അതിലടങ്ങിയ കാലികമായ സങ്കീർണ്ണതകളാണ് ഈ സിനിമയെ സിനിമയാക്കുന്നത്. എന്തുകൊണ്ട് ഗർഭിണികൾ എന്ന ചോദ്യം ന്യായമാണ്. ഉത്തരവുമുണ്ട്. മനുഷ്യനും മൃഗത്തിനുമിടയ്ക്കുള്ള വരകൾ മാഞ്ഞുപോകുന്ന ഈ കാലത്തെ വരയ്ക്കാൻ ഇതിലും നല്ലൊരു പ്ലോട്ട് വേറെയുണ്ടോ.?

അനീഷ് അൻവർ എന്ന പുരുഷനാണ് സിനിമയുടെ സ്രഷ്ടാവെങ്കിലും സിനിമ സ്ത്രീപക്ഷമാണ്. സ്വാതന്ത്ര്യത്തിന്റെ തുറസ്സിലേയ്ക്കുണരുന്ന പുതിയ കാലത്തിന്റെ പ്രതിനിധികളാണ് ഇതിലെ അഞ്ചു സ്ത്രീകളും. ജാരൻ, വിത്തുകാള, ഷണ്ഡൻ തുടങ്ങിയ വിശേഷണപദങ്ങൾ പുരുഷകേസരികൾക്കെതിരെ കൃത്യമായി എടുത്തുവീശുന്നുണ്ട്. അല്ല, പറയുന്നതിൽ അല്പം കാര്യവുമുണ്ട്. പത്രവാർത്തകൾ വെറും വാർത്തകൾ മാത്രമല്ലല്ലോ. പുതിയ കാലത്തിൽ തറച്ചുനിർത്തിയ ഭയപ്പെടുത്തുന്ന ഈ സത്യസന്ധതയെ നമ്മൾ മാനിച്ചേ പറ്റൂ.  പുതിയ സംവിധായകന്റെ പേരു കണ്ട് പടം കാണാതിരിക്കണ്ട. മെലോഡ്രാമയുടെ മുഖപടമൂരിയെറിഞ്ഞ് സിനിമ അതിന്റെ പേസ് കണ്ടെത്തുന്നതിന്റെ വിശ്വസനീയമായ തൊണ്ടിമുതൽ തന്നെയാണ് സംഭവം.!

ഇടുക്കി ഗോൾഡ്കല കാലികമായിരിക്കണം. കാലത്തിനപ്പുറത്തേയ്ക്കു കൂടി നോക്കുമ്പോൾ അത് ഉദാത്തമായിത്തീരുന്നു. മേക്കിങ്ങ് അഥവാ ക്രാഫ്റ്റാണു കലയെന്ന് പുതിയ കാലം കരുതുന്നു. കാലികതയിൽ അഭിരമിക്കുന്നുണ്ടെങ്കിലും അതിനപ്പുറത്തേയ്ക്കുള്ള കാഴ്ചകൾ പൊതുവിൽ സിനിമയ്ക്ക് അന്യമായിരിക്കുന്നു.

ഗൃഹാതുരത്വമെന്ന ക്ലീഷെയെ ഒരു സിനിമ വീണ്ടും ദൃശ്യവൽക്കരിക്കുമ്പോൾ അതിൽ വലിയൊരു അപകടമുണ്ട്. ഈ പ്ലോട്ടിന്റെ ഇരുവശത്തുമായി കള്ളും കഞ്ചാവും കൂടിവരുമ്പോൾ അതല്പം കൂടി ഗുരുതരമാവുന്നു. എന്നാൽ, സംവിധായകന്റെയും തിരക്കഥാകൃത്തുകളുടെയും സമർത്ഥമായ ഇടപെടൽ സിനിമയെ രക്ഷപ്പെടുത്തുന്നു. ജാടകളില്ലാത്ത ഒരു റിയാലിറ്റിയും അതിഭാവുകത്വമില്ലാത്ത ഒരു കറുത്ത ഹാസ്യവും സിനിമയ്ക്ക് വ്യത്യസ്തമായ ഒരു ടോൺ നൽകുന്നുണ്ട്. ‘ഇതൊരു കെട്ടിച്ചമച്ച കഥയാണ്. ലഹരിവസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നില്ല. അവ ഉപയോഗിച്ചാൽ ഷണ്ഡതയുണ്ടാവു‘മെന്ന ആ കടുപ്പമുള്ള തുടക്കത്തിൽത്തന്നെ പടത്തിന്റെ മൂഡ് കാണാം. ആരോപണം സിനിമക്കാർ നേരത്തെ കണ്ടിരുന്നുവെന്നു സാരം. ഒരു സിനിമയുടെയും സഹായമില്ലാതെ തന്നെ മലയാളി നന്നായി മദ്യപിക്കുകയും കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നതായി നമുക്കറിയാമെങ്കിലും കലയിലെ ലഹരിയെ വിമർശിക്കുകയെന്നത് നമ്മുടെ സദാചാരശീലമാണ്.!

ഒരു ചെറുകഥയെ 2 മണിക്കൂർ സിനിമയാക്കിയതിന്റെ ആശയക്കുഴപ്പങ്ങൾ അവിടവിടെയുണ്ട്. രണ്ടാം പകുതി അത്ര രസായില്ല. എന്തായാലും, എൺപതുകളിൽ യുവാക്കളായിരുന്ന അഞ്ചു നായകനടന്മാർക്ക് ഈ സിനിമ ഗൃഹാതുരതയുടെ ആഘോഷം തന്നെയായിരിക്കും. ചരിത്രത്തിലാദ്യമായി സ്വഭാവനടനായി മാറിയ ബാബു അന്റണിയുടെ ചിരി ഈ സിനിമയുടെ ഭാഗ്യം തന്നെയാണ്. ‘നിന്റെ കുഞ്ഞിന്റെ പിതാവാരെന്ന് ഞാനിതുവരെ ചോദിച്ചിട്ടില്ലല്ലോ’ എന്ന ഭാര്യയോടുള്ള അയാളുടെ ചോദ്യം തന്നെയാണ് ഈ സിനിമയെ കാലത്തിൽ തളച്ചുനിർത്തുന്നതും. മധ്യവയസ്സിന്റെ മടുപ്പിക്കുന്ന ജീവിതസന്ധിയിലെത്തി തിരിഞ്ഞുനോക്കുന്ന അഞ്ചു പുരുഷന്മാർ. ബാല്യത്തെ ഒരിക്കൽക്കൂടി പുണരാൻ കൊതിക്കുന്ന അവരുടെ ഭാഷയും ഭാവവും സമാനഹൃദയരുടെ മനം കവരും. അല്ലാത്തവർക്ക് പടം ബോറടിച്ചേക്കാം. അതിന് ആരും ഉത്തരവാദിയല്ല.!

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി
ഗുണപരമായ കാര്യങ്ങൾ പറഞ്ഞാൽ, ന്യൂജനറേഷൻ കുട്ടികളിൽ നിന്ന് മികച്ച മേക്കിങ്ങിനപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന നിരൂപകമതത്തിനുള്ള ഒരു കുഞ്ഞു തിരിച്ചടിയാണ് ഈ സിനിമയുടെ ഭൂമിയും ആകാശവും. താരങ്ങളുടെ സിനിമയിൽ നിന്ന് സംവിധായകന്റെ സിനിമയിലേക്കുള്ള ഒരു transition ഇതിലുണ്ട്. മേക്കിങ്ങിലെ പുതുമയ്ക്കൊപ്പം ഉള്ളടക്കത്തിന്റെ പ്രാധാന്യത്തിലേയ്ക്കുള്ള മടക്കം ശ്രദ്ധേയമാണ്. മലയാളഭാഷയിൽ ഒരിന്ത്യൻ സിനിമ പിടിക്കാനുള്ള വിനീതശ്രമമായും കാണാം. ഒരു ടിപ്പിക്കൽ ക്ലീഷേ പ്രണയപശ്ചാത്തലം നമുക്കിപ്പോഴും അനിവാര്യമാണെങ്കിലും മതമെന്ന സമകാലികസമസ്യയെ അല്പം ഗൌരവമായി അഡ്രസ്സ് ചെയ്യുന്നുണ്ട്. ചില രാഷ്ട്രീയപ്രമേയങ്ങളെയും തൊട്ടു കടന്നുപോകുന്നുണ്ട്. നന്ന്. റോഡ് മൂവീയുടെ സാധ്യതകൾ ഉപയോഗിച്ച് പുതിയ ഇന്ത്യയുടെ റഫ് സ്കെച്ച് വരയ്ക്കാനുള്ള നീക്കം അഭിനന്ദനാർഹം. കണ്ടിരിക്കെ, Walter Salles-ന്റെ The Motorcycle Diaries ഓർമ്മവരുന്നുണ്ട് എന്നതു നേരാണ്. ചെറിയ ചെഗുവേരയുടെ ലോകസഞ്ചാരം മാത്രമല്ല ആ ഡയറിയും സിനിമയും ഒരുപോലെ പ്രശസ്തമാണല്ലോ. ഈയൊരു റോഡ് മൂവീയുടെ ശില്പം അതേപടി ആവർത്തിച്ചിട്ടുണ്ട്. ലോകസിനിമയുടെ ഫോർമാറ്റിലേക്കു വളരാനുള്ള ശ്രമം അതിലെ ശരിയുമാണ്. എനിവേ, മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്ന മനുഷ്യന്റെ കഥ, ലോകമനുഷ്യന്റെ, മാനവികതയുടെ കഥ തന്നെയാണ്.