Saturday, November 21, 2009

കേരളവര്‍മ്മ പഴശ്ശിരാജാ; ചിത്രവും ചരിത്രവും..!













ചരിത്രം ഓര്‍മ്മയാണ്; ഒരു സമൂഹത്തിന്റെ ദീപ്തസ്മരണകളുടെ സമാഹാരം.! തലമുറകള്‍ക്കായി കാലം കരുതിവെച്ച പൈതൃകസമ്പത്ത്.! നമ്മുടെ ചരിത്രപുസ്തകങ്ങള്‍ തന്നെ, അര്‍ദ്ധസത്യങ്ങളാല്‍ സമൃദ്ധമായിരിക്കേ, അവയുടെ പുനര്‍വായനയും വ്യാഖ്യാനങ്ങളും എത്രത്തോളം പ്രശ്നസങ്കീര്‍ണ്ണമാവാമെന്നു പറയേണ്ടതില്ലല്ലോ..?

അതെന്തായാലും, വടക്കന്‍പാട്ടുകളിലൂടെ ചിരപരിചിതനായ ചന്തുവിന്റെ ചരിതങ്ങളെ മാറ്റിയെഴുതി ചതിയ്ക്കുപകരം ആ ഹൃദയത്തില്‍ നന്മയുടെ ദീപം തെളിയിച്ച എം.ടിയെ മലയാളി അതിരറ്റു സ്നേഹിക്കുന്നു! പെരുന്തച്ചനും മകനുമിടയിലെ വൈരുദ്ധ്യങ്ങള്‍ക്കും പുതിയ ഭാഷ്യങ്ങള്‍ ചമച്ച് അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തി.! എന്നാല്‍, വള്ളുവനാട്ടില്‍, കോട്ടയം രാജ്യത്തിലെ ‘വീരസിംഹ‘മായിരുന്ന പഴശ്ശിരാജായുടെ ലിഖിത ചരിത്രത്തില്‍ അത്രയൊന്നും ഇടപെടാന്‍ തന്റെ പുതിയ തിരക്കഥയിലൂടെ എം.ടി. മുതിര്‍ന്നില്ല എന്നതില്‍ ചരിത്രബോധമുള്ള മലയാളിയ്ക്ക് ആശ്വസിക്കാം.! വിശേഷിച്ച്, ദേശത്തിന്റെ അതിരുകള്‍ ഭേദിച്ച് കടല്‍ കടക്കുന്ന നമ്മുടെ സിനിമ ചരിത്രവസ്തുതകളെക്കുറിച്ച് പുറം ലോകത്തിനു തെറ്റായ സന്ദേശം നല്കാനിടയുള്ള പുതിയ സാഹചര്യത്തില്‍.!

കച്ചവടത്തിനെത്തി, പിന്നീട് കോളനിവല്‍ക്കരണത്തിലേക്കു കണ്ണുനട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയെ തന്റെ കറകളഞ്ഞ രാജ്യസ്നേഹത്താല്‍ വിറപ്പിച്ച പഴശ്ശി കേരളവര്‍മ്മയുടെ ധീരതയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും ദൃശ്യാഖ്യാനമാണ് ഹരിഹരന്റെ സംവിധാനമികവില്‍ പുറത്തുവന്ന ‘കേരളവര്‍മ്മ പഴശ്ശിരാജാ’ എന്ന ചലച്ചിത്രം. ചന്തുവിനും അംബേദ്ക്കര്‍ക്കും ശേഷം താരരാജാവായ മമ്മൂട്ടിയ്ക്ക് ഇതാദ്യമായി, ചരിത്രപുരുഷനായ ഒരു യഥാര്‍ത്ഥ രാജാവിന്റെ വേഷം തന്നെ ലഭിക്കുന്നു..!

18-ം നൂറ്റാണ്ടിന്റെ അന്ത്യപാദമാണ് സിനിമയിലെ കാലം. കൃത്യമായി പറഞ്ഞാല്‍ 1795 ജൂണ്‍ മുതല്‍ 1805 നവംബര്‍ 30-നു നടന്ന പഴശ്ശിയുടെ വീരമൃത്യു വരെ. ജനങ്ങളുടെ മേല്‍ അന്യായമായി അടിച്ചേല്‍പ്പിച്ച നികുതി താന്‍ പിരിച്ചു നല്‍കുകയില്ല എന്നു തീരുമാനിച്ചുകൊണ്ട് കമ്പനിയുമായി ഒരു തുറന്നയുദ്ധത്തിനു പഴശ്ശി തയ്യാറാവുന്ന ചരിത്ര മുഹൂര്‍ത്തത്തിലാണ് സിനിമ ആരംഭിക്കുന്നത്. കച്ചവടത്തിനു വന്നവര്‍ രാജ്യകാര്യങ്ങളിലിടപെടുന്നത് പൊറുക്കാന്‍ രാജാവിനാകുമായിരുന്നില്ല. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പഴശ്ശിയെ അറസ്റ്റ് ചെയ്യുവാന്‍ അദ്ദേഹത്തിന്റെ വസതിയായ പടിഞ്ഞാറേ കോവിലകം റെയ്ഡ് ചെയ്ത പട്ടാളത്തിനു പക്ഷേ, നിരാശരാകേണ്ടി വന്നു. രാജാവിനെ കിട്ടാത്തതിനുള്ള പ്രതികാരമായി കൊട്ടാരത്തിലെ സ്വത്തു മുഴുവന്‍ അവര്‍ കൊള്ളയടിക്കുന്നു.!

സ്വന്തം അമ്മാവനായ വീരവര്‍മ്മയുടെ (തിലകന്‍) പോലും പിന്തുണയില്ലാതെ, ഒളിവില്‍ താമസിച്ച് പഴശ്ശി സായിപ്പിനെതിരെ കരുക്കള്‍ നീക്കുന്നു. ഇടത്തും വലത്തും പടനായകരായ എടച്ചേന കുങ്കനും (ശരത് കുമാര്‍) രാജപത്നിയായ മാക്കത്തിന്റെ നേരാങ്ങളയായ കൈതേരി അമ്പുവും (സുരേഷ് കൃഷ്ണ) പിന്നില്‍, തലയ്ക്കല്‍ ചന്തുവും (മനോജ് കെ. ജയന്) നീലിയും (പത്മപ്രിയ) നയിക്കുന്ന കുറിച്യപ്പടയും അണിനിരക്കുന്നതോടെ, സിരകളെ ത്രസിപ്പിക്കുന്ന ഒളിപ്പോരിന്റെ ചടുലമുഹൂര്‍ങ്ങള്‍ കടന്നുവരികയായി.! അതിസൂക്ഷ്മമായ ദൃശ്യ-ശബ്ദവിന്യാസവും സമര്‍ത്ഥമായ എഡിറ്റിങ്ങും ചേര്‍ന്ന് കാണികളുടെ ശ്വാസഗതി വര്‍ദ്ധിപ്പിക്കുന്ന നിമിഷങ്ങള്‍..! കമ്പനിയുടെ റിബലുകളായി തന്നോടൊപ്പം ചേര്‍ന്ന ആയിരങ്ങള്‍ക്കു മുന്നില്‍ പഴശ്ശി ഹൃദയം തുറക്കുന്നു: ‘സ്വാതന്ത്ര്യത്തിനായുള്ള ഈ പോരാട്ടത്തില്‍, അവസാനം വരെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാവും.!

വനാന്തരത്തില്‍ വെച്ചു നടക്കുന്ന ആദ്യത്തെ പൊരിഞ്ഞ പോരാട്ടത്തില്‍, തോക്കിനുമേല്‍ അമ്പ് വിജയം വരിക്കുന്നതോടെ പട്ടാളത്തിന് പഴശ്ശിയുടെ ശക്തി ബോധ്യപ്പെടുന്നു.. ധര്‍മ്മപത്നിയായ മാക്കത്തിന്റെ (കനിക സുബ്രഹ്മണ്യം) വസതിയില്‍ പഴശ്ശിയെത്തിയതു മണത്തറിഞ്ഞ കമ്പനിയുടെ അനുയായി പഴയവീടന്‍ ചന്തുവും (സുമന്‍) കൂട്ടാളികളും അവിചാരിതമായി അവിടെയെത്തി, പഴശ്ശിയെ തോക്കിന്‍കുഴലിനു മുന്നില്‍ തളയ്ക്കുന്നുണ്ടെങ്കിലും മാക്കത്തിന്റെ സമയോചിതമായ ഇടപെടല്‍ നിരായുധനായ രാജാവിന് ഒരുറുമിയുടെ ബലം നല്‍കുകയും നിമിഷാര്‍ത്ഥത്തില്‍, ശത്രുക്കള്‍ നിലംപരിശാവുകയും ചെയ്യുന്നു.!

വീണ്ടും പ്രതിരോധത്തിലായ രാജാവിന് ഒളിവുജീവിതം അനിവാര്യമായിത്തീരുന്നു.! പഴയ കൂട്ടാളികളില്‍ പലരും സായിപ്പിന്റെ ശിങ്കിടികളായി കൂറുമാറിയപ്പോള്‍, നാട്ടുപ്രമാണിമാരായ എമ്മന്‍ നായരും (ലാലു അലക്സ്) ഉണ്ണിമൂത്തയും (ക്യാപ്റ്റന്‍ രാജു) മറ്റും ആളും അര്‍ത്ഥവും നല്‍കി ഒപ്പം നില്‍ക്കുന്നു. ചിറയ്ക്കല്‍ രാജാവിന്റെ സാന്നിദ്ധ്യത്തില്‍ തലശ്ശേരി കോട്ടയില്‍ നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചയില്‍, ജനങ്ങളുടെ സമാധാന ജീവിതത്തെക്കരുതി, പഴശ്ശി സമാധാനക്കരാറില്‍ ഒപ്പുവെച്ചത് സൈന്യത്തിന്റെ മനോവീര്യത്തെ അല്പം കെടുത്തുന്നുണ്ട്. എന്നാല്‍, പടത്തലവനായ കുങ്കന്റെ രാജഭക്തിയും പൂര്‍ണ്ണമായ സമര്‍പ്പണവും പഴശ്ശിക്കു തുണയാകുന്നു. ‘വലിയ യുദ്ധം വരും.! തമ്പുരാന്‍ തോല്‍ക്കരുതെ’ന്ന് അയാള്‍ അമ്പുവിനെ ഓര്‍മ്മിപ്പിക്കുന്നു..

പട്ടാളത്തിന്റെ പുതിയ താവളമായ പനമരം കോട്ട പഴശ്ശിസൈന്യത്തിന്റെ രൂക്ഷമായ ആക്രമണത്തില്‍ തകരുന്നു ! അസി.കളക്ടര്‍ ബേബറിന്റെ നേതൃത്വത്തില്‍, കമ്പനിപ്പട്ടാളം തമ്പുരാന്റെ വലം കൈകളായ കണ്ണവത്തു നമ്പ്യാരെയും തലക്കല്‍ ചന്തുവിനെയും ചതിപ്രയോഗത്തില്‍ പിടികൂടി ജനമധ്യത്തില്‍ തൂക്കിലേറ്റുന്നു.! രാജാവിനെയും പടത്തലവനായ കുങ്കനെയും ഒരേപോലെ തളര്‍ത്തിയ ഈ സംഭവത്തോടെ പഴശ്ശിയുടെ പതനം തുടങ്ങുകയാണ്.! കമ്പനിയുടെ പട്ടാളത്തലവനെ ഒറ്റയ്ക്കു നേരിട്ട് കൊന്നു കെട്ടിത്തൂക്കിയാണ് പഴശ്ശി തന്റെ വലംകൈയായിരുന്ന ചന്തുവിന്റെ കൊലയ്ക്കു പകരം വീട്ടുന്നത്.!കാടിനുള്ളിലെ പുതിയ താവളവും കമ്പനിപ്പട്ടാളം കണ്ടെത്തിക്കഴിഞ്ഞുവെന്ന വാര്‍ത്ത ലഭിക്കുന്നു. സൈന്യത്തെ വഴിയില്‍ തടയുന്നതിനിടയില്‍, സ്വന്തം ജീവന്‍ ബലി നല്‍കി കൈതേരി അമ്പു രാജാവിന്റെ ജീവന്‍ കാക്കുന്നു.! മാക്കത്തിന്റെയും കുങ്കന്റെയും പഴശ്ശിയുടെയും കണ്മുന്നില്‍ അമ്പുവിന്റെ അന്ത്യയാത്ര സിനിമയിലെ ഏറ്റവും വികാരനിര്‍ഭരമായ രംഗമായി മാറുന്നു.‘നമ്മളെല്ലാം പോകും..! എന്നാല്‍, നമ്മുടെ വാളുകള്‍ പറഞ്ഞ കഥകള്‍ സംവത്സരങ്ങള്‍ കഴിഞ്ഞാലും നിലനില്‍ക്കും.! പുതിയ കുട്ടികള്‍ അവ കേട്ടുപഠിക്കും..!!’ പഴശ്ശിയുടെ വാക്കുകള്‍ ചരിത്രനിര്‍മ്മിതിയ്ക്കു പിന്നിലെ തീരാത്ത വേദനകള്‍ അനാവരണം ചെയ്യുന്നു.!

പട്ടാളത്തിനു മേല്‍ക്കൈ ലഭിച്ചതോടെ തമ്പുരാന്റെ സംരക്ഷണം കുങ്കന് വലിയ വെല്ലുവിളിയായിത്തീരുന്നു.! തുടരെയുള്ള തോല്‍വികളില്‍ നിരാശരായി, കൂടെ അവശേഷിച്ചവരും രാജാവിനെ വിട്ടു പോകുന്നു.! അതിനിടെ, പഴയവീടന്‍ ചന്തുവിനെ ഒരു ദ്വന്ദ്വയുദ്ധത്തില്‍ കുങ്കന്‍ കുത്തി മലര്‍ത്തുന്നു.! പുഴയുടെ തീരത്ത് ചോരപുരണ്ട കൈകള്‍ കഴുകുന്ന കുങ്കനെ ബേബറുടെ നേതൃത്വത്തില്‍ പട്ടാളം വളയുന്നു.! സായിപ്പിന്റെ തൂക്കുമരത്തിലേറാന്‍ മനസ്സില്ലാത്ത അഭിമാനിയായ അയാള്‍ കണ്ടുനില്‍ക്കുന്നവരെ നടുക്കിക്കൊണ്ട് സ്വന്തം നെഞ്ചില്‍ കഠാര കുത്തിയിറക്കി ആത്മാഹുതി ചെയ്യുന്നു.! സാക്ഷിയായ പുഴയുടെ മടിയിലേയ്ക്ക്, സ്വയം സമര്‍പ്പിക്കുന്നു.! വാക്കുകള്‍ ഭയന്നു മാറി നില്‍ക്കുന്ന കുങ്കന്റെ അന്ത്യരംഗം ലോകസിനിമയിലെ തന്നെ മികച്ച ദൃശ്യാവിഷ്ക്കാരങ്ങളിലൊന്നാണ്.! പഴശ്ശി കേരളവര്‍മ്മയെന്ന ആണ്‍സിംഹമാവട്ടെ, തന്റെ അന്തിമവിധിയെപ്പറ്റിയുള്ള പൂര്‍ണ്ണബോധ്യത്തോടെ, പട്ടാളത്തോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടി വീരമൃത്യു വരിക്കുന്നു.!

മലയാളസിനിമയുടെ ചരിത്രത്തിലെ ഒരു പ്രധാന സംഭവം തന്നെയാണ് ‘പഴശ്ശിരാജാ’. ഹരിഹരന്‍ എന്ന സംവിധായകന്റെ ഏറ്റവും മികച്ച സൃഷ്ടിയും. തീയറ്ററില്‍, താരരാജാവിനെ വാഴ്ത്തിപ്പാടുവാന്‍ മത്സരിക്കുന്ന അനുയായികള്‍ പോലും ക്രമത്തില്‍ കുറിച്ച്യപ്പടയുടെ പോരാട്ടവീര്യത്തില്‍ മുഴുകുന്ന കാഴ്ച കൌതുകകരമായിരുന്നു.! യഥാര്‍ത്ഥ രാജാവിന് അരങ്ങില്‍ യുദ്ധം ചെയ്യാനുള്ള അവസരങ്ങള്‍ കുറവായതിനാല്‍, ഈ അനുകൂല്യം മുതലെടുത്ത് പടത്തലവന്റെ വീരരസം മുഴുവനായി തന്നിലേക്കാവാഹിക്കാനും എടച്ചേന കുങ്കന്‍ ഒരാണ്‍കുട്ടി തന്നെയെന്ന് തെളിയിക്കാനും ശരത്കുമാറിനു കഴിഞ്ഞിട്ടുണ്ട്.! തന്റെ ശരീരഭാഷയെ ഈ കഥാപാത്രത്തിനു വേണ്ടി മെരുക്കിയെടുക്കുന്നതില്‍ ഈ തമിഴ് നടന്‍ പൂര്‍ണ്ണമായി വിജയിച്ചു.! സുരേഷ്ഗോപിക്കു പകരം ശര‍ത്കുമാറിനെ കാസ്റ്റ് ചെയ്യുന്നതില്‍ കാട്ടിയ ധൈര്യം സൂപ്പര്‍താരത്തിന്റെ കാര്യത്തില്‍ കൂടി കാണിച്ചിരുന്നെങ്കില്‍ പഴശ്ശി എന്ന കഥാപാത്രത്തിനും സിനിമയ്ക്കു തന്നെയും ഒരു ‘പുതിയ’ മാനം കൈവരുമായിരുന്നു.! താരം ആരാധകരില്‍ ആവേശം പകരുന്നുണ്ടെങ്കിലും അദ്ദേഹം മുന്‍പു ചെയ്തുതീര്‍ത്ത കത്തിവേഷങ്ങളുടെ ഹാങ് ഓവര്‍ പലപ്പോഴും ആസ്വാദനത്തിലെ രസനീയത കെടുത്തുന്നു.! മനോജ് കെ.ജയനും പത്മപ്രിയയും മറ്റും സന്ദര്‍ഭമാവശ്യപ്പെടുന്ന കൃത്യമായ പ്രകടനം കാഴ്ച വെക്കുന്നു.!

തിരക്കഥയില്‍ കൃതഹസ്തനെങ്കിലും, എം.ടിയുടെ ഒരു മികച്ച രചനയായി ഈ ചിത്രത്തെ കരുതാനാവില്ല. എങ്കിലും, ചരിത്രസംഭവങ്ങളില്‍ അവശ്യം വേണ്ട ഗവേഷണം നടത്തിയിട്ടുണ്ടെന്നു കാണാം. കൊള്ളലാഭത്തിനു വില്‍ക്കാനുള്ള ഒരു ചരക്കു മാത്രമായി സിനിമയും തരംതാണുകഴിഞ്ഞ ഇക്കാലത്ത് ചരിത്രസത്യങ്ങളോട് ഒരു പരിധി വരെയെങ്കിലും നീതിപുലര്‍ത്താന്‍ സിനിമയുടെ ശില്‍പ്പികള്‍ക്കു കഴിഞ്ഞത് ആശ്വാസം.! പഴശ്ശിയുടെ അന്ത്യരംഗങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള അസി. കളക്ടര്‍ ബേബറുടെ കത്തുകള്‍ നേരത്തേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, മമ്മൂട്ടിയുടെ താരപദവി നിലനിര്‍ത്തുവാന്‍, ഈ വസ്തുതകളില്‍‍ വെള്ളം ചേര്‍ത്ത് ക്ലൈമാക്സ് അതിനാടകീയ മാക്കിയതിനെ ഒട്ടും നീതീകരിക്കാനാവില്ല.! താരാരാധകര്‍ക്കു വേണ്ടിയുള്ള ഈ ഒത്തുതീര്‍പ്പ് തീര്‍ച്ചയായും ചിത്രത്തിന്റെ ആധികാരികതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.!

പാത്രസൃഷ്ടിയിലും സംഭാഷണങ്ങളിലും, ക്ളീഷേ ആയിക്കഴിഞ്ഞ എം.ടിയുടെ പതിവുശൈലി തന്നെയാണ് ഈ ചിത്രത്തിലും കാണുന്നത്.! ആണ്‍കോയ്മയുടെ താരപ്രഭയില്‍ മങ്ങിപ്പോകുന്ന സ്ത്രീകഥാപാത്രങ്ങള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു.! കെടാത്ത സമരവീര്യവുമായി പ്രേക്ഷകനെ അമ്പരപ്പിക്കുന്ന നീലിയുടെ പാത്രസൃഷ്ടിയാണ് ഇക്കാര്യത്തില്‍ ഏക ആശ്വാസം.! രാജപത്നിയായ മാക്കം പോലും കാമോദ്ദീപകമായ ഒരു പെണ്‍ശരീരം മാത്രമായി ഒതുങ്ങിപ്പോയതിന്റെ ഉത്തരവാദിത്തം ജ്ഞാനപീഠജേതാവായ തിരക്കഥാകൃത്തിനു തന്നെ.! ഒരു പൈങ്കിളി നോവലിലെപ്പോലെ, സ്വപ്നം കാണലും പാട്ടുപാടലും കള്ളക്കരച്ചിലുമൊക്കെ ത്തന്നെയാണ് ഈ കഥാപാത്രത്തിന്റെ സിനിമയിലെ ദിനചര്യ.! ഒരു സന്ദിഗ്ദ്ധഘട്ടത്തില്‍, നിരായുധനായ ‘ഭര്‍ത്താവിന് തളികയിലൊളിപ്പിച്ച് ഉറുമി നല്‍കുന്ന രംഗത്തില്‍ മാത്രമാണ് അവരുടെ വ്യക്തിത്വം അല്പമെങ്കിലും നിഴലിക്കുന്നത്.! എന്തായാലും, അര്‍ഹമായ പരിഗണന ഒരിടത്തും ലഭിക്കാത്ത ആദിവാസിസമൂഹം പഴശ്ശിവിപ്ളവത്തില്‍ ചെലുത്തിയ പങ്ക് ഊന്നിപ്പറയാന്‍ എം.ടി. തിരക്കഥയില്‍ ഇടം കണ്ടെത്തിയത് അഭിനന്ദനനാര്‍ഹം തന്നെ.!

സാങ്കേതികതയില്‍, ഇന്നു മലയാളത്തിലിറങ്ങുന്ന എതൊരു സിനിമയെക്കാളും ഉന്നതനിലവാരം പുലര്‍ത്താന്‍ ഇതിന്റെ അണിയറശില്‍പ്പികള്‍ ശ്രമിച്ചിട്ടുണ്ട്.! ഡിസംബറില്‍, തിരുവനന്തപുരത്തു നടക്കുന്ന അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍ ലോകസിനിമാ വിഭാഗത്തിലേക്കാണ് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.! അഭിനയം, സാങ്കേതിക വിദ്യ എന്നീ രംഗങ്ങളില്‍ വിദേശീയരടക്കമുള്ള പ്രതിഭകളെ അണിനിരത്താന്‍ കഴിഞ്ഞത് ഒരു നല്ല മാതൃക തന്നെയാണ്; മാര്‍ക്കറ്റിങ്ങ് ഇതില്‍ ഒരു പ്രധാന ഘടകമാണെങ്കില്‍ക്കൂടി.!ഹംഗേറിയന്‍ ഓര്‍ക്കസ്ട്രായുടെ സഹായത്തോടെ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തില്‍ ഇളയരാജാ വരുത്തിയ വ്യതിരിക്തത ശ്രദ്ധേയമാണ്.! എന്നാല്‍, ഗാനങ്ങളില്‍ ഈ വ്യത്യസ്തത പ്രകടമായില്ല എന്നതും പറയണം.! വിഷ്വലുകള്‍ക്കൊപ്പം സിനിമയിലെ ശബ്ദവും പ്രധാനമാണെന്ന് റസൂല്‍ പൂക്കുട്ടിയുടെ ഇടപെടല്‍ വിളിച്ചു പറയുന്നുണ്ട്.! വാള്‍പ്പയറ്റും വയനാടന്‍ കാറ്റും കുതിരക്കുളമ്പടിയും അമ്പിന്റെ സീല്‍ക്കാരവും ശബ്ദപാളികളായി നമ്മെ ഒപ്പം നടത്തുന്നു.! 18-ം നൂറ്റാണ്ടിന്റെ സ്ഥലവും കാലവുമുയര്‍ത്തുന്ന കനത്ത വെല്ലുവിളി കലാസംവിധായകനായ മുത്തുരാജ് സധൈര്യം ഏറ്റെടുത്തിരിക്കുന്നു.! ‘ഗുരു’വിനു ശേഷം അദ്ദേഹത്തിന്റെ മികച്ച സെറ്റുകള്‍.! രാമനാഥ ഷെട്ടിയുടെ ക്യാമറാവര്‍ക്ക് ലോകസിനിമയോടു കിടപിടിക്കുന്ന ക്ളാസ്സിക് സ്വഭാവം പ്രദര്‍ശിപ്പിക്കുന്നു.! വെളിച്ചത്തിന്റെ ക്രമീകരണം ശ്രദ്ധാപൂര്‍വ്വം നിര്‍വഹിച്ച നിരവധി സീക്വന്‍സുകള്‍ ചിത്രത്തിലുണ്ട്.! ശ്രീകര്‍ പ്രസാദിന്റെ ചിത്രസംയോജനമികവ് ഒരു പീരിയഡ് സിനിമയെ പിരിമുറുക്കമുള്ള മൂന്നു മണിക്കൂറിന്റെ ദൈര്‍ഘ്യത്തിലൊതുക്കി നിര്‍ത്തി.! ഒറ്റ വാക്കില്‍ പറഞ്ഞാല്‍, a project, well-executed.!

രേഖപ്പെടുത്തപ്പെട്ട നമ്മുടെ സ്വാതന്ത്ര്യസമരങ്ങള്‍ക്കും ഗാന്ധിമാര്‍ഗ്ഗങ്ങള്‍ക്കും വളരെ മുന്‍പേ, സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ആയിരക്കണക്കിനു മനുഷ്യരെക്കുറിച്ചുള്ള ഓര്‍മ്മ പുതുക്കാന്‍ ഈ സിനിമ ഒരു നിമിത്തമായി എന്നത് ഒരു നിസ്സാരകാര്യമല്ല.! മുന്‍പ് കമ്പനികളെ ഇവിടെ നിന്നു തുരത്താന്‍ വേണ്ടി നമ്മുടെ പിതാമഹന്മാര്‍ ജീവന്‍ വെടിഞ്ഞുവെങ്കില്‍ ഇന്ന് വിദേശ കമ്പനികളെ സ്വാഗതം ചെയ്യാന്‍ ചുവപ്പു പരവതാനി വിരിച്ച് നാം കാത്തിരിക്കുന്നു.! ഈ വിരോധാഭാസത്തിന്റെ വിഷമസ്മൃതിയില്‍ ഈ കുറിപ്പവസാനിപ്പിക്കാം.!