ഇന്ത്യൻ സിനിമ നൂറാം പിറന്നാൾ ആഘോഷിക്കുകയാണ്. പിന്നിട്ട നൂറു വർഷങ്ങൾ,
ധൈര്യസമേതം ലോകത്തിനു മുൻപിൽ വെക്കാവുന്ന എത്ര സിനിമകൾ നമുക്കുതന്നു എന്ന
ചോദ്യം ഇപ്പോൾ പ്രസക്തമാണ്. മറുപടിയ്ക്കായി വിരലുകൾ അധികം
മടക്കേണ്ടിവരില്ല. നേരനുഭവത്തിന്റെ, ചരിത്രബോധത്തിന്റെ, ലോകവീക്ഷണത്തിന്റെ
പരിമിതികൾ ന്യായമായും നമ്മുടെ കലയെയും തളർത്തിയിട്ടുണ്ട്. ‘പഥേർ
പാഞ്ചലി’ക്കപ്പുറത്തേക്ക് ഇന്ത്യയുടെ ദൃശ്യഭാഷ വളർന്നിട്ടുണ്ടോ എന്ന സംശയം
സിനിമക്കാർക്കിടയിൽത്തന്നെ പ്രബലമാണ്.
ഈ ഘട്ടത്തിലാണ്, സിനിമയെ
ഗാഢമായി പ്രണയിക്കുന്ന അഞ്ചു യുവാക്കൾ ഇന്ത്യൻ സിനിമയ്ക്ക് ഒരു പിറന്നാൾ
സമ്മാനവുമായി വരുന്നത്. ‘അഞ്ചുസുന്ദരികൾ’ എന്നാണ് സിനിമയുടെ പേരെങ്കിലും
പ്രണയനൂലിൽ കോർത്തെടുത്ത അഞ്ചു ചെറുചിത്രങ്ങളുടെ പാക്കേജാണിത്. സവിശേഷമായ
ഒരു ചരിത്രസന്ദർഭത്തോടുള്ള നീതിപുലർത്തൽ മാത്രമല്ല; ഭാഷയിലും ഭാവത്തിലും
തികച്ചും വ്യത്യസ്തരായ അഞ്ചു സ്ത്രീകളുടെ ആത്മാവിഷ്കാരം കൂടിയാണിത്.
സ്ത്രീയുടെ സ്വത്വം ഓരോ നിമിഷവും ചരക്കുവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന
ഇക്കാലത്ത്, പുരുഷന്മാരേറ്റെടുത്ത ഈ സ്ത്രീ-പ്രകാശനങ്ങൾക്ക് സവിശേഷമായ
പ്രസക്തിയുണ്ട്. കണ്ടിരിക്കെ, ജീവിതം ജീവിതമെന്ന് പലപ്പോഴും ഹൃദയം
മന്ത്രിച്ചു. ചില നേരങ്ങളിൽ, സ്ക്രീനിലേക്കു നോക്കാനാവാതെ മനസ്സുലഞ്ഞു.
മനസ്സറിയാതെ കണ്ണുകൾ നിറഞ്ഞു. ചുരുക്കത്തിൽ, അഞ്ചുസുന്ദരികളും ചേർന്ന്
ഒന്നുരണ്ടു രാത്രികളുടെ ഉറക്കം കെടുത്തിക്കളഞ്ഞു.
പരസ്പരം മത്സരിക്കുന്ന അഞ്ചു സുന്ദരികളാവുമ്പോൾ, മനസ്സിനെ കീഴടക്കിയതിന്റെ ക്രമത്തിൽ പറയുന്നതാവും ഉചിതം.
ആമി
ഒരു
രക്ഷയുമില്ലാത്ത പ്രണയത്തിന്റെ ഊഷ്മളതയാണിവൾ. കലയിലും ക്രാഫ്റ്റിലും
അതിസുന്ദരമായി രൂപകല്പന ചെയ്ത ഈ റോഡ് മൂവീ, പരസ്പരപ്രണയത്തിന്റെ ചൂരും
ചൂടും ആവിഷ്കരിക്കുന്നതിനൊപ്പം രാത്രി പുലരുവോളം ഈ പാരസ്പര്യം ഒരു മനുഷ്യനെ
പിന്തുടരുന്നതും തീരുമാനിക്കുന്നതും കാട്ടിത്തരുന്നു. പലവിധത്തിലുള്ള
സങ്കീർണ്ണതകളിൽ പുലരുന്ന അജ്മലെന്ന ബിസ്സിനസ്സുകാരന്റെ കാർയാത്രയാണ്
സിനിമയിൽ നാം കാണുന്ന ഒരേയൊരു വിഷ്വൽ. എന്നാൽ, അതു മാത്രമാണോ.?
അല്ല.യാത്രയ്ക്കിടയിലെ വലുതും ചെറുതുമായ സംഭവങ്ങൾ മനുഷ്യജീവിതത്തിന്റെ
മുഴുവൻ സന്ദിഗ്ദ്ധതകളും വിദഗ്ദ്ധമായി പ്രേക്ഷകനിലേയ്ക്കു പകരുന്നു.
ആമിയെന്ന സ്ത്രീയെ അവസാനത്തെ ഒരേയൊരു ഷോട്ടിലേ നമ്മൾ കാണുന്നുള്ളു. പക്ഷേ,
ദേശത്തനിമയൂറുന്ന മധുരശബ്ദത്തിലൂടെ സിനിമയിലുടനീളം അവളെ കാണാതെകാണുന്നു. ആ
പ്രണയം അനുഭവിക്കുന്നു. അന്തർദ്ദേശീയനിലവാരമുള്ള ഇത്ര സുന്ദരമായ ഒരു
നറേറ്റീവ് മലയാളസിനിമയിൽ വളരെ അപൂർവമത്രേ. ഇന്ത്യൻ സിനിമയുടെ നൂറാം
പിറന്നാളിൽ ലോകത്തിനു സമർപ്പിക്കാൻ പറ്റിയ സിനിമ തന്നെ. തിരക്കഥ, ദൃശ്യം,
ശബ്ദം എന്നീ ഘടകങ്ങളെ കൃത്യമായി സമന്വയിപ്പിച്ച ഒരു സംവിധായകന്റെ ചിത്രം.
അൻവർ റഷീദിന്റെ അഭിമാനചിത്രം.!
സേതുലക്ഷ്മി
ഇവൾ
ആരും തോറ്റുപോവുന്ന പ്രണയത്തിന്റെ നിഷ്കളങ്കതയാണ്. പത്തുവർഷം മുൻപ് എം.
മുകുന്ദനെഴുതിയ ഫോട്ടോ എന്ന കഥയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു വന്നവൾ.
ആസുരമായ രതിയുടെയും ആസക്തികളുടെയും കാലത്ത് ഏതൊരു വേട്ടക്കാരനെയും
വിരക്തനാക്കാൻ പോന്ന ഒരു പുഞ്ചിരി. സിനിമയുടെ മുഴുവൻ സൌന്ദര്യവും
ആവാഹിക്കുന്ന ആ മുഖം തന്നെ ഒരു സിനിമയാണ്. അനിക എന്ന ബാലതാരത്തിന്റെ
അന്യായഭാവപ്രകടനങ്ങൾ സേതുലക്ഷ്മിയെ പ്രേക്ഷകന്റെ അരുമയാക്കി മാറ്റുന്നു.
നിസ്സഹായയായ ഇരയുടെ വിവരണാതീതമായ ആ നോട്ടങ്ങൾക്ക്, നീർ നിറഞ്ഞ കണ്ണുകൾക്ക്
ഒരു ജീവിതകാലം മുഴുവൻ നിങ്ങളെ പിന്തുടരാൻ പോന്ന കരുത്തുണ്ട്.
ഷൈജു
ഖാലിദെന്ന സിനിമറ്റോഗ്രാഫറുടെ ആദ്യസംരംഭമെന്ന നിലയിൽ, ഈ സിനിമ ഒരു
സംവിധായകന്റെ ഉദയം കുറിക്കുന്നു. ബാലപീഡനമെന്ന പ്രമേയത്തിൽ പുറത്തുവന്ന
ഏറ്റവും നല്ല ഒരാവിഷ്കാരമാണിത്. കഥാകൃത്തിന് ഈ സിനിമ ഏറെ ഇഷ്ടമായതിൽ
അത്ഭുതമില്ല. വരമൊഴിയെ വെല്ലുന്ന വിഷ്വലും ശില്പവും തന്നെ. അല്പം
തെറ്റിയാൽ, ഇരയുടേതിൽ നിന്നു വേട്ടക്കാരന്റെ വീക്ഷണത്തിലേയ്ക്ക്
പ്രേക്ഷകമനസ്സ് മാറിപ്പോകാനിടയുള്ള രംഗങ്ങളുണ്ട്. അവിടെയെല്ലാം,
ദൈവത്തിന്റെ കരവിരുതോടെ ഷൈജു പ്രവർത്തിക്കുന്നു. ഇരയോടുള്ള സഹാനുഭൂതിയും
വേട്ടക്കാരനോടുള്ള വിരോധവും സൃഷ്ടിക്കുന്നു. ഈ സിനിമ ഭോഗാന്ധതയിൽ മുങ്ങിയ
നമ്മുടെ സമൂഹത്തെപ്പറ്റിയുള്ള ഒരു വിഷ്വൽ പ്രസ്താവം കൂടിയാണ്.
ഏതിരുട്ടിൽനിന്നും വിശ്വമാനവികത വളർത്തിയെടുക്കാനാവുമെന്നതിന്റെ
ഒരുത്തമദൃഷ്ടാന്തവും.
കുള്ളന്റെ ഭാര്യ
സ്വന്തമായി
ഒരു പേരുപോലുമില്ലാത്ത ഇവൾ മരണത്തിലും കെടാത്ത പ്രണയത്തിന്റെ
സൌന്ദര്യമാണ്. അപ്പാർട്ട്മെന്റിലെ വാടകമുറിയിൽ താമസത്തിനെത്തുന്ന കുള്ളനും
സുന്ദരിയായ ഭാര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെങ്കിലും നാഗരികസമൂഹത്തിന്റെ
മുഖമുദ്രയായ ഒളിഞ്ഞുനോട്ടവും പരദൂഷണവുമാണ് സിനിമയുടെ ശരിക്കുള്ള
പ്രമേയപരിസരം. പരപീഡനത്തോളം നീളുന്ന ഈ സദാചാരനാട്യങ്ങൾ
പരിഷ്കൃതരെന്നഭിമാനിക്കുന്ന നമ്മുടെ മുഴുവൻ കള്ളത്തരവും സംസ്കാരശൂന്യതയും
തുറന്നുകാട്ടുന്നുണ്ട്. ഒടുവിൽ, തികച്ചും അപ്രതീക്ഷിതമായി മരണമെന്ന കോമാളി
രംഗത്തെത്തുകയും തീവ്രവിഷാദത്തിന്റെ മഴയിൽ എല്ലാവരെയും
നനയ്ക്കുകയും ചെയ്യുന്നു. നിറഞ്ഞുപെയ്യുന്ന കണ്ണീർമഴയിൽ ഉയർത്തിപ്പിടിച്ച
കുടയുമായി കുള്ളൻ നടന്നുപോകുമ്പോൾ, വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടതിന്റെ ഒരു
വിലാപം നമ്മുടെയുള്ളിലും അണപൊട്ടുന്നു. ഒരു ശക്തിയ്ക്കും നികത്താനാവാത്ത,
നിറയ്ക്കാനാവാത്ത ചില ശൂന്യതകളെപ്പറ്റി നാം ഓർത്തുപോവുന്നു.!
താൽക്കാലികമായി
വീൽച്ചെയറിൽ തളയ്ക്കപ്പെട്ട ഒരാളുടെ ജാലകക്കാഴ്ചകൾ, ഹൊറർ മാന്ത്രികൻ
ഹിച്ച് കോക്കിന്റെ Rear Window-യിൽ കണ്ടതാണെങ്കിലും, സ്ഥലവും കാലവും
മാറുമ്പോഴുള്ള കാഴ്ചയുടെ വ്യത്യസ്തത സിനിമയെ നല്ലൊരു
പരീക്ഷണമാക്കുന്നുണ്ട്. സംവിധായകനെന്ന നിലയിൽ, അമൽ നീരദിന്റെ ഏറ്റവുംമികച്ച
സിനിമയും ഇതുതന്നെ.
ഇഷ
പുരുഷനെ വെല്ലുന്ന പുതിയ
കാലത്തിന്റെ പ്രലോഭനമായ ഇവൾ, കാലത്തിനുമുൻപേ പറക്കുന്ന പക്ഷി.
പ്രണയത്തിന്റെ പാരമ്യമെങ്കിലും സമീപനത്തിൽ കള്ളനു കഞ്ഞി വെച്ചവൾ. പുരുഷനു
മുൻപിൽ തോൽക്കാനിഷ്ടമല്ലാത്ത പുതിയ പെണ്ണ്. അവന്റെ കല്പനകൾക്കായി
കാത്തിരിക്കുന്ന നാടൻ പെൺകൊടിമാരുടെ സങ്കൽപ്പങ്ങളിൽപ്പോലും
കടന്നുവരാനിടയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ തുറസ്സ്.
പുതുവർഷരാത്രിയിൽ,
ഒരേലക്ഷ്യവുമായി ഒരുവീട്ടിലെത്തുന്ന ഇഷയും ജിനുവുമാണ് സിനിമയിൽ. സിരകളെ
ചൂടാക്കുന്ന പ്രണയത്തിലും ആരെയും ത്രസിപ്പിക്കുന്ന ക്രാഫ്റ്റിലും ചടുലമായ
പരിചരണത്തിലും വിസ്മയിപ്പിക്കുന്ന സസ്പെൻസിലുമാണ് സമീർ താഹിറിന്റെ ഊന്നൽ.
ചാപ്പാകുരിശിന്റെ സംവിധായകനിൽ നിന്നു പ്രതീക്ഷിച്ച ഒരു ഒരു വിസ്മയം
കിട്ടിയില്ലെങ്കിലും മലയാളിയ്ക്ക് ഒട്ടും പരിചയമില്ലാത്ത ഒരു
സ്ത്രീകഥാപാത്രത്തെ സൃഷ്ടിച്ച സിദ്ധാർത്ഥ് ഭരതനും സമീറും
അഭിനന്ദനമർഹിക്കുന്നു. പാത്രസൃഷ്ടിയുടെ കാര്യത്തിൽ ഇഷ മലയാളസിനിമയിലെ ഒരു
വിപ്ലവം തന്നെ. അതിസുന്ദരിയായ ഈ പെൺകൊടിയെപ്പോലെതന്നെ, ഏതാംഗിളിൽ
നോക്കിയാലും മനോഹരമായ ഒരു ദൃശ്യശില്പം.
ഗൌരി
ഏതൊരു
പ്രണയത്തിലും പതിയിരിക്കുന്ന ദുരൂഹമായ ഏകാന്തതയാണ് ഗൌരി. അമൽ നീരദിന്റെ ഈ
മാനസപുത്രിയ്ക്ക് ആഷിക് ജീവൻ നൽകുമ്പോൾ, ഒരിക്കലും വെളിപ്പെടാത്ത ചില
ജീവിതസമസ്യകളുടെ മലമുകളിലെത്തിപ്പെട്ട പ്രതീതി. ഉയരം ഒരു ഹരമായ ജോയും
നർത്തകിയായ ഗൌരിയും. ഹിൽസ്റ്റേഷനിലെ ഒറ്റപ്പെട്ട കോട്ടേജിൽ താമസിക്കുന്ന
ഇവരുടെ ജീവിതം പ്രണയത്തിനു സമർപ്പിക്കപ്പെട്ടതാണ്. പക്ഷേ, വിവാഹവാർഷിക
ദിനത്തിൽ ഒരുവിസ്മയം പ്രതീക്ഷിച്ച് വാതിൽ തുറക്കുന്ന ഗൌരിയുടെയുടെ മുന്നിൽ
കള്ളച്ചിരിയുമായി കാത്തുനിൽക്കുന്നത് മരണമെന്ന രംഗബോധമില്ലാത്ത
കോമാളിയാണ്.!
ചിത്രത്തിൽ അന്തർലീനമായ
പ്രണയവിഷാദത്തിന്റെ സ്വപ്നതുല്യമായ മൂഡ് സൃഷ്ടിക്കുന്നതിൽ രാജീവ് രവി എന്ന
സിനിമറ്റോഗ്രാഫറുടെ പങ്ക് വളരെ വലുതാണ്. ഉപേക്ഷിക്കപ്പെട്ട കോട്ടേജിന്റെ ആ
ക്ലൈമാക്സ് ഷോട്ടിന് ഒരു ക്ലാസ്സിക് സ്വഭാവം തന്നെ കൈവന്നിട്ടുണ്ട്.
പ്രണയം, ഏകാന്തത, വിഷാദം, യാദൃശ്ചികത, രതി, മരണം ഇവയെല്ലാം മാറിമാറി
പകർന്നാടുന്നുണ്ട്. കഥ പറയുന്ന ജോലി പൂർണ്ണമായും വിഷ്വലുകളെ ഏല്പിച്ചതാവാം
പ്രേക്ഷകൻ അല്പം പിണങ്ങിനിൽക്കാൻ കാരണം. മാതൃത്വമെന്ന ഗൌരിയുടെ
സ്വപ്നത്തിനും സ്വയമറിഞ്ഞു കൊണ്ടുള്ള ജോയുടെ പതനത്തിനുമിടയിൽ ചില മൌനങ്ങൾ
സംവിധായകൻ ഒളിച്ചുവെച്ചിരിക്കുന്നു. എവിടെയോ ചില കണ്ണികൾ
വിട്ടുപോയിട്ടുണ്ട്. മുഴുവൻ വ്യക്തമാക്കണമെന്ന പിടിവാശി നമ്മെ
വിട്ടുപോകാത്തതിന്റെ പ്രശ്നവുമുണ്ട്.!
ചരിത്രത്തിലേക്കു
മടങ്ങിവന്നാൽ, അഞ്ചുസുന്ദരികൾ അഞ്ചു സൌന്ദര്യങ്ങൾ തന്നെയാണ്.
ഇടക്കെങ്കിലും സംഭവിക്കുന്ന ശുദ്ധകലയിലേക്കുള്ള ഈ പിന്മടക്കങ്ങൾ തന്നെയാണ്
സിനിമയെ ശരിക്കും സിനിമയാക്കി മാറ്റുന്നത്. ഏതൊരു അന്തർദ്ദേശീയവേദിയിലും
മലയാളത്തെ പ്രതിനിധാനം ചെയ്യാൻ കെൽപ്പുള്ള ചലച്ചിത്രത്തിന്റെ ഉത്തമമാതൃക
തന്നെയാണിത്. ചുരുക്കിപ്പറഞ്ഞാൽ, പ്രണയത്തിന്റെ മാത്രമല്ല, നമ്മുടെ
യുവതയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നിരുപാധികമായ സൌഹൃദത്തിന്റെകൂടി
സിനിമയാണിതെന്നു പറയാം. അഹംഭാവത്തിന്റെ ജാടകളഴിച്ചുകളഞ്ഞ്, കൊണ്ടും
കൊടുത്തും മുന്നേറിയാൽ, കളഞ്ഞുപോയ സിനിമയെ വീണ്ടും കണ്ടെത്താമെന്നതിന്റെ
ഏറ്റവും പുതിയ തെളിവ്. ഒപ്പം, കേരളത്തിലെ യുവാക്കളുടെ കരങ്ങളിൽ സിനിമ
സുരക്ഷിതമാണ് എന്നതിന്റെയും.