രവി
കാലവര്‍ഷത്തിന്റെ വെളുത്ത മഴ ശമിച്ചു. ജലം മാത്രം ഒഴുകി. ചെതലിയുടെ ചെരിവില്‍ നിന്ന്, അനേകം ധമനികളിലൂടെ മന്ദതാളത്തില്‍ അത് യാത്ര തുടര്‍ന്നു...വൈകുന്നേരത്തെ മന:ശ്ശാന്തിക്കുള്ള പഴുതു തേടിയിറങ്ങിയ കുപ്പുവച്ചനാണ് ആദ്യം കണ്ടത്. ബസ്റ്റോപ്പിലെ മണ്‍തിട്ടയ്ക്കരികെ, ഉടഞ്ഞ ശംഖു പോലെ ജല സമാധിയായി ഒരാൾ..കണ്ണില്ലാത്തവന്റെ ഹൃദയത്തിലേയ്ക്ക് ദുരന്തസാന്നിധ്യമായി രവി വന്നു നിറയുകയായിരുന്നു. വരണ്ട ആ കൺകുഴികൾ രണ്ടുതുള്ളി നീരിനായി ദാഹിച്ചു.! “എന്റെ ദെയ്‌വത്തുങ്ങളേ, നുമ്മടെ മേഷ് ക്കെന്താ പറ്റീത്..?” അയാള്‍ ആര്‍ത്തുവിളിച്ചു.! ആധിപൂണ്ട ഖസാക്കിലെ മനുഷ്യര്‍ ഒന്നൊന്നായി വെട്ടുവഴികളിലൂടെ അവിടേക്കൊഴുകിയെത്തി. അവരുടെ നിരുപാധിക സ്നേഹം പ്രാചീനമായ ഒരൊറ്റ നിലവിളിയായി രവിയെ ചൂഴ്ന്നു.! ആദിമമായ തണുപ്പില്‍ ലയിച്ച് അയാള്‍ സുഖനിദ്രയിലാണ്ടുകിടന്നു. നിരാസക്തിയുടെ ഒരു ചിരി ആ ചുണ്ടില്‍ അപ്പോഴും മായാതെ നിന്നു.!
എല്ലാ ശബ്ദവും നിലച്ച സ്കൂള്‍ വരാന്തയില്‍, രവിയെ കിടത്തി. മാധവന്‍ നായര്‍ കരഞ്ഞില്ല. രവിയുടെ തലയ്ക്കല്‍ കുന്തിച്ചിരുന്ന് അയാള്‍ ആ മുടിയിഴകളെ മാടിയൊതുക്കി. “യാ അള്ളാ..!” ഖാലിയാര്‍ രവിയുടെ ശാന്തിയ്ക്കായി മനസ്സലിഞ്ഞു പ്രാര്‍ത്ഥിച്ചു. കുഞ്ഞാമിനയുടെയും അപ്പുക്കിളിയുടെയും കണ്ണുകള്‍ നിര്‍ത്താതെ പെയ്തുകൊണ്ടി രുന്നു.! മൈമുന മാത്രം വന്നില്ല; അവളുടെ അഭാവം നിരവധി അർത്ഥങ്ങളുള്ള ഒരു മൌനമായി അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. സന്ധ്യയായി; രാത്രിയായി.. പതിയെപ്പതിയെ, ചെതലിയ്ക്കുമപ്പുറം പ്രഭാതം ചുവന്നു വെളുത്തു. പത്തുമണിയോടെ, കൂമന്‍ കാവിലെ തപാലാഫീസില്‍ നിന്ന് ചുരുങ്ങിയ വാക്കുകളില്‍ ഒരു ചരമസന്ദേശം രവിയുടെ വീട്ടിലേക്കു പുറപ്പെട്ടു. പിന്നീട്, നിരാലംബമായ ഒരു വിലാപമായി ഖസാക്ക് രവിക്കു വിട ചൊല്ലി. ആംബുലന്‍സിലെ ഇരുമ്പുതല്പത്തില്‍ നിത്യശാന്തമായ മനസ്സും ശരീരവുമായി രവി നീണ്ടുനിവര്‍ന്നു കിടന്നു.!
അച്ഛന്‍
തറവാടിന്റെ കിഴക്കേമുറ്റത്ത്, പുഷ്പചക്രങ്ങളുടെ മധ്യത്തില്‍ രവി അവസാനമായി ചമഞ്ഞുകിടക്കവേ, മകനെ അടുത്തുകാണാന്‍ അച്ഛന്‍ ആഗ്രഹിച്ചില്ല. ദുര്‍ബ്ബലമായ ആ ദേഹത്തെ ആരോ താങ്ങി, ഇറയത്തെ സോഫയില്‍ ചാരിയിരുത്തിയെങ്കിലും ആ കണ്ണുകള്‍ ദൂരെ, പാടത്തിനും പുഴയ്ക്കുമക്കരെ ശൂന്യതയിലെവിടെയോ നഷ്ടപ്പെട്ടു. തീവ്രവിഷാദത്തിന്റെ ഒരല ഉള്ളില്‍ നിറഞ്ഞുവന്നെങ്കിലും അയാള്‍ ഒന്നും കാണുന്നുണ്ടായിരു ന്നില്ല.! വിദൂരമായ ഏതോ മലഞ്ചരിവിലൂടെ അച്ഛനും കൌമാരം വിടാത്ത രവിയും സായാഹ്നയാത്രയിലായിരുന്നു.! കുട്ടിത്തം നിറഞ്ഞ കുസൃതിയോടെ, തന്നെ തോല്‍പ്പിച്ചുകൊണ്ട് മലമുകളിലേയ്ക്ക് ഓടിക്കയറുന്ന രവിയെ ഇടയ്ക്കിടെ, മൂടല്‍മഞ്ഞിന്റെ വെള്ളത്തിര വന്നു മൂടി. അപ്പോഴെല്ലാം അയാള്‍ ഭയം നിറഞ്ഞ കരുതലോടെ വിളിച്ചു പറഞ്ഞു: “മോനേ രവീ, അവിടെ നില്‍ക്ക്, ഞാനും കൂടി വരട്ടെ..!”
ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍, സന്ധ്യയുടെ ചുവപ്പു മുഴുവന്‍ അലിഞ്ഞു തീര്‍ന്നിരുന്നു..! ചെറിയ ശബ്ദങ്ങ ളും പിറുപിറുക്കലുകളും അകന്നകന്നു പോയി. തെക്കേമുറിയുടെ ജനാലയിലൂടെ കത്തിയമരുന്ന ചിതയിലേക്ക് നോക്കിയിരിക്കെ പത്മയ്ക്കു തന്റെ ബോധം മറയുന്ന പോലെ തോന്നി.
പത്മ
രവി യാത്രയായിട്ട് എത്ര ദിവസമായിക്കാണും.? പത്മയ്ക്ക് സ്വന്തം മുറി ഒരു തടവറയായി അനുഭവപ്പെട്ടു. ഇവിടെയെത്തി, കാലം നിശ്ചലമായ പോലെ..! ഓര്‍മ്മകള്‍ മനസ്സിന്റെ വെളിമ്പുറങ്ങളില്‍ കാരുണ്യമില്ലാതെ മേഞ്ഞുനടന്ന്, അവളെ കുത്തി മുറിവേല്‍പ്പിച്ചു.. രവിയില്‍ തുടങ്ങി രവിയിലവസാനിക്കുന്ന ഓര്‍മ്മകള്‍..! അവള്‍ക്കു രവിയോടു ദേഷ്യം തോന്നി. ‘നീ ശരിക്കും എന്നെ ഒറ്റയ്ക്കാക്കി. നീയില്ലാതെ എനിക്കൊന്നുമാവില്ലെന്നും എന്റെ ഭാഷ മനസ്സിലാവുന്ന വേറെ ആരും ഈ ഭൂമിയിലില്ലെന്നും നീ ഓര്‍ക്കാതിരുന്നതെന്ത്.? എന്റെ പഠനവും ഗവേഷണവുമെല്ലാം നിന്നെ മനസ്സിലാക്കാന്‍ വേണ്ടി മാത്രമായിരുന്നു..അഴിയുന്തോറും കെട്ടുപിണയുന്ന കുരുക്കുകളായി മാറിയ എന്റെ പരീക്ഷണങ്ങള്‍..! എല്ലാം വെറുതെയായി...” ഒരു നാടന്‍ പെണ്‍കൊടിയെപ്പോലെ, അവള്‍ പരിഭവിച്ചു. മനസ്സ് ഒരു കല്ലായി മാറിയിരിക്കുന്നു.! ഒന്നുറങ്ങാന്‍ കഴിഞ്ഞെങ്കില്‍..?
കിടക്കയില്‍ നിന്നെണീറ്റ്, അവള്‍ ജനാല തുറന്നു. പുറത്ത്, നല്ല നിലാവ്..! നേര്‍ത്ത ജലതരംഗമായി ഒരു മഴ തുടരുന്നുണ്ട്..! ഏതോ വിസ്മൃതിയില്‍, അവള്‍ അലമാരിയുടെ വാതില്‍ തുറന്ന് ഉറക്കഗുളികയുടെ കുപ്പി കൈയിലെടുത്തു. ഗുളികകള്‍ ഒന്നൊന്നായി വിഴുങ്ങവെ, അവളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. കൂജയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു..നല്ല സുഖം..! ഒന്നു മുറ്റത്തിറങ്ങിയാലോ..? മഴ നനഞ്ഞ് പതിയെ നടക്കവെ, അവള്‍ക്കു രവിയുടെ ഗന്ധം അനുഭവപ്പെട്ടു.! ചേരും ചതുരമുല്ലയും ഇഞ്ചയും പടര്‍ന്നു പിടിച്ച സര്‍പ്പക്കാവിലെ നാഗദൈവ ങ്ങള്‍ക്കരികിലൂടെ അവള്‍ കുളക്കരയിലേക്കു നടന്നു. തല നേരെ നില്‍ക്കുന്നില്ല. നല്ല മയക്കം.! സ്വസ്ഥതയോടെ അവള്‍ കിടന്നു. പിറ്റേന്നു പുലര്‍ച്ചെ, കുളക്കടവിനു സമീപം വീട്ടുകാര്‍ അവളെ കണ്ടെത്തുമ്പോള്‍ ആ ദേഹം തണുത്തു വിറങ്ങലിച്ചിരുന്നു..!
കഥാന്തരം
അനസൂയയുടെ ഇരുപതാം പിറന്നാളായിരുന്നു അന്ന്. അനുമോളെന്ന് അവളെ സ്നേഹത്തോടെ വിളിക്കുന്ന അമ്മമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി, രാവിലെ തന്നെ കുളിച്ചൊരുങ്ങി അവള്‍ അമ്പലത്തിലേക്കു പുറപ്പെട്ടു. ശ്രീകോവിലിനു മുന്നില്‍ ഇന്നു തിരക്കു കുറവാണ്.... ഓടക്കുഴലൂതുന്ന കൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ഏകാഗ്രയായി അവള്‍ കണ്ണടച്ചുനിന്നു. പ്രസാദം വാങ്ങി, പ്രദക്ഷിണവഴിയിലൂടെ ചുറ്റമ്പലത്തിനു വലം വെയ്ക്കവെ, വടക്കുപടിഞ്ഞാറെ മൂലയില്‍ പടര്‍ന്നു പന്തലിച്ചു നിന്ന അരയാല്‍ ഒരു ചിരിയാല്‍ അവളെ മാടിവിളിച്ചു. അവള്‍ അടുത്തുചെന്നു. വിണ്ടുകീറിയ തറയില്‍ വളര്‍ന്നു പടര്‍ന്ന വേരുകള്‍.! ഏതോ ഓര്‍മ്മയില്‍, അവള്‍ ആ വേരുപടലത്തില്‍ കൈ തൊട്ട് നിറുകയില്‍ വെച്ചു. ചെറിയൊരു കാറ്റ് അവളെ തഴുകി കടന്നുപോയി. അടര്‍ന്നു വീണ ഒരില അവളുടെ തുടുകവിളില്‍ സ്പര്‍ശിച്ച് താഴേയ്ക്കു പതിച്ചു. ഒരു കാറ്റു കൂടി വീശി. ഇത്തവണ, ആലിലകള്‍ തുറന്നുചിരിച്ചു. ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്ന് ആരോ അവളുടെ ചെവിയില്‍ പതിയെ മന്ത്രിച്ചു..“എന്റെ പെണ്‍കുട്ടീ, നീയെന്നെ മറന്നല്ലോ..?”