Wednesday, December 2, 2009

വിവാ ക്യൂബാ: രാഷ്ട്രീയത്തിന്റെ അഭാവം!










ക്യൂബയെന്നു കേള്‍ക്കുമ്പോള്‍, മലയാളിയുടെ മനസ്സില്‍ ആദ്യമുണരുന്ന ചിത്രമെന്താണ്? തീര്‍ച്ചയായും, അതു ജനമധ്യത്തില്‍ നില്‍ക്കുന്ന ഫിദല്‍കാസ്ട്രോ തന്നെയാണ്.! മലയാളിയെയും ക്യൂബയെയും കൂട്ടിയിണക്കുന്ന മുഖ്യഘടകവും 'കമ്യൂണിസമെന്ന ഈ ഭൂതം' തന്നെ.!

ലോകത്തിലാദ്യമായി, ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തിലെത്തിയ 50-കളുടെ അന്ത്യദശയില്‍ തന്നെയാണ് വിപ്ളവത്തിന്റെ വിജയരഥത്തിലേറി ജനങ്ങളുടെ സ്വന്തം ഫിദല്‍ ക്യൂബ യുടെ നായകനായിത്തീര്‍ന്നതും.! കൌതുകകരമായ ഈ യാദൃശ്ചികതയ്ക്കുമപ്പുറം, നിരവധി സംവത്സരങ്ങള്‍ നീണ്ട കോളനിവല്‍ക്കരണത്തിന്റെ ഗുണ/ദോഷഫലങ്ങളും ഇന്ത്യയും ക്യൂബയും പങ്കിടുന്നു.!

സ്പെയിന്‍, അമേരിക്ക, തുടങ്ങിയ വന്‍ശക്തികളുടെ കോളനിയായിരുന്നതിനാല്‍, ക്യൂബയുടെ ജീവിതത്തിലും കലയിലുമൊക്കെ അതിന്റെ അടയാളങ്ങള്‍ തെളിഞ്ഞു കാണാം. മായികമായ ഒരു പ്രലോഭനമായി തൊട്ടടുത്തു സ്ഥിതിചെയ്യുന്ന അമേരിക്കയിലേയ്ക്കുള്ള ക്യൂബന്‍ പൌരന്റെ നിരന്തരമായ കുടിയേറ്റവും ഒരു വലിയ സ്വാധീനം തന്നെയാണ്. ഒരു വശത്ത്, കമ്യൂണിസ്റ്റുഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ കര്‍ശനമായ നിഷേധം; മറുഭാഗത്ത്, അമേരിക്കയുടെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന, അത്യന്തം വിനാശകരമായ സാംസ്കാരികാധിനിവേശം.! ഈ രണ്ടു വെല്ലുവിളികളെയും ഒരുപോലെ ചെറുത്തു കൊണ്ടാണ്, തനതുദേശീയതയിലും സംസ്കാരത്തിലുമൂന്നിയ ആധുനിക ക്യൂബയുടെ കലയും സാഹിത്യവും സംഗീതവുമൊക്കെ വളര്‍ന്നുവന്നത്.

100 വര്‍ഷം പിന്നിടുന്ന ക്യൂബന്‍ സിനിമാചരിത്രത്തിലെ സുവര്‍ണ്ണകാലം 1960-കളില്‍ തന്നെ തുടങ്ങിയിരുന്നു. വിപ്ളവാനന്തരം, സര്‍ക്കാരിന്റെ കീഴില്‍ത്തന്നെ ആരംഭിച്ച ചലച്ചിത്രപഠനകേന്ദ്രം, നല്ല സിനിമയുടെ നിര്‍മ്മാണത്തിനും ആസ്വാദനത്തിനും അവസരമൊരുക്കി. തോമസ് ഏലിയ, ഹംബെര്‍ടോ സോലസ് തുടങ്ങിയ മഹാരഥന്മാര്‍ നവസിനിമയുടെ വ്യാകരണവും സൌന്ദര്യശാസ്ത്രവും ക്യൂബയിലുമെത്തിച്ചു. 'ഏലിയ'യുടെ 'മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ് (1968) എക്കാലത്തെയും മികച്ച ലോകസിനിമകളിലൊന്നാണ്.!

സമകാലിക ക്യൂബന്‍ സിനിമാരംഗത്തെ പ്രമുഖ സംവിധായകനായ 'യുവാന്‍ കാര്‍ലോസ് ക്രിമേറ്റാ' (Juvan Carlos Cremata) യുടെ 2005-ല്‍ റിലീസ് ചെയ്ത 'വിവാ ക്യൂബ' എന്ന ചിത്രം, ഫിദല്‍ കാസ്ട്രോയുടെ ക്യൂബ വിട്ടുപോകാന്‍ മടിക്കുന്ന മാലുവെന്ന 12 വയസ്സുകാരിയുടെയും അവളുടെ ഉറ്റസുഹൃത്തും അയല്‍ക്കാരനുമായ ജോര്‍ജിയുടെയും കഥ പറയുന്നു..!

മാലു ക്യൂബയെ അതിരറ്റു സ്നേഹിക്കുന്നു എന്നു പറയുമ്പോള്‍ ആരും തെറ്റിദ്ധരിക്കേണ്ടതില്ല; ക്യൂബന്‍ വിപ്ളവത്തോടുള്ള ആഭിമുഖ്യമല്ല, ഈ സ്നേഹത്തിനു കാരണം. പിന്നെയോ? അവള്‍ക്കേറ്റവും പ്രിയപ്പെട്ട സ്കൂളും, കൂട്ടുകാരുമുള്ള ഇടം; അവളുടെ എല്ലാമായിരുന്ന മുത്തശ്ശിയുടെ അന്ത്യവിശ്രമസ്ഥലം..ഇതൊക്കെയാണ്. എന്നാല്‍, വിവാഹമോചിതയായ മാലുവിന്റെ അമ്മയെ സംബന്ധിച്ച്, ഇനിയുള്ള ക്യൂബയിലെ ജീവിതം ഏറെക്കുറെ നരകതുല്യമാണ്. എത്രയും നേരത്തെ, അവിടെ നിന്നു പുറത്തുകടക്കാന്‍ അവര്‍ തയ്യാറെടുത്തു കഴിഞ്ഞു..മാലുവിനാകട്ടെ, തന്റെ ഹൃദയതാളമായിത്തീര്‍ന്ന സുഹൃദ്ബന്ധങ്ങളെയും മുത്തശ്ശിയുടെ ദീപ്തസ്മരണകളെയും ഉപേക്ഷിക്കാന്‍ വയ്യ.!

പൂമുഖവാതിലില്‍, വലിയ അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതു പോലെ, മാലുവിന്റേത് ദൈവത്തിന്റെ സ്വന്തം ഭവനമാണ്..! ആത്മമിത്രമായ ജോര്‍ജിയുടെ അയല്‍വീടാകട്ടെ, ഫിദലിന്റെ സ്വന്തവും..! എന്നാല്‍, ഈ ആശയവൈരുദ്ധ്യമൊന്നും നമ്മുടെ കഥാനായികയുടെയും നായകന്റെയും ഗാഢസൌഹൃദത്തിന് ഒരു തടസ്സമേയല്ല.! വീടിന്റെ മട്ടുപ്പാവിലിരുന്ന്, മാലു നേരിടുന്ന 'സ്വത്വപ്രതിസന്ധി'യെപ്പറ്റി അവര്‍ വിശദമായ ചര്‍ച്ചയിലേര്‍പ്പെടുന്നു..പടിഞ്ഞാറെ ചക്രവാളത്തിലെ അസ്തമയശോണിമ മാലുവിന്റെ വിഷാദം നിറഞ്ഞ മനസ്സിന്റെ കണ്ണാടിയായി മാറുന്ന മനോഹരസീക്വന്‍സ്.. ഒപ്പം, ജോര്‍ജിയുടെ സംഭാഷണങ്ങളില്‍ പ്രകടമാവുന്ന രക്ഷിതാവിന്റെ കപടഗൌരവം പ്രേക്ഷകനില്‍ ചിരിയുണര്‍ത്തുന്നു...ഒടുവില്‍, അവര്‍ ഒരു കടുത്ത തീരുമാനത്തിലെത്തുന്നു; വീട്ടില്‍ നിന്ന് ഒളിച്ചോടുക.! ഹവാനയില്‍ നിന്നു ക്യൂബയുടെ കിഴക്കേ മുനമ്പിലുള്ള 'മെയ്സി'യിലെത്തി അവിടെ ഒരു ലൈറ്റ്ഹൌസില്‍ ജോലി ചെയ്യുന്ന മാലുവിന്റെ അച്ഛനെ കണ്ടുപിടിക്കുക; അമ്മയുടെ കുടിയേറ്റത്തിനുള്ള സമ്മത പത്രത്തില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെടുക..പിറ്റേന്ന്, സ്കൂളിലേയ്ക്കെന്ന നാട്യത്തില്‍ നല്ല കുട്ടികളായി വീട്ടില്‍ നിന്നു പുറപ്പെടുന്ന അവര്‍ അച്ഛനെത്തേടി യാത്രയാരംഭിക്കുന്നതോടെ, രസകരമായ ഒരു 'തെരുവുസിനിമ'യുടെ ചുരുള്‍ നിവരുകയായി..!

പല ദേശങ്ങളിലൂടെയും ചുറ്റിസഞ്ചരിച്ച്, ഒടുവില്‍ മാലുവിന്റെ പിതാവിനെ കണ്ടെത്തുന്നതു വരെയുള്ള ഇരുവരുടെയും സാഹസികമായ യാത്രാസന്ദര്‍ഭങ്ങളാണ് 'വിവാ ക്യൂബ'യുടെ മുഖ്യപ്രതിപാദ്യം. ആവശ്യത്തിനുള്ള പണമോ ഭക്ഷണമോ ഒന്നുമില്ലെങ്കിലും, സഹജമായ ബുദ്ധിസാമര്‍ത്ഥ്യവും, കൌശലവുമുപയോഗിച്ച്, യാത്രയിലെ പ്രതിസന്ധികള്‍ ഒന്നൊന്നായി അവര്‍ അതിജീവിക്കുന്നു. മുതിര്‍ന്നവരില്‍ നിന്നു വ്യത്യസ്തമായി, കാര്യങ്ങളെ അതീവലാഘവത്തോടെ കാണുന്ന കുട്ടികളുടെ നിര്‍ദ്ദോഷമായ കുസൃതികള്‍ നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. കുരുന്നുകളുടെ മാനസികലോകത്തിന്റെ മായികമായ മനോഹാരിത പ്രതിഫലിക്കുന്ന സ്വപ്നസന്നിഭമായ കാഴ്ചകള്‍.!

കുട്ടികളെ കാണാതായതോടെ, ഇരുവീട്ടുകാര്‍ക്കുമിടയിലെ വൈരത്തിന്റെ മഞ്ഞുരുകുന്നു. പോലീസിന്റെ സഹായത്തോടെ കുട്ടികളെ കണ്ടുപിടിക്കാന്‍ അവരും ഇറങ്ങിത്തിരിക്കുകയാണ്. അന്വേഷണം ഊര്‍ജിതമായതോടെ, രണ്ടുപേരുടെയും ഫോട്ടോയും വാര്‍ത്തയും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഓരോ ഘട്ടത്തിലും പിടിയിലാകും മുമ്പ്, അതിവിദഗ്ദ്ധമായി അവര്‍ രക്ഷപ്പെടുന്നു. ഒടുവില്‍, ഒരു വനപ്രദേശത്ത് ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന യുവാവിനെ കണ്ടുമുട്ടുന്നു. സംഗതിയുടെ ഗൌരവം മനസ്സിലാക്കി, അയാള്‍ സ്വന്തം വാഹനത്തില്‍, അവരെ മാലുവിന്റെ അച്ഛനു സമീപം എത്തിക്കുകയാണ്. എന്നാല്‍ അതിനു മുമ്പുതന്നെ, ഇരുവരുടെയും അമ്മമാര്‍ അവിടെ എത്തിപ്പെട്ടിരുന്നു. അച്ഛനോടൊപ്പം തന്റെ അമ്മയെക്കണ്ട് മാലു അമ്പരക്കുന്നു.! വികാരനിര്‍ഭരമായ പുന:സ്സമാഗമത്തിന്റെ അപൂര്‍വനിമിഷം..! എന്നാല്‍, അടുത്ത മാത്രയില്‍ത്തന്നെ, ഇരുവീട്ടുകാരും തമ്മിലുള്ള കലഹം പുനരാരംഭിക്കുകയായി..! നിസ്സഹായരായ മാലുവും ജോര്‍ജിയും ഒരിക്കല്‍ക്കൂടി, സ്വാതന്ത്ര്യത്തിന്റെ തുറന്ന ലോകത്തിലേയ്ക്കു രക്ഷപ്പെടുകയാണ്..!!

കര്‍ശനമായ രാഷ്ട്രീയപശ്ചാത്തലമുള്ള ക്യൂബയില്‍ നിന്ന് തീര്‍ത്തും 'അരാഷ്ട്രീയ'മായ ഇത്തരമൊരു സിനിമ എങ്ങനെയുണ്ടായി എന്നു സംശയിക്കാന്‍ വരട്ടെ..! കൂട്ടികളുടെ പ്രസാദാത്മകമായ ലോകം മാത്രമേ സിനിമയുടെ ഫ്രെയിമിന്റെ പരിധിയില്‍ നാം കാണുന്നുള്ളുവെങ്കിലും നര്‍മ്മത്തില്‍ പൊതിഞ്ഞ അതിന്റെ പുറന്തോടിനുള്ളിലേയ്ക്കു സൂക്ഷിച്ചുനോക്കിയാല്‍, ഈ 'അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയം' കുറച്ചൊക്കെ വെളിപ്പെടുന്നതാണ്.!

മാലുവിന്റെയും, ജോര്‍ജിയുടെയും കുടുംബങ്ങള്‍ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും കൃത്യമായ രണ്ടു ധാരകളെ പ്രതിനിധാനം ചെയ്യുമ്പോള്‍ത്തന്നെ, രണ്ടിടത്തും ഒരേപോലെ പ്രകടമായിക്കാണുന്ന സവിശേഷത സ്നേഹരാഹിത്യമാണെന്നു കാണാം. വിശ്വാസിയായിരിക്കെത്തന്നെ, സ്വന്തം ജീവിതപങ്കാളിയുമായുള്ള വിവാഹമോചനം ഒഴിവാക്കുവാന്‍ പോലും മാലുവിന്റെ അമ്മയ്ക്കു കഴിയുന്നില്ല.! മാലുവും ജോര്‍ജിയുമടങ്ങുന്ന മൂന്നാമത്തെ ധാരയാവട്ടെ, യാതൊരു വിലക്കുകളുമില്ലാതെ, ലോകത്തെ തുറന്ന സമീപനത്തോടെ വീക്ഷിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാല്‍, ഈ മൂന്നു മനോഭാവങ്ങളെയും തികച്ചും നിസ്സംഗമായി നോക്കിക്കാണുന്ന സംവിധായകന്റെ മൌലികവും മാനവികവുമായ ചിന്താധാരയാണ് ഈ സിനിമയെ സാര്‍വലൌകികമായ ഒരു നവ്യാനുഭവമാക്കി മാറ്റുന്നത്.!

കമ്യൂണിസ്റുക്യൂബയില്‍ നിന്ന് അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ അന്വേഷിക്കുകയല്ല; മറിച്ച്, ആഗോളമായിത്തന്നെ നിലനില്‍ക്കുന്ന ഈ പ്രമേയപരിസരത്തെ തന്റെ സ്വന്തം 'പേഴ്സണല്‍' സിനിമയായി അവതരിപ്പിക്കുകയാണു സംവിധായകന്‍ ചെയ്യുന്നത്.! ക്യൂബയുടെ സവിശേഷമായ രാഷ്ട്രീയ/സാമൂഹ്യ സാഹചര്യങ്ങളെ ചിത്രത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നതും ഇതുകൊണ്ടു തന്നെയത്രേ. മാത്രമല്ല, ഭരണസംവിധാനത്തിന്റെ ചട്ടക്കൂടില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പ്രാണവായു തേടിയുള്ള ഒരു കുതറിമാറല്‍ കൂടിയാണീ ചലച്ചിത്രം എന്നു പറയാം.! കമ്യൂണിസ്റ്റായിത്തീരാതെ, ഒരു മനുഷ്യനെന്ന നിലയില്‍ത്തന്നെ രാജ്യസ്നേഹവും ദേശാഭിമാനവും നിലനിര്‍ത്താനാവുമെന്നും സംവിധായകന്‍ പരോക്ഷമായി സൂചിപ്പിക്കുന്നു.! ക്രിയാത്മകതയിലും മാനുഷികമൂല്യങ്ങളിലുമൊക്കെ, മറ്റേതൊരു രാജ്യത്തെക്കാളും സമ്പന്നമാണു ക്യൂബയെന്നും ഈ സിനിമയിലെ പാത്രസൃഷ്ടികളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.!

പ്രത്യയശാസ്ത്രബാധ്യതകളൊന്നുമില്ലാതെ, ശിശുക്കളെപ്പോലെ തികച്ചും നിരുപാധികമായി ലോകത്തോടു സംവദിക്കൂ; അങ്ങനെ, ജീവിതത്തെ ഒരാഘോഷമാക്കി മാറ്റൂ എന്ന് ഈ ചിത്രം ഉദ്ഘോഷിക്കുന്നു. ഒരു മുദ്രാവാക്യത്തിന്റെയും പിന്തുണയില്ലാതെ സരളമധുരമായ ദൃശ്യഭാഷ മാത്രം ഉപയോഗിച്ച്, ഈ സിനിമ ലോകസമൂഹത്തോടു വിളിച്ചു പറയുന്ന സന്ദേശവും അതുതന്നെ..!

Monday, November 30, 2009

അന്ധതയുടെ മായക്കാഴ്ചകള്‍













“I don’t think we did go blind. I think we always were blind.
Blind but seeing. People who can see, but do not see.”

- Jose Saramago, Blindness (Novel)

കാഴ്ചയുണ്ടെന്നു കരുതുന്ന ഓരോ മനുഷ്യന്റെയുമുള്ളില്‍ അവനറിയാതെ ഒരു അന്ധത പ്രവര്‍ത്തിക്കുന്നുണ്ട്.! സഹജീവിയെ അനുതാപത്തോടെ മനസ്സിലാക്കുന്നതില്‍ നിന്ന് അവനെ തടയുന്നത് ഈ അന്ധതയാണ്. അപരനോടുള്ള പെരുമാറ്റത്തിലെ എല്ലാ അപഭ്രംശങ്ങള്‍ക്കും കാരണം, ആന്തരികമായ ഈ ആന്ധ്യം തന്നെയാണ്.! വ്യക്തിയില്‍ തുടങ്ങി, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍, ഭിന്നസാഹചര്യങ്ങളില്‍, ഈ അന്ധത അവന്റെ കാഴ്ചയെ ഹരിയ്ക്കുന്നു.! കടുത്ത മുന്‍വിധികളായി, അക്രമവാസനയായി, ദ്വന്ദ്വയുദ്ധമായി പുറത്തുവരുന്ന ഈ ശത്രുവിനെ തിരിച്ചറിയാനോ നേരിടുവാനോ നമ്മള്‍ തയ്യാറല്ല എന്നതാണ്, വിചിത്രമായ യാഥാര്‍ത്ഥ്യം .! ഈ മനുഷ്യപ്രകൃതിയെയും അതിന്റെ ദുരന്തഫലങ്ങളെയും പ്രതീകാത്മകമായി ദൃശ്യഭാഷയിലേയ്ക്കു പകര്‍ത്താനുള്ള ധീരമായ ശ്രമമാണ് ‘Blindness' എന്ന ബ്രസീലിയന്‍ സിനിമ.

പ്രശസ്തമായ ‘സിറ്റി ഓഫ് ഗോഡ്’ എന്ന ചിത്രത്തിന്റെ സംവിധായകനായ ‘ഫെര്‍ണാന്‍ഡോ മെയ് റെല്ലെസി’ (Fernando Meirelles) ന്റെ പുതിയ സംരംഭമാണിത്. നോബല്‍ സമ്മാന ജേതാവായ ‘ജോസ് സരമാഗൊ’ എന്ന പോര്‍ച്ചുഗീസ് എഴുത്തുകാരന്റെ ഇതേ പേരിലുള്ള പ്രശസ്തനോവലാണ് ചലച്ചിത്രത്തിനാസ്പദം. അന്ധതയെ ഒരു പ്രതീകമായി ഉപയോഗിച്ചു കൊണ്ട്, മനുഷ്യന്റെയുള്ളിലെ വിരുദ്ധപ്രേരണകളായ സ്വാര്‍ത്ഥതയെയും അവസരവാദത്തെയും അക്രമവാസനയെയും വെളിപ്പെടുത്തുന്നതോടൊപ്പം സ്നേഹം, സഹിഷ്ണുത, അനുതാപം തുടങ്ങിയ ധാര്‍മ്മികമൂല്യങ്ങളോടുള്ള അവന്റെ സഹജമായ ആഭിമുഖ്യവും ചിത്രം വിശകലനം ചെയ്യുന്നു. ആദ്യപ്രദര്‍ശനം കണ്ടശേഷം, മൂലകൃതി എഴുതിയ സരമാഗോ വികാരാധീനനായി തന്റെ സംതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി.! 2008-ലെ കാന്‍ ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായിരുന്ന 'Blindness' അവിടെ മത്സരവിഭാഗത്തിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.! കേരളത്തിന്റെ സ്വന്തം ചലച്ചിത്രമേളയായ ഐ.എഫ്. കെ.കെ (2008)യിലും ഈ ചിത്രം ഏറെ നിരൂപകശ്രദ്ധ നേടിയിരുന്നു.

പേരറിയാത്ത ഒരു നഗരത്തിന്റെ സമീപദൃശ്യത്തില്‍ സിനിമ ആരംഭിക്കുന്നു. തിരക്കേറിയ തെരുവ്. കാറുകളുടെ നിലയ്ക്കാത്ത പ്രവാഹം. നഗരഹൃദയത്തിലെ നാലുംകൂടിയ കവലയില്‍ മാറിമാറിക്കത്തുന്ന ചുവപ്പും പച്ചയും സിഗ്നലുകള്‍.! കാറോടിച്ചു വന്ന ഒരു ജാപ്പനീസ് യുവാവിന്റെ കാഴ്ച പെട്ടെന്നു നഷ്ടപ്പെടുന്നു.! സുഗമമായ ഒഴുക്കു നഷ്ടപ്പെട്ട് തെരുവ് അല്പനേരത്തേയ്ക്കു സ്തംഭിക്കുന്നു.! എന്താണു ചെയ്യേണ്ടതെന്നറിയാതെ അയാള്‍ അമ്പരക്കവേ, അപരിചിതനായ ഒരാള്‍ സഹായത്തിനെത്തുകയും കാറോടിച്ച് അയാളെ വീട്ടിലെത്തിക്കുകയും ചെയ്യുന്ന; എന്നാല്‍, അന്ധതയുടെ ആനുകൂല്യം മുതലെടുത്ത് പിന്നീടയാള്‍, കാര്‍ മോഷ്ടിച്ച് കടന്നുകളയുകയാണ്.! പോലീസിന്റെ കണ്ണൂവെട്ടിച്ചു പായുന്നതിനിടെ അയാളുടെ കണ്ണുകളിലും അന്ധതയുടെ വെളുപ്പ് പടരുന്നു..! നഗരം മുഴുവന്‍ ഭീതി വിതച്ചുകൊണ്ട്, ‘വൈറ്റ് സിക്ക്നെസ്സ് ‘എന്ന അജ്ഞാതരോഗത്തിന്റെ ഭീകരാക്രമണം തുടങ്ങുകയായി.!ദൈവശാപമെന്ന പോലെ, ഈ പകര്‍ച്ചവ്യാധി പടിപടിയായി നഗരത്തെ മുഴുവന്‍ വിഴുങ്ങുന്ന ദൃശ്യങ്ങളാണു പിന്നീടു നാം കാണുന്നത്..!

നഗരത്തില്‍ രോഗം പ്രത്യക്ഷപ്പെട്ട ദിവസം രോഗികളെ പരിചരിച്ച ഡോക്ടര്‍ പിറ്റേന്നു രാവിലെ ഉറക്കത്തില്‍ നിന്നുണരവെ, തന്റെ കാഴ്ച നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നു.! തുടര്‍ന്ന്, നിയന്ത്രണാതീതമായ വേഗതയില്‍, നഗരത്തില്‍ രോഗം പടരവെ, സര്‍ക്കാര്‍ വലിയൊരു പ്രതിസന്ധിയിലാകുന്നു.! അന്ധരെ അന്ധര്‍ നയിക്കുന്ന ജീവനക്കാരില്ലാ‍ത്ത, ഒരു ആതുരാലയത്തിലേയ്ക്കു, രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നു.! അച്ചടക്കം നടപ്പാക്കാന്‍, പുറത്ത് തോക്കേന്തിയ പട്ടാളക്കാര്‍ മാത്രം.! ക്രമേണ, അന്ധരുടെ നിലയ്ക്കാത്ത പ്രവാഹത്തില്‍ വാര്‍ഡുകള്‍ നിറഞ്ഞുകവിയുന്നു.! കാര്‍ മോഷ്ടാവ്, ജപ്പാന്‍ കാരന്റെ ഭാര്യ, കറുത്ത കണ്ണട ധരിച്ച സ്ത്രീ...ഓരോരുത്തരായി, ആ ചങ്ങല വളരുകയാണ്.! സ്വന്തമായി ഒരു പേരോ ചരിത്രമോ ഇല്ലാത്തവര്‍..! അന്ധതയുടെ തമസ്സിലകപ്പെട്ടതിനാല്‍ അസ്തിത്വം നഷ്ടപ്പെട്ട ഒരു ജനത..!

അന്ധതയുടെ വ്യാപനത്തോടെ നഗരത്തില്‍ അത്യാഹിതങ്ങള്‍‍ പെരുകുന്നു. വാഹനാപകടങ്ങളും അതുമൂലമുള്ള മരണനിരക്കും വര്‍ദ്ധിച്ചതോടെ നഗരവാസികള്‍ പുറത്തിറങ്ങാന്‍ മടിയ്ക്കുന്നു.! അന്ധരുടെ ഈ അനാഥസമൂഹത്തില്‍, ഒരാളില്‍ മാത്രം കാഴ്ചയുടെ അനുഗ്രഹം ഒരത്ഭുതമായി അവശേഷിക്കുന്നു.! ഡോക്ടറുടെ ഭാര്യയാണത്.! ഇവര്‍ തന്നെയാണ് സിനിമയെ മുന്നോട്ടു ചലിപ്പിക്കുന്ന മുഖ്യകഥാപാത്രവും.! നഗരവല്‍ കൃതമായ ഒരു സമൂഹത്തിലെ നന്മയുടെ ശിഷ്ടരൂപമായ ഇവര്‍, കാഴ്ച നഷ്ടപ്പെട്ട സ്വന്തം ഭര്‍ത്താവിനെ പരിചരിക്കുവാനുള്ള അധികൃതരുടെ അനുമതി ലഭിക്കുന്നതിനു വേണ്ടി അന്ധയായി അഭിനയിക്കുകയാണ്.! പിന്നീട്, ഈ സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുന്നതില്‍, ഇവര്‍ പ്രകടിപ്പിക്കുന്ന നേത്രുത്വശേഷിയും ക്ഷമയും സഹിഷ്ണുതയും എടുത്തുപറയേണ്ടതാണ്.!

അന്തേവാസികളുടെ ഭിന്നസ്വഭാവങ്ങള്‍ ക്രമേണ ഈ സങ്കേതത്തില്‍ അക്രമസംഭവങ്ങള്‍ക്കു വഴിവെയ്ക്കുന്നു.! പരിക്കേറ്റ ‘മോഷ്ടാവിനെ’ ചികിത്സിക്കുവാന്‍ ശ്രമിക്കുന്ന ഡോക്ടറുടെ കര്‍ത്തവ്യബോധത്തെ പട്ടാളക്കാര്‍ തോക്കുചൂണ്ടി നേരിടുന്ന രംഗം, ഭരണകൂടഭീകരതയുടെയും ഒപ്പം അതിനെതിരെ ഉയരുന്ന സ്നേഹ-പ്രതിരോധത്തിന്റെയും ദൃശ്യഭാഷ്യമായി മാറുന്നു..! സല്‍ഗുണങ്ങളുടെ വിളനിലമായ ഡോക്ടര്‍ ഒന്നാംവാര്‍ഡിന്റെ പ്രതിനിധിയാകുമ്പോള്‍, ‘വാര്‍ഡ് 3-ലെ രാജാവാ‘യി സ്വയം അവരോധിക്കുന്ന ബാര്‍ ജീവനക്കാരന്‍ ഒരു ഏകാധിപതിയുടെ എല്ലാ ദുര്‍ഗുണങ്ങളും പ്രദര്‍ശിപ്പിക്കുന്നു.! തോക്കിന്റെ പിന്‍ബലത്തില്‍ സ്വന്തം നിയമം നടപ്പാക്കുന്നു.! ഇതിനിടെ, പിന്‍വാതിലിലൂടെ പുറത്തുകടക്കാന്‍ ശ്രമിച്ച ‘മോഷ്ടാവ്‘ പട്ടാളക്കാരന്റെ തോക്കിനിരയാവുന്നു.! കൊല്ലപ്പെടുന്നവരെ മരിക്കാത്തവര്‍ മറവു ചെയ്യുന്നു.!കണ്ണില്ലാത്തവന്റെ പരാക്രമങ്ങള്‍ കാണാന്‍ വിധിക്കപ്പെട്ട ‘ഡോക്ടറുടെ ഭാര്യ‘യ്ക്കു കാഴ്ച പോലും ഒരു ശാപമായിത്തീരുകയാണ്.!

അന്തേവാസികള്‍ പെരുകുന്നതോടെ, വാര്‍ഡുകളില്‍ ഭക്ഷണദൌര്‍ലഭ്യം രൂക്ഷമാവുന്നു. കാലിത്തൊഴുത്തിനേക്കാള്‍ മലിനമായ സാഹചര്യങ്ങളില്‍, മനുഷ്യര്‍ പുഴുക്കളെപ്പോലെ ജീവിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു.! തോക്കിന്റെ ബലത്തില്‍, ‘വാര്ഡ് 3-ലെ രാജാവ്‘ ഭക്ഷണത്തിന്റെ വിതരണം ഏറ്റെടുക്കുന്നു.! പ്രതിഫലമായി, മറ്റു വാര്‍ഡുകളിലുള്ളവരുടെ വിലപ്പെട്ട വസ്തുക്കള്‍ മുഴുവന്‍ അയാള്‍ സ്വന്തമാക്കുന്നു.! അടുത്ത ഘട്ടത്തില്‍, ദിവസങ്ങളുടെ പട്ടിണി നിസ്സഹായരാക്കിയ അന്തേവാസികള്‍ക്കിടയില്‍ അയാള്‍ ‘ഭക്ഷണത്തിനു പകരം സ്ത്രീകള്‍’ എന്ന പുതിയ പദ്ധതി നടപ്പാക്കുന്നു..! ഒരു പ്രതിസന്ധിയെ തനിയ്ക്കു പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കുന്ന രാഷ്ട്രീയതന്ത്രത്തിന്റെ വക്താവായി അയാള്‍ മാറുകയാണ്.!ജീവിതത്തിലെ യഥാര്‍ത്ഥ പ്രതിസന്ധിയെന്തെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന കാഴ്ചകളാണു നമ്മളെ ശ്വാസം മുട്ടിച്ചുകൊണ്ട് കടന്നു വരുന്നത്.! വിശപ്പ് ഭയപ്പെടുത്തുന്ന ഒരു ഭീകരജീവിയായി കടന്നാക്രമിക്കുന്നതോടെ, അതിനെ നേരിടുവാനുള്ള ആത്മഹത്യാപരമായ ദൌത്യം ഏറ്റെടുത്തു കൊണ്ട് ഡോക്ടറുടെ ഭാര്യയുടെ നേതൃത്വത്തില്‍, ഏതാനും സ്ത്രീകള്‍ വാര്‍ഡ് 3-ലെത്തുന്നു. അമര്‍ത്തിവെയ്ക്കപ്പെട്ട വികൃതരതിയുടെ സംഹാരതാണ്ഡവമാണ് പിന്നീട് അവിടെ അരങ്ങേറുന്നത്..! അന്ധതമസ്സിന്റെ നിയന്ത്രണാതീതമായ ബഹിര്‍സ്ഫുരണം..! അശാന്തിയുടെ കൊടുമുടിയിലേയ്ക്ക് നമ്മള്‍ എടുത്തെറിയപ്പെടുകയാണ്.! ക്രൂരമായ ബലാത്സംഗത്തില്‍ ഒരു യുവതി കൂടി കൊല്ലപ്പെടുന്നു.! ഒടുവില്‍, നിലനില്‍പ്പിന്റെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഡോക്ടറുടെ ഭാര്യ ‘വാര്‍ഡ് 3-ലെ രാജാവിനെ വധിയ്ക്കുന്നു.!

അധികൃതരാലും പൂര്‍ണ്ണമായി അവഗണിക്കപ്പെട്ട അവര്‍ പിന്നീട്, ക്യാമ്പിന്റെ നാലു ചുവരുകള്‍‍ക്കു പുറത്തു കടക്കുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു പാഴ്വസ്തു പോലെ നഗരം.! കലാസംവിധാനത്തിന്റെ അപൂര്‍വ്വമാതൃകയായി തകര്‍ന്ന നാഗരികതയുടെ ലോങ്ഷോട്ടുകള്‍.! ഡോക്ടറുടെ ഭാര്യയുടെ നേതൃത്വത്തില്‍ 10-12 പേരുള്ള ചെറുസംഘം ആളൊഴിഞ്ഞ ഒരു താവളം കണ്ടെത്തുന്നു. ഛിന്നഭിന്നമായ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കുറച്ചു ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശേഖരിച്ച് അവര്‍ വിശപ്പകറ്റുന്നു.! ദുരന്തഭൂമിയില്‍ കുളിര്‍തെന്നലായി ഒരു മഴയെത്തുന്നു.! അന്ധതമസ്സില്‍, വസ്ത്രങ്ങളൂരിയെറിഞ്ഞ് നഗരവീഥിയുടെ തുറസ്സിലും അവര്‍ മഴയെ വാരിപ്പുണരുന്നു.!പിറ്റേന്നു ഡോക്ടറുടെ വീടു കണ്ടെത്തി, അവിടെയവര്‍ താമസമാക്കുന്നു. അന്ധതയാല്‍ ബന്ധിക്കപ്പെട്ട ആ മനുഷ്യരിപ്പോള്‍ ജാതിയും മതവുമില്ലാത്ത, ദേശവും ഭാഷയും വേര്‍തിരിക്കാത്ത ഒരു സമൂഹമാണ്.! അന്നു രാത്രി ഒരുമേശയ്ക്കു ചുറ്റും അവര്‍ ഒത്തു ചേരുന്നു.! ഏറെക്കാലത്തിനു ശേഷം വൃത്തിയുള്ള ഭക്ഷണം കഴിച്ച്, ശുദ്ധജലം കുടിച്ച് അവര്‍ ജീവിതം ആഘോഷിക്കുന്നു.! ഡോക്ടര്‍ക്കും പ്രിയതമയ്ക്കും വിരഹത്തിന്റെ നീണ്ട യുഗത്തിനു ശേഷമുള്ള ഒരു പ്രണയരാത്രി കൂടിയായിരുന്നു അത്.!

അടുത്ത ദിവസം പുലരുന്നത് അവിശ്വസനീയമായ സന്തോഷവാര്‍ത്തയുമായാണ്.! അന്ധതയുടെ ആദ്യത്തെ ഇരയായ ജാപ്പനീസ് യുവാവിനു കാഴ്ച തിരിയെ ലഭിച്ചിരിയ്ക്കുന്നു.! നാളെ വരാനിരിക്കുന്ന കാഴ്ചയുടെ ശുഭദിനങ്ങള്‍ സ്വപ്നം കണ്ട് എല്ലാവരും ആഹ്ലാദിയ്ക്കുന്നു.! ‘ഡോക്ടറുടെ ഭാര്യ‘ മാത്രം ആശങ്കയിലാണ്.! ഒരുവേള, ചാക്രികമായ ഈ മാറ്റത്തിന്റെ വരവോടെ തന്റെ കാഴ്ച നഷ്ടപ്പെടാനിടയുണ്ടോ..? ജനലിനു പുറത്ത്, വെള്ളമേഘങ്ങള്‍ നിറഞ്ഞ ആകാശപ്പരപ്പിലേയ്ക്ക് അവര്‍ ദൃഷ്ടി പായിക്കുന്നു.! ദൈവമേ.! തന്റെ കണ്ണുകളില്‍ അന്ധത പടരാന്‍ തുടങ്ങുകയാണോ? ആകാംക്ഷയോടെ മിഴികള്‍ താഴ്ത്തവേ, ഒരു നെടുവീര്‍പ്പായി നഗരം അവര്‍ക്കു മുന്നില്‍ വീണ്ടും പ്രത്യക്ഷമാകുന്നു.!

മനുഷ്യന്‍ സംവത്സരങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത സംസ് കൃതിയും നാഗരികതയുമൊക്കെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ തകര്‍ന്നുപോകാവുന്നതേയുള്ളുവെന്ന് ഈ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.! ഒരു പളുങ്കുപാത്രംപോലെ ദുര്‍ബ്ബലമാണ് , പലപ്പോഴും നാം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിയ്ക്കുന്ന നമ്മുടെ സംസ്കാരം.! പ്രതികൂലസന്ദര്‍ഭത്തില്‍, മൃഗതുല്യരായി മാറുന്ന സിനിമയിലെ പരിഷ് കൃതമനുഷ്യര്‍ ഈ വസ്തുതയ്ക്ക് അടിവരയിടുന്നു.! വിപുലമായ തലത്തില്‍ ചിത്രത്തിന്റെ സന്ദേശം ഇതാണെങ്കിലും വ്യത്യസ്തമായ നിരവധി വീക്ഷണസാധ്യതകളും സിനിമയുടെ സാര്‍വ്വജനീനമായ ഈ ദൃശ്യസാക്ഷാത്കാരം പ്രേക്ഷകനു നല്‍കുന്നുണ്ട്.!

തികച്ചും വിവരണാതീതമായ ഒരു മനുഷ്യാവസ്ഥയാണ് ചിത്രത്തില്‍ നാം കാണുന്നത്.! ഭാഷയും വാക്കുകളും തീര്‍ത്തും പരാജയപ്പെട്ടുപോകുന്ന ജീവിതസന്ധികള്‍.! വിപുലമായ ഒരു ശില്പശാലയിലൂടെ എല്ലാ നടീനടന്മാരുടെയും കണ്ണുകെട്ടി അന്ധരുടെ പെരുമാറ്റരീതികള്‍ പരിശീലിപ്പിച്ചതിനു ശേഷമാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.! അന്ധരുടെ സവിശേഷമായ ശരീരഭാഷയുടെ കാര്യത്തില്‍, കുറ്റമറ്റതാണ് ശ്രദ്ധാപൂര്‍വം നിര്‍വ്വഹിച്ച ചിത്രത്തിലെ ഓരോ മുഹൂര്‍ത്തവും. കഥാപാത്രങ്ങളെ തങ്ങളിലേയ്ക്കാവാഹിക്കുന്നതില്‍ മാര്‍ റുഫാലോ (ഡോക്ടര്‍) ജൂലിയന്‍ മൂര്‍ (ഭാര്യ), ഡോണ്‍ മക് കെല്ലര്‍ (മോഷ്ടാവ്), ഗെയ്ല്‍ ഗാര്‍സിയ ബര്‍ണല്‍ (വാര്‍ഡ് 3-ലെ രാജാവ്) തുടങ്ങിയവര്‍ പ്രകടിപ്പിക്കുന്ന സാമര്‍ത്ഥ്യവും അര്‍പ്പണവും അപാരം.! കണ്ണുകളുടെ ആനുകൂല്യമില്ലാതെ തന്നെ കഥാപാത്രങ്ങളുടെ വികാരവിനിമയം ഫലപ്രദമായി നിര്‍വ്വഹിക്കുക എന്നതാണ് ഈ ചിത്രത്തിലെ നടീനടന്മാര്‍ നേരിട്ട പ്രധാന വെല്ലുവിളിയും.!

പ്രമേയം പോലെ തന്നെ ഈ സിനിമയുടെ ചിത്രീകരണരീതികളും തികച്ചും വ്യത്യസ്തമായിരുന്നു.! നിരവധി ക്യാമറകള്‍ വിവിധ കോണുകളിലായി സ്ഥാപിച്ച് അസാധാരണമായ വീക്ഷണങ്ങളിലൂടെ കഥാപാത്രങ്ങളെയും അവരുടെ ചെയ്തികളെയും പകര്‍ത്തി സൃഷ്ടിച്ച അര്‍ത്ഥവ്യതിയാനങ്ങള്‍ സിനിമയുടെ സമഗ്രാനുഭവത്തിനു മുതല്‍ക്കൂട്ടായി മാറി. White sickness എന്ന മഹാമാരിയുടെ ഫീൽ സിനിമയിലുടനീളം സാധ്യമാക്കുന്ന വിധത്തിലുള്ള വെളുപ്പുനിറത്തിന്റെ സമർത്ഥമായ ഉപയോഗമാണ് മറ്റൊരു വിജയഘടകം. അന്ധതയുടെ ശബ്ദവ്യാഖ്യാനം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത സംഗീത സംവിധായകന്‍ ഈ ചിത്രത്തിനു വേണ്ടി പുതിയ സംഗീതോപകരണങ്ങള്‍ തന്നെ കണ്ടുപിടിച്ചുവത്രേ.!

മനുഷ്യവ്യക്തിത്വത്തിലെ ചില പ്രത്യേകതകള്‍ സാധാരണഗതിയില്‍, ഒരിക്കലും പ്രകടമാവുന്നില്ല. ഇവിടെ, സവിശേഷമായ ഒരു ജിവിതസന്ധി സൃഷ്ടിക്കപ്പെടുകയും ഈ സന്ദിഗ്ദ്ധാവസ്ഥയില്‍ അവന്റെ വ്യക്തിത്വത്തില്‍, അന്നുവരെ അദൃശ്യമായിരുന്ന പല തലങ്ങളും വെളിപ്പെടുകയും ചെയ്യുന്നു. ! മനുഷ്യസ്വഭാവത്തെക്കുറിച്ച് സൂക്ഷ്മതലത്തിലുള്ള ഒരു പഠനമായി ചലച്ചിത്രം മാറുകയാണിവിടെ. അന്ധകാരം നിറഞ്ഞ മനുഷ്യമനസ്സിന്റെ ഉള്ളറകളിലേയ്ക്കു വെളിച്ചം വീശുന്ന സാഹസികദൌത്യമാണ് ‘ഫെര്‍ണാന്‍ഡോ മെയ് റെല്ലെസ് ‘എന്ന സംവിധായകന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം കലാകാരന്മാര്‍ എറ്റെടുത്തത്.! ഈ ദൌത്യം ഒരു വന്‍ വിജയമായിത്തീര്‍ന്നത്, ലോകസിനിമയിലെ സമീപകാല ചരിത്രം..!

Saturday, November 28, 2009

ഗുപ്തയാഥാര്‍ത്ഥ്യങ്ങളുടെ സംഘര്‍ഷഭൂമിക..!













വിജനമായ കാട്ടുപാത...രാത്രിയുടെ അന്ത്യയാമത്തില്‍ ഉറക്കച്ചടവുമായി കാറോടിക്കുന്ന മധ്യവയസ്കന്റെ മയക്കത്തിലേക്കു വഴുതുന്ന കണ്ണുകള്‍...വന്യമായ ഇരുട്ടിനെ മുറിച്ചു നീങ്ങുന്ന ഹെഡ് ലൈറ്റിന്റെ പ്രകാശം ക്രമത്തില്‍ ഒരു ബിന്ദുവായി ദൂരെ മറയുന്നു. അടുത്ത രംഗത്തില്‍, നടുറോഡില്‍ കിടക്കുന്ന ഒരു മൃതദേഹത്തിനരികില്‍ നിന്ന്, ഭയചകിതനായി ഓടിയൊളിക്കുന്ന അയാള്‍... സമീപം അപകടത്തില്‍പ്പെട്ട കാര്‍...പിന്നാലെയെത്തി സംഭവത്തിനു സാക്ഷ്യം വഹിച്ച് കടന്നു പോകുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍...സംഗതിയുടെ ഗൌരവം മനസ്സിലാക്കിയ അവര്‍ അയാളുടെ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുക്കുന്നു...തന്റെ വിധി നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞു എന്ന അറിവ് ഒരു നടുക്കമായി അയാളുടെ ഹൃദയം പിളര്‍ക്കവെ, അതിന്റെ പ്രതിഫലനമെന്നോണം വലിയൊരിടിമുഴക്ക ത്തോടെ മഴ പെയ്യാനാരംഭിക്കുന്നു...പിടിക്കപ്പെട്ട കുറ്റവാളിയുടെ കഠിനവ്യഥയുമായി അയാള്‍ കാറോടി ച്ചു പോകുന്നു. അനാഥമായ മൃതശരീരത്തില്‍, പെയ്തു തോരുന്ന മഴയുടെ അടക്കംപറച്ചിലുകള്‍..!

തുര്‍ക്കിയിലെ നവസിനിമയുടെ വക്താവായി മാറിക്കഴിഞ്ഞ Nuri Bilge Ceylan-ന്റെ ഏറ്റവും പുതിയ സംരംഭമായ “ത്രീ മങ്കീസ്” (2008) എന്ന ചിത്രത്തിന്റെ തുടക്കം ഇങ്ങനെയാണ്. കുറ്റകൃത്യത്തിന്റെയും അഗമ്യഗമനത്തിന്റെയും വിശ്വാസവഞ്ചനയുടെയും നുണകളുടെയും ലോകത്തേക്കാണ് ഇത്തവണ സംവിധായകന്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. മനുഷ്യബന്ധങ്ങളിലെ ഋതുഭേദങ്ങള്‍‍ അടയാ ളപ്പെടുത്തിയ Climates (2006), Distant (2002) തുടങ്ങിയ ആത്മകഥാപരമായ മുന്‍ചിത്രങ്ങളില്‍ നിന്ന് ഒരുപടികൂടി കടന്ന്, ഒരു ടൈപ്പ്-സ്റ്റഡിയിലെന്നപോലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ അങ്ങേയറ്റം ഒതുക്കിപ്പറയുന്ന ഇംപ്രഷനിസ്റ്റ് രീതിയാണ് സംവിധായകന്‍ ഈ ചിത്രത്തില്‍ അവ ലംബിക്കുന്നത്. അലറിപ്പായുന്ന തീവണ്ടിയും മൂടിക്കെട്ടിയ ആകാശവും വിഷാദം അലതല്ലുന്ന
ഇസ്താംബുളിലെ ജലപ്പരപ്പുകളും മഴയും ഇടിമുഴക്കവും ചേര്‍ന്ന ബിംബകല്പനകളിലൂടെ, മനുഷ്യമനസ്സിലെ ചുഴികളും മലരികളും നിറഞ്ഞ ഗുപ്തകാമനകളുടെ ആഴങ്ങള്‍ തേടിയുള്ള ഒരു സാഹസികയാത്ര തന്നെയാണിത്. പ്രസാദാത്മകമായ ഒരു ഷോട്ടു പോലുമില്ലാത്തപ്പോഴും
ഒരിക്കലും അവഗണിക്കാനാവാത്ത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ഈ ചിത്രം നമ്മെ പിടിച്ചിരുത്തുന്നു.! 2008-ലെ കാന്‍ ചലച്ചിത്രമേളയില്‍, “ത്രീ മങ്കീസ്” മികച്ച സംവിധായകനുള്ള പുരസ്കാരം നേടുകയും ചെയ്തു.

ഏഷ്യ-യൂറോപ്പ് വന്‍കരകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന തുര്‍ക്കിയെന്ന സുന്ദരദേശത്തിന് മിശ്രസംസ്കാരത്തിന്റേതായ ഒരു നവോന്മേഷമുണ്ട്. ഏറെ വര്‍ഷങ്ങള്‍ നീണ്ട ചരിത്രമുള്ള തുര്‍ക്കിയുടെ സിനിമയിലും സംഗീതത്തിലുമൊക്കെ സാംസ്കാരികസമന്വയത്തിന്റെ
ഈ സൌന്ദര്യം അന്തര്‍ലീനമാണ്.

തുര്‍ക്കിലെ ഒരു ചെറുപട്ടണത്തില്‍, പ്രയോജനവാദത്തിന്റെ പ്രതിനിധിയായി വിലസുന്ന കപടരാഷ്ട്രീയ ക്കാരന്‍ സെര്‍വെറ്റിനെയാണ് ചിത്രത്തിന്റെ ശീര്‍ഷക-സീക്വന്‍സില്‍ നാം കണ്ടത്. എന്നാല്‍, അയാളു ടെ സ്വാധീനവലയത്തിലകപ്പെട്ടതിനാല്‍, വിനാശകരമായ രഹസ്യങ്ങളുമായി നരകതുല്യമായ ജീവി തം തളളിനീക്കാന്‍ വിധിക്കപ്പെട്ട മറ്റു മൂന്നുപേരാണ് വിഖ്യാതമായ ‘വാനരത്രയ’’ത്തിന്റെ പുതിയകാല പ്രതിനിധികളായി സിനിമയില്‍ വര്‍ത്തിക്കുന്നത്. അയാളുടെ മധ്യവയസ്കനായ ഡ്രൈവര്‍ എയുപ്പ്, എയു പ്പിന്റെ ഭാര്യ ഹെയ്സര്‍, മകന്‍ ഇസ്മയില്‍ എന്നിവരാണിവര്‍. കാറപകടത്തില്‍ സംഭവിച്ച കൊലപാതക ത്തിന്റെ ഉത്തരവാദിത്ത്വം തന്റെ ഡ്രൈവറായ എയുപ്പിന്റെ ചുമലില്‍ കെട്ടിവെയ്ക്കാന്‍ സെര്‍വെറ്റിന് രണ്ടാമതൊന്നാലോചിക്കേണ്ടി വരുന്നില്ല. മാസശമ്പളത്തിനു പുറമേ വലിയൊരു തുക വാഗ്ദാനം ചെയ്ത് ജയില്‍ശിക്ഷ ഏറ്റുവാങ്ങുവാന്‍ അയാള്‍ എയുപ്പുമായി രഹസ്യധാരണയുണ്ടാക്കുകയും, കുറ്റകൃത്യത്തില്‍ നിന്നു വിദഗ്ദ്ധമായി കൈകഴുകുകയും ചെയ്യുന്നു. ഇതോടെ എയുപ്പിന്റെ ജീവിതത്തിലും ദുരന്തത്തിന്റെ നിഴല്‍ പരക്കുകയാണ്...ഒരു കാര്‍ സ്വന്തമാക്കുക എന്ന മകന്റെ ദീര്‍ഘകാലസ്വപ്നം സാക്ഷാല്‍ക്ക രിക്കുന്നതിനു വേണ്ടി, വാഗ്ദാനം ചെയ്ത തുകയില്‍ ഒരു പങ്ക് മുന്‍കൂറായി ആവശ്യപ്പെടുന്നതിനാണ് ഹെയ്സര്‍ സെര്‍വെറ്റിനെ സന്ദര്‍ശിക്കുന്നത്. ഇവിടെയും സെര്‍വെറ്റിന്റെ രാഷ്ട്രീയ കൌശലം കൃത്യമായി ത്തന്നെ പ്രവര്‍ത്തിക്കുന്നു. എയുപ്പിന്റെ അറിവോ സമ്മതമോ ഇല്ലാതെതന്നെ തുക നല്‍കിയെന്നു മാത്ര ല്ല, ഈ സാഹചര്യം മുതലെടുത്ത് അയാള്‍ അവളുമായി ഒരു അവിശുദ്ധബന്ധം സ്ഥാപിക്കുകയും എയുപ്പിന്റെ അഭാവത്തില്‍, എല്ലാ സീമകളും ലംഘിച്ച്, ഇതു നിര്‍ബാധം തുടരുകയും ചെയ്യുന്നു...!

ഒരിക്കല്‍, അവരുടെ രഹസ്യസമാഗമത്തിന് മകന്‍ ഇസ്മയില്‍ തന്നെ ദൃക്സാക്ഷിയാവുന്നു. സ്വന്തം വീട്ടില്‍, വാതില്‍പ്പഴുതിലൂടെ അവന്റെ കണ്ണുകള്‍ അരുതാത്തതു കാണുന്നുണ്ടെങ്കിലും ഈ കാഴ്ചയില്‍ വിഹ്വലമായ അവന്റെ മുഖം മാത്രമാണു പ്രേക്ഷകരായ നാം കാണുന്നത്. തന്റെ മുഖത്തു നോക്കി ചോദ്യം ചെയ്ത മകനു മുന്‍പില്‍, ഉത്തരമില്ലാതെ ഹെയ്സര്‍ പതറുന്നു. “എന്നോടു കള്ളം പറയരുത്” എന്നു കരഞ്ഞ് അവന്‍ അമ്മയുടെ മുഖത്തടിക്കുന്നു. അപരിചിത്വത്തിന്റെ രണ്ടു ദ്വീപുകളായി, ആ നിമിഷം തന്നെ അവര്‍ മാറുകയായിരുന്നു.! വീടു വിട്ടിറങ്ങി, കുതിച്ചുപായുന്ന ട്രെയിനില്‍ തല പുറത്തേ യ്ക്കിട്ടു കരയുന്ന ഇസ്മയില്‍ പ്രേക്ഷക മനസ്സില്‍ തീവ്രനൊമ്പരമുണര്‍ത്തുന്നു...ജയിലില്‍, ഇരുമ്പഴിക ള്‍ക്കിരുപുറവും നിന്നു സംസാരിക്കവെ, തന്നെ കാര്‍ന്നുതിന്നുന്ന ഹൃദയരഹസ്യങ്ങളുടെ വാതില്‍ അച്ഛ നു മുന്നില്‍ തുറക്കാന്‍ തുനിയുന്നുണ്ടെങ്കിലും അതുണ്ടാക്കാവുന്ന വന്‍ഭൂകമ്പങ്ങളുടെ പ്രഹരശേഷിയോ ര്‍ത്ത് അവന്‍ പിന്മാറുകയാണ്...!

ഒടുവില്‍, ആ ദിനവും വന്നെത്തുന്നു. ശിക്ഷ തീര്‍ന്നു പുറത്തുവന്ന എയുപ്പിനെ പുതിയ കാറുമായി ഇസ്മയില്‍ സ്വീകരിക്കുന്നു. ഒമ്പതു മാസങ്ങള്‍ നീണ്ട വിരഹത്തിനു ശേഷം തന്റെ ആഗ്രഹപൂര്‍ത്തി യ്ക്കായി ഭാര്യയെ സമീപിക്കുന്ന അയാള്‍ക്ക് അവളുടെ തികഞ്ഞ നിസ്സംഗത താങ്ങാവുന്നതിലുമപ്പുറ മായിരുന്നു.!ശാരീരികാക്രമണങ്ങള്‍ പോലും അവളില്‍ ഒരു ചലനവുമുണ്ടാക്കുന്നില്ല.! എയുപ്പിന്റെ വരവോടെ സെര്‍വെറ്റും അവളെ തള്ളിപ്പറയുകയാണ്.! ഹെയ്സറുടെ മൊബൈലില്‍ റിംഗ് ടോണായി മുഴങ്ങുന്ന ഗാനം അവളുടെ മനസ്സ് അകപ്പെട്ടുപോയ വിനാശകരമായ പ്രണയക്കുരുക്കിന്റെ ധ്വനി സംഗീതമായി മാറുന്നു :
I hope you love and are never loved back,
I hope love hurts you like it hurts me
I hope you earn and are never re-united, like was never re-united
I hope your heart is made to melt, just like a candle
I hope despair is always at your door, waiting just like a slave
I hope your heart is stolen away, just like wares from a market stall..

ക്രമേണ, എയുപ്പിനും കാര്യങ്ങള്‍ വ്യക്തമാവുകയായിരുന്നു. സ്വയമുരുകി, പരസ്പരം ഉരിയാടാനാവാതെ ഒരേ കൂരയ്ക്കു കീഴില്‍ കഴിയാന്‍ വിധിയ്ക്കപ്പെട്ട മൂന്നു മനുഷ്യാത്മാക്കള്‍...! ആത്മനിന്ദയാല്‍, സ്വയം മരണത്തെ പുല്‍കാന്‍ ഹെയ്സര്‍ പലതവണ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ക്കതിനും കഴിയുന്നില്ല. ഒടുവില്‍, അനിവാര്യമായതു സംഭവിക്കുന്നു. സെര്‍വെറ്റ് കൊല്ലപ്പെടുന്നു. താനാണാ കൃത്യം ചെയ്തതെന്ന് ഇസ്മയില്‍ അച്ഛനെയും അമ്മയെയും അറിയിക്കുന്നു... കുറ്റകൃത്യത്തിന്റെ ചരിത്രം ആവ ര്‍ത്തിക്കുന്നതോടെ ഒരു കുടുംബത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമാവുന്നു. ഇത്തവണ, ശിക്ഷയേറ്റുവാങ്ങാന്‍ മറ്റൊരാളെ കണ്ടെത്തി, മകനെ കുറ്റവിമുക്തനാക്കുവാന്‍ നിസ്സാരനായ അയാള്‍ക്കു കഴിയുമായിരുന്നില്ല..! കാര്‍മേഘാവൃതമായ ആകാശത്തിനു കീഴെ, തിരയടങ്ങാത്ത കടലിനെ നോക്കി ശൂന്യമനസ്കനായി നില്‍ക്കുന്ന എയുപ്പ്.. മേഘങ്ങള്‍ക്കിടയില്‍ നിന്ന് ഒരിടിമിന്നല്‍ കൂടി ഭൂമിയിലേക്കിറങ്ങി വരുന്നു. വീണ്ടും ഒരു മഴ തുടങ്ങുകയാണ്..!.

ഇരുണ്ടതും ചാരനിറത്തിലുമുള്ള ശ്ളഥബിംബങ്ങളില്‍, സംവിധായകന്‍ കൊത്തിയെടുത്ത ഈ വിഷാദ ശില്‍പം എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? പ്രഥമദര്‍ശനത്തില്‍, എല്ലായ്പ്പോഴും ദുര്‍ബലനെ ഇരയാക്കുവാനുള്ള ശക്തന്റെ പ്രലോഭനങ്ങള്‍ ഈ സിനിമയുടെ മുഖ്യപ്രമേയമായി വര്‍ത്തിക്കുന്നതു കാണാം. ആദ്യം, തനിക്കു വിധേയനായ ഡ്രൈവര്‍ എയുപ്പിനെയും പിന്നീട്, അയാളുടെ ഭാര്യയെയും സെര്‍വെറ്റ് തന്റെ അധികാരവും പണവുമുപയോഗിച്ച് കീഴ്പ്പെടുത്തുന്നു. സിനിമയില്‍, രണ്ടുവട്ടം മാത്രം നാം കാണുന്ന അയാളുടെ ഫോണ്‍-സംഭാഷണങ്ങളില്‍പ്പോലും അധികാരപ്രയോഗത്തിന്റെ ഈ മാടമ്പിസമീപനം വ്യക്തമാണ്. ഇതോടൊപ്പം, പല പ്രമേയപരിസരങ്ങളും അടിയൊഴുക്കായി ഈ സിനിമയെ തൊട്ടുകടന്നുപോകുന്നുണ്ട്. അദൃശ്യമായ അതിരുകള്‍ ഭേദിച്ച് പുറത്തുകടക്കാനൊരുങ്ങുന്ന മനുഷ്യമനസ്സിലെ വിചിത്രകാമനകളെക്കുറിച്ചും അവ സഫലീകരിക്കുന്നതിനു വേണ്ടിയുള്ള വൃഥാശ്രമത്തില്‍ അവന്റെയുള്ളില്‍ തടവിലാകുന്ന ഗുപ്തയാഥാര്‍ഥ്യങ്ങളെക്കുറിച്ചും ഈ നിഗൂഢരഹസ്യ ങ്ങള്‍ മനസ്സുകള്‍ക്കിടയില്‍ തീര്‍ക്കുന്ന ശൂന്യസ്ഥലങ്ങളെക്കുറിച്ചും മാത്രമല്ല, രാഷ്ട്രീയവും പണവും തമ്മി ലുള്ള അവിശുദ്ധവേഴ്ചയെക്കുറിച്ചും നീതിപീഠത്തിനു മുന്നില്‍, ഒരിക്കലും ശിക്ഷിക്കപ്പെടാത്ത രാഷ്ട്രീയ ക്രിമിനലുകളെക്കുറിച്ചുമൊക്കെ ഈ സിനിമ പറയാതെ പറയുന്നുണ്ട്. എങ്കിലും, അന്തിമവിശക ലനത്തില്‍, പലപ്പോഴും നാം കരുതുന്നതിനേക്കാളേറെ സങ്കീര്‍ണ്ണമായ ‘ജീവിതം’ തന്നെയാണ് ചലച്ചിത്രത്തിന്റെ കേന്ദ്രബിന്ദു.

ക്ളോസ്-അപ്പ് ദൃശ്യങ്ങളിലൂന്നിക്കൊണ്ടുള്ള സിനിമാറ്റോഗ്രഫിയുടെ വികാരവിനിമയ സാധ്യതകള്‍ നൂറു ശതമാനവും പ്രയോജനപ്പെടുത്തുമ്പോള്‍പ്പോലും, “ത്രീ മങ്കീസ്” ഒരു സംവിധായകന്റെ ചിത്രം തന്നെയാണ്. ഒപ്പം, ഉയര്‍ന്ന ശ്രേണിയിലുള്ള ഡിജിറ്റല്‍ സങ്കേതങ്ങളുപയോഗിച്ച്, സിനിമയെ കലയുടെ ഉന്നതമാനങ്ങളിലേക്ക് എത്രത്തോളം ഉയര്‍ത്താന്‍ കഴിയുമെന്നതിന്റെ ഉത്തമദൃഷ്ടാന്തവും. പശ്ചാത്തലസംഗീതമെന്ന സങ്കല്‍പ്പത്തെത്തന്നെ മാറ്റിമറിച്ച്, യാഥാര്‍ത്ഥ്യപ്രതീതി ജനിപ്പിക്കുന്ന സ്വാഭാവികശബ്ദങ്ങളും നിറങ്ങളും മാത്രമുപയോഗിച്ചുള്ള പുതിയ സംവേദനസാധ്യതകളും ഈ സിനിമ തുറന്നിടുന്നുണ്ട്..

കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരെല്ലാം പൂര്‍ണ്ണതയോടടുത്ത അഭിനയശേഷി പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, ഹെയ്സറുടെ സങ്കീര്‍ണ്ണമായ മനോഘടനയെ സൂക്ഷ്മ മായി സ്വാംശീകരിച്ച ‘ഹാറ്റിസ് അസ്ല്ലാ’ന്റെ ശരീരഭാഷയും ഭാവപ്രകാശനങ്ങളും ‘ഗ്രേറ്റ്’ എന്നു തന്നെ പറയണം.! ഈ നാലുപേരൊഴികെ, മറ്റാരും സാന്ദര്‍ഭികമായിപ്പോലും കടന്നുവരുന്നില്ലയെന്നത് ഈ സിനിമയുടെ പ്രമേയപരിചരണത്തിന്റെ ഒരു സവിശേഷത തന്നെയാണ്. ഒരു പക്ഷേ, ഇതിനൊരപ വാദമായി പറയാവുന്നത്, തപ്തഹൃദയവുമായി തളര്‍ന്നു കിടക്കവെ, എയുപ്പിന്റെയും മകന്റെയും മുന്നില്‍, ഒരിക്കല്‍ മാത്രം വന്നുപോകുന്ന ബാല്യത്തിലേ മരിച്ചുപോയ ഇസ്മയിലിന്റെ അരുമ സഹോദരന്റെ സ്വപ്നസാന്നിധ്യം മാത്രമാണ്..!

ഏറ്റവുമൊടുവിലായി, സിനിമയില്‍ കാണുന്നിടത്തോളം ഇരുണ്ടതും നിഷേധാത്മകവുമാണോ മനുഷ്യജീവിതമെന്ന പ്രശ്നം വിമര്‍ശകരില്‍ നിന്നു തീര്‍ച്ചയായും ഉയര്‍ന്നു വന്നേക്കാം. ഒന്നുറപ്പാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ കളങ്കിതരായിപ്പോവുന്ന നിസ്സഹായജീവിതങ്ങളില്‍ നിന്ന്, യാഥാര്‍ഥ്യബോധത്തോടെ അടര്‍ത്തിയെടുത്തവ തന്നെയാണ് ഈ ചിത്രത്തിലെ ഓരോ മുഹൂര്‍ത്തവും. പ്രണയവും വെറുപ്പും കാരുണ്യവും ചതിയും ഇടകലരുന്ന, കാലദേശങ്ങള്‍ക്കതീതമായ ജീവിതാനുഭവ ങ്ങള്‍ തന്നെയാണ് സെര്‍വെറ്റും എയുപ്പും ഹെയ്സറും ഇസ്മയിലും പങ്കിടുന്നത്. സിനിമയില്‍ സന്ദേശ ങ്ങള്‍ക്കു വേണ്ടി പരതുന്ന നിഷ്കളങ്കര്‍ക്കും സമാധാനിക്കാന്‍ വകയുണ്ട്.! ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്നുള്ള ജീവരൂപങ്ങളുടെ വ്യതിചലനത്തിനെതിരെയുള്ള പ്രപഞ്ചവിധാതാവിന്റെ മുന്നറിയിപ്പുകളായി ഇടയ്ക്കിടെ തിരശ്ശീലയില്‍ മുഴങ്ങിക്കേള്‍ക്കുന്ന മേഘഗര്‍ജ്ജനങ്ങളെ വായിച്ചെടുക്കാന്‍, വിവേകിയായ പ്രേക്ഷകന് പ്രയാസമുണ്ടാവില്ല. ഒരുവേള, ഈ ഇടിമുഴക്കങ്ങള്‍ തന്നെയാണ് സിനിമയില്‍ അടങ്ങിയിട്ടുള്ള ധ്വനി സൌന്ദര്യം തുളുമ്പുന്ന സന്ദേശവും.!.

Monday, November 23, 2009

നിഷാദം














ആനക്കയ‘ത്തില്‍ ജീപ്പിറങ്ങി മലകയറാനൊരുങ്ങുമ്പോള്‍ത്ത‍ന്നെ രാവണന്‍ കുട്ടി ആനക്കഥകളുടെകെട്ടഴിക്കാന്‍ തുടങ്ങിയിരുന്നു. ‘രാമന്‍കുട്ടി’യുടെ ഈ ദ്രാവിഡരൂപമാണ് ഓരോ വനയാത്രയിലും എനിക്കു തുണ. കാടിന്റെ ഹൃദയമറിയുന്ന രാവണന്‍ കുട്ടി കൂടെയുള്ളപ്പോള്‍ ഞാനെന്തിനു ഭയപ്പെടണം? എന്നാലും, യാത്രയില്‍ ആനക്കഥകള്‍ പറഞ്ഞ് എന്നെ ഭയപ്പെടുത്തുകയാണ് അവന്റെ ഇഷ്ടവിനോദം. വന്മരങ്ങളില്‍ കയറി ചില്ലകള്‍ ശേഖരിക്കുന്നതിനും, പുഴകടക്കുന്നതിനും, ഭാരം താങ്ങുന്നതിനും എന്നുവേണ്ട എന്റെ ജീവരക്ഷയ്ക്കു പോലും എനിക്കു രാവണന്‍ കുട്ടി വേണം. കുരങ്ങനേക്കാള്‍ ചടുലമായ അവന്റെ മരംകയറ്റം ഒന്നു കാണേണ്ടതു തന്നെയാണ്.  തീര്‍ന്നില്ല; ഒരാള്‍ കൂടിയുണ്ട് ഞങ്ങളുടെ സംഘത്തില്‍. രാവണന്‍ കുട്ടിയുടെ വിശ്വസ്തനായ നായ, ടൈഗര്‍ ആണത്. കാല്‍നടയാത്രയുടെ ഓരോ മാത്രയിലും, ടൈഗര്‍ ഞങ്ങള്‍ക്കു മുന്‍പേ ഓടി, പരിസരം നിരീക്ഷിച്ചു തിരിച്ചെത്തുകയും മാര്‍ഗ്ഗം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

രാവിലെ, യാത്ര പുറപ്പെടും മുമ്പു നടന്ന കൂടിക്കാഴ്ചയില്‍ എന്റെ ഗവേഷണസഹായി ഡോ. നായരുടെ വക പ്രത്യേക ഉപദേശമുണ്ടായിരുന്നു.“നോക്കൂ, കാടിന്റെ ഇന്റീരിയറിലേക്കു തന്നെ പോകണം. ഇത്തവണ കളക്ഷന്‍ മോശമായാല്‍ എനിക്കു തന്റെ കാര്യം റീതിങ്ക് ചെയ്യേണ്ടി വരും..” ഭീഷണിയുടെ സ്വരം. കട്ടിപ്പുരികത്തിനു താഴെ ജ്വലിക്കുന്ന കഴുകന്‍ കണ്ണുകള്‍. അവയില്‍, ഇരയ്ക്കു വേണ്ടിയുള്ള വന്യമായ ദാഹം. “യെസ് , സര്‍.. ഐ വുഡ് ട്രൈ മൈ ലെവല്‍ ബെസ്റ്റ്..” എന്നു പറഞ്ഞു മുറിക്കു പുറത്തേയ്ക്കോടുകയായിരുന്നു.

കുത്തനെയുള്ള കരിമലയുടെ ഉച്ചിയിലെത്തിയപ്പോള്‍ തന്നെ കൈയിലുള്ള കുടിവെള്ളശേഖരമെല്ലാം കാലിയായിരുന്നു. വേനല്‍, ശരീരത്തെയും മനസ്സിനെയും ഒരുപോലെ പൊള്ളിക്കുന്നു. ഒരു പാറയില്‍ അല്പനേരം വിശ്രമിച്ച്, ഞങ്ങള്‍ യാത്ര തുടര്‍ന്നു. മലമുകളില്‍ നിന്നു പുറപ്പെട്ട് , ഇതുവഴി ആര്‍ത്തുല്ലസിച്ചൊഴുകിയിരുന്ന പുഴ ഇന്ന് ഒരു ജലരേഖ പോലും ബാക്കിവെയ്ക്കാതെ അപ്രത്യക്ഷമായിരിക്കുന്നു. ഒരു വര്‍ഷകാലത്തിന്റെ ശീതളസ്മരണയില്‍ മയങ്ങുന്ന ഉരുളന്‍ കല്ലുകള്‍.

കാട്. പച്ചയുടെ മാസ്മരിക ലോകം.! ഇടയ്ക്കിടെ ദൃശ്യമാകുന്ന ആനത്താരകളുടെ ഓരം ചേര്‍ന്നുഞങ്ങള്‍ നടന്നു. ആവി പറക്കുന്ന ആനപ്പിണ്ടവും, ആനക്കൂട്ടം ചവിട്ടി മെതിച്ച ഈറ്റക്കാടുകളും കണ്ടു ഭയന്നു. ഒട്ടും സമയം കളയാനില്ല. പരിസരം മറന്ന്, ഞങ്ങള്‍ ജോലി ചെയ്തു. സസ്യലതാദികളാല്‍ എന്റെ തോള്‍സഞ്ചി നിറഞ്ഞു കൊണ്ടേയിരുന്നു..
കുറ്റിക്കാടുകള്‍ പിന്നിട്ട്, ഞങ്ങള്‍ അനന്തവിസ് തൃതമായ ഒരു പുല്‍മേട്ടിലെത്തി. അവിടവിടെയായിഎഴുന്നു നില്‍ക്കുന്ന കറുത്ത കൂറ്റന്‍ ശിലകള്‍. എന്തോ, എനിക്കു പെട്ടെന്നു പാണ്ഡവരുടെ വനവാസകാലവും ‘രണ്ടാമൂഴ‘ത്തിലെ ഭീമനെയും ഓര്‍മ്മ വന്നു.

ഇലകളനങ്ങുന്ന ശബ്ദം. ഞങ്ങള്‍ ജാഗരൂകരായി. അത് പതിയെ അടുത്തടുത്തു വരികയാണ്. ഒരു കരടി തന്നെ. ഞങ്ങള്‍ക്കു മുന്നില്‍ ഏതാനും അടി അകലത്തെത്തിക്കഴിഞ്ഞു. നല്ല പ്രായമുണ്ട്. പിന്‍കാലുകളില്‍‍ നിവര്‍ന്നുനിന്ന് അവന്‍ ഞങ്ങളെയൊന്നു വീക്ഷിച്ചു. രാവണന്‍ കുട്ടി, ഉച്ചത്തില്‍ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി. തിരിഞ്ഞുനോക്കിക്കൊണ്ട് അവന്‍ ഭയന്നോടി. പിന്നെ, കാഴ്ചയില്‍ നിന്നു മറഞ്ഞു.

ശരീരത്തിലെ ജലാംശം വറ്റുന്നതായി കാലുകള്‍ മുന്നറിയിപ്പു തന്നു. ചുവടുകളിടറാന്‍ തുടങ്ങി.“നമുക്കു മടങ്ങാം, വെള്ളമില്ലാതെ ഇനി വയ്യ.“ ഞാന്‍ രാവണന്‍ കുട്ടിയോടു പറഞ്ഞു.“കുറച്ചു ദൂരെ ഒരു അരുവിയുണ്ട്. നമുക്കു അങ്ങോട്ടു നടക്കാം.”- അവന്‍ പറഞ്ഞു.. മനസൊന്നു തണുത്തു. ഞാന്‍ കാലുകള്‍ ‍ പെറുക്കിപ്പെറുക്കി രാവണന്‍ കുട്ടിക്കു പിറകെ പിച്ചവെച്ചു. വഴിയില്‍, പുല്ലാനിയുടെ വള്ളികള്‍ വെട്ടിയെടുത്ത് അതില്‍ നിന്നൂറുന്ന വെള്ളം നാവിലിറ്റിച്ചു.

നടന്നു നടന്ന് ഞങ്ങള്‍ ഒരു നിശ്ശബ്ദതയുടെ  കൂടാരത്തിലെത്തി. ഏതോ പുരാതനശിലകളുടെ നഷ്ടാവശിഷ്ടങ്ങള്‍. കത്തിയമര്‍ന്ന ചന്ദനത്തിരികള്‍. പൊട്ടിയ ഒരു കല്‍വിളക്ക്. ഭയവും ക്ഷീണവും എന്നെ ഒരുപോലെ വലയം ചെയ്തു. “നമുക്കു വഴി തെറ്റിയെന്നു തോന്നുന്നു; ഇവിടെയെങ്ങും ആ അരുവി കാണാനില്ല.” രാവണന്‍ കുട്ടിയുടെ ചിതറിയ ശബ്ദം എന്നെ കൂടുതല്‍ നിസ്സഹായനാക്കി. ദിക്കറിയാതെ ഞങ്ങള്‍ തലങ്ങും വിലങ്ങും നടക്കാന്‍ തുടങ്ങി. എങ്ങും പച്ചയുടെ പ്രളയം മാത്രം.! ദൂരെയെവിടെയെങ്കിലും ഒരു പ്രകാശഗോപുരം? ഒരു സഹായഹസ്തം? ഇല്ല. ദിക്കുകള്‍ ഞങ്ങളെ കൈവെടിഞ്ഞു കഴിഞ്ഞിരുന്നു. കടപുഴകി വീണ ഒരു വലിയ മരം കുറുകെ കടക്കവെ, എന്റെ ദേഹം എന്റെ നിയന്ത്രണത്തിലല്ല്ല്ലെന്നു ഞാനറിഞ്ഞു.

ഭയമെന്തെന്നറിയാത്ത രാവണന്‍ കുട്ടിയുടെ കണ്ണുകളിലും ഭീതി കൂടുകൂട്ടിയതു ഞാന്‍ കണ്ടു. മടിയില്‍ നിന്നു വെറ്റിലയും പാക്കുമെടുത്ത് അവന്‍ കണ്ണില്‍ ചേര്‍ക്കുന്നുണ്ട്. മലദൈവങ്ങളോടുള്ള പ്രാര്‍ത്ഥനയാണ്. ഞാന്‍ വാച്ചിലേക്കു നോക്കി. സമയം ആറുമണി. ദൈവമേ..! എനിക്കു തല ചുറ്റുന്നതു പോലെ തോന്നി. ഞാന്‍ ഒരു മരത്തില്‍ ചാരി, പതിയെ നിലത്തിരുന്നു. ഡോ. നായരുടെ കഴുകന്‍ കണ്ണുകള്‍ മനസ്സില്‍ വീണ്ടും വീണ്ടും തെളിഞ്ഞുവന്നു. ഒരു തളര്‍ച്ച എന്റെ ശരീരത്തെയാകെ വന്നു പൊതിഞ്ഞു. പെട്ടെന്ന് എവിടെനിന്നോ, ടൈഗര്‍ കുരച്ചുകൊണ്ട് ഓടിവന്നു. അവന്റെ മുഖം മുഴുവന്‍ രക്തം പുരണ്ടിരുന്നു.. ആകെ ഭയന്നതു പോലെ അവന്‍ കുരച്ചു കൊണ്ടേയിരുന്നു. നിലത്തിരുന്ന്, അവനെ കെട്ടിപ്പിടിച്ചു കൊണ്ട് രാവണന്‍ കുട്ടിയും കരയാന്‍ തുടങ്ങി.

പതിയെപ്പതിയെ, എന്റെ കാഴ്ചവട്ടം ചെറുതായി വന്നു. എനിക്കു മുകളില്‍, ആകാശത്തോളം വളര്‍ന്ന വന്മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ മാത്രം എനിക്കിപ്പോഴും കാണാം. ഇലകള്‍ക്കിടയില്‍ നിന്ന്ഇരുട്ട് എന്റെമേല്‍ ചാടിവീഴുന്നതും കാത്ത് ഞാന്‍ കണ്ണടച്ചു കിടന്നു.

Saturday, November 21, 2009

കേരളവര്‍മ്മ പഴശ്ശിരാജാ; ചിത്രവും ചരിത്രവും..!













ചരിത്രം ഓര്‍മ്മയാണ്; ഒരു സമൂഹത്തിന്റെ ദീപ്തസ്മരണകളുടെ സമാഹാരം.! തലമുറകള്‍ക്കായി കാലം കരുതിവെച്ച പൈതൃകസമ്പത്ത്.! നമ്മുടെ ചരിത്രപുസ്തകങ്ങള്‍ തന്നെ, അര്‍ദ്ധസത്യങ്ങളാല്‍ സമൃദ്ധമായിരിക്കേ, അവയുടെ പുനര്‍വായനയും വ്യാഖ്യാനങ്ങളും എത്രത്തോളം പ്രശ്നസങ്കീര്‍ണ്ണമാവാമെന്നു പറയേണ്ടതില്ലല്ലോ..?

അതെന്തായാലും, വടക്കന്‍പാട്ടുകളിലൂടെ ചിരപരിചിതനായ ചന്തുവിന്റെ ചരിതങ്ങളെ മാറ്റിയെഴുതി ചതിയ്ക്കുപകരം ആ ഹൃദയത്തില്‍ നന്മയുടെ ദീപം തെളിയിച്ച എം.ടിയെ മലയാളി അതിരറ്റു സ്നേഹിക്കുന്നു! പെരുന്തച്ചനും മകനുമിടയിലെ വൈരുദ്ധ്യങ്ങള്‍ക്കും പുതിയ ഭാഷ്യങ്ങള്‍ ചമച്ച് അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തി.! എന്നാല്‍, വള്ളുവനാട്ടില്‍, കോട്ടയം രാജ്യത്തിലെ ‘വീരസിംഹ‘മായിരുന്ന പഴശ്ശിരാജായുടെ ലിഖിത ചരിത്രത്തില്‍ അത്രയൊന്നും ഇടപെടാന്‍ തന്റെ പുതിയ തിരക്കഥയിലൂടെ എം.ടി. മുതിര്‍ന്നില്ല എന്നതില്‍ ചരിത്രബോധമുള്ള മലയാളിയ്ക്ക് ആശ്വസിക്കാം.! വിശേഷിച്ച്, ദേശത്തിന്റെ അതിരുകള്‍ ഭേദിച്ച് കടല്‍ കടക്കുന്ന നമ്മുടെ സിനിമ ചരിത്രവസ്തുതകളെക്കുറിച്ച് പുറം ലോകത്തിനു തെറ്റായ സന്ദേശം നല്കാനിടയുള്ള പുതിയ സാഹചര്യത്തില്‍.!

കച്ചവടത്തിനെത്തി, പിന്നീട് കോളനിവല്‍ക്കരണത്തിലേക്കു കണ്ണുനട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയെ തന്റെ കറകളഞ്ഞ രാജ്യസ്നേഹത്താല്‍ വിറപ്പിച്ച പഴശ്ശി കേരളവര്‍മ്മയുടെ ധീരതയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും ദൃശ്യാഖ്യാനമാണ് ഹരിഹരന്റെ സംവിധാനമികവില്‍ പുറത്തുവന്ന ‘കേരളവര്‍മ്മ പഴശ്ശിരാജാ’ എന്ന ചലച്ചിത്രം. ചന്തുവിനും അംബേദ്ക്കര്‍ക്കും ശേഷം താരരാജാവായ മമ്മൂട്ടിയ്ക്ക് ഇതാദ്യമായി, ചരിത്രപുരുഷനായ ഒരു യഥാര്‍ത്ഥ രാജാവിന്റെ വേഷം തന്നെ ലഭിക്കുന്നു..!

18-ം നൂറ്റാണ്ടിന്റെ അന്ത്യപാദമാണ് സിനിമയിലെ കാലം. കൃത്യമായി പറഞ്ഞാല്‍ 1795 ജൂണ്‍ മുതല്‍ 1805 നവംബര്‍ 30-നു നടന്ന പഴശ്ശിയുടെ വീരമൃത്യു വരെ. ജനങ്ങളുടെ മേല്‍ അന്യായമായി അടിച്ചേല്‍പ്പിച്ച നികുതി താന്‍ പിരിച്ചു നല്‍കുകയില്ല എന്നു തീരുമാനിച്ചുകൊണ്ട് കമ്പനിയുമായി ഒരു തുറന്നയുദ്ധത്തിനു പഴശ്ശി തയ്യാറാവുന്ന ചരിത്ര മുഹൂര്‍ത്തത്തിലാണ് സിനിമ ആരംഭിക്കുന്നത്. കച്ചവടത്തിനു വന്നവര്‍ രാജ്യകാര്യങ്ങളിലിടപെടുന്നത് പൊറുക്കാന്‍ രാജാവിനാകുമായിരുന്നില്ല. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പഴശ്ശിയെ അറസ്റ്റ് ചെയ്യുവാന്‍ അദ്ദേഹത്തിന്റെ വസതിയായ പടിഞ്ഞാറേ കോവിലകം റെയ്ഡ് ചെയ്ത പട്ടാളത്തിനു പക്ഷേ, നിരാശരാകേണ്ടി വന്നു. രാജാവിനെ കിട്ടാത്തതിനുള്ള പ്രതികാരമായി കൊട്ടാരത്തിലെ സ്വത്തു മുഴുവന്‍ അവര്‍ കൊള്ളയടിക്കുന്നു.!

സ്വന്തം അമ്മാവനായ വീരവര്‍മ്മയുടെ (തിലകന്‍) പോലും പിന്തുണയില്ലാതെ, ഒളിവില്‍ താമസിച്ച് പഴശ്ശി സായിപ്പിനെതിരെ കരുക്കള്‍ നീക്കുന്നു. ഇടത്തും വലത്തും പടനായകരായ എടച്ചേന കുങ്കനും (ശരത് കുമാര്‍) രാജപത്നിയായ മാക്കത്തിന്റെ നേരാങ്ങളയായ കൈതേരി അമ്പുവും (സുരേഷ് കൃഷ്ണ) പിന്നില്‍, തലയ്ക്കല്‍ ചന്തുവും (മനോജ് കെ. ജയന്) നീലിയും (പത്മപ്രിയ) നയിക്കുന്ന കുറിച്യപ്പടയും അണിനിരക്കുന്നതോടെ, സിരകളെ ത്രസിപ്പിക്കുന്ന ഒളിപ്പോരിന്റെ ചടുലമുഹൂര്‍ങ്ങള്‍ കടന്നുവരികയായി.! അതിസൂക്ഷ്മമായ ദൃശ്യ-ശബ്ദവിന്യാസവും സമര്‍ത്ഥമായ എഡിറ്റിങ്ങും ചേര്‍ന്ന് കാണികളുടെ ശ്വാസഗതി വര്‍ദ്ധിപ്പിക്കുന്ന നിമിഷങ്ങള്‍..! കമ്പനിയുടെ റിബലുകളായി തന്നോടൊപ്പം ചേര്‍ന്ന ആയിരങ്ങള്‍ക്കു മുന്നില്‍ പഴശ്ശി ഹൃദയം തുറക്കുന്നു: ‘സ്വാതന്ത്ര്യത്തിനായുള്ള ഈ പോരാട്ടത്തില്‍, അവസാനം വരെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാവും.!

വനാന്തരത്തില്‍ വെച്ചു നടക്കുന്ന ആദ്യത്തെ പൊരിഞ്ഞ പോരാട്ടത്തില്‍, തോക്കിനുമേല്‍ അമ്പ് വിജയം വരിക്കുന്നതോടെ പട്ടാളത്തിന് പഴശ്ശിയുടെ ശക്തി ബോധ്യപ്പെടുന്നു.. ധര്‍മ്മപത്നിയായ മാക്കത്തിന്റെ (കനിക സുബ്രഹ്മണ്യം) വസതിയില്‍ പഴശ്ശിയെത്തിയതു മണത്തറിഞ്ഞ കമ്പനിയുടെ അനുയായി പഴയവീടന്‍ ചന്തുവും (സുമന്‍) കൂട്ടാളികളും അവിചാരിതമായി അവിടെയെത്തി, പഴശ്ശിയെ തോക്കിന്‍കുഴലിനു മുന്നില്‍ തളയ്ക്കുന്നുണ്ടെങ്കിലും മാക്കത്തിന്റെ സമയോചിതമായ ഇടപെടല്‍ നിരായുധനായ രാജാവിന് ഒരുറുമിയുടെ ബലം നല്‍കുകയും നിമിഷാര്‍ത്ഥത്തില്‍, ശത്രുക്കള്‍ നിലംപരിശാവുകയും ചെയ്യുന്നു.!

വീണ്ടും പ്രതിരോധത്തിലായ രാജാവിന് ഒളിവുജീവിതം അനിവാര്യമായിത്തീരുന്നു.! പഴയ കൂട്ടാളികളില്‍ പലരും സായിപ്പിന്റെ ശിങ്കിടികളായി കൂറുമാറിയപ്പോള്‍, നാട്ടുപ്രമാണിമാരായ എമ്മന്‍ നായരും (ലാലു അലക്സ്) ഉണ്ണിമൂത്തയും (ക്യാപ്റ്റന്‍ രാജു) മറ്റും ആളും അര്‍ത്ഥവും നല്‍കി ഒപ്പം നില്‍ക്കുന്നു. ചിറയ്ക്കല്‍ രാജാവിന്റെ സാന്നിദ്ധ്യത്തില്‍ തലശ്ശേരി കോട്ടയില്‍ നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചയില്‍, ജനങ്ങളുടെ സമാധാന ജീവിതത്തെക്കരുതി, പഴശ്ശി സമാധാനക്കരാറില്‍ ഒപ്പുവെച്ചത് സൈന്യത്തിന്റെ മനോവീര്യത്തെ അല്പം കെടുത്തുന്നുണ്ട്. എന്നാല്‍, പടത്തലവനായ കുങ്കന്റെ രാജഭക്തിയും പൂര്‍ണ്ണമായ സമര്‍പ്പണവും പഴശ്ശിക്കു തുണയാകുന്നു. ‘വലിയ യുദ്ധം വരും.! തമ്പുരാന്‍ തോല്‍ക്കരുതെ’ന്ന് അയാള്‍ അമ്പുവിനെ ഓര്‍മ്മിപ്പിക്കുന്നു..

പട്ടാളത്തിന്റെ പുതിയ താവളമായ പനമരം കോട്ട പഴശ്ശിസൈന്യത്തിന്റെ രൂക്ഷമായ ആക്രമണത്തില്‍ തകരുന്നു ! അസി.കളക്ടര്‍ ബേബറിന്റെ നേതൃത്വത്തില്‍, കമ്പനിപ്പട്ടാളം തമ്പുരാന്റെ വലം കൈകളായ കണ്ണവത്തു നമ്പ്യാരെയും തലക്കല്‍ ചന്തുവിനെയും ചതിപ്രയോഗത്തില്‍ പിടികൂടി ജനമധ്യത്തില്‍ തൂക്കിലേറ്റുന്നു.! രാജാവിനെയും പടത്തലവനായ കുങ്കനെയും ഒരേപോലെ തളര്‍ത്തിയ ഈ സംഭവത്തോടെ പഴശ്ശിയുടെ പതനം തുടങ്ങുകയാണ്.! കമ്പനിയുടെ പട്ടാളത്തലവനെ ഒറ്റയ്ക്കു നേരിട്ട് കൊന്നു കെട്ടിത്തൂക്കിയാണ് പഴശ്ശി തന്റെ വലംകൈയായിരുന്ന ചന്തുവിന്റെ കൊലയ്ക്കു പകരം വീട്ടുന്നത്.!കാടിനുള്ളിലെ പുതിയ താവളവും കമ്പനിപ്പട്ടാളം കണ്ടെത്തിക്കഴിഞ്ഞുവെന്ന വാര്‍ത്ത ലഭിക്കുന്നു. സൈന്യത്തെ വഴിയില്‍ തടയുന്നതിനിടയില്‍, സ്വന്തം ജീവന്‍ ബലി നല്‍കി കൈതേരി അമ്പു രാജാവിന്റെ ജീവന്‍ കാക്കുന്നു.! മാക്കത്തിന്റെയും കുങ്കന്റെയും പഴശ്ശിയുടെയും കണ്മുന്നില്‍ അമ്പുവിന്റെ അന്ത്യയാത്ര സിനിമയിലെ ഏറ്റവും വികാരനിര്‍ഭരമായ രംഗമായി മാറുന്നു.‘നമ്മളെല്ലാം പോകും..! എന്നാല്‍, നമ്മുടെ വാളുകള്‍ പറഞ്ഞ കഥകള്‍ സംവത്സരങ്ങള്‍ കഴിഞ്ഞാലും നിലനില്‍ക്കും.! പുതിയ കുട്ടികള്‍ അവ കേട്ടുപഠിക്കും..!!’ പഴശ്ശിയുടെ വാക്കുകള്‍ ചരിത്രനിര്‍മ്മിതിയ്ക്കു പിന്നിലെ തീരാത്ത വേദനകള്‍ അനാവരണം ചെയ്യുന്നു.!

പട്ടാളത്തിനു മേല്‍ക്കൈ ലഭിച്ചതോടെ തമ്പുരാന്റെ സംരക്ഷണം കുങ്കന് വലിയ വെല്ലുവിളിയായിത്തീരുന്നു.! തുടരെയുള്ള തോല്‍വികളില്‍ നിരാശരായി, കൂടെ അവശേഷിച്ചവരും രാജാവിനെ വിട്ടു പോകുന്നു.! അതിനിടെ, പഴയവീടന്‍ ചന്തുവിനെ ഒരു ദ്വന്ദ്വയുദ്ധത്തില്‍ കുങ്കന്‍ കുത്തി മലര്‍ത്തുന്നു.! പുഴയുടെ തീരത്ത് ചോരപുരണ്ട കൈകള്‍ കഴുകുന്ന കുങ്കനെ ബേബറുടെ നേതൃത്വത്തില്‍ പട്ടാളം വളയുന്നു.! സായിപ്പിന്റെ തൂക്കുമരത്തിലേറാന്‍ മനസ്സില്ലാത്ത അഭിമാനിയായ അയാള്‍ കണ്ടുനില്‍ക്കുന്നവരെ നടുക്കിക്കൊണ്ട് സ്വന്തം നെഞ്ചില്‍ കഠാര കുത്തിയിറക്കി ആത്മാഹുതി ചെയ്യുന്നു.! സാക്ഷിയായ പുഴയുടെ മടിയിലേയ്ക്ക്, സ്വയം സമര്‍പ്പിക്കുന്നു.! വാക്കുകള്‍ ഭയന്നു മാറി നില്‍ക്കുന്ന കുങ്കന്റെ അന്ത്യരംഗം ലോകസിനിമയിലെ തന്നെ മികച്ച ദൃശ്യാവിഷ്ക്കാരങ്ങളിലൊന്നാണ്.! പഴശ്ശി കേരളവര്‍മ്മയെന്ന ആണ്‍സിംഹമാവട്ടെ, തന്റെ അന്തിമവിധിയെപ്പറ്റിയുള്ള പൂര്‍ണ്ണബോധ്യത്തോടെ, പട്ടാളത്തോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടി വീരമൃത്യു വരിക്കുന്നു.!

മലയാളസിനിമയുടെ ചരിത്രത്തിലെ ഒരു പ്രധാന സംഭവം തന്നെയാണ് ‘പഴശ്ശിരാജാ’. ഹരിഹരന്‍ എന്ന സംവിധായകന്റെ ഏറ്റവും മികച്ച സൃഷ്ടിയും. തീയറ്ററില്‍, താരരാജാവിനെ വാഴ്ത്തിപ്പാടുവാന്‍ മത്സരിക്കുന്ന അനുയായികള്‍ പോലും ക്രമത്തില്‍ കുറിച്ച്യപ്പടയുടെ പോരാട്ടവീര്യത്തില്‍ മുഴുകുന്ന കാഴ്ച കൌതുകകരമായിരുന്നു.! യഥാര്‍ത്ഥ രാജാവിന് അരങ്ങില്‍ യുദ്ധം ചെയ്യാനുള്ള അവസരങ്ങള്‍ കുറവായതിനാല്‍, ഈ അനുകൂല്യം മുതലെടുത്ത് പടത്തലവന്റെ വീരരസം മുഴുവനായി തന്നിലേക്കാവാഹിക്കാനും എടച്ചേന കുങ്കന്‍ ഒരാണ്‍കുട്ടി തന്നെയെന്ന് തെളിയിക്കാനും ശരത്കുമാറിനു കഴിഞ്ഞിട്ടുണ്ട്.! തന്റെ ശരീരഭാഷയെ ഈ കഥാപാത്രത്തിനു വേണ്ടി മെരുക്കിയെടുക്കുന്നതില്‍ ഈ തമിഴ് നടന്‍ പൂര്‍ണ്ണമായി വിജയിച്ചു.! സുരേഷ്ഗോപിക്കു പകരം ശര‍ത്കുമാറിനെ കാസ്റ്റ് ചെയ്യുന്നതില്‍ കാട്ടിയ ധൈര്യം സൂപ്പര്‍താരത്തിന്റെ കാര്യത്തില്‍ കൂടി കാണിച്ചിരുന്നെങ്കില്‍ പഴശ്ശി എന്ന കഥാപാത്രത്തിനും സിനിമയ്ക്കു തന്നെയും ഒരു ‘പുതിയ’ മാനം കൈവരുമായിരുന്നു.! താരം ആരാധകരില്‍ ആവേശം പകരുന്നുണ്ടെങ്കിലും അദ്ദേഹം മുന്‍പു ചെയ്തുതീര്‍ത്ത കത്തിവേഷങ്ങളുടെ ഹാങ് ഓവര്‍ പലപ്പോഴും ആസ്വാദനത്തിലെ രസനീയത കെടുത്തുന്നു.! മനോജ് കെ.ജയനും പത്മപ്രിയയും മറ്റും സന്ദര്‍ഭമാവശ്യപ്പെടുന്ന കൃത്യമായ പ്രകടനം കാഴ്ച വെക്കുന്നു.!

തിരക്കഥയില്‍ കൃതഹസ്തനെങ്കിലും, എം.ടിയുടെ ഒരു മികച്ച രചനയായി ഈ ചിത്രത്തെ കരുതാനാവില്ല. എങ്കിലും, ചരിത്രസംഭവങ്ങളില്‍ അവശ്യം വേണ്ട ഗവേഷണം നടത്തിയിട്ടുണ്ടെന്നു കാണാം. കൊള്ളലാഭത്തിനു വില്‍ക്കാനുള്ള ഒരു ചരക്കു മാത്രമായി സിനിമയും തരംതാണുകഴിഞ്ഞ ഇക്കാലത്ത് ചരിത്രസത്യങ്ങളോട് ഒരു പരിധി വരെയെങ്കിലും നീതിപുലര്‍ത്താന്‍ സിനിമയുടെ ശില്‍പ്പികള്‍ക്കു കഴിഞ്ഞത് ആശ്വാസം.! പഴശ്ശിയുടെ അന്ത്യരംഗങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള അസി. കളക്ടര്‍ ബേബറുടെ കത്തുകള്‍ നേരത്തേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, മമ്മൂട്ടിയുടെ താരപദവി നിലനിര്‍ത്തുവാന്‍, ഈ വസ്തുതകളില്‍‍ വെള്ളം ചേര്‍ത്ത് ക്ലൈമാക്സ് അതിനാടകീയ മാക്കിയതിനെ ഒട്ടും നീതീകരിക്കാനാവില്ല.! താരാരാധകര്‍ക്കു വേണ്ടിയുള്ള ഈ ഒത്തുതീര്‍പ്പ് തീര്‍ച്ചയായും ചിത്രത്തിന്റെ ആധികാരികതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.!

പാത്രസൃഷ്ടിയിലും സംഭാഷണങ്ങളിലും, ക്ളീഷേ ആയിക്കഴിഞ്ഞ എം.ടിയുടെ പതിവുശൈലി തന്നെയാണ് ഈ ചിത്രത്തിലും കാണുന്നത്.! ആണ്‍കോയ്മയുടെ താരപ്രഭയില്‍ മങ്ങിപ്പോകുന്ന സ്ത്രീകഥാപാത്രങ്ങള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു.! കെടാത്ത സമരവീര്യവുമായി പ്രേക്ഷകനെ അമ്പരപ്പിക്കുന്ന നീലിയുടെ പാത്രസൃഷ്ടിയാണ് ഇക്കാര്യത്തില്‍ ഏക ആശ്വാസം.! രാജപത്നിയായ മാക്കം പോലും കാമോദ്ദീപകമായ ഒരു പെണ്‍ശരീരം മാത്രമായി ഒതുങ്ങിപ്പോയതിന്റെ ഉത്തരവാദിത്തം ജ്ഞാനപീഠജേതാവായ തിരക്കഥാകൃത്തിനു തന്നെ.! ഒരു പൈങ്കിളി നോവലിലെപ്പോലെ, സ്വപ്നം കാണലും പാട്ടുപാടലും കള്ളക്കരച്ചിലുമൊക്കെ ത്തന്നെയാണ് ഈ കഥാപാത്രത്തിന്റെ സിനിമയിലെ ദിനചര്യ.! ഒരു സന്ദിഗ്ദ്ധഘട്ടത്തില്‍, നിരായുധനായ ‘ഭര്‍ത്താവിന് തളികയിലൊളിപ്പിച്ച് ഉറുമി നല്‍കുന്ന രംഗത്തില്‍ മാത്രമാണ് അവരുടെ വ്യക്തിത്വം അല്പമെങ്കിലും നിഴലിക്കുന്നത്.! എന്തായാലും, അര്‍ഹമായ പരിഗണന ഒരിടത്തും ലഭിക്കാത്ത ആദിവാസിസമൂഹം പഴശ്ശിവിപ്ളവത്തില്‍ ചെലുത്തിയ പങ്ക് ഊന്നിപ്പറയാന്‍ എം.ടി. തിരക്കഥയില്‍ ഇടം കണ്ടെത്തിയത് അഭിനന്ദനനാര്‍ഹം തന്നെ.!

സാങ്കേതികതയില്‍, ഇന്നു മലയാളത്തിലിറങ്ങുന്ന എതൊരു സിനിമയെക്കാളും ഉന്നതനിലവാരം പുലര്‍ത്താന്‍ ഇതിന്റെ അണിയറശില്‍പ്പികള്‍ ശ്രമിച്ചിട്ടുണ്ട്.! ഡിസംബറില്‍, തിരുവനന്തപുരത്തു നടക്കുന്ന അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍ ലോകസിനിമാ വിഭാഗത്തിലേക്കാണ് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.! അഭിനയം, സാങ്കേതിക വിദ്യ എന്നീ രംഗങ്ങളില്‍ വിദേശീയരടക്കമുള്ള പ്രതിഭകളെ അണിനിരത്താന്‍ കഴിഞ്ഞത് ഒരു നല്ല മാതൃക തന്നെയാണ്; മാര്‍ക്കറ്റിങ്ങ് ഇതില്‍ ഒരു പ്രധാന ഘടകമാണെങ്കില്‍ക്കൂടി.!ഹംഗേറിയന്‍ ഓര്‍ക്കസ്ട്രായുടെ സഹായത്തോടെ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തില്‍ ഇളയരാജാ വരുത്തിയ വ്യതിരിക്തത ശ്രദ്ധേയമാണ്.! എന്നാല്‍, ഗാനങ്ങളില്‍ ഈ വ്യത്യസ്തത പ്രകടമായില്ല എന്നതും പറയണം.! വിഷ്വലുകള്‍ക്കൊപ്പം സിനിമയിലെ ശബ്ദവും പ്രധാനമാണെന്ന് റസൂല്‍ പൂക്കുട്ടിയുടെ ഇടപെടല്‍ വിളിച്ചു പറയുന്നുണ്ട്.! വാള്‍പ്പയറ്റും വയനാടന്‍ കാറ്റും കുതിരക്കുളമ്പടിയും അമ്പിന്റെ സീല്‍ക്കാരവും ശബ്ദപാളികളായി നമ്മെ ഒപ്പം നടത്തുന്നു.! 18-ം നൂറ്റാണ്ടിന്റെ സ്ഥലവും കാലവുമുയര്‍ത്തുന്ന കനത്ത വെല്ലുവിളി കലാസംവിധായകനായ മുത്തുരാജ് സധൈര്യം ഏറ്റെടുത്തിരിക്കുന്നു.! ‘ഗുരു’വിനു ശേഷം അദ്ദേഹത്തിന്റെ മികച്ച സെറ്റുകള്‍.! രാമനാഥ ഷെട്ടിയുടെ ക്യാമറാവര്‍ക്ക് ലോകസിനിമയോടു കിടപിടിക്കുന്ന ക്ളാസ്സിക് സ്വഭാവം പ്രദര്‍ശിപ്പിക്കുന്നു.! വെളിച്ചത്തിന്റെ ക്രമീകരണം ശ്രദ്ധാപൂര്‍വ്വം നിര്‍വഹിച്ച നിരവധി സീക്വന്‍സുകള്‍ ചിത്രത്തിലുണ്ട്.! ശ്രീകര്‍ പ്രസാദിന്റെ ചിത്രസംയോജനമികവ് ഒരു പീരിയഡ് സിനിമയെ പിരിമുറുക്കമുള്ള മൂന്നു മണിക്കൂറിന്റെ ദൈര്‍ഘ്യത്തിലൊതുക്കി നിര്‍ത്തി.! ഒറ്റ വാക്കില്‍ പറഞ്ഞാല്‍, a project, well-executed.!

രേഖപ്പെടുത്തപ്പെട്ട നമ്മുടെ സ്വാതന്ത്ര്യസമരങ്ങള്‍ക്കും ഗാന്ധിമാര്‍ഗ്ഗങ്ങള്‍ക്കും വളരെ മുന്‍പേ, സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ആയിരക്കണക്കിനു മനുഷ്യരെക്കുറിച്ചുള്ള ഓര്‍മ്മ പുതുക്കാന്‍ ഈ സിനിമ ഒരു നിമിത്തമായി എന്നത് ഒരു നിസ്സാരകാര്യമല്ല.! മുന്‍പ് കമ്പനികളെ ഇവിടെ നിന്നു തുരത്താന്‍ വേണ്ടി നമ്മുടെ പിതാമഹന്മാര്‍ ജീവന്‍ വെടിഞ്ഞുവെങ്കില്‍ ഇന്ന് വിദേശ കമ്പനികളെ സ്വാഗതം ചെയ്യാന്‍ ചുവപ്പു പരവതാനി വിരിച്ച് നാം കാത്തിരിക്കുന്നു.! ഈ വിരോധാഭാസത്തിന്റെ വിഷമസ്മൃതിയില്‍ ഈ കുറിപ്പവസാനിപ്പിക്കാം.!

Monday, October 5, 2009

ദൃശ്യരൂപകങ്ങള്‍ കഥ പറയുമ്പോള്‍..!











പുസ്തകവായനയില്‍ വാക്കുകള്‍ക്കിടയിലെ മൌനമെന്ന പോലെ, തിരശ്ശീലയില്‍ ദൃശ്യബിംബങ്ങള്‍ക്കിടയിലെ മൌനം പൂരിതമാവുമ്പോള്‍ മാത്രമാണ് പ്രേക്ഷകനില്‍ ചലച്ചിത്രാനുഭവം ഉണ്ടാകുന്നത്. കഥാപാത്രങ്ങളുടെ ഭാഷണങ്ങള്‍ക്കപ്പുറത്തുള്ള ഈ അതിമൌനം 'ദി റിട്ടേണ്‍' (മടക്കം) എന്ന റഷ്യന്‍ ചിത്രത്തെ ഒരു തീവ്രാനുഭവമാക്കി മാറ്റുന്നു.

പുതു തലമുറയില്‍പ്പെട്ട ആന്ദ്രേ വ്യാജിന്റ്സേവ് എന്ന യുവസംവിധായകന്റെ കന്നിച്ചിത്രമാണ് 2003-ല്‍ റിലീസ് ചെയ്യപ്പെട്ട 'ദി റിട്ടേണ്‍’. ഐസന്‍സ് റ്റീന്‍, തര്‍ക്കോവ്സ്കി, സുഖറോവ് തുടങ്ങിയ മഹാരഥന്മാര്‍ തീര്‍ത്ത റഷ്യന്‍ സിനിമയുടെ സര്‍ഗ്ഗപാരമ്പര്യവും തികച്ചും ആധുനികമായ സംവേദനക്ഷമതയും ഈ ചലച്ചിത്രത്തില്‍ സമ്മേളിക്കുന്നു.! വിഖ്യാതമായ വെനീസ് ചലച്ചിത്രമേളയില്‍, ഈ സിനിമയ്ക്കു സുവര്‍ണ്ണ ലയണ്‍ പുരസ്കാരം ലഭിച്ചു.

നീണ്ട പന്ത്രണ്ടു വര്‍ഷങ്ങളുടെ നിഗൂഢമായ അസാന്നിധ്യത്തിനു ശേഷം വീട്ടിലേക്കു മടങ്ങിയെത്തിയ അച്ഛനും രണ്ട് ആണ്‍മക്കളും തമ്മില്‍, ഏഴു ദിനങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ബന്ധമാണ് ചിത്രത്തിന്റെ പ്രതിപാദ്യം. ഒരു ഞായറാഴ്ചയില്‍ തുടങ്ങി അടുത്ത ശനിയാഴ്ചയില്‍ അവസാനിക്കുന്ന ഒരു ലഘുജീവിതചിത്രം. തികച്ചും നേര്‍ത്ത ഒരു കഥാഗാത്രത്തില്‍, മനുഷ്യമനസ്സിന്റെ അതിസൂക്ഷ്മ ചലനങ്ങളും ദുരൂഹതകളുമെല്ലാം സംവിധായകന്‍ വിദഗ്ദ്ധമായി ഒളിപ്പിച്ചിരിക്കുന്നു.!

വിഷാദ മധുരമായ ഒരു ദിനാന്തത്തില്‍, ഗ്രാമത്തിലെ തുറസ്സായ ജലാശയത്തില്‍ സ്ഥാപിച്ചിട്ടുള്ള ഡൈവിംഗ് സ്റ്റാന്‍ഡില്‍ നിന്നു മറ്റു കൂട്ടുകാരോടൊപ്പം താഴേക്കു ചാടുവാന്‍ ഭയന്ന്, അപകര്‍ഷതാബോധത്താല്‍ നീറി നില്‍ക്കുന്ന ഇവാന്‍ എന്ന ബാലന്റെ ദൃശ്യത്തിലാണ് ചിത്രത്തിന്റെ തുടക്കം. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന്, ജ്യേഷ്ഠനായ ആന്ദ്രേയും തന്നെ പരിഹസിച്ചത് നിഷ്കളങ്കനായ അവനെ പ്രകോപിപ്പിക്കുന്നു. പിറ്റേന്ന്, അടിപിടി യിലെത്തിയ വഴക്കിനെത്തുടര്‍ന്ന് വീട്ടിലെത്തിയ അവരെ എതിരേറ്റത് അച്ഛന്‍ മടങ്ങിയെത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ്. “അച്ഛന്‍ ഉറങ്ങുകയാണ്, ശബ്ദമുണ്ടാക്കരുത്”- അമ്മ മുന്നറിയിപ്പു നല്‍കുന്നു. ഓര്‍മ്മച്ചിത്രങ്ങളിലൊന്നും തെളിയാത്ത അച്ഛന്‍! വിസ്മയചിഹ്ന ങ്ങളായി മാറി രണ്ടുപേരും ഉറങ്ങുന്ന അച്ഛനെ ഉറ്റു നോക്കുന്നു. അപരിചിതത്വത്തിന്റെ നീണ്ട ഉറക്കം.!

തീന്‍മേശയ്ക്കു മുന്നിലെ അര്‍ത്ഥപൂര്‍ണ്ണമായ നിശ്ശബ്ദതയില്‍, അച്ഛന്‍ നടത്തുന്ന ചെറുതെങ്കിലും കര്‍ശനമായ ഇടപെടലുകള്‍ കുട്ടികളുടെ മനോഭാവം വ്യക്തമാക്കുന്നു. ഇവാന്‍ സന്തോഷവാനാണ്. എന്നാല്‍, അത് അച്ഛന്‍ തന്നെയെന്നുറപ്പിക്കാന്‍ അവന്‍ ഉപാധികള്‍ തേടുന്നു. ആന്ദ്രേയ്ക്ക് അച്ഛനെ ഇഷ്ടമാണ്; ആ ശിക്ഷണങ്ങളോട് തുറന്നു പറയാത്ത ഒരു നീരസമുണ്ടെങ്കില്‍പ്പോലും...

അടുത്ത ദിവസം രാവിലെ അച്ഛന്‍ കുട്ടികളുമായി ഒരു ഉല്ലാസയാത്ര പോകുന്നു. യാത്രക്കിടയിലെ നിരവധി സന്ദര്‍ഭങ്ങളില്‍, അവരുടെ അടഞ്ഞ മനസ്സുകള്‍ തുറന്ന്, സഹജമായ കഴിവുകള്‍ പുറത്തു കൊണ്ടുവരാന്‍ അച്ഛന്‍ നടത്തുന്ന കഠിനശ്രമങ്ങള്‍ ചിലപ്പോളെങ്കിലും നമ്മുടെ ഹൃദയത്തെയും പൊള്ളിച്ചേക്കാം. നല്ല ഹോട്ടല്‍ കണ്ടു പിടിക്കുക, തീന്‍മേശ മര്യാദകള്‍ പാലിക്കുക, പണമിടപാടു നടത്തുക തുടങ്ങിയ കൊച്ചുകാര്യങ്ങള്‍ പോലും വളരെ സൂക്ഷ്മതയോടെയാണ് അയാള്‍ അവരെ പരിശീലിപ്പിക്കുന്നത്. ഒരു ഘട്ടത്തില്‍, കുട്ടികളെ ആക്രമിച്ച് പണസഞ്ചിയുമായി കടന്നു കളഞ്ഞ തെമ്മാടിയെ കയ്യോടെ പിടികൂടി അവരുടെ മുമ്പില്‍ കൊണ്ടുന്നു നിര്‍ത്തുന്നു. അവനെ അടിക്കാനാവശ്യപ്പെട്ടെങ്കിലും ഈ ഘട്ടത്തില്‍ പതറി പിന്മാറിയ കുട്ടികളെ കളിയാക്കി, പിടിച്ചുപറിക്കാരനെ സദയം പോകാനനുവദിക്കുന്നു. അവനു ഭക്ഷണത്തിനുള്ള പണവും നല്‍കുന്നു.! ഇവിടെ അച്ഛന്‍ എന്ന കഥാപാത്രത്തിന് അസാധാരണമായ ഒരു മാനം കൈവരുന്നത് നാം കാണുന്നു. കാര്‍ക്കശ്യമേറിയ ശിക്ഷണങ്ങളിലും അയാള്‍ പ്രകടിപ്പിക്കുന്ന കരുതലും കാരുണ്യവും നമുക്കനുഭവ പ്പെടുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും, ആന്ദ്രേയുടെയും ഇവാന്റെയും മുന്നില്‍ പലപ്പോഴും അച്ഛന്‍ ദുരൂഹതയുടെ കൂടാരമാണ്.! ഒരവസരത്തില്‍, പരിപാടിയില്‍ പെട്ടെന്നു മാറ്റം വരുത്തി, ബസ്സില്‍ വീട്ടിലേക്കു മടങ്ങിക്കൊള്ളാന്‍ അയാള്‍ അവരോടു നിര്‍ദ്ദേശിക്കുന്നു. പിന്നീടു തീരുമാനം മാറ്റി, വിജനമായ ഒരു ദ്വീപിലേക്കു പുറപ്പെടാന്‍ തയ്യാറാവുന്നു. മീന്‍പിടുത്തം ഒരു ഇഷ്ടസ്വപ്നമായി കൊണ്ടു നടക്കുന്ന ഇവാനും ആന്ദ്രേയ്ക്കും, പിതാവിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും, ഈ തീരുമാനം സ്വീകാര്യമായി. അവര്‍ അജ്ഞാതദ്വീപിനെ സ്വപ്നം കണ്ടുറങ്ങുന്നു. പിറ്റേന്ന്, കടവിലേക്കുള്ള കാര്‍യാത്രയ്ക്കിടയില്‍, പെട്ടെന്നു മീന്‍പിടിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതില്‍ കുപിതനായി ഇവാനെ വഴിയിലിറക്കി വിട്ട് അയാള്‍ കാറോടിച്ചു പോകുന്നു. പേമാരിയില്‍ നനഞ്ഞുകുളിച്ച് അവന്‍ ആ വഴിയോരത്ത് കാത്തിരി ക്കുന്നു. ഒടുവില്‍ തന്നെ കൊണ്ടുപോകാനെത്തിയ അച്ഛനോട് അവന്‍ ഹൃദയ മുരുകി ചോദിക്കുന്നു: “നിങ്ങളെന്തിനാണ് മടങ്ങിവന്നത്?”പട്ടുപോലെ മൃദുലമായ ഇവാന്റെ മനസ്സു നോ വുന്നത് ആര്‍ക്കാണു സഹിക്കാനാവുക? ഇവാന്റെയുള്ളില്‍ നിറഞ്ഞു പെയ്യുന്ന വിഷാദമഴയില്‍ പ്രേക്ഷകനും നനഞ്ഞു കുതിരുന്നു..!

ദ്വീപിലേക്കുള്ള യാത്രയാരംഭിക്കുകയാണ്.. അനന്തവിശാലമായ കടല്‍ പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തിന്റെ രൂപകമായി മാറുന്നു. ഏറെ തടസ്സങ്ങള്‍ പിന്നിട്ട് ചെറുബോട്ടില്‍ അവര്‍ ആ സ്വപ്നഭൂമിയിലെത്തുന്നു. കുട്ടികള്‍ കൌതുകക്കാഴ്ചകളിലും മീന്‍പിടുത്തത്തിലും സ്വയം മറക്കുമ്പോള്‍ അച്ഛന്റെ രഹസ്യപ്രവൃത്തികള്‍ നമ്മുടെ മനസ്സില്‍ നിഗൂഢത നിറയ്ക്കുന്നു. ഒരു വൈകുന്നേരം, മീന്‍പിടുത്തത്തില്‍ മുഴുകി കരയിലേക്കു മടങ്ങാന്‍ വൈകിയ കുട്ടികളെ അയാള്‍ കഠിനമായി ശകാരിക്കുന്നു. സമയനിഷ്ഠ മറന്നതിന് ആന്ദ്രേയെ അടിക്കുന്നു. ഈ സമയം, ഒളിപ്പിച്ചു വെച്ചിരുന്ന കത്തിയുമായി ഇവാന്‍ അച്ഛനെ നേരിടുന്നു. ഒടുവില്‍ അച്ഛനെ തോല്‍പിക്കുവാന്‍, ദ്വീപിലെ പുരാതനമായ ലൈറ്റ്ഹൌസിന്റെ മേല്‍ക്കൂരയില്‍ വലിഞ്ഞുകയറി ആത്മഹത്യാഭീഷണി മുഴക്കുന്നു. കഥാഗതിയിലെ വിധിനിര്‍ണ്ണായകമായ ഈ നിമിഷത്തില്‍, അവനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍ നില തെറ്റി മരണത്തിലേക്കു പതിക്കുന്നു.! പ്രതീക്ഷിച്ചതിനു നേര്‍വിപരീതമായ ദുരന്തത്തിന്റെ ആഘാതം നിശ്ശബ്ദമായ ഒരു നിലവിളിയായി നമ്മുടെ ഹൃദയത്തില്‍ നിറയുന്നു.! സ്നേഹം വേദനയുടെ രൂപം കൈക്കൊള്ളുന്ന, ദൃശ്യസാക്ഷാത്കാരത്തിന്റെ മറ്റൊരു മുഹൂര്‍ത്തം.!!

അച്ഛന്റെ അപ്രതീക്ഷിത മരണം..! ആദ്യമാത്രയില്‍ തളര്‍ന്നു പോയെങ്കിലും അത് അവരെ വൈകാരികമായി പാകപ്പെടുത്തുന്നു. താമസിയാതെ, കുട്ടികളിലെ ഗുപ്തശേഷികളുടെ പേടകം തുറക്കുന്നു. ചപലഹൃദയനായിരുന്ന ആന്ദ്രേ പിതാവിന്റെ നിലയിലേക്കു വളര്‍ന്ന് പെട്ടെന്നു തീരുമാനമെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. മുതിര്‍ന്ന ഒരാളെപ്പോലെ അയാള്‍ ഇവാനു നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. . സ്വന്തം പിതാവിന്റെ മരണം, ക്രൂരമായ ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് അവരെ മടക്കിക്കൊണ്ടു വരുന്നു.! ഏതു വിധേനയും അച്ഛന്റെ മൃതദേഹം വീട്ടിലെത്തിക്കാനുള്ള കഠിനപരിശ്രമത്തില്‍ അവര്‍ ഏര്‍പ്പെടുന്നു. എല്ലാം മുന്‍കൂട്ടി കണ്ടതു പോലെ, അച്ഛന്‍ നല്‍കിയ തീവ്രപരിശീലനത്തിന്റെ ഓര്‍മ്മ പിടികിട്ടാത്ത ഒരു സമസ്യയായി, തീരാവ്യഥയായി പ്രേക്ഷകമനസ്സില്‍ ചേക്കേറുന്നു.!

വിജനമായ ദ്വീപില്‍ ലഭ്യമായ പരിമിതമായ സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തി അവര്‍ മൃതദേഹം മറുകരയിലെത്തിക്കുക തന്നെ ചെയ്യുന്നു. അപ്പോഴേക്കും തളര്‍ന്നവശരായ അവര്‍ അല്പനേരം വിശ്രമിക്കുന്നു. അച്ഛാ.. എന്ന ആന്ദ്രേയുടെ വിളികേട്ട് കണ്ണു തുറക്കുന്ന ഇവാന്‍ കാണുന്നത്, തിരയിളക്കത്തില്‍ കടലിലേക്കിറങ്ങിപ്പോയ ബോട്ട് അച്ഛന്റെ മൃതദേഹവുമായി ആഴത്തിലേക്കു മറയുന്നതാണ്. ജീവിതത്തിലാദ്യമായി സംശയലേശ മെന്യേ 'അച്ഛാ' എന്നുറക്കെ നിലവിളിച്ചുകൊണ്ട് അവന്‍ അതിനു പിന്നാലെ പായുന്നു..!

എന്നെ സംബന്ധിച്ച്, ഇതേ വരെ കാണുവാന്‍ കഴിഞ്ഞ സിനിമകളില്‍, ഏറ്റവും ഹൃദയ ദ്രവീകരണശേഷിയുള്ള ഒരു ചലച്ചിത്രാനുഭവമാണ് ‘ദി റിട്ടേണ്‍’. നമുക്കു തികച്ചും അന്യമായ മറ്റൊരു ഭൂഖണ്ഡത്തില്‍, തീര്‍ത്തും വ്യത്യസ്തമായ സാമൂഹ്യ പരിസരങ്ങളില്‍ നിന്നുള്ള ഈ ജീവിതചിത്രത്തിന് എങ്ങനെയാണ് ഏഷ്യാവന്‍കരയില്‍ ഇന്ത്യയുടെ തെക്കേ അറ്റത്തു ജീവിക്കുന്ന നമ്മുടെ മനസ്സിനെ ഇത്രമാത്രം മഥിക്കാന്‍ കഴിയുന്നത്? ആന്ദ്രേയുടെയും ഇവാന്റെയും ജീവിതാനുഭവങ്ങള്‍, തീര്‍ച്ചയായും നമ്മുടെയൊക്കെ ഭൂത, വര്‍ത്തമാനങ്ങളിലായി ചിതറിക്കിടപ്പുള്ളവ തന്നെയാണ്. ഈയൊരു സാര്‍വജനീന സ്വഭാവം തന്നെയാണ്, സ്ഥലവും കാലവുമെല്ലാം മറന്ന് ഈ കഥാപാത്രങ്ങളുമായി വൈകാരികമായ താദാത്മ്യം പ്രാപിക്കാന്‍ നമ്മെ സഹായിക്കുന്ന പ്രധാന ഘടകം.!

ദൃശ്യബിംബം ‘ടെക് സ്റ്റ് ’ആണെങ്കില്‍, ഈ സിനിമയിലെ ഓരോ ദൃശ്യത്തിലും നിരവധി സബ് ടെക് സ്റ്റുകള്‍‍ അഥവാ ആന്തരപാഠങ്ങള്‍ കൂടി അടങ്ങിയിട്ടുള്ളതായി കാണാം. ആസ്വാദകന്റെ വ്യാഖ്യാന സൌകര്യത്തിനായി ഇവ വിശദീകരിക്കുന്നതില്‍ നിന്നു സംവിധായകന്‍ ബുദ്ധിപൂര്‍വം ഒഴിഞ്ഞു നില്‍ക്കുന്നു. അച്ഛന്റെ അജ്ഞാതവാസം, ദ്വീപില്‍ നിന്നു് അയാള്‍ കുഴിച്ചെടുക്കുന്ന പേടകം തുടങ്ങി പലതും ചിത്രാന്ത്യത്തില്‍പ്പോലും അതീവരഹസ്യങ്ങളായിത്തന്നെ തുടരുന്നു. ഈനിഗൂഢസൌന്ദര്യം സിനിമയ്ക്കു നല്‍കുന്ന അധികമാനം പ്രത്യേകം ശ്രദ്ധേയമാണ്.

ദി റിട്ടേണ്‍ (മടക്കം) എന്ന ശീര്‍ഷകം അര്‍ത്ഥഗര്‍ഭമായിത്തീരുന്ന പല സീക്വന്‍സുകളും ചിത്രത്തിലുണ്ട്. പന്ത്രണ്ടു വര്‍ഷത്തിനു ശേഷമുള്ള അച്ഛന്റെ മടങ്ങിവരവ്, അന്തര്‍മുഖതയില്‍ നിന്നു ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള കുട്ടികളുടെ വളര്‍ച്ച, അച്ഛന്റെ മരണശേഷമുള്ള കുട്ടികളുടെ മടക്കം, ഒടുവില്‍ കടലിന്റെ അടിത്തട്ടിലേക്കുള്ള പിതാവിന്റെ അന്ത്യയാത്ര...! അങ്ങനെ, നിരവധി മടക്കയാത്രകള്‍...!

സിനിമയുടെ രണ്ടാം പകുതി മുഴുവന്‍ അരൂപിയായി നിറഞ്ഞു നില്‍ക്കുന്ന മരണമെന്ന കഥാപാത്രം, അവസാനം സിനിമയില്‍ നിന്നു ജീവിതത്തിലേക്കു പ്രവേശിച്ച മറ്റൊരു ദുരന്തസന്ദര്‍ഭത്തെക്കുറിച്ചു കൂടി പറഞ്ഞാലേ ഈ കുറിപ്പു പൂര്‍ത്തിയാക്കാനാവൂ. ചിത്രത്തില്‍, ആന്ദ്രേ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ വ്ളാഡിമിര്‍ ഗാരിന്‍ എന്ന കുമാരന്‍ ആദ്യപ്രദര്‍ശനത്തിനു മുന്‍പേ, സിനിമ ചിത്രീകരിച്ച ജലാശയത്തില്‍ മുങ്ങി, അപമൃത്യു വിനിരയായി.! ഒരു ചോദ്യം മാത്രം വീണ്ടും ബാക്കി: ഏതാണ് യാഥാര്‍ത്ഥ്യം? സിനിമയോ അതോ ജീവിതമോ?

Thursday, October 1, 2009

കൊല്ലന്‍











യുവത്വത്തിന്റെ
നാവു പിഴുതെടുത്ത്
അരിവാള്‍ നിര്‍മ്മിച്ചു.

അധികാരത്തിന്റെ ചുറ്റിക
അതില്‍ ചേര്‍ത്തു വെച്ചു.

ഭയമെന്ന വികാരത്താല്‍
രക്ഷാകവചം തീര്‍ത്തു.

അനന്തരം ഉഷസ്സായി;
സന്ധ്യയായി; രാത്രിയായി.

കിഴക്കുനിന്ന് ‘മാവോ, മാവോ’
എന്ന അശരീരി മുഴങ്ങി.

സ്വര്‍ഗ്ഗരാജ്യത്തിന്റെ
വരവറിയിച്ചുകൊണ്ട്
ഒരു ചുവപ്പു നക്ഷത്രമുദിച്ചു..!

Friday, September 11, 2009

അന്ധഹൃദയങ്ങള്‍ക്കായി ഒരാര്‍ദ്രഗീതം











ലാളിത്യമാണ് ഇറാനിയന്‍ സിനിമയുടെ മുഖമുദ്ര. അബ്ബാസ് കിരോസ്താമി, മൊഹ്സിന്‍ മഖ് മല്‍ ബഫ് തുടങ്ങിയ സംവിധായക പ്രതിഭകള്‍ ചേര്‍ന്ന് 80-കളില്‍ തുടങ്ങിവെച്ച നവീനചലച്ചിത്രപരീക്ഷണങ്ങള്‍ പിന്നീട്, ഒരു ദേശത്തിന്റെ തന്നെ സാംസ്കാരികചരിത്രമായി മാറുകയായിരുന്നു. ഇവരുടെ പിന്മുറക്കാരായ മജീദ് മജീദിയും ജാഫര്‍ പനാഹിയും മറ്റും ചേര്‍ന്ന്, ഇറാനിലെ സിനിമയെ ലോകത്തിന്റെ നിറുകയിലെത്തിച്ചു. മജീദിയുടെ 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്ന ചിത്രം വന്‍കരകള്‍ കടന്ന് 1998-ല്‍ ഓസ്കാറിനു നാമനിര്‍ദ്ദേശം നേടി.

ദുരൂഹബിംബങ്ങളോ, കണ്ണഞ്ചിപ്പിക്കുന്ന കംപ്യൂട്ടര്‍ വിഷ്വലുകളോ, അതിവേഗത്തില്‍ വെടിയുതിര്‍ക്കുന്ന തോക്കുകളോ, കാറോട്ടമോ, തുണിയുരിയുന്ന രതിയോ ഇല്ലാതെതന്നെ ഇറാന്‍ സിനിമ ലോകജനതയോടു സംവദിച്ചു; സമ്പന്നരാജ്യങ്ങളിലെ വാണിജ്യസിനിമയോടു മല്‍സരിച്ചു.
സാമ്പത്തികമായ പരാധീനതകളിലും രാഷ്ട്രീയ അതിക്രമങ്ങളിലും സാമൂഹ്യവിവേചനത്തിലും പെട്ടുഴലുന്ന ഒരു സമൂഹം, സിനിമ എന്ന കലാരൂപത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. അത്ഭുതങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാത്ത കടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്കാര ത്താല്‍, അവ നമ്മെ അമ്പരപ്പിച്ചു. നമ്മുടെ കണ്ണുകളെ ഈറനണിയിച്ചു. ഭക്ഷണത്തിനു വകയില്ലാതെ തെരുവില്‍ കഴിയുന്നവരും പര്‍ദ്ദയുടെ ഇരുട്ടില്‍ ജീവിതം ഹോമിച്ചു തീര്‍ക്കുന്നവരും പരുക്കന്‍ ചുറ്റുപാടുകളിലുരഞ്ഞ് ബാല്യത്തിലേ മുതിര്‍ന്ന കുട്ടികളുമൊക്കെ സമ്പന്നതയുടെ ആലസ്യത്തിലമര്‍ന്ന ഒരു സമൂഹത്തിനു മുന്നിലേക്കു വന്ന്, “നോക്കൂ, ഇങ്ങനെയും കുറേപ്പേര്‍ ഇവിടെയുണ്ട്”, എന്നോര്‍മ്മിപ്പിച്ചു. ആര്‍ദ്രമായ ചില ജീവിതചിത്രങ്ങള്‍ തെളിഞ്ഞൊഴുകുന്ന കാട്ടരുവിപോലെ മനസ്സിനെ തരളമാക്കി കടന്നുപോയപ്പോള്‍, മറ്റു ചിലവ വന്‍തിരമാലകളായി വന്ന്, പ്രേക്ഷകനില്‍ തീവ്രമായ ഹൃദയനൊമ്പരമുണര്‍ത്തി.

2000-മാണ്ടില്‍ പുറത്തിറങ്ങിയ മജീദ് മജീദിയുടെ ചിത്രം ‘കളര്‍ ഓഫ് പാരഡൈസ് ’(പറുദീസയുടെ നിറം) എട്ടു വയസ്സുകാരനായ മുഹമ്മദ് എന്ന അന്ധബാലന്റെ കഥ പറയുന്നു. മുഹമ്മദ് പഠിക്കുന്ന നഗരത്തിലെ അന്ധവിദ്യാലയം. അദ്ധ്യയനവര്‍ഷത്തിലെ അവസാന ദിവസം, തന്നെ കൂട്ടുവാനെത്തുന്ന അച്ഛനെ പ്രതീക്ഷിച്ച് അവന്‍ കാത്തുനില്‍ക്കുകയാണ്. എല്ലാവരും മടങ്ങിയിട്ടും അവനെക്കൊണ്ടുപോകാന്‍ മാത്രം ആരുമെത്തുന്നില്ല. ചുറ്റുമുള്ള പ്രകൃതി മാത്രം ഇളംകാറ്റായും കിളിയൊച്ചകളായും അവനോടൊപ്പം ചേരുന്നു. സ്ക്കൂളങ്കണത്തിലെ മരത്തില്‍, ഒരു കിളിക്കൂടുണ്ട്. ഒരു കിളിക്കുഞ്ഞ് കൂട്ടില്‍ നിന്നു താഴെവീണു കരയുന്നു. ഇരയെ മണത്തു വന്ന ഒരു പൂച്ചയെ ഓടിച്ച്, തന്റെ തന്നെ പ്രതിരൂപമായ കിളിക്കുഞ്ഞിനെ അല്പനേരത്തിനുള്ളില്‍, അവന്‍ കൂടിന്റെ സുരക്ഷിത വലയത്തിലെത്തി ക്കുന്നു. കണ്ണിലെ ഇരുട്ടിനെ ഒരു ബാലന്‍ മന:ശ്ശക്തിയാല്‍ തോല്‍പ്പിക്കുന്ന കാഴ്ച ആരിലും അനുതാപ മുണര്‍ത്തുന്നതാണ്. ഏറെ വൈകി അച്ഛനെത്തുന്നു. എന്നാല്‍, അവധിക്കാലത്ത് അവനെ സ്കൂളില്‍ താമസിപ്പിക്കണമെന്ന അപേക്ഷയുമായാണ് അയാളുടെ വരവ്. ഒടുവില്‍, സ്കൂളധികൃതരുടെ ശകാരവും കേട്ട്, മനസ്സില്ലാമനസ്സോടെ അയാള്‍ മകനുമായി മടങ്ങുന്നു. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് പുതിയൊരു ബീവിയെ സ്വപ്നം കണ്ടുകഴിയുന്ന അയാള്‍ക്ക് തന്റെ വീട്ടിലെ അന്ധനായ മുഹമ്മദിന്റെ സാന്നിധ്യം വലിയൊരസൌകര്യമത്രേ.

നഗരപാതകള്‍ പിന്നിട്ട്, വിസ്തൃതമായ വയലുകള്‍ കടന്ന്, ഗ്രാമത്തിലെ വസതിയിലേക്കുള്ള മുഹമ്മദിന്റെ യാത്ര അവനു മാത്രമല്ല, പ്രേക്ഷകനും സ്വപ്നസദൃശമായ ഒരനുഭവം തന്നെയാണ്. ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന്, കൈകള്‍ പുറത്തേക്കിട്ട് അവന്‍, കാറ്റിനെ പിടിച്ചെടുക്കുന്നു. കാട്ടുപച്ചകളുടെ സാന്നിധ്യ മറിയുന്നു. വീട്ടില്‍, വാല്‍സല്യനിധിയായ മുത്തശ്ശിയും കുസൃതിക്കുരുന്നുകളായ സഹോദരിമാരും ചേര്‍ന്ന് അവനെ സ്വീകരിക്കുന്നു. നഗരത്തില്‍ നിന്ന് അവര്‍ക്കായി കൊണ്ടുവന്ന സമ്മാനങ്ങള്‍ അവന്‍ പങ്കുവെയ്ക്കുന്നു. മൂവരും ചേര്‍ന്നു സൃഷ്ടിക്കുന്ന സ്നേഹത്തിന്റെ തുരുത്തില്‍ മുഹമ്മദ് തന്റെ കുറവുകളെല്ലാം മറക്കുകയാണ്. ഗ്രാമജീവിതത്തിന്റെ വറ്റാത്ത നന്മകള്‍ ഗൃഹാതുരസ്മരണകളുണര്‍ത്തി, സ്വര്‍ഗ്ഗം ഭൂമിയിലേക്കിറങ്ങിവന്ന പ്രതീതി ജനിപ്പിക്കുന്നു. വിളഞ്ഞ നെല്‍പ്പാടങ്ങളും, കാടും മലയും മരങ്ങളും പുഴയും ചേര്‍ന്ന വന്യപ്രകൃതി. മനസ്സിന്റെ കണ്ണിലൂടെ മാത്രം കാണുന്ന മുഹമ്മദിന്റെ ഭാവനയ്ക്കു വര്‍ണ്ണച്ചിറകുകള്‍ നല്‍കിക്കൊണ്ട് ഈ മനോഹര സീക്വന്‍സുകള്‍ സിനിമയുടെ ആത്മാവായി മാറുന്നു.

മുത്തശ്ശിയുടെ ആശീര്‍വാദത്തോടെ, സഹോദരിമാര്‍ പഠിക്കുന്ന സ്കൂളില്‍ അതിഥിയായെത്തിയ അവന്‍, തന്റെ ബുദ്ധിവൈഭവത്താല്‍, ക്ളാസ് മുറിയില്‍, മറ്റു കുട്ടികളെയും അധ്യാപകനെയും അത്ഭുതപ്പെടുത്തുന്നു. എന്നാല്‍, മുഹമ്മദ് കണ്ണിലെ കരടായ അച്ഛന് ഇതൊന്നുമിഷ്ടമായില്ല. തന്റെ പുനര്‍ വിവാഹത്തിനു മുന്‍പായി അവനെ വീട്ടില്‍ നിന്നൊഴിവാക്കി, അകറ്റിനിര്‍ത്തുകയാണ് അയാളുടെ ഉദ്ദേശ്യം. പ്രതിശ്രുതവധുവിനു സ്ത്രീധനവും സമ്മാനങ്ങളും നല്‍കി അയാള്‍ വിവാഹത്തിനൊരുങ്ങുന്നു. ഒപ്പം, അമ്മയുടെ എതിര്‍പ്പിനെ അവഗണിച്ച്, മകനെ ദൂരെയുള്ള അന്ധനായ ഒരു ആശാരിയുടെയൊപ്പം കൊത്തുപണികള്‍ പരിശീലിക്കുവാന്‍ ഏര്‍പ്പാടാക്കി മടങ്ങുന്നു.അന്ധതയുടെ തീരാശാപങ്ങളെ തന്റെ നിശ്ചയദാർഢ്യത്താല്‍ മറികടന്ന് ഒരു ജീവിതം കണ്ടെത്തിയ അലി എന്ന ആശാരി സ്നേഹവാല്‍സല്യങ്ങളാല്‍, അവന് ആശ്വാസം പകരുന്നുണ്ടെങ്കിലും തന്റെ ആത്മസുഹൃത്തായ മുത്തശ്ശിയെ പിരിഞ്ഞുള്ള ജീവിതം മുഹമ്മദിനു സഹിക്കാനാവുമായിരുന്നില്ല. ദുഖം താങ്ങാനാവാതെ അവന്‍ വിങ്ങിപ്പൊട്ടുന്നു: “ദൈവത്തിന് അന്ധരെ കൂടുതലിഷ്ടമാണെന്നാണു ടീച്ചര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍, എന്തിനാണു ഞങ്ങളെ അന്ധരായി ജനിപ്പിച്ചത്? എന്നെങ്കിലുമൊരിക്കല്‍, ഞാന്‍ ദൈവത്തെ കണ്ടുപിടിക്കും..ആരോടും പറയാത്ത ഒരുപാടു രഹസ്യങ്ങള്‍ ഞാന്‍ പറഞ്ഞുകൊടുക്കും.”

മുത്തശ്ശിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. അമ്മയില്ലാത്ത തന്റെ ചെറുമകന്റെ അനാഥജീവിത ത്തെക്കുറി ച്ചോര്‍ത്തു മനം നൊന്ത്, അവര്‍ വീടു വിട്ടിറങ്ങുന്നു. പിന്നീട്, മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടിലേക്കു മടങ്ങിയെങ്കിലും താമസിയാതെ അവര്‍ മരണപ്പെടുന്നു. മരണവേളയില്‍, ഏറെ ദൂരെയാണെങ്കിലും സ്നേഹത്താല്‍ ബന്ധിതരായ മുഹമ്മദിന്റെയും മുത്തശ്ശിയുടെയും മനസ്സുകള്‍ നിശ്ശബ്ദമായി സംവദിക്കുന്നതു നാം കാണുന്നു. മഞ്ഞുമൂടിയ മലകളും പുഴയും, അരിച്ചെത്തുന്ന മേഘപടലങ്ങളും...വിഷാദപൂരിതമായ പ്രകൃതിബിംബങ്ങള്‍ എത്രത്തോളം വാചാലമാവാമെന്നതിന് ഉത്തമനിദര്‍ശനമായിത്തീരുന്ന ഷോട്ടുകള്‍.!

അനിവാര്യമായതുപോലെ, ദുരന്തങ്ങള്‍ ഒന്നൊന്നായി മുഹമ്മദിനെയും പിതാവിനെയും തേടിയെത്തുന്നു. നിശ്ചയത്തിനു ശേഷം വീട്ടിലുണ്ടായ അപ്രതീക്ഷിതമരണം ഒരു ദുര്‍ന്നിമിത്തമായിക്കണ്ട്, പെണ്‍വീട്ടുകാര്‍ വിവാഹബന്ധത്തില്‍ നിന്നു പിന്‍വാങ്ങുന്നു. കെട്ടിയുയര്‍ത്തിയ സ്വപ്നഭവനം കണ്മുന്നില്‍ തകര്‍ന്നു വീഴുകയാണ്. മനംമടുത്ത അയാള്‍ നഗരത്തിലെത്തി മുഹമ്മദുമായി വീട്ടിലേക്കു മടങ്ങുന്നു. മടക്കയാത്രയില്‍, മരണം ഒരു മലവെള്ളപ്പാച്ചിലായി വന്ന് മുഹമ്മദിനെ ഒഴുക്കിക്കൊണ്ടു പോകുന്നു. മകനെ രക്ഷപ്പെടുത്താന്‍ മുന്നോട്ടാഞ്ഞ അയാള്‍ പെട്ടെന്ന് ചഞ്ചലചിത്തനാവുന്നു. അന്ധനായ മകന്റെ അഭാവം തന്റെ ജീവിതത്തില്‍ ഉണ്ടാക്കാനിടയുള്ള നേട്ടങ്ങള്‍, ഒരു വേള അയാളെ പ്രലോഭിപ്പിച്ചിരിക്കാം. പിന്നീട്, തിരിച്ചറിവിന്റെ മാത്രയില്‍, നദിയിലേക്കു ചാടുകയും മുഹമ്മദിനു പിന്നാലെ ഒഴുക്കില്‍പ്പെട്ടുലഞ്ഞ് കരയ്ക്കടിയുകയും ചെയ്യുന്നു. ഒടുവില്‍, ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ മൃതപ്രായനായ മകനെ നെഞ്ചോടു ചേര്‍ത്ത് , അയാള്‍ പൊട്ടിക്കരയുമ്പോള്‍, ദൈവത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു പോലെ, അവന്റെ കുരുന്നുകൈവിരലുകള്‍ സൂര്യവെളിച്ചത്തിനു നേരെ പതിയെ നിവരുന്നത് ഒരു ദീര്‍ഘനിശ്വാസത്തോടെ നാം കാണുന്നു.

യാഥാസ്ഥിതികവും പക്ഷപാതപരവുമായ ദൈവസങ്കല്‍പ്പങ്ങളെ ഊട്ടിയുറപ്പിക്കുന്ന എത്രയെങ്കിലും സിനിമകള്‍ നമുക്കുണ്ട്. എന്നാല്‍, തികച്ചും മാനവികമായ, മതനിരപേക്ഷമായ ഒരു ദൈവസങ്കല്‍പ്പംഈ ചിത്രത്തിനു നല്‍കുന്ന വ്യത്യസ്തമാനവും നിരുപമസൌന്ദര്യവും എടുത്തുപറയേണ്ടതാണ്. ദൈവനാമത്തില്‍ തുടങ്ങുന്ന സിനിമയിലെ ഓരോ കഥാപാത്രവും വിശേഷിച്ചു കുട്ടികള്‍, അദൃശ്യമായ ആ കരസ്പര്‍ശത്താല്‍, പൂര്‍ണ്ണരായിരിക്കുന്നു. നാമമാത്രമായ കഥാപാത്രങ്ങള്‍ മാത്രമേയുള്ളു; എന്നാല്‍, മജീദിയുടെ ക്യാമറക്കണ്ണുകള്‍ അവരുടെ സ്വഭാവസവിശേഷതകള്‍ ഒരു ഭൂതക്കണ്ണാടിയിലൂടെയെന്നവണ്ണം അതിസൂക്ഷ്മമായും വിശദമായും പിടിച്ചെടുക്കുന്നു. ഏറെക്കുറെ സമീപദൃശ്യങ്ങള്‍ മാത്രമുള്ള ചിത്രത്തിന്റെ ഘടനയും കുഞ്ഞുങ്ങളെപ്പോലും ആകര്‍ഷിക്കുന്ന അതീവലളിതമായ പരിചരണരീതിയും പ്രത്യേകം ശ്രദ്ധേയമാണ്. അന്ധനായിരിക്കുമ്പോഴും മുഹമ്മദിന്റെ സവിശേഷവ്യക്തിത്വത്തിന്റെ ഭാഗമായ നിരീക്ഷണപാടവവും പ്രകൃതിസ്നേഹവും ബുദ്ധിശക്തിയുമൊക്കെ അതിഭാവുകത്വമില്ലാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. മൊഹ് സിന്‍ റംസാനി എന്ന ബാലനടന്റെ പ്രകടനം മിതവും എന്നാല്‍, അവിസ്മരണീയമാം വിധം വികാരതീവ്രവുമാണ്. ദൈവത്തോടുള്ള മുഹമ്മദിന്റെ തീരാത്ത പരിഭവങ്ങള്‍ ഏതൊരു കഠിനഹൃദയന്റെയും കരളലിയിക്കുന്നതാണ്.

നന്മതിന്മകള്‍ ചതുരംഗം നടത്തുന്ന ചഞ്ചലമനസ്സുമായി നിരന്തരം സംഘര്‍ഷമനുഭവിക്കുന്ന പരുക്കനായ പിതാവിന്റെ ഭാവപ്രകാശനങ്ങള്‍ സൂക്ഷ്മാംശങ്ങളില്‍പ്പോലും കൃത്യതയുള്ളതാണ്. ഏതോ ദുരന്തത്തിന്റെ മുന്നറിയിപ്പുപോലെ അവ്യക്തമായ ഒരശരീരി അയാളെ എപ്പോഴും പിന്തുടരുന്നതു കാണാം. അത്യന്തം ദുഷ്കരമായ ഈ കഥാപാത്രത്തെ ഹുസൈന്‍ മഹ്ജൂബ എന്ന നടന്‍ സമര്‍ത്ഥമായി വ്യാഖ്യാനിച്ചിട്ടുണ്ട്. മകനെയും, അമ്മ നഷ്ടപ്പെട്ട ചെറുമകനെയും ഒരേപോലെ ഉള്‍ള്ളുവാനുള്ള വിഫലശ്രമത്തിനിടയില്‍, പുഞ്ചിരിക്കുന്ന മുഖവുമായി ജീവിതത്തില്‍ നിന്നു വിടപറയുന്ന സ്നേഹസ്വരൂപമായ മുത്തശ്ശിയും ദേവദൂതരെപ്പോലുള്ള മുഹമ്മദിന്റെ രണ്ടു സഹോദരിമാരുമൊക്കെ, പാത്രസൃഷ്ടിയുടെ മികച്ച മാതൃകകള്‍ തന്നെയാണ്.

ഈ ചിത്രത്തിലെ പശ്ചാത്തലസംഗീതം പ്രത്യേക പരാമര്‍ശിക്കുന്നു. അന്ധനായ മുഹമ്മദിന്റെ വീക്ഷണ ത്തിലുള്ള കഥാഖ്യാനത്തില്‍, പ്രകൃതിയുടെ നിറസാന്നിധ്യത്തിന് അകമ്പടി സേവിക്കുന്ന കാറ്റിന്റെയും കിളികളുടെയും പുഴയുടെയും ശബ്ദങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ഇക്കാരണത്താല്‍ത്തന്നെ, മുഹമ്മദിനെ പ്പോലെ അന്ധനായി ജനിക്കാനിടയായ ഒരു വ്യക്തിക്കു പോലും, ഈ സിനിമയുടെ സൌന്ദര്യം ആസ്വദിക്കാനും അതിന്റെ ദര്‍ശനം ഗ്രഹിക്കുവാനും കഴിയും.

ദൈവവും മനുഷ്യനും തമ്മില്‍, നന്മയും തിന്മയും തമ്മില്‍, ദുഖവും ആഹ്ളാദവും തമ്മില്‍ അജ്ഞേയമായ ഒരു ഒളിച്ചുകളി ചിത്രത്തിലുടനീളം തുടരുന്നു. മനുഷ്യനെന്ന നിലയ്ക്കുള്ള പരിമിതികള്‍, ഈ സിനിമയുടെ വിജയ ഘടകങ്ങളെക്കുറിച്ചു കൂടുതല്‍ ഉപന്യസിക്കുന്നതില്‍ നിന്ന് എന്നെ വിലക്കുന്നു. എന്തുകൊണ്ടെന്നാല്‍, ദൈവത്തിന്റെ വിശുദ്ധകരങ്ങളാല്‍, അനന്തവിഹായസ്സില്‍ വിരചിക്കപ്പെട്ടതത്രേ ഈ പറുദീസാ ചിത്രം!

മൂല്യവ്യവസ്ഥകളുടെ ‘ഋതു'സഞ്ചാരം










“I wanted to make a film about youth, finding themselves in a world of bewildering change that questions each and every belief and value oftheirs, whether it be ethical, emotional, social, professional or moral."
– Shyamaprasad
വിവരസാങ്കേതികവിദ്യയെന്നത് ഏറ്റവും ആകര്‍ഷകമായ തൊഴില്‍മേഖലയായി മാറുകയും യുവതലമുറ ഇരുകൈയും നീട്ടി അതിനെ സ്വീകരിക്കുകയും ചെയ്യുന്ന കാലത്താണല്ലോ നാം ജീവിയ്ക്കുന്നത്.! ഇന്ത്യയിലെ വന്‍നഗരങ്ങള്‍ പ്രമുഖ ഐ.ടി കമ്പനികള്‍ക്കു വേദിയൊരുക്കി നാടിന്റെ മുഖച്ഛായ മാറ്റുന്നു എന്നവകാശപ്പെടുമ്പോള്‍ത്തന്നെ ആഗോളമായ തിരിച്ചടികളില്‍പ്പെട്ട് കാര്യങ്ങള്‍ കീഴ് മേല്‍ മറിയുന്നതും നാം കാണുന്നു.! അഭ്യസ്തവിദ്യരായ നമ്മുടെ തൊഴില്‍രഹിതരെയൊഴികെ മറ്റു തനതുവിഭവങ്ങളൊന്നുമുപയോഗിക്കാത്ത ഈ വ്യവസായം കൊണ്ടുവരുന്ന സമ്പത്തും ഒരു പരിധിവരെ അസ്ഥിരവും അനിശ്ചിതവുമത്രേ.! അത്ര സുഖകരമമല്ലാത്ത ഈ തിരിച്ചറിവിലേയ്ക്ക് നാമിനിയും വളരുന്നതേ യുള്ളു..! മാത്രമല്ല; ഒരു ന്യൂനപക്ഷത്തിനു മാത്രം കരഗതമാവുന്ന ഈ അധികസമ്പത്ത് എവിടെയൊക്കെയോ സമൂഹത്തിന്റെ താളം തെറ്റിയ്ക്കുന്നുമുണ്ട്.! പ്രവാസജീവിതവും നഗരസംസ്കാരവും ചേര്‍ന്ന് യുവമാനസങ്ങളില്‍ സൃഷ്ടിക്കുന്ന മായികമായ പ്രലോഭനങ്ങളും സംഘര്‍ഷവും അതിലടങ്ങിയ മൂല്യങ്ങളുടെ കുഴമറിച്ചിലും സങ്കീര്‍ണ്ണമായ ഒരു സാമൂഹ്യപ്രശ്നമായിത്തന്നെ ഇന്നു മാറിയിട്ടുണ്ട്.
അതിവേഗത്തില്‍ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന നടപ്പുകാലത്തിന്റെ മൂല്യവ്യവസ്ഥകളെ ആധികാരികമായി വിശകലനം ചെയ്യാന്‍ അസാമാന്യമായ നിരീക്ഷണപാടവവും സര്‍ഗ്ഗശേഷിയുമാവശ്യമാണ്. വിലയിരുത്താന്‍ തുടങ്ങുമ്പോള്‍ത്തന്നെ, പുതിയ മാറ്റങ്ങള്‍ കടന്നുവരികയും ആധികാരികത നഷ്ടപ്പെട്ട് നമ്മുടെ കാഴ്ചകള്‍ കാലഹരണപ്പെടുകയും ചെയ്യുന്നു..! ഈ മാറ്റങ്ങളെ ഒരു കലാരൂപത്തിലേയ്ക്കു പകര്‍ത്തുമ്പോളാവട്ടെ, അപകടസാധ്യതകള്‍ ഏറുകയാണ്.! കാലത്തിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ടുതന്നെയാവാം, അടൂരിനെപ്പോലെ പ്രഗത്ഭനായ ഒരു ഫിലിംമേക്കര്‍ പോലും 'നാല്‍പതുകളുടെ നീതിശാസ്ത്രം' തേടി ഇപ്പോഴും കാലത്തിലൂടെ പിന്നിലേയ്ക്കു സഞ്ചരിക്കുന്നത്..! വിഖ്യാതസാഹിത്യകൃതികളെ ആസ്പദമാക്കി സ്വയം തിരക്കഥകളെഴുതിയിരുന്ന ശ്യാമപ്രസാദ് ഇതാദ്യമായി സമകാലത്തെ തൊട്ടറിയുന്ന ജോഷ്വാ ന്യൂട്ടണെന്ന പത്രപ്രവര്‍ത്തകനെ, തന്റെ പുതിയചിത്രത്തിന്റെ തിരക്കഥയ്ക്കായി സമീപിച്ചതിന്റെ കാരണവും മറ്റൊന്നാവാനിടയില്ല. മാധ്യമങ്ങളിലൂടെ വിളിച്ചുപറയാനാവാത്ത ഒട്ടേറെ ജീവിതകഥകളുടെ കലവറയാണല്ലോ പത്രപ്രവര്‍ത്തകന്റെ മനസ്സ്.! രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ഒന്നായപ്പോള്‍ മലയാളിയ്ക്ക് 'ഋതു' എന്ന നല്ല സിനിമ ലഭിച്ചു എന്നു പറയാം.
'ഋതുക്കള്‍ മാറുന്നു; നമ്മളോ..?' എന്ന് സിനിമ ചോദിക്കുന്നു..! മറുപടിയായി ശരത്തിന്റെയും സണ്ണിയുടെയും വര്‍ഷയുടെയും മാറ്റത്തിന്റെ കഥ പറയുന്നു.! മാറുന്ന കാലത്തിന്റെ പശ്ചാത്തലത്തില്‍, അവരുടെ സൌഹൃദത്തെയും കുടുംബബന്ധങ്ങളെയും വിശകലനം ചെയ്യുന്നു. ബാല്യം മുതല്‍ കളിക്കൂട്ടുകാരായി വളര്‍ന്ന് യൌവ്വനാരംഭത്തില്‍ വന്‍നഗരങ്ങളിലേയ്ക്കു പറിച്ചുനടപ്പെട്ടവരാണിവര്‍. വര്‍ഷയും സണ്ണിയും ബാംഗ്ളൂരിലെ 'ഇന്‍ഫോസിസി'ലേയ്ക്കു പോയപ്പോള്‍ യു.എസ്സിലെ ‘സിലിക്കണ്‍ വാലി’യിലെത്തിപ്പെടാനായിരുന്നു ശരത്തിന്റെ നിയോഗം.! ഏതാനും വര്‍ഷത്തെ പ്രവാസജീവിതത്തിനു ശേഷം മൂവരും നാട്ടിലേയ്ക്കു മടങ്ങിവരുന്നതാണ് സിനിമയുടെ പ്രമേയപരിസരം.
ജന്മനാടിനെക്കുറിച്ച് നനുത്ത സ്മരണകളുമായി, വര്‍ഷയുമായുള്ള വിവാഹസ്വപ്നങ്ങളില്‍ മുഴുകി, എയര്‍ പോര്‍ട്ടില്‍ നിന്നു വീട്ടിലേയ്ക്കു മടങ്ങുന്ന ശരത്തിന്റെ ദൃശ്യത്തില്‍ സിനിമ തുടങ്ങുന്നു. വീടെത്തും മുന്‍പു‍തന്നെ, തന്റെ ആത്മസുഹൃത്തുക്കളെക്കാണാന്‍ സമയം കണ്ടെത്തുന്നതില്‍ നിന്ന് അവന്റെ മുന്‍ഗണനകള്‍ വ്യക്തമാണ്.! നഗരത്തിലെ 'സൈബോ ത്രീ' എന്ന കമ്പനിയിലേയ്ക്ക് സണ്ണിയേയും വര്‍ഷയേയും ക്ഷണിച്ചുവരുത്തി, അവരോടൊപ്പം, കൌമാരസങ്കല്‍പ്പങ്ങള്‍ ഒന്നൊന്നായി സഫലീകരിക്കുക എന്നതാണ് ശരത്തിന്റെ പദ്ധതി. തങ്ങളുടെ വിഹാരകേന്ദ്രമായിരുന്ന ഗ്രാമത്തിലെ തടാകത്തോടു ചേര്‍ന്ന് ഒരു സ്വപ്നഭവനവും എഴുത്തുമേശയുമൊക്കെയാണ് അവന്റെ മനസ്സില്‍.! വര്‍ഷ‍യുമായി ഇക്കാര്യങ്ങള്‍ പങ്കുവെയ്ക്കവെ, 'നീയിതൊക്കെ ഇപ്പോഴും ഓര്‍ത്തുവെച്ചിരിക്കുവാണോ?' എന്ന് അവള്‍ അവനെ കളിയാക്കുകയാണ്.! ഓര്‍മ്മകള്‍ അപകടകരമാണെന്നും തനിക്കും കൂട്ടുകാര്‍ക്കുമിടയില്‍, അപരിചിതത്വത്തിന്റെ ഒരു വലിയ വിടവ് വന്നുകഴിഞ്ഞതായും അവന്‍ മനസ്സിലാക്കുന്നു.! സ്വപ്നനഗരത്തിലെ തന്റെ കാമുകന്മാരുമായി മൊബൈല്‍-ശൃംഗാരത്തിലഭിരമിക്കുന്ന വര്‍ഷയും സ്വന്തം നാട്ടുകാരെ 'ബ്ലഡി മല്ലൂസ്' എന്നു വിളിച്ചാക്ഷേപിക്കുന്ന സണ്ണിയും.! തന്റെ ചങ്ങാതിമാരുടെ ജീവിതശൈലിയിലും സമീപനത്തിലും കാലം വരുത്തിയ മാറ്റങ്ങള്‍ അവന്റെ തരളഹൃദയത്തില്‍ മുള്ളായി മാറുന്നു.!
സറീന എന്ന ഐ.ടി. വ്യവസായി നടത്തുന്ന 'സൈബോ ത്രീ'യില്‍, ഒരു യുവസംഘമായി അവര്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. ടീം ലീഡറായി ശരത്ത് സ്ഥാനമേറ്റെടുത്തതോടെ കമ്പനി നേട്ടങ്ങള്‍ കൊയ്യുന്നു. ഇതില്‍ അസൂയാലുവായ സണ്ണി ക്രമേണ, സറീനയെ വശീകരിച്ച് ടീം ലീഡര്‍ സ്ഥാനം കരസ്ഥമാക്കുന്നു. വര്‍ഷയാവട്ടെ, ശരത്തിന്റെ വിവാഹാഭ്യര്‍ത്ഥനകള്‍ അവഗണിച്ചു കൊണ്ട് പുതിയ 'മേച്ചില്‍പ്പുറങ്ങള്‍' തേടുകയാണ്.! ഇതിനിടെ, അകസ്മികമായുണ്ടായ അച്ഛന്റെ മരണവും ശരത്തിനെയാകെ തളര്‍ത്തുന്നു. പതനങ്ങളുടെ തുടര്‍ക്കഥയില്‍, എല്ലാ ധാര്‍മ്മികപിന്തുണയും നല്‍കി അവനെ അണച്ചുനിര്‍ത്താന്‍, 'പരാജിതനായ വിപ്ളവകാരി'യെന്ന ഇമേജിനുള്ളില്‍ സ്വയമുരുകിത്തീരുന്ന ജ്യേഷ്ഠന്‍ മാത്രം.!
നേതൃസ്ഥാനത്തെത്തിയതോടെ, സണ്ണി കമ്പനിയെത്തന്നെ വഞ്ചിച്ചുകൊണ്ട് ചില പ്രധാന സോഫ്റ്റ്വെയറുകള്‍ മറിച്ചു വിറ്റ് , പണം തട്ടാനുള്ള രഹസ്യനീക്കം നടത്തുന്നു.! തന്റെ ഇ-മെയില്‍ അഡ്രസ്സ് ഉപയോഗിച്ച്, തന്നെക്കൂടി കുടുക്കാനാണ് അവന്റെ പരിപാടിയെന്നു മനസ്സിലാക്കിയ ശരത്ത് കൃത്യസമയത്തുതന്നെ സറീനയെ വിവരമറിയിക്കുകയും അവര്‍ സണ്ണിയെ തന്ത്രപൂര്‍വം പിടികൂടുകയും ചെയ്യുന്നു.!ദുരനുഭവങ്ങളുടെ തിരയിളക്കത്തിനിടെ, ഒരു സന്തോഷവാര്‍ത്തയെത്തുന്നു. ശരത്തിന്റെ നോവല്‍ വിദേശപ്രസാധകര്‍ പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നു.! ‘കമ്പ്യൂട്ടറും കൊടച്ചക്രവു‘മെല്ലാമുപേക്ഷിച്ച്, തന്റെ ജീവിതാഭിലാഷമായ നോവല്‍ പൂര്‍ത്തിയാക്കുവാന്‍, അച്ഛന്റെ രചനാപരിസരമായിരുന്ന കല്‍ക്കത്തയിലേയ്ക്ക് അവന്‍ യാത്ര പുറപ്പെടുകയാണ്.! ജ്യേഷ്ഠന്റെ അനുഗ്രഹാശിസ്സുകളും പ്രണയത്തെയും സൌഹൃദത്തെയും കുറിച്ചുള്ള പുതിയ തിരിച്ചറിവുകളും യാത്രയില്‍ അവനു തുണയാവുന്നു.!
ഋതുക്കള്‍ പിന്നെയും മാറുന്നു..മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു പകല്‍.! ശരീരഭാഷയിലും സമീപനത്തിലും വളരെയേറെ മാറിക്കഴിഞ്ഞ വര്‍ഷയും സണ്ണിയും..! തപാലില്‍ തങ്ങളെത്തേടിയെത്തിയ ശരത്തിന്റെ 'Seasons’ എന്ന നോവല്‍ അവരെ വികാരഭരിതരാക്കുന്നു.! അവന്‍ നമ്മളോടു ക്ഷമിച്ചിട്ടുണ്ടാവുമോ എന്ന സണ്ണിയുടെ പശ്ചാത്താപവിവശമായ ചോദ്യത്തിനുത്തരമായി, 'ഈ പുസ്തകം മാത്രമല്ല; ജീവിതം മുഴുവന്‍ ഞാന്‍ സമര്‍പ്പിച്ച എന്റെ വര്‍ഷയ്ക്കും സണ്ണിയ്ക്കും' എന്ന ആദ്യപേജിലെ വരികള്‍ സ്ക്രീനില്‍ തെളിയുന്നു..!
അതീവലോലമായ ഒരു കഥാതന്തുവില്‍ നെയ്തെടുത്ത തിരക്കഥയില്‍, സംഭവങ്ങള്‍ക്കും ഭാഷണങ്ങള്‍ ക്കുമുപരി, കഥാപാത്രങ്ങളുടെ മാനസികഭാവങ്ങള്‍ക്കു പ്രാധാന്യം നല്‍കിയിരിക്കുന്നു. കഥ പറയുന്നതിനേക്കാള്‍, കാലികമായ ജീവിതസ്പന്ദങ്ങള്‍ പകര്‍ത്തി, പ്രമേയപരിസരത്തെ 'അപ് ഡേറ്റ്' ചെയ്യാനുള്ള തിരക്കഥാകൃത്തിന്റെ ശ്രമം ശ്രദ്ധേയമാണ്. മെട്രോ നഗരങ്ങളിലെ നൈറ്റ്ക്ളബ് സംസ്കാരം, പാര്‍ട്ടിയെന്ന പേരില്‍ നടക്കുന്ന മദ്യപാനസദസ്സുകള്‍, കമ്പനിയുടെ നിര്‍മ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന ദരിദ്രരുടെ കണ്ണീര്‍ക്കാഴ്ചകള്‍, നഗരകാന്താരത്തില്‍, പതിയെപ്പതിയെ മറനീക്കി പുറത്തുവരാന്‍ തുടങ്ങുന്ന സ്വവര്‍ഗ്ഗ-ലൈംഗികസ്വത്വങ്ങള്‍…പലതിനെയും സിനിമ തൊട്ടുകടന്നു പോകുന്നു.!
'ഋതു' എഴുതിയ ജോഷ്വാ ന്യൂട്ടന്റെ അഭിപ്രായത്തില്‍, 'എംപതിയുടെ നഷ്ടമാണ് പുതിയ മില്ലെനിയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി'. കേവലപ്രണയത്തിനും രതിയ്ക്കുമപ്പുറമുള്ള ഹ്രുദയവികാരങ്ങള്‍ യുവമനസ്സുകള്‍ക്കന്യമാവുകയാണോ എന്ന സന്ദേഹമാണ് സിനിമയിലെ നഗരക്കാഴ്ചകള്‍ പകര്‍ന്നുതരുന്നത്.! സിനിമയിലെ ഏറ്റവും വികാരനിര്‍ഭരമായ പിതാവിന്റെ മരണരംഗത്തെ തീയറ്ററില്‍ പൊട്ടിച്ചിരിയോടെ സ്വീകരിക്കുന്ന ‘പുതിയ പിള്ളേരും’ ഈ സംശയത്തെ ശരിവെയ്ക്കുന്നു.! നഗരജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ക്വൊട്ടേഷന്‍ സംഘങ്ങള്‍ പിറവിയെടുക്കുന്നത് ഇവരില്‍ നിന്നാവുമോ..? മേല്‍ത്തട്ടില്‍, പണത്തിന്റെയും അന്തസ്സിന്റെയും പ്രദര്‍ശനപരതയില്‍ സ്വയം മറക്കുന്നതിനിടെ, അന്തസ്സാരശൂന്യമായിപ്പോകുന്ന ജീവിതത്തിന്റെ ദുരന്തം ഐ. ടി.വ്യവസായിയായ സറീനയും ഭര്‍ത്താവ് ബാലഗോപാലും ഒരുപോലെ പങ്കിടുന്നു.!
വിഷാദപൂരിതമായ ഒരു ദൃശ്യവിരുന്നായി സിനിമയെ മാറ്റിയെടുക്കുന്നതില്‍ ശ്യാം ദത്തിന്റെ സ്വപ്നസദൃശമായ വാതില്‍പ്പുറദൃശ്യങ്ങളും രാഹുല്‍രാജിന്റെ വിസ്മയിപ്പിക്കുന്ന പശ്ചാത്തലസംഗീതവും പരസ്പരപൂരകമായി വര്‍ത്തിക്കുന്നു.! ഫ്രെയിമുകളുടെ കോമ്പസിഷനിലും ധ്വനിസമൃദ്ധിയിലും വീക്ഷണത്തിലും നിറങ്ങളുടെ ഉപയോഗത്തിലുമെല്ലാം വിദേശചിത്രങ്ങളോടു കിടപിടിക്കുന്നതാണ് ഋതുവിലെ വിഷ്വലുകള്‍. പ്രമേയമല്ല; വിഷ്വല്‍ ട്രീറ്റ്മെന്റു തന്നെയാണ് ഈ ചിത്രത്തെ ഒരു വ്യത്യസ്താനുഭവമാക്കി മാറ്റുന്നത്. പല സീക്വന്‍സുകളും മന്ദതാളത്തിലാക്കിയുള്ള വിനോദ് സുകുമാരന്റെ എഡിറ്റിങ്ങ് പാറ്റേണും എടുത്തുപറയേണ്ടതാണ്.!
മുഖ്യകഥാപാത്രങ്ങള്‍ക്കു വേണ്ടി പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള ശ്യാമിന്റെ തീരുമാനം താരാഭാസങ്ങള്‍ കൊടികുത്തിവാഴുന്ന ഇക്കാലത്ത് വലിയ വിപ്ളവം തന്നെയാണ്.! വര്‍ഷയായി റിമയും ശരത്തായി നിഷാനും സണ്ണിയായി ആസിഫും പാത്രസൃഷ്ടിയ്ക്കിണങ്ങിയ മികച്ച കണ്ടെത്തലുകള്‍ തന്നെ.! പരാജയപ്പെടുന്ന വിപ്ളവങ്ങള്‍ക്കും പുതുസമൂഹത്തിന്റെ സൃഷ്ടിയില്‍ ചില പങ്കുവഹിക്കാനുണ്ടെന്ന് ശരത്തിന്റെ ജ്യേഷ്ഠന്‍ നമ്മെ വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.! മിതമായ ഭാവപ്രകാശനത്തിലൂടെ, എം.ജി. ശശി ഈ കഥാപാത്രത്തിനു പുതിയൊരു മാനം നല്‍കിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു കാര്യം ഖേദപൂര്‍വ്വം രേഖപ്പെടുത്താതെ വയ്യ.! ഈ സംവിധായകന്റെ ചിത്രങ്ങള്‍ തുടക്കം മുതല്‍ പിന്തുടരുന്ന ഒരാളെന്ന നിലയില്‍, ശ്യാമിന്റെ മാസ്മരികസാന്നിദ്ധ്യം 'ഋതു'വില്‍ എനിയ്ക്കു കാണാന്‍ സാധിച്ചില്ല.! 'പെരുവഴിയിലെ കരിയിലകള്‍', 'ഉയിര്‍ത്തെഴുന്നേല്‍പ്പ്' തുടങ്ങിയ ടെലി-ചിത്രങ്ങളും 'അകലെ' എന്ന സിനിമയുമാണ് ഈ കലാകാരന്റെ വ്യക്തിമുദ്ര ആഴത്തില്‍ പതിഞ്ഞ സൃഷ്ടികളെന്നു ഞാന്‍ കരുതുന്നു. സമഗ്രജീവിതത്തെക്കുറിച്ച് ത്രസിപ്പിക്കുന്ന ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന സിനിമയുടെ ഉത്തമമാതൃകയായിത്തീരാന്‍ 'ഋതു'വിനു കഴിഞ്ഞിട്ടില്ല. എന്നാല്‍, കാലത്തിന്റെ സ്പന്ദമാപിനിയായിത്തീരാനുള്ള ഈ ശ്രമം, നല്ല സിനിമയെക്കുറിച്ച് തീര്‍ച്ചയായും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നു.!

Tuesday, August 25, 2009

'elephant' a film on teenage violence



Today, I watched a film, named 'Elephant' directed by Gus Van Sant, the current generation US film maker. The film has been loosely based on an event of massacre happened in a school, somewhere. Anyhow, the film is really a different directorial work.

The cinema tells nothing with special emphasis and just watches the ordinary events taking place in an ordinary school day. The students play in the ground, some guys visit library, a photographer-student takes snaps of his friends etc..The camera just follows each of these characters steady for a time and just watches what is happening. Beautiful steadycam shots. ..The film maker has definitely a clear vision about the theme and his ideas; but he just keep mum about his perspective and engage the viewers to see and judge the images and the sequences, by their own. This really seemed to me as a new attitude regarding cinema. Because, we are just caught by the dark corridors, chats between guys, some silent sorrows and we become so familiar with each character in the film. Finally, the two 'bad guys' appear and shoot many of their fellow beings without any emotion or empathy in their face. This was a stunning experience, really. We are just forced to recognize the facts which are underlying the event. A great work..!!

The film actually make many statements, indirectly through images, without saying any comment from director's point of view. But we understand many things regarding the youth, their way of life, their backgrounds and the way violence grows in their minds and a lot of psychological aspects of the teenage, today. A remarkable attempt.! And the film got the best director's award also in cannes film festival, three years back.

കവിജന്മം



ന്നെ നിങ്ങളറിയും.
സൂര്യന്റെ ഗര്‍വും
ഭൂമിയുടെ ക്ഷമയും ഞാന്‍.

പത്തുകല്പനയും
തത്വമസിയും
എനിക്കു സ്വന്തം.

പുരുഷോത്തമനായ രാമന്‍
പത്തുതലയുള്ള രാവണന്‍
ഇരയും വേട്ടക്കാരനും.

അഞ്ചുനേരവും നിസ്കാരം.
അരമനയും നരിമടയും
എന്റെ ആലയം.

ഉറക്കത്തിലു-
മുണര്‍ന്നിരിക്കുന്നവന്‍.
ഓരോ അണുവിലും
ജനിക്കുന്നവന്‍.
മരണത്തിലുമണയാത്തവന്‍.!

പെണ്ണിനോടും
ആണിനോടുംപ്രണയം.
മഴയും വെയിലും,
പുലിയും പുല്ലും
എന്റെ കൂട്ടുകാര്‍.

തന്തയില്ലാത്തവനെന്നുമാത്രം വിളിക്കരുത്.!
തന്തയും തള്ളയും ഈയുള്ളവന്‍.!

സ്വപ്നവും സത്യവും
സന്ധിക്കുമീ
ഭ്രാന്തന്‍ മുക്കിലും
നില്‍ക്കാത്ത
ത്രിലോകസഞ്ചാരി !

നിന്റെ കണ്ണാടിയില്‍
എന്നെതിരയുന്നതെന്തിന്.?
അതു നീ തന്നെയാണ്.!
ഭയപ്പെടേണ്ടാ;
ഞാന്‍ നിന്നോടു കൂടെയുണ്ട്..!!