Tuesday, March 12, 2013

അന്നയും റസൂലും; സ്വപ്നം പോലെ ഒരു സത്യം













ല്ല സിനിമയ്ക്ക് കാലദേശഭേദങ്ങളില്ല. ഏതു കാലത്തും  സ്ഥലത്തും അത് സ്വയം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. അറിവില്ലായ്മ കൊണ്ട് നമ്മൾ പലപ്പോഴും പല പേരിൽ വിളിക്കുമെങ്കിലും പുതിയ തലമുറയെന്നോ പുതിയ തരംഗമെന്നോ അതിനില്ല. നല്ല സിനിമ സംവിധായകന്റെ വിധിയാണ്. അയാൾക്ക് അതു നിറവേറ്റിയേ പറ്റൂ. ചുരുക്കം ചിലർ സ്തുതിക്കും. പലരും തെറി പറയും. പോയ കാലത്തിന്റെ വക്താക്കൾ അയാളെ കുരിശിലേറ്റും. കലയെന്തെന്നറിയാത്ത തീയറ്ററുടമകൾ അയാളുടെ സിനിമ വെട്ടിമുറിക്കും. നിർമ്മാതാക്കൾ അയാളിൽ നിന്ന് ഓടിയൊളിക്കും. പക്ഷേ, അയാൾക്ക് സിനിമയിൽ നിന്നു രക്ഷപ്പെടാനാവില്ല. സിനിമയ്ക്ക് അയാളിൽ നിന്നും. കാരണം, സിനിമ കാലാതിവർത്തിയായ, ലോകാതിവർത്തിയായ കലയാണ്. അതിന് സംഭവിക്കാതിരിക്കാനാവില്ല.

പുതിയ കാലത്തിന്റെ പ്രതിനിധിയായ രാജീവ് രവിയെന്ന സിനിമറ്റോഗ്രാഫർ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുമ്പോൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാവാം? എങ്ങനെയാണയാൾ നവസിനിമയിൽ തന്റെ മുദ്ര പതിപ്പിക്കുക.? ഈ ജീവൽപ്രപഞ്ചത്തിൽ ഇതുവരെയായി കണ്ടെടുത്ത പ്രമേയപരിസരങ്ങളെല്ലാം തിരശ്ശീലയിൽ വന്നുപോയിരിക്കുന്നു. ഗ്രാമവും നഗരവും പ്രണയവും വിരഹവും ജീവിതവും മരണവുമെല്ലാം പല കോണുകളിൽ എന്നേ മുഖം കാണിച്ചുമടങ്ങി. സ്വയംവരവും ഉത്തരായനവുമൊക്കെ എഴുപതുകളിൽത്തന്നെ സംഭവിച്ചു. കൊച്ചിയുടെ ഭൂമികയിൽ ഒരു പ്രണയകഥ എന്ന ടാഗ് ലൈനാവട്ടെ, പണ്ടേ ക്ലീഷേ ആയിക്കഴിഞ്ഞു. അപ്പോൾപ്പിന്നെ, അയാൾക്കു ചെയ്യാനുള്ളത് നടപ്പുകാലത്തിന്റെ സ്പന്ദനങ്ങൾ പുതിയ രീതിയിൽ രേഖപ്പെടുത്തുകയാണ്. ദൃശ്യത്തിലും ശില്പത്തിലും പുതിയ ശൈലികൾ ആവിഷ്കരിക്കുകയാണ്. അതുതന്നെയാണ് ‘അന്നയും റസൂലും‘ എന്ന പുതിയ സിനിമയിലൂടെ ഇയാൾ ചെയ്യുന്നതും.

ഏവർക്കും സുപരിചിതമായ തീരദേശകൊച്ചിയുടെ പശ്ചാത്തലത്തിൽ ആരും പറയാത്ത പ്രണയകഥ പറയാനല്ല; മറിച്ച് ആരും പറയാത്ത രീതിയിൽ അതു പറയാനാണ് രാജീവ് രവി ശ്രമിക്കുന്നത് അഥവാ ശ്രമിച്ചു വിജയിക്കുന്നത്.! നല്ല മനുഷ്യപ്പറ്റുള്ള കലാകാരൻ ഒരു ദേശത്തെ അതിസൂക്ഷ്മമായി വാ‍യിക്കുന്ന, വരയ്ക്കുന്ന രീതി കാഴ്ചയുടെ ഓരോ നിമിഷത്തിലും എന്നെ ആവേശം കൊള്ളിച്ചു. റസൂലിനെയും അന്നയെയും അവരുടെ പ്രണയത്തെയും സിനിമയുടെ കേന്ദ്രത്തിൽത്തന്നെ പ്രതിഷ്ഠിക്കുമ്പോഴും അവർ ജീവിക്കുന്ന ദേശത്തിന്റെ സ്പന്ദനങ്ങൾ അയാൾ അവഗണിക്കുന്നില്ല. നമ്മൾ പതിവായി കാണാറുള്ളതുപോലെ, സ്ഥലത്തിൽ നിന്നും കാലത്തിൽ നിന്നും അടർത്തിമാറ്റി അവരെക്കൊണ്ടു പാട്ടുപാടിക്കുകയോ നൃത്തം ചെയ്യിക്കുകയോ ചെയ്യുന്നില്ല. പകരം ക്യാമറയുടെ ഫീൽഡ് അല്പം കൂടി വിശാലമാക്കി, അവർ നിൽക്കുന്ന പരിസരത്തെക്കൂടി സിനിമയുടെ ഫ്രെയിമിലേക്കു കൊണ്ടുവരുന്നു. അന്നയും റസൂലും അവർ ജീവിക്കുന്ന സ്ഥലത്തും കാലത്തിലും  ഉറച്ചു നിൽക്കുന്നു; ഒരുവേള ഉഴറി നിൽക്കുന്നു. ഒട്ടേറെ പ്രതിസന്ധികളിലൂടെ തുഴഞ്ഞു നീങ്ങുമ്പോഴും അവരുടെ മനസ്സുകൾ ഗാഢമായി പ്രണയിക്കുന്നു.  ജീവിതത്തിന്റെ ആരും കാണാത്ത  ദുരന്തമുഖങ്ങളിലേക്ക് പതിയെപ്പതിയെ ഒഴുകിപ്പോകുന്നു.!

മാസങ്ങൾക്കു മുൻപ് വേണു ബാലകൃഷ്ണൻ എന്ന റിപ്പോർട്ടർ ഫഹദ് ഫാസിലിനോട് തന്റെ നാടകീയശൈലിയിൽ ചോദിച്ചു: ‘താങ്കൾ മനസ്സിൽ കൊണ്ടുനടക്കുന്ന ഏറ്റവും വലിയ സ്വപ്നമെന്താണ്.?’ അല്പമൊന്നാലോചിച്ച് ഒരു കള്ളച്ചിരിയോടെ ഫഹദ് പറഞ്ഞു: ‘എനിക്ക് ഇങ്ങനെയിരുന്നാൽ മതി. ഞാൻ എന്റെ സ്വപ്നത്തിലാണ്.!’ ഫഹദിന്റെ മാത്രമല്ല, റസൂലിന്റെയും ആത്മാവിലേക്കു തുറക്കുന്ന വാക്കുകൾ. റസൂലും ഇങ്ങനെത്തന്നെയാണ്. ആകസ്മികമായി വഴിയരികിൽ കണ്ടുമുട്ടിയ അന്നയെന്ന സ്വപ്നത്തിലൂടെ അയാൾ ഒഴുകിപ്പോകുന്നു. ഒഴിവാക്കാനാവാത്തതുപോലെ, ഒടുവിലത് ഒരു വലിയ ദുരന്തത്തിലേക്കു ചെന്നുപതിക്കുന്നതു കണ്ട് തകർന്നുപോയി. കണ്ണുകൾ നിറഞ്ഞുപോയി. കണ്ടിറങ്ങുമ്പോഴും, സിനിമയോ ജീവിതമോ എന്നു തീർച്ചയില്ലായിരുന്നു. അല്പനേരത്തേയ്ക്ക് ആ ഒരു സ്വപ്നാവസ്ഥയിലായിരുന്നു. ഇപ്പോൾ, ഈ സിനിമയെപ്പറ്റി എന്തുപറഞ്ഞാലും അധികമാവില്ല. പറഞ്ഞില്ലെങ്കിൽ സമാധാനവുമില്ല. ഒന്നുമാത്രം പറയാം. നല്ല സിനിമ ഒരിക്കലും അവസാനിക്കുകയില്ല; നല്ല മനുഷ്യനും.!

അന്നയും റസൂലും നല്ല സിനിമയാകുന്നത് എവിടൊക്കെയാണെന്നു നോക്കാം. നാട്ടിലെ ജനങ്ങളുടെ ജാടയില്ലാത്ത സാന്നിധ്യമാണ് ഒന്നാമത്തെ വിജയഘടകം. ദേശത്തെ എഴുതുന്നതാണ് മികച്ച കലയെന്ന് ഈ സിനിമയുടെ ‘റിയൽ’ വിഷ്വലുകൾ വിളിച്ചുപറയുന്നു. ഫോർട്ടുകൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും വൈപ്പിൻകരയുടെയും ‘പുരാതന’മായ തെരുവുകൾ, വീടുകൾ, ഇടവഴികൾ ഒക്കെയും ഒരു മേക്കപ്പുമില്ലാതെ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. കായലും ബോട്ടും ബോട്ടുജെട്ടിയും പള്ളിയും പെരുന്നാളുമായി ആടയാഭരണങ്ങളില്ലാത്ത പച്ചജീവിതത്തിന്റെ കാഴ്ചകൾ. കൃത്രിമമായി വെളിച്ചപ്പെടുത്താത്ത ഫ്രെയിമുകളുടെ ഈ അസംസ്കൃതസൌന്ദര്യം സിനിമയുടെ പുതിയ മുഖമാണ്. മാർക്കറ്റ്സിനിമയുടെ ഭ്രമാത്മകമായ നിറക്കൂട്ടുകൾക്കിടയിൽ, ഒട്ടും പൊലിപ്പിക്കാത്ത യാഥാർത്ഥ്യത്തിന്റെ ഈ നിറം അഥവാ നിറമില്ലായ്മ ഭാവിയിൽ പുതിയൊരു ദൃശ്യശൈലിയായി, ശീലമായി വളരുമെന്നു തീർച്ചയാണ്.

നാട്ടിലേക്കു മടങ്ങിയെത്തിയ ആഷ് ലി യെന്ന പ്രവാസിയുടെ മനോഗതങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. തന്റെ നാട്ടുകാരായ റസൂൽ, അബു, ഫസീല, ഹൈദർ, ഉസ്മാൻ, റഷീദ് തുടങ്ങിയവരുടെ അനുഭവങ്ങളിലൂടെ ദേശത്തിന്റെ പുതിയ കഥ അയാൾ പറയുകയാണ്. വൈപ്പിൻകാരിയായ അന്നയെ റസൂൽ പ്രണയിച്ചുതുടങ്ങുന്നതോടെ ആ പരിസരവും അവിടെ ജീവിക്കുന്നവരും കൂടി ഫ്രെയിമിലേക്കു കടന്നുവരുന്നു. പെട്ടെന്നു പ്രതികരിക്കുന്ന, വികാരവിചാരങ്ങൾ നീറ്റുന്ന എന്നാൽ നിരുപാധികമായി സ്നേഹിക്കുന്ന കുറെ മനുഷ്യർ. അനുദിനം സംഘർഷങ്ങളിൽ പുലരുന്നവർ. ഒരു  പെരുന്നാൾരാത്രിയിൽ ആകസ്മികമായുണ്ടായ അടിപിടി അപ്രതീക്ഷിതമായി വലിയ അക്രമത്തിലേയ്ക്കു വളരുകയാണ്. നിനച്ചിരിക്കാത്ത സമയങ്ങളിൽ, സ്ഥലങ്ങളിൽ കീഴ്മേൽ മറിയുന്ന നിസ്സഹായജീവിതങ്ങൾ. അതിവൈകാരികതയിൽ, അതിസാഹസികതയിൽ ജീവിതം നഷ്ടപ്പെടുത്തുന്ന സാധാരണ മട്ടാഞ്ചേരിക്കാരനെപ്പറ്റി ഈ സിനിമ പരിതപിക്കുന്നു. ഒരു കൊലപാതകിയായിട്ടുപോലും ‘അബുവിനെ ആരോ കൊന്നു’വെന്നു കേൾക്കുമ്പോൾ,  സഹോദരന്റെ മരണത്തിലെന്നതുപോലെ നമ്മുടെ ഹൃദയം നുറുങ്ങിപ്പോവുന്നു..

കഥാപാത്രങ്ങളിലും അവരുടെ ഭാഷണങ്ങളിലും നാടകമില്ല; ജീവിതം മാത്രം. വെടിക്കെട്ടു സ്പീഡിൽ സീനുകൾ മിന്നിമറയുന്നില്ല. ഇടയ്ക്കിടെ പൊട്ടിവീഴുന്ന പാട്ടുകളില്ല. പല ട്രാക്കിൽ തീയറ്റർ നിറഞ്ഞുകവിയുന്ന ശബ്ദപഥമില്ല. പകരം ജീവിതത്തിൽ നാം കേൾക്കുന്ന, ചിലപ്പോൾ കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ, ഭാഷണങ്ങൾ അതേപടി. പ്രേക്ഷകന്റെ മുൻവിധികൾ തീരുമാനിച്ച വഴിയിലൂടെ ഈ സംവിധായകൻ നടക്കുന്നില്ല. പകരം ഇതാ മറ്റൊരു പുതിയ വഴി, ഇതിലേ നടക്കൂ എന്നയാൾ പ്രേക്ഷകനെ ക്ഷണിക്കുന്നു.

നല്ലൊരു മെലോഡ്രാമ പ്രതീക്ഷിച്ചു കയറിയ ചില കുടുംബസ്ത്രീകൾ അയ്യോ, ഇതെന്ത് അടൂരിന്റെ പടമോ എന്ന് ഇടയ്ക്കിടെ കോട്ടുവായിടുന്നു. എന്നാൽ, പിന്നീട് റസൂലിനൊപ്പം അവരും ചിരിക്കുന്നു, സ്വയമറിയാതെ ഒന്നു പ്രണയിച്ചുപോകുന്നു. അയ്യേ, ഒട്ടും സ്പീഡില്ല എന്നു ബോറടിച്ച പുതിയ കുട്ടികളും ചിന്തയെ ഉണർത്തുന്ന യാഥാർത്ഥ്യത്തിന്റെ തല്ലും തലോടലുമേറ്റ് ക്രമത്തിൽ നിശ്ശബ്ദരാവുന്നു; ‘ദൊരു പുതിയ സംഭവം തന്നെ‘യെന്നു തല കുലുക്കുന്നു. സത്യം പറയാലോ; സിനിമയുടെ വേഗത അതിൽ വിടരുന്ന ജീവിതത്തിന്റെ വേഗതയുമായി ചേർന്നു പോകുന്നതിനാൽ, 2 മണിക്കൂർ 47 മിനിറ്റെന്നത് അമിതദൈർഘ്യമായി ഒരിക്കൽ‌പ്പോലും എനിക്കനുഭവപ്പെട്ടില്ല.

സിനിമയുടെ ആത്മാവ് റസൂൽ തന്നെ. അന്നയെന്ന സ്വപ്നത്തിലൂടെ റസൂൽ സഞ്ചരിക്കുമ്പോൾ അയാൾക്കൊപ്പം ഒരു സിനിമ മുഴുവൻ സഞ്ചരിക്കുന്നു. റസൂൽ പ്രണയത്താൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട ഒരു ടാക്സിഡ്രൈവർ. അന്നയാകട്ടെ, ധർമ്മസങ്കടങ്ങൾ ഘനീഭവിച്ചുണ്ടായ ഒരു സെയിൽസ് ഗേൾ. വിഷാദത്തിന്റെ നൂറു മെഴുതിരികളെരിയുന്ന ഒരു ഹൃദയം. ഫഹദും ആംഗ്ലോ ഇന്ത്യക്കാരി ആൻഡ്രിയയും ചേർന്ന് ഇവരെ തങ്ങളുടെ ശരീരത്തിലേക്കും മനസ്സിലേക്കും ആവാഹിച്ചിരിക്കുന്നു. ഇവർക്കൊപ്പം സണ്ണി വെയ്നും രഞ്ജിത്തും ആഷിക്ക് അബുവും പി.ബാലചന്ദ്രനും ജോയ് മാത്യുവും കൂടിച്ചേർന്നപ്പോൾ കൊച്ചിയുടെ മുഖമുദ്രകളായ കുറെ കഥാപാത്രങ്ങൾ നമുക്കു ലഭിച്ചു. റസൂലിന്റെ സുഹൃത്തുക്കളായി വേഷമിട്ട ഷൈൻ ടോമിന്റെയും സുബിന്റെയും പ്രകടനം എടുത്തുപറയണം.

എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് എന്നു പറഞ്ഞപോലെ, ഇത് ഫഹദിന്റെ സമയം. കഥാപാത്രത്തിന്റെ ഭാഷയും ഭാവവും അനായാസമായി സ്വന്തം ശരീരത്തിലേക്കു കടത്തിവിടുന്ന ഫഹദിന്റെ പ്രതിഭ തിരിച്ചറിയപ്പെടുന്നു. ഈ മനുഷ്യൻ റസൂലിന്റെ ഹൃദയം കണ്ടിരിക്കുന്നു. നഗരകുമാരനിൽ നിന്ന് പ്രണയപരവശനായ ടാക്സിഡ്രൈവറായി അയാൾ പരിണമിക്കുന്നതു നോക്കിയിരിക്കാൻ രസമുണ്ട്. പ്രണയത്തിന്റെ കാര്യത്തിൽ ഇയാളൊരു ഉസ്താദ് തന്നെ.! അവസാന സീക്വൻസുകളിൽ ഫഹദ് പൂർണ്ണമായും റസൂലായി മാറിപ്പോയി എന്നു സംശയിക്കണം. Outstanding എന്ന വാക്കിന്റെ അർത്ഥം വ്യക്തമാക്കുന്ന ദുരന്തമുഹൂർത്തങ്ങൾ.!

അന്നയുടെ പരാജയത്തെ, അവളുടെ നിശ്ശബ്ദതയെ സ്ത്രീയുടെ പിൻവാങ്ങലായും സിനിമയുടെ പ്രത്യയശാസ്ത്രമായിത്തന്നെയും വായിക്കുന്ന ചില കുറിപ്പുകൾ കാണാനിടയായി. എന്നാൽ, നിവൃത്തികേടുകളിൽ പുലരുന്ന ഒരുവളുടെ മൌനം മാത്രമാണത് എന്നു കരുതാനാണ് എനിക്കിഷ്ടം. സ്വയം തെരഞ്ഞെടുപ്പുകൾ നടത്താൻ കെൽ‌പ്പുള്ളവൾ തന്നെയാണ് അന്ന. അന്യമതസ്ഥനായ റസൂലിനൊപ്പം ഇറങ്ങിപ്പുറപ്പെടുന്നതിലെ അവളുടെ ധൈര്യം ഒട്ടും ചെറുതല്ല. പ്രണയം മാത്രമല്ല, ഒടുവിലവൾ തെരഞ്ഞെടുത്ത മരണം പോലും ആ ഗഹനമൌനത്തിന്റെ ഒരു extension മാത്രം. ചിലർ അങ്ങനെയാണ്. ജീവിതത്തിലും മരണത്തിൽ‌പ്പോലും ആർക്കും പിടികൊടുക്കാത്തവർ.!

മുഖ്യപരിസരം പ്രണയമെങ്കിലും ഈ സിനിമ റസൂൽ/അന്ന പ്രണയത്തിൽ തുടങ്ങി അതിൽത്തന്നെ അവസാനിക്കുന്നില്ല. കൊച്ചിക്കാരന്റെ നിരവധി പരാധീനതകൾ അത് തുറന്നുകാട്ടുന്നുണ്ട്. മാനവികതയുടെ ഭാഗത്തുനിന്ന് അവയെ നോക്കിക്കാണുന്നുണ്ട്. പരമ്പരാഗതമതത്തിന്റെ ചങ്ങലക്കെട്ടുകൾ, തീവ്രവാദത്തിന്റെ ഇരകളാവാൻ വിധിക്കപ്പെട്ടവർ, തൊഴിലില്ലായ്മ, കുഴൽ‌പ്പണ മാഫിയ തുടങ്ങി പലതിലൂടെയും  സിനിമ കടന്നുപോകുന്നുണ്ട്. വെറുതെ ഒരു കാല്പനികപ്രണയം പറഞ്ഞുപോവുകയല്ല; മറിച്ച് ഒരു ടാക്സിഡ്രൈവറുടെ വരുമാനം ഒന്നിനും തികയില്ലെന്നും ഒരു സെയിൽസ് ഗേളിന്റെ പണി ഏതു നിമിഷവും പോകാമെന്നും അത് തിരിച്ചറിയുന്നു. സീമാസിന്റെ വർണ്ണപ്രപഞ്ചത്തിനു പിന്നിലിരുന്നു കാലിച്ചായ കുടിക്കുന്ന നിറം നഷ്ടപ്പെട്ടവരെയും രാത്രി വൈകിയും അരക്ഷിതമായ തെരുവുകളിലൂടെ വീട്ടിലേയ്ക്കു തുഴയുന്നവരെയും കാട്ടിത്തരുന്നു.

ഗാനങ്ങളെ അന്നയുടെയും റസൂലിന്റെയും ആത്മാലാപങ്ങളാക്കി മാറ്റാൻ സിനിമയുടെ ശിൽ‌പ്പികൾക്കു കഴിഞ്ഞിരിക്കുന്നു. അവ കഥാപാത്രങ്ങളുടെ ഹൃദയത്തിൽ നിന്ന് പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ഒഴുകിനിറയുന്നു. പ്രണയത്തെയും മരണത്തെയും പര്യായങ്ങളാക്കുന്ന റഫീക്കിന്റെ ‘സമ്മിലൂനി‘ എന്ന ഗാനം സിനിമയുടെ ഹൃദയതാളമായിത്തന്നെ മാറിയിരിക്കുന്നു. അൻവർ അലി എഴുതിയ 3 ഗാനങ്ങളും മെഹബൂബിന്റെ 2 പഴയ  ഗാനങ്ങളുടെ റീമിക്സും മനോഹരമായി സിനിമയിൽ ഉൾച്ചേർത്തിട്ടുണ്ട്. കെ എന്ന പേരിലറിയപ്പെടുന്ന കൃഷ്ണകുമാർ അന്നയുടെയും റസൂലിന്റെയും പ്രണയത്തിന് സുന്ദരമായ ശബ്ദഭാഷ്യം ചമയ്ക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. സിനിമറ്റോഗ്രഫിയാണ് ഈ സിനിമയുടെ മുഖ്യസൌന്ദര്യം. മധു നീലകണ്ഠനെന്ന പുതിയ സിനിമറ്റോഗ്രാഫറെ ഈ ഘട്ടത്തിൽ ഓർമ്മിക്കാതെ വയ്യ. സംവിധായകനാവശ്യമായ തിരക്കഥാശില്പം തന്നെ നിർമ്മിച്ചുനൽകിയ സന്തോഷ് എച്ചിക്കാനത്തെയും.

അമിതമായ ഉപയോഗത്താൽ, ഏതൊരു ശൈലിയും സങ്കേതവും അതിവേഗം ക്ലീഷേയായി മാറുന്ന ഒരു കാലത്ത് നവസിനിമകളുടെ പുതിയ മാതൃകകൾക്കും ഇതേ അവസ്ഥയെ നേരിടേണ്ടതുണ്ട്. സത്യത്തിൽ, ഈയൊരു വാർപ്പുമാതൃക പ്രതീക്ഷിച്ച് തീയറ്ററിലിരിപ്പുറപ്പിച്ച എന്നെ, അന്നയും റസൂലും ഞെട്ടിക്കുക തന്നെ ചെയ്തു.  നവസിനിമയെ വീണ്ടും പുതുക്കേണ്ടതെങ്ങനെയെന്നുള്ള ഒരു പാഠം സിനിമയിൽ അടങ്ങിയിരിക്കുന്നു. നല്ല സിനിമയെന്നാൽ നല്ല സങ്കേതമല്ലെന്നും വിപ്ലവമെന്നാൽ മുദ്രാവാക്യങ്ങളല്ലെന്നും ഈ സിനിമ നിശ്ശബ്ദമായി അഹങ്കരിക്കുന്നു. എല്ലാ സങ്കേതങ്ങളെയും ടോട്ടൽ സിനിമയിലേക്കുള്ള മുതൽക്കൂട്ടുകളായി മാത്രം ഉപയോഗിക്കുന്ന ഒരു കാലത്തിലേക്ക്, വിപ്ളവകരമായ ഒരു ‘റിയാലിറ്റി’യിലേക്ക് നാം വളരുകയാണ്.

വ്യവസ്ഥാപിതമായ ഭാഷയെ തകർത്ത് പുതിയ ഭാഷ സൃഷ്ടിക്കുന്നവനാണ് മികച്ച കലാകാരൻ. അന്നയും റസൂലും  മലയാളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യഭാഷയെ, സംസ്കാരത്തെ സിനിമയിലേക്കു മടക്കിവിളിക്കുന്നു. ഒപ്പം അതിനെ കാലാനുസൃതമായി പുതുക്കിനിശ്ചയിക്കുകയും ചെയ്യുന്നു. റിയലിസത്തിന്റെ വഴിവിളക്കുകളായ റേ, അരവിന്ദൻ, അടൂർ, ഷാജി തുടങ്ങിയ മഹാരഥന്മാരെ നന്ദിപൂർവം സ്മരിക്കുക. ആഷിക്, സമീർ, അൻവർ തുടങ്ങിയ എല്ലാ പുതുമുറക്കാരുടെയും ദൃശ്യപരിചരണരീതികളെ കലാപരമായിത്തന്നെ മറികടക്കാൻ രാജീവ് രവിയ്ക്കു കഴിഞ്ഞിരിക്കുന്നു. ഇത് തീർച്ചയായും ഭാവിയിലേക്കുള്ള ഒരു മുതൽമുടക്കാണ്. കലാപവുമാണ്. അന്നയെയും റസൂലിനെയും വെട്ടി മുറിച്ചവർ, തള്ളിപ്പറഞ്ഞവർ രാജീവ് രവിയുടെ മധുരപ്രതികാരങ്ങൾക്കായി കാത്തിരിക്കുക.!

രതി പറയുന്നതിലെ ശരിയും തെറ്റും











ലയാളിയുടെ മനസ്സ് അടച്ചിട്ട ഒരു ലോഡ്ജ് മുറിയാണ്. പുറത്തുവരാ‍നാവാതെ കുഴങ്ങുന്ന രതിവാസനകളുടെ രഹസ്യസങ്കേതം. രതി പറയുന്നതും പ്രവർത്തിക്കുന്നതും ചിന്തിക്കുന്നതുപോലും നിരോധിക്കപ്പെട്ട ഒരു സമൂഹത്തിൽ, അമർത്തിയ രതിയുടെ ഭാരം താങ്ങാനാവാതെ മലയാളി തന്റെ പൊള്ളുന്ന യുവത്വം ഉള്ളിൽ കരഞ്ഞു തീർക്കുന്നു.! സാമ്പത്തികമായ വിവേചനം ഉയർത്തുന്ന വെല്ലുവിളിപോലെ തന്നെ പ്രധാനമാണ് ലൈംഗികദാരിദ്ര്യം ഉയർത്തുന്ന പ്രശ്നങ്ങളും. ഉള്ളതുപറഞ്ഞാൽ, സമ്പത്തുള്ളവനു മാത്രം കരഗതമാവുന്ന ഒന്നാണല്ലോ രതിയും. പറയുന്നത് ‘അശ്ലീല’മായതിനാൽ ഈയൊരു ദാരിദ്ര്യത്തെപ്പറ്റി ആരും പരാതിപ്പെടാറില്ലെന്നു മാത്രം. പ്രപഞ്ചസൌന്ദര്യത്തെത്തന്നെ  നിയന്ത്രിക്കുന്ന ഈ വിസ്മയവികാരത്തെ ശീലം കൊണ്ട് നമ്മൾ അശ്ലീലമാക്കി. തെറിയുടെ  അകമ്പടിയില്ലാതെ നമ്മൾ രതിയെപ്പറ്റി പറയുകയില്ലെന്നായി. വിഫലരതിയുടെ ഈ മന:ശ്ശാസ്ത്രം വിജയകരമായി ആഘോഷിക്കുകയാണ് അനൂപ് മേനോനും വി.കെ.പ്രകാശും ‘ട്രിവാൻഡ്രം ലോഡ്ജ് ’ എന്ന പുതിയ സിനിമയിലൂടെ. രതി പറയുന്നതിന്റെയും കേൾക്കുന്നതിന്റെയും ഗൂഢരസമാസ്വദിക്കാൻ നഗരത്തിലെ തീയറ്ററുകളിൽ യുവാക്കൾ ഒരിക്കൽക്കൂടി തിരക്കുകൂട്ടുന്നു.  ഇരുട്ടിൽ ഉയർന്നു കേൾക്കുന്ന ആ കൂക്കുവിളിയിലും പൊട്ടിച്ചിരിയിലും ചൂളമടിയിലും രൂക്ഷമായ ലൈംഗികദാരിദ്ര്യമനുഭവിക്കുന്ന മലയാളിയുവത്വത്തിന്റെ മുഴുവൻ ദുരന്തവും അടങ്ങിയിരിക്കുന്നു.!

ട്രിവാൻഡ്രം ലോഡ്ജ്  ഒരു പ്രതീകമാണ്. ഒരിക്കലുമൊടുങ്ങാത്ത അസംതൃപ്തരതിയുടെ പ്രതീകം.! പോയകാലത്തിന്റെ ഓർമ്മകൾ പേറി, കൊച്ചീക്കായലിൽ മുഖം നോക്കി നിൽക്കുന്ന ഈ പഴയ മന്ദിരത്തിന് ഒരു ഭാർഗവീനിലയത്തിന്റെ ആനച്ചന്തമൊക്കെയുണ്ട്. പൂമുഖത്ത് ഒരു കോണിൽ വിശ്രമിക്കുന്ന പുരാതനഗന്ധമുള്ള പിയാനോയുടെ സവിധത്തിലേക്കു കടന്നുവരുന്ന ആർതർ റെൽട്ടൻ എന്ന സംഗീതാധ്യാപകന്റെ ആ ഓപ്പണിംഗ് ഷോട്ട് ഗംഭീരം. നിഴലുകൾ ഇണചേരുന്ന ഇരുണ്ട മുറികൾ അവിടത്തെ അന്തേവാസികളുടെ മനസ്സിന്റെ ഉള്ളറകൾ തന്നെയാണ്. സമീപത്തുള്ള മെട്രോ നഗരത്തിന്റെ വൻപ്രലോഭനങ്ങൾ എരിപൊരിസഞ്ചാരം നടത്തുന്ന മനസ്സുമായി കഴിഞ്ഞുകൂടുന്ന ഒരു താഴ്ന്ന ഇടത്തരം സമൂഹത്തിന്റെ നെടുകെയുള്ള ഛേദം. അതാണ് ട്രിവാൻഡ്രം ലോഡ്ജ്. ചിരപരിചിതമല്ലാത്ത, വ്യത്യസ്തമായ ഈ പ്ലോട്ട് തന്നെയാണ് സിനിമയുടെ  ഒന്നാമത്തെ ആകർഷണം.

ആരൊക്കെയാണ് ഇവിടത്തെ അന്തേവാസികൾ.? അബ്ദുവെന്ന അനാഥയുവാവാണ് ഈ ഇടത്താവളത്തിലെ മുഖ്യകഥാപാത്രം. എന്തു ജോലിയും ചെയ്യും. രതിയെന്തെന്നറിയാതെ മുതിർന്ന സാധുവായ ഒരുവൻ രതിജന്യമായ തന്റെ അസ്വസ്ഥതകൾ മറയില്ലാതെ പ്രകടിപ്പിക്കുമ്പോൾ ന്യായമായും പ്രേക്ഷകനു ചിരിവരും. ‘നല്ല പ്രായ’ത്തിൽ ദാരുണമായ ലൈംഗികദാരിദ്ര്യ മനുഭവിക്കുന്ന ശരാശരി മലയാളി, അബ്ദുവിൽ തന്റെ പ്രതിബിംബം കാണുന്നത് തികച്ചും സ്വാഭാവികം. സർക്കാർ സർവീസിൽ നിന്നുവിരമിച്ച് വക്കീലായ കോര സാറാണ് മറ്റൊരാൾ. ഒരിക്കലും നടപ്പിൽ വരാത്ത തന്റെ രതിഫാന്റസികൾ സഹവാസികളോടു ‘പറഞ്ഞുതീർക്കുന്ന’ പൊങ്ങച്ചക്കാരൻ.! ഇനിയുമുണ്ട് ഈ ലോഡ്ജിലും പരിസരത്തുമായി പുതിയ നഗരജീവിതത്തിന്റെ സൂപ്പർ പ്രതിനിധാനങ്ങൾ. സിനിമാറിപ്പോർട്ടർ ഷിബു വെള്ളായണി, അഭിനയമോഹവുമായി അയാൾക്കൊപ്പം കൂടിയ സതീശൻ, സൂപ്പർതാരങ്ങളെ അനുകരിക്കുന്ന മൂന്നു മിമിക്രി കലാകാരന്മാർ,  ലോഡ്ജിലെ കാന്റീൻ നടത്തിപ്പുകാരി പെഗ്ഗിയാന്റി...

കൊച്ചിയുടെ ജീവിതം ഒരു നോവലിലേയ്ക്കു പകർത്തുകയെന്ന ലക്ഷ്യവുമായി ധ്വനി നമ്പ്യാർ എന്ന യുവതി ഇവർക്കിടയിലേക്കു കടന്നുവരുന്നതാണ് സിനിമയുടെ പ്രമേയപരിസരം. വിധുരനായ ലോഡ്ജ് ഉടമ രവിശങ്കറും പരേതയായ ഭാര്യ മാളവികയും ഇനിയും മരിക്കാത്ത അവരുടെ പ്രണയവും ഇതിനു സമാന്തരമായൊഴുകുന്നു. രതിയുടെ ചില്ലറവ്യാപാരം നടത്തുന്ന കന്യകാമേനോൻ എന്ന അഭിസാരിക പലരെയും പ്രലോഭിപ്പിച്ചുകൊണ്ട് ഈ പരിസരത്തു തന്നെ കറങ്ങുന്നുണ്ട്. അവളുമായുള്ള അബ്ദുവിന്റെയും ഷിബുവിന്റെയും കൂട്ടിമുട്ടലുകൾ ചിരിക്കാനും ചിലപ്പോഴൊക്കെ ചിന്തിക്കാനും വക നൽകുന്നു. സവർണ്ണതയുടെ കുലീനജാടയെയും ഒപ്പം കന്യകാത്വമെന്ന സങ്കല്പത്തെത്തന്നെയും ചോദ്യം ചെയ്യുന്ന പാത്രസൃഷ്ടിയാണ് ഒരുവേള, ‘കന്യകാമേനോനെ’ന്ന ഈ തെരുവുവേശ്യ.! ഇപ്പറഞ്ഞ  എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്ന രസച്ചരടായി ഗുപ്തരതിയുടെ സജീവസാന്നിധ്യവും ചിത്രത്തിലുടനീളമുണ്ട്. ഓരോരുത്തരും രതിയെ സംബന്ധിച്ച നമ്മുടെ സദാചാരനാട്യങ്ങളെ രസകരമായി, യുക്തിഭദ്രമായി ചോദ്യം ചെയ്യുകയും ഇത് സിനിമയുടെ സൌന്ദര്യമായി മാറുകയും ചെയ്യുന്നു.

അശ്ലീലസിനിമയെന്ന ലേബലിന്റെ നിഴലിൽ നിൽക്കുമ്പോഴും ഈ സിനിമ വെളിപ്പെടുത്തുന്ന ചില രസകരമായ വൈരുദ്ധ്യങ്ങളെപ്പറ്റി പറയാതെ വയ്യ.! പാരമ്പര്യവാദികളുടെ തെറിവിളി തുടരുന്നതിനിടയിലും നഗരങ്ങളിൽ ഈ സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് അവയിൽ ഒന്നാമത്തേത്.! പല്ലും നഖവുമുപയോഗിച്ച് പകൽ മുഴുവൻ സിനിമയെ എതിർക്കുന്ന സദാചാരികൾ പലരും സെക്കന്റ്ഷോയ്ക്ക് ക്ഷമയോടെ ക്യൂവിൽ നിൽക്കുന്നില്ലേ എന്നു സംശയിക്കണം.! രതിയും തെറിയും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ബോധമുള്ളവർ തന്നെയാണ് സിനിമയ്ക്കു പിന്നിലുള്ളതെന്ന് ശ്രദ്ധാപൂർവം ചിത്രീകരിച്ച ഇതിലെ ഓരോ ഫ്രെയിമും സ്വയം വെളിപ്പെടുത്തുന്നുണ്ട്. പത്താളെ കൂടുതൽ കിട്ടാനാനുള്ള ‘ദൃശ്യസാധ്യത’കൾ തിരക്കഥയിൽ വേണ്ടുവോളമുണ്ടായിരുന്നിട്ടും അവയോട് നോ പറയാനുള്ള വിവേകം അവർ പാലിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ, ഒരു സിനിമ വിചാരിച്ചാൽ, തെറിച്ചുപോകുന്ന സദാചാരമാണ് നമ്മുടേതെങ്കിൽ അതങ്ങു തെറിച്ചുപോകുന്നതല്ലേ നല്ലത്.?

സിനിമകളെല്ലാം പ്രേക്ഷകർ കുടുംബസമേതം കണ്ടുകൊള്ളണമെന്നു കണ്ടുപിടിച്ചത് ആരാണെന്നറിയില്ല.! കുടുംബത്തോടെ കാണാൻ കൊള്ളാത്തതിന്റെ പേരിൽ മുഖ്യധാരാസ്ത്രീകൾ അവഗണിച്ച ഈ സിനിമ ഭേദപ്പെട്ട ഒരു ഫെമിനിസ്റ്റ് ചിത്രമാണെന്നതാണ് വിചിത്രമായ മറ്റൊരു വൈരുദ്ധ്യം. വിവാഹജീവിതമെന്ന ദുരന്തത്തിൽ നിന്നു മോചിതയായി നോവൽ രചിക്കാനെത്തുന്ന നായിക തന്റെ പഴയ പങ്കാളിയെ വിശേഷിപ്പിക്കുന്നത് ‘പഴകി ദ്രവിച്ച ഭർത്താവ് ’ എന്നാണ്. ഈ പ്രയോഗത്തിന് ഒരു അറക്കവാളിന്റെ മൂർച്ചയുണ്ട്. കോര സാറടക്കമുള്ള എല്ലാ പുരുഷന്മാരെയും വെല്ലുന്ന അരാജകവാദിയായായാണ് ധ്വനിനമ്പ്യാരെ അവതരിപ്പിച്ചിട്ടുള്ളത്. സൈദ്ധാന്തിക ജാടയുമായി കോമാളിവേഷം കെട്ടുന്ന കെട്ടിയവന്റെ മറുവശത്ത് ശിശുസഹജമായ നിഷ്കളങ്കതയുമായി നിൽക്കുന്ന പാവം അബ്ദുവിനെ അവൾ ഇഷ്ടപ്പെട്ടുപോകുന്നത് സ്വാഭാവികം.

ധ്വനിയുടെ അടുത്ത സുഹൃത്തായ സെറീനയുടെ പുരുഷസമീപനവും അങ്ങേയറ്റം യാഥാർത്ഥ്യബോധമുള്ളതും സമകാലികവുമാണെന്നു പറയാം. ഭർത്താവ് എത്ര മന്ദബുദ്ധിയാണെങ്കിലും കിടക്കയിലെ അയാളുടെ മികച്ച പ്രകടനത്തെ വിലമതിക്കുന്ന സെറീനയുടെ ലോജിക്കിനെ അഭിനന്ദിക്കാതെ വയ്യ.! മാത്രമല്ല, ‘നിന്റെ അമ്മ ഒരു വേശ്യയായിരുന്നു’ എന്നുപറയുന്ന അച്ഛനോട് രവിശങ്കർ ചോദിക്കുന്നത്  ‘ബുദ്ധി കൊണ്ട് ആവാമെങ്കിൽ‌പ്പിന്നെ ശരീരം കൊണ്ടായിക്കൂടേ’ എന്നാണ്. ധ്വനിയും സെറീനയും മാത്രമല്ല, രതിവ്യാപാരം നടത്തുന്ന കന്യകയും ലോഡ്ജിലെ കാന്റീൻ നടത്തുന്ന പെഗ്ഗിയാന്റി പോലും സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം  ആർക്കുമുന്നിലും അടിയറ വെക്കാത്ത സ്വതന്ത്രവ്യക്തിത്വമുള്ളവരത്രേ. അടിമമനോഭാവമുള്ള ഒരു സ്ത്രീപോലും ഈ സിനിമയുടെ ഫ്രെയിമിൽ വരുന്നതേയില്ല. ഇതൊരു സ്ത്രീവാദസിനിമയാണെന്നുറപ്പിക്കാൻ ഇത്രയൊക്കെ തെളിവുകൾ പോരേ.? ഒരുപക്ഷേ, ഇതുകൊണ്ടാവുമോ, കുടുംബത്തിൽപ്പിറന്ന സ്ത്രീകൾ ഒന്നടങ്കം ഈ സിനിമയെ അവഗണിച്ചത് എന്നും സംശയിക്കണം.!

അച്ചടിഭാഷയിൽ സംസാരിക്കുന്ന സർവഗുണസമ്പന്നനായ ഒരു താടിക്കാരനെത്തന്നെയാണ് അനൂപ് മേനോൻ ഈ സിനിമയിലും അവതരിപ്പിക്കുന്നത്. കോടീശ്വരനെങ്കിലും ഏകാകിയായ രവിശങ്കറും വലിയൊരളവിൽ പ്രണയ/ലൈംഗികദാരിദ്ര്യമനുഭവിക്കുന്നുണ്ട്. എന്നാൽ, ധ്വനിയെന്ന സൌന്ദര്യധാമം ഉയർത്തുന്ന പ്രലോഭനങ്ങളെ അയാൾ നേരിടുന്ന രീതി ആ കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ സവിശേഷമാക്കി മാറ്റുന്നു. ധ്വനിയോട് , ‘ഈ നിമിഷം നിന്നെ കിടക്കയിലേക്ക് വലിച്ചിടാൻ എനിക്ക് എളുപ്പം കഴിയും. എന്നാൽ, അത് ചെയ്യാതിരിക്കാനാണല്ലോ ബുദ്ധിമുട്ട് ’ എന്നയാൾ നിസ്സംഗനാവുന്നിടത്ത് ഈ കഥാപാത്രത്തിന്റെ നഷ്ടപ്രണയം വിശുദ്ധമായിത്തീരുന്നുണ്ട്. ഇവിടെ, സിനിമയുടെ ദർശനം പരമ്പരാഗതചാലുകളിൽ നിന്നു പുറത്തേക്ക് വളരുന്നുമുണ്ട്.!

ദൃശ്യമാധ്യമമേന്ന നിലയിൽ സിനിമയോട് നൂറുശതമാനവും നീതി പുലർത്തുന്ന വിഷ്വലുകളാണ് പ്രദീപ് നായർ ഈ സിനിമയ്ക്കു വേണ്ടി പകർത്തിയിട്ടുള്ളത്. ഹെലികാം സിനിമാറ്റോഗ്രഫിയുടെ സൌന്ദര്യം തന്നെയാണ് ഈ ദൃശ്യങ്ങളെ പ്രേക്ഷകനറിയാതെ അവന്റെ ഹൃദയതാളമാക്കി മാറ്റുന്നത്.! അവയിൽ  എം .ജയചന്ദ്രന്റെ മനോഹരമായ ശബ്ദപഥവും കൂടി ലയിക്കുമ്പോൾ  ‘നീരിൽ വീഴും പൂക്കൾ’ പോലെ നമ്മളും സിനിമയോടു ചേർന്നൊഴുകുന്നു.!

അഭിനയത്തെപ്പറ്റിയാണെങ്കിൽ, ബ്യൂട്ടിഫുൾ എന്ന സിനിമയ്ക്കു ശേഷം തന്റെ പതിവു മാനറിസങ്ങൾ മാറ്റിവെച്ച് സ്വയം നിഷേധിക്കാനുള്ള ഒരവസരം കൂടി ജയസൂര്യക്കു ലഭിക്കുന്നു. അനൂപിന്റെ കനിവിൽ വിദഗ്ദ്ധമായ ഒരു ഇമേജ് ബ്രേക്കിംഗ്.  ഒപ്പം ഒരു ഇമേജ് ബിൽഡിംഗും.  ഒരു ശരാശരിനടൻ ഇതാദ്യമായി പ്രൊഫഷണൽ സ്വഭാവത്തോടെ ഒരു കഥാപാത്രത്തെ കൈപ്പിടിയിൽ ഒതുക്കുന്ന കാഴ്ച കൌതുകകരമാണ്. 999 സ്ത്രീകളെ അനുഭവിച്ച് ആയിരാമത്തെ സ്ത്രീയെ തേടുന്ന’ കോരസാറിനെ പി.ബാലചന്ദ്രൻ ഉജ്വലമാക്കി. കൃത്യതയുള്ള ഭാവങ്ങളുമായി ഹണിറോസിന്റെ ധ്വനി നമ്പ്യാരും സ്കോർ ചെയ്തു.! യുക്തിഭദ്രമായ തിരക്കഥയും വ്യക്തിത്വമുള്ള കഥാപാത്രങ്ങളും അഭിനയത്തിൽ നടീനടന്മാരെ നന്നായി സഹായിച്ചിട്ടുണ്ട്. അനൂപ് മേനോൻ സംസാരിക്കുമ്പോൾ ഒരു സൂപ്പർതാരത്തെ ഓർമ്മവരുന്നതിന്റെ കുറ്റം നടന്റെയോ താരത്തിന്റെയോ എന്നു തിരിച്ചറിയാനാവുന്നില്ല. എനിവേ, നടനേക്കാൾ ആ എഴുത്തുകാരൻ തന്നെയാണ് മുന്നിൽ.

സിനിമയിലെ അവശ്യഘടകമായി പാട്ടുകളെ മാറ്റിയെഴുതിയത് ചാനലുകളാണല്ലോ.? റഫീക്ക്, രാജീവ് എന്നിവർ രചിച്ച് എം ജയചന്ദ്രൻ ഈണമിട്ട രണ്ടു ഗാനങ്ങൾ ചിത്രത്തിൽ ഒട്ടിച്ചു ചേർത്തിരിക്കുന്നു. മാർക്കറ്റിംഗിന്റെ അനിവാര്യതയെക്കുറിച്ചോർത്താൽ, ഇത് ക്ഷമിക്കാവുന്ന തെറ്റു തന്നെ. രവിശങ്കറിന്റെ പുത്രൻ അർജുന്റെ കുരുന്നുപ്രണയം ചിത്രീകരിച്ചും ഇടയ്ക്ക് ഡയലോഗുകൾ തിരുകിയും ഗാനങ്ങളിൽ അല്പം പുതുമ വരുത്തിയിട്ടുണ്ട്.

ഇത്രയുമൊക്കെ പറഞ്ഞതിനർത്ഥം, മലയാളസിനിമാചരിത്രത്തിലെ നിർണ്ണായകമായ ഒരു ലാൻഡ്മാർക്കാണ് ‘ട്രിവാൻഡ്രം ലോഡ്ജ്’ എന്നല്ല. സമകാലികമായ ജീവിതസന്ദർഭങ്ങൾ കോർത്തെടുത്ത് മികച്ച സിനിമറ്റോഗ്രഫിയും സംഗീതവും നൽകി നിലവാരമുള്ള ഫോർമാറ്റിൽ നിർമ്മിച്ച ഒരു കമേഴ്സ്യൽ ചിത്രമാണിതെന്നത്രേ.! ‘സിനിമ’യുടെ അർത്ഥമറിഞ്ഞുള്ള നല്ല പ്രൊഡക്ഷനുകൾ  മലയാളത്തിലിപ്പോൾ വളരെ അപൂർവമായതിനാൽ ഇക്കാര്യം എടുത്തു പറയണം. ഈയിടെയായി, സൂപ്പർതാരങ്ങളുടെ വമ്പൻ മസാലപ്പടങ്ങൾ എട്ടുനിലയിൽ പൊട്ടുകയും സമൂഹത്തിന്റെ പുറമ്പോക്കിൽ ജീവിക്കുന്നവരുടെ ചെറുജീവിതചിത്രങ്ങൾ പ്രേക്ഷകരുടെ മനം കവരുകയും ചെയ്യുന്നതിന്റെ പൊരുളെന്തെന്ന് നാം ആലോചിക്കണം.

ചില കാര്യങ്ങൾ വ്യക്തമാണ്. നാലുകെട്ടുകളിലും വള്ളുവനാടൻ വരേണ്യഭാഷയിലും തളഞ്ഞുകിടന്ന മലയാളസിനിമ അതിൽനിന്നു പുറത്തുവന്നിരിക്കുന്നു. നടപ്പുജീവിതത്തിന്റെ സങ്കീർണ്ണതകൾ ഫ്രെയിമിലേക്കു കടന്നുവരുന്നു. പ്രാദേശികഭാഷാഭേദങ്ങൾ സിനിമയുടെ ഫാഷനായി മാറുന്നു. സദാചാരനാട്യങ്ങൾ കടപുഴകുന്നു. പഴകിദ്രവിച്ച ദൃശ്യസങ്കല്പങ്ങൾ കാലഹരണപ്പെടുന്നു. ഇതൊക്കെ നല്ല നിമിത്തങ്ങൾ തന്നെ. അയഥാർത്ഥമായ ഗൃഹാതുരത്വത്തിൽ മുഴുകിക്കഴിയുന്നതിനേക്കാൾ എത്രയോ നല്ലതാണ് അപ്രിയമെങ്കിലും സമകാലികമായ  സത്യത്തിനു കാതോർക്കുന്നത്.!

ഒരു വെള്ളിയാഴ്ചയുടെ പാഠങ്ങൾ















'All I want to do is movies.’ - Lijin Jose

ചിന്തിക്കുന്ന മനുഷ്യന്റെ സംവേദനക്ഷമത നിരന്തരം പുതുക്കലുകൾ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. മലയാളിയുടെ തനതുജീവിതവുമായും സ്വപ്നങ്ങളുമായും യാതൊരു ബന്ധവുമില്ലാതെ നമ്മെ വെറുതെ ആനന്ദിപ്പിച്ചുകൊണ്ടിരുന്ന കെട്ടുകാഴ്ചയുടെ കൊട്ടകയിലേക്കാണ് സമകാലികതയെ തിരിച്ചുപിടിച്ചുകൊണ്ട്, ഒരിക്കൽ സ്വയംവരവും ഉത്തരായനവും കടന്നുവന്നത്. എഴുപതുകളായിരുന്നു കാലം. ചില ആത്മസൌഹൃദങ്ങളായിരുന്നു മൂലധനം. ചുറ്റുവട്ടത്തെ പൊള്ളുന്ന ജീവിതം തന്നെയായിരുന്നു കഥയും തിരക്കഥയും! സിനിമ ഒരാഘോഷമല്ലെന്ന് നാം തിരിച്ചറിയുകയായിരുന്നു. പിന്നീട്, ഒത്തുതീർപ്പിന്റെ പല കൈവഴികളിലൂടെ സഞ്ചരിച്ച നാം ഈ സമകാലികതയെ എവിടെയോ ഉപേക്ഷിച്ചു. ഒരിടവേളയ്ക്കുശേഷം, ഇപ്പോഴിതാ വീണ്ടും ഒരു നവസിനിമയുടെ തിരനോട്ടം. ഉത്തരാധുനികരായ പുതിയ സിനിമക്കാർക്ക് അരവിന്ദനെയോ അടൂരിനെയോ പോലെ നീട്ടിവളർത്തിയ താടിയില്ല. ഇവരുടെ കഥാപാത്രങ്ങൾ എടുത്താൽ പൊങ്ങാത്ത സൈദ്ധാന്തികഭാരം ചുമക്കുന്നില്ല. എന്നാൽ അവരും ജനിക്കുന്നു, വളരുന്നു, പ്രണയിക്കുന്നു, കലഹിക്കുന്നു…ഇവിടെത്തന്നെ  ജീവിച്ചുമരിക്കുകയോ മരിച്ചുജീവിക്കുകയോ ചെയ്യുന്നു.! ന്യൂവേവ്, ന്യൂ ജനറേഷൻ തുടങ്ങി എന്തുപേരിട്ടാലും ശരി, ഞെട്ടിക്കുന്ന സമകാലികതയാണ്, തൊട്ടാൽ പൊള്ളുന്ന ജീവിതമാണ് ഈ സിനിമയുടെയും കൊടിയടയാളം.!

ഞാൻ, എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ മക്കൾ, എന്റെ വീട്, എന്റെ കാർ, എന്റെ പട്ടിക്കുട്ടി..ഇതാണല്ലോ നമ്മുടെ പുതിയ ജീവിതതത്വശാസ്ത്രം.! ആർഭാടങ്ങളുടെ പല ലോണുകൾ അടച്ചുതീർക്കാനുള്ളതിനാൽ നമുക്ക് ഓടിയേ പറ്റൂ.. തിരക്കുപിടിച്ച ഈ  ഓട്ടത്തിനിടയിൽ, നമ്മുടെ മുന്നിലും പിന്നിലും വശങ്ങളിലും നടക്കുന്നവരെ നാം ശ്രദ്ധിക്കാറില്ല. എങ്കിലും, അവരെല്ലാം അവിടെത്തന്നെയുണ്ട്.  അങ്ങനെയുള്ള ചില ജീവിതങ്ങളുടെ തത്സമയങ്ങളിലേക്കാണ് ലിജിൻ ജോസെന്ന നവാഗതന്റെ ക്യാമറക്കണ്ണുകൾ തുറക്കുന്നത്. ‘ഫ്രൈഡേ‘ എന്ന ഈ സിനിമയിൽ  തിളച്ചുമറിയുന്ന ജീവിതക്കാഴ്ചകളിൽ ചിലത് നമ്മുടെയുള്ളിൽ ചെറുപുഞ്ചിരികളായും നെടുവീർപ്പുകളായും കണ്ണുനീർമുത്തുകളായും മാറുമ്പോൾ മറ്റുചിലവ നമ്മെ ശ്വാസം മുട്ടിക്കുകയും ഒരുവേള, നമ്മുടെ സമാധാനം കെടുത്തുകയും ചെയ്യുന്നു. ഇടവേളയില്ലാത്ത ഒരു മണിക്കൂർ നാല്പത്തിമൂന്നു മിനിറ്റുകൾക്കൊടുവിൽ ആരും കാണാതെ കണ്ണുതുടച്ച് തീയറ്റർ വിടുമ്പോൾ ‘ഹോ, ഈ ജീവിതം’ എന്ന് നമ്മുടെ ഹൃദയം ഒന്നു പിടയുന്നു. ‘ഓ, ഇതാണോ ഇത്രവലിയ കാര്യം’ എന്നു ചോദിക്കാൻ വരട്ടെ, അതൊരു വലിയ കാര്യം തന്നെയാണ്.! കൊല്ലാനും മരിക്കാനും മടിയില്ലാത്ത മൂല്യരാഹിത്യത്തിന്റെ ഈ കാലത്ത്, മന:സ്സാക്ഷി മരവിക്കാത്ത ചിലരെ സ്ക്രീനിലെങ്കിലും കണ്ടുമുട്ടുകയെന്നത് ചെറിയ കാര്യമല്ലല്ലോ. അതുതന്നെയാണ് ഈ ‘വെള്ളിയാഴ്ച‘യുടെ പ്രസക്തിയും.

നവാഗതനെങ്കിലും ദൃശ്യങ്ങളെ സിനിമയ്ക്കുവേണ്ടി പാകപ്പെടുത്തുന്നതിലുള്ള ലിജിന്റെ പ്രതിഭ ‘Conditions apply’ എന്ന ഹ്രസ്വചിത്രത്തിലൂടെയും മറ്റും നാം കണ്ടുകഴിഞ്ഞതാണ്. കറകളഞ്ഞ ആ മാധ്യമബോധം, ആ സിനിമാപ്രണയം ‘ഫ്രൈഡേ’ എന്ന തന്റെ ആദ്യകഥാചിത്രമായി മാറുമ്പോൾ, ഒരു സംവിധായകനെന്ന നിലയിൽ എന്തൊക്കെയാണ് ലിജിൻ ജോസിന്റെ സംഭാവനകൾ.? എന്തൊക്കെയാണ് ഈ സിനിമയുടെ വിജയഘടകങ്ങൾ.?

ഒന്നാമതായി, മികച്ച കല ദേശത്തെ എഴുതുന്നതാവണം എന്ന ദർശനം ഈ ‘സിനിമ’യെ തീരുമാനിക്കുന്നതു കാണാം. ‘തനതുസിനിമ’യിൽ നിന്ന് ‘യൂണിവേഴ്സൽ സിനിമ’യിലേക്കുള്ള ഒരു ചുവടുമാറ്റം പ്രഗൽഭരായ പല സംവിധായരെയും സ്വാധീനിക്കുന്ന കാലമാണിത്. ഒറ്റനോട്ടത്തിൽ, പുതിയ സങ്കൽ‌പ്പമെന്നു തോന്നാമെങ്കിലും വൈവിധ്യപൂർണ്ണമായ ഓരോ ദേശത്തിന്റെയും ഭിന്നസ്വത്വങ്ങളെ കാഴ്ചയിൽ നിന്നു മറയ്ക്കുന്ന ഒരു ഘടകം ഇതിലുണ്ട്. ഇത് വിനാശകരമായ ആഗോളവൽക്കരണത്തെ അതിവേഗത്തിലാക്കുകയും ഏകതാനമായ ഒരു മോണോകൾച്ചറിലേക്ക് ദേശത്തെ ഒതുക്കുകയും ചെയ്യും. നവസിനിമയെന്ന പേരിൽ പുറത്തിറങ്ങുന്ന പല ചിത്രങ്ങളിലും വൻനഗരങ്ങളിലെ മെട്രോജീവിതം മുഖ്യപ്രമേയമാകുന്നതിനു പിന്നിൽ അതിരുകളില്ലാത്ത പൊതുവായ സ്വീകാ‍ര്യത എന്നൊരു ലക്ഷ്യം കൂടിയുണ്ടെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. ഇതിൽ നിന്നു ഭിന്നമായി, സ്വന്തം മണ്ണിൽ വേരുകളൂന്നി നിൽക്കുന്ന സിനിമയാണ് ‘ഫ്രൈഡേ‘. പോയ കാലത്ത് കിഴക്കിന്റെ വെനീസായിരുന്ന ആലപ്പുഴയുടെ  പുരാതനഭൂമികയാണ് ലിജിൻ തന്റെ സിനിമയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കാഴ്ചപ്പാടിലെ അടിസ്ഥാനപരമായ ഈ വ്യതിയാനം ശ്രദ്ധിക്കേണ്ട ഒന്നാണ്.

മറ്റൊന്ന്, ആഖ്യാനശൈലിയാണ്. അവിടവിടെ കൂട്ടിമുട്ടുന്ന എട്ടു കഥാതന്തുക്കൾ ഇഴ ചേർത്ത് നെയ്തെടുത്ത ഒരു multiple narrative ആണ് ഈ സിനിമയുടേത്. ഈയൊരു ക്രാഫ്റ്റ് പ്രേക്ഷകനു തലവേദന സൃഷ്ടിക്കാത്ത വിധം അനായാസമായി അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ലിജിനൊപ്പം തിരക്കഥാകൃത്തായ നജീം കോയയ്ക്കുകൂടി അവകാശപ്പെട്ടതാണ്. ശില്പത്തിലെ ഈ പുതുമയ്ക്കുമപ്പുറം, കഥാചിത്രങ്ങളുടെ പതിവുരീതികളെത്തന്നെ ഈ സിനിമ നിരസിക്കുന്നുണ്ട്. അല്പം കടന്നുചിന്തിച്ചാൽ, ഫിക്ഷന്റെ സാധ്യതകളുപയോഗിച്ച് ആലപ്പുഴയുടെ ഒരു ദിവസത്തെ ജീവിതം ചൂടോടെ പകർത്തിയ ഒരു മികച്ച ഡോക്കുമെന്ററിയാണ് ഫ്രൈഡേ എന്നുപോലും പറയാം. ഈ തീരദേശത്തിന്റെ ലാൻഡ്സ് കേപ്പുമായി  അത്രത്തോളം ഇണങ്ങിച്ചേർന്നതാണ് സിനിമയിൽ നാം കണ്ടുമുട്ടുന്ന മനുഷ്യർ. അത്രത്തോളം സ്വാഭാവികമാണ് അവരുടെ ശരീരഭാഷകൾ..ഭാഷണങ്ങൾ.!  മലയാളിക്കു പ്രിയങ്കരമായ രണ്ടു തെറിവാക്കുകൾ പോലും അധികൃതരാൽ നിശ്ശബ്ദമാക്കപ്പെടാതെ സിനിമയുടെ ശബ്ദപഥത്തിൽ കയറിപ്പറ്റിയിട്ടുണ്ട്.! തന്റെ ജന്മനാടിന്റെ ഹൃദയതാളങ്ങൾ ഒപ്പിയെടുക്കാൻ ലഭിച്ച സുവർണ്ണാവസരമായിക്കൂടി സംവിധായകൻ ഈ സിനിമയെ കണ്ടിട്ടുണ്ടാവണം.

ഒരു വെള്ളിയാഴ്ച പുലരുമ്പോൾ തുടങ്ങി അടുത്ത ഇരുപത്തിനാലു മണിക്കൂറിൽ അവസാനിക്കുന്നതാണ് സിനിമയിലെ കാലം. ആരൊക്കെയാണ് ഈ സിനിമയെ ചലിപ്പിക്കുന്ന മനുഷ്യർ.? അന്നന്നത്തെ അപ്പത്തിനു വേണ്ടി അധ്വാനിക്കുന്ന ബാലുവെന്ന ഓട്ടോഡ്രൈവർ (ഫഹദ് ഫാസിൽ), ഗൃഹനാഥനൊപ്പം (നെടുമുടി വേണു) പെൺകുട്ടിയുടെ കല്യാണത്തിനു തുണിയും സ്വർണ്ണവുമെടുക്കാൻ ടൌണിലെത്തുന്ന ഒരു കുടുബം, പെൺകുട്ടിയെ (നിമിഷ) വിവാഹം കഴിക്കാനൊരുങ്ങുന്ന അച്ചു എന്ന യുവാവ് (ടിനി ടോം) കമിതാക്കളായ ജിൻസിയും മുനീറും (ആൻ, മനു), പൂർണ്ണഗര്‍ഭിണിയായ ഒരു ഭിക്ഷാടക, അപൂര്‍വ്വയിനത്തിലുള്ള ഒരു പക്ഷിയെ കൊള്ളലാഭത്തിനു വില്‍ക്കാൻ കൊണ്ടുനടക്കുന്ന രണ്ടുപേർ, സർക്കാരാശുപത്രിയിൽ പ്രസവത്തിനെത്തിയ രണ്ടു യുവതികളും കുടുംബവും,  ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ബാംഗ്ലൂരിൽ നിന്നെത്തിയ ദമ്പതികൾ (പ്രകാശ് ബാരെ, ആശ ശരത്) , പുരോഹിതനായി അഭിനയിച്ച് അവരിൽ നിന്നു പണം തട്ടുന്ന മറ്റൊരാൾ..ചിലർ തമ്മിൽ യാദൃശ്ചികമായി കണ്ടുമുട്ടുകയും പിരിയുകയും ചെയ്യുന്നുണ്ട്. ചിലർ ജീവിതത്തിലേയ്ക്കും ചിലർ മരണത്തിലേക്കും ഇനിയും ചിലർ രണ്ടിനുമിടയിലെ തമോഗർത്തങ്ങളിലേയ്ക്കും ഇടറിവീഴുന്നുണ്ട്. അപ്രതീക്ഷിതമായ ചില പ്രതിസന്ധികൾ, വിസ്മയിപ്പിക്കുന്ന ചില തിരിച്ചറിവുകൾ…ഒടുവിൽ ആ ദിവസത്തെ അവസാനബോട്ടിൽ വീട്ടിലേക്കു മടങ്ങവെ, ആകസ്മികതയുടെ ഉത്സവമായ ജീവിതം ഒരിക്കൽക്കൂടി അവരെ ക്രൂരമായി പരീക്ഷിക്കുന്നു.!

ടീം ഫ്രൈഡേയുടെ കൂട്ടായ അധ്വാനത്തിന്റെ പ്രതിഫലനം ചിത്രത്തിൽ കാണാമെങ്കിലും ഇത് സംവിധായകന്റെ ചിത്രമാണെന്ന് അടിവരയിടുന്നതാണ് വിവേചനപൂർവം ലിജിൻ പകർത്തിയ ‘സിനിമാറ്റിക്’ ഷോട്ടുകൾ. അതങ്ങനെ തന്നെയാണ് വേണ്ടതും. ടോട്ടൽ സിനിമയിലേക്കുള്ള സമർത്ഥമായ ശ്രമങ്ങൾ മാത്രമായിരിക്കണം ഇതരസാങ്കേതികഘടകങ്ങൾ. നിരവധി കഥകളും ഉപകഥകളുമുള്ളപ്പോഴും കഥാഗതി സങ്കീർണ്ണമായിപ്പോകാതെ ഒന്നേമുക്കാൽ മണിക്കൂറിൽ സിനിമയെ വെട്ടിയൊതുക്കിയിട്ടുണ്ട്, ചെത്തിമിനുക്കിയിട്ടുണ്ട്. പാത്രസൃഷ്ടിയുടെ മികവിനാൽ, അല്പനേരത്തേക്കു മാത്രം പ്രത്യക്ഷപ്പെടുന്നവർ പോലും പ്രേക്ഷകന്റെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്. പരീക്ഷണത്തിനുവേണ്ടിയുള്ള ഒരു പരീക്ഷണത്തിനും മുതിരാതെ സവിശേഷമായ ഈ പ്രമേയത്തിനിണങ്ങിയ ക്രാഫ്റ്റ് കണ്ടെത്തി അതിനെ ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ ക്രെയിൻ ഷോട്ടിലും മറ്റും, ജോമോൻ തോമസിന്റെ സിനിമാറ്റോഗ്രഫി സിനിമയെ പുതിയ മാനങ്ങളിലേക്ക് ലിഫ്റ്റ് ചെയുന്നുണ്ട്. രംഗമറിഞ്ഞുള്ള റെക്സ് വിജയന്റെ പശ്ചാത്തലസംഗീതവും എടുത്തുപറയണം. ബീയാർ പ്രസാദും റോബിയും ചേർന്നൊരുക്കിയ ആ പ്രണയഗാനം ആലപ്പുഴയുടെ കടൽത്തീരത്തെ കൂടുതൽ സുന്ദരമാക്കി.

അഭിനേതാക്കളിൽ എടുത്തുപറയേണ്ടത് ഫഹദിന്റെ ഓട്ടോഡ്രൈവറെപ്പറ്റിയാണ്. സിറ്റി ഗൈ എന്ന നിലവിലുള്ള ഇമേജിനെ തകർത്തുകൊണ്ട് തന്റെ നടനചാരുതയുടെ റേഞ്ച് ഈ നടൻ തെളിയിച്ചു. സംവിധായകനോട് ഈ വേഷം ചോദിച്ചു വാങ്ങിയതിന്റെ യുക്തി ഫഹദ് ഫാസിൽ ഭദ്രമാക്കി. പുരുഷോത്തമൻ എന്ന ഗൃഹനാഥന്റെ ശ്വാസം മുട്ടിക്കുന്ന സന്ദിഗ് ദ്ധതകളെ പതിവുപോലെ നെടുമുടി അടിപൊളിയാക്കി..

ഒരു സംവിധായകന്റെ ആദ്യചിത്രമെന്ന പരിമിതികളൊന്നും തന്നെ സിനിമയിൽ പ്രകടമായി കാണുന്നില്ല. മാത്രമല്ല, ജീവിതത്തെക്കുറിച്ചുള്ള ചില വെളിപാടുകൾ മിന്നൽ‌പ്പിണരുകളായി, ചിന്തയുടെ വെളിച്ചമായി കഥാഗതിയിൽ ഇടയ്ക്കിടെ വാർന്നുവീഴുന്നുമുണ്ട്. എന്നാൽ, ക്ലൈമാക്സിലേക്കെത്തുമ്പോൾ, ഈ വെളിച്ചങ്ങളെ സിനിമയുടെ സമഗ്രമായ ദർശനസൌന്ദര്യമായി വളർത്തിയെടുക്കുന്നതിൽ സംവിധായകൻ വേണ്ടത്ര വിജയിച്ചിട്ടില്ല. ചിദംബരം, എലിപ്പത്തായം തുടങ്ങിയ മാസ്റ്റർപീസുകളുടെ അന്ത്യരംഗങ്ങൾ ഇവിടെ ഓർക്കാവുന്നതാണ്. അതുവരെ നിലനിർത്തിയ പഞ്ച് അന്ത്യരംഗത്തിൽ ചോർന്നുപോയെന്നു മാത്രമല്ല നിർണ്ണായകമായ ആ സംഭവത്തിന് യുക്തിഭദ്രത നഷ്ടപ്പെടുകയും ചെയ്തു.

പുതിയ ഫിലിംമേക്കർമാരെല്ലാം പലയിടത്തുനിന്നെത്തി കൊച്ചിയിൽ താവളമുറപ്പിക്കുന്നതിന്റെ ഒരു പരിമിതി നമ്മുടെ സിനിമയിൽ കാണുന്നുണ്ടോ എന്നു സംശയിക്കണം.! മിക്ക ചിത്രങ്ങളിലും കൊച്ചിയുടെ ഭൂമിശാസ്ത്രവും ഒപ്പം മന:ശ്ശാസ്ത്രവും കൂടുതലായി കടന്നുവരുന്നു. ഈ നഗരത്തിന്റെ ചടുലമായ ജീവിതസാഹചര്യങ്ങളല്ലല്ലോ ഇതരനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളത്. വൈവിധ്യം നിറഞ്ഞ ആ ജീവിതതാളങ്ങൾ കൂടി സിനിമക്കാർ കണ്ടെത്തണം. കോഴിക്കോടിന്റെ ജൈവസംസ്കാരം സരസമായി വിളമ്പിയ ഉസ്താദ് ഹോട്ടൽ ഒരാശ്വാസമായിരുന്നു. അല്പം കൂടി മന്ദതാളത്തിൽ ചലിക്കുന്ന ജീവിതമാണ് ആലപ്പുഴയുടേത്. വിശുദ്ധി നഷ്ടപ്പെടാത്ത ആ ഗ്രാമീണപൈതൃകത്തെ കൃത്യമായി ഒപ്പിയെടുക്കുന്നതിൽ ലിജിൻ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു.

ചുരുക്കത്തിൽ, എഴുപതുകളിൽ നല്ല സിനിമയ്ക്കായി രൂപമെടുത്ത സഹൃദയരുടെ കൂട്ടുകെട്ടുകൾ ഇപ്പോൾ ഒരിക്കൽക്കൂടി ആവർത്തിക്കുന്നത് ഒരു നല്ല സൂചന തന്നെയാണ്. പിടിച്ചതിലും വലുത് അളയിലുണ്ടെന്ന സൂചന.! എന്നാൽ, ഒരിക്കലും തൃപ്തിപ്പെടാത്ത ദോഷൈകദൃക്കാണ്,  പെർഫെക്ഷനിസ്റ്റാണ് എന്നും മലയാളി പ്രേക്ഷകൻ. അവന് ഇതൊന്നും പോര. മഹത്തായ സിനിമ വരാനിരിക്കുന്നതേയുള്ളു..!

ഒരു ഹോട്ടൽ നൽകുന്ന ശുഭസൂചനകൾ










ലയാളസിനിമ പുതിയ അനുഭവലോകങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ടോ.? തുലാഭാരവും അരനാഴികനേരവും ചെമ്മീനും അനുഭവങ്ങൾ പാളിച്ചകളും നെല്ലും ഒരിക്കൽ പകർന്നു നൽകിയ അനുഭവലോകങ്ങൾ അന്നത്തെ സാമൂഹ്യജീവിതത്തെ ക്രിയാത്മകമായി സ്വാധീനിച്ചിരുന്നു. തീക്ഷ്ണമായ ഈ അനുഭവലോകം നമ്മുടെ പുതിയ സിനിമയിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. തീയറ്ററിലെ ഇരുട്ടിൽ നിന്ന് ശരാശരി പ്രേക്ഷകൻ ഇപ്പോൾ അധികമൊന്നും പ്രതീക്ഷിക്കാറില്ല. തന്റെ സാമാന്യബോധത്തെ നിർദ്ദയം ചവിട്ടിമെതിയ്ക്കാത്ത ഒരു സിനിമ. അത്രയൊക്കെയേയുള്ളു. പക്ഷേ, മിക്കവാറും രണ്ടരമണിക്കൂർ ശബ്ദഘോഷം നിറഞ്ഞ കസർത്തുകൾ കാട്ടി തീയേറ്റർ അവനെ കളിയാക്കുന്നു. കൊള്ളയടിച്ച് ഇറക്കിവിടുന്നു.

യുക്തിബോധത്തിനു നിരക്കുന്ന മികച്ച കച്ചവടസിനിമകൾ നമുക്കാവശ്യമായിരിക്കുന്നു. എന്തെന്നാൽ, ഈ തീയറ്ററുകൾ നിലനിന്നാലേ വേനൽമഴ പോലെ വല്ലപ്പോഴുമെത്തുന്ന കലാസിനിമകൾ കാണാനും നമുക്കവസരം ലഭിക്കുകയുള്ളു.  ജനം തീയറ്ററിനെ വെറുത്താൽ നല്ല സിനിമയും വാണിജ്യസിനിമയും ഒരുപോലെ മരിക്കും. ഇവിടെയാണ് ആഷിക്കും സമീറും അരുണും അഞ്ജലിയും അൻവറും മറ്റും തങ്ങളുടെ ആർജ്ജവമുള്ള സമീപനങ്ങളുമായി സിനിമയുടെ രക്ഷയ്ക്കെത്തുന്നത്. വീക്ഷണത്തിലും രുചികളിലും പൊതുവെയുള്ള സമാനതകൾ ഇവരുടെ സിനിമകളിലൂടെ വെളിപ്പെടുന്നുണ്ട്. മറ്റു നിരവധി വിനോദോപാധികൾ തെരഞ്ഞെടുക്കാനുള്ളപ്പോൾ, കെട്ടുകാഴ്ചകൾ രംഗം കയ്യടക്കുമ്പോൾ മലയാളിയെ തീയറ്ററിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്ന ഇവരെ നമിയ്ക്കാതെ വയ്യ.!

ഉസ്താദ് ഹോട്ടൽ മഹത്തായ സിനിമയാണെന്ന് അതിന്റെ പരസ്യചിത്രങ്ങൾ പോലും അവകാശപ്പെടുന്നില്ല. അങ്ങനെ ചെയ്താൽ ഒരുപക്ഷേ, ആളുകുറയുമെന്ന് അവർക്കറിയാം. ‘The Taste of Kerala‘ എന്നുമാത്രമാണ് ആ പരസ്യവാചകം. പാത്രമറിഞ്ഞു വേണം കൊടുക്കാൻ എന്നാണല്ലോ? അതെന്തായാലും എല്ലാവർക്കും രുചികരമായ കാഴ്ചയുടെ വിരുന്നു തന്നെയാണ് അൻവറും അഞ്ജലിയും (തിരക്കഥ) ലോകനാഥനും (ദൃശ്യം) ഗോപി സുന്ദറും (ശബ്ദം) ചേർന്നൊരുക്കിയത്. സിനിമാസങ്കേതങ്ങളിൽ മലയാളവും ആഗോളനിലവാരത്തിലേയ്ക്ക് എത്തിച്ചേർന്നതായ ഒരു ഫീലുണ്ട്.  ബോറടിപ്പിക്കാതെ വിഷ്വലുകൾ കൈകാര്യം ചെയ്യാൻ നമ്മളും പഠിച്ചിരിക്കുന്നു. രുചിയുടെ ഭാഷയിൽത്തന്നെ പറഞ്ഞാൽ,  ഒരു സ്പെഷ്യൽ മലബാർ ബിരിയാണി തന്നെ.!

ബ്രഹ്മത്തിന് അന്നമെന്നൊരു അർത്ഥമുള്ളതായി ഉപനിഷത്തിലെവിടെയോ വായിച്ചിട്ടുണ്ട്.  വിശക്കുന്നവനു മുന്നിൽ അന്നമാണു ദൈവമെന്നും അന്നദാനം മഹാദാനമാണെന്നും നാം കേട്ടിട്ടുണ്ട്. എന്നാൽ തൊട്ടടുത്ത്, നമ്മുടെ കൈയകലത്തിൽ ഒരാൾ വിശന്നിരിക്കുന്നുണ്ടോ എന്ന് നമ്മൾ ഒരിക്കലും തിരക്കാറില്ല. ഈ സിനിമയിൽ, ഉള്ളവൻ ഇല്ലാത്തവന് അലിവോടെ അന്നം പകർന്നുനൽകുന്നതു കണ്ടപ്പോൾ, ഹൃദയം വല്ലാതെ വിതുമ്പി. ഉള്ളിലെവിടെയോ വൻതിരമാലകളുയർന്ന് കണ്ണുകൾ തുളുമ്പി.

ഇത്രയൊക്കെ പറയാനെന്തിരിക്കുന്നു എന്നാണെങ്കിൽ, ഉസ്താദ് ഹോട്ടലിന്റെ വിഭവസമൃദ്ധിയെക്കുറിച്ച് ചിലതു പറയാം. ഒന്നാമതായി കോഴിക്കോടിന്റെ മുഖമുദ്രകളിലൊന്നായ മുസ്ലീം സംസ്കാരം നാട്ടുഭാഷയുടെയും തനതുസംഗീതത്തിന്റെയും അകമ്പടിയോടെ ഓരോ ഫ്രെയിമിലും നിറഞ്ഞുനിൽക്കുന്നു. സാഹിത്യത്തിലെയും സിനിമയിലെയും സവർണ്ണലോബികൾ അറിഞ്ഞോ അറിയാതെയോ തമസ്കരിച്ചുപോരുന്ന ഒരു ദേശത്തനിമയെ, അതിന്റെ എല്ലാ സൌന്ദര്യത്തോടെയും അൻവർ സിനിമയിലാക്കിയിരിക്കുന്നു. നാലുകെട്ടിന്റെ അകത്തളങ്ങളിലും വരേണ്യഭാഷയിലും വട്ടം കറങ്ങുന്ന സിനിമയെ അല്പനേരത്തെക്കെങ്കിലും അതിൽ നിന്നു മോചിപ്പിച്ചു. നായകവേഷങ്ങളിലെ സവർണ്ണമേധാവിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് നേരും നെറിവുമുള്ള കുറെ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ഈ വേറിട്ട കാഴ്ചയുടെ റിലീഫ് ഒന്നുവേറെത്തന്നെയാണ്.! പതിറ്റാണ്ടുകൾക്കു മുൻപ് ബഷീർ സാഹിത്യത്തിൽ ചെയ്തത് അൻവർ ഇപ്പോൾ സിനിമയിലും ചെയ്യുന്നു. നന്മയുടെയും മനുഷ്യസ്നേഹത്തിന്റെയും പ്രതിരൂപമായ കരീംക്കയെ സിനിമയുടെ നട്ടെല്ലായി ഉയർത്തിക്കാട്ടി, നല്ല മനുഷ്യർക്ക് വർണ്ണഭേദമില്ലെന്ന് ഈ സംവിധായകൻ ഓർമ്മപ്പെടുത്തി. മറവിയാഘോഷിക്കുന്നവരെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുക എന്ന ഒരു വിനീതദൌത്യം ടീം ഉസ്താദ് ഹോട്ടൽ ഏറ്റെടുത്തിരിക്കുന്നു.

മൂന്നു തലമുറയെ പ്രതിനിധാനം ചെയ്യുന്ന കരീം, റസാക്ക്, ഫൈസൽമാരുടെ ജീവിതം ലളിതമധുരമായിപ്പറയുമ്പോൾ അതിനുമപ്പുറത്തേയ്ക്ക്  ശക്തനും ദുർബ്ബലനുമിടയിലെ അനിവാര്യമായ വിടവിലേയ്ക്കു കൂടിയാണ് ഈ ക്യാമറക്കണ്ണുകൾ നോക്കുന്നത്. അവിടെ നാം സൌകര്യപൂർവം അവഗണിക്കുന്നതു പലതും കാണുകയും ‘ഇതാ, നിങ്ങളും കാണൂ’ എന്നു ക്ഷണിക്കുകയും ചെയ്യുന്നു. പൊതുസമൂഹത്തിന്റെ വീക്ഷണത്തിൽ കരീംക്ക എന്ന കഥാപാത്രം ഒരു മിസ്ഫിറ്റാണ്. എന്നാൽ, അയാൾക്ക് തന്റെ ജീവിതദർശനത്തെപ്പറ്റി നല്ല ബോധ്യമുണ്ട്. ഭൌതികമായ എല്ലാ പരിമിതികൾക്കുമിടയിലും ദുർബ്ബലന്റെ കണ്ണീരൊപ്പാൻ അയാൾ സമയം കണ്ടെത്തുന്നു. ഇല്ലാത്തവനു വേണ്ടി വെച്ചുവിളമ്പുന്നു. നന്മയുടെ പ്രകാശം പരത്താൻ തന്റെ എളിയ ജീവിതത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നു. വിശ്വസാഹോദര്യത്തിന്റെ ഈ സന്ദേശത്തെ ഈ സിനിമയുടെ പൊരുളാക്കി മാറ്റുന്നതിൽ തിലകന്റെ സമർത്ഥമായ അഭിനയപാടവം ഒരു പ്രധാന പങ്കു വഹിക്കുന്നു. അഭിനയത്തിലെ ആ മിതത്വം അസൂയാർഹം. ഫൈസലിന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന ഉപ്പുപ്പയും ഇരുവരും തമ്മിലുള്ള വൈകാരികൈക്യവും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഒരുവേള, താരപുത്രനായ ദുൽക്കറിനെ അപ്രസക്തനാക്കിക്കൊണ്ട് നടൻ താരമായി മാറുന്ന കാഴ്ചയും നമുക്കിവിടെ കാണാം.

നടപ്പുജീവിതത്തെ എത്രമാത്രം ഒപ്പിയെടുക്കുന്നുവെന്നതും ഒരു സിനിമയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. കഴിഞ്ഞ പത്തുവർഷത്തേക്കാൾ നമ്മുടെ ജീവിതം എത്ര മാറിയിരിക്കുന്നു.! കമിതാക്കളായ ഫൈസലും ഷഹാനയും മിക്കവാറും ആംഗലേയത്തിലാണ് പ്രണയിക്കുന്നത് എന്നതും ഫൈസിയുടെ ആദ്യപ്രണയം ഒരു വിദേശവനിതയാണ് എന്നതും  നമ്മുടെ ജീവിതത്തിൽ വന്നുചേർന്ന ‘ഗ്ലോബൽ ഫേസി‘നെ കൃത്യമായി വ്യക്തമാക്കുന്നു. ഇത്തരം അപ് ഡേറ്റുകളാണ് സിനിമയുടെ മറ്റൊരു സൌന്ദര്യം.

പ്രമേയത്തിൽ വ്യത്യസ്തതയുണ്ട്. പരിചരണത്തിൽ പുതുമയുണ്ട്. ജീവകാരുണ്യത്തിന്റേതായ സന്ദേശമുണ്ട്. എങ്കിലും ഉടനീളം ജീവിതതോടൊട്ടിനിൽക്കുന്ന സിനിമയെ ജനം തിരസ്കരിക്കുമെന്ന് നമ്മുടെ സിനിമാനിർമ്മാതാക്കൾ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു.! കുറഞ്ഞത് ഒരു ഐറ്റം ഡാൻസും ഒരിടിവെട്ടു പാട്ടും ഇപ്പോഴും അനിവാര്യമായിത്തുടരുന്നു. ചാനൽപരസ്യത്തിനു വേണ്ടിയാണെങ്കിൽക്കൂടി ഇത് സിനിമയുടെ ഒരു പരിമിതി തന്നെയാണ്. ഉസ്താദ് ഹോട്ടലിന്റെയും.!

തിരക്കഥ പ്രൊഫഷണൽ സമീപനം പുലർത്തുന്നുണ്ട്. സിനിമയ്ക്ക് വ്യക്തമായ ഒരു കാഴ്ചപ്പാടുമുണ്ട്. പക്ഷേ, നായികയുടെ പാത്രസൃഷ്ടിയിൽ സാരമായ ചില യുക്തിഭംഗങ്ങൾ വന്നുപെട്ടു. യാഥാസ്ഥിതിക കുടുംബത്തിലെ അവളുടെ സ്വതന്ത്രവ്യക്തിത്വം സമ്മതിച്ചുകൊടുക്കാം. എന്നാൽ അരാജകമായ അവളുടെ രാത്രിജീവിതം ഇത്തിരി കടന്നുപോയി. കാഴ്ചക്കാരായ തട്ടമിട്ട പെൺകുട്ടികൾക്ക് അത് ആവേശം പകർന്നേക്കാമെങ്കിലും നിലവിലുള്ള സാമൂഹ്യസാഹചര്യങ്ങളിൽ ഈ സ്വാതന്ത്ര്യം ഒരു സ്വപ്നം മാത്രമാണ്.

കേരളത്തിൽ വേരുറപ്പിച്ച അന്തർദ്ദേശീയ ചലച്ചിത്രമേളകളുടെ ഗുണപരമായ സ്വാധീനം നമ്മുടെ സിനിമയിൽ കണ്ടുതുടങ്ങിയിരിക്കുന്നുവെന്നത്, മലയാളസിനിമയുടെ ഭാവിയെപ്പറ്റി പ്രതീക്ഷ നൽകുന്നു. ഡീവിഡിയും ഇന്റർനെറ്റും ഈ മാറ്റത്തെ ത്വരിതപ്പെടുത്തുന്നുമുണ്ട്. ട്രാഫിക്, ചാപ്പാകുരിശ്, ഈ അടുത്ത കാലത്ത്, 22 എഫ് കെ, തുടങ്ങിയ സിനിമകൾ ലോകനിലവാരത്തിലുള്ള ഒരു ദൃശ്യഭാഷ നമ്മളും കണ്ടെത്തിക്കഴിഞ്ഞുവെന്ന് വെളിപ്പെടുത്തുന്നു.. നമ്മുടെ ഇത്തിരിവട്ടത്തിൽ ഉറച്ചുനിന്നുകൊണ്ട് മികച്ച അന്തർദ്ദേശീയസങ്കേതങ്ങൾ, ശൈലികൾ ക്രിയാത്മകമായി അനുകരിക്കുന്നതിനെ കോപ്പിയടിയായി കരുതേണ്ടതില്ല. സിനിമയെ ജീവിതമാക്കാനുറപ്പിച്ച യുവമനസ്സുകൾ നമുക്കിടയിൽ ഏറിവരുന്നതും ആഹ്ലാദകരമാണ്. ഏതാനും വർഷത്തിനപ്പുറം കറതീർന്ന ശുദ്ധസിനിമ നമ്മുടെ തിരശ്ശീലയിലേക്കു മടങ്ങിവരും എന്നതിന്റെ ശുഭസൂചനകൾ അന്തരീക്ഷത്തിൽ കാണാനുണ്ട്. ഒരു മാറ്റം എപ്പോഴും അനിവാര്യമാണ്. അതിനായി കാത്തിരിക്കാം. മാറാത്തതായി മാറ്റം മാത്രമേയുള്ളു.!

ജീവിതത്തിന്റെ നിറം



  







ഴിഞ്ഞുപോയ രണ്ടു പതിറ്റാണ്ടുകള്‍ മലയാളിയുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചിട്ടുണ്ട്. അതിരുകള്‍ മാഞ്ഞുമറയുന്ന നമ്മുടെ ആഗോളജീവിതം എല്ലാ നന്മതിന്മകളെയും ഒരു വിവേചനവുമില്ലാതെ പുണര്‍ന്നു പുലരുന്നു. മൂല്യങ്ങള്‍ കുഴഞ്ഞു മറിയുന്നു. ശരി തെറ്റും തെറ്റ് ശരിയുമാവുന്നു. ജീവിതത്തെ ഒരാഘോഷമാക്കി മാറ്റൂ എന്ന് എല്ലാ പരസ്യവാചകങ്ങളും വിളിച്ചുപറയുന്നു. സ്വത്വമല്ല സമ്പത്താണ് മുഖ്യമെന്നും അത് എല്ലാ അന്തസ്സും കൊണ്ടുവരുമെന്നും നമ്മള്‍ പഠിച്ചിരിക്കുന്നു. പണം നിര്‍ണ്ണായകശക്തിയായി മാറിയ സാമൂഹ്യസാഹചര്യത്തില്‍, അക്രമം പെരുകുന്നു. പത്രവും ചാനലും കൊലപാതകങ്ങളാല്‍ നിറഞ്ഞുകവിയുന്നു. കൊട്ടേഷന്‍ സംഘങ്ങള്‍ക്കു പോലും താരപരിവേഷം കൈവരുന്നു. ജീവിതത്തിന്റെ സഹജമായ നിറവും മണവും നഷ്ടപ്പെട്ട് ദിക്കറിയാതെ നാം എവിടേക്കോ ഒഴുകിപ്പോകുന്നു.!

‘ആകാശത്തിന്റെ നിറം‘ സംസാരിക്കുന്നത് നമുക്കു നഷ്ടമാകുന്ന ഈ നന്മയുടെ ആകാശത്തെപ്പറ്റിയാണ്. തിരക്കില്‍ നാം കാണാതെപോകുന്ന ജീവിതത്തിന്റെ വര്‍ണ്ണവൈവിധ്യത്തെപ്പറ്റിയാണ്. നഗരത്തിരക്കില്‍ നിന്നകന്ന് ആരുമറിയാതെ പുലരുന്ന ജീവകാരുണ്യങ്ങളെപ്പറ്റിയാണ്. അതിവാചാലതയ്ക്കിടയില്‍ നാം മറന്നുപോകുന്ന മനോഹരമായ നിശ്ശബ്ദതകളെക്കുറിച്ചാണ്.

ഡോ. ബിജുവിന്റെ ഈ പുതിയ സിനിമ വളരെക്കുറച്ചുമാത്രം സംസാരിക്കുകയും ഈ ഉത്തരവാദിത്വം വാചാലമായ തന്റെ വിഷ്വലുകളെ ഏല്‍‌പ്പിക്കുകയും ചെയ്യുന്നു. ഈ വിഷ്വലുകളില്‍ തീര്‍ച്ചയായും പുതുമയുണ്ട്. മിതത്വമുണ്ട്. എല്ലാറ്റിലുമുപരിയായി തന്റേതായ ഒരു ചലച്ചിത്രഭാഷ സൃഷ്ടിച്ചെടുക്കുന്നതിനുള്ള ശ്രമമുണ്ട്. മുന്‍ഗാമികളില്‍ നിന്നും സമകാലീനരില്‍ നിന്നും കൃത്യമായ അകലം പാലിക്കണമെന്ന തീരുമാനമുണ്ട്. എല്ലാ സങ്കേതങ്ങള്‍ക്കുമപ്പുറം മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ ദര്‍ശനസൌന്ദര്യവുമുണ്ട്.

പേരുകളില്ലാത്ത ഏതാനും കഥാപാത്രങ്ങളാണ് ഈ ചിത്രത്തെ ചലിപ്പിക്കുന്നത്. നഗരസന്തതിയായ പോക്കറ്റടിക്കാരനാണ് അതിലൊരാള്‍. പണത്തോടുള്ള ആര്‍ത്തി അവനെ സമുദ്രഹൃദയത്തിലെ ഒറ്റപ്പെട്ട ഒരു തുരുത്തിലെത്തിക്കുന്നു. ശില്പങ്ങള്‍ വില്‍ക്കാന്‍ നഗരത്തിലെത്തി മടങ്ങുന്ന വൃദ്ധന്റെ ബോട്ടില്‍ ചാടിക്കയറി പണം കൊള്ളയടിക്കാനൊരുങ്ങുന്ന അവന്‍ അയാളുടെ നിര്‍ഭയമായ നിസ്സംഗതയില്‍ തോറ്റ് ദ്വീപിലെത്തിപ്പെടുകയാണ്. നിറഭേദങ്ങളുടെ കളിസ്ഥലമായ ദ്വീപിന്റെ ആകാശത്തിനു ചുവട്ടിലും പക്ഷേ, കള്ളന് സമാധാനം നഷ്ടപ്പെടുന്നു. പുറംലോകത്തേക്കുള്ള വഴികളടഞ്ഞ അയാള്‍ വൃദ്ധന്റെ ശാന്തസുന്ദരമായ കോട്ടേജില്‍ അക്രമം അഴിച്ചുവിടുന്നു. എന്നാല്‍ അവന്റെ ഒരു പ്രകോപനവും വൃദ്ധന്റെ മനസ്സിനെ ഇളക്കാന്‍ പര്യാപ്തമായിരുന്നില്ല. മൂകയായ ഒരു യുവതി, മധ്യവയസ്കനായ ഒരു സഹായി, ഒരു ബാലന്‍ എന്നിവരോടൊത്ത് വൃദ്ധന്‍ തന്റേതായ ജീവിതായോധനം തുടരുന്നു. അവധൂതസമാനനായ അയാളുടെ പ്രവൃത്തികള്‍ കള്ളന്റെയും ഒപ്പം പ്രേക്ഷകന്റെയും മനസ്സില്‍ സന്ദേഹങ്ങള്‍ നിറയ്ക്കുന്നു…

താഴ്ന്ന സ്ഥായിയില്‍ സഞ്ചരിക്കുന്ന ഒരു നേര്‍ത്ത സംഗീതശില്പത്തിന്റെ ഘടനയാണ് ചിത്രത്തിന്റേത്. ഈ മിതത്വം പാകത വന്ന ഒരു സംവിധായകന്റെ ലക്ഷണം തന്നെ. അല്പം ദുരൂഹമെങ്കിലും ശാന്തസ്വഭാവം മാത്രം പ്രതിഫലിക്കുന്ന ദ്വീപിന്റെ ആകാശവും ഭൂമിയും കള്ളന്റെ ഇടയ്ക്കിടെയുള്ള രൂക്ഷമായ പ്രതികരണങ്ങളില്‍ ശബ്ദമുഖരിതമാവുന്നു. പിന്നെയും സമനില പ്രാപിക്കുന്നു. കള്ളന്റെ കണ്ണില്‍ക്കൂടിത്തന്നെ കാണുന്നതിനാല്‍, സിനിമയുടെ ആദ്യപകുതി അല്പം വിരസമായേക്കാം. ഒടുവില്‍ ദുരൂഹതയുടെ ആ മറ നീങ്ങുമ്പോഴാണ് നാം അതുവരെ കണ്ട ജീവിതങ്ങളുടെയെല്ലാം പൊരുള്‍ നമുക്കു മുന്നില്‍ തുറക്കുന്നത്. ഈ സസ്പെന്‍സിലാണ് സിനിമയുടെ സൌന്ദര്യം ഇരിക്കുന്നതും. അസംബന്ധമെന്ന് തോന്നിയ കാഴ്ചകള്‍ പെട്ടെന്ന് അര്‍ത്ഥപൂര്‍ണ്ണമായി മാറുന്നു. അതുവരെയും അന്ധതമസ്സില്‍ പുലര്‍ന്ന കള്ളനും കാണികള്‍ക്കും മുന്നില്‍ നിരുപാധികമായ നന്മയുടെ പുതിയ ആകാശവും ഭൂമിയും വെളിച്ചപ്പെടുന്നു.

മനുഷ്യനന്മകള്‍ വറ്റിപ്പോകുന്ന ഒരു കഠിനകാലത്തിനു മുന്നില്‍ ഇതുപോലുള്ള ഒരു കാഴ്ചയെ തനതുശൈലിയില്‍ ആവിഷ്കരിക്കുന്നു എന്നതാണ് ഈ സിനിമയെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം. എല്ലാ നന്മകളെയും തമസ്കരിക്കാന്‍ പോന്ന ഒരധിനിവേശം അദൃശ്യമായി നമ്മെ ആക്രമിച്ചു കീഴ് പ്പെടുത്തിക്കൊണ്ടിരിക്കെ, ചെറുതെങ്കിലും ഇതുപോലുള്ള ശ്രമങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. മുഖ്യധാരാജീവിതത്തിനു സമാന്തരമായി സ്നേഹം സമര്‍പ്പണമാക്കി ജീവിക്കുന്ന ഏകാന്തസഞ്ചാരികള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന് ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നു. സിനിമയിലെ ജീവിതത്തിനിണങ്ങിയ കുറഞ്ഞ വേഗതയില്‍ത്തന്നെയാണ് ഷോട്ടുകളെന്നത് പ്രത്യേകം പറയണം. ഇടിവെട്ടു സ്പീഡിലോടിക്കൊണ്ടിരിക്കുന്ന നമ്മുടെ നടപ്പുസിനിമയില്‍ ഇതൊരു വലിയ കാര്യം തന്നെ. പ്രമേയവും ക്രാഫ്റ്റും തമ്മിലുള്ള ലയനം ഈ സിനിമയുടെ ആസ്വാദനത്തില്‍ ഒരു മുഖ്യപങ്കു വഹിക്കുന്നുണ്ട്.

പാത്രസൃഷ്ടികളില്‍ നെടുമുടിയുടെ വൃദ്ധനും മൂകയായ യുവതിയും തന്നെയാണ് മുന്നില്‍. ഏറെ സങ്കീര്‍ണ്ണതകളെ ഒളിപ്പിക്കുന്ന ‘അന്യഗ്രഹജീവി‘യായ വൃദ്ധന്‍ നെടുമുടിയുടെ കയ്യില്‍ ഭദ്രമാണ്. അനായാസമായ ഭാവപ്രകാശനത്താല്‍ പുതുമുഖമായ അമലാ പോളും തന്റെ റോള്‍ ഭംഗിയാക്കി. സ്ത്രീയെ under-estimate ചെയ്യാത്ത ഒരു സിനിമ കൂടി കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും എടുത്തുപറയാതെ വയ്യ. സങ്കേതങ്ങളില്‍, എം. ജെ. രാധാകൃഷ്ണന്റെ സിനിമറ്റോഗ്രഫിയുടെ സവിശേഷതകള്‍ ശ്രദ്ധേയം. ക്യാമറ പൊസിഷനിലും അതിന്റെ വീക്ഷണത്തിലുമെല്ലാം നവ്യമായ ഒരു സമീപനം ചിത്രത്തിലുടനീളം കാണാം.

ഇറാനിയന്‍ സിനിമകളുടെയും മറ്റും മുഖമുദ്രയായ ഒരു ലാളിത്യം ഈ സിനിമയില്‍ പ്രകടമാണ്. ഋജുരേഖയിലുള്ള നരേറ്റീവും തിരക്കഥയില്‍ അവിടവിടെയായി കോര്‍ത്തിണക്കിയിട്ടുള്ള ജീവിതസന്ദേശങ്ങളും സിനിമയുടെ സാമൂഹ്യമൂല്യത്തെ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ ഈ സന്ദേശങ്ങളുടെ ഭാഷയും ആവിഷ്കാരവും പ്രബോധനത്തിന്റേതാണ് എന്നത് ഒരുപരിമിതിയായി. ഈ സന്ദര്‍ഭങ്ങളില്‍, വൃദ്ധന്‍ പലപ്പോഴും ക്യാമറയിലേക്കു നോക്കി സംസാരിക്കുന്നത് അരോചകമായിത്തോന്നി. ഈ രംഗങ്ങള്‍ കൂറെക്കൂടി സ്വാഭാവികമായി ചിത്രീകരിക്കാമായിരുന്നു.!

ചലച്ചിത്രമേളകള്‍, ഡീവീഡി, ടൊറന്റ് തുടങ്ങിയവയുടെയെല്ലാം ഗുണപരമായ സ്വാധീനം നവസിനിമകളുടെ കെട്ടിലും മട്ടിലും പ്രതിഫലിച്ചുതുടങ്ങിട്ടുണ്ടെന്ന് ഈ സിനിമയും നിശ്ശബ്ദമായി വിളിച്ചുപറയുന്നുണ്ട്. ഒരുവേള, ഫിലിം സൊസൈറ്റികളുടെയും മറ്റും ആത്യന്തികമായ പ്രസക്തിയും സ്വന്തം മണ്ണില്‍ വേരൂന്നിയ നല്ല സിനിമയുടെ നിര്‍മ്മിതികള്‍ തന്നെയാണല്ലോ.? നവീനവും വൈവിധ്യപൂര്‍ണ്ണവുമായ ചലച്ചിത്രഭാഷകള്‍ക്കായി നമുക്കിനിയും കാത്തിരിക്കാം..