Wednesday, December 2, 2009

വിവാ ക്യൂബാ: രാഷ്ട്രീയത്തിന്റെ അഭാവം!


ക്യൂബയെന്നു കേള്‍ക്കുമ്പോള്‍, മലയാളിയുടെ മനസ്സില്‍ ആദ്യമുണരുന്ന ചിത്രമെന്താണ്? തീര്‍ച്ചയായും, അതു ജനമധ്യത്തില്‍ നില്‍ക്കുന്ന ഫിദല്‍കാസ്ട്രോ തന്നെയാണ്.! മലയാളിയെയും ക്യൂബയെയും കൂട്ടിയിണക്കുന്ന മുഖ്യഘടകവും 'കമ്യൂണിസമെന്ന ഈ ഭൂതം' തന്നെ.!

ലോകത്തിലാദ്യമായി, ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തിലെത്തിയ 50-കളുടെ അന്ത്യദശയില്‍ തന്നെയാണ് വിപ്ളവത്തിന്റെ വിജയരഥത്തിലേറി ജനങ്ങളുടെ സ്വന്തം ഫിദല്‍ ക്യൂബ യുടെ നായകനായിത്തീര്‍ന്നതും.! കൌതുകകരമായ ഈ യാദൃശ്ചികതയ്ക്കുമപ്പുറം, നിരവധി സംവത്സരങ്ങള്‍ നീണ്ട കോളനിവല്‍ക്കരണത്തിന്റെ ഗുണ/ദോഷഫലങ്ങളും ഇന്ത്യയും ക്യൂബയും പങ്കിടുന്നു.!

സ്പെയിന്‍, അമേരിക്ക, തുടങ്ങിയ വന്‍ശക്തികളുടെ കോളനിയായിരുന്നതിനാല്‍, ക്യൂബയുടെ ജീവിതത്തിലും കലയിലുമൊക്കെ അതിന്റെ അടയാളങ്ങള്‍ തെളിഞ്ഞു കാണാം. മായികമായ ഒരു പ്രലോഭനമായി തൊട്ടടുത്തു സ്ഥിതിചെയ്യുന്ന അമേരിക്കയിലേയ്ക്കുള്ള ക്യൂബന്‍ പൌരന്റെ നിരന്തരമായ കുടിയേറ്റവും ഒരു വലിയ സ്വാധീനം തന്നെയാണ്. ഒരു വശത്ത്, കമ്യൂണിസ്റ്റുഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ കര്‍ശനമായ നിഷേധം; മറുഭാഗത്ത്, അമേരിക്കയുടെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന, അത്യന്തം വിനാശകരമായ സാംസ്കാരികാധിനിവേശം.! ഈ രണ്ടു വെല്ലുവിളികളെയും ഒരുപോലെ ചെറുത്തു കൊണ്ടാണ്, തനതുദേശീയതയിലും സംസ്കാരത്തിലുമൂന്നിയ ആധുനിക ക്യൂബയുടെ കലയും സാഹിത്യവും സംഗീതവുമൊക്കെ വളര്‍ന്നുവന്നത്.

100 വര്‍ഷം പിന്നിടുന്ന ക്യൂബന്‍ സിനിമാചരിത്രത്തിലെ സുവര്‍ണ്ണകാലം 1960-കളില്‍ തന്നെ തുടങ്ങിയിരുന്നു. വിപ്ളവാനന്തരം, സര്‍ക്കാരിന്റെ കീഴില്‍ത്തന്നെ ആരംഭിച്ച ചലച്ചിത്രപഠനകേന്ദ്രം, നല്ല സിനിമയുടെ നിര്‍മ്മാണത്തിനും ആസ്വാദനത്തിനും അവസരമൊരുക്കി. തോമസ് ഏലിയ, ഹംബെര്‍ടോ സോലസ് തുടങ്ങിയ മഹാരഥന്മാര്‍ നവസിനിമയുടെ വ്യാകരണവും സൌന്ദര്യശാസ്ത്രവും ക്യൂബയിലുമെത്തിച്ചു. 'ഏലിയ'യുടെ 'മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ് (1968) എക്കാലത്തെയും മികച്ച ലോകസിനിമകളിലൊന്നാണ്.!

സമകാലിക ക്യൂബന്‍ സിനിമാരംഗത്തെ പ്രമുഖ സംവിധായകനായ 'യുവാന്‍ കാര്‍ലോസ് ക്രിമേറ്റാ' (Juvan Carlos Cremata) യുടെ 2005-ല്‍ റിലീസ് ചെയ്ത 'വിവാ ക്യൂബ' എന്ന ചിത്രം, ഫിദല്‍ കാസ്ട്രോയുടെ ക്യൂബ വിട്ടുപോകാന്‍ മടിക്കുന്ന മാലുവെന്ന 12 വയസ്സുകാരിയുടെയും അവളുടെ ഉറ്റസുഹൃത്തും അയല്‍ക്കാരനുമായ ജോര്‍ജിയുടെയും കഥ പറയുന്നു..!

മാലു ക്യൂബയെ അതിരറ്റു സ്നേഹിക്കുന്നു എന്നു പറയുമ്പോള്‍ ആരും തെറ്റിദ്ധരിക്കേണ്ടതില്ല; ക്യൂബന്‍ വിപ്ളവത്തോടുള്ള ആഭിമുഖ്യമല്ല, ഈ സ്നേഹത്തിനു കാരണം. പിന്നെയോ? അവള്‍ക്കേറ്റവും പ്രിയപ്പെട്ട സ്കൂളും, കൂട്ടുകാരുമുള്ള ഇടം; അവളുടെ എല്ലാമായിരുന്ന മുത്തശ്ശിയുടെ അന്ത്യവിശ്രമസ്ഥലം..ഇതൊക്കെയാണ്. എന്നാല്‍, വിവാഹമോചിതയായ മാലുവിന്റെ അമ്മയെ സംബന്ധിച്ച്, ഇനിയുള്ള ക്യൂബയിലെ ജീവിതം ഏറെക്കുറെ നരകതുല്യമാണ്. എത്രയും നേരത്തെ, അവിടെ നിന്നു പുറത്തുകടക്കാന്‍ അവര്‍ തയ്യാറെടുത്തു കഴിഞ്ഞു..മാലുവിനാകട്ടെ, തന്റെ ഹൃദയതാളമായിത്തീര്‍ന്ന സുഹൃദ്ബന്ധങ്ങളെയും മുത്തശ്ശിയുടെ ദീപ്തസ്മരണകളെയും ഉപേക്ഷിക്കാന്‍ വയ്യ.!

പൂമുഖവാതിലില്‍, വലിയ അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതു പോലെ, മാലുവിന്റേത് ദൈവത്തിന്റെ സ്വന്തം ഭവനമാണ്..! ആത്മമിത്രമായ ജോര്‍ജിയുടെ അയല്‍വീടാകട്ടെ, ഫിദലിന്റെ സ്വന്തവും..! എന്നാല്‍, ഈ ആശയവൈരുദ്ധ്യമൊന്നും നമ്മുടെ കഥാനായികയുടെയും നായകന്റെയും ഗാഢസൌഹൃദത്തിന് ഒരു തടസ്സമേയല്ല.! വീടിന്റെ മട്ടുപ്പാവിലിരുന്ന്, മാലു നേരിടുന്ന 'സ്വത്വപ്രതിസന്ധി'യെപ്പറ്റി അവര്‍ വിശദമായ ചര്‍ച്ചയിലേര്‍പ്പെടുന്നു..പടിഞ്ഞാറെ ചക്രവാളത്തിലെ അസ്തമയശോണിമ മാലുവിന്റെ വിഷാദം നിറഞ്ഞ മനസ്സിന്റെ കണ്ണാടിയായി മാറുന്ന മനോഹരസീക്വന്‍സ്.. ഒപ്പം, ജോര്‍ജിയുടെ സംഭാഷണങ്ങളില്‍ പ്രകടമാവുന്ന രക്ഷിതാവിന്റെ കപടഗൌരവം പ്രേക്ഷകനില്‍ ചിരിയുണര്‍ത്തുന്നു...ഒടുവില്‍, അവര്‍ ഒരു കടുത്ത തീരുമാനത്തിലെത്തുന്നു; വീട്ടില്‍ നിന്ന് ഒളിച്ചോടുക.! ഹവാനയില്‍ നിന്നു ക്യൂബയുടെ കിഴക്കേ മുനമ്പിലുള്ള 'മെയ്സി'യിലെത്തി അവിടെ ഒരു ലൈറ്റ്ഹൌസില്‍ ജോലി ചെയ്യുന്ന മാലുവിന്റെ അച്ഛനെ കണ്ടുപിടിക്കുക; അമ്മയുടെ കുടിയേറ്റത്തിനുള്ള സമ്മത പത്രത്തില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെടുക..പിറ്റേന്ന്, സ്കൂളിലേയ്ക്കെന്ന നാട്യത്തില്‍ നല്ല കുട്ടികളായി വീട്ടില്‍ നിന്നു പുറപ്പെടുന്ന അവര്‍ അച്ഛനെത്തേടി യാത്രയാരംഭിക്കുന്നതോടെ, രസകരമായ ഒരു 'തെരുവുസിനിമ'യുടെ ചുരുള്‍ നിവരുകയായി..!

പല ദേശങ്ങളിലൂടെയും ചുറ്റിസഞ്ചരിച്ച്, ഒടുവില്‍ മാലുവിന്റെ പിതാവിനെ കണ്ടെത്തുന്നതു വരെയുള്ള ഇരുവരുടെയും സാഹസികമായ യാത്രാസന്ദര്‍ഭങ്ങളാണ് 'വിവാ ക്യൂബ'യുടെ മുഖ്യപ്രതിപാദ്യം. ആവശ്യത്തിനുള്ള പണമോ ഭക്ഷണമോ ഒന്നുമില്ലെങ്കിലും, സഹജമായ ബുദ്ധിസാമര്‍ത്ഥ്യവും, കൌശലവുമുപയോഗിച്ച്, യാത്രയിലെ പ്രതിസന്ധികള്‍ ഒന്നൊന്നായി അവര്‍ അതിജീവിക്കുന്നു. മുതിര്‍ന്നവരില്‍ നിന്നു വ്യത്യസ്തമായി, കാര്യങ്ങളെ അതീവലാഘവത്തോടെ കാണുന്ന കുട്ടികളുടെ നിര്‍ദ്ദോഷമായ കുസൃതികള്‍ നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. കുരുന്നുകളുടെ മാനസികലോകത്തിന്റെ മായികമായ മനോഹാരിത പ്രതിഫലിക്കുന്ന സ്വപ്നസന്നിഭമായ കാഴ്ചകള്‍.!

കുട്ടികളെ കാണാതായതോടെ, ഇരുവീട്ടുകാര്‍ക്കുമിടയിലെ വൈരത്തിന്റെ മഞ്ഞുരുകുന്നു. പോലീസിന്റെ സഹായത്തോടെ കുട്ടികളെ കണ്ടുപിടിക്കാന്‍ അവരും ഇറങ്ങിത്തിരിക്കുകയാണ്. അന്വേഷണം ഊര്‍ജിതമായതോടെ, രണ്ടുപേരുടെയും ഫോട്ടോയും വാര്‍ത്തയും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഓരോ ഘട്ടത്തിലും പിടിയിലാകും മുമ്പ്, അതിവിദഗ്ദ്ധമായി അവര്‍ രക്ഷപ്പെടുന്നു. ഒടുവില്‍, ഒരു വനപ്രദേശത്ത് ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന യുവാവിനെ കണ്ടുമുട്ടുന്നു. സംഗതിയുടെ ഗൌരവം മനസ്സിലാക്കി, അയാള്‍ സ്വന്തം വാഹനത്തില്‍, അവരെ മാലുവിന്റെ അച്ഛനു സമീപം എത്തിക്കുകയാണ്. എന്നാല്‍ അതിനു മുമ്പുതന്നെ, ഇരുവരുടെയും അമ്മമാര്‍ അവിടെ എത്തിപ്പെട്ടിരുന്നു. അച്ഛനോടൊപ്പം തന്റെ അമ്മയെക്കണ്ട് മാലു അമ്പരക്കുന്നു.! വികാരനിര്‍ഭരമായ പുന:സ്സമാഗമത്തിന്റെ അപൂര്‍വനിമിഷം..! എന്നാല്‍, അടുത്ത മാത്രയില്‍ത്തന്നെ, ഇരുവീട്ടുകാരും തമ്മിലുള്ള കലഹം പുനരാരംഭിക്കുകയായി..! നിസ്സഹായരായ മാലുവും ജോര്‍ജിയും ഒരിക്കല്‍ക്കൂടി, സ്വാതന്ത്ര്യത്തിന്റെ തുറന്ന ലോകത്തിലേയ്ക്കു രക്ഷപ്പെടുകയാണ്..!!

കര്‍ശനമായ രാഷ്ട്രീയപശ്ചാത്തലമുള്ള ക്യൂബയില്‍ നിന്ന് തീര്‍ത്തും 'അരാഷ്ട്രീയ'മായ ഇത്തരമൊരു സിനിമ എങ്ങനെയുണ്ടായി എന്നു സംശയിക്കാന്‍ വരട്ടെ..! കൂട്ടികളുടെ പ്രസാദാത്മകമായ ലോകം മാത്രമേ സിനിമയുടെ ഫ്രെയിമിന്റെ പരിധിയില്‍ നാം കാണുന്നുള്ളുവെങ്കിലും നര്‍മ്മത്തില്‍ പൊതിഞ്ഞ അതിന്റെ പുറന്തോടിനുള്ളിലേയ്ക്കു സൂക്ഷിച്ചുനോക്കിയാല്‍, ഈ 'അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയം' കുറച്ചൊക്കെ വെളിപ്പെടുന്നതാണ്.!

മാലുവിന്റെയും, ജോര്‍ജിയുടെയും കുടുംബങ്ങള്‍ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും കൃത്യമായ രണ്ടു ധാരകളെ പ്രതിനിധാനം ചെയ്യുമ്പോള്‍ത്തന്നെ, രണ്ടിടത്തും ഒരേപോലെ പ്രകടമായിക്കാണുന്ന സവിശേഷത സ്നേഹരാഹിത്യമാണെന്നു കാണാം. വിശ്വാസിയായിരിക്കെത്തന്നെ, സ്വന്തം ജീവിതപങ്കാളിയുമായുള്ള വിവാഹമോചനം ഒഴിവാക്കുവാന്‍ പോലും മാലുവിന്റെ അമ്മയ്ക്കു കഴിയുന്നില്ല.! മാലുവും ജോര്‍ജിയുമടങ്ങുന്ന മൂന്നാമത്തെ ധാരയാവട്ടെ, യാതൊരു വിലക്കുകളുമില്ലാതെ, ലോകത്തെ തുറന്ന സമീപനത്തോടെ വീക്ഷിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാല്‍, ഈ മൂന്നു മനോഭാവങ്ങളെയും തികച്ചും നിസ്സംഗമായി നോക്കിക്കാണുന്ന സംവിധായകന്റെ മൌലികവും മാനവികവുമായ ചിന്താധാരയാണ് ഈ സിനിമയെ സാര്‍വലൌകികമായ ഒരു നവ്യാനുഭവമാക്കി മാറ്റുന്നത്.!

കമ്യൂണിസ്റുക്യൂബയില്‍ നിന്ന് അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ അന്വേഷിക്കുകയല്ല; മറിച്ച്, ആഗോളമായിത്തന്നെ നിലനില്‍ക്കുന്ന ഈ പ്രമേയപരിസരത്തെ തന്റെ സ്വന്തം 'പേഴ്സണല്‍' സിനിമയായി അവതരിപ്പിക്കുകയാണു സംവിധായകന്‍ ചെയ്യുന്നത്.! ക്യൂബയുടെ സവിശേഷമായ രാഷ്ട്രീയ/സാമൂഹ്യ സാഹചര്യങ്ങളെ ചിത്രത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നതും ഇതുകൊണ്ടു തന്നെയത്രേ. മാത്രമല്ല, ഭരണസംവിധാനത്തിന്റെ ചട്ടക്കൂടില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പ്രാണവായു തേടിയുള്ള ഒരു കുതറിമാറല്‍ കൂടിയാണീ ചലച്ചിത്രം എന്നു പറയാം.! കമ്യൂണിസ്റ്റായിത്തീരാതെ, ഒരു മനുഷ്യനെന്ന നിലയില്‍ത്തന്നെ രാജ്യസ്നേഹവും ദേശാഭിമാനവും നിലനിര്‍ത്താനാവുമെന്നും സംവിധായകന്‍ പരോക്ഷമായി സൂചിപ്പിക്കുന്നു.! ക്രിയാത്മകതയിലും മാനുഷികമൂല്യങ്ങളിലുമൊക്കെ, മറ്റേതൊരു രാജ്യത്തെക്കാളും സമ്പന്നമാണു ക്യൂബയെന്നും ഈ സിനിമയിലെ പാത്രസൃഷ്ടികളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.!

പ്രത്യയശാസ്ത്രബാധ്യതകളൊന്നുമില്ലാതെ, ശിശുക്കളെപ്പോലെ തികച്ചും നിരുപാധികമായി ലോകത്തോടു സംവദിക്കൂ; അങ്ങനെ, ജീവിതത്തെ ഒരാഘോഷമാക്കി മാറ്റൂ എന്ന് ഈ ചിത്രം ഉദ്ഘോഷിക്കുന്നു. ഒരു മുദ്രാവാക്യത്തിന്റെയും പിന്തുണയില്ലാതെ സരളമധുരമായ ദൃശ്യഭാഷ മാത്രം ഉപയോഗിച്ച്, ഈ സിനിമ ലോകസമൂഹത്തോടു വിളിച്ചു പറയുന്ന സന്ദേശവും അതുതന്നെ..!

Monday, November 30, 2009

അന്ധതയുടെ മായക്കാഴ്ചകള്‍

“I don’t think we did go blind. I think we always were blind.
Blind but seeing. People who can see, but do not see.”

- Jose Saramago, Blindness (Novel)

കാഴ്ചയുണ്ടെന്നു കരുതുന്ന ഓരോ മനുഷ്യന്റെയുമുള്ളില്‍ അവനറിയാതെ ഒരു അന്ധത പ്രവര്‍ത്തിക്കുന്നുണ്ട്.! സഹജീവിയെ അനുതാപത്തോടെ മനസ്സിലാക്കുന്നതില്‍ നിന്ന് അവനെ തടയുന്നത് ഈ അന്ധതയാണ്. അപരനോടുള്ള പെരുമാറ്റത്തിലെ എല്ലാ അപഭ്രംശങ്ങള്‍ക്കും കാരണം, ആന്തരികമായ ഈ ആന്ധ്യം തന്നെയാണ്.! വ്യക്തിയില്‍ തുടങ്ങി, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍, ഭിന്നസാഹചര്യങ്ങളില്‍, ഈ അന്ധത അവന്റെ കാഴ്ചയെ ഹരിയ്ക്കുന്നു.! കടുത്ത മുന്‍വിധികളായി, അക്രമവാസനയായി, ദ്വന്ദ്വയുദ്ധമായി പുറത്തുവരുന്ന ഈ ശത്രുവിനെ തിരിച്ചറിയാനോ നേരിടുവാനോ നമ്മള്‍ തയ്യാറല്ല എന്നതാണ്, വിചിത്രമായ യാഥാര്‍ത്ഥ്യം .! ഈ മനുഷ്യപ്രകൃതിയെയും അതിന്റെ ദുരന്തഫലങ്ങളെയും പ്രതീകാത്മകമായി ദൃശ്യഭാഷയിലേയ്ക്കു പകര്‍ത്താനുള്ള ധീരമായ ശ്രമമാണ് ‘Blindness' എന്ന ബ്രസീലിയന്‍ സിനിമ.

പ്രശസ്തമായ ‘സിറ്റി ഓഫ് ഗോഡ്’ എന്ന ചിത്രത്തിന്റെ സംവിധായകനായ ‘ഫെര്‍ണാന്‍ഡോ മെയ് റെല്ലെസി’ (Fernando Meirelles) ന്റെ പുതിയ സംരംഭമാണിത്. നോബല്‍ സമ്മാന ജേതാവായ ‘ജോസ് സരമാഗൊ’ എന്ന പോര്‍ച്ചുഗീസ് എഴുത്തുകാരന്റെ ഇതേ പേരിലുള്ള പ്രശസ്തനോവലാണ് ചലച്ചിത്രത്തിനാസ്പദം. അന്ധതയെ ഒരു പ്രതീകമായി ഉപയോഗിച്ചു കൊണ്ട്, മനുഷ്യന്റെയുള്ളിലെ വിരുദ്ധപ്രേരണകളായ സ്വാര്‍ത്ഥതയെയും അവസരവാദത്തെയും അക്രമവാസനയെയും വെളിപ്പെടുത്തുന്നതോടൊപ്പം സ്നേഹം, സഹിഷ്ണുത, അനുതാപം തുടങ്ങിയ ധാര്‍മ്മികമൂല്യങ്ങളോടുള്ള അവന്റെ സഹജമായ ആഭിമുഖ്യവും ചിത്രം വിശകലനം ചെയ്യുന്നു. ആദ്യപ്രദര്‍ശനം കണ്ടശേഷം, മൂലകൃതി എഴുതിയ സരമാഗോ വികാരാധീനനായി തന്റെ സംതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി.! 2008-ലെ കാന്‍ ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായിരുന്ന 'Blindness' അവിടെ മത്സരവിഭാഗത്തിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.! കേരളത്തിന്റെ സ്വന്തം ചലച്ചിത്രമേളയായ ഐ.എഫ്. കെ.കെ (2008)യിലും ഈ ചിത്രം ഏറെ നിരൂപകശ്രദ്ധ നേടിയിരുന്നു.

പേരറിയാത്ത ഒരു നഗരത്തിന്റെ സമീപദൃശ്യത്തില്‍ സിനിമ ആരംഭിക്കുന്നു. തിരക്കേറിയ തെരുവ്. കാറുകളുടെ നിലയ്ക്കാത്ത പ്രവാഹം. നഗരഹൃദയത്തിലെ നാലുംകൂടിയ കവലയില്‍ മാറിമാറിക്കത്തുന്ന ചുവപ്പും പച്ചയും സിഗ്നലുകള്‍.! കാറോടിച്ചു വന്ന ഒരു ജാപ്പനീസ് യുവാവിന്റെ കാഴ്ച പെട്ടെന്നു നഷ്ടപ്പെടുന്നു.! സുഗമമായ ഒഴുക്കു നഷ്ടപ്പെട്ട് തെരുവ് അല്പനേരത്തേയ്ക്കു സ്തംഭിക്കുന്നു.! എന്താണു ചെയ്യേണ്ടതെന്നറിയാതെ അയാള്‍ അമ്പരക്കവേ, അപരിചിതനായ ഒരാള്‍ സഹായത്തിനെത്തുകയും കാറോടിച്ച് അയാളെ വീട്ടിലെത്തിക്കുകയും ചെയ്യുന്ന; എന്നാല്‍, അന്ധതയുടെ ആനുകൂല്യം മുതലെടുത്ത് പിന്നീടയാള്‍, കാര്‍ മോഷ്ടിച്ച് കടന്നുകളയുകയാണ്.! പോലീസിന്റെ കണ്ണൂവെട്ടിച്ചു പായുന്നതിനിടെ അയാളുടെ കണ്ണുകളിലും അന്ധതയുടെ വെളുപ്പ് പടരുന്നു..! നഗരം മുഴുവന്‍ ഭീതി വിതച്ചുകൊണ്ട്, ‘വൈറ്റ് സിക്ക്നെസ്സ് ‘എന്ന അജ്ഞാതരോഗത്തിന്റെ ഭീകരാക്രമണം തുടങ്ങുകയായി.!ദൈവശാപമെന്ന പോലെ, ഈ പകര്‍ച്ചവ്യാധി പടിപടിയായി നഗരത്തെ മുഴുവന്‍ വിഴുങ്ങുന്ന ദൃശ്യങ്ങളാണു പിന്നീടു നാം കാണുന്നത്..!

നഗരത്തില്‍ രോഗം പ്രത്യക്ഷപ്പെട്ട ദിവസം രോഗികളെ പരിചരിച്ച ഡോക്ടര്‍ പിറ്റേന്നു രാവിലെ ഉറക്കത്തില്‍ നിന്നുണരവെ, തന്റെ കാഴ്ച നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നു.! തുടര്‍ന്ന്, നിയന്ത്രണാതീതമായ വേഗതയില്‍, നഗരത്തില്‍ രോഗം പടരവെ, സര്‍ക്കാര്‍ വലിയൊരു പ്രതിസന്ധിയിലാകുന്നു.! അന്ധരെ അന്ധര്‍ നയിക്കുന്ന ജീവനക്കാരില്ലാ‍ത്ത, ഒരു ആതുരാലയത്തിലേയ്ക്കു, രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നു.! അച്ചടക്കം നടപ്പാക്കാന്‍, പുറത്ത് തോക്കേന്തിയ പട്ടാളക്കാര്‍ മാത്രം.! ക്രമേണ, അന്ധരുടെ നിലയ്ക്കാത്ത പ്രവാഹത്തില്‍ വാര്‍ഡുകള്‍ നിറഞ്ഞുകവിയുന്നു.! കാര്‍ മോഷ്ടാവ്, ജപ്പാന്‍ കാരന്റെ ഭാര്യ, കറുത്ത കണ്ണട ധരിച്ച സ്ത്രീ...ഓരോരുത്തരായി, ആ ചങ്ങല വളരുകയാണ്.! സ്വന്തമായി ഒരു പേരോ ചരിത്രമോ ഇല്ലാത്തവര്‍..! അന്ധതയുടെ തമസ്സിലകപ്പെട്ടതിനാല്‍ അസ്തിത്വം നഷ്ടപ്പെട്ട ഒരു ജനത..!

അന്ധതയുടെ വ്യാപനത്തോടെ നഗരത്തില്‍ അത്യാഹിതങ്ങള്‍‍ പെരുകുന്നു. വാഹനാപകടങ്ങളും അതുമൂലമുള്ള മരണനിരക്കും വര്‍ദ്ധിച്ചതോടെ നഗരവാസികള്‍ പുറത്തിറങ്ങാന്‍ മടിയ്ക്കുന്നു.! അന്ധരുടെ ഈ അനാഥസമൂഹത്തില്‍, ഒരാളില്‍ മാത്രം കാഴ്ചയുടെ അനുഗ്രഹം ഒരത്ഭുതമായി അവശേഷിക്കുന്നു.! ഡോക്ടറുടെ ഭാര്യയാണത്.! ഇവര്‍ തന്നെയാണ് സിനിമയെ മുന്നോട്ടു ചലിപ്പിക്കുന്ന മുഖ്യകഥാപാത്രവും.! നഗരവല്‍ കൃതമായ ഒരു സമൂഹത്തിലെ നന്മയുടെ ശിഷ്ടരൂപമായ ഇവര്‍, കാഴ്ച നഷ്ടപ്പെട്ട സ്വന്തം ഭര്‍ത്താവിനെ പരിചരിക്കുവാനുള്ള അധികൃതരുടെ അനുമതി ലഭിക്കുന്നതിനു വേണ്ടി അന്ധയായി അഭിനയിക്കുകയാണ്.! പിന്നീട്, ഈ സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുന്നതില്‍, ഇവര്‍ പ്രകടിപ്പിക്കുന്ന നേത്രുത്വശേഷിയും ക്ഷമയും സഹിഷ്ണുതയും എടുത്തുപറയേണ്ടതാണ്.!

അന്തേവാസികളുടെ ഭിന്നസ്വഭാവങ്ങള്‍ ക്രമേണ ഈ സങ്കേതത്തില്‍ അക്രമസംഭവങ്ങള്‍ക്കു വഴിവെയ്ക്കുന്നു.! പരിക്കേറ്റ ‘മോഷ്ടാവിനെ’ ചികിത്സിക്കുവാന്‍ ശ്രമിക്കുന്ന ഡോക്ടറുടെ കര്‍ത്തവ്യബോധത്തെ പട്ടാളക്കാര്‍ തോക്കുചൂണ്ടി നേരിടുന്ന രംഗം, ഭരണകൂടഭീകരതയുടെയും ഒപ്പം അതിനെതിരെ ഉയരുന്ന സ്നേഹ-പ്രതിരോധത്തിന്റെയും ദൃശ്യഭാഷ്യമായി മാറുന്നു..! സല്‍ഗുണങ്ങളുടെ വിളനിലമായ ഡോക്ടര്‍ ഒന്നാംവാര്‍ഡിന്റെ പ്രതിനിധിയാകുമ്പോള്‍, ‘വാര്‍ഡ് 3-ലെ രാജാവാ‘യി സ്വയം അവരോധിക്കുന്ന ബാര്‍ ജീവനക്കാരന്‍ ഒരു ഏകാധിപതിയുടെ എല്ലാ ദുര്‍ഗുണങ്ങളും പ്രദര്‍ശിപ്പിക്കുന്നു.! തോക്കിന്റെ പിന്‍ബലത്തില്‍ സ്വന്തം നിയമം നടപ്പാക്കുന്നു.! ഇതിനിടെ, പിന്‍വാതിലിലൂടെ പുറത്തുകടക്കാന്‍ ശ്രമിച്ച ‘മോഷ്ടാവ്‘ പട്ടാളക്കാരന്റെ തോക്കിനിരയാവുന്നു.! കൊല്ലപ്പെടുന്നവരെ മരിക്കാത്തവര്‍ മറവു ചെയ്യുന്നു.!കണ്ണില്ലാത്തവന്റെ പരാക്രമങ്ങള്‍ കാണാന്‍ വിധിക്കപ്പെട്ട ‘ഡോക്ടറുടെ ഭാര്യ‘യ്ക്കു കാഴ്ച പോലും ഒരു ശാപമായിത്തീരുകയാണ്.!

അന്തേവാസികള്‍ പെരുകുന്നതോടെ, വാര്‍ഡുകളില്‍ ഭക്ഷണദൌര്‍ലഭ്യം രൂക്ഷമാവുന്നു. കാലിത്തൊഴുത്തിനേക്കാള്‍ മലിനമായ സാഹചര്യങ്ങളില്‍, മനുഷ്യര്‍ പുഴുക്കളെപ്പോലെ ജീവിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു.! തോക്കിന്റെ ബലത്തില്‍, ‘വാര്ഡ് 3-ലെ രാജാവ്‘ ഭക്ഷണത്തിന്റെ വിതരണം ഏറ്റെടുക്കുന്നു.! പ്രതിഫലമായി, മറ്റു വാര്‍ഡുകളിലുള്ളവരുടെ വിലപ്പെട്ട വസ്തുക്കള്‍ മുഴുവന്‍ അയാള്‍ സ്വന്തമാക്കുന്നു.! അടുത്ത ഘട്ടത്തില്‍, ദിവസങ്ങളുടെ പട്ടിണി നിസ്സഹായരാക്കിയ അന്തേവാസികള്‍ക്കിടയില്‍ അയാള്‍ ‘ഭക്ഷണത്തിനു പകരം സ്ത്രീകള്‍’ എന്ന പുതിയ പദ്ധതി നടപ്പാക്കുന്നു..! ഒരു പ്രതിസന്ധിയെ തനിയ്ക്കു പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കുന്ന രാഷ്ട്രീയതന്ത്രത്തിന്റെ വക്താവായി അയാള്‍ മാറുകയാണ്.!ജീവിതത്തിലെ യഥാര്‍ത്ഥ പ്രതിസന്ധിയെന്തെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന കാഴ്ചകളാണു നമ്മളെ ശ്വാസം മുട്ടിച്ചുകൊണ്ട് കടന്നു വരുന്നത്.! വിശപ്പ് ഭയപ്പെടുത്തുന്ന ഒരു ഭീകരജീവിയായി കടന്നാക്രമിക്കുന്നതോടെ, അതിനെ നേരിടുവാനുള്ള ആത്മഹത്യാപരമായ ദൌത്യം ഏറ്റെടുത്തു കൊണ്ട് ഡോക്ടറുടെ ഭാര്യയുടെ നേതൃത്വത്തില്‍, ഏതാനും സ്ത്രീകള്‍ വാര്‍ഡ് 3-ലെത്തുന്നു. അമര്‍ത്തിവെയ്ക്കപ്പെട്ട വികൃതരതിയുടെ സംഹാരതാണ്ഡവമാണ് പിന്നീട് അവിടെ അരങ്ങേറുന്നത്..! അന്ധതമസ്സിന്റെ നിയന്ത്രണാതീതമായ ബഹിര്‍സ്ഫുരണം..! അശാന്തിയുടെ കൊടുമുടിയിലേയ്ക്ക് നമ്മള്‍ എടുത്തെറിയപ്പെടുകയാണ്.! ക്രൂരമായ ബലാത്സംഗത്തില്‍ ഒരു യുവതി കൂടി കൊല്ലപ്പെടുന്നു.! ഒടുവില്‍, നിലനില്‍പ്പിന്റെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഡോക്ടറുടെ ഭാര്യ ‘വാര്‍ഡ് 3-ലെ രാജാവിനെ വധിയ്ക്കുന്നു.!

അധികൃതരാലും പൂര്‍ണ്ണമായി അവഗണിക്കപ്പെട്ട അവര്‍ പിന്നീട്, ക്യാമ്പിന്റെ നാലു ചുവരുകള്‍‍ക്കു പുറത്തു കടക്കുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു പാഴ്വസ്തു പോലെ നഗരം.! കലാസംവിധാനത്തിന്റെ അപൂര്‍വ്വമാതൃകയായി തകര്‍ന്ന നാഗരികതയുടെ ലോങ്ഷോട്ടുകള്‍.! ഡോക്ടറുടെ ഭാര്യയുടെ നേതൃത്വത്തില്‍ 10-12 പേരുള്ള ചെറുസംഘം ആളൊഴിഞ്ഞ ഒരു താവളം കണ്ടെത്തുന്നു. ഛിന്നഭിന്നമായ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കുറച്ചു ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശേഖരിച്ച് അവര്‍ വിശപ്പകറ്റുന്നു.! ദുരന്തഭൂമിയില്‍ കുളിര്‍തെന്നലായി ഒരു മഴയെത്തുന്നു.! അന്ധതമസ്സില്‍, വസ്ത്രങ്ങളൂരിയെറിഞ്ഞ് നഗരവീഥിയുടെ തുറസ്സിലും അവര്‍ മഴയെ വാരിപ്പുണരുന്നു.!പിറ്റേന്നു ഡോക്ടറുടെ വീടു കണ്ടെത്തി, അവിടെയവര്‍ താമസമാക്കുന്നു. അന്ധതയാല്‍ ബന്ധിക്കപ്പെട്ട ആ മനുഷ്യരിപ്പോള്‍ ജാതിയും മതവുമില്ലാത്ത, ദേശവും ഭാഷയും വേര്‍തിരിക്കാത്ത ഒരു സമൂഹമാണ്.! അന്നു രാത്രി ഒരുമേശയ്ക്കു ചുറ്റും അവര്‍ ഒത്തു ചേരുന്നു.! ഏറെക്കാലത്തിനു ശേഷം വൃത്തിയുള്ള ഭക്ഷണം കഴിച്ച്, ശുദ്ധജലം കുടിച്ച് അവര്‍ ജീവിതം ആഘോഷിക്കുന്നു.! ഡോക്ടര്‍ക്കും പ്രിയതമയ്ക്കും വിരഹത്തിന്റെ നീണ്ട യുഗത്തിനു ശേഷമുള്ള ഒരു പ്രണയരാത്രി കൂടിയായിരുന്നു അത്.!

അടുത്ത ദിവസം പുലരുന്നത് അവിശ്വസനീയമായ സന്തോഷവാര്‍ത്തയുമായാണ്.! അന്ധതയുടെ ആദ്യത്തെ ഇരയായ ജാപ്പനീസ് യുവാവിനു കാഴ്ച തിരിയെ ലഭിച്ചിരിയ്ക്കുന്നു.! നാളെ വരാനിരിക്കുന്ന കാഴ്ചയുടെ ശുഭദിനങ്ങള്‍ സ്വപ്നം കണ്ട് എല്ലാവരും ആഹ്ലാദിയ്ക്കുന്നു.! ‘ഡോക്ടറുടെ ഭാര്യ‘ മാത്രം ആശങ്കയിലാണ്.! ഒരുവേള, ചാക്രികമായ ഈ മാറ്റത്തിന്റെ വരവോടെ തന്റെ കാഴ്ച നഷ്ടപ്പെടാനിടയുണ്ടോ..? ജനലിനു പുറത്ത്, വെള്ളമേഘങ്ങള്‍ നിറഞ്ഞ ആകാശപ്പരപ്പിലേയ്ക്ക് അവര്‍ ദൃഷ്ടി പായിക്കുന്നു.! ദൈവമേ.! തന്റെ കണ്ണുകളില്‍ അന്ധത പടരാന്‍ തുടങ്ങുകയാണോ? ആകാംക്ഷയോടെ മിഴികള്‍ താഴ്ത്തവേ, ഒരു നെടുവീര്‍പ്പായി നഗരം അവര്‍ക്കു മുന്നില്‍ വീണ്ടും പ്രത്യക്ഷമാകുന്നു.!

മനുഷ്യന്‍ സംവത്സരങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത സംസ് കൃതിയും നാഗരികതയുമൊക്കെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ തകര്‍ന്നുപോകാവുന്നതേയുള്ളുവെന്ന് ഈ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.! ഒരു പളുങ്കുപാത്രംപോലെ ദുര്‍ബ്ബലമാണ് , പലപ്പോഴും നാം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിയ്ക്കുന്ന നമ്മുടെ സംസ്കാരം.! പ്രതികൂലസന്ദര്‍ഭത്തില്‍, മൃഗതുല്യരായി മാറുന്ന സിനിമയിലെ പരിഷ് കൃതമനുഷ്യര്‍ ഈ വസ്തുതയ്ക്ക് അടിവരയിടുന്നു.! വിപുലമായ തലത്തില്‍ ചിത്രത്തിന്റെ സന്ദേശം ഇതാണെങ്കിലും വ്യത്യസ്തമായ നിരവധി വീക്ഷണസാധ്യതകളും സിനിമയുടെ സാര്‍വ്വജനീനമായ ഈ ദൃശ്യസാക്ഷാത്കാരം പ്രേക്ഷകനു നല്‍കുന്നുണ്ട്.!

തികച്ചും വിവരണാതീതമായ ഒരു മനുഷ്യാവസ്ഥയാണ് ചിത്രത്തില്‍ നാം കാണുന്നത്.! ഭാഷയും വാക്കുകളും തീര്‍ത്തും പരാജയപ്പെട്ടുപോകുന്ന ജീവിതസന്ധികള്‍.! വിപുലമായ ഒരു ശില്പശാലയിലൂടെ എല്ലാ നടീനടന്മാരുടെയും കണ്ണുകെട്ടി അന്ധരുടെ പെരുമാറ്റരീതികള്‍ പരിശീലിപ്പിച്ചതിനു ശേഷമാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.! അന്ധരുടെ സവിശേഷമായ ശരീരഭാഷയുടെ കാര്യത്തില്‍, കുറ്റമറ്റതാണ് ശ്രദ്ധാപൂര്‍വം നിര്‍വ്വഹിച്ച ചിത്രത്തിലെ ഓരോ മുഹൂര്‍ത്തവും. കഥാപാത്രങ്ങളെ തങ്ങളിലേയ്ക്കാവാഹിക്കുന്നതില്‍ മാര്‍ റുഫാലോ (ഡോക്ടര്‍) ജൂലിയന്‍ മൂര്‍ (ഭാര്യ), ഡോണ്‍ മക് കെല്ലര്‍ (മോഷ്ടാവ്), ഗെയ്ല്‍ ഗാര്‍സിയ ബര്‍ണല്‍ (വാര്‍ഡ് 3-ലെ രാജാവ്) തുടങ്ങിയവര്‍ പ്രകടിപ്പിക്കുന്ന സാമര്‍ത്ഥ്യവും അര്‍പ്പണവും അപാരം.! കണ്ണുകളുടെ ആനുകൂല്യമില്ലാതെ തന്നെ കഥാപാത്രങ്ങളുടെ വികാരവിനിമയം ഫലപ്രദമായി നിര്‍വ്വഹിക്കുക എന്നതാണ് ഈ ചിത്രത്തിലെ നടീനടന്മാര്‍ നേരിട്ട പ്രധാന വെല്ലുവിളിയും.!

പ്രമേയം പോലെ തന്നെ ഈ സിനിമയുടെ ചിത്രീകരണരീതികളും തികച്ചും വ്യത്യസ്തമായിരുന്നു.! നിരവധി ക്യാമറകള്‍ വിവിധ കോണുകളിലായി സ്ഥാപിച്ച് അസാധാരണമായ വീക്ഷണങ്ങളിലൂടെ കഥാപാത്രങ്ങളെയും അവരുടെ ചെയ്തികളെയും പകര്‍ത്തി സൃഷ്ടിച്ച അര്‍ത്ഥവ്യതിയാനങ്ങള്‍ സിനിമയുടെ സമഗ്രാനുഭവത്തിനു മുതല്‍ക്കൂട്ടായി മാറി. White sickness എന്ന മഹാമാരിയുടെ ഫീൽ സിനിമയിലുടനീളം സാധ്യമാക്കുന്ന വിധത്തിലുള്ള വെളുപ്പുനിറത്തിന്റെ സമർത്ഥമായ ഉപയോഗമാണ് മറ്റൊരു വിജയഘടകം. അന്ധതയുടെ ശബ്ദവ്യാഖ്യാനം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത സംഗീത സംവിധായകന്‍ ഈ ചിത്രത്തിനു വേണ്ടി പുതിയ സംഗീതോപകരണങ്ങള്‍ തന്നെ കണ്ടുപിടിച്ചുവത്രേ.!

മനുഷ്യവ്യക്തിത്വത്തിലെ ചില പ്രത്യേകതകള്‍ സാധാരണഗതിയില്‍, ഒരിക്കലും പ്രകടമാവുന്നില്ല. ഇവിടെ, സവിശേഷമായ ഒരു ജിവിതസന്ധി സൃഷ്ടിക്കപ്പെടുകയും ഈ സന്ദിഗ്ദ്ധാവസ്ഥയില്‍ അവന്റെ വ്യക്തിത്വത്തില്‍, അന്നുവരെ അദൃശ്യമായിരുന്ന പല തലങ്ങളും വെളിപ്പെടുകയും ചെയ്യുന്നു. ! മനുഷ്യസ്വഭാവത്തെക്കുറിച്ച് സൂക്ഷ്മതലത്തിലുള്ള ഒരു പഠനമായി ചലച്ചിത്രം മാറുകയാണിവിടെ. അന്ധകാരം നിറഞ്ഞ മനുഷ്യമനസ്സിന്റെ ഉള്ളറകളിലേയ്ക്കു വെളിച്ചം വീശുന്ന സാഹസികദൌത്യമാണ് ‘ഫെര്‍ണാന്‍ഡോ മെയ് റെല്ലെസ് ‘എന്ന സംവിധായകന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം കലാകാരന്മാര്‍ എറ്റെടുത്തത്.! ഈ ദൌത്യം ഒരു വന്‍ വിജയമായിത്തീര്‍ന്നത്, ലോകസിനിമയിലെ സമീപകാല ചരിത്രം..!