Wednesday, December 2, 2009

വിവാ ക്യൂബാ: രാഷ്ട്രീയത്തിന്റെ അഭാവം!










ക്യൂബയെന്നു കേള്‍ക്കുമ്പോള്‍, മലയാളിയുടെ മനസ്സില്‍ ആദ്യമുണരുന്ന ചിത്രമെന്താണ്? തീര്‍ച്ചയായും, അതു ജനമധ്യത്തില്‍ നില്‍ക്കുന്ന ഫിദല്‍കാസ്ട്രോ തന്നെയാണ്.! മലയാളിയെയും ക്യൂബയെയും കൂട്ടിയിണക്കുന്ന മുഖ്യഘടകവും 'കമ്യൂണിസമെന്ന ഈ ഭൂതം' തന്നെ.!

ലോകത്തിലാദ്യമായി, ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തിലെത്തിയ 50-കളുടെ അന്ത്യദശയില്‍ തന്നെയാണ് വിപ്ളവത്തിന്റെ വിജയരഥത്തിലേറി ജനങ്ങളുടെ സ്വന്തം ഫിദല്‍ ക്യൂബ യുടെ നായകനായിത്തീര്‍ന്നതും.! കൌതുകകരമായ ഈ യാദൃശ്ചികതയ്ക്കുമപ്പുറം, നിരവധി സംവത്സരങ്ങള്‍ നീണ്ട കോളനിവല്‍ക്കരണത്തിന്റെ ഗുണ/ദോഷഫലങ്ങളും ഇന്ത്യയും ക്യൂബയും പങ്കിടുന്നു.!

സ്പെയിന്‍, അമേരിക്ക, തുടങ്ങിയ വന്‍ശക്തികളുടെ കോളനിയായിരുന്നതിനാല്‍, ക്യൂബയുടെ ജീവിതത്തിലും കലയിലുമൊക്കെ അതിന്റെ അടയാളങ്ങള്‍ തെളിഞ്ഞു കാണാം. മായികമായ ഒരു പ്രലോഭനമായി തൊട്ടടുത്തു സ്ഥിതിചെയ്യുന്ന അമേരിക്കയിലേയ്ക്കുള്ള ക്യൂബന്‍ പൌരന്റെ നിരന്തരമായ കുടിയേറ്റവും ഒരു വലിയ സ്വാധീനം തന്നെയാണ്. ഒരു വശത്ത്, കമ്യൂണിസ്റ്റുഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ കര്‍ശനമായ നിഷേധം; മറുഭാഗത്ത്, അമേരിക്കയുടെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന, അത്യന്തം വിനാശകരമായ സാംസ്കാരികാധിനിവേശം.! ഈ രണ്ടു വെല്ലുവിളികളെയും ഒരുപോലെ ചെറുത്തു കൊണ്ടാണ്, തനതുദേശീയതയിലും സംസ്കാരത്തിലുമൂന്നിയ ആധുനിക ക്യൂബയുടെ കലയും സാഹിത്യവും സംഗീതവുമൊക്കെ വളര്‍ന്നുവന്നത്.

100 വര്‍ഷം പിന്നിടുന്ന ക്യൂബന്‍ സിനിമാചരിത്രത്തിലെ സുവര്‍ണ്ണകാലം 1960-കളില്‍ തന്നെ തുടങ്ങിയിരുന്നു. വിപ്ളവാനന്തരം, സര്‍ക്കാരിന്റെ കീഴില്‍ത്തന്നെ ആരംഭിച്ച ചലച്ചിത്രപഠനകേന്ദ്രം, നല്ല സിനിമയുടെ നിര്‍മ്മാണത്തിനും ആസ്വാദനത്തിനും അവസരമൊരുക്കി. തോമസ് ഏലിയ, ഹംബെര്‍ടോ സോലസ് തുടങ്ങിയ മഹാരഥന്മാര്‍ നവസിനിമയുടെ വ്യാകരണവും സൌന്ദര്യശാസ്ത്രവും ക്യൂബയിലുമെത്തിച്ചു. 'ഏലിയ'യുടെ 'മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ് (1968) എക്കാലത്തെയും മികച്ച ലോകസിനിമകളിലൊന്നാണ്.!

സമകാലിക ക്യൂബന്‍ സിനിമാരംഗത്തെ പ്രമുഖ സംവിധായകനായ 'യുവാന്‍ കാര്‍ലോസ് ക്രിമേറ്റാ' (Juvan Carlos Cremata) യുടെ 2005-ല്‍ റിലീസ് ചെയ്ത 'വിവാ ക്യൂബ' എന്ന ചിത്രം, ഫിദല്‍ കാസ്ട്രോയുടെ ക്യൂബ വിട്ടുപോകാന്‍ മടിക്കുന്ന മാലുവെന്ന 12 വയസ്സുകാരിയുടെയും അവളുടെ ഉറ്റസുഹൃത്തും അയല്‍ക്കാരനുമായ ജോര്‍ജിയുടെയും കഥ പറയുന്നു..!

മാലു ക്യൂബയെ അതിരറ്റു സ്നേഹിക്കുന്നു എന്നു പറയുമ്പോള്‍ ആരും തെറ്റിദ്ധരിക്കേണ്ടതില്ല; ക്യൂബന്‍ വിപ്ളവത്തോടുള്ള ആഭിമുഖ്യമല്ല, ഈ സ്നേഹത്തിനു കാരണം. പിന്നെയോ? അവള്‍ക്കേറ്റവും പ്രിയപ്പെട്ട സ്കൂളും, കൂട്ടുകാരുമുള്ള ഇടം; അവളുടെ എല്ലാമായിരുന്ന മുത്തശ്ശിയുടെ അന്ത്യവിശ്രമസ്ഥലം..ഇതൊക്കെയാണ്. എന്നാല്‍, വിവാഹമോചിതയായ മാലുവിന്റെ അമ്മയെ സംബന്ധിച്ച്, ഇനിയുള്ള ക്യൂബയിലെ ജീവിതം ഏറെക്കുറെ നരകതുല്യമാണ്. എത്രയും നേരത്തെ, അവിടെ നിന്നു പുറത്തുകടക്കാന്‍ അവര്‍ തയ്യാറെടുത്തു കഴിഞ്ഞു..മാലുവിനാകട്ടെ, തന്റെ ഹൃദയതാളമായിത്തീര്‍ന്ന സുഹൃദ്ബന്ധങ്ങളെയും മുത്തശ്ശിയുടെ ദീപ്തസ്മരണകളെയും ഉപേക്ഷിക്കാന്‍ വയ്യ.!

പൂമുഖവാതിലില്‍, വലിയ അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതു പോലെ, മാലുവിന്റേത് ദൈവത്തിന്റെ സ്വന്തം ഭവനമാണ്..! ആത്മമിത്രമായ ജോര്‍ജിയുടെ അയല്‍വീടാകട്ടെ, ഫിദലിന്റെ സ്വന്തവും..! എന്നാല്‍, ഈ ആശയവൈരുദ്ധ്യമൊന്നും നമ്മുടെ കഥാനായികയുടെയും നായകന്റെയും ഗാഢസൌഹൃദത്തിന് ഒരു തടസ്സമേയല്ല.! വീടിന്റെ മട്ടുപ്പാവിലിരുന്ന്, മാലു നേരിടുന്ന 'സ്വത്വപ്രതിസന്ധി'യെപ്പറ്റി അവര്‍ വിശദമായ ചര്‍ച്ചയിലേര്‍പ്പെടുന്നു..പടിഞ്ഞാറെ ചക്രവാളത്തിലെ അസ്തമയശോണിമ മാലുവിന്റെ വിഷാദം നിറഞ്ഞ മനസ്സിന്റെ കണ്ണാടിയായി മാറുന്ന മനോഹരസീക്വന്‍സ്.. ഒപ്പം, ജോര്‍ജിയുടെ സംഭാഷണങ്ങളില്‍ പ്രകടമാവുന്ന രക്ഷിതാവിന്റെ കപടഗൌരവം പ്രേക്ഷകനില്‍ ചിരിയുണര്‍ത്തുന്നു...ഒടുവില്‍, അവര്‍ ഒരു കടുത്ത തീരുമാനത്തിലെത്തുന്നു; വീട്ടില്‍ നിന്ന് ഒളിച്ചോടുക.! ഹവാനയില്‍ നിന്നു ക്യൂബയുടെ കിഴക്കേ മുനമ്പിലുള്ള 'മെയ്സി'യിലെത്തി അവിടെ ഒരു ലൈറ്റ്ഹൌസില്‍ ജോലി ചെയ്യുന്ന മാലുവിന്റെ അച്ഛനെ കണ്ടുപിടിക്കുക; അമ്മയുടെ കുടിയേറ്റത്തിനുള്ള സമ്മത പത്രത്തില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെടുക..പിറ്റേന്ന്, സ്കൂളിലേയ്ക്കെന്ന നാട്യത്തില്‍ നല്ല കുട്ടികളായി വീട്ടില്‍ നിന്നു പുറപ്പെടുന്ന അവര്‍ അച്ഛനെത്തേടി യാത്രയാരംഭിക്കുന്നതോടെ, രസകരമായ ഒരു 'തെരുവുസിനിമ'യുടെ ചുരുള്‍ നിവരുകയായി..!

പല ദേശങ്ങളിലൂടെയും ചുറ്റിസഞ്ചരിച്ച്, ഒടുവില്‍ മാലുവിന്റെ പിതാവിനെ കണ്ടെത്തുന്നതു വരെയുള്ള ഇരുവരുടെയും സാഹസികമായ യാത്രാസന്ദര്‍ഭങ്ങളാണ് 'വിവാ ക്യൂബ'യുടെ മുഖ്യപ്രതിപാദ്യം. ആവശ്യത്തിനുള്ള പണമോ ഭക്ഷണമോ ഒന്നുമില്ലെങ്കിലും, സഹജമായ ബുദ്ധിസാമര്‍ത്ഥ്യവും, കൌശലവുമുപയോഗിച്ച്, യാത്രയിലെ പ്രതിസന്ധികള്‍ ഒന്നൊന്നായി അവര്‍ അതിജീവിക്കുന്നു. മുതിര്‍ന്നവരില്‍ നിന്നു വ്യത്യസ്തമായി, കാര്യങ്ങളെ അതീവലാഘവത്തോടെ കാണുന്ന കുട്ടികളുടെ നിര്‍ദ്ദോഷമായ കുസൃതികള്‍ നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. കുരുന്നുകളുടെ മാനസികലോകത്തിന്റെ മായികമായ മനോഹാരിത പ്രതിഫലിക്കുന്ന സ്വപ്നസന്നിഭമായ കാഴ്ചകള്‍.!

കുട്ടികളെ കാണാതായതോടെ, ഇരുവീട്ടുകാര്‍ക്കുമിടയിലെ വൈരത്തിന്റെ മഞ്ഞുരുകുന്നു. പോലീസിന്റെ സഹായത്തോടെ കുട്ടികളെ കണ്ടുപിടിക്കാന്‍ അവരും ഇറങ്ങിത്തിരിക്കുകയാണ്. അന്വേഷണം ഊര്‍ജിതമായതോടെ, രണ്ടുപേരുടെയും ഫോട്ടോയും വാര്‍ത്തയും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഓരോ ഘട്ടത്തിലും പിടിയിലാകും മുമ്പ്, അതിവിദഗ്ദ്ധമായി അവര്‍ രക്ഷപ്പെടുന്നു. ഒടുവില്‍, ഒരു വനപ്രദേശത്ത് ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന യുവാവിനെ കണ്ടുമുട്ടുന്നു. സംഗതിയുടെ ഗൌരവം മനസ്സിലാക്കി, അയാള്‍ സ്വന്തം വാഹനത്തില്‍, അവരെ മാലുവിന്റെ അച്ഛനു സമീപം എത്തിക്കുകയാണ്. എന്നാല്‍ അതിനു മുമ്പുതന്നെ, ഇരുവരുടെയും അമ്മമാര്‍ അവിടെ എത്തിപ്പെട്ടിരുന്നു. അച്ഛനോടൊപ്പം തന്റെ അമ്മയെക്കണ്ട് മാലു അമ്പരക്കുന്നു.! വികാരനിര്‍ഭരമായ പുന:സ്സമാഗമത്തിന്റെ അപൂര്‍വനിമിഷം..! എന്നാല്‍, അടുത്ത മാത്രയില്‍ത്തന്നെ, ഇരുവീട്ടുകാരും തമ്മിലുള്ള കലഹം പുനരാരംഭിക്കുകയായി..! നിസ്സഹായരായ മാലുവും ജോര്‍ജിയും ഒരിക്കല്‍ക്കൂടി, സ്വാതന്ത്ര്യത്തിന്റെ തുറന്ന ലോകത്തിലേയ്ക്കു രക്ഷപ്പെടുകയാണ്..!!

കര്‍ശനമായ രാഷ്ട്രീയപശ്ചാത്തലമുള്ള ക്യൂബയില്‍ നിന്ന് തീര്‍ത്തും 'അരാഷ്ട്രീയ'മായ ഇത്തരമൊരു സിനിമ എങ്ങനെയുണ്ടായി എന്നു സംശയിക്കാന്‍ വരട്ടെ..! കൂട്ടികളുടെ പ്രസാദാത്മകമായ ലോകം മാത്രമേ സിനിമയുടെ ഫ്രെയിമിന്റെ പരിധിയില്‍ നാം കാണുന്നുള്ളുവെങ്കിലും നര്‍മ്മത്തില്‍ പൊതിഞ്ഞ അതിന്റെ പുറന്തോടിനുള്ളിലേയ്ക്കു സൂക്ഷിച്ചുനോക്കിയാല്‍, ഈ 'അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയം' കുറച്ചൊക്കെ വെളിപ്പെടുന്നതാണ്.!

മാലുവിന്റെയും, ജോര്‍ജിയുടെയും കുടുംബങ്ങള്‍ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും കൃത്യമായ രണ്ടു ധാരകളെ പ്രതിനിധാനം ചെയ്യുമ്പോള്‍ത്തന്നെ, രണ്ടിടത്തും ഒരേപോലെ പ്രകടമായിക്കാണുന്ന സവിശേഷത സ്നേഹരാഹിത്യമാണെന്നു കാണാം. വിശ്വാസിയായിരിക്കെത്തന്നെ, സ്വന്തം ജീവിതപങ്കാളിയുമായുള്ള വിവാഹമോചനം ഒഴിവാക്കുവാന്‍ പോലും മാലുവിന്റെ അമ്മയ്ക്കു കഴിയുന്നില്ല.! മാലുവും ജോര്‍ജിയുമടങ്ങുന്ന മൂന്നാമത്തെ ധാരയാവട്ടെ, യാതൊരു വിലക്കുകളുമില്ലാതെ, ലോകത്തെ തുറന്ന സമീപനത്തോടെ വീക്ഷിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാല്‍, ഈ മൂന്നു മനോഭാവങ്ങളെയും തികച്ചും നിസ്സംഗമായി നോക്കിക്കാണുന്ന സംവിധായകന്റെ മൌലികവും മാനവികവുമായ ചിന്താധാരയാണ് ഈ സിനിമയെ സാര്‍വലൌകികമായ ഒരു നവ്യാനുഭവമാക്കി മാറ്റുന്നത്.!

കമ്യൂണിസ്റുക്യൂബയില്‍ നിന്ന് അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ അന്വേഷിക്കുകയല്ല; മറിച്ച്, ആഗോളമായിത്തന്നെ നിലനില്‍ക്കുന്ന ഈ പ്രമേയപരിസരത്തെ തന്റെ സ്വന്തം 'പേഴ്സണല്‍' സിനിമയായി അവതരിപ്പിക്കുകയാണു സംവിധായകന്‍ ചെയ്യുന്നത്.! ക്യൂബയുടെ സവിശേഷമായ രാഷ്ട്രീയ/സാമൂഹ്യ സാഹചര്യങ്ങളെ ചിത്രത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നതും ഇതുകൊണ്ടു തന്നെയത്രേ. മാത്രമല്ല, ഭരണസംവിധാനത്തിന്റെ ചട്ടക്കൂടില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പ്രാണവായു തേടിയുള്ള ഒരു കുതറിമാറല്‍ കൂടിയാണീ ചലച്ചിത്രം എന്നു പറയാം.! കമ്യൂണിസ്റ്റായിത്തീരാതെ, ഒരു മനുഷ്യനെന്ന നിലയില്‍ത്തന്നെ രാജ്യസ്നേഹവും ദേശാഭിമാനവും നിലനിര്‍ത്താനാവുമെന്നും സംവിധായകന്‍ പരോക്ഷമായി സൂചിപ്പിക്കുന്നു.! ക്രിയാത്മകതയിലും മാനുഷികമൂല്യങ്ങളിലുമൊക്കെ, മറ്റേതൊരു രാജ്യത്തെക്കാളും സമ്പന്നമാണു ക്യൂബയെന്നും ഈ സിനിമയിലെ പാത്രസൃഷ്ടികളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.!

പ്രത്യയശാസ്ത്രബാധ്യതകളൊന്നുമില്ലാതെ, ശിശുക്കളെപ്പോലെ തികച്ചും നിരുപാധികമായി ലോകത്തോടു സംവദിക്കൂ; അങ്ങനെ, ജീവിതത്തെ ഒരാഘോഷമാക്കി മാറ്റൂ എന്ന് ഈ ചിത്രം ഉദ്ഘോഷിക്കുന്നു. ഒരു മുദ്രാവാക്യത്തിന്റെയും പിന്തുണയില്ലാതെ സരളമധുരമായ ദൃശ്യഭാഷ മാത്രം ഉപയോഗിച്ച്, ഈ സിനിമ ലോകസമൂഹത്തോടു വിളിച്ചു പറയുന്ന സന്ദേശവും അതുതന്നെ..!

1 comment:

ശ്രീ said...

പോസ്റ്റ് നന്നായി