Monday, September 8, 2014

മുന്നറിയിപ്പ്, ഒരു പുനർവായന



 













മീഡിയോക്കർ എന്ന പദമായിരുന്നു പ്രകോപനം. അത് സിനിമയെ ഒരിക്കൽക്കൂടി റീവൈൻഡ് ചെയ്തുകാണാൻ പ്രേരിപ്പിച്ചു. മുഖ്യധാരയുമായി ഇടഞ്ഞുനിന്നുകൊണ്ട് വ്യത്യസ്തമായ സമീപനത്തിൽ നിർമ്മിച്ചതാണെന്ന കാര്യത്തിൽ തർക്കമുണ്ടാവാൻ വഴിയില്ല. പാട്ടില്ല. പ്രണയമില്ല. ഇതു രണ്ടുമില്ലാത്ത പടങ്ങൾ മലയാളത്തിൽ ഓർത്തെടുക്കാൻ പാടാണ്. പെട്ടിയിൽ കാശുവീഴാനുള്ള മറ്റു ചേരുവകളുമില്ല. ഇതുകൊണ്ടൊന്നും നല്ല പടമാകില്ല എന്നറിയാം. എന്നാൽപ്പിന്നെ ഈ മീഡിയോക്കർ സിനിമയുടെ സ്ഥലവും കാലവും ഒരിക്കൽക്കൂടി വായിച്ചുനോക്കാമെന്നുവെച്ചു.

നാല്പതുകളിൽ രാഷ്ട്രീയത്തടവുകാരനായിരുന്ന മതിലുകളിലെ ബഷീറിന്റെ ഫിലോസഫി രാഘവനിലുണ്ട്. കയ്യൊപ്പിലെ ബാലചന്ദ്രന്റെ നിസ്സംഗതയുമുണ്ട്. രണ്ടുപേരും എഴുത്തുകാരാണ്. രാഘവനും ചിലതൊക്കെ എഴുതുന്നുണ്ട്. എഴുതുന്നതെന്തായാലും അത് അയാളുടെ ആത്മാവിന്റെ ഭാഗമാണ്. ബഷീറിന്റെ സ്വാതന്ത്ര്യബോധം രാഘവനിലും കാണാം. ബഷീറിനെപ്പോലെ അയാളും ജയിൽജീവിതം ആസ്വദിക്കുന്നുണ്ട്.. ആർക്കുവേണം ഈ സ്വാതന്ത്ര്യം എന്നാണ് റിലീസ് ചെയ്യുമ്പോൾ ബഷീർ ചോദിക്കുന്നത്. രാഘവനാവട്ടെ തന്റെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ ഒരു കുറ്റം ചെയ്തുകൊണ്ട് ജയിലിലേക്കുതന്നെ രക്ഷപ്പെടുന്നു. പുറംലോകം ഒരു തുറന്ന ജയിലാണെന്ന ബഷീറിന്റെ തത്വമാണ് രാഘവനും പിൻപറ്റുന്നത്. ഒരുവേള, അയാൾ ഒരടികൂടി മുന്നോട്ടുപോകുന്നുണ്ട്. ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ളവമുണ്ടായാൽ ചോര വീഴുമെന്ന് അയാൾ പറയുന്നത് ഒട്ടും സന്ദേഹമില്ലാതെയാണ്. അഞ്ജലി അറയ്ക്കൽ എന്ന പത്രപ്രവർത്തകയുടെയും കോർപ്പറേറ്റ് ഭീമന്മാരുടെയും അത്യാഗ്രഹങ്ങൾക്കു മുന്നിൽ പണയം വെയ്ക്കാനുള്ളതല്ല അയാൾക്കു ജീവിതം. പേനയും കടലാസും കൊടുത്ത് എഴുതാൻ പറഞ്ഞാൽ എഴുതിത്തീർക്കാവുന്നതുമല്ല. സോ, അയാൾ തന്റെ നിസ്സംഗതയുടെ ഭാഷ ഉപയോഗിച്ചുതന്നെ കൊല്ലുന്നു. സ്വാതന്ത്ര്യം വീണ്ടെടുക്കുന്നു. ഇങ്ങനെയാണ് ഞാൻ സിനിമയെ മനസ്സിലാക്കിയത്. ‘മലയാളിയുടെ ജിവിതപ്രതിസന്ധിയാണ് അവന്റെ ഭാഷാപ്രതിസന്ധി’യെന്ന് ശ്രീ കെ. ആർ. ടോണി ഇന്നലെ എഴുതിയതു വായിച്ചപ്പോൾ ഒട്ടും യാദൃശ്ചികമല്ലാതെ ഈ മനുഷ്യനെ ഓർക്കുകയും ചെയ്തു.

കാലത്തിൽ നിന്നടർന്നു മാറാൻ ഒരു കലാകാരനു കഴിയില്ല. എന്നാലിത് ഒത്തുതീർപ്പുകളുടെ കാലമാണ്. ഏറ്റവും പുതിയ രാഷ്ട്രീയ സിനിമയെടുക്കുന്നവരും ചതുരവടിവിൽ ഒരു പ്രണയം എഴുതിച്ചേർക്കുന്ന കാലം. നിരുപാധികതയ്ക്ക് എവിടെയും നേരിടാനുള്ളത് പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ്. ഒരു ദേശത്തിന്റെ, ജനതയുടെ തനതുസാംസ്കാരികധാരകളെല്ലാം വറ്റിപ്പോകുന്ന ഒരു കോർപ്പറേറ്റ് കാലത്തിന്റെ വക്കിൽ നിന്നുകൊണ്ടാണ് നമ്മൾ ഇതെല്ലാം പുലമ്പുന്നത്. ഉപരിതലത്തിൽ ജീവിച്ചുകൊണ്ട് ആഴങ്ങളെ സ്വപ്നം കാണാൻ കഴിയുമോ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. അവിടെയാണ് outstanding സിനിമയിൽ നിന്ന് mediocre സിനിമയിലേക്കുള്ള വഴികൾ ആരംഭിക്കുന്നതെന്നു തോന്നുന്നു. ഈ മീഡിയോക്കർ സിനിമകളെങ്കിലും ഇതുപോലെ നിലനിൽക്കാനിടയാവട്ടെ എന്നു വെറുതെ ആഗ്രഹിക്കുന്നു.

സപ്തമശ്രീ തസ്കര:



 










വിനോദം ഒരു മോശം കാര്യമല്ല. സംഘർഷം ലോകസ്വഭാവമായി മാറുന്ന ഒരു കാലത്ത് അത് മുറിവുണക്കുന്ന ഔഷധവുമാണ്. പക്ഷേ, എന്തുചെയ്യാം? മുറിവൈദ്യന്മാരുടെ പറുദീസയാണ് സിനിമാലോകം. നന്നായി മാർക്കറ്റ് ചെയ്യാവുന്ന ഒരു മൂല്യം തന്നെയാണ് നർമ്മം. എന്നാൽ മർമ്മമറിയുന്നവർക്കു മാത്രം നല്ല ഫലങ്ങൾ ലഭിക്കുന്നു. ഒപ്പം പ്രേക്ഷകന് അനല്പമായ ആഹ്ളാദവും. ഇത്രയൊക്കെയുണ്ടോ എന്നു ചോദിച്ചാൽ അത്രയ്ക്കൊന്നുമില്ല. ഒരോളത്തിനങ്ങു പറഞ്ഞുപോയതാണ്. ഇല്ലേ എന്നാണെങ്കിൽ ഉണ്ട്. പഴകിത്തേഞ്ഞ വഷളൻ പ്രമേയങ്ങൾക്കിടയിൽ ഒരു പുതിയ വിഷയം. അലക്കിത്തേച്ച പോലീസുകാരുടെ പതിവുബഹളത്തിനിടയിൽ നന്നെ മുഷിഞ്ഞ ഏഴു കള്ളന്മാർ. ഇക്കിളിയിടാതെ ചിരിക്കാനുതകുന്ന ഇത്തിരി ശുദ്ധഹാസ്യം. ശുദ്ധഗതികൊണ്ട് മിക്കവാറും പിടിക്കപ്പെടുന്ന ഇവർ തൃശൂർക്കാരും കൂടിയായാലോ? പെട്ടു.

അവതരണത്തിലുമുണ്ട് രസങ്ങൾ. കഥയമമ കഥയമമ എന്നൊരു പറച്ചിൽശൈലിയുണ്ട്. നന്മതിന്മകൾ തമ്മിൽ നടക്കുന്ന പുരാതനമായ ആ ചതുരംഗമുണ്ടല്ലോ, അതുതന്നെയാണ് ഇന്നും നമ്മുടെ സിനിമയിലെ അണ്ടർകറന്റ്. ഈ കളിയാണ് സിനിമയിൽ വൈരുദ്ധ്യവും ഒപ്പം സൌന്ദര്യവും നിറയ്ക്കുന്നത്. പരമ്പരാഗതമായ ഈ ചതുരവടിവിൽ നിന്നെല്ലാം ലോകസിനിമ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഭാഗ്യവശാൽ നമ്മളതൊന്നും അറിഞ്ഞിട്ടില്ല. പിന്നൊരുകാര്യം. ലോജിക്കിന്റെ ചൂരൽവടിയുമായി തീയേറ്ററിൽ പോയിരിക്കരുത്. ആ കാലമെല്ലാം പോയി. മെലോഡ്രാമയും ഫാന്റസിയും സെന്റിമെന്റുമെല്ലാം ഇപ്പോൾ സിനിമയുടെ സങ്കേതങ്ങളാണ്. പ്രമേയമല്ല ടോട്ടൽ ലൈഫാണ് പ്രധാനം. കഥയല്ല ഫീലാണ് മുഖ്യം.

തുല്യ പ്രാധാന്യമുള്ള ഏഴുകഥാപാത്രങ്ങൾ ഒരേസമയം ഫ്രെയിമിൽ വരുന്നതിനാൽ നാട്യപ്രധാനമാണ്. നിലനിൽപ്പിന്റെ കൂടി കളിയായതിനാൽ ഏഴു കള്ളന്മാരും മത്സരിച്ചഭിനയിക്കുന്നുണ്ട്. ആസിഫും പൃഥ്വിയുമുണ്ടെങ്കിലും ചെമ്പനാണ് താരം. ആ തന്മയീഭാവം കണ്ടുതന്നെ അറിയേണ്ടതാണ്. നീരജ് എന്ന നടനെയും ഈ സിനിമ കൃത്യമായി കണ്ടെടുക്കുന്നുണ്ട്. ഓണക്കാലത്ത് റിലീസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ സംവിധായകൻ ബോധപൂർവം മറന്നിട്ടുണ്ട്. എന്നാൽ സാന്ദർഭികമായി ഒരു പുലിയിറക്കവും ഓണത്തല്ലും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിലനേരങ്ങളിൽ അല്പമൊരു ലാഗ് ഫീൽ ചെയ്തെങ്കിലും ഇടയ്ക്കിടെ നല്ല ട്വിസ്റ്റുകളുമുണ്ട്. നർമ്മത്തിനിടെ സമകാലികമായ ജീവിതചിന്തകളുമുണ്ട്. ഇത്രയൊക്കെയേയുള്ളു. പിന്നെ, ഒരുപാടൊന്നും ങ്ങട് പറയാനും പാടില്ല. പടം റിലീസാണിഷ്ടാ.!