Sunday, September 1, 2013

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

ഇടതിന്റെ വലതുവ്യതിയാനങ്ങൾ മലയാളസിനിമയിൽ ഒരു പുതിയ പ്രമേയമല്ല. പാടിപ്പതിഞ്ഞ ആ പാട്ട് ഒരിക്കൽക്കൂടി പാടാൻ ഒരു പടത്തിന്റെ ആവശ്യവുമില്ല. പിന്നെന്തുകൊണ്ട് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന ചോദ്യത്തിന് ഈ സിനിമ നൽകുന്ന മറുപടി വിപ്ലവത്തിന്റെ ഉറവിടം കുടുംബമാണെന്നാണ്. ബാല്യവും ജനിതകഘടകങ്ങളുമാണ് മനുഷ്യനെ ആത്യന്തികമായി നിർണ്ണയിക്കുന്നതെന്ന് അതു വിശദീകരിക്കുന്നു. ഈ ആശയത്തെ വ്യത്യസ്തരായ മൂന്നു മനുഷ്യരിലൂടെ അവതരിപ്പിക്കുന്നു. ബാല്യം (1969) മുതൽ നടപ്പുകാലം വരെ അവരെ അനുധാവനം ചെയ്യുന്നു. കൈതേരി സഹദേവൻ, ചെഗുവേര റോയ്, വട്ടു ജയൻ എന്നീ മൂന്നുകഥാപാത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന സിനിമ ബാല്യകാലാനുഭവങ്ങളും പാരമ്പര്യവും മനുഷ്യനെ എങ്ങോട്ടെല്ലാം വലിച്ചുകൊണ്ടുപോകുന്നുവെന്നു പറയുന്നു.

ഇതോടൊപ്പം, റോയിയെയും സഹദേവനെയും ഇരുധൃവങ്ങളിലാക്കി മുഖ്യധാരാഇടതുപക്ഷത്തിന്റെ സമീപനങ്ങളെ വിമർശിക്കുന്നതാണ് സിനിമയെ പ്രതിരോധത്തിലാക്കിയത്. പിരിഞ്ഞുപോയവരോടുള്ള ശത്രുതാപരമായ സമീപനത്തെയും ഉന്മൂലനത്തെയും എതിർക്കുന്നുണ്ട്. ചടുലമായ ജീവിത മുഹൂർത്തങ്ങളും സംഭാഷണങ്ങളുമുണ്ട്. ഭയമെന്ന വികാരത്തെ കൃത്യമായി ദൃശ്യവൽക്കരിക്കുന്നുണ്ട്. കഥാപാത്രങ്ങളെ യുക്തിഭദ്രമായി പിന്തുടരുന്നുണ്ട്. അഭിനേതാക്കൾ അവരെ കൃത്യമായി വ്യാഖ്യാനിക്കുന്നുണ്ട്. ഹരീഷ് പേരാടി എന്ന നടൻ പലപ്പോഴും അഭിനയമികവിനാൽ, പ്രതിനായകനിൽ നിന്നു നായകനായി വേഷം മാറുന്നുണ്ട്. മനുഷ്യനായിരിക്കണം മുഖ്യമാനദണ്ഡമെന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട്. എല്ലാം നന്നായിരിക്കുന്നു പക്ഷേ, ഹിംസയെ നഖശിഖാന്തം എതിർക്കുന്ന സിനിമ ഒടുവിൽ ഇതേ ആലയത്തിൽത്തന്നെ തലയടിച്ചുവീഴുന്ന കാഴ്ച ഹൃദയഭേദകമാണ്. അതുവരെയുള്ള സിനിമയെ റദ്ദുചെയ്യുന്ന ഈ ക്ലൈമാക്സ് സിനിമയുടെ രാഷ്ട്രീയത്തെ നിന്നനിൽ‌പ്പിൽ ഇല്ലാതാക്കുന്നു.!

ഉള്ളടക്കം എത്ര മികച്ചതായാലും സിനിമയെ സിനിമയാക്കുന്നത് ട്രീറ്റ്മെന്റിലെ പുതിയ രീതികൾ തന്നെയാണ്. മികച്ച എഡിറ്റർകൂടിയായ അരുൺകുമാറിന്റെ കത്രിക വിദഗ്ദ്ധമായി ചലിച്ചിരുന്നെങ്കിൽ സിനിമയുടെ ശില്പം കൂടുതൽ മികച്ചതാവുമായിരുന്നു. റോയ് ജോസഫിനെ വിശദമായി അവതരിപ്പിച്ചതിനുശേഷം, ആശുപത്രിക്കിടക്കയിലായ അദ്ദേഹത്തിന്റെ ഫ്ലാഷ്ബാക്ക് ഒരിക്കൽക്കൂടി ആവർത്തിച്ചത് കല്ലുകടിയായി. സഖാവിന്റെ മൃതദേഹത്തിൽ സമർപ്പിക്കപ്പെട്ട സംഘടനാനേതാവിന്റെ ‘പേരെഴുതിയ’ റീത്ത് സ്കൂൾനാടകത്തെപ്പോലും തോൽ‌പ്പിക്കുന്ന അമച്വർ സ്വഭാവം പ്രദർശിപ്പിക്കുന്നു. വട്ടുജയനെ വിശദീകരിക്കുന്ന ഒരു ഗാനരംഗം കൂടി കട്ട് ചെയ്യാമായിരുന്നു. ചുരുക്കത്തിൽ ‘ഈ അടുത്ത കാലത്തി’ൽ കണ്ട മികച്ച മേക്കിംഗും പരിചരണത്തിലെ പുതുമകളും പുതിയ തീരങ്ങളിലേക്കു സഞ്ചരിക്കുന്നില്ല എന്നത് അല്പം നിരാശയുണ്ടാക്കി.

സൃഷ്ടി കഴിയുന്നതോടെ, സ്രഷ്ടാവിന്റെ പണി കഴിഞ്ഞെന്നും പിന്നീട് അതിൽനിന്നു വിടുതൽ നേടണമെന്നുമാണു വിവരമുള്ളവർ പറയുന്നത്. അതുപോലെ തന്നെ, ആസ്വാദനത്തിന്റെ പൂർണ്ണതയ്ക്കും സൃഷ്ടിയിൽ നിന്നുള്ള വൈയക്തികമാ‍യ ഒരകലം അവശ്യമാണ്. കല കല മാത്രമാണെന്നും ജീവിതത്തിന്റെ തനിപ്പകർപ്പല്ലെന്നും മനസ്സിലാക്കി അതിലെ സാർവലൌകികമായ രസഭാവങ്ങൾ ദർശിക്കാനുള്ള ഒരു വിവരം ആസ്വാദകനും ആർജ്ജിക്കേണ്ടതുണ്ട്. ഇതു രണ്ടും സ്വാഭാവികമായി സംഭവിക്കുമ്പോഴാണ് ഏതൊരു ദേശത്തിന്റെയും കലാരംഗം പൂർണവളർച്ചയെത്തി വിപ്ലവത്തിനു പാകമാവുന്നത്. കാലികരാഷ്ട്രീയത്തിന്റെ പരിസരങ്ങൾ മറന്നുകൊണ്ടും ഈ സിനിമയെ കണ്ടുനോക്കാവുന്നതാണ്. ഒരുവേള, സ്ഥലവും കാലവുമില്ലാത്ത കലയുടെ സൌന്ദര്യത്തിലേയ്ക്ക് ഒരു കിളിവാതിൽ തുറന്നുകിട്ടാനിടയുണ്ട്.!