‘നിഷ്കളങ്കതയെക്കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതൽ.’ ഇതാണ് സിനിമയുടെ തലവാചകം. അപരനോടുള്ള കരുതൽ അസംഭാവ്യതയായി മാറിക്കഴിഞ്ഞ ഒരു കാലത്ത് സ്റ്റീവ് എന്ന കഥാപാത്രം പുതിയ യുവാവിനെ ആകർഷിക്കുന്നില്ല എന്നതിൽ വിശേഷിച്ച് ഒന്നുമില്ല. എന്നാൽ എന്തോ ഉണ്ട്. ആ ഇല്ലായ്മ, ശൂന്യത അയാളുടെ പ്രശ്നമല്ല. എന്നാൽ, എന്റെയും നിങ്ങളുടെയും പ്രശ്നമാണ്. നീതിയെ സംബന്ധിച്ച പ്രശ്നങ്ങൾ ഒട്ടുമേ അലട്ടാത്ത ഒരു സമൂഹം പിന്നെന്തിനുവേണ്ടി പുലരുന്നു എന്നു ചോദിച്ചാൽ, തിന്നാനും കുടിയ്ക്കാനും രമിക്കാനുമെന്ന അതിലളിതമായ ഒരുത്തരമാണ് കിട്ടുക. അതു തന്നെയാണു സത്യവും.
സ്റ്റീവ് എന്ന യുവാവ് ഒരു സംഭാവ്യതയല്ല എന്നു ഭൂരിപക്ഷം പ്രേക്ഷകരെയും പോലെ വേണമെങ്കിൽ നിങ്ങൾക്കും തീരുമാനിക്കാം. പക്ഷേ, കലാകാരൻ റിയാലിറ്റിയുടെ മാത്രം പ്രതിനിധിയല്ല. അയാൾ ഭാവനയുടെയും ഫാന്റസിയുടെയും കൂടി ആളാണ്. രാജീവ് രവി എന്ന കലാകാരൻ തന്റെയുള്ളിലെ മനുഷ്യപ്പറ്റെല്ലാം ചേർത്തുവച്ച് സ്റ്റീവ് ലോപ്പസ് എന്നൊരു കഥാപാത്രത്തെ നിർമ്മിക്കുന്നു. നീതിയെ സംബന്ധിച്ച സമസ്യകൾ അയാളെയും അയാൾ സമസ്യകളെയും എങ്ങനെയൊക്കെ പിന്തുടരുന്നു എന്നു നിരീക്ഷിക്കുന്നു. അയാൾ നിൽക്കുന്ന, നടക്കുന്ന സ്ഥലത്തെയും സമയത്തെയും കൃത്യമായി രേഖപ്പെടുത്തുന്നു. മനുഷ്യനെപ്പറ്റിയുള്ള തന്റെ ആശങ്കകൾ ലോകത്തോടു പങ്കുവെയ്ക്കുന്നു. യുക്തിഭദ്രമായ, നിരുപാധികമായ ആ ഷെയറിംഗ് ദാർശനികമായ തന്റെ കണ്ടെത്തലാക്കി മാറ്റുകയും ചെയ്യുന്നു.
സിനിമയെക്കാൾ, എന്നെ ചിന്തിപ്പിച്ചത് അതിലെ സത്യത്തോടുള്ള കാണികളുടെ ഉദാസീനതയാണ്. വരുംകാലത്തെക്കുറിച്ചുള്ള അതിന്റെ ദുരന്തസൂചനകളാണ്. ക്ഷമിച്ചേക്കാം. അവസാനം ഹരിയുടെ അവശേഷിച്ച വസ്തുവകകൾ ഭാര്യയെ മടക്കിയേൽപ്പിച്ച് ആശ്വസിക്കുന്ന സ്റ്റീവിനെപ്പോലെ ഒരുവേള, സംവിധായകനും ആശ്വസിക്കുന്നുണ്ടാവാം. തന്റെ മനസ്സിലെ ഭാരത്തെ പ്രേക്ഷകനു കൈമാറി അയാൾ നിശ്വാസമുതിർക്കുന്നുണ്ടാവാം. തന്റെ ജോലി ചെയ്തു; ഇനി ലോകം തള്ളുകയോ കൊള്ളുകയോ ചെയ്യട്ടെ എന്നു കരുതുന്നുണ്ടാവാം. എനിവേ, ജീവിക്കുന്ന കാലത്തോട് ഇത്രമേൽ ദൃശ്യപരമായി പ്രതികരിച്ച ഒരു മനുഷ്യന് കാലഹരണപ്പെട്ട മറ്റൊരു മനുഷ്യന്റെ ദുർബലമായ ഹാറ്റ്സ് ഓഫ്.!