ചരിത്രമെന്നത്
ഒരു സവർണ്ണനിർമ്മിതിയാണെന്ന സത്യം പണ്ടേ അറിയാമെങ്കിലും അതിന്റെ കൊടുംക്രൂരതകൾ
പരസ്യമായിപ്പറയാൻ നമുക്കിപ്പോഴും പേടിയാണ്. അപ്രിയസത്യത്തോടുള്ള പരമ്പരാഗതമായ ഭയം.
ചാരത്തിൽ മൂടിക്കിടന്ന ജെ.സി. ഡാനിയലിന്റെയും പി.കെ.റോസിയുടെയും ചരിത്രം
ഇതാദ്യമായി സിനിമയിൽ രേഖപ്പെടുത്താൻ ഒടുവിൽ ഒരു കമൽ തന്നെ വേണ്ടിവന്നു.
മലയാളസിനിമയുടെ പേര് കടൽ കടത്തിയ നമ്മുടെ വിശ്വോത്തരപ്രതിഭകൾക്കൊന്നും ഇതുവരെയും ഈ
ദൌത്യം ഏറ്റെടുക്കാൻ കഴിഞ്ഞില്ല. ‘സെല്ലുലോയിഡ് ’ എന്ന സിനിമ തമസ്കരിക്കപ്പെട്ട ആ
ചരിത്രത്തെ മലയാളിയുടെ മാടമ്പിമനസ്സിനു മുൻപിൽ അവതരിപ്പിച്ച് ഒരുവേള, ആ രണ്ടു മനുഷ്യരോടും മരണാനന്തരനീതി
പുലർത്തിയിരിക്കുന്നു.! മനസ്സാക്ഷി മരവിക്കാത്ത ആരെയും കുത്തിനോവിക്കുന്ന ഈ സത്യപ്രസ്താവത്തെ
മികച്ച സിനിമയായി തെരഞ്ഞെടുത്ത്, കേരളവും എട്ടുപതിറ്റാണ്ടുകൾ വൈകിയ ഒരു
കുറ്റസമ്മതം നടത്തിയിരിക്കുന്നു. ഗ്രേറ്റ്.!
മലയാളസിനിമയുടെ
പിതാവായ ജെ.സി.ഡാനിയലിനെ ഒരുപക്ഷേ, നമ്മളറിയുന്നത് രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ്
കേരളസർക്കാർ ഏർപ്പെടുത്തിയ ഒരവാർഡിന്റെ പേരിലാണ്. മരണത്തിനു തൊട്ടുമുൻപോ
നിർഭാഗ്യവശാൽ, അതിനുശേഷമോ ചലച്ചിത്രകലാകാരന്മാർക്കു നൽകിവരുന്ന ഒരു
പുരസ്കാരത്തിന്റെ പേരു മാത്രമായിരുന്നു ഇതുവരെ ജെ.സി.ഡാനിയൽ. എന്നാലിപ്പോൾ
അങ്ങനെയല്ല. കേരളത്തിലെ സാമാന്യജനങ്ങൾക്ക് ഈ പേര് സുപരിചിതമായിരിക്കുന്നു. സിനിമയെന്ന
മാധ്യമത്തിനു മാത്രം കരഗതമായ ഒരു സ്വാധീനം. കമൽ സംവിധാനം ചെയ്ത ‘സെല്ലുലോയിഡ്’
എന്ന സിനിമയെ കേരളത്തിലെ സഹൃദയർ ഏറ്റെടുത്തിരിക്കുന്നു. ജാതിവെറിയന്മാരായ
തിരുവിതാംകൂറിലെ സവർണ്ണമേലാളന്മാർ ചരിത്രത്തിൽ നിന്നു തൂത്തെറിഞ്ഞ ഡാനിയലിനെയും
റോസിയെയും മലയാളി ക്ഷമാപണത്തോടെ ഇന്നു നെഞ്ചിലേറ്റുന്നു. ഗൃഹാതുരത്വത്തോടെ ഈ സിനിമയിലെ ഗാനങ്ങൾ പാടിനടക്കുന്നു. ഏഴു സംസ്ഥാന അവാർഡുകൾ നൽകി സർക്കാരും
ഈ സിനിമയെ അംഗീകരിക്കുന്നു. ഇതൊന്നും പോരാഞ്ഞ്, നമ്മുടെ ജീവിതരീതിയായി
മാറിക്കഴിഞ്ഞ കുറെ വിവാദങ്ങളും ഈ സിനിമയ്ക്കൊപ്പം നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്നു.!
യഥാർത്ഥത്തിൽ
എന്താണ് ഈ സിനിമ പറയാൻ ശ്രമിക്കുന്നത്.? എട്ടു പതിറ്റാണ്ടുകൾക്കു മുൻപ്, സിനിമയെന്നത്
കേട്ടുകേൾവി മാത്രമായിരുന്ന ഒരു കാലത്ത് ഡാനിയലെന്ന സാഹസികനായ മലയാളി തന്റെ അമിതാവേശത്തിൽ സ്വയം മറന്ന് സിനിമയെന്ന സ്വപ്നത്തെ സാക്ഷാത്കരിക്കാൻ
ശ്രമിച്ചതിന്റെ ദുരന്തകഥയാണിത്. ഒപ്പം, ഈ മനുഷ്യനെ തമസ്കരിക്കാൻ തൊലിവെളുപ്പുള്ള
നമ്മുടെ പൂർവികർ ചേർന്നു നടത്തിയ ഹീനശ്രമങ്ങളെക്കുറിച്ചുള്ള സുഖകരമല്ലാത്ത
ഒരോർമ്മപ്പെടുത്തലും.
1928-ൽ
‘വിഗതകുമാരൻ’ എന്ന മലയാളത്തിലെ ആദ്യ സിനിമയുടെ നിർമ്മാണദൌത്യം വിജയകരമായി
ഏറ്റെടുത്ത ജെ.സി.ഡാനിയലിനെയാണ് ചിത്രത്തിന്റെ ആദ്യപകുതിയിൽ നാം കാണുന്നത്. ദളിത്
യുവതിയായ റോസി സിനിമയിൽ നായർസ്ത്രീയായി വേഷമിട്ടതിന്റെ പേരിൽ സിനിമയുടെ
ആദ്യപ്രദർശനം തന്നെ അട്ടിമറിക്കപ്പെടുന്നു. ഡാനിയൽ അധിക്ഷേപിക്കപ്പെടുന്നു.
റോസിയും കുടുംബവും ക്രൂരമായി ആക്രമിക്കപ്പെടുന്നു. ഇരുളിന്റെ മറവിൽ, സ്വന്തം ജീവനും
കയ്യിൽപ്പിടിച്ച് അവൾ ഓടിമറയുകയാണ്. അഥവാ ബലപ്രയോഗത്തിലൂടെ, ചരിത്രത്തിൽ നിന്ന് ഒരു
സ്ത്രീയെക്കൂടി തുടച്ചുമാറ്റുകയാണ്. സിനിമയിലഭിനയിച്ചു
എന്ന ക്രിമിനൽകുറ്റത്തിന് ഒരു ദളിത് യുവതിയെ നാടുകടത്തിയ നമ്മുടെ കുലീനപാരമ്പര്യം! ഇന്നു കാണുമ്പോൾ, ഒരുപക്ഷേ, കൽപ്പിതകഥയെന്നു
പോലും തോന്നാവുന്ന ഈ ദൃശ്യഖണ്ഡത്തിന് പാരമ്പര്യത്തെ സംബന്ധിച്ച മലയാളിയുടെ എല്ലാ പൊങ്ങച്ചങ്ങളെയും റദ്ദു ചെയ്യാൻ പോന്ന കരുത്തുണ്ട്.
1966-ലാരംഭിക്കുന്ന
സിനിമയുടെ രണ്ടാം പകുതിയിൽ, എല്ലാവരും മറന്നുകഴിഞ്ഞ ഡാനിയലിനെ നാം കാണുന്നു.
അയാളുടെ നഷ്ടചരിത്രം കണ്ടുപിടിച്ച് രേഖപ്പെടുത്താൻ ശ്രമിക്കുന്ന ഒരു
പത്രപ്രവർത്തകനെ കാണുന്നു. യുക്തിഭദ്രമല്ലാത്ത യുക്തികൾ നിരത്തി ഒരു ഉന്നത
ഉദ്യോഗസ്ഥൻ അതിനു തുരങ്കം വെയ്ക്കുന്നതു കണുന്നു. ആദ്യമലയാളസിനിമ ബാലനാണെന്ന വ്യാജചരിത്രത്തിലെ
സത്യം കാണുന്നു. മനസ്സിലെ ജാതിക്കറ മറച്ചുപിടിച്ച് മാന്യരായി നടക്കുന്ന
നമ്മളെത്തന്നെ കാണുന്നു. ഒടുവിൽ നിരാലംബനായി, ആരാലും തിരിച്ചറിയപ്പെടാതെ മലയാളസിനിമയിലെ ചരിത്രപുരുഷൻ മരിക്കുന്നതു കാണുന്നു.
പഴയകാലത്തെയും
സ്ഥലത്തെയും മനുഷ്യരെയും ഭാഷയെയും തനിമയാർന്ന സൌന്ദര്യത്തോടെ സിനിമയിൽ
ചിത്രീകരിച്ചിട്ടുണ്ട്. ചരിത്രത്തെ പുനർനിർമ്മിക്കുമ്പോൾ പൊതുവെ സംഭവിക്കാറുള്ള
മെലോഡ്രാമയിൽ നിന്ന് ഈ സിനിമ ഏറെക്കുറെ മുക്തമായിട്ടുണ്ട്. പരിചരണത്തിൽ പുതിയ
പരീക്ഷണങ്ങൾക്കൊന്നും മുതിരുന്നില്ലെങ്കിലും മാധ്യമത്തിലുള്ള അസാധാരണമായ ഒരു
കയ്യടക്കം സിനിമയെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകന്റെ ഹൃദയത്തോടു
ചേർത്തുനിർത്തുന്നുണ്ട്. വിസ്താരത്താൽ പരന്നുപോകാമായിരുന്ന ഒരു തിരക്കഥയെ രണ്ടുമണിക്കൂർ
ഒമ്പതുമിനിറ്റിലേയ്ക്ക് വെട്ടിയൊതുക്കിയിട്ടുണ്ട്. ഡാനിയലിന്റെയും റോസിയുടെയും സ്വപ്നനഷ്ടങ്ങൾ മനസ്സിനെ നീറ്റുകയും കണ്ണുകളെ ഈറനണിയിക്കുന്നുമുണ്ട്.
ജെ.സി.
ഡാനിയൽ പൃഥ്വീരാജിന്റെ കരിയറിലെ ഒരു മികച്ച വേഷം തന്നെയാണ്. മൂന്നു കാലങ്ങളുടെ
ശരീരഭാഷകൾ ആവശ്യപ്പെടുന്ന കഥാപാത്രം. താരത്തിന്റെ പതിവുമാനറിസങ്ങൾ ഒഴിവാക്കി നടൻ അതിനോടു നീതിപുലർത്തുകയും ചെയ്തിരിക്കുന്നു. എന്നാൽ, ചാന്ദ്നിയെന്ന പെൺകുട്ടി
റോസിയെന്ന കഥാപത്രത്തിനു നൽകിയ അസാധാരണമായ മിഴിവാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഈ പുതുമുഖനടിയുടെ
ശരീരഭാഷയും ഭാവപ്രകടനവും അത്രമേൽ മനോഹരമാണ്. നിനച്ചിരിക്കാതെ, ഇന്ത്യൻ സിനിമയുടെ
പിതാവായ ദാദാ സാഹേബിനെയും വയലാർ രാമവർമ്മയെയും സ്ക്രീനിൽ കാണാൻ കഴിഞ്ഞതിന്റെ
സന്തോഷവും മറച്ചുവെയ്ക്കുന്നില്ല. വേണുവെന്ന ക്യാമറാമാന്റെ കൃത്യതയുള്ള ഫ്രെയിമുകൾ
കമലിനെ തന്റെ ചരിത്രദൌത്യത്തിൽ വേണ്ടത്ര സഹായിച്ചിട്ടുണ്ട്. പാട്ടുകളെപ്പറ്റി ഒന്നും
പറയാനില്ല.! മലയാളിയുടെ മുഴുവൻ ഗൃഹാതുരത്വവും റഫീക് അഹമ്മദ്, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, എം ജയചന്ദ്രൻ എന്നിവർ ചേർന്ന് രണ്ടു ഗാനങ്ങളിലേയ്ക്ക്
ഒതുക്കിയിട്ടുണ്ട്. സിതാര, ശ്രീറാം, വൈക്കം വിജയലക്ഷ്മി എന്നിവർ ഇവയ്ക്കു നൽകിയ
ഭാവപ്രകാശനവും ചരിത്രമായിരിക്കുന്നു.!
കമൽ
എന്ന സംവിധായകനെക്കുറിച്ചുള്ള മുൻവിധികൾ ഈ സിനിമ തെറ്റിച്ചു. ഒരുപക്ഷേ, സവർണ്ണതയെ
സാമാന്യം ഭേദപ്പെട്ട രീതിയിൽ ആഘോഷിക്കുന്ന തന്റെതന്നെ പല ചിത്രങ്ങളെയും റദ്ദുചെയ്യുന്ന ഒരു ശ്രമം. സിനിമയുൾപ്പെടെ, സകലമേഖലകളിലും ഇന്നും തുടരുന്ന
സവർണ്ണമേധാവിത്തത്തിന്റെ പശ്ചാത്തലത്തിൽ ഈ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ.
ചേലങ്ങാട്ട് ഗോപാലകൃഷ്ണനെഴുതിയ ഡാനിയലിന്റെ ജീവചരിത്രവും വിനു അബ്രഹാമിന്റെ
നഷ്ടനായിക എന്ന നോവലുമാണ് സിനിമയ്ക്കാധാരം. ഇതിൽ, ഡാനിയലിനോ റോസിയ്ക്കോ ആർക്കാണു പ്രാധാന്യം
നൽകുകയെന്നത് ചലച്ചിത്രകാരന്റെ തീരുമാനമാണ്. റോസിയെ തമസ്കരിച്ചെന്നും
പൈങ്കിളിവൽക്കരിച്ചെന്നും ചില ആരോപണങ്ങൾ കേട്ടു. ഇവയിലെ യുക്തിഭദ്രതയെപ്പറ്റി എനിക്കു
സംശയമുണ്ട്. രണ്ടുപേരോടും നീതിപുലർത്തുന്ന മാനവികസമീപനമാണ് എനിക്കു കാണാൻ കഴിഞ്ഞത്.
85 വർഷങ്ങൾക്കിടയിൽ ഒരു സിനിമക്കാരൻ പോലും തിരിഞ്ഞുനോക്കാതിരുന്ന ഒരു ചരിത്രഖണ്ഡത്തെ സിനിമയിൽ അവതരിപ്പിച്ചു എന്നതു തന്നെയായിരിക്കും ഈ സിനിമയുടെ പ്രസക്തി.
വിവാദങ്ങൾക്കിടയിൽ, ഈ സത്യം കാണാതെ പോകരുതല്ലോ.?
പ്രാഥമികമായി,
ഏതൊരു സിനിമയെയും അതിന്റെ യഥാർത്ഥ സ്പേസിൽ പ്രതിഷ്ഠിക്കാനാണ് നിരൂപകർ
ശ്രമിക്കേണ്ടതെന്നു തോന്നുന്നു. അതിനുശേഷം അതിന്റെ കുറ്റങ്ങളും കുറവുകളും
കണ്ടെത്താൻ ശ്രമിക്കുന്നതിൽ തെറ്റില്ല. നിർഭാഗ്യവശാൽ അതുണ്ടാവുന്നില്ല.
ടോട്ടൽ സിനിമയെ കാണാൻ ശ്രമിക്കാതെ, പലപ്പോഴും സിനിമ തന്നെ കാണാൻ മെനക്കെടാതെ, തങ്ങൾ
പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പരിമിതവൃത്തത്തിൽ
നിന്നുകൊണ്ട് അതിനെ കീറിമുറിക്കാനുള്ള ഒരു പ്രവണത ഏറിവരുന്നു.
ബോധപൂർവമോ അബോധപൂർവമോ എന്നു നിശ്ചയമില്ല; ഈ സമീപനം വിശാലമായ ഒരു മാനവികതയിൽ
നിന്നകന്നു പോവുകയും പ്രതിലോമപരമായ ഒരു തീവ്രവാദത്തിലേക്ക് എത്തിച്ചേരുകയും
ചെയ്യുന്നുണ്ട്. സിനിമയും അതിൽ തന്റെ സർഗ്ഗാത്മകത മുതൽമുടക്കിയ കലാകാരനും അകാരണമായി
ക്രൂശിക്കപ്പെടുന്ന ഈ അവസ്ഥ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്.