Saturday, January 9, 2016

ഒരു മേളയുടെ ബാക്കിപത്രം

 






സിനിമയെന്ന മാധ്യമത്തിനു 100 വയസ്സു തികഞ്ഞു. കാനിലെ ലോകോത്തര ചലച്ചിത്രമേളയ്ക്ക് 68-ഉം ഇന്ത്യയുടെ മേളയ്ക്ക് 46-ഉം വയസ്സായി. നമ്മുടെ സ്വന്തം മേളയ്ക്ക് 20 വയസ്സായി. എന്നാൽ മലയാളസിനിമ ഇപ്പോഴും അതിന്റെ കൌമാരദശയിൽത്തന്നെ തുടരുന്നതുപോലെ. നിരുപാധികമായി വളർന്നുപടരാൻ ഭയമുള്ളതുപോലെ അത് എവിടെയൊക്കെയോ തട്ടിത്തടഞ്ഞുനിൽക്കുന്നു. നമ്മുടെ ഫിലിംഫെസ്റ്റിവൽ ഇന്ന് അത്രമേൽ ജനകീയമായ ഒരു സാംസ്കാരികമേളയായി മാറിയിട്ടുണ്ട്. എന്നാൽ എന്നുമിങ്ങനെ സിനിമ കണ്ടു നടന്നാൽ മതിയോ എന്നൊരു ചോദ്യം അതിൽത്തന്നെ അടങ്ങിയിട്ടുണ്ട്. കാഴ്ച മാത്രമായി സിനിമ ചുരുങ്ങിപ്പോകരുത്, സിനിമ പിടിക്കുക തന്നെ വേണം. ആത്യന്തികമായി ഏതൊരു മേളയിലുമടങ്ങിയ പൊരുളും അതുതന്നെ.

എന്താണ് നമ്മുടെ സ്വതന്ത്രസിനിമയുടെ പരിസരം? ഒരുപക്ഷേ കവിതയെഴുതുന്നതുപോലെ നിരുപാധികമായി സ്വന്തം പ്രതിഭയുടെ പ്രകാശം പരത്തി പടമെടുക്കുകയും അതു പൊതുസമൂഹത്തിനു മുൻപിൽ പ്രദർശിപ്പിച്ച് നിസ്സംഗനായി മാറിനിൽക്കുകയും ചെയ്യുന്ന ഫിലിംമേക്കർ ഒരപൂർവജനുസ്സാണ്. അയാളെ സംബന്ധിച്ച് സിനിമ ഒരു കലാരൂപമാണ്. എന്നാൽ രസകരമായ വിനോദോപാധികൾ തിരഞ്ഞു വരുന്ന നിഷ്കളങ്കരായ ഭൂരിപക്ഷം പ്രേക്ഷകർക്കും സിനിമയെന്നാൽ കഥയാണ്. അഥവാ ഒരു കഥ മനോഹരമായി പറഞ്ഞുതീർക്കാനുള്ള മറ്റൊരുപാധിയാണ്. സിനിമ സമം കഥ എന്ന മുഖ്യധാരാ സെൻസിബിലിറ്റി സിനിമയുടെ വളർച്ചയിലെ ഒരു പ്രധാന തടസ്സമാണ്. നിർമ്മാണമേഖലയിൽ മാത്രമല്ല ആസ്വാദനരംഗത്തും നമുക്കു ചില ഇരട്ടത്താപ്പുകളുണ്ട്. മേളയിൽ ആഘോഷപൂർവം സ്വീകരിക്കപ്പെടുന്ന സിനിമകൾ തന്നെ തീയേറ്ററിൽ റിലീസ് ചെയ്യുമ്പോൾ നിരാകരിക്കപ്പെടുന്നു. ഇത് നമ്മുടെ സമീപനത്തിലടങ്ങിയ ഒരു കള്ളത്തരമാണ്. അവികസിതമായ ഈയൊരു മാനസികാവസ്ഥയും നവസിനിമയുടെ വളർച്ചയ്ക്കു വിലങ്ങുതടിയാണ്. എനിവേ, സോ കോൾഡ് സിനിമയിൽ നിന്നു യഥാർത്ഥ സിനിമയെ പുറത്തു കൊണ്ടുവരാനുള്ള ധീരമായ ഒറ്റപ്പെട്ട ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷേ സ്വതന്ത്രസിനിമയുടെ ഈ വക്താക്കൾക്കു മുന്നിൽ വെല്ലുവിളികളേറെയാണ്. സ്വന്തം സർഗ്ഗാത്മകത മുതൽമുടക്കി, കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി ഒരു പടം പിടിച്ചാൽത്തന്നെ അതു ജനങ്ങളിലെത്തിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം കൂടി പിന്നീട് അയാളുടെ ചുമലിൽ വന്നുവീഴുന്നു.

അഭിരുചിയെന്നത് തികച്ചും ആപേക്ഷികമായതിനാൽ ചലച്ചിത്രമേളയിൽ ഒരാൾക്കിഷ്ടമായ സിനിമകളെപ്പറ്റി ഉപന്യസിക്കുന്നതിൽ ഒരു തമാശയുണ്ട്. എങ്കിലും ചില കാര്യങ്ങൾ പറയുന്നു. ലോകസിനിമയിലും പ്രാദേശികസിനിമയിലും മികച്ച രചനകൾ പൊതുവിൽ മത്സരവിഭാഗത്തിനു പുറത്താണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ഒരു കാണിയെന്ന നിലയിൽ മത്സരവിഭാഗത്തെ മിക്കവാറും അവഗണിക്കുകയാണ് പതിവ്. കലാകാരൻ പൊതുവിൽ ഒരു മത്സരാർത്ഥിയല്ല. കല ഒരു മത്സരവുമല്ല. അത് ഒരാവിഷ്കാരം മാത്രമാണ്. അവാർഡുകൾ വാരിക്കൂട്ടുന്ന ചില സിനിമകൾ പിന്നീടു കാണേണ്ടിവന്നപ്പോൾ അവാർഡെന്ന പരിപാടി തന്നെ അവസാനിപ്പിക്കേണ്ടതല്ലേ എന്നും തോന്നിയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മലയാളമെന്ന ചെറുദേശത്തെ ചെറിയ ഭാഷയിൽ നിന്ന് ലോകത്തിനു മുൻപിൽ വെയ്ക്കാവുന്ന സിനിമകൾ ഉണ്ടാകുന്നുവെന്നത് അത്യന്തം ആഹ്ലാദകരമാണ്.

പതിവുപോലെ പതിഞ്ഞ സ്ഥായിയിലാണു ഇത്തവണയും മേള തുടങ്ങിയത്. ആദ്യദിനങ്ങൾ ശരാശരി ദൃശ്യാനുഭവങ്ങളായി കൊഴിഞ്ഞുവീണുകൊണ്ടിരിക്കെ ഒരു മലയാളസിനിമയാണ് നല്ലൊരു ഷോക്ക് തന്നുകൊണ്ട് പൊടുന്നനെ മേളയിലെ ഡിസ്കവറിയായി മാറിയത്. സിനിമയുടെ പേര് ഒഴിവുദിവസത്തെ കളി. ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള കഥയുടെ സ്വതന്ത്രാവിഷ്കാരമാണ്. ഒരാൾപ്പൊക്കത്തിലൂടെ ഇതിനകംതന്നെ ശ്രദ്ധേയനായ സനൽകുമാർ ശശിധരനാണ് സംവിധായകൻ. ഒരുവേള അരവിന്ദനു ശേഷം സിനിമയിൽ ധ്വനിയുടെ സാധ്യതകൾ അസ്തമിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് ഒരാൾപ്പൊക്കവുമായി സനലിന്റെ വരവ്. ഒഴിവുദിവസത്തിലെത്തുമ്പോൾ ആ കവിതയും ധ്വനിയും കൂടുതൽ പാകമായിരിക്കുന്നു. പൂർണ്ണമായിരിക്കുന്നു.

തെരഞ്ഞെടുപ്പുദിവസത്തിന്റെ ആനുകൂല്യത്തിൽ ഒരു വനമേഖലയിൽ അടിച്ചു പൊളിക്കാനെത്തിയ അഞ്ചു പേരാണു സിനിമയിൽ. അവരുടെ ഒരു പകൽ അസ്തമിക്കുന്നതിനു മുൻപു നടക്കുന്ന സംഭവങ്ങളിലൂടെ ഒരു സമൂഹത്തിന്റെ യഥാർത്ഥ അന്തസ്സത്തയിലേക്കു ക്യാമറ തിരിച്ചുവെയ്ക്കുകയാണ് സംവിധായകൻ. ഒരു സാമൂഹ്യപരിഷ്കർത്താവിനെപ്പോലെ അയാൾ ആശയങ്ങളും സിദ്ധാന്തങ്ങളും ഉദ്ധരിക്കുന്നില്ല. മുദ്രാവാക്യങ്ങൾ വിളിച്ചുപറയുന്നില്ല. ഒരു പരിഹാരവും നിർദ്ദേശിക്കുന്നില്ല. നിസ്സംഗനായ ഒരു വഴിപോക്കനെപ്പോലെ കാര്യങ്ങൾ അടുത്തുനിന്നു വീക്ഷിക്കുന്നു. ആഴത്തിൽ നിരീക്ഷിക്കുന്നു. ഇരുട്ടിൽ തപ്പുന്ന ഒരു അവികസിതജനതയോട് ദാ ഇതാണു നിന്റെ സത്യമെന്നും സ്വത്വമെന്നും പറയുന്നു. ഫിലിംമേക്കർ കവിയും ദാർശനികനുമായി മാറുന്നു.

പൊളിറ്റിക്കലി കറക്റ്റാവാതെ തന്നെ മികച്ച പൊളിറ്റിക്കൽ സിനിമയുണ്ടാക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഒഴിവുദിവസം. വെറുമൊരു കാഷ്വൽ രംഗത്തിലൂടെ ഈ രാഷ്ട്രീയത്തിലെ ധ്വനിസമ്പന്നത വ്യക്തമാക്കാം. ഇരുൾ മൂടിയ വനപ്രദേശം. ചങ്ങാതിസംഘത്തിലെ ഒരാൾ മൊബൈലിനു റെയ്ഞ്ചില്ലാത്തതിനാൽ പുറത്തേക്കിറങ്ങുന്നു. അപരനെ ഫോണിൽ കിട്ടുന്നില്ല. ‘ഞാൻ നമ്പൂതിരിയാണ്…’ എന്നു പറയുന്നുണ്ട്. മറുപടി വ്യക്തമല്ലാത്തതിനാൽ നമ്പൂതിരിയാണ്…’ എന്നു വീണ്ടും വീണ്ടും ആവർത്തിക്കുന്നു. സ്വന്തം പേരിനെ തോൽപ്പിച്ചുകൊണ്ട് ജാതി അത്രമേൽ നിഷ്കളങ്കമായി ജീവിതങ്ങളെ സ്വാധീനിച്ചുകഴിഞ്ഞതിനെ ഇതിലും കാവ്യാത്മകമായി എങ്ങനെയാണ് പറയാൻ കഴിയുക? അന്ത്യത്തിലേക്കെത്തുമ്പോൾ ജാതിയെന്ന ആശയം സമൂഹത്തെക്കുറിച്ചുള്ള ദുരന്തപൂർണ്ണമായ ഒരു പാഠമായി പ്രേക്ഷകമനസ്സിൽ ചേക്കേറുന്നു. ദൃശ്യശൈലിയിലും ദർശനത്തിലും ഒരാൾപ്പൊക്കത്തിൽ നിന്നു വേറിട്ട ഒരു രചന നിർവഹിച്ചതിൽ സനലിന്റെ കലാപ്രതിഭയും പ്രൊഫഷണലിസവും കൃത്യമായി വെളിപ്പെടുന്നുണ്ട്. ക്യാമറയുടെ വിദഗ്ദ്ധമായ അസാന്നിധ്യത്തിൽ, സംഭാഷണത്തിലെ അന്യാദൃശമായ ജീവിതഗന്ധത്തിൽ, സംഗീതത്തിന്റെ വശ്യമായ ഒതുക്കത്തിൽ ഒരു ലാൻഡ് മാർക്ക് കൂടിയാണീ ചിത്രം.

നവസിനിമയുടെ വക്താവായ മനു പി.എസിന്റെ 'മൺറോ തുരുത്താ’യിരുന്നു മേളയുടെ മറ്റൊരു കണ്ടെത്തൽ. വർഷങ്ങൾക്കു ശേഷം വിദേശത്തുനിന്നു നാട്ടിൽ മടങ്ങിയെത്തിയ യുവാവായ കേശുവും മുത്തച്ഛനുമാണ് കഥാപാത്രങ്ങൾ. തലമുറകളുടെ വിടവു മാത്രമല്ല സംസ്കാരങ്ങളുടെ വിടവും പ്രമേയമാണ്. സത്യവും കളവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത സങ്കീർണ്ണതയുടെ തുരുത്തിലെത്തിച്ചേർന്ന അനുഭവം. ഓരോ മനുഷ്യനും മുങ്ങാൻ തുടങ്ങുന്ന ദ്വീപായി മാറുന്നതിന്റെ വൈരുദ്ധ്യം. വിചിത്രവും ദുരന്തപൂർണ്ണവുമായ ഒരു ഗെയ്മായി മാറുന്ന ലോകജീവിതം. 'ഒന്നുകളവാ ഒന്നു സത്യമാ. എങ്ങനെയറിയും?' എന്നൊരു ദുരൂഹസമസ്യയിലാണ് സിനിമ തീരുന്നത്. ലോകത്തെ സംബന്ധിച്ചും ഒരുപക്ഷേ കലയെ സംബന്ധിച്ചുപോലുമുള്ള ഈ സമസ്യയെ ഒരു മലയാളസിനിമയായി കാണുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇന്ദ്രൻസ് എന്ന നടൻ ഒരു താരമായി മാറുന്നതിന്റെ മാജിക്കും ഈ സിനിമയ്ക്കു സ്വന്തം.

സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേർന്നു സംവിധാനം ചെയ്ത ചായം പൂശിയ വീട് എന്ന സിനിമയ്ക്കു ഗോവയിലെ മേളയിൽ പ്രവേശനം ലഭിച്ചിരുന്നില്ല. മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ സിനിമ ഒരു എഴുത്തുകാരന്റെ ‘നന്മ നിറഞ്ഞ ആശയങ്ങളു’ടെ അന്തസ്സാരശൂന്യതയെ വെളിപ്പെടുത്താനുള്ള ശ്രമമാണ്. പരിഷ്കൃതമനുഷ്യൻ വളരെ ബുദ്ധിമുട്ടി നിലനിർത്തിപ്പോരുന്ന തന്റെ ഇമേജും അവന്റെ യഥാർത്ഥ ഇമേജും തമ്മിലുള്ള അന്തരമാണ് സിനിമയുടെ പ്രമേയപരിസരം.

 ലോകസിനിമാവിഭാഗത്തിലും ഭാവുകത്വത്തിലെ പുതിയ നിർമ്മിതികൾക്കു വേണ്ടിയാണ് തിരഞ്ഞത്. ചില മുത്തുകൾ വീണുകിട്ടി. പലതും നഷ്ടമായി. കല, ചരിത്രം, അധികാരം തുടങ്ങിയ ഗഹനതകളിൽ കാവ്യാത്മകമായി മുഴുകുന്ന സിനിമയായിരുന്നു റഷ്യൻ മാസ്റ്റർ സൊകുറോവിന്റെ Francofonia. ഈ സിനിമയെ തോൽ‌പ്പിച്ച് വെനീസ് മേളയിൽ സമ്മാനിതമായ From Afar മനോവിശകലനത്തിലും സ്വഭാവപഠനത്തിലും ഒരു പുത്തൻ പരീക്ഷണമായിരുന്നു. വെനിസ്യൂലയിൽ നിന്നു വന്ന ഈ സിനിമ നവാഗതനായ Lorenzo Vigas-ന്റേതാണ്.

Secret എന്ന ടർക്കിഷ് സിനിമയുടെ പ്രമേയത്തെ പൊതിഞ്ഞുനിൽക്കുന്ന വിനാശകാരികളായ രണ്ടു രഹസ്യങ്ങളുണ്ട്. എന്നാൽ അവയേക്കാൾ അവയെ കൈകാര്യം ചെയ്ത ഒതുക്കമുള്ള രീതിയാണ് ഇഷ്ടമായത്. ആയുധം എന്ന സമീപനത്തോട് പൊതുവിൽ അനുഭാവമില്ലാത്തതിനാലാവാം Assassin എന്ന ചൈനീസ് ചിത്രത്തോട് അത്രമേൽ ഇഷ്ടം തോന്നിയില്ല. നല്ല പ്രൊഡക്ഷൻ ക്വാളിറ്റിയുണ്ട്. കൊതിപ്പിക്കുന്ന നിറങ്ങളുടെ ഉൽസവമുണ്ട്. പ്രമേയത്തിലും പരിചരണത്തിലും പരമ്പരാഗതരീതിയിൽ നിന്നു വലിയ മാറ്റം കാണാൻ കഴിഞ്ഞില്ല. എനിവേ, കാനിലെ ബെസ്റ്റ് ഡയറക്ടർ അവാർഡ് ഈ സിനിമയ്ക്കാണ്. സംവിധായകൻ Hou Hsiao-Hsien.

ധ്യാനനിരതമായ ദൃശ്യബിംബങ്ങളിലൂടെ യൂറോപ്പിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് തായ്ലൻഡിലെ നവസിനിമക്കാരനായ Apichatpong വിശ്വസിക്കുന്നു. സിനിമയുടെ പേര് Cemetery of Splendour. ലോകസിനിമയിൽത്തന്നെ വ്യത്യസ്തനായ ഈ മനുഷ്യൻ ചിത്രീകരിക്കുന്ന സംഭവങ്ങൾക്കും ദൃശ്യങ്ങൾക്കും മീതെ മാജിക്കലായ മറ്റൊരു സിനിമ കൂടി സഞ്ചരിക്കുന്നുണ്ട്. നിശ്ശബ്ദതയുടെ ആഴമുള്ള ആ സിനിമയത്രേ യഥാർത്ഥ സിനിമ. എല്ലാ തത്വശാസ്ത്രവും തോറ്റുപോകുന്ന ദാരിദ്ര്യത്തിന്റെ വിളനിലമായ എത്യോപ്യയുടെ മണ്ണിൽ നിന്നാണ് Lamb എന്ന സിനിമയുടെ ജനനം. വിശപ്പുയർത്തുന്ന കനത്ത വെല്ലുവിളികൾക്കിടയിലും മാനവികതയെ നെഞ്ചോടു ചേർക്കുന്ന ഒരു ജനതയെ യാഥാർത്ഥ്യബോധത്തോടെ പകർത്തിയിരിക്കുന്നു സംവിധായകനായ Yared Zeleke.

നർമ്മബോധത്തിലൂടെ മാത്രമേ ലോകത്തെ അഡ്രസ് ചെയ്യാൻ കഴിയുകയുള്ളു എന്നൊരു തത്വം ഫ്രഞ്ച് മാസ്റ്റർ Toni Gatlif-നെ നയിക്കുന്നതായി തോന്നുന്നു. മേളയുടെ ആഘോഷമായിരുന്നു ഈ ഫിലിം മേക്കർ. വീടുവിട്ടിറങ്ങിയ മൂന്നു സുഹൃത്തുക്കൾക്കൊപ്പം മനുഷ്യഭാഷയിൽ സംസാരിക്കുന്ന ഒരു ദേശാടനപ്പക്ഷിയും ഒരു നരേറ്ററും ക്യാമറയുമാണ് Children of the Stork എന്ന സിനിമയിലെ മുഖ്യകഥാപാത്രങ്ങൾ. എല്ലാ അതിർത്തികളും ഭേദിച്ചുകൊണ്ട് അവർ നിരുപാധികസ്വാതന്ത്യത്തിലേക്കു മുന്നേറുകയാണ്.

Deniz Gamze Ergüven സംവിധാനം ചെയ്ത Mustang എന്ന ടർക്കിഷ് സിനിമ ഒരു കുടുംബത്തിലെ സമർത്ഥരായ അഞ്ചു പെൺകുട്ടികളെയും അവരുടെ അദമ്യമായ സ്വാതന്ത്ര്യദാഹത്തെയും വികാരനിർഭരമായി ആവിഷ്കരിക്കുന്നു. Youth എന്ന ഇറ്റാലിയൻ സിനിമ വാർദ്ധക്യം, സംഗീതം, ജീവിതരതി എന്നിവയെ മനോഹരമായ ദൃശ്യഭാഷയിൽ ഇണക്കിച്ചേർത്തിരിക്കുന്നു. താളവും ലയവുമുള്ള വിഷ്വലുകൾ കൊണ്ട് കലയെ പുതുക്കിപ്പണിയുന്ന ചിത്രം.

Under Construction എന്ന ബംഗ്ളാദേശ് ചിത്രം ഏറെ ഇഷ്ടപ്പെട്ടു. മികച്ച മേക്കിംഗ്. ഈ പേരിന് സിനിമയിൽ പല അടരുകളുണ്ട്. പ്രമേയത്തിന്റെ ഭാഗമായിത്തന്നെ ടാഗോർ കൃതികളിലെ സൌന്ദര്യദർശനവും സിനിമയിൽ അടങ്ങിയിരിക്കുന്നു. Standing Tall എന്ന ഫ്രഞ്ച് സിനിമ അപരിമേയമായ മാനവികതയും ചടുലമായ അവതരണവും കൊണ്ടാണ് ഇഷ്ടമായത്. ക്രിമിനൽ സ്വഭാവം പുലർത്തുന്ന ഒരു വ്യക്തിയെ നല്ല പൌരനായി മാറ്റിയെടുക്കാൻ പരിഷ്കൃതമായ ഒരു ഭരണകൂടത്തിന് എന്തൊക്കെ ചെയ്യാൻ കഴിയും എന്നന്വേഷിക്കുന്ന ചിത്രം. സാമൂഹ്യവിരുദ്ധതയുടെ വേരുകൾ മനശ്ശാസ്ത്രപരമായി അന്വേഷിക്കുക കൂടി ചെയ്യുന്നുണ്ട് ഈ പടം.

Bridgend എന്ന ഡെൻമാർക്ക് ചിത്രം കൗമാര ആത്മഹത്യകൾ അനുഷ്ഠാനമായി മാറിയ ഒരു ഗ്രാമത്തെ പിന്തുടരുന്നു. Tangerine എന്ന അമേരിക്കൻ സിനിമ ഒരു നഗരത്തിന്റെ ചടുലജീവിതത്തെ നർമ്മരസത്തിൽ മുക്കിയെടുക്കുന്നു. അർജന്റീനയിൽ നിന്നുള്ള The Fire സ്നേഹവും വെറുപ്പും ഒളിച്ചുകളിക്കുന്ന ഒരു ദാമ്പത്യത്തിലെ ധർമ്മസങ്കടങ്ങളാണ്. പാലസ്തീനിയൻ സിനിമ Degrade കലാപകലുഷിതമായ അവിടത്തെ ജീവിതത്തെ ഏതാനും സ്ത്രീകളുടെ വീക്ഷണത്തിൽ ആവിഷ്കരിക്കുന്നു…

കാണാത്ത സിനിമയെപ്പറ്റി ചോദിക്കരുത്. അതിമധുരമോ അതിവിരസമോ ആകാം. ആപേക്ഷികമാണെല്ലാം. എനിവേ ഏതാനും വർഷങ്ങളായി അന്തർദ്ദേശീയ സിനിമകളുമായുള്ള സഹജീവിതം മലയാള സിനിമയുടെ പരമ്പരാഗതഭാവുകത്വത്തിൽ സാരമായ വിള്ളലുകൾ വീഴ്ത്തുന്നുണ്ടെന്നത് ആശ്വാസകരമാണ്. ലോകസിനിമയിൽ നിന്ന് ഒരു ദേശത്തിന്റെ സിനിമയിലേക്കുള്ള പാലമാണ് അഥവാ ആവണം ഫെസ്റ്റിവലുകൾ. മലയാളത്തിൽ നിന്നു തന്നെ സ്വതന്ത്രസംവിധായകരുടെ ഒരു നീണ്ട നിര രൂപപ്പെടുകയും ദേശത്തെയും ചരിത്രത്തെയും രേഖപ്പെടുത്തുന്ന നിരവധി പ്രൊഡക്ഷനുകൾ ഉണ്ടാവുകയും ചെയ്യുമ്പോഴാണ് നമ്മുടെ ഫെസ്റ്റിവലും അതിലൂടെ സിനിമയും സഫലമായിത്തീരുന്നത്. ഒരു ഭാഷയെയും സംസ്കാരത്തെയും ജൈവമാക്കി നിലനിർത്താൻ, ലോകത്തിന്റെ നിറുകയിലെത്തിക്കാൻ വേറെ മാർഗ്ഗമില്ല.