വിജനമായ കാട്ടുപാത...രാത്രിയുടെ അന്ത്യയാമത്തില്‍ ഉറക്കച്ചടവുമായി കാറോടിക്കുന്ന മധ്യവയസ്കന്റെ മയക്കത്തിലേക്കു വഴുതുന്ന കണ്ണുകള്‍...വന്യമായ ഇരുട്ടിനെ മുറിച്ചു നീങ്ങുന്ന ഹെഡ് ലൈറ്റിന്റെ പ്രകാശം ക്രമത്തില്‍ ഒരു ബിന്ദുവായി ദൂരെ മറയുന്നു. അടുത്ത രംഗത്തില്‍, നടുറോഡില്‍ കിടക്കുന്ന ഒരു മൃതദേഹത്തിനരികില്‍ നിന്ന്, ഭയചകിതനായി ഓടിയൊളിക്കുന്ന അയാള്‍... സമീപം അപകടത്തില്‍പ്പെട്ട കാര്‍...പിന്നാലെയെത്തി സംഭവത്തിനു സാക്ഷ്യം വഹിച്ച് കടന്നു പോകുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍...സംഗതിയുടെ ഗൌരവം മനസ്സിലാക്കിയ അവര്‍ അയാളുടെ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുക്കുന്നു...തന്റെ വിധി നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞു എന്ന അറിവ് ഒരു നടുക്കമായി അയാളുടെ ഹൃദയം പിളര്‍ക്കവെ, അതിന്റെ പ്രതിഫലനമെന്നോണം വലിയൊരിടിമുഴക്ക ത്തോടെ മഴ പെയ്യാനാരംഭിക്കുന്നു...പിടിക്കപ്പെട്ട കുറ്റവാളിയുടെ കഠിനവ്യഥയുമായി അയാള്‍ കാറോടി ച്ചു പോകുന്നു. അനാഥമായ മൃതശരീരത്തില്‍, പെയ്തു തോരുന്ന മഴയുടെ അടക്കംപറച്ചിലുകള്‍..!
തുര്‍ക്കിയിലെ നവസിനിമയുടെ വക്താവായി മാറിക്കഴിഞ്ഞ Nuri Bilge Ceylan-ന്റെ ഏറ്റവും പുതിയ സംരംഭമായ “ത്രീ മങ്കീസ്” (2008) എന്ന ചിത്രത്തിന്റെ തുടക്കം ഇങ്ങനെയാണ്. കുറ്റകൃത്യത്തിന്റെയും അഗമ്യഗമനത്തിന്റെയും വിശ്വാസവഞ്ചനയുടെയും നുണകളുടെയും ലോകത്തേക്കാണ് ഇത്തവണ സംവിധായകന്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. മനുഷ്യബന്ധങ്ങളിലെ ഋതുഭേദങ്ങള്‍ അടയാ ളപ്പെടുത്തിയ Climates (2006), Distant (2002) തുടങ്ങിയ ആത്മകഥാപരമായ മുന്‍ചിത്രങ്ങളില്‍ നിന്ന് ഒരുപടികൂടി കടന്ന്, ഒരു ടൈപ്പ്-സ്റ്റഡിയിലെന്നപോലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ അങ്ങേയറ്റം ഒതുക്കിപ്പറയുന്ന ഇംപ്രഷനിസ്റ്റ് രീതിയാണ് സംവിധായകന്‍ ഈ ചിത്രത്തില്‍ അവ ലംബിക്കുന്നത്. അലറിപ്പായുന്ന തീവണ്ടിയും മൂടിക്കെട്ടിയ ആകാശവും വിഷാദം അലതല്ലുന്ന
ഇസ്താംബുളിലെ ജലപ്പരപ്പുകളും മഴയും ഇടിമുഴക്കവും ചേര്‍ന്ന ബിംബകല്പനകളിലൂടെ, മനുഷ്യമനസ്സിലെ ചുഴികളും മലരികളും നിറഞ്ഞ ഗുപ്തകാമനകളുടെ ആഴങ്ങള്‍ തേടിയുള്ള ഒരു സാഹസികയാത്ര തന്നെയാണിത്. പ്രസാദാത്മകമായ ഒരു ഷോട്ടു പോലുമില്ലാത്തപ്പോഴും
ഒരിക്കലും അവഗണിക്കാനാവാത്ത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ഈ ചിത്രം നമ്മെ പിടിച്ചിരുത്തുന്നു.! 2008-ലെ കാന്‍ ചലച്ചിത്രമേളയില്‍, “ത്രീ മങ്കീസ്” മികച്ച സംവിധായകനുള്ള പുരസ്കാരം നേടുകയും ചെയ്തു.
ഏഷ്യ-യൂറോപ്പ് വന്‍കരകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന തുര്‍ക്കിയെന്ന സുന്ദരദേശത്തിന് മിശ്രസംസ്കാരത്തിന്റേതായ ഒരു നവോന്മേഷമുണ്ട്. ഏറെ വര്‍ഷങ്ങള്‍ നീണ്ട ചരിത്രമുള്ള തുര്‍ക്കിയുടെ സിനിമയിലും സംഗീതത്തിലുമൊക്കെ സാംസ്കാരികസമന്വയത്തിന്റെ
ഈ സൌന്ദര്യം അന്തര്‍ലീനമാണ്.
തുര്‍ക്കിലെ ഒരു ചെറുപട്ടണത്തില്‍, പ്രയോജനവാദത്തിന്റെ പ്രതിനിധിയായി വിലസുന്ന കപടരാഷ്ട്രീയ ക്കാരന്‍ സെര്‍വെറ്റിനെയാണ് ചിത്രത്തിന്റെ ശീര്‍ഷക-സീക്വന്‍സില്‍ നാം കണ്ടത്. എന്നാല്‍, അയാളു ടെ സ്വാധീനവലയത്തിലകപ്പെട്ടതിനാല്‍, വിനാശകരമായ രഹസ്യങ്ങളുമായി നരകതുല്യമായ ജീവി തം തളളിനീക്കാന്‍ വിധിക്കപ്പെട്ട മറ്റു മൂന്നുപേരാണ് വിഖ്യാതമായ ‘വാനരത്രയ’’ത്തിന്റെ പുതിയകാല പ്രതിനിധികളായി സിനിമയില്‍ വര്‍ത്തിക്കുന്നത്. അയാളുടെ മധ്യവയസ്കനായ ഡ്രൈവര്‍ എയുപ്പ്, എയു പ്പിന്റെ ഭാര്യ ഹെയ്സര്‍, മകന്‍ ഇസ്മയില്‍ എന്നിവരാണിവര്‍. കാറപകടത്തില്‍ സംഭവിച്ച കൊലപാതക ത്തിന്റെ ഉത്തരവാദിത്ത്വം തന്റെ ഡ്രൈവറായ എയുപ്പിന്റെ ചുമലില്‍ കെട്ടിവെയ്ക്കാന്‍ സെര്‍വെറ്റിന് രണ്ടാമതൊന്നാലോചിക്കേണ്ടി വരുന്നില്ല. മാസശമ്പളത്തിനു പുറമേ വലിയൊരു തുക വാഗ്ദാനം ചെയ്ത് ജയില്‍ശിക്ഷ ഏറ്റുവാങ്ങുവാന്‍ അയാള്‍ എയുപ്പുമായി രഹസ്യധാരണയുണ്ടാക്കുകയും, കുറ്റകൃത്യത്തില്‍ നിന്നു വിദഗ്ദ്ധമായി കൈകഴുകുകയും ചെയ്യുന്നു. ഇതോടെ എയുപ്പിന്റെ ജീവിതത്തിലും ദുരന്തത്തിന്റെ നിഴല്‍ പരക്കുകയാണ്...ഒരു കാര്‍ സ്വന്തമാക്കുക എന്ന മകന്റെ ദീര്‍ഘകാലസ്വപ്നം സാക്ഷാല്‍ക്ക രിക്കുന്നതിനു വേണ്ടി, വാഗ്ദാനം ചെയ്ത തുകയില്‍ ഒരു പങ്ക് മുന്‍കൂറായി ആവശ്യപ്പെടുന്നതിനാണ് ഹെയ്സര്‍ സെര്‍വെറ്റിനെ സന്ദര്‍ശിക്കുന്നത്. ഇവിടെയും സെര്‍വെറ്റിന്റെ രാഷ്ട്രീയ കൌശലം കൃത്യമായി ത്തന്നെ പ്രവര്‍ത്തിക്കുന്നു. എയുപ്പിന്റെ അറിവോ സമ്മതമോ ഇല്ലാതെതന്നെ തുക നല്‍കിയെന്നു മാത്ര ല്ല, ഈ സാഹചര്യം മുതലെടുത്ത് അയാള്‍ അവളുമായി ഒരു അവിശുദ്ധബന്ധം സ്ഥാപിക്കുകയും എയുപ്പിന്റെ അഭാവത്തില്‍, എല്ലാ സീമകളും ലംഘിച്ച്, ഇതു നിര്‍ബാധം തുടരുകയും ചെയ്യുന്നു...!
ഒരിക്കല്‍, അവരുടെ രഹസ്യസമാഗമത്തിന് മകന്‍ ഇസ്മയില്‍ തന്നെ ദൃക്സാക്ഷിയാവുന്നു. സ്വന്തം വീട്ടില്‍, വാതില്‍പ്പഴുതിലൂടെ അവന്റെ കണ്ണുകള്‍ അരുതാത്തതു കാണുന്നുണ്ടെങ്കിലും ഈ കാഴ്ചയില്‍ വിഹ്വലമായ അവന്റെ മുഖം മാത്രമാണു പ്രേക്ഷകരായ നാം കാണുന്നത്. തന്റെ മുഖത്തു നോക്കി ചോദ്യം ചെയ്ത മകനു മുന്‍പില്‍, ഉത്തരമില്ലാതെ ഹെയ്സര്‍ പതറുന്നു. “എന്നോടു കള്ളം പറയരുത്” എന്നു കരഞ്ഞ് അവന്‍ അമ്മയുടെ മുഖത്തടിക്കുന്നു. അപരിചിത്വത്തിന്റെ രണ്ടു ദ്വീപുകളായി, ആ നിമിഷം തന്നെ അവര്‍ മാറുകയായിരുന്നു.! വീടു വിട്ടിറങ്ങി, കുതിച്ചുപായുന്ന ട്രെയിനില്‍ തല പുറത്തേ യ്ക്കിട്ടു കരയുന്ന ഇസ്മയില്‍ പ്രേക്ഷക മനസ്സില്‍ തീവ്രനൊമ്പരമുണര്‍ത്തുന്നു...ജയിലില്‍, ഇരുമ്പഴിക ള്‍ക്കിരുപുറവും നിന്നു സംസാരിക്കവെ, തന്നെ കാര്‍ന്നുതിന്നുന്ന ഹൃദയരഹസ്യങ്ങളുടെ വാതില്‍ അച്ഛ നു മുന്നില്‍ തുറക്കാന്‍ തുനിയുന്നുണ്ടെങ്കിലും അതുണ്ടാക്കാവുന്ന വന്‍ഭൂകമ്പങ്ങളുടെ പ്രഹരശേഷിയോ ര്‍ത്ത് അവന്‍ പിന്മാറുകയാണ്...!
ഒടുവില്‍, ആ ദിനവും വന്നെത്തുന്നു. ശിക്ഷ തീര്‍ന്നു പുറത്തുവന്ന എയുപ്പിനെ പുതിയ കാറുമായി ഇസ്മയില്‍ സ്വീകരിക്കുന്നു. ഒമ്പതു മാസങ്ങള്‍ നീണ്ട വിരഹത്തിനു ശേഷം തന്റെ ആഗ്രഹപൂര്‍ത്തി യ്ക്കായി ഭാര്യയെ സമീപിക്കുന്ന അയാള്‍ക്ക് അവളുടെ തികഞ്ഞ നിസ്സംഗത താങ്ങാവുന്നതിലുമപ്പുറ മായിരുന്നു.!ശാരീരികാക്രമണങ്ങള്‍ പോലും അവളില്‍ ഒരു ചലനവുമുണ്ടാക്കുന്നില്ല.! എയുപ്പിന്റെ വരവോടെ സെര്‍വെറ്റും അവളെ തള്ളിപ്പറയുകയാണ്.! ഹെയ്സറുടെ മൊബൈലില്‍ റിംഗ് ടോണായി മുഴങ്ങുന്ന ഗാനം അവളുടെ മനസ്സ് അകപ്പെട്ടുപോയ വിനാശകരമായ പ്രണയക്കുരുക്കിന്റെ ധ്വനി സംഗീതമായി മാറുന്നു :
I hope you love and are never loved back,
I hope love hurts you like it hurts me
I hope you earn and are never re-united, like was never re-united
I hope your heart is made to melt, just like a candle
I hope despair is always at your door, waiting just like a slave
I hope your heart is stolen away, just like wares from a market stall..
ക്രമേണ, എയുപ്പിനും കാര്യങ്ങള്‍ വ്യക്തമാവുകയായിരുന്നു. സ്വയമുരുകി, പരസ്പരം ഉരിയാടാനാവാതെ ഒരേ കൂരയ്ക്കു കീഴില്‍ കഴിയാന്‍ വിധിയ്ക്കപ്പെട്ട മൂന്നു മനുഷ്യാത്മാക്കള്‍...! ആത്മനിന്ദയാല്‍, സ്വയം മരണത്തെ പുല്‍കാന്‍ ഹെയ്സര്‍ പലതവണ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ക്കതിനും കഴിയുന്നില്ല. ഒടുവില്‍, അനിവാര്യമായതു സംഭവിക്കുന്നു. സെര്‍വെറ്റ് കൊല്ലപ്പെടുന്നു. താനാണാ കൃത്യം ചെയ്തതെന്ന് ഇസ്മയില്‍ അച്ഛനെയും അമ്മയെയും അറിയിക്കുന്നു... കുറ്റകൃത്യത്തിന്റെ ചരിത്രം ആവ ര്‍ത്തിക്കുന്നതോടെ ഒരു കുടുംബത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമാവുന്നു. ഇത്തവണ, ശിക്ഷയേറ്റുവാങ്ങാന്‍ മറ്റൊരാളെ കണ്ടെത്തി, മകനെ കുറ്റവിമുക്തനാക്കുവാന്‍ നിസ്സാരനായ അയാള്‍ക്കു കഴിയുമായിരുന്നില്ല..! കാര്‍മേഘാവൃതമായ ആകാശത്തിനു കീഴെ, തിരയടങ്ങാത്ത കടലിനെ നോക്കി ശൂന്യമനസ്കനായി നില്‍ക്കുന്ന എയുപ്പ്.. മേഘങ്ങള്‍ക്കിടയില്‍ നിന്ന് ഒരിടിമിന്നല്‍ കൂടി ഭൂമിയിലേക്കിറങ്ങി വരുന്നു. വീണ്ടും ഒരു മഴ തുടങ്ങുകയാണ്..!.
ഇരുണ്ടതും ചാരനിറത്തിലുമുള്ള ശ്ളഥബിംബങ്ങളില്‍, സംവിധായകന്‍ കൊത്തിയെടുത്ത ഈ വിഷാദ ശില്‍പം എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? പ്രഥമദര്‍ശനത്തില്‍, എല്ലായ്പ്പോഴും ദുര്‍ബലനെ ഇരയാക്കുവാനുള്ള ശക്തന്റെ പ്രലോഭനങ്ങള്‍ ഈ സിനിമയുടെ മുഖ്യപ്രമേയമായി വര്‍ത്തിക്കുന്നതു കാണാം. ആദ്യം, തനിക്കു വിധേയനായ ഡ്രൈവര്‍ എയുപ്പിനെയും പിന്നീട്, അയാളുടെ ഭാര്യയെയും സെര്‍വെറ്റ് തന്റെ അധികാരവും പണവുമുപയോഗിച്ച് കീഴ്പ്പെടുത്തുന്നു. സിനിമയില്‍, രണ്ടുവട്ടം മാത്രം നാം കാണുന്ന അയാളുടെ ഫോണ്‍-സംഭാഷണങ്ങളില്‍പ്പോലും അധികാരപ്രയോഗത്തിന്റെ ഈ മാടമ്പിസമീപനം വ്യക്തമാണ്. ഇതോടൊപ്പം, പല പ്രമേയപരിസരങ്ങളും അടിയൊഴുക്കായി ഈ സിനിമയെ തൊട്ടുകടന്നുപോകുന്നുണ്ട്. അദൃശ്യമായ അതിരുകള്‍ ഭേദിച്ച് പുറത്തുകടക്കാനൊരുങ്ങുന്ന മനുഷ്യമനസ്സിലെ വിചിത്രകാമനകളെക്കുറിച്ചും അവ സഫലീകരിക്കുന്നതിനു വേണ്ടിയുള്ള വൃഥാശ്രമത്തില്‍ അവന്റെയുള്ളില്‍ തടവിലാകുന്ന ഗുപ്തയാഥാര്‍ഥ്യങ്ങളെക്കുറിച്ചും ഈ നിഗൂഢരഹസ്യ ങ്ങള്‍ മനസ്സുകള്‍ക്കിടയില്‍ തീര്‍ക്കുന്ന ശൂന്യസ്ഥലങ്ങളെക്കുറിച്ചും മാത്രമല്ല, രാഷ്ട്രീയവും പണവും തമ്മി ലുള്ള അവിശുദ്ധവേഴ്ചയെക്കുറിച്ചും നീതിപീഠത്തിനു മുന്നില്‍, ഒരിക്കലും ശിക്ഷിക്കപ്പെടാത്ത രാഷ്ട്രീയ ക്രിമിനലുകളെക്കുറിച്ചുമൊക്കെ ഈ സിനിമ പറയാതെ പറയുന്നുണ്ട്. എങ്കിലും, അന്തിമവിശക ലനത്തില്‍, പലപ്പോഴും നാം കരുതുന്നതിനേക്കാളേറെ സങ്കീര്‍ണ്ണമായ ‘ജീവിതം’ തന്നെയാണ് ചലച്ചിത്രത്തിന്റെ കേന്ദ്രബിന്ദു.
ക്ളോസ്-അപ്പ് ദൃശ്യങ്ങളിലൂന്നിക്കൊണ്ടുള്ള സിനിമാറ്റോഗ്രഫിയുടെ വികാരവിനിമയ സാധ്യതകള്‍ നൂറു ശതമാനവും പ്രയോജനപ്പെടുത്തുമ്പോള്‍പ്പോലും, “ത്രീ മങ്കീസ്” ഒരു സംവിധായകന്റെ ചിത്രം തന്നെയാണ്. ഒപ്പം, ഉയര്‍ന്ന ശ്രേണിയിലുള്ള ഡിജിറ്റല്‍ സങ്കേതങ്ങളുപയോഗിച്ച്, സിനിമയെ കലയുടെ ഉന്നതമാനങ്ങളിലേക്ക് എത്രത്തോളം ഉയര്‍ത്താന്‍ കഴിയുമെന്നതിന്റെ ഉത്തമദൃഷ്ടാന്തവും. പശ്ചാത്തലസംഗീതമെന്ന സങ്കല്‍പ്പത്തെത്തന്നെ മാറ്റിമറിച്ച്, യാഥാര്‍ത്ഥ്യപ്രതീതി ജനിപ്പിക്കുന്ന സ്വാഭാവികശബ്ദങ്ങളും നിറങ്ങളും മാത്രമുപയോഗിച്ചുള്ള പുതിയ സംവേദനസാധ്യതകളും ഈ സിനിമ തുറന്നിടുന്നുണ്ട്..
കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരെല്ലാം പൂര്‍ണ്ണതയോടടുത്ത അഭിനയശേഷി പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, ഹെയ്സറുടെ സങ്കീര്‍ണ്ണമായ മനോഘടനയെ സൂക്ഷ്മ മായി സ്വാംശീകരിച്ച ‘ഹാറ്റിസ് അസ്ല്ലാ’ന്റെ ശരീരഭാഷയും ഭാവപ്രകാശനങ്ങളും ‘ഗ്രേറ്റ്’ എന്നു തന്നെ പറയണം.! ഈ നാലുപേരൊഴികെ, മറ്റാരും സാന്ദര്‍ഭികമായിപ്പോലും കടന്നുവരുന്നില്ലയെന്നത് ഈ സിനിമയുടെ പ്രമേയപരിചരണത്തിന്റെ ഒരു സവിശേഷത തന്നെയാണ്. ഒരു പക്ഷേ, ഇതിനൊരപ വാദമായി പറയാവുന്നത്, തപ്തഹൃദയവുമായി തളര്‍ന്നു കിടക്കവെ, എയുപ്പിന്റെയും മകന്റെയും മുന്നില്‍, ഒരിക്കല്‍ മാത്രം വന്നുപോകുന്ന ബാല്യത്തിലേ മരിച്ചുപോയ ഇസ്മയിലിന്റെ അരുമ സഹോദരന്റെ സ്വപ്നസാന്നിധ്യം മാത്രമാണ്..!
ഏറ്റവുമൊടുവിലായി, സിനിമയില്‍ കാണുന്നിടത്തോളം ഇരുണ്ടതും നിഷേധാത്മകവുമാണോ മനുഷ്യജീവിതമെന്ന പ്രശ്നം വിമര്‍ശകരില്‍ നിന്നു തീര്‍ച്ചയായും ഉയര്‍ന്നു വന്നേക്കാം. ഒന്നുറപ്പാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ കളങ്കിതരായിപ്പോവുന്ന നിസ്സഹായജീവിതങ്ങളില്‍ നിന്ന്, യാഥാര്‍ഥ്യബോധത്തോടെ അടര്‍ത്തിയെടുത്തവ തന്നെയാണ് ഈ ചിത്രത്തിലെ ഓരോ മുഹൂര്‍ത്തവും. പ്രണയവും വെറുപ്പും കാരുണ്യവും ചതിയും ഇടകലരുന്ന, കാലദേശങ്ങള്‍ക്കതീതമായ ജീവിതാനുഭവ ങ്ങള്‍ തന്നെയാണ് സെര്‍വെറ്റും എയുപ്പും ഹെയ്സറും ഇസ്മയിലും പങ്കിടുന്നത്. സിനിമയില്‍ സന്ദേശ ങ്ങള്‍ക്കു വേണ്ടി പരതുന്ന നിഷ്കളങ്കര്‍ക്കും സമാധാനിക്കാന്‍ വകയുണ്ട്.! ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്നുള്ള ജീവരൂപങ്ങളുടെ വ്യതിചലനത്തിനെതിരെയുള്ള പ്രപഞ്ചവിധാതാവിന്റെ മുന്നറിയിപ്പുകളായി ഇടയ്ക്കിടെ തിരശ്ശീലയില്‍ മുഴങ്ങിക്കേള്‍ക്കുന്ന മേഘഗര്‍ജ്ജനങ്ങളെ വായിച്ചെടുക്കാന്‍, വിവേകിയായ പ്രേക്ഷകന് പ്രയാസമുണ്ടാവില്ല. ഒരുവേള, ഈ ഇടിമുഴക്കങ്ങള്‍ തന്നെയാണ് സിനിമയില്‍ അടങ്ങിയിട്ടുള്ള ധ്വനി സൌന്ദര്യം തുളുമ്പുന്ന സന്ദേശവും.!.