Thursday, June 16, 2011

ലാസ്റ്റ് ഷോ


വൈകിട്ടെന്താ പരിപാടി? എന്ന അരുണിന്റെ ചോദ്യത്തിനു ചെവികൊടുക്കാതെ, ഉണക്കച്ചപ്പാത്തിയും കടലക്കറിയും തിന്ന്, ഞാന്‍ മെസ്സ്ഹാളില്‍ നിന്നു പതിയെ കിടപ്പുമുറിയിലേക്ക് ചേക്കേറിയെങ്കിലും അവന്‍ പിന്നെയും പിറകേകൂടുമെന്നു കരുതിയില്ല.! പത്തു മിനിറ്റു കഴിഞ്ഞ്‍, പൊളിറ്റിക്സ്സിലെ ഉണ്ണിയെയും കൂട്ടി അവന്‍ വീണ്ടും വാതിലില്‍ മുട്ടിയപ്പോഴാണ് സംഗതി സീരിയസ്സാണെന്നു മനസ്സിലായത്.! ‘ടാ ലവള്‍ടെ പടം ഇന്നു ലാ‍സ്റ്റ് ഷോയാ. പ്രണയപരവശനായ ഈ സഹോദരന് അവളെയൊന്നു കാണാതെ ഉറക്കം വരില്ല. അതല്ലേ..? നീയൊന്നു വാതില്‍ തൊറക്ക്..’. ഉണ്ണി അവന്റെ ഗിരിപ്രഭാഷണം തുടങ്ങി..! ഇനി രക്ഷയില്ല; മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു, വേഷം മാറി. വാർഡന്റെ കണ്ണില്‍പ്പെടാതെ ചുറ്റുമതിലിന്റെ തെക്കേയറ്റത്തുള്ള ഇരുട്ടിന്റെ മറയിലൂടെ മതിൽ ചാടി‍, ഞങ്ങള്‍ പുറത്തുകടന്നു.!

അരുണ്‍ സിനിമാപ്രാന്തനാണ്.! എല്ലാ ശനിയാഴ്ചയും ഒരു സെക്കന്റ് ഷോ കാണാതെ അവനുറക്കം വരില്ല.! ആരായാലും മതി; ഒരു കൂട്ടുവേണമെന്ന നിര്‍ബന്ധം മാത്രമേയുള്ളു. ടിക്കറ്റടക്കമുള്ള ചെലവുകളെല്ലാം ഉദാരമനസ്സോടെ ഏറ്റെടുക്കുന്ന അവന്റെ ദാനധര്‍മ്മങ്ങള്‍ കാണുമ്പോള്‍‍ ഇവന്‍ ഒരു സന്യാസിയിത്തീരുമോ എന്ന് ന്യായമായും എനിക്കു തോന്നാറുണ്ട്.! ബസ്സില്‍‍ ഒട്ടും തിരക്കില്ലായിരുന്നു. ഉണ്ണി സംസാരിച്ചുകൊണ്ടേയിരുന്നു. പഠിക്കുന്നതു രാഷ്ട്രീയമെങ്കിലും തത്വചിന്തയും മന:ശ്ശാസ്ത്രവുമൊക്കെ യേ അവന്റെ നാവില്‍ വരൂ. യുവമനസ്സില്‍ ഒരു ഇത്തിക്കണ്ണിയായി വളര്‍ന്ന്, അതിന്റെ നന്മ മുഴുവന്‍ വലിച്ചുകുടിക്കുന്ന അക്രമവാസനയായിരുന്നു പ്രഭാഷണവിഷയം.! ഇടവേളകളില്‍, ഒന്നു മൂളുന്ന ജോലി മാത്രമേ നമുക്കുള്ളു.!!

സിനിമ തുടങ്ങിയത് ആശ്വാസം ! ഉണ്ണി നിശ്ശബ്ദനായി. അരുണ്‍ അവന്റെ നായികയുടെ മുഗ് ദ്ധസൌന്ദര്യത്തില്‍ ഒഴുകി പ്പോയി. അവളോടുള്ള അവന്റെ വിശുദ്ധപ്രണയത്തിന് ഏറെ വര്‍ഷത്തെ പഴക്കമുണ്ട്.! നദികള്‍ കടലിലേക്കെന്ന പോലെ, അവന്റെ എല്ലാ സംഭാഷണങ്ങളും ചെന്നുചേരുന്നത് അവളുടെ തിളക്കമുള്ള വലിയ കണ്ണുകളുടെ വര്‍ണ്ണനയിലാണ്.!

സിനിമ തീര്‍ന്നപ്പോള്‍ കൃത്യം 12 മണിയായി. പതിവുപോലെ, കുറുക്കുവഴിയിലുടെ നടന്നാണ് മടക്കയാത്ര..! ബാനര്‍ജി റോഡില്‍ നിന്നു മാര്‍ക്കറ്റ് റോഡു വഴി നടന്ന്, നഗരത്തിലെ ഏറ്റവും വീതികുറഞ്ഞ ബ്രോഡ് വേയും കഴിഞ്ഞാൽ ഹോസ്റ്റലായി.! തിരക്കൊഴിഞ്ഞ വിജനമായ നഗരത്തെരുവിലൂടെ ഇരുകൈയും വീശിയങ്ങനെ നടക്കുക ഒരു സുഖമാണ്.! ഒരു പകലിന്റെ മടുപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍‍ മുഴുവന്‍ ഉള്ളിലൊതുക്കി, നഗരം ഉറങ്ങുന്നത് ഒരു കാഴ്ച തന്നെയാണ്. അതിന്റെ നിശ്ശബ്ദതയ്ക്കടിയില്‍ നിരവധി വിഷസര്‍പ്പങ്ങള്‍ പതിയിരിക്കുന്നുണ്ടെന്നു തോന്നും.!

കായലില്‍ നിന്ന് ഒരു തണുത്ത കാറ്റ് വീശുന്നുണ്ട്.! ഉണ്ണിയുടെ പ്രസംഗം ഒരു പശ്ചാത്തല സംഗീതമായി തുടരുകയാണ്..! ഇഷ്ടനായികയെ അധികനേരം കണ്ടിരിക്കാനനുവദി യ്ക്കാത്ത താരരാജാവിന്റെ അഹങ്കാരമാണിപ്പോള്‍ വിഷയം.! അരുണ്‍ അനുസരണ യോടെ, കൃത്യമായി മൂളുന്നുണ്ട്.! എന്റെ മനസ്സില്‍, ഒരു പഴയ സിനിമാഗാനത്തിന്റെ വരികള്‍ താളമിട്ടു :“നഗരം നഗരം മഹാസാഗരം, മഹാസാഗരം കളിയും ചിരിയും മേലേ, ചളിയും ചുഴിയും താഴേ...പുറമേ പുഞ്ചിരി ചൊരിയും സുന്ദരി, പിരിയാന്‍ വിടാത്ത കാമുകി....”പാതിരാവിന്റെ മുഴങ്ങുന്ന നിശ്ശബ്ദതയില്‍, ആ വരികള്‍ക്ക് മായികമായ ഒരു സൌന്ദര്യം കൈവരുന്നതായി തോന്നി.

ജ്യൂസ് സ്ട്രീറ്റിലേക്കുള്ള ഇടവഴിയുടെ അടുത്തെത്തിയപ്പോള്‍‍, കയ്യില്‍ ഒരു ബ്രീഫ് കെയ് സുമായി സുമുഖനായ ഒരു യുവാവ് ഞങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. “ ഇവിടെ, അഡ്വക്കേറ്റ് ബാലഗോപാലന്റെ വീടറിയുമോ.? ഞങ്ങള്‍ സംശയത്തോടെ പരസ്പരം നോക്കുന്നതു കണ്ട് അയാള്‍ വിശദീകരിച്ചു : “നേരത്തേ എത്തേണ്ടതായിരുന്നു. മലബാര്‍ എക്സ്പ്രസ്സ് എത്താന്‍ വൈകി. ഈ ഇടവഴിയുടെ അറ്റത്താണെന്നാണു പറഞ്ഞത്. ഈ സ്ഥലം ഒട്ടും പരിചയമില്ല. സ് ട്രീറ്റ് ലൈറ്റില്ല.! ഫോണും‍ എടുക്കുന്നില്ല; ദാ അവിടെ വരെ എന്റെ കൂടെ ഒന്നു വരുമോ..?”

കണ്ടിട്ട് ഒരു പാവത്താന്റെ മട്ടൊക്കെയുണ്ട്.! എന്നാലും ഈ മെട്രോനഗരത്തില്‍‍, അതും ഈ പാതിരാത്രിയില്‍ എങ്ങനെയാണ് ഒരു അപരിചിതനെ വിശ്വസിക്കുക? വല്ല അധോലോകമോ മറ്റോ ആയിരിക്കുമോ? ഉറക്കം കണ്‍പോളകളില്‍ മുട്ടിവിളിക്കുന്ന ഈ നേരത്ത് എന്തായാലും ഒരു റിസ്ക്ക് എടുക്കാന്‍ വയ്യ. “സോറി..! അറിയില്ല കേട്ടോ?.”...ഞങ്ങള്‍, സൌകര്യപൂര്‍വം ഒഴിഞ്ഞുമാറി..!! കൂടുതലൊന്നും അയാള്‍ ചോദിച്ചില്ല; ചുറ്റുമൊന്നു നോക്കി, പതിയെ ആ ഇരുട്ടിലേക്കു നടക്കാന്‍ തുടങ്ങി. ഞങ്ങളും നടന്നു. ഒഴുക്കു മുറിഞ്ഞതിന്റെ പരിഭവത്തില്‍, ഉണ്ണി തന്റെ പ്രഭാഷണം തുടര്‍ന്നു.

റൂമിലെത്തിയതും ബോധം കെട്ടുറങ്ങിപ്പോയി. മൊബൈല്‍കിളി ചിലയ്ക്കുന്നതു കേട്ടാണുണര്‍ന്നത്. ബിന്ദുവിന്റെ ശബ്ദം : “ടാ ചെറുക്കാ, ഫ്ലവര്‍ഷോയുടെ കാര്യമൊക്കെ മറന്നോ” ഇന്നു ലാസ്റ്റ് ഡേയാ..വേഗം ഇങ്ങോട്ടെറങ്ങ്...സുഭാഷ് പാര്‍ക്കിന്റെ ഗേറ്റിനറ്റുത്ത്...എല്ലാരുമൊണ്ട്.... അതോ ഞങ്ങളങ്ങോട്ടു വരണോ..?”.എന്റെ ദൈവമേ, ഒമ്പതു മണി..! ഈ കടന്നല്‍ക്കൂട്ടം വരുന്ന കാര്യം ഓര്‍ത്തില്ലല്ലോ..? ഇന്നത്തെ കാര്യം തീരുമാനമായി..!! വേഗം കുളിച്ചൊരുങ്ങി പാര്‍ക്കിലെത്തി. പനിനീര്‍ പുഷ്പങ്ങളുടെയും ഓര്‍ക്കിഡുകളുടെയും ‍നഗരതരുണികളുടെയും വര്‍ണ്ണപ്രപഞ്ചത്തില്‍ മുങ്ങി അങ്ങനെ നടന്നു.!

തിരിച്ചു ഹോസ്റ്റലിലെത്തുമ്പോള്‍,‍ നാലുമണി. വിശദമാ‍യി ഒന്നു കുളിച്ച്, മുറിയിലേക്കു മടങ്ങുമ്പോഴാണ്, റീഡിംഗ് റൂമില്‍ കിടന്ന സായാഹ്നപ്പത്രത്തിലെ ചൂടുവാര്‍ത്തയില്‍ കണ്ണുകളുടക്കിയത്. ‘നഗരത്തില്‍ യുവാവിന്റെ അജ്ഞാത ജഡം.! കൊലയെന്നു സംശയം.’ വാര്‍ത്തയ്ക്കൊപ്പം ചേര്‍ത്ത ഫോട്ടോയിലെ മുഖത്തേയ്ക്ക് ഒന്നേ നോക്കിയുള്ളു.! എന്റെ കയ്യിലിരുന്ന് പത്രം വിറയ്ക്കാന്‍ തുടങ്ങി.!!

Wednesday, June 15, 2011

പ്രേമലേഖനം’11


മൈ ഡിയർ സാറാ,
രണ്ടു മാസത്തിനുശേഷം ഇന്നാണ് എന്റെ കപ്പൽ കരയിലടുക്കുന്നത്.! രണ്ടാഴ്ച മുൻപ് നീ അയച്ച മെയിൽ ഇപ്പോഴാണു കാണുന്നത്.! എന്റെ സാറാ, നമ്മുടെ ജീവിതം ഇങ്ങനെയായിത്തീർന്നതിൽ എനിക്കു സങ്കടമില്ലെന്നാണോ നീ കരുതുന്നത്.? രാവും പകലുമില്ലാതെ കരകാണാക്കടലിൽ അലയുമ്പോൾ നിന്റെയും നമ്മുടെ മോന്റെയും വിചാരം മാത്രമാണ് എന്റെ ഏക ആശ്വാസം.!

നീ പറയേണ്ട കാര്യമില്ല; എനിക്കറിയാം, വീട്ടിൽ നീ അനുഭവിക്കുന്ന പ്രശ്നങ്ങൾ.! അമ്മയുടെ സ്വഭാവം നിന്നേക്കാൾ കൂടുതൽ എനിക്കറിയാമല്ലോ? ഇത്രയും വർഷങ്ങൾക്കു ശേഷവും അവർക്കു നിന്നെ ഉൾക്കൊള്ളാൻ കഴിയാത്തതിൽ എനിക്കു വളരെ ഖേദമുണ്ട്. സാറാ, ഞാൻ വെറുതെ പറയുകയല്ല; കാര്യം എന്റെ പെങ്ങളൊക്കെയാണെങ്കിലും കമല നിന്നെപ്പറ്റി പറയുന്ന പരാതികളൊന്നും ഞാൻ മുഖവിലയ്ക്കെടുക്കാറില്ല.! എനിക്കു നീ തന്നെയാണു പ്രധാനം.! നിന്റെ അരികിലെത്താൻ വേണ്ടി മാത്രമാണ് എന്റെ ജീവിതം.! നിന്റെ അന്യതാബോധം എനിക്കു മനസ്സിലാവുന്നുണ്ട് . സ്വന്തക്കാരെ മുഴുവൻ ഉപേക്ഷിച്ച് എന്റെ കൂടെ ഇറങ്ങിവന്ന നിനക്ക് സന്തോഷപൂർണ്ണമായ ഒരു ജീവിതം തരാൻ എനിക്കിതുവരെ സാധിച്ചില്ല.!! സത്യമായും, നിന്റെ മനസ്സു വേദനിക്കുന്നത് എനിക്കു സഹിക്കാനാവുകയില്ല.! പക്ഷേ സാറാ, തൽക്കാലം ഞാൻ നിസ്സഹായനാണ്.!

നിനക്കോർമ്മയുണ്ടോ സാറാ, കാമ്പസ്സിൽ എന്നും വിവാദവിഷയമായിരുന്ന നമ്മുടെ പ്രണയം..! പാരമ്പര്യത്തിന്റെ അഴിക്കൂടുകൾ തകർത്ത്, പ്രണയത്തെ മാത്രം ഹൃദയത്തോടു ചേർത്ത്, നമ്മൾ കൈകോർത്തുനടന്ന വഴികൾ…പ്രേമിക്കാൻ പോലും ഭയന്ന നമ്മുടെ ചങ്ങാതിമാർക്ക് നാമൊരു ഉദാത്തമാതൃകയായിരുന്നു.! ഓർക്കുമ്പോൾ, എനിക്കിന്നും കുളിരുകോരുന്നു.! നീണ്ട പകൽ അവ സാനിക്കുന്നതുവരെ, കെമിസ്ട്രിലാബിനു മുന്നിലെ വരാന്തയിലിരുന്ന് നാം നടത്തിയ ദീർഘസംഭാഷ ണങ്ങൾ…ഭാരത് കഫേയിലെ ഫാമിലിറൂമിൽ മുട്ടിയുരുമ്മിയിരുന്നു നാം നുണഞ്ഞ ഐസ്ക്രീമുകൾ..! സത്യമായും, എനിക്കു മരിക്കാൻ തോന്നുന്നു സാറാ..! തിരയടങ്ങാത്ത കടലിന്റെ സീൽക്കാരം മാത്രം കേട്ട്, എന്റെ കുടുസ്സുമുറിയിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്, അലറുന്ന ഈ കടലിന്റെ ഹൃദയത്തിലേയ്ക്ക് സ്വയം എടുത്തെറിഞ്ഞ് എല്ലാം അവസാനിപ്പിച്ചാലോ എന്ന്.! നിന്നെയോർത്തു മാത്രമാണ്, നമ്മുടെ മോനെ ഓർത്തു മാത്രമാ‍ണ് ഞാനതു ചെയ്യാത്തത്.! എന്റെ സാറാ, നടുക്കടലിൽ സ്ഥലകാലങ്ങൾ നഷ്ടപ്പെട്ട്, അലയുന്ന ഈ എണ്ണക്കപ്പൽ എന്റെ ജീവിതം തന്നെയാണ്..! സോറി, എന്റെ മാത്രമല്ല; നമ്മുടെ ജീവിതം.!! എന്നോടു ക്ഷമിക്കൂ സാറാ.! എനിക്കു മനസ്സു തുറന്ന് ഒന്നു കരയണമെന്നുണ്ട്.!!

രണ്ടുവർഷം കൂടി നീ ക്ഷമിക്കണം.! രണ്ടു കൊല്ലം കൂടി അമ്മയേം ആ തല്ലുകൊള്ളിയേം നീ സഹി ക്കണം.! അപ്പോഴേക്കും നമുക്കുമാത്രം
സ്വന്തമായ ആ സ്വപ്നഭവനം ഞാൻ ഉണ്ടാക്കിയിരിക്കും.! ദൈവമേ, നമ്മുടെ തങ്കക്കുടത്തിന്റെ മുഖം പോലും ഞാനൊന്നു കണ്ടിട്ട് എത്ര നാളായി..? നിനക്ക റിയാമോ, ഒരു ലാപ് ടോപ്പ് പോലും സ്വന്തമായി വാങ്ങിക്കാതെ, ഞാനീ കഷ്ടപ്പെടുന്നതെല്ലാം ആ ഒരു സ്വപ്നസാക്ഷാത്ക്കാരത്തിനു വേണ്ടി മാത്രമാണ്.! ഒരു സുഹൃത്തിന്റെ ലാപ് ടോപ്പിൽ നിന്നാണ് ഇപ്പോൾ നിനക്കെഴുതുന്നത്.! എന്റെ സാറാ, നീയെന്നെ കൈവെടിയരുത്.! കുത്തുവാക്കുകളിലൂടെ ഇനിയും നീയെന്നെ നോവിക്കരുത്. ഞാൻ തകർന്നുപോകും. ! എനിക്കു ഭ്രാന്തു വന്നുകാണാൻ, നീ അഗ്രഹിക്കുന്നുണ്ടോ..?

നിന്റെ ദിവസങ്ങൾ എങ്ങനെ കടന്നുപോകുന്നു എന്നറിയാൻ എനിക്കാഗ്രഹമുണ്ട്.! നീയിപ്പോൾ, എന്തെങ്കിലും വായിക്കാറുണ്ടോ.?
നമ്മുടെ പഴയ കൂട്ടുകാരാരെങ്കിലും വിളിക്കാറുണ്ടോ.? രമേഷ്, ഒരിക്കൽ എന്നെ വിളിച്ചിരുന്നു.! പൂർവ്വവിദ്യാർത്ഥികളുടെ സംഗമത്തിനു നീ കോളേജിൽ ചെന്നില്ലെന്നു പറഞ്ഞു.! പരാതികൾ മാത്രമെഴുതാതെ, അടുത്ത മെയിലിലെങ്കിലും നീ നിന്റെ വിശേഷങ്ങൾ എനിക്കെഴുതണം.! 24 മണിക്കൂറും നീ കമ്പ്യൂട്ടറിന്റെ മുന്നിലാണെന്നും നിനക്കിപ്പോൾ അടുക്കളയിലേക്കൊന്നു തിരിഞ്ഞു നോക്കാൻ പോലും സമയമില്ലെന്നും, പല രാജ്യങ്ങളിലായി നിനക്ക് ഒരുപാട് ആൺസുഹൃത്തുക്കളുണ്ടെ ന്നുമൊക്കെ എന്നെ വിളിക്കുമ്പോൾ, ആ തല്ലുകൊള്ളി പറയാറുണ്ട്.! വെറുതെ, എന്നെ പ്രകോപിപ്പി ക്കാനാണെന്ന് എനിക്കറിയാം,! നീ അവളോടു വഴക്കിനൊന്നും പോകണ്ട.! ഞാനതൊന്നും വിശ്വസിച്ചിട്ടില്ല. എന്റെ സാറാ, മനസ്സിൽ‌പ്പോലും നീ എന്നോടു വഞ്ചന കാട്ടുമെന്ന് ചിന്തിക്കാൻ എനിക്കു കഴിയില്ല.! അഥവാ അങ്ങനെ ചിന്തിക്കേണ്ട ഒരു ഘട്ടം വന്നാൽ, അന്നു ഞാൻ ഉണ്ടാ‍വുകയില്ല.!

ഇവിടെയിപ്പോൾ , കപ്പൽ കരയിലണഞ്ഞതിന്റെ ഉത്സവമാണ്...! സുഹൃത്തുക്കളെല്ലാം ആഹ്ലാദത്തിലാണ്..! മദ്യവും സ്ത്രീകളുമായി രമിച്ച് അവർ മതിവരുവോളം ജീവിതം ആസ്വദിക്കുക യാണ്..!! നീ വിശ്വസിച്ചാലുമില്ലെങ്കിലും ഞാൻ ഒരു സത്യം പറയട്ടെ; നിന്നെപ്പിരിഞ്ഞതിൽപ്പിന്നെ ഒരു സ്ത്രീയുടെ ഗന്ധം ഇതേവരെ, ഞാൻ അറിഞ്ഞിട്ടില്ല.!! ‘ഒരു പാവം നാട്ടുമ്പുറത്തുകാരൻ’ എന്നു കൂട്ടുകാരെല്ലാം കളിയാക്കും.! സാറാ, എന്നെപ്പറ്റി നിനക്കും അങ്ങനെ തോന്നുന്നുണ്ടോ.?

എന്തായാലും, രണ്ടുവർഷം കൂടി കഴിഞ്ഞാൽ, ഈ നരകജീവിതം അവസാനിപ്പിച്ച് ഞാൻ നാട്ടിലേക്കു വരും. ലാഭമുള്ള എന്തെങ്കിലും ഒരു ബിസിനസ്സ് തുടങ്ങണം.! കിട്ടുന്നതിൽ തൃപ്തി കണ്ടെത്തി, നമുക്കൊന്നിച്ചു കഴിയാം.! അച്ഛന്റെ ഷെയറാ‍യി കിട്ടിയ 20 സെന്റുണ്ടല്ലോ. അതിൽ, ഒരു ഫാം തുടങ്ങുന്ന കാര്യവും എന്റെ മനസ്സിലുണ്ട്.! സാറാ, കുറച്ചുകാലം കൂടി, നീ ഒന്നു പിടിച്ചുനിൽക്കണം.! എന്റെ ഒരപേക്ഷയാണ്..!!

ഇവിടെ, എന്റെ കമ്പനിയും പ്രതിസന്ധിയിലാണെന്നൊക്കെ കേൾക്കുന്നു.! ഉടനെ ഒരു പ്രശ്നമുണ്ടാ വില്ലെന്ന
പ്രതീക്ഷയിലാണ് എല്ലാവരും...ഇനി ഒരാഴ്ചയോളം ഞാൻ റെയിഞ്ചിലുണ്ടാവും. പിന്നെ, വീണ്ടും കൊല്ലുന്ന ഈ സമുദ്രയാത്രയാരംഭിക്കും.!! ഇന്നു വൈകിട്ട് സിറ്റിയിൽ പോകുന്നുണ്ട്. ഫോൺ റീചാർജ് ചെയ്ത്, ഏഴുമണിക്കു മുൻപായി ഞാൻ നിന്നെ വിളിക്കും.! സാറാ, നിന്നോടു മതിവരുവോളം ഒന്നു സംസാരിക്കാൻ എനിക്കു കൊതിയാവുന്നുണ്ട്..!

എന്ന്, പ്രണയപൂർവ്വം,

നിന്റേതുമാത്രമായ
കേശവ്.

Tuesday, June 14, 2011

ഫെമിനിസ്റ്റ്
നീണ്ടുനീണ്ടുപോകുന്ന നിശ്ശബ്ദതയുടെ കരയിൽ അയാൾ ഇങ്ങനെയിരിക്കാൻ തുടങ്ങിയിട്ട് ഒരുപാടു നേരമായി. ചുവരിലെ ക്ലോക്ക് രാത്രി 2.35 എന്ന സമയം കാണിക്കുന്നുണ്ടെങ്കിലും അയാളെ സംബന്ധിച്ച് സമയവും കാലവുമെല്ലാം അപ്രസക്തമായിരുന്നു. താൻ എത്ര നേരമായി അങ്ങനെയിരിക്കാൻ തുടങ്ങിയിട്ടെന്നോ, താൻ അവിടെ ഇരിക്കുന്നുണ്ടെന്നുതന്നെയോ അയാൾ മറന്നുപോയിരുന്നു.! കിടക്കയിൽ പുറംതിരിഞ്ഞുകിടന്ന് അവൾ ശാന്തമായുറങ്ങുന്നു.! ഒരു നിമിഷം..അയാൾക്ക് പരിസരബോധം വന്നു.. എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അയാൾ ഓർക്കാൻ ശ്രമിച്ചു...
അതൊരു അറേഞ്ച്ഡ് മാര്യേജായിരുന്നു. സർക്കാർസർവീസിൽ ജോലിയുള്ള കുട്ടി. അറേബ്യയിലെ മരുജീവിതത്തിനിടയിൽ ഇ-മെയിലായി വന്ന അവളുടെ ഫോട്ടോ അയാളുടെ മനം കുളുർപ്പിച്ചു. “സാമ്പത്തികമൊന്നുമില്ല..ആൾ വളരെ സൈലന്റാ.. ഒരു പാവം..നിനക്കു ചേരും..!" ജ്യേഷ്ഠന്റെ നിരീക്ഷണം മുഖവിലയ്ക്കെടുത്തു. പലകുറി ശ്രമിച്ചെങ്കിലും രണ്ടുമൂന്നു വട്ടമേ ഫോണിൽ കിട്ടിയുള്ളു. അപ്പോഴൊക്കെ അവൾ ഒന്നോ രണ്ടോ വാക്കിൽ ചോദ്യത്തിനുത്തരം മാത്രം പറഞ്ഞു. നാണത്തിൽ പൊതിഞ്ഞ ഒരു മുഖം മനസ്സിൽ കണ്ട് അയാൾ ക്ഷമിച്ചു. ഈ നാണമൊക്കെ താൻ മാറ്റിയെടുക്കുമെന്ന് ഉള്ളിൽ തീരുമാനിച്ചു. പിന്നെല്ലാം പെട്ടെന്നായിരുന്നു. അറബി മൂന്നു മാസത്തെ അവധി കനിഞ്ഞു നൽകിയ സമയം. എല്ലാം നല്ലതിനായിരിക്കും.! കിട്ടിയ ഫ്ലൈറ്റിൽ അയാൾ നാട്ടിലേക്കു പറന്നു.
പാരമ്പര്യവിധിപ്രകാരം അമ്പലമുറ്റത്തെ പന്തലിൽ താലികെട്ടുമ്പോൾ, ഏതാനും വർഷം മുൻപ് കാമ്പസ്സിൽ ഫെമിനിസ്റ്റുകളുടെ സഖാവായി, വിവാഹം കഴിക്കാതെയുള്ള സഹജീവിതത്തിന്റെ വക്താവായി വിലസിയ കാലങ്ങൾ അയാളോർത്തു. നഗരം വിട്ട് ഗ്രാമവസതിയുടെ പടികയറുമ്പോൾ, തന്നിലെ പുരോഗമനവാദി ഒരു പഴഞ്ചനായി മാറുന്നതിലെ വൈരുദ്ധ്യമോർക്കവേ, അയാൾക്കു ചിരി വന്നു. സദ്യയുടെയും സൽക്കാരങ്ങളുടെയുമിടയിൽ അയാൾക്ക് അവളുടെ ചെറുപുഞ്ചിരികൾ സമ്മാനമായിക്കിട്ടി. തന്റെ ഭാര്യയ്ക്ക് നിഷ്കളങ്കമായി ചിരിയ്ക്കാനറിയാം..! അഹങ്കാരത്തോടെ അയാളോർത്തു. പിന്നീട്, തിരക്കുകളെല്ലാമൊഴിഞ്ഞ്, കിടപ്പുമുറിയിൽ അയാളൊറ്റയ്ക്കായി. തിരക്കായതിനാലാവാം അവൾ വൈകുന്നത്..! ഒടുവിൽ മടിച്ചുമടിച്ച് അവളെത്തിയപ്പോൾ, ആ മുഖത്തുനിന്ന് പുഞ്ചിരി മാഞ്ഞിരുന്നു.! പകരം ഒരു അമ്പരപ്പ് അവളെ പൊതിഞ്ഞതു പോലെ..‘ഇവിടിരിക്ക്, ചോദിക്കട്ടെ..‘എന്ന് അവളുടെ കരം ഗ്രഹിക്കാനൊരുങ്ങവേ, അവൾ ഭയന്ന് പിന്നോട്ടുമാറി. അയാളുടെ ഹൃദയം പിടഞ്ഞു. സ്വപ്നങ്ങളുടെ ആകാശം അയാളുടെ മേൽ ഇടിഞ്ഞുവീണു.!
തന്റെ ജീവിതം മുഴുവൻ പങ്കിടേണ്ടവൾ മൌനത്തിന്റെ ഒരു കൂടാരമാണെന്നും പരിചയക്കുറവിനും വെറും ലജ്ജയ്ക്കുമപ്പുറം അതിനു മാനങ്ങളുണ്ടെന്നുമുള്ള അറിവ് അയാളെ മരവിപ്പിച്ചു. വിരുന്നുപോയ വീടുകളിൽ, അവൾ ചർച്ചയാകുന്നത് അയാൾ കേട്ടു. വിവാഹം ക്ഷണിക്കാൻ വന്ന തന്റെ ആത്മസുഹൃത്ത്, “ശ്രീമതിയെവിടെ.?കണ്ടില്ലല്ലോ.!”എന്ന് തിരക്കവെ, അപമാനഭാരത്താൽ അയാൾ തല കുനിച്ചു .! സന്ദർശകരെ കാണുമ്പോൾ, കുളിമുറിയിൽ കയറി വാതിലടച്ചിരിക്കുന്ന തന്റെ ഭാര്യയെ ഇതിനകം അയാൾക്ക് പരിചയമായിക്കഴിഞ്ഞിരുന്നു.! ലാൽബാഗിലെ പുൽമെത്തകൾ അതിരിട്ട നടപ്പാതകളിൽ, സുഭാഷ് പാർക്കിൽ, ആ നിശ്ശബ്ദതയ്ക്ക് കൂട്ടുനടക്കവേ, തന്റെയുള്ളിലെ ഫെമിനിസത്തിന്റെ പരിമിതികൾ അയാൾക്കു ബോധ്യപ്പെട്ടു. ആഗ്രഹങ്ങൾ ചത്തുമലച്ച കിടപ്പുമുറിയിൽ, ‘ദയവായി ക്ഷമിക്കൂ..എനിക്കൊന്നുമാവില്ലെ’ന്നു മുദ്രപതിച്ച അവളുടെ മുഖത്തേക്കു നോക്കിയിരിക്കെ, അയാൾക്ക് ആദ്യമായി തന്റെ സമനിലയെപ്പറ്റി സംശയം തോന്നി..!
നാട്ടിലെ പ്രശസ്തയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനു മുന്നിൽ ഒരു പരാജിതന്റെ മുഖവുമായിരിക്കെ, അവരുടെ ശാന്തമായ പതിഞ്ഞ ശബ്ദം അയാളുടെ കാതിൽ പതിച്ചു. “ലുക്ക് മൈ ഫ്രണ്ട്, ഇതൊരു സ്പെഷ്യൽ കേസാണ്. എന്റെ ഇതുവരെയുള്ള പ്രാക്ടീസിൽ ആദ്യമായിട്ടാ, ഇങ്ങനെയൊന്ന്. ഇറ്റ്സ് എ കേസ് ഓഫ് ഡീപ്പ് ഡിപ്രഷൻ. ഷീ ഈസ് ടോട്ടലി ഇൻട്രോവെർട്ട്.! ആൻഡ്, ഇതിപ്പം എത്ര വർഷം കൊണ്ട് ഇതിൽ നിന്ന് റിക്കവറാകും എന്നൊന്നും ഉറപ്പുപറയാൻ വയ്യ...സത്യത്തിൽ എനിക്ക് വിഷമമുണ്ട്..! നിങ്ങളെപ്പോലെ ലോകപരിചയമുള്ള ഒരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്.! ഇനി ഇതിങ്ങനെ, തുടർന്നുകൊണ്ടു പോകണമെന്ന് ഞാൻ പറയില്ല.! ദാറ്റ് വിൽ ബി സ്പോയിലിങ്ങ് യുവേഴ് സെൽഫ് . ബെറ്റർ, യു ട്രൈ ഫോർ എ ഡിവോഴ്സ്..ഐ ആം സോറി റ്റു സേ..!”
*********************************
കുടുംബക്കോടതിയിൽ നല്ല തിരക്കായിരുന്നു.! കൊടുത്തതിന്റെയും വാങ്ങിയതിന്റെയും കണക്കുകൾ തമ്മിൽ കോർത്ത്, വക്കീലന്മാർ പരസ്പരം ഏറ്റുമുട്ടി.! അകത്തും പുറത്തും പെരുത്തുവരുന്ന ചൂടിൽ, വാദികൾക്കും പ്രതികൾക്കുമിടയിൽ ശൂന്യമനസ്കനായി നിൽക്കെ, കോടതിമുറിയുടെ വെള്ളച്ചുമരുകൾ തന്നെനോക്കിച്ചിരിക്കുന്നതായി അയാൾക്കു തോന്നി.! നടപടികളെല്ലാം തീർത്ത് , കടലാസുകളിൽ ഒപ്പുവെക്കുമ്പോൾ, അയാൾക്കു നല്ല ആശ്വാസം അനുഭവപ്പെട്ടു.! ഒടുവിൽ, ജഡ്ജിയുടെ ചോദ്യത്തിനു മറുപടിയായി അവളുടെ ചുണ്ടിൽ നിന്നു പുറപ്പെട്ട ആ വാക്ക് അയാൾ വ്യക്തമായിക്കേട്ടു: ‘സമ്മതമാണ്”.!
മടക്കയാത്രയിൽ, ഫ്ലൈറ്റിലെ സൈഡ് സീറ്റിൽ ലാപ് ടോപ്പിലെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചിരിക്കെ, ഒരിക്കലും പൂരിപ്പിക്കാനാവാത്ത ചില ജീവിതസമസ്യകളെപ്പറ്റി, ഒരിക്കലും തിരുത്താനാവാത്ത ചില തെറ്റുകളെപ്പറ്റി അയാൾ വെറുതെ ആലോചിക്കുകയായിരുന്നു.! അഭിനന്ദനവാക്കുകളുമായി തന്നെ സ്വീകരിക്കാൻ കാത്തിരിക്കുന്ന സുഹൃത്തുക്കളെപ്പറ്റി അയാളോർത്തു.! അവരുടെ കള്ളച്ചിരിയും കളിയാക്കലുകളുമോർത്തു..! അപ്പോഴാണ്, ആ ചിത്രം അയാളുടെ കണ്ണിലുടക്കിയത്. മൂന്നുമാസം മുൻപ്, തന്റെ ജീവിതം മാറ്റിമറിയ്ക്കുവാൻ, ഒരു ഇമെയിലിലൂടെ തന്നെ തേടിയെത്തിയ പെൺകുട്ടിയുടെ ചിത്രം.! നിസ്സംഗമായി, അത് ഡിലീറ്റ് ചെയ്യവേ, ഇനിയും തന്റെയുള്ളിൽ അല്പമെങ്കിലും ഫെമിനിസം ബാക്കിയുണ്ടോ എന്ന് അയാൾ മനസ്സിലേക്ക് ഒരിക്കൽക്കൂടി പാളിനോക്കി. ശൂന്യതയുടെ ഒരു തമോഗർത്തം മാത്രമേ അയാൾക്കവിടെ കാണാൻ കഴിഞ്ഞുള്ളു.!

Sunday, June 12, 2011

അവസാനത്തെ ബസ്സ്
അന്ത്യരംഗം കഴിഞ്ഞു കര്‍ട്ടന്‍ വീണതും അരങ്ങിന്റെ മധ്യത്തില്‍ ‘മരിച്ചു’കിടന്നിരുന്നു നടൻ പിടഞ്ഞെണീറ്റു. ധൃതിയില്‍ മേക്കപ്പെല്ലാം അഴിച്ചുകളഞ്ഞ് അയാള്‍ ‘മേടയില്‍ സതീഷ് കുമാറാ’യി മാറി. പന്ത്രണ്ടിന് ഇനി പത്തുമിനിറ്റേയുള്ളു.! സുഹൃത്തുക്കളോടു യാത്ര പറഞ്ഞ് ഒരു ഓട്ടോ പിടിച്ച് സ്റ്റാന്‍ഡിലെത്തുമ്പോളേക്കും അവസാനബസ് നീങ്ങിത്തുടങ്ങിയിരുന്നു. ചാടിക്കയറി, മുന്‍സീറ്റില്‍ത്തന്നെ വിശാലമായി ഇരുന്നു. ഹോ..ഇന്നെങ്കിലും വീട്ടില്‍ കിടന്നുറങ്ങാമല്ലോ..! ബസ്സില്‍ താനുള്‍പ്പെടെ അഞ്ചാറുപേര്‍ മാത്രം.! പാതിരാവിന്റെ വിഷാദം ആ ക്ഷീണിച്ച മുഖങ്ങളില്‍ നിഴലിക്കുന്നു.! നാടകത്തിന്റെ അന്ത്യരംഗമോര്‍ക്കെ, അയാളുടെ ചുണ്ടില്‍ ചെറിയ ചിരി പടര്‍ന്നു. 'എന്റെ മോനേ..' എന്നു നിലവിളിച്ചു കൊണ്ടു വസുമതിച്ചേച്ചി തന്റെ ‘മൃതദേഹ’ത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞതും താനറിയാതെ, രണ്ടുകണ്ണിലും‍ നീര്‍ തുളുമ്പിവന്നതും....

കിഴക്കേക്കോട്ടയില്‍ ബസ്സിറങ്ങി സ്വാമിയുടെ തട്ടുകടയില്‍ നിന്ന് ഒരു സിഗററ്റു വാങ്ങി കത്തിച്ച് അയാള്‍ ദീപുവിന്റെ മൊബൈലിലേക്കു വിളിച്ചു. “എടാ കൂട്ടുകാരാ, ഉറങ്ങിയാരുന്നോ.? നീയാ വണ്ടിയെടുത്ത് ഇവിടം വരെയൊന്നു വാ..നല്ല ക്ഷീണം. ഇനി നാലുകിലോമീറ്ററൂടെ നടക്കാനുള്ള ഊര്‍ജജമില്ല.. പ്ലീസ്..” ഭാഗ്യം.. അവന്‍ സമ്മതിച്ചു.! ഈ രാത്രിസഞ്ചാരങ്ങള്‍ എന്നാണവസാനിക്കുക..? നാളെ അങ്കമാലിയിലാണ് പരിപാടി. പിന്നെ, ഞായറാഴ്ചയേയുള്ളു. അത് തത്തമംഗലത്താണ്..! നക്ഷത്രങ്ങള്‍ നിറഞ്ഞ വൃത്തിയുള്ള ആകാശം..ഇതു വൃശ്ചികമാസമാണല്ലോ..? നാളെയാണ് അമ്പലത്തില്‍ കൊടിയേറ്റ്..! ഇത്തവണയെങ്കിലും ഒമ്പതാമുത്സവം കൂടാന്‍ പറ്റുമോ എന്തോ.? മട്ടന്നൂരിന്റെ ആ പഞ്ചാരിമേള‍ത്തിലാറാടിയങ്ങനെ നില്‍ക്കാന്‍ കൊതിയാകുന്നു..! ...

ഉറക്കം വരുന്നുണ്ട്. പതിയെ നടക്കാം.. മൃദുചിന്തകളുടെ ഉന്മാദത്തിലമര്‍ന്നങ്ങനെ...അപ്പോഴേക്കും അവനെത്തുമല്ലോ..! അവസാനപുകയും ആഞ്ഞുവലിച്ച് സിഗററ്റ്കുറ്റി വലിച്ചെറിഞ്ഞതും പാഞ്ഞുവന്ന ഒരു ബൈക്ക് അയാളെ തട്ടിത്തെറിപ്പിച്ചതും ഒന്നിച്ചായിരുന്നു. വായുവില്‍ കരണം മറിഞ്ഞ് റോഡിന്റെ ഒത്തമധ്യത്തില്‍ മലര്‍ന്നടിച്ചുവീണതും അബോധത്തിന്റെ അജ്ഞേയമായ ഒരു കരിമ്പടം അയാളെ വന്നുമൂടി.!

പിന്നീട്, ദൂരെ നിന്ന് ഒരു ബൈക്കിന്റെ ശബ്ദം അടുത്തടുത്തു വന്നതും തൊണ്ടയില്‍ കുടുങ്ങിയ വിലാപത്തോടെ ദീപുവെന്ന സുഹൃത്ത് തന്നെ വാരിയെടുത്തതും ഒരു സഹായഹസ് തത്തിനായി അവന്‍ നാലുപാടും ചിതറിയോടിയതുമൊന്നും അയാളറിഞ്ഞില്ല. ജീവിതമെന്ന സങ്കല്‍പ്പരതിയുടെ അന്ത്യരംഗമോര്‍ത്ത് അപ്പോള്‍‍ സ്വതന്ത്രമായ ഒരാത്മാവ് ശബ്ദമില്ലാതെ ചിരിച്ചു.! പിന്നെ, മഞ്ഞുപാളികള്‍ക്കിടയിലൂടെ, അത് വൃശ്ചികമാസത്തിന്റെ വൃത്തിയുള്ള ആകാശത്തിലേക്കൂളിയിട്ടു.!!