അന്ത്യരംഗം കഴിഞ്ഞു കര്‍ട്ടന്‍ വീണതും അരങ്ങിന്റെ മധ്യത്തില്‍ ‘മരിച്ചു’കിടന്നിരുന്നു നടൻ പിടഞ്ഞെണീറ്റു. ധൃതിയില്‍ മേക്കപ്പെല്ലാം അഴിച്ചുകളഞ്ഞ് അയാള്‍ ‘മേടയില്‍ സതീഷ് കുമാറാ’യി മാറി. പന്ത്രണ്ടിന് ഇനി പത്തുമിനിറ്റേയുള്ളു.! സുഹൃത്തുക്കളോടു യാത്ര പറഞ്ഞ് ഒരു ഓട്ടോ പിടിച്ച് സ്റ്റാന്‍ഡിലെത്തുമ്പോളേക്കും അവസാനബസ് നീങ്ങിത്തുടങ്ങിയിരുന്നു. ചാടിക്കയറി, മുന്‍സീറ്റില്‍ത്തന്നെ വിശാലമായി ഇരുന്നു. ഹോ..ഇന്നെങ്കിലും വീട്ടില്‍ കിടന്നുറങ്ങാമല്ലോ..! ബസ്സില്‍ താനുള്‍പ്പെടെ അഞ്ചാറുപേര്‍ മാത്രം.! പാതിരാവിന്റെ വിഷാദം ആ ക്ഷീണിച്ച മുഖങ്ങളില്‍ നിഴലിക്കുന്നു.! നാടകത്തിന്റെ അന്ത്യരംഗമോര്‍ക്കെ, അയാളുടെ ചുണ്ടില്‍ ചെറിയ ചിരി പടര്‍ന്നു. 'എന്റെ മോനേ..' എന്നു നിലവിളിച്ചു കൊണ്ടു വസുമതിച്ചേച്ചി തന്റെ ‘മൃതദേഹ’ത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞതും താനറിയാതെ, രണ്ടുകണ്ണിലും നീര്‍ തുളുമ്പിവന്നതും....
കിഴക്കേക്കോട്ടയില്‍ ബസ്സിറങ്ങി സ്വാമിയുടെ തട്ടുകടയില്‍ നിന്ന് ഒരു സിഗററ്റു വാങ്ങി കത്തിച്ച് അയാള്‍ ദീപുവിന്റെ മൊബൈലിലേക്കു വിളിച്ചു. “എടാ കൂട്ടുകാരാ, ഉറങ്ങിയാരുന്നോ.? നീയാ വണ്ടിയെടുത്ത് ഇവിടം വരെയൊന്നു വാ..നല്ല ക്ഷീണം. ഇനി നാലുകിലോമീറ്ററൂടെ നടക്കാനുള്ള ഊര്‍ജജമില്ല.. പ്ലീസ്..” ഭാഗ്യം.. അവന്‍ സമ്മതിച്ചു.! ഈ രാത്രിസഞ്ചാരങ്ങള്‍ എന്നാണവസാനിക്കുക..? നാളെ അങ്കമാലിയിലാണ് പരിപാടി. പിന്നെ, ഞായറാഴ്ചയേയുള്ളു. അത് തത്തമംഗലത്താണ്..! നക്ഷത്രങ്ങള്‍ നിറഞ്ഞ വൃത്തിയുള്ള ആകാശം..ഇതു വൃശ്ചികമാസമാണല്ലോ..? നാളെയാണ് അമ്പലത്തില്‍ കൊടിയേറ്റ്..! ഇത്തവണയെങ്കിലും ഒമ്പതാമുത്സവം കൂടാന്‍ പറ്റുമോ എന്തോ.? മട്ടന്നൂരിന്റെ ആ പഞ്ചാരിമേളത്തിലാറാടിയങ്ങനെ നില്‍ക്കാന്‍ കൊതിയാകുന്നു..! ...
ഉറക്കം വരുന്നുണ്ട്. പതിയെ നടക്കാം.. മൃദുചിന്തകളുടെ ഉന്മാദത്തിലമര്‍ന്നങ്ങനെ...അപ്പോഴേക്കും അവനെത്തുമല്ലോ..! അവസാനപുകയും ആഞ്ഞുവലിച്ച് സിഗററ്റ്കുറ്റി വലിച്ചെറിഞ്ഞതും പാഞ്ഞുവന്ന ഒരു ബൈക്ക് അയാളെ തട്ടിത്തെറിപ്പിച്ചതും ഒന്നിച്ചായിരുന്നു. വായുവില്‍ കരണം മറിഞ്ഞ് റോഡിന്റെ ഒത്തമധ്യത്തില്‍ മലര്‍ന്നടിച്ചുവീണതും അബോധത്തിന്റെ അജ്ഞേയമായ ഒരു കരിമ്പടം അയാളെ വന്നുമൂടി.!
പിന്നീട്, ദൂരെ നിന്ന് ഒരു ബൈക്കിന്റെ ശബ്ദം അടുത്തടുത്തു വന്നതും തൊണ്ടയില്‍ കുടുങ്ങിയ വിലാപത്തോടെ ദീപുവെന്ന സുഹൃത്ത് തന്നെ വാരിയെടുത്തതും ഒരു സഹായഹസ് തത്തിനായി അവന്‍ നാലുപാടും ചിതറിയോടിയതുമൊന്നും അയാളറിഞ്ഞില്ല. ജീവിതമെന്ന സങ്കല്‍പ്പരതിയുടെ അന്ത്യരംഗമോര്‍ത്ത് അപ്പോള്‍ സ്വതന്ത്രമായ ഒരാത്മാവ് ശബ്ദമില്ലാതെ ചിരിച്ചു.! പിന്നെ, മഞ്ഞുപാളികള്‍ക്കിടയിലൂടെ, അത് വൃശ്ചികമാസത്തിന്റെ വൃത്തിയുള്ള ആകാശത്തിലേക്കൂളിയിട്ടു.!!
4 comments:
അഭിനയവും ജീവിതവും . നന്നായിട്ടുണ്ട്.
വായിച്ചു.
അഭിനയം ജീവിതമായപ്പോ...
നന്നായി പറഞ്ഞുട്ടോ കഥാകാരാ..
ജിഗീ
ഇതെന്താദ്
കുറച്ച് നാളായിട്ട് ജീവിതമെന്ന സങ്കല്പ രതിയുടെ ദുരന്തങ്ങളാണാല്ലൊ കൂടുതലും.
ഇത്തവണത്തേതും മോശമയില്ല.
Post a Comment