നല്ല മഴക്കാറുണ്ടായിരുന്നതൊഴിച്ചാൽ, കഥ തുടങ്ങുമ്പോൾ ഒരു നാടകീയതയ്ക്കും
സാധ്യതയില്ലായിരുന്നു. ഒരു പകലിന്റെ മുഴുവൻ വേവലാതിയും തലയിലേന്തി, ഞാൻ ബസ്
സ്റ്റോപ്പിലേക്കു നടക്കുകയാണ്. വിരസമായ ഈ ദിനചര്യയുടെ കുറ്റിയിൽ കിടന്നു
കറങ്ങാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടാവുന്നു. ഈ ജോലിയുപേക്ഷിച്ച്,
ജീവിതത്തോട് ശക്തമായി പ്രതികരിക്കണമെന്നൊക്കെ ചിലപ്പോൾ തോന്നും. എന്നാൽ,
അരി മേടിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിൽ, ഒടുവിൽ
ഒരൊത്തുതീർപ്പിലെത്തുകയാണ് പതിവ്.
പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി.
അല്ലെങ്കിലും മഴയ്ക്കു വെറുതെ പെയ്താൽ മതിയല്ലോ. സ്റ്റോപ്പിൽ നിറഞ്ഞുനിന്ന
മനുഷ്യർ അസ്വസ്ഥരായി തിക്കിത്തിരക്കി. അപ്പോൾ വന്ന ഒരു
സൂപ്പർഫാസ്റ്റിലേക്കു ചാടിക്കയറി, ഞാൻ രക്ഷപ്പെട്ടു. ഒരു സീറ്റുമാത്രമേ
ഒഴിവുള്ളു. അതു ഞാൻ സ്വന്തമാക്കി. ഒരു പോലീസുകാരനാണ് ഇടതുവശത്തേക്കൊതുങ്ങി
എനിക്കിരിക്കാൻ സ്ഥലം തന്നത്. ഇരുന്നുകഴിഞ്ഞാണ് വലതുഭാഗത്ത് എന്നോടു
ചേർന്നിരിക്കുന്നയാളിന്റെ കൈയിലെ വിലങ്ങ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഓ,
അതൊരു കുറ്റവാളിയാണ്.! പോലീസുകാരൻ അയാളുടെ ഉടമസ്ഥനും.
ഒരു
കുറ്റവാളിയെ ഇത്രയടുത്തു കാണുന്നത് ആദ്യമായിട്ടാണ്. മുപ്പത്തഞ്ചുവയസോളം
തോന്നിക്കുന്ന മെലിഞ്ഞ യുവാവ്. മുടിയിൽ അല്പം നര കയറിയിട്ടുണ്ട്. ഇവിടെ
വേണമെങ്കിൽ ഒരു ചെറിയ നാടകീയതയ്ക്കു സ്കോപ്പുണ്ട്. ഒരേ സീറ്റിൽ
തൊട്ടുതൊട്ടിരിക്കുന്ന ഞങ്ങൾ മൂന്നുപേരെ ഇപ്പോൾ നിരീക്ഷിക്കുന്ന ഒരാൾ
പെട്ടെന്ന് ഞാനും ഒരു കുറ്റവാളിയാണെന്നു സംശയിച്ചേക്കാം. എനിക്ക് ഒരു
കുറ്റവാളിയുടെ മുഖമുണ്ടോ.? ഞാനയാളുടെ മുഖത്തേക്കു നോക്കി. അതൊരു
കുറ്റവാളിയുടെ മുഖമല്ലായിരുന്നു. കണ്ണുകളിൽ ദു:ഖം ഖനീഭവിച്ചുകിടന്നിരുന്നു.
എന്റെയുള്ളിലെ തീവ്രവിഷാദങ്ങൾ ആവിയായിപ്പോയി. ഒരു മനുഷ്യൻ
കുറ്റവാളിയായിത്തീരുന്ന നിമിഷത്തെപ്പറ്റി ഞാൻ പെട്ടെന്നോർത്തു.
പുറത്തേക്കു നോക്കിയിരുന്ന അയാൾ, മഴ ശക്തമായതോടെ ഷട്ടറിട്ടു. ഞങ്ങൾ മൂവരും
അതിവേഗത്തിൽ ഒരു ഏകാന്തതയിലകപ്പെട്ടു. എന്തുകുറ്റമാവും അയാൾ
ചെയ്തിട്ടുണ്ടാവുക.? ആരെയെങ്കിലും കൊന്നുകാണുമോ? ഒരുവേള, വെറുമൊരു കള്ളനോ
പിടിച്ചുപറിക്കാരനോ ആവുമോ? എനിക്ക് ആ വ്യക്തിയോട് ഒരനുഭാവം തോന്നി.
അയാളെപ്പറ്റി കൂടുതലറിയാൻ ആഗ്രഹം തോന്നി. എന്നാൽ, ഇവിടെ
തൊട്ടടുത്തിരിക്കുമ്പോഴും ഒരു കുറ്റവാളിയെ പരിചയപ്പെടാനുള്ള സ്വാതന്ത്ര്യം
എനിക്കില്ല. ഇടതുവശത്തിരിക്കുന്ന പോലീസുകാരന്റെ സ്ഥിതിയും
വ്യത്യസ്തമായിരുന്നില്ല. അയാളും അടിച്ചേൽപ്പിക്കപ്പെട്ട സ്വന്തം
ഏകാന്തതയിൽ അഭിരമിക്കുകയായിരുന്നു. പതിവുജോലിയുടെ നിസ്സംഗതയാണ് ആ മുഖത്തും
കാണാൻ കഴിഞ്ഞത്. അയാളോടും ഒരു വാക്കു സംസാരിക്കാനോ വിവരങ്ങളറിയാനോ
എനിക്കനുവാദമില്ല എന്നു ഞാനോർത്തു.
സമയം കടന്നുപോയ്ക്കൊണ്ടിരുന്നു.
ഇടയ്ക്ക് ഷട്ടർ അല്പം തുറന്ന് ആ മനുഷ്യൻ ഒരു കാറ്റിനെ അകത്തേയ്ക്കു
കടത്തിവിട്ടു. ഞങ്ങളുടെ ഏകാന്തതയ്ക്ക് പെട്ടെന്നൊരു ശമനമുണ്ടായി. ഏതാനും
മഴത്തുള്ളികൾ ഞങ്ങളുടെ മുഖത്തേക്കു പാറിവീണു. ഒരുപക്ഷേ, അയാളിപ്പോൾ
ബസ്സിന്റെ ജനാലയിലൂടെ കോരിച്ചൊരിയുന്ന മഴയിലേയ്ക്ക് ചാടി രക്ഷപ്പെടാനുള്ള
സാധ്യതയെപ്പറ്റിയും അതിന്റെ തുടർസാധ്യതകളെപ്പറ്റിയും ഞാൻ വെറുതെ
ആലോചിച്ചുകൊണ്ടിരുന്നു. ഒരു കുറ്റവാളിക്കും പോലീസുകാരനുമിടയിലെ അനിവാര്യമായ
ഏകാന്തത ഞാൻ ആദ്യമായി അനുഭവിക്കുകയായിരുന്നു.
അങ്ങനെയിരിക്കെ
സ്റ്റോപ്പെത്തി. ഞാനിതാ പെരുമഴയിലേക്കിറങ്ങുന്നു. നാടകീയമായി ഒന്നും
സംഭവിക്കാതെ, അനാഥമായ മൂന്ന് ഏകാന്തതകളുടെ സമാന്തരസഞ്ചാരം മാത്രമായി ഈ കഥ
അവസാനിക്കുകയാണ്. അത്യന്തം വിരസമായ ഈ കഥയിൽ അപ്രതീക്ഷിതമായ എന്തെങ്കിലും
ട്വിസ്റ്റ് നിങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ, അതെന്റെ കുറ്റമല്ല. നമ്മൾ
പ്രതീക്ഷിക്കുന്ന സ്ഥലത്തും സമയത്തും സംഭവിക്കുന്ന ഒന്നല്ല അത്. ഒട്ടും
നിനച്ചിരിക്കാതെ പടികയറിവരുന്ന അപരിചിതനാണത്.
ഇറങ്ങും മുൻപ്
സീറ്റിലേയ്ക്കു ചാഞ്ഞുകിടക്കുന്ന അയാളുടെ മുഖത്തേക്ക് ഞാൻ ഒരിക്കൽക്കൂടി
നോക്കി. ആ അടഞ്ഞ കണ്ണുകൾക്കു താഴെ ഒരു ജലസ്പർശം കണ്ടു. എന്നാൽ അത് പാറിവീണ
മഴത്തുള്ളിയോ കണ്ണുനീരോ എന്ന് എനിക്കു തിരിച്ചറിയാനായില്ല.