സിനിമ കണ്ടതിന്റെ ഹാങ്ങോവർ താത്വികമായി താഴെപ്പറയും പോലെ പരിഭാഷപ്പെടുത്താം.
1. സിനിമയിൽ കാണപ്പെടുന്ന മൊയ്തീനും കാഞ്ചനയും ഇന്നത്തെ യുവത്വമല്ല അറുപതുകളിലെ യുവത്വമാണ്. പൃഥ്വിയും പാർവതിയും പുതിയ കാലത്തിന്റെ പ്രതിനിധികളായതിനാൽ കാണികൾ അബോധപൂർവമെങ്കിലും അവരെ ഈ കാലത്തോടു ചേർത്തുവെക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോൾ ഇതു യഥാർത്ഥ പ്രണയമല്ല എന്നു തോന്നാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ തോന്നുന്നവരോട് ഒന്നു പറയാം. ഇത് പ്രണയത്തെക്കുറിച്ചുള്ള ഓർമ്മയാണ്. അഥവാ അതിന്റെ ചരിത്രമാണ്.
2. പരസ്പരം തൊടാത്ത പരിശുദ്ധപ്രണയങ്ങൾ ഇവിടെ സുരക്ഷിതരായി ജീവിച്ചിരുന്നുവെന്നത് ഒരു നേരാണ്. ഫാന്റസിയല്ല. ഒരുപക്ഷേ തമ്മിൽ കാണുകപോലും ചെയ്യാതിരുന്നിട്ടും ആ വികാരം അവരിൽ വസന്തമായി പൂവിട്ടുനിന്നിരുന്നു. ഇതൊന്നും കണ്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്തതിനാൽ ഒരുപക്ഷേ നമ്മുടെ ചങ്ക്ബ്രോസിന് ഇതിൽ കുറെയൊക്കെ യുക്തിഭംഗം തോന്നാനുള്ള സാധ്യതയുണ്ട്. അതൊരു തെറ്റല്ല. അത്ര ശരിയുമല്ല.
3. രാഗം മാംസനിബദ്ധമാണെന്ന തത്വത്തിന്റെ ബലത്തിൽ രതിയെ പുറത്തുനിർത്തുന്ന ഈ പ്രണയത്തെ തള്ളിപ്പറയുന്നവരുണ്ട്. അവർ ചില ചരിത്രങ്ങൾ കൂടി ഓർക്കേണ്ടതുണ്ട്. പ്രണയത്തിനും രതിയ്ക്കും വലിയ വില നൽകേണ്ടിവന്നവരും അവയെ ത്യാഗമാക്കി മാറ്റിയവരും ഒരിക്കൽ ഇവിടെയുണ്ടായിരുന്നു. പ്രണയമോ രതിയോ അനുഭവിക്കാൻ കഴിയാതെ അകത്തളങ്ങളിൽ നീറിനീറി ഒടുങ്ങിയ ആത്തേമ്മാരുടെ ഒരു ദുരിതകാലം കടന്നാണ് നമ്മൾ ഇവിടെയെത്തിയത്. ആ ഒരു കാലത്തിന്റെ പ്രതിനിധികളാണ് ഇപ്പോൾ നമ്മുടെ മുന്നിലെത്തിപ്പെട്ട ഈ കാഞ്ചനയും മൊയ്തീനും. ഇനിയും പോരെങ്കിൽ ഒന്നുകൂടി പറയാം. തികച്ചും കാല്പനികമായും സെന്റിമെന്റലായും പ്രണയത്തെയും ജീവിതത്തെയും സമീപിച്ചിരുന്ന ഒരുതരം വികാരജീവികളായിരുന്നു നമ്മുടെ അപ്പനപ്പൂപ്പന്മാർ. ഇപ്പോൾ നാല്പതിലോ അൻപതിലോ ഓടുന്ന അവരുടെ പിൻഗാമികൾക്കും അതിൽ അല്പമൊക്കെ അഭിമാനമുണ്ടായിരിക്കണം.
4. തുടക്കം മുതൽ ഒടുക്കം വരെ സിനിമയുടെ പശ്ചാത്തലം മഴയാണ്. വൈകാരികതയുടെ ഉച്ചസ്ഥായിയിലാണ് സിനിമയുടെ ശില്പം തന്നെ കെട്ടിയുയർത്തിയിട്ടുള്ളത്. മഴ അല്പം കടന്നുപോയില്ലേ എന്നു സന്ദേഹമുണ്ടെങ്കിൽ അതിന്റെയൊരു ജസ്റ്റിഫിക്കേഷനും മേൽപ്പറഞ്ഞ കാല്പനികതയാണ്. പ്രണയം മഴയായി പെയ്യുന്നു എന്നൊക്കെ കേട്ടാൽ അറപ്പും വെറുപ്പുമൊക്കെ തോന്നുന്നവരുണ്ടാവാം. എന്നാൽ ഈ പ്രകൃതിബിംബങ്ങളിലൊക്കെ മുഴുകിയും അവയോടിണങ്ങിയും പിണങ്ങിയും ജീവിച്ചിരുന്ന പാവംപിടിച്ച മനുഷ്യരായിരുന്നു നമ്മുടെ പൂർവികർ. അവരെ കൃത്യതയോടെ കാഴ്ചപ്പെടുത്തുക കൂടിയാണ് സിനിമ ചെയ്യുന്നത്.
5. ഇന്നും പ്രബലമായിത്തുടരുന്ന മതങ്ങൾക്കിടയിലെ സ്നേഹരാഹിത്യത്തെ നമ്മുടെ പൂർവികർ നേരിട്ടിരുന്ന ചില രീതികൾ വീണ്ടും മുന്നിലേക്കു കൊണ്ടുവരുന്നു എന്നതാണ് മറ്റൊരു പോസിറ്റീവ്. ചങ്കുറപ്പുള്ള ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഊഷ്മളമായ രേഖകളും സിനിമ അവശേഷിപ്പിക്കുന്നു. ഒരു പീരിയഡ് സിനിമയെന്ന നിലയിൽ പ്രണയചരിത്രത്തിനൊപ്പം അല്പം രാഷ്ട്രീയചരിത്രം കൂടി ഉൾച്ചേർന്നിട്ടുണ്ട്. എന്നാൽ കാലഗണന, ഭാഷ തുടങ്ങിയ വിശദാംശങ്ങളിൽ വേണ്ടത്ര ശ്രദ്ധപുലർത്തിക്കാണുന്നില്ല.
6. ഏതൊരു നല്ല സിനിമയും അതിനിണങ്ങിയ ക്രാഫ്റ്റും സങ്കേതങ്ങളും സ്വയം കണ്ടെത്തും എന്നു തോന്നാറുണ്ട്. ഈ സിനിമയ്ക്കിണങ്ങിയ ഋജുവായ നറേറ്റീവും വൈകാരികതയും സംവിധായകൻ വിമൽ ശ്രദ്ധാപൂർവം ഉപയോഗിച്ചിട്ടുണ്ട്. സങ്കേതങ്ങളെ വിദഗ്ദ്ധമായി കോർത്തിണക്കുന്നതിനപ്പുറം ശൈലീപരമായ പരീക്ഷണങ്ങൾക്കു മുതിർന്നിട്ടില്ല. ജോമോന്റെ പ്രതീകഭംഗിയുള്ള വിഷ്വലും ഗോപിയുടെ ശബ്ദവും പരസ്പരം ഇഴുകിച്ചേർന്ന് അദ്ദേഹത്തെ നന്നായി സഹായിച്ചിട്ടുമുണ്ട്.
7. അഭിനേതാക്കളുടെ സിനിമ കൂടിയാണിത്. ഭൂതകാലത്തിൽ നിന്നെഴുന്നേറ്റു വന്ന കഥാപാത്രങ്ങൾക്ക് അതിനിണങ്ങിയ ഒരു ശരീരഭാഷയും ഭാവവും നൽകാൻ പുതിയ തലമുറയിലെ അഭിനേതാക്കൾക്കു കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. ടോവീനോ എന്ന നടൻ നായകനും നായികയ്ക്കുമിടയിലൂടെ ഒരു ഏകജാലകപ്രണയവുമായി കടന്നുവന്ന് മിന്നിച്ചു. പൃഥ്വി, പാർവതി എന്നിവരോടൊപ്പം സായികുമാറിന്റെയും സുധീർ കരമനയുടെയും പ്രകടനം എടുത്തുപറയണം.
8. പരിചിതമല്ലാത്ത ഒരു കാലത്തെയും കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോൾ യുവജനങ്ങളെ ഒപ്പം കൂട്ടുക എന്നതായിരിക്കണം ചിത്രത്തിന്റെ സ്രഷ്ടാക്കൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അതിലവർ വിജയിച്ചിട്ടുണ്ടെന്ന് തീയറ്ററിലെ അർത്ഥഗർഭമായ അനക്കങ്ങൾ വെളിപ്പെടുത്തുന്നു.