Friday, April 1, 2016

ആക്ഷൻ ഹീറോ ബിജു













ഒരു പൌരനെന്ന നിലയിൽ ഈ സിനിമയെപ്പറ്റി രണ്ടുവാക്ക് എഴുതാതിരിക്കുന്നത് മനസ്സാക്ഷിയോടുള്ള അനീതിയാവുമെന്നു തോന്നുന്നു. സിനിമാപ്രാന്തനായ ഒരു പ്രേക്ഷകന്റെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ ആക്ഷൻ ഹീറോ എന്നു പേരുള്ള ഒരു സിനിമയിൽ നായകനായ ബിജു പൌലോസിന്റെ ഹീറോയിസം പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ അയാളുടെ ഹീറോയിസത്തിലല്ല സിനിമയുടെ അഥവാ സംവിധായകന്റെ ഫോക്കസെങ്കിൽ അതും ഒരു തെറ്റല്ല. ചുരുക്കത്തിൽ ഒരു പോലീസ് ഓഫീസറോടൊപ്പം യാത്രചെയ്യാൻ ആവശ്യപ്പെടുന്ന ഈ സിനിമയിൽ നാം കടന്നുപോകുന്നത് അയാളുടെ വീരസാഹസികതകളുടെ തനിയാവർത്തനങ്ങളിലൂടെയല്ല. എത്രമേൽ കർക്കശമായ നിവൃത്തിയില്ലായ്മകളിലൂടെയാണ് ലോകം പുലർന്നുപോകുന്നതെന്ന തിരിച്ചറിവിലൂടെയാണ്. 

ലോകം പഴയ ലോകമല്ല. കാലം പഴയ കാലവുമല്ല. പഴയ കള്ളനും പഴയ പോലീസുമില്ല. ഒരു നിർവചനത്തിലുമൊതുങ്ങാത്ത, ഒരു പ്രത്യയശാസ്ത്രത്തിലും മെരുങ്ങാത്ത ഒരു ലോകമാണ്, അത്രമേൽ നിർദ്ദയമായ ഒരു കാലമാണ് ചുരുൾ നിവരുന്നത്. അതിനാൽ കണ്ടിരിക്കെ കഥയും കലയും സങ്കേതവും നിങ്ങൾ മറന്നുപോകുന്നു. പൊളിറ്റിക്കൽ കറക്റ്റ്നസ്സ് എന്നൊരു വാക്കു മറന്നുപോകുന്നു. നെഞ്ചിൻകൂട്ടിൽ നീറ്റലുണ്ടാക്കുന്ന ജീവിതത്തെപ്പറ്റി മാത്രമോർക്കുന്നു. സ്വയമറിയാതെ ചിലപ്പോൾ കണ്ണുകളിൽ നിന്ന് ഉറവ പൊട്ടുന്നതു മാത്രമറിയുന്നു. അങ്ങനെയിരിക്കെ മറവിയിലാണ്ടുപോയ സാമൂഹ്യപ്രതിബദ്ധത എന്നൊരു വാക്ക് സിനിമയുടെ മുൻപിലേക്കു കയറിവരുന്നു.

കഥാചിത്രമായിരിക്കെത്തന്നെ പരിചരണത്തിൽ ഒരു ഡോക്കുമെന്ററി സ്വഭാവം കടന്നുവരുന്നത് ഒട്ടും യാദൃശ്ചികമല്ല. സംഭാഷണങ്ങൾ നമ്മുടെ പരിസരത്തുനിന്ന് ഉണർന്നുവരുന്നു. കഥാപാത്രങ്ങളാകട്ടെ നിങ്ങളുടെ അയൽപക്കത്തുനിന്ന് ഒരു മുഖവുരയുമില്ലാതെ നേരിട്ടു പ്രവേശിക്കുന്നു. ഒരിക്കൽ നിങ്ങളെ ചിരിപ്പിച്ചുകൊന്ന ഒരു സുരാജ് ഒരു മരുന്നുമില്ലാത്ത വിഷാദത്താൽ വെറും രണ്ടു മിനിറ്റിൽ നിങ്ങളെ ശ്വാസംമുട്ടിക്കുന്നു. രോഹിണിയുടെ വേഷത്തിൽ വന്ന വേലക്കാരിയും മകളും നിവൃത്തികേടിന്റെ പര്യായങ്ങളായി നിങ്ങളെ വേദനിപ്പിക്കുന്നു. പേരുകൾക്കു പ്രസക്തിയില്ലാത്ത നിരവധി പേർ നിങ്ങളുടെ മുന്നിലൂടെ വന്നുപോകവേ ജീവിതം ജീവിതമെന്ന് മനസ്സിൽ ആരോ മന്ത്രിക്കുന്നു.

സമീപനം റിയാലിറ്റിയുടേതെങ്കിലും നിവിന്റെ ആരാധകരെ വെറുപ്പിക്കാത്ത ഒരു മധ്യമാർഗമാണ്. താരത്തിന്റെ വാചികാഭിനയത്തിലും ടൈമിംഗിലും ചില പിഴവുകൾ കാണാമെങ്കിലും തനിക്കുവേണ്ടിയല്ലാതെ ഓടിക്കൊണ്ടിരിക്കുന്ന സാമൂഹ്യബോധമുള്ള ഒരു മനുഷ്യനെ,ഒരു കൂട്ടം മനുഷ്യരെ അയാൾ കാണിച്ചുതരുന്നു. മടങ്ങിവരുമ്പോൾ നഗരത്തിരക്കിലൂടെ ഒരു പോലീസ് ജീപ്പു കടന്നുപോയി. എസ്.ഐ.ബിജുവും പോലീസുകാരും അതിലിരിക്കുന്നുണ്ടോയെന്ന് അല്പമൊരു ബഹുമാനത്തോടെ നോക്കി. അവരെല്ലാവരും അതിലുണ്ടായിരുന്നു.!

Tuesday, March 29, 2016

കുറ്റിപ്പുറം പാലം











തായ്ലൻഡിൽ നവസിനിമക്കാരനായ ഒരു സംവിധായകനുണ്ട്. Apichatpong എന്നാണു പേര്. ഈ മനുഷ്യൻ ചിത്രീകരിക്കുന്ന സംഭവങ്ങൾക്കും ദൃശ്യങ്ങൾക്കും മീതെ മാജിക്കലായ മറ്റൊരു സിനിമ കൂടി അദൃശ്യമായി സഞ്ചരിക്കുന്നുണ്ട്. ഒരുപക്ഷേ ആ സിനിമയാണ് യഥാർത്ഥ സിനിമ. കഥയെന്നും തിരക്കഥയെന്നും സംഭാഷണമെന്നും സിനിമയെ മനസ്സിലാക്കിവെച്ചിരിക്കുന്നവരെ ഇയാൾ നിരാശപ്പെടുത്തും. എന്നാൽ ദൃശ്യതയുടെ സ്വതന്ത്രാവിഷ്കാരമായി സിനിമയെ സമീപിക്കുന്നവരെ ആകർഷിക്കും. ‘ഞാൻ എനിക്കു തോന്നുന്നതു പോലെ സിനിമയെടുക്കും നീയൊക്കെ സൌകര്യമുണ്ടെങ്കിൽ ആസ്വദിച്ചാൽ മതി’ എന്നൊരു ലൈൻ തന്നെ. തുടക്കത്തിൽ അവഗണിക്കപ്പെട്ടുവെങ്കിലും സ്വന്തം ശൈലിയുടെയും സമീപനത്തിന്റെയും വ്യതിരിക്തത കൊണ്ടു മാത്രം ലോകസിനിമയിലെ ഒരു താരമായി ഇയാൾ മാറിക്കഴിഞ്ഞു.

ആമുഖമായി ഇത്രയും പറഞ്ഞത് കുറ്റിപ്പുറംപാലം കണ്ടതിന്റെ ഹാങ്ങോവറിലാണ്. ഒരുപക്ഷേ പോങ്ങിന് മലയാളത്തിൽ നിന്ന് ഒരു പിൻഗാമിയെ കിട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രതാപ് ജോസഫ് എന്ന സിനിമറ്റോഗ്രാഫർ ആദ്യമായി ഒരു സ്വതന്ത്രസിനിമയെടുത്തപ്പോൾ അതിന് കുറ്റിപ്പുറം പാലം എന്നാണ് പേരിട്ടത്. പേരിന്റെ പ്രധാന സാംഗത്യം ഇതേ പേരിലുള്ള ഇടശ്ശേരിയുടെ കവിതയാണ്. എന്നാൽ കവിതയുടെ ആവിഷ്കാരമല്ല സിനിമയെന്ന് സംവിധായകൻ മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട്. എനിവേ കവിതയുടെ ടോട്ടൽ സങ്കല്പത്തെ ഫിലിം മേക്കർ സ്വന്തം നിലയിൽ സ്വതന്ത്രമായി വ്യാഖ്യാനിക്കുന്നതായി കാണാം. നഗരവൽക്കരണം (urbanisation) എന്ന ഒരാശയമാണ് ഞാൻ സിനിമയിൽ നിന്നു പ്രധാനമായും വായിച്ചെടുത്തത്. ഒരുപക്ഷേ അതെന്റെ മാത്രം വീക്ഷണമാവാം. എങ്ങനെയും സമീപിക്കാനുള്ള ഒരു സാധ്യത ഇയാൾ തുറന്നിട്ടിട്ടുണ്ട്. 

കുറ്റിപ്പുറം പാലത്തിന്റെ പശ്ചാത്തലത്തിൽ, ഒരുവേള അതിന്റെ സ്മൃതികളിലൂടെ ഒരു മെഡിക്കൽ റെപ്പിന്റെയും ഒരു കുടിവെള്ളവിതരണക്കാരന്റെയും ഒരു ഫോട്ടോഗ്രാഫറുടെയും ഒരു ദിവസത്തെ ജീവിതത്തെ പിൻതുടരുക മാത്രമാണ് സിനിമ ചെയ്യുന്നത്. നഗരവൽക്കരണത്തിന്റെ ഉപോൽപ്പന്നങ്ങളായ രോഗം, വരൾച്ച, ഗൃഹാതുരത്വം എന്നിവയുടെ പ്രതിനിധികൾ കൂടിയാണിവർ. കാലങ്ങളിലൂടെ പ്രകൃതിയ്ക്കു നേരിട്ട വിപര്യയമോർത്ത് ഒരു നിശ്ശബ്ദസാക്ഷിയായി കുറ്റിപ്പുറം പാലം വിഷാദിക്കുന്നതായി നാം കാണുന്നു. ഈ വിഷാദം ഏകാകികളായ ഈ മനുഷ്യരിലേക്കും പകരുന്നതായി കാണുന്നു. ഒരു സംഭാഷണം പോലുമില്ലാത്ത ഈ ദൃശ്യപദ്ധതിയിൽ മൂന്നു മനുഷ്യർ മാത്രമല്ല പ്രകൃതിയും പങ്കെടുക്കുന്നുണ്ട്. വരണ്ടുണങ്ങിയതെങ്കിലും ഒരു ഭാരതപ്പുഴയുണ്ട്. ഒഴുകുന്ന ജലം സൂര്യപ്രകാശത്തിലെഴുതുന്ന അപൂർവസുന്ദരമായ ലിപികളുണ്ട്. ഉറുമ്പുകളും ചിലന്തികളും കിളികളുമുണ്ട്. അവയുടെ ധ്വനിസമ്പന്നമായ ചലനങ്ങളുണ്ട്. ധ്യാനനിരതമായ വിഷ്വലുകളുടെ വിവരണം അഥവാ നറേഷൻ മാത്രമായി ഒരു സിനിമ ചെയ്യാനുള്ള അസാമാന്യമായ ധൈര്യമുണ്ട്. ഒരു സംവിധായകന്റെ സിനിമ എന്തെന്നറിയണമെങ്കിൽ നിങ്ങൾക്കും കണ്ടുനോക്കാം. ഒരു സിനിമ എന്ന നിലയിൽ എനിക്കിഷ്ടമായി. കൂടുതൽ ധ്വനിസമൃദ്ധമായ, ചലനാത്മകമായ അടുത്ത പരീക്ഷണത്തിനായി കാത്തിരിക്കുന്നു.

ശവം













സനൽ കൂടി സന്നിഹിതനായ സദസ്സിലിരുന്ന് ശവം കാണുമ്പോൾ ഒരു ഫ്രോഗ് ഓർമ്മവരുന്നത് എന്തുകൊണ്ടാവാം? പൊതുവിൽ ഇവ രണ്ടും തമ്മിലൊന്നുമില്ലെങ്കിലും സംവിധായകന്റെ സിനിമ എന്ന ആശയത്തെ മനോഹരമായി ഉദാഹരിക്കുന്നു എന്നതാണ് ഈ ആദ്യസംരംഭങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം. അഥവാ മലയാളിക്കു പ്രതീക്ഷയർപ്പിക്കാവുന്ന ഒരു ഫിലിംമേക്കർ കൂടി ഉദയം ചെയ്യുന്നുവെന്നത് ഒരു മോശം കാര്യമല്ല.

സിനിമയെപ്പറ്റി പറഞ്ഞാൽ പ്രശസ്തനായ ആ സൈക്കിൾമോഷ്ടാവിൽ തുടങ്ങി പഥേർപാഞ്ചലിയിലൂടെയും എലിപ്പത്തായത്തിലൂടെയും മറ്റും റിയാലിറ്റി എന്ന സമീപനത്തിന്റെ പൊരുൾ നമ്മൾ കണ്ടുകഴിഞ്ഞതാണ്. ഏറെക്കുറെ ഇതേ റിയാലിറ്റി തന്നെയാണ് താഴ്ന്ന സ്ഥായിയിലുള്ള ഒരു കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ ശവത്തിന്റെയും സമീപനത്തെ തീരുമാനിക്കുന്നത്. ഒരു ശവമടക്കിൽ പങ്കെടുക്കുന്ന മനുഷ്യരൂപം ധരിച്ച കുറച്ചുപേരെയാണ് സിനിമയിൽ നാം കാണുന്നത്. മരണത്തിലേക്കു രക്ഷപ്പെട്ട് നീണ്ടുനിവർന്നുകിടക്കുന്ന തോമസ് സിനിമയുടെ ഫോക്കസിലേയ്ക്ക് ഒരിക്കലും കടന്നുവരുന്നേയില്ല. ഇതും സമീപനത്തിന്റെ തന്നെ ഭാഗമാവാം. കാരണം മരിച്ചവൻ മരിച്ചു. ഒരുപക്ഷേ സിനിമയുടെ പരിമിതിയുമാവാം. എനിവേ, ഈ അപരവീക്ഷണത്തിന്റെ നിസ്സംഗതയോടെ ക്യാമറ മറ്റുള്ളവരെ കാണുന്നു. അവരുടെ വാക്കിലും പ്രവൃത്തിയിലുമടങ്ങിയ വൈരുദ്ധ്യം കാണുന്നു. സ്നേഹരാഹിത്യം കാണുന്നു. അപ്രിയസത്യങ്ങൾ കാണുന്നു. പുറംമോടിയ്ക്കപ്പുറമുള്ള യഥാർത്ഥജീവിതത്തെ കൃത്യമായി പ്രത്യക്ഷപ്പെടുത്തുന്നു. ഇടയ്ക്കിടെ അമർത്തിയ ഒരു ചിരി ചിരിച്ച് പിന്നെയും യാഥാർത്ഥ്യത്തിലേക്കു മടങ്ങുന്നു.

തികച്ചും അനൌപചാരികമെന്നു പറയാവുന്ന ശൈലിയിലൂടെ ഒരു സംസ്കാരച്ചടങ്ങിൽ ആദ്യവസാനം പ്രേക്ഷകനെയും പങ്കെടുപ്പിക്കുന്ന സമീപനമാണ് ക്യാമറയുടേത്. ക്യാമറ അതിന്റെ സാന്നിധ്യത്തെ പാടെ മറയ്ക്കുകയും ഒരു കമന്റുപോലും പറയാതെ എല്ലാം കാണുകയും കേൾക്കുകയും മാത്രം ചെയ്യുന്നു. നിറങ്ങൾ നഷ്ടപ്പെട്ട ഒരു മരണവീടിനെ ബ്ലാക്ക് ആൻഡ് വൈറ്റിൽ വിശദമായി ചിത്രീകരിച്ചതും ഒരു പരീക്ഷണം തന്നെ. അത്രമേൽ സഹജമായും സ്വാഭാവികമായും സ്വയം ആവിഷ്കരിക്കുന്ന ഒരുപിടി നടീനടന്മാർ സിനിമയ്ക്ക് കറതീർന്ന ഒരു ഫ്രഷ്നസ് സംഭാവന ചെയ്യുന്നു. സിനിമയിൽ നിക്ഷിപ്തമായ പ്രമേയത്തിലും പരിചരണത്തിലും പൂർണ്ണമെന്നു പറയാമെങ്കിലും സിനിമയുടെ പൂർണ്ണത എന്ന സമീപനത്തിൽ നോക്കുമ്പോൾ ഈ സിനിമ എന്നെ അത്രതന്നെ തൃപ്തനാക്കിയില്ല. പിടിച്ചതിലും വലുത് അളയിലുണ്ടെന്നു തന്നെ പ്രതീക്ഷിക്കുന്നു. ദാറ്റ്സ് ഓൾ മൈ ബ്രോസ്.