Friday, April 1, 2016

ആക്ഷൻ ഹീറോ ബിജു

ഒരു പൌരനെന്ന നിലയിൽ ഈ സിനിമയെപ്പറ്റി രണ്ടുവാക്ക് എഴുതാതിരിക്കുന്നത് മനസ്സാക്ഷിയോടുള്ള അനീതിയാവുമെന്നു തോന്നുന്നു. സിനിമാപ്രാന്തനായ ഒരു പ്രേക്ഷകന്റെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ ആക്ഷൻ ഹീറോ എന്നു പേരുള്ള ഒരു സിനിമയിൽ നായകനായ ബിജു പൌലോസിന്റെ ഹീറോയിസം പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ അയാളുടെ ഹീറോയിസത്തിലല്ല സിനിമയുടെ അഥവാ സംവിധായകന്റെ ഫോക്കസെങ്കിൽ അതും ഒരു തെറ്റല്ല. ചുരുക്കത്തിൽ ഒരു പോലീസ് ഓഫീസറോടൊപ്പം യാത്രചെയ്യാൻ ആവശ്യപ്പെടുന്ന ഈ സിനിമയിൽ നാം കടന്നുപോകുന്നത് അയാളുടെ വീരസാഹസികതകളുടെ തനിയാവർത്തനങ്ങളിലൂടെയല്ല. എത്രമേൽ കർക്കശമായ നിവൃത്തിയില്ലായ്മകളിലൂടെയാണ് ലോകം പുലർന്നുപോകുന്നതെന്ന തിരിച്ചറിവിലൂടെയാണ്. 

ലോകം പഴയ ലോകമല്ല. കാലം പഴയ കാലവുമല്ല. പഴയ കള്ളനും പഴയ പോലീസുമില്ല. ഒരു നിർവചനത്തിലുമൊതുങ്ങാത്ത, ഒരു പ്രത്യയശാസ്ത്രത്തിലും മെരുങ്ങാത്ത ഒരു ലോകമാണ്, അത്രമേൽ നിർദ്ദയമായ ഒരു കാലമാണ് ചുരുൾ നിവരുന്നത്. അതിനാൽ കണ്ടിരിക്കെ കഥയും കലയും സങ്കേതവും നിങ്ങൾ മറന്നുപോകുന്നു. പൊളിറ്റിക്കൽ കറക്റ്റ്നസ്സ് എന്നൊരു വാക്കു മറന്നുപോകുന്നു. നെഞ്ചിൻകൂട്ടിൽ നീറ്റലുണ്ടാക്കുന്ന ജീവിതത്തെപ്പറ്റി മാത്രമോർക്കുന്നു. സ്വയമറിയാതെ ചിലപ്പോൾ കണ്ണുകളിൽ നിന്ന് ഉറവ പൊട്ടുന്നതു മാത്രമറിയുന്നു. അങ്ങനെയിരിക്കെ മറവിയിലാണ്ടുപോയ സാമൂഹ്യപ്രതിബദ്ധത എന്നൊരു വാക്ക് സിനിമയുടെ മുൻപിലേക്കു കയറിവരുന്നു.

കഥാചിത്രമായിരിക്കെത്തന്നെ പരിചരണത്തിൽ ഒരു ഡോക്കുമെന്ററി സ്വഭാവം കടന്നുവരുന്നത് ഒട്ടും യാദൃശ്ചികമല്ല. സംഭാഷണങ്ങൾ നമ്മുടെ പരിസരത്തുനിന്ന് ഉണർന്നുവരുന്നു. കഥാപാത്രങ്ങളാകട്ടെ നിങ്ങളുടെ അയൽപക്കത്തുനിന്ന് ഒരു മുഖവുരയുമില്ലാതെ നേരിട്ടു പ്രവേശിക്കുന്നു. ഒരിക്കൽ നിങ്ങളെ ചിരിപ്പിച്ചുകൊന്ന ഒരു സുരാജ് ഒരു മരുന്നുമില്ലാത്ത വിഷാദത്താൽ വെറും രണ്ടു മിനിറ്റിൽ നിങ്ങളെ ശ്വാസംമുട്ടിക്കുന്നു. രോഹിണിയുടെ വേഷത്തിൽ വന്ന വേലക്കാരിയും മകളും നിവൃത്തികേടിന്റെ പര്യായങ്ങളായി നിങ്ങളെ വേദനിപ്പിക്കുന്നു. പേരുകൾക്കു പ്രസക്തിയില്ലാത്ത നിരവധി പേർ നിങ്ങളുടെ മുന്നിലൂടെ വന്നുപോകവേ ജീവിതം ജീവിതമെന്ന് മനസ്സിൽ ആരോ മന്ത്രിക്കുന്നു.

സമീപനം റിയാലിറ്റിയുടേതെങ്കിലും നിവിന്റെ ആരാധകരെ വെറുപ്പിക്കാത്ത ഒരു മധ്യമാർഗമാണ്. താരത്തിന്റെ വാചികാഭിനയത്തിലും ടൈമിംഗിലും ചില പിഴവുകൾ കാണാമെങ്കിലും തനിക്കുവേണ്ടിയല്ലാതെ ഓടിക്കൊണ്ടിരിക്കുന്ന സാമൂഹ്യബോധമുള്ള ഒരു മനുഷ്യനെ,ഒരു കൂട്ടം മനുഷ്യരെ അയാൾ കാണിച്ചുതരുന്നു. മടങ്ങിവരുമ്പോൾ നഗരത്തിരക്കിലൂടെ ഒരു പോലീസ് ജീപ്പു കടന്നുപോയി. എസ്.ഐ.ബിജുവും പോലീസുകാരും അതിലിരിക്കുന്നുണ്ടോയെന്ന് അല്പമൊരു ബഹുമാനത്തോടെ നോക്കി. അവരെല്ലാവരും അതിലുണ്ടായിരുന്നു.!

4 comments:

ajith said...

കണ്ടില്ല, കാണും

റോസാപ്പൂക്കള്‍ said...

കാണണം എന്ന് ആഗ്രഹം തോന്നിയ സിനിമ. ഈ എഴുത്തും നന്നായി

Cj Jithien said...

എന്തിന്റെ പേരിലായാലും നീചമായ തരത്തിൽ വംശീയ അധിക്ഷേപം ഉടനീളം കാണാൻ കഴിഞ്ഞ ഒരു സിനിമയാണ് ബിജു .. '' നിനക്ക് രണ്ടു അടി തരണം ഒന്ന് ഒരു സ്ത്രീയെ തല്ലിയതിന് രണ്ടു ഇത് പോലൊരു സാധനത്തിനെ പ്രേമിച്ചതിന് .. ഇപ്പറയുന്ന സ്ത്രീയുടെ ശരീരത്തെ പരിഗണിച്ച് കറുത്തതും തടിച്ചതുമായ ഒരു സ്ത്രീയെ സാധനം എന്നൊക്കെ സംബോധന ചെയ്യുന്നതിലൂടെ സംവിധായകൻ എന്ത് തരം ബോധമാണ് ഉയർത്തിപ്പിടിക്കുന്നത് .. ഇതേ പോലെ കുറ്റവാളികളെയും തെറ്റ് ചെയ്യുന്നവരെയും കരുത്തവരായി കാണിച്ചതിന്റെ പിന്നിലെ ഐഡിയോളജി എന്താവും ..

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല വിശകലനം
കണ്ട് ഒത്തിരി ഇഷ്ട്ടപ്പെട്ട ഒരു സീനിമ