Sunday, November 20, 2016

യക്ഷം














ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ സ്ത്രീകളിന്നും സ്വയം പരിമിതപ്പെടുകയോ അല്ലെങ്കിൽ അപരൻ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന ഒരു ജീവിതാവസ്ഥയിൽത്തന്നെയാണു പുലർന്നു പോകുന്നത്. ഒരുപക്ഷേ തലമുറകൾ ചെയ്ത കുറ്റമാവാം. പരമ്പരാഗതമായ നിരവധി ശീലങ്ങളാൽ അവൾ എവിടെയും ബന്ധിതയാക്കപ്പെടുന്നു. സ്വതന്ത്രവ്യക്തിത്വത്തിന്റെ ആവിഷ്കാരമായി മാറാൻ കൊതിക്കുന്ന നഗരവനിതകൾ നമുക്കിടയിലുണ്ടാവാം. എങ്കിലും ഈ ന്യൂനപക്ഷം അവളുടെ പൊതുജീവിതത്തെ പ്രതിനിധാനം ചെയ്യുന്നില്ല. ‘ഇന്നത്തെ കറിയ്ക്കെന്താ’ എന്ന പ്രശ്നത്തിനപ്പുറത്തേക്കു ചിന്തിക്കുന്ന സ്ത്രീകൾ നമ്മുടെ ഗ്രാമങ്ങൾക്ക് ഇന്നും അപരിചിതമത്രേ. എനിവേ, പുതിയ സമൂഹത്തിൽ തീർച്ചയായും ചില വീണ്ടുവിചാരങ്ങളുണ്ട്. കുതറിമാറലുകളുണ്ട്. അവ ഉയർത്തിക്കൊണ്ടുവരുന്ന ആശയസമരവും അതിലടങ്ങിയ വിപ്ലവവുമുണ്ട്.

സ്ത്രീയെ പ്രകൃതിയായി സങ്കൽപ്പിക്കുന്നതിന്റെ നിരുപമസൌന്ദര്യം അരവിന്ദന്റെ കാഞ്ചനസീതയിൽ നാം കണ്ടതാണ്. ഇപ്പോൾ യക്ഷമെന്ന ഹ്രസ്വചിത്രത്തിന്റെ കാഴ്ച അരവിന്ദനെയും കാഞ്ചനസീതയെയും ഒരു നിമിഷനേരത്തേയ്ക്ക് മനോമുകുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു. ശ്രീകോവിൽ തുറന്ന് ദേവീവിഗ്രഹത്തെ പൂജയ്ക്കൊരുക്കാനെത്തുന്ന പൂജാരിയുടെ ഫാന്റസിയായാണ് ഞാൻ സിനിമയെ കണ്ടത്. അതെനിക്കു രസിച്ചു. നിരുപാധികമായ ഒരു സ്ത്രീപുരുഷപ്രണയത്തിന്റെ കാവ്യാത്മകമായ വിഷ്വലുകളിലൂടെയാണ് പിന്നെ നമ്മൾ കടന്നുപോകുന്നത്. അവയുടെ ഇഴയടുപ്പം നിർണ്ണയിക്കുന്ന സംഗീതവും ഒപ്പമുണ്ട്. പൂണൂലിന്റെ പാരമ്പര്യത്തെ ധിക്കരിച്ച് ഇഷ്ടകാമുകിയിൽ ലയിക്കാനൊരുങ്ങുന്ന പുരുഷനെയും അവന്റെ ഹൃദയത്തിൽ പ്രതിഷ്ഠിതമായ ഒരു സ്ത്രീയെയും നമുക്കു കാണാം. അത്രമേൽ പുരാതനമായ ഒരു പ്രകൃതിപുരുഷ ലയനവും കാണാം. വേണച്ചാൽ വിഗ്രഹവൽക്കരിക്കപ്പെട്ട സ്ത്രീത്വത്തെ വിമോചിപ്പിക്കാനെത്തിയ ഒരു പ്രണയിയുടെ കലാപവും കാണാവുന്നതേയുള്ളു. ഒരുവേള ഭക്തനും പ്രണയിക്കുമിടയിലെ വൈരുദ്ധ്യങ്ങളും കടന്ന് ഒരു നിർവചനത്തിലുമൊതുങ്ങാത്ത സമസ്യയായി, പ്രകൃതിയായി മടങ്ങുന്ന സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ഒരു സ്ത്രീയെയും കാണാം.

പൂജാരിയുടെ സംഭാഷണങ്ങൾക്ക് സാഹിത്യഭംഗി കൂടിയപ്പോൾ അത് അയാളുടെ നാവിലൊതുങ്ങാതെ കുറച്ചൊക്കെ കൃത്രിമമായിത്തീരുന്നുണ്ട്. സ്ത്രീയാവട്ടെ സംസാരിക്കുന്നില്ലെങ്കിലും ശരീരഭാഷ കൊണ്ടും കണ്ണുകൾ കൊണ്ടും അത്രമേൽ വാചാലയാകുന്നുമുണ്ട്. ഒരുപക്ഷേ പ്രകൃതിയുടെ മുന്നിൽ പരിമിതനാകുന്ന പുരുഷനെപ്പോലെ നടൻ നടിയുടെ മുൻപിൽ അല്പമൊക്കെ പതറുന്നതു കാണാം. ക്യാമറാവർക്ക് പോയട്രിയോടടുത്ത നിലവാരം പുലർത്തുന്നു. സംഗീതവുമതെ. അനാവശ്യമായ ഒരു ഷോട്ടുപോലുമില്ലാ‍ത്ത രീതിയിൽ അത്രമേൽ കൃത്യത പുലർത്തുന്ന എഡിറ്റിംഗാണ്. സിനിമയെന്ന മാധ്യമത്തെ നൂറു ശതമാനവും ജസ്റ്റിഫൈ ചെയ്യുന്ന ഒരു ടോട്ടൽ പരിചരണം ഇതിലുണ്ടെന്നു തോന്നി. ഒരു സംവിധായകനുണ്ടെന്നു തോന്നി. അതിനാൽ സിനിമ എനിക്കിഷ്ടമായി.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

നിരുപാധികമായ ഒരു സ്ത്രീപുരുഷപ്രണയത്തിന്റെ
കാവ്യാത്മകമായ വിഷ്വലുകളിലൂടെയാണ് പിന്നെ നമ്മൾ
കടന്നുപോകുന്നത്. അവയുടെ ഇഴയടുപ്പം നിർണ്ണയിക്കുന്ന
സംഗീതവും ഒപ്പമുണ്ട്. പൂണൂലിന്റെ പാരമ്പര്യത്തെ ധിക്കരിച്ച്
ഇഷ്ടകാമുകിയിൽ ലയിക്കാനൊരുങ്ങുന്ന പുരുഷനെയും അവന്റെ
ഹൃദയത്തിൽ പ്രതിഷ്ഠിതമായ ഒരു സ്ത്രീയെയും നമുക്കു കാണാം.
അത്രമേൽ പുരാതനമായ ഒരു പ്രകൃതിപുരുഷ ലയനവും കാണാം...