Sunday, November 20, 2016

ഗ്രഹണം (Eclipse)


ഒരു അവധിദിനത്തിന്റെ ആലസ്യത്തിലാണ് കൊച്ചിൻ ഫിലിം സൊസൈറ്റിയുടെ പ്രതിമാസസ്ക്രീനിംഗിനെത്തിയത്. സിനിമയെക്കുറിച്ച് യാതൊരു ഐഡിയയുമില്ലായിരുന്നു. അപരിചിതനായ ഒരാളുടെ ആദ്യസിനിമ. ഫോർട്ട് കൊച്ചിക്കാരനായ മിഥുൻ മുരളിയെന്ന യുവാവ് വിനയം കലർന്ന ക്ഷമാപണസ്വരത്തിലാണ് തന്റെ ചിത്രം കാണികൾക്കു മുന്നിൽ അവതരിപ്പിച്ചത്. മുടക്കുമുതൽ അമ്പതിനായിരം രൂപ മാത്രമാണെന്നും സ്മാർട്ട്ഫോണിലാണ് ശബ്ദലേഖനം ചെയ്തതെന്നും കൂടി പറഞ്ഞതോടെ നമ്മുടെ പ്രതീക്ഷകൾ മങ്ങി. പക്ഷേ സിനിമയെന്ന നിലയിൽ ഈ ഗ്രഹണം രണ്ടു മണിക്കൂർ സമയത്തേക്ക് മനസ്സിനെ മനോഹരമായി അപഹരിച്ചു എന്നതാണ് സത്യം.

പതിനഞ്ചു വയസ്സുള്ള ലക്ഷ്മിയെന്ന സ്കൂൾ വിദ്യാർത്ഥിനിയും ആദിത്യനെന്ന ഏകാകിയായ അധ്യാപകനുമാണ് മുഖ്യകഥാപാത്രങ്ങൾ. ലക്ഷ്മിയുടെ സവിശേഷമായ വ്യക്തിത്വത്തിലാണ് ഫോക്കസ്. ബുദ്ധിമതിയും കവിയും മാത്രമല്ല തന്റെ അധ്യാപകനെ മറയില്ലാതെ പ്രണയിക്കുന്നവളുമാണവൾ. അപൂർവതയുള്ളതും ഏറെക്കുറെ സങ്കീർണ്ണവുമായ ഒരു പ്രണയബന്ധത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഇരുവരുടെയും ജീവിതപരിസരങ്ങൾ അത്രമേൽ അസുന്ദരവും ക്രൂരവുമാണ്. സ്വാഭാവികമായും അനിവാര്യമായ ദുരന്തങ്ങളിലേക്കു തന്നെ അവർ എത്തിച്ചേരുന്നു.

സ്ത്രീകേന്ദ്രീകൃതമായ സിനിമ തന്നെയാണ്. ലക്ഷ്മിയുടെയും ആദിയുടെയും കഥാപാത്രങ്ങളെ സംവിധായകൻ കൃത്യമായി കൺസീവ് ചെയ്യുകയും പുതുമുഖങ്ങളുടെ യാതൊരു കുറവുമില്ലാതെ നടനും നടിയും അവരെ സുന്ദരമായി വ്യാഖ്യാനിക്കുകയും ചെയ്തിരിക്കുന്നു. സിനിമയുടെ പ്രധാനവിജയഘടകം ഈ കഥാപാത്രനിർമ്മിതികൾ തന്നെയാണ്. വെറും ഉള്ളടക്കത്തിലൊതുക്കാതെ പുതുമയാർന്ന ഒരു രൂപം അതിനു നൽകാൻ ശ്രമിച്ചുവെന്നതാണ് മറ്റൊരു ഘടകം. നിരവധി മൊണ്ടാഷ് വിഷ്വലുകൾ ഒട്ടിച്ചുചേർത്ത വിചിത്രമായ ഒരു കൊളാഷിന്റെ ഘടനയാണ് പൊതുവിൽ ചിത്രത്തിന്റേത്. അത് സിനിമയുടെ ടോട്ടൽ മൂഡിനെ നിർണ്ണയിക്കുന്ന നല്ലൊരു പരീക്ഷണമായി അനുഭവപ്പെടുകയും ചെയ്തു. കാവ്യാത്മകമായി ചിന്തിക്കുന്ന ഒരു പെൺകുട്ടിയുടെ മനസ്സിനെ വിഷ്വലൈസ് ചെയ്യാൻ പ്രകൃതിദൃശ്യങ്ങളെ ഭാവനയോടെ ഉപയോഗിച്ചിട്ടുണ്ട്. കവിത നിറഞ്ഞ അവളുടെ മോണോലോഗുകൾ അല്പം അധികമായോ എന്നു മാത്രമേ സംശയമുള്ളു. കഥാപാത്രങ്ങളുടെ ദുരന്തപൂർണ്ണമായ ജീവിതാനുഭവങ്ങളുടെ കറുപ്പുനിറം പ്ലോട്ടിലാകെ പരന്നുകിടപ്പുണ്ട്. അതോടൊപ്പം ആത്മീയതയിലൂന്നിയ പ്രത്യാശയുടെ ഒരു കിരണവുമുണ്ട്.

പുതിയ മലയാളസിനിമയിലെ വ്യത്യസ്തമായ ഒരു കളർസീനായി മിഥുൻ എന്ന പ്രതിഭ ഉയർന്നുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സിനിമ കഴിഞ്ഞ് അണിയറക്കാരെയും അഭിനേതാക്കളെയും പരിചയപ്പെടുമ്പോഴാണ് സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമ ശ്രദ്ധയിൽപ്പെട്ടത്. എല്ലാവരും നിരന്നുനിന്നപ്പോൾ അതൊരു കുടുംബഫോട്ടോ ആയിരുന്നു. അഥവാ യഥാർത്ഥത്തിലുള്ള ഒരു കുടുംബചിത്രമേത് എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം കൂടിയാണ് ഗ്രഹണം.

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

സിനിമയെന്ന നിലയിൽ ഈ ഗ്രഹണം
രണ്ടു മണിക്കൂർ സമയത്തേക്ക് മനസ്സിനെ
മനോഹരമായി അപഹരിച്ചു എന്നതാണ് സത്യം.

Cv Thankappan said...

ഇഷ്ടപ്പെട്ടു
ആശംസകള്‍