Sunday, November 20, 2016

വെളുത്ത രാത്രികൾ


മനുഷ്യരായ മനുഷ്യരെല്ലാം എന്തുകൊണ്ടാണ് അവരവരുടെ വികാരവിചാരങ്ങൾ അതേപടി പ്രകടിപ്പിക്കാത്തത് എന്നൊരു ചോദ്യമുണ്ട്. പ്രാഥമികവും എന്നാൽ നമ്മൾ അബോധമായോ ബോധപൂർവമോ അവഗണിക്കുന്നതുമായ ഒരു ചോദ്യം. അങ്ങനെയിരിക്കെ ഒരു സിനിമ ഒരു വളച്ചുകെട്ടുമില്ലാതെ ഈ ചോദ്യം ചോദിക്കുന്നു. ഇന്നലെയായിരുന്നു അത്. അപ്പോൾ മുതൽ തടാകത്തിൽ വീണ ചെറുകല്ലായി അത് ഉള്ളിൽ അലകളുയർത്തിക്കൊണ്ടിരിക്കുന്നു.

സിനിമയുടെ പേര് വെളുത്ത രാത്രികൾ. സംവിധായകൻ റാസി. Dostoevsky-യുടെ ഇതേപേരുള്ള കഥയുടെ രൂപാന്തരമാണ്. മൂലകൃതിയിൽ നിന്നു നല്ല അന്തരമുണ്ട്. സ്ഥലത്തിലും കാലത്തിലും മാത്രമല്ല പാത്രസൃഷ്ടിയിലും മുഹൂർത്തങ്ങളിലും സാരമായ വ്യതിയാനമുണ്ട്. സ്ഥലം സെന്റ്പീറ്റേഴ്സ്ബർഗിൽ നിന്ന് കേരളത്തിലെ അട്ടപ്പാടിയിലേക്കു പറിച്ചുനട്ടിരിക്കുന്നു. കാലമാകട്ടെ മൊബൈലിന്റെയും ലാപ്പിന്റേതുമായിരിക്കുന്നു. കഥയിൽനിന്നു ഭിന്നമായി മുഖ്യകഥാപാത്രമായ സ്ത്രീ പുരുഷനു പകരം ഒരു സ്ത്രീയെ പ്രണയിക്കുന്നു. ചുരുക്കത്തിൽ സിനിമ കഥയിൽനിന്നു മാറി ഒരു കലാകാരന്റെ സ്വതന്ത്രമായ ജീവിതവ്യാഖ്യാനമായിരിക്കുന്നു.

ഏകാന്തത നിരന്തരമായി അലട്ടുന്ന മനുവെന്ന യുവാവും ചെല്ലിയെന്ന യുവതിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. നാലു രാത്രികളിലെ അവരുടെ സമാഗമവും സംഭാഷണവും ഉള്ളടക്കത്തെ മൊത്തത്തിൽ തീരുമാനിക്കുന്നു. അഞ്ചാം ദിവസത്തെ സ്വച്ഛസുന്ദരമായ ആകാശത്തിൽ സിനിമ തീരുന്നു. ചിത്രകാരൻ കൂടിയായ സംവിധായകന്റെ സൗന്ദര്യബോധം ഹരിതാഭമായ പ്രകൃതിയായും നിരുപാധികമായ സ്നേഹമായും ഫ്രെയ്മിൽ നിറയുന്നുണ്ട്. ഒരു ദളിത് യുവതിയെ സിനിമയുടെ കേന്ദ്രത്തിൽത്തന്നെ പ്രതിഷ്ഠിച്ചതിലൂടെ സിനിമയുടെ ചരിത്രത്തിലും രാഷ്ട്രീയത്തിലും സജീവമായി ഇടപെടുന്നുണ്ട്. മാത്രമല്ല അവൾ നിൽക്കുന്ന പരിസരത്തിന്റെ സവിശേഷമായ ചില പ്രശ്നങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. പ്രമേയത്തിലും പരിചരണത്തിലും പാലിച്ചിട്ടുള്ള വ്യതിരിക്തമായ ഈ നിലപാട് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

കാഴ്ചയുടെ ഒഴുക്കിൽ വന്നുപെടുന്ന ചില ജെർക്കുകളുമുണ്ട്. ടെക്സ്റ്റിൽ വായിച്ച കഥാപാത്രങ്ങളുടെ വൈകാരികതീവ്രത കുറെയൊക്കെ ചോർന്നുപോയിട്ടുണ്ട്. വിശേഷിച്ച് വിഷാദത്തിന്റെ തീയിലുരുകുന്ന മനുവിന്റെ മനസ്സ് കൃത്യമായി സ്ക്രീനിലേക്കു പകർന്നിട്ടില്ല. മറിച്ച് ചെല്ലിയുടെ സ്വഭാവരീതികളും അവളുടെ സമീപനത്തിലെ ആർജ്ജവവും ധൈര്യവും നടിയുടെ കൈയിൽ ഏറെക്കുറെ ഭദ്രമായിരിക്കുന്നു. സംഭാഷണത്തിലെ കൃത്രിമത്വമാണ് സിനിമയുടെ പ്രകൃതിയുമായിണങ്ങാത്ത മുഖ്യഘടകം. മാനുഷികമായ സഹജപ്രതികരണത്തിനുമപ്പുറം അച്ചടിഭാഷയുടെ കടുപ്പം സീനുകളുടെ സൌന്ദര്യത്തെ ആകെമൊത്തം ഉലയ്ക്കുന്നു. പലപ്പോഴും പുസ്തകത്തിൽ നോക്കി വായിക്കുന്ന പ്രതീതി പോലും ജനിപ്പിക്കുന്നു. രണ്ടാം പകുതിയിലാണ് സിനിമ അതിന്റെ ഫ്ലേവർ തിരിച്ചുപിടിക്കുന്നത്. മികച്ച ഒരു എഡിറ്ററുടെ അഭാവം മൂലം ചില രംഗങ്ങൾ ലാഗ് ചെയ്യുന്നുമുണ്ട്.

130 മിനിറ്റുള്ള സിനിമ ഇനിയും തീയേറ്ററിൽ റിലീസ് ചെയ്തിട്ടില്ല. ഇതരകൃതിയെ ആസ്പദമാക്കിയുള്ള മികച്ച തിരക്കഥയ്ക്ക് കേരള സർക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. എനിവേ പോസിറ്റീവായ ഒരു അമേച്വർ സ്വഭാവം നിലനിർത്തിക്കൊണ്ട് സിനിമയെന്ന കലയുടെ അപാരമായ സാധ്യതകളിലേക്ക് മിഴിതുറക്കുകയാണ് ഈ നവസിനിമയും.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

പോസിറ്റീവായ ഒരു അമേച്വർ സ്വഭാവം
നിലനിർത്തിക്കൊണ്ട് സിനിമയെന്ന കലയുടെ
അപാരമായ സാധ്യതകളിലേക്ക് മിഴിതുറക്കുകയാണ്
ഈ നവസിനിമയും