ആനക്കയ‘ത്തില്‍ ജീപ്പിറങ്ങി മലകയറാനൊരുങ്ങുമ്പോള്‍ത്തന്നെ രാവണന്‍ കുട്ടി ആനക്കഥകളുടെകെട്ടഴിക്കാന്‍ തുടങ്ങിയിരുന്നു. ‘രാമന്‍കുട്ടി’യുടെ ഈ ദ്രാവിഡരൂപമാണ് ഓരോ വനയാത്രയിലും എനിക്കു തുണ. കാടിന്റെ ഹൃദയമറിയുന്ന രാവണന്‍ കുട്ടി കൂടെയുള്ളപ്പോള്‍ ഞാനെന്തിനു ഭയപ്പെടണം? എന്നാലും, യാത്രയില്‍ ആനക്കഥകള്‍ പറഞ്ഞ് എന്നെ ഭയപ്പെടുത്തുകയാണ് അവന്റെ ഇഷ്ടവിനോദം. വന്മരങ്ങളില്‍ കയറി ചില്ലകള്‍ ശേഖരിക്കുന്നതിനും, പുഴകടക്കുന്നതിനും, ഭാരം താങ്ങുന്നതിനും എന്നുവേണ്ട എന്റെ ജീവരക്ഷയ്ക്കു പോലും എനിക്കു രാവണന്‍ കുട്ടി വേണം. കുരങ്ങനേക്കാള്‍ ചടുലമായ അവന്റെ മരംകയറ്റം ഒന്നു കാണേണ്ടതു തന്നെയാണ്. തീര്‍ന്നില്ല; ഒരാള്‍ കൂടിയുണ്ട് ഞങ്ങളുടെ സംഘത്തില്‍. രാവണന്‍ കുട്ടിയുടെ വിശ്വസ്തനായ നായ, ടൈഗര്‍ ആണത്. കാല്‍നടയാത്രയുടെ ഓരോ മാത്രയിലും, ടൈഗര്‍ ഞങ്ങള്‍ക്കു മുന്‍പേ ഓടി, പരിസരം നിരീക്ഷിച്ചു തിരിച്ചെത്തുകയും മാര്‍ഗ്ഗം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
രാവിലെ, യാത്ര പുറപ്പെടും മുമ്പു നടന്ന കൂടിക്കാഴ്ചയില്‍ എന്റെ ഗവേഷണസഹായി ഡോ. നായരുടെ വക പ്രത്യേക ഉപദേശമുണ്ടായിരുന്നു.“നോക്കൂ, കാടിന്റെ ഇന്റീരിയറിലേക്കു തന്നെ പോകണം. ഇത്തവണ കളക്ഷന്‍ മോശമായാല്‍ എനിക്കു തന്റെ കാര്യം റീതിങ്ക് ചെയ്യേണ്ടി വരും..” ഭീഷണിയുടെ സ്വരം. കട്ടിപ്പുരികത്തിനു താഴെ ജ്വലിക്കുന്ന കഴുകന്‍ കണ്ണുകള്‍. അവയില്‍, ഇരയ്ക്കു വേണ്ടിയുള്ള വന്യമായ ദാഹം. “യെസ് , സര്‍.. ഐ വുഡ് ട്രൈ മൈ ലെവല്‍ ബെസ്റ്റ്..” എന്നു പറഞ്ഞു മുറിക്കു പുറത്തേയ്ക്കോടുകയായിരുന്നു.
കുത്തനെയുള്ള കരിമലയുടെ ഉച്ചിയിലെത്തിയപ്പോള്‍ തന്നെ കൈയിലുള്ള കുടിവെള്ളശേഖരമെല്ലാം കാലിയായിരുന്നു. വേനല്‍, ശരീരത്തെയും മനസ്സിനെയും ഒരുപോലെ പൊള്ളിക്കുന്നു. ഒരു പാറയില്‍ അല്പനേരം വിശ്രമിച്ച്, ഞങ്ങള്‍ യാത്ര തുടര്‍ന്നു. മലമുകളില്‍ നിന്നു പുറപ്പെട്ട് , ഇതുവഴി ആര്‍ത്തുല്ലസിച്ചൊഴുകിയിരുന്ന പുഴ ഇന്ന് ഒരു ജലരേഖ പോലും ബാക്കിവെയ്ക്കാതെ അപ്രത്യക്ഷമായിരിക്കുന്നു. ഒരു വര്‍ഷകാലത്തിന്റെ ശീതളസ്മരണയില്‍ മയങ്ങുന്ന ഉരുളന്‍ കല്ലുകള്‍.
കാട്. പച്ചയുടെ മാസ്മരിക ലോകം.! ഇടയ്ക്കിടെ ദൃശ്യമാകുന്ന ആനത്താരകളുടെ ഓരം ചേര്‍ന്നുഞങ്ങള്‍ നടന്നു. ആവി പറക്കുന്ന ആനപ്പിണ്ടവും, ആനക്കൂട്ടം ചവിട്ടി മെതിച്ച ഈറ്റക്കാടുകളും കണ്ടു ഭയന്നു. ഒട്ടും സമയം കളയാനില്ല. പരിസരം മറന്ന്, ഞങ്ങള്‍ ജോലി ചെയ്തു. സസ്യലതാദികളാല്‍ എന്റെ തോള്‍സഞ്ചി നിറഞ്ഞു കൊണ്ടേയിരുന്നു..
കുറ്റിക്കാടുകള്‍ പിന്നിട്ട്, ഞങ്ങള്‍ അനന്തവിസ് തൃതമായ ഒരു പുല്‍മേട്ടിലെത്തി. അവിടവിടെയായിഎഴുന്നു നില്‍ക്കുന്ന കറുത്ത കൂറ്റന്‍ ശിലകള്‍. എന്തോ, എനിക്കു പെട്ടെന്നു പാണ്ഡവരുടെ വനവാസകാലവും ‘രണ്ടാമൂഴ‘ത്തിലെ ഭീമനെയും ഓര്‍മ്മ വന്നു.
ഇലകളനങ്ങുന്ന ശബ്ദം. ഞങ്ങള്‍ ജാഗരൂകരായി. അത് പതിയെ അടുത്തടുത്തു വരികയാണ്. ഒരു കരടി തന്നെ. ഞങ്ങള്‍ക്കു മുന്നില്‍ ഏതാനും അടി അകലത്തെത്തിക്കഴിഞ്ഞു. നല്ല പ്രായമുണ്ട്. പിന്‍കാലുകളില്‍ നിവര്‍ന്നുനിന്ന് അവന്‍ ഞങ്ങളെയൊന്നു വീക്ഷിച്ചു. രാവണന്‍ കുട്ടി, ഉച്ചത്തില്‍ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി. തിരിഞ്ഞുനോക്കിക്കൊണ്ട് അവന്‍ ഭയന്നോടി. പിന്നെ, കാഴ്ചയില്‍ നിന്നു മറഞ്ഞു.
ശരീരത്തിലെ ജലാംശം വറ്റുന്നതായി കാലുകള്‍ മുന്നറിയിപ്പു തന്നു. ചുവടുകളിടറാന്‍ തുടങ്ങി.“നമുക്കു മടങ്ങാം, വെള്ളമില്ലാതെ ഇനി വയ്യ.“ ഞാന്‍ രാവണന്‍ കുട്ടിയോടു പറഞ്ഞു.“കുറച്ചു ദൂരെ ഒരു അരുവിയുണ്ട്. നമുക്കു അങ്ങോട്ടു നടക്കാം.”- അവന്‍ പറഞ്ഞു.. മനസൊന്നു തണുത്തു. ഞാന്‍ കാലുകള്‍ പെറുക്കിപ്പെറുക്കി രാവണന്‍ കുട്ടിക്കു പിറകെ പിച്ചവെച്ചു. വഴിയില്‍, പുല്ലാനിയുടെ വള്ളികള്‍ വെട്ടിയെടുത്ത് അതില്‍ നിന്നൂറുന്ന വെള്ളം നാവിലിറ്റിച്ചു.
നടന്നു നടന്ന് ഞങ്ങള്‍ ഒരു നിശ്ശബ്ദതയുടെ കൂടാരത്തിലെത്തി. ഏതോ പുരാതനശിലകളുടെ നഷ്ടാവശിഷ്ടങ്ങള്‍. കത്തിയമര്‍ന്ന ചന്ദനത്തിരികള്‍. പൊട്ടിയ ഒരു കല്‍വിളക്ക്. ഭയവും ക്ഷീണവും എന്നെ ഒരുപോലെ വലയം ചെയ്തു. “നമുക്കു വഴി തെറ്റിയെന്നു തോന്നുന്നു; ഇവിടെയെങ്ങും ആ അരുവി കാണാനില്ല.” രാവണന്‍ കുട്ടിയുടെ ചിതറിയ ശബ്ദം എന്നെ കൂടുതല്‍ നിസ്സഹായനാക്കി. ദിക്കറിയാതെ ഞങ്ങള്‍ തലങ്ങും വിലങ്ങും നടക്കാന്‍ തുടങ്ങി. എങ്ങും പച്ചയുടെ പ്രളയം മാത്രം.! ദൂരെയെവിടെയെങ്കിലും ഒരു പ്രകാശഗോപുരം? ഒരു സഹായഹസ്തം? ഇല്ല. ദിക്കുകള്‍ ഞങ്ങളെ കൈവെടിഞ്ഞു കഴിഞ്ഞിരുന്നു. കടപുഴകി വീണ ഒരു വലിയ മരം കുറുകെ കടക്കവെ, എന്റെ ദേഹം എന്റെ നിയന്ത്രണത്തിലല്ല്ല്ലെന്നു ഞാനറിഞ്ഞു.
ഭയമെന്തെന്നറിയാത്ത രാവണന്‍ കുട്ടിയുടെ കണ്ണുകളിലും ഭീതി കൂടുകൂട്ടിയതു ഞാന്‍ കണ്ടു. മടിയില്‍ നിന്നു വെറ്റിലയും പാക്കുമെടുത്ത് അവന്‍ കണ്ണില്‍ ചേര്‍ക്കുന്നുണ്ട്. മലദൈവങ്ങളോടുള്ള പ്രാര്‍ത്ഥനയാണ്. ഞാന്‍ വാച്ചിലേക്കു നോക്കി. സമയം ആറുമണി. ദൈവമേ..! എനിക്കു തല ചുറ്റുന്നതു പോലെ തോന്നി. ഞാന്‍ ഒരു മരത്തില്‍ ചാരി, പതിയെ നിലത്തിരുന്നു. ഡോ. നായരുടെ കഴുകന്‍ കണ്ണുകള്‍ മനസ്സില്‍ വീണ്ടും വീണ്ടും തെളിഞ്ഞുവന്നു. ഒരു തളര്‍ച്ച എന്റെ ശരീരത്തെയാകെ വന്നു പൊതിഞ്ഞു. പെട്ടെന്ന് എവിടെനിന്നോ, ടൈഗര്‍ കുരച്ചുകൊണ്ട് ഓടിവന്നു. അവന്റെ മുഖം മുഴുവന്‍ രക്തം പുരണ്ടിരുന്നു.. ആകെ ഭയന്നതു പോലെ അവന്‍ കുരച്ചു കൊണ്ടേയിരുന്നു. നിലത്തിരുന്ന്, അവനെ കെട്ടിപ്പിടിച്ചു കൊണ്ട് രാവണന്‍ കുട്ടിയും കരയാന്‍ തുടങ്ങി.
പതിയെപ്പതിയെ, എന്റെ കാഴ്ചവട്ടം ചെറുതായി വന്നു. എനിക്കു മുകളില്‍, ആകാശത്തോളം വളര്‍ന്ന വന്മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ മാത്രം എനിക്കിപ്പോഴും കാണാം. ഇലകള്‍ക്കിടയില്‍ നിന്ന്ഇരുട്ട് എന്റെമേല്‍ ചാടിവീഴുന്നതും കാത്ത് ഞാന്‍ കണ്ണടച്ചു കിടന്നു.
1 comment:
(((((((ഠ)))))))
തേങ്ങ എന്റെ വക.
ഇനിയൊന്നു കൂടി വായിച്ചു നോക്കട്ടെ...
Post a Comment