Tuesday, March 12, 2013

ജീവിതത്തിന്റെ നിറം



  







ഴിഞ്ഞുപോയ രണ്ടു പതിറ്റാണ്ടുകള്‍ മലയാളിയുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചിട്ടുണ്ട്. അതിരുകള്‍ മാഞ്ഞുമറയുന്ന നമ്മുടെ ആഗോളജീവിതം എല്ലാ നന്മതിന്മകളെയും ഒരു വിവേചനവുമില്ലാതെ പുണര്‍ന്നു പുലരുന്നു. മൂല്യങ്ങള്‍ കുഴഞ്ഞു മറിയുന്നു. ശരി തെറ്റും തെറ്റ് ശരിയുമാവുന്നു. ജീവിതത്തെ ഒരാഘോഷമാക്കി മാറ്റൂ എന്ന് എല്ലാ പരസ്യവാചകങ്ങളും വിളിച്ചുപറയുന്നു. സ്വത്വമല്ല സമ്പത്താണ് മുഖ്യമെന്നും അത് എല്ലാ അന്തസ്സും കൊണ്ടുവരുമെന്നും നമ്മള്‍ പഠിച്ചിരിക്കുന്നു. പണം നിര്‍ണ്ണായകശക്തിയായി മാറിയ സാമൂഹ്യസാഹചര്യത്തില്‍, അക്രമം പെരുകുന്നു. പത്രവും ചാനലും കൊലപാതകങ്ങളാല്‍ നിറഞ്ഞുകവിയുന്നു. കൊട്ടേഷന്‍ സംഘങ്ങള്‍ക്കു പോലും താരപരിവേഷം കൈവരുന്നു. ജീവിതത്തിന്റെ സഹജമായ നിറവും മണവും നഷ്ടപ്പെട്ട് ദിക്കറിയാതെ നാം എവിടേക്കോ ഒഴുകിപ്പോകുന്നു.!

‘ആകാശത്തിന്റെ നിറം‘ സംസാരിക്കുന്നത് നമുക്കു നഷ്ടമാകുന്ന ഈ നന്മയുടെ ആകാശത്തെപ്പറ്റിയാണ്. തിരക്കില്‍ നാം കാണാതെപോകുന്ന ജീവിതത്തിന്റെ വര്‍ണ്ണവൈവിധ്യത്തെപ്പറ്റിയാണ്. നഗരത്തിരക്കില്‍ നിന്നകന്ന് ആരുമറിയാതെ പുലരുന്ന ജീവകാരുണ്യങ്ങളെപ്പറ്റിയാണ്. അതിവാചാലതയ്ക്കിടയില്‍ നാം മറന്നുപോകുന്ന മനോഹരമായ നിശ്ശബ്ദതകളെക്കുറിച്ചാണ്.

ഡോ. ബിജുവിന്റെ ഈ പുതിയ സിനിമ വളരെക്കുറച്ചുമാത്രം സംസാരിക്കുകയും ഈ ഉത്തരവാദിത്വം വാചാലമായ തന്റെ വിഷ്വലുകളെ ഏല്‍‌പ്പിക്കുകയും ചെയ്യുന്നു. ഈ വിഷ്വലുകളില്‍ തീര്‍ച്ചയായും പുതുമയുണ്ട്. മിതത്വമുണ്ട്. എല്ലാറ്റിലുമുപരിയായി തന്റേതായ ഒരു ചലച്ചിത്രഭാഷ സൃഷ്ടിച്ചെടുക്കുന്നതിനുള്ള ശ്രമമുണ്ട്. മുന്‍ഗാമികളില്‍ നിന്നും സമകാലീനരില്‍ നിന്നും കൃത്യമായ അകലം പാലിക്കണമെന്ന തീരുമാനമുണ്ട്. എല്ലാ സങ്കേതങ്ങള്‍ക്കുമപ്പുറം മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ ദര്‍ശനസൌന്ദര്യവുമുണ്ട്.

പേരുകളില്ലാത്ത ഏതാനും കഥാപാത്രങ്ങളാണ് ഈ ചിത്രത്തെ ചലിപ്പിക്കുന്നത്. നഗരസന്തതിയായ പോക്കറ്റടിക്കാരനാണ് അതിലൊരാള്‍. പണത്തോടുള്ള ആര്‍ത്തി അവനെ സമുദ്രഹൃദയത്തിലെ ഒറ്റപ്പെട്ട ഒരു തുരുത്തിലെത്തിക്കുന്നു. ശില്പങ്ങള്‍ വില്‍ക്കാന്‍ നഗരത്തിലെത്തി മടങ്ങുന്ന വൃദ്ധന്റെ ബോട്ടില്‍ ചാടിക്കയറി പണം കൊള്ളയടിക്കാനൊരുങ്ങുന്ന അവന്‍ അയാളുടെ നിര്‍ഭയമായ നിസ്സംഗതയില്‍ തോറ്റ് ദ്വീപിലെത്തിപ്പെടുകയാണ്. നിറഭേദങ്ങളുടെ കളിസ്ഥലമായ ദ്വീപിന്റെ ആകാശത്തിനു ചുവട്ടിലും പക്ഷേ, കള്ളന് സമാധാനം നഷ്ടപ്പെടുന്നു. പുറംലോകത്തേക്കുള്ള വഴികളടഞ്ഞ അയാള്‍ വൃദ്ധന്റെ ശാന്തസുന്ദരമായ കോട്ടേജില്‍ അക്രമം അഴിച്ചുവിടുന്നു. എന്നാല്‍ അവന്റെ ഒരു പ്രകോപനവും വൃദ്ധന്റെ മനസ്സിനെ ഇളക്കാന്‍ പര്യാപ്തമായിരുന്നില്ല. മൂകയായ ഒരു യുവതി, മധ്യവയസ്കനായ ഒരു സഹായി, ഒരു ബാലന്‍ എന്നിവരോടൊത്ത് വൃദ്ധന്‍ തന്റേതായ ജീവിതായോധനം തുടരുന്നു. അവധൂതസമാനനായ അയാളുടെ പ്രവൃത്തികള്‍ കള്ളന്റെയും ഒപ്പം പ്രേക്ഷകന്റെയും മനസ്സില്‍ സന്ദേഹങ്ങള്‍ നിറയ്ക്കുന്നു…

താഴ്ന്ന സ്ഥായിയില്‍ സഞ്ചരിക്കുന്ന ഒരു നേര്‍ത്ത സംഗീതശില്പത്തിന്റെ ഘടനയാണ് ചിത്രത്തിന്റേത്. ഈ മിതത്വം പാകത വന്ന ഒരു സംവിധായകന്റെ ലക്ഷണം തന്നെ. അല്പം ദുരൂഹമെങ്കിലും ശാന്തസ്വഭാവം മാത്രം പ്രതിഫലിക്കുന്ന ദ്വീപിന്റെ ആകാശവും ഭൂമിയും കള്ളന്റെ ഇടയ്ക്കിടെയുള്ള രൂക്ഷമായ പ്രതികരണങ്ങളില്‍ ശബ്ദമുഖരിതമാവുന്നു. പിന്നെയും സമനില പ്രാപിക്കുന്നു. കള്ളന്റെ കണ്ണില്‍ക്കൂടിത്തന്നെ കാണുന്നതിനാല്‍, സിനിമയുടെ ആദ്യപകുതി അല്പം വിരസമായേക്കാം. ഒടുവില്‍ ദുരൂഹതയുടെ ആ മറ നീങ്ങുമ്പോഴാണ് നാം അതുവരെ കണ്ട ജീവിതങ്ങളുടെയെല്ലാം പൊരുള്‍ നമുക്കു മുന്നില്‍ തുറക്കുന്നത്. ഈ സസ്പെന്‍സിലാണ് സിനിമയുടെ സൌന്ദര്യം ഇരിക്കുന്നതും. അസംബന്ധമെന്ന് തോന്നിയ കാഴ്ചകള്‍ പെട്ടെന്ന് അര്‍ത്ഥപൂര്‍ണ്ണമായി മാറുന്നു. അതുവരെയും അന്ധതമസ്സില്‍ പുലര്‍ന്ന കള്ളനും കാണികള്‍ക്കും മുന്നില്‍ നിരുപാധികമായ നന്മയുടെ പുതിയ ആകാശവും ഭൂമിയും വെളിച്ചപ്പെടുന്നു.

മനുഷ്യനന്മകള്‍ വറ്റിപ്പോകുന്ന ഒരു കഠിനകാലത്തിനു മുന്നില്‍ ഇതുപോലുള്ള ഒരു കാഴ്ചയെ തനതുശൈലിയില്‍ ആവിഷ്കരിക്കുന്നു എന്നതാണ് ഈ സിനിമയെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം. എല്ലാ നന്മകളെയും തമസ്കരിക്കാന്‍ പോന്ന ഒരധിനിവേശം അദൃശ്യമായി നമ്മെ ആക്രമിച്ചു കീഴ് പ്പെടുത്തിക്കൊണ്ടിരിക്കെ, ചെറുതെങ്കിലും ഇതുപോലുള്ള ശ്രമങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. മുഖ്യധാരാജീവിതത്തിനു സമാന്തരമായി സ്നേഹം സമര്‍പ്പണമാക്കി ജീവിക്കുന്ന ഏകാന്തസഞ്ചാരികള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന് ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നു. സിനിമയിലെ ജീവിതത്തിനിണങ്ങിയ കുറഞ്ഞ വേഗതയില്‍ത്തന്നെയാണ് ഷോട്ടുകളെന്നത് പ്രത്യേകം പറയണം. ഇടിവെട്ടു സ്പീഡിലോടിക്കൊണ്ടിരിക്കുന്ന നമ്മുടെ നടപ്പുസിനിമയില്‍ ഇതൊരു വലിയ കാര്യം തന്നെ. പ്രമേയവും ക്രാഫ്റ്റും തമ്മിലുള്ള ലയനം ഈ സിനിമയുടെ ആസ്വാദനത്തില്‍ ഒരു മുഖ്യപങ്കു വഹിക്കുന്നുണ്ട്.

പാത്രസൃഷ്ടികളില്‍ നെടുമുടിയുടെ വൃദ്ധനും മൂകയായ യുവതിയും തന്നെയാണ് മുന്നില്‍. ഏറെ സങ്കീര്‍ണ്ണതകളെ ഒളിപ്പിക്കുന്ന ‘അന്യഗ്രഹജീവി‘യായ വൃദ്ധന്‍ നെടുമുടിയുടെ കയ്യില്‍ ഭദ്രമാണ്. അനായാസമായ ഭാവപ്രകാശനത്താല്‍ പുതുമുഖമായ അമലാ പോളും തന്റെ റോള്‍ ഭംഗിയാക്കി. സ്ത്രീയെ under-estimate ചെയ്യാത്ത ഒരു സിനിമ കൂടി കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും എടുത്തുപറയാതെ വയ്യ. സങ്കേതങ്ങളില്‍, എം. ജെ. രാധാകൃഷ്ണന്റെ സിനിമറ്റോഗ്രഫിയുടെ സവിശേഷതകള്‍ ശ്രദ്ധേയം. ക്യാമറ പൊസിഷനിലും അതിന്റെ വീക്ഷണത്തിലുമെല്ലാം നവ്യമായ ഒരു സമീപനം ചിത്രത്തിലുടനീളം കാണാം.

ഇറാനിയന്‍ സിനിമകളുടെയും മറ്റും മുഖമുദ്രയായ ഒരു ലാളിത്യം ഈ സിനിമയില്‍ പ്രകടമാണ്. ഋജുരേഖയിലുള്ള നരേറ്റീവും തിരക്കഥയില്‍ അവിടവിടെയായി കോര്‍ത്തിണക്കിയിട്ടുള്ള ജീവിതസന്ദേശങ്ങളും സിനിമയുടെ സാമൂഹ്യമൂല്യത്തെ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ ഈ സന്ദേശങ്ങളുടെ ഭാഷയും ആവിഷ്കാരവും പ്രബോധനത്തിന്റേതാണ് എന്നത് ഒരുപരിമിതിയായി. ഈ സന്ദര്‍ഭങ്ങളില്‍, വൃദ്ധന്‍ പലപ്പോഴും ക്യാമറയിലേക്കു നോക്കി സംസാരിക്കുന്നത് അരോചകമായിത്തോന്നി. ഈ രംഗങ്ങള്‍ കൂറെക്കൂടി സ്വാഭാവികമായി ചിത്രീകരിക്കാമായിരുന്നു.!

ചലച്ചിത്രമേളകള്‍, ഡീവീഡി, ടൊറന്റ് തുടങ്ങിയവയുടെയെല്ലാം ഗുണപരമായ സ്വാധീനം നവസിനിമകളുടെ കെട്ടിലും മട്ടിലും പ്രതിഫലിച്ചുതുടങ്ങിട്ടുണ്ടെന്ന് ഈ സിനിമയും നിശ്ശബ്ദമായി വിളിച്ചുപറയുന്നുണ്ട്. ഒരുവേള, ഫിലിം സൊസൈറ്റികളുടെയും മറ്റും ആത്യന്തികമായ പ്രസക്തിയും സ്വന്തം മണ്ണില്‍ വേരൂന്നിയ നല്ല സിനിമയുടെ നിര്‍മ്മിതികള്‍ തന്നെയാണല്ലോ.? നവീനവും വൈവിധ്യപൂര്‍ണ്ണവുമായ ചലച്ചിത്രഭാഷകള്‍ക്കായി നമുക്കിനിയും കാത്തിരിക്കാം..

No comments: