Tuesday, March 12, 2013

ഒരു വെള്ളിയാഴ്ചയുടെ പാഠങ്ങൾ















'All I want to do is movies.’ - Lijin Jose

ചിന്തിക്കുന്ന മനുഷ്യന്റെ സംവേദനക്ഷമത നിരന്തരം പുതുക്കലുകൾ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. മലയാളിയുടെ തനതുജീവിതവുമായും സ്വപ്നങ്ങളുമായും യാതൊരു ബന്ധവുമില്ലാതെ നമ്മെ വെറുതെ ആനന്ദിപ്പിച്ചുകൊണ്ടിരുന്ന കെട്ടുകാഴ്ചയുടെ കൊട്ടകയിലേക്കാണ് സമകാലികതയെ തിരിച്ചുപിടിച്ചുകൊണ്ട്, ഒരിക്കൽ സ്വയംവരവും ഉത്തരായനവും കടന്നുവന്നത്. എഴുപതുകളായിരുന്നു കാലം. ചില ആത്മസൌഹൃദങ്ങളായിരുന്നു മൂലധനം. ചുറ്റുവട്ടത്തെ പൊള്ളുന്ന ജീവിതം തന്നെയായിരുന്നു കഥയും തിരക്കഥയും! സിനിമ ഒരാഘോഷമല്ലെന്ന് നാം തിരിച്ചറിയുകയായിരുന്നു. പിന്നീട്, ഒത്തുതീർപ്പിന്റെ പല കൈവഴികളിലൂടെ സഞ്ചരിച്ച നാം ഈ സമകാലികതയെ എവിടെയോ ഉപേക്ഷിച്ചു. ഒരിടവേളയ്ക്കുശേഷം, ഇപ്പോഴിതാ വീണ്ടും ഒരു നവസിനിമയുടെ തിരനോട്ടം. ഉത്തരാധുനികരായ പുതിയ സിനിമക്കാർക്ക് അരവിന്ദനെയോ അടൂരിനെയോ പോലെ നീട്ടിവളർത്തിയ താടിയില്ല. ഇവരുടെ കഥാപാത്രങ്ങൾ എടുത്താൽ പൊങ്ങാത്ത സൈദ്ധാന്തികഭാരം ചുമക്കുന്നില്ല. എന്നാൽ അവരും ജനിക്കുന്നു, വളരുന്നു, പ്രണയിക്കുന്നു, കലഹിക്കുന്നു…ഇവിടെത്തന്നെ  ജീവിച്ചുമരിക്കുകയോ മരിച്ചുജീവിക്കുകയോ ചെയ്യുന്നു.! ന്യൂവേവ്, ന്യൂ ജനറേഷൻ തുടങ്ങി എന്തുപേരിട്ടാലും ശരി, ഞെട്ടിക്കുന്ന സമകാലികതയാണ്, തൊട്ടാൽ പൊള്ളുന്ന ജീവിതമാണ് ഈ സിനിമയുടെയും കൊടിയടയാളം.!

ഞാൻ, എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ മക്കൾ, എന്റെ വീട്, എന്റെ കാർ, എന്റെ പട്ടിക്കുട്ടി..ഇതാണല്ലോ നമ്മുടെ പുതിയ ജീവിതതത്വശാസ്ത്രം.! ആർഭാടങ്ങളുടെ പല ലോണുകൾ അടച്ചുതീർക്കാനുള്ളതിനാൽ നമുക്ക് ഓടിയേ പറ്റൂ.. തിരക്കുപിടിച്ച ഈ  ഓട്ടത്തിനിടയിൽ, നമ്മുടെ മുന്നിലും പിന്നിലും വശങ്ങളിലും നടക്കുന്നവരെ നാം ശ്രദ്ധിക്കാറില്ല. എങ്കിലും, അവരെല്ലാം അവിടെത്തന്നെയുണ്ട്.  അങ്ങനെയുള്ള ചില ജീവിതങ്ങളുടെ തത്സമയങ്ങളിലേക്കാണ് ലിജിൻ ജോസെന്ന നവാഗതന്റെ ക്യാമറക്കണ്ണുകൾ തുറക്കുന്നത്. ‘ഫ്രൈഡേ‘ എന്ന ഈ സിനിമയിൽ  തിളച്ചുമറിയുന്ന ജീവിതക്കാഴ്ചകളിൽ ചിലത് നമ്മുടെയുള്ളിൽ ചെറുപുഞ്ചിരികളായും നെടുവീർപ്പുകളായും കണ്ണുനീർമുത്തുകളായും മാറുമ്പോൾ മറ്റുചിലവ നമ്മെ ശ്വാസം മുട്ടിക്കുകയും ഒരുവേള, നമ്മുടെ സമാധാനം കെടുത്തുകയും ചെയ്യുന്നു. ഇടവേളയില്ലാത്ത ഒരു മണിക്കൂർ നാല്പത്തിമൂന്നു മിനിറ്റുകൾക്കൊടുവിൽ ആരും കാണാതെ കണ്ണുതുടച്ച് തീയറ്റർ വിടുമ്പോൾ ‘ഹോ, ഈ ജീവിതം’ എന്ന് നമ്മുടെ ഹൃദയം ഒന്നു പിടയുന്നു. ‘ഓ, ഇതാണോ ഇത്രവലിയ കാര്യം’ എന്നു ചോദിക്കാൻ വരട്ടെ, അതൊരു വലിയ കാര്യം തന്നെയാണ്.! കൊല്ലാനും മരിക്കാനും മടിയില്ലാത്ത മൂല്യരാഹിത്യത്തിന്റെ ഈ കാലത്ത്, മന:സ്സാക്ഷി മരവിക്കാത്ത ചിലരെ സ്ക്രീനിലെങ്കിലും കണ്ടുമുട്ടുകയെന്നത് ചെറിയ കാര്യമല്ലല്ലോ. അതുതന്നെയാണ് ഈ ‘വെള്ളിയാഴ്ച‘യുടെ പ്രസക്തിയും.

നവാഗതനെങ്കിലും ദൃശ്യങ്ങളെ സിനിമയ്ക്കുവേണ്ടി പാകപ്പെടുത്തുന്നതിലുള്ള ലിജിന്റെ പ്രതിഭ ‘Conditions apply’ എന്ന ഹ്രസ്വചിത്രത്തിലൂടെയും മറ്റും നാം കണ്ടുകഴിഞ്ഞതാണ്. കറകളഞ്ഞ ആ മാധ്യമബോധം, ആ സിനിമാപ്രണയം ‘ഫ്രൈഡേ’ എന്ന തന്റെ ആദ്യകഥാചിത്രമായി മാറുമ്പോൾ, ഒരു സംവിധായകനെന്ന നിലയിൽ എന്തൊക്കെയാണ് ലിജിൻ ജോസിന്റെ സംഭാവനകൾ.? എന്തൊക്കെയാണ് ഈ സിനിമയുടെ വിജയഘടകങ്ങൾ.?

ഒന്നാമതായി, മികച്ച കല ദേശത്തെ എഴുതുന്നതാവണം എന്ന ദർശനം ഈ ‘സിനിമ’യെ തീരുമാനിക്കുന്നതു കാണാം. ‘തനതുസിനിമ’യിൽ നിന്ന് ‘യൂണിവേഴ്സൽ സിനിമ’യിലേക്കുള്ള ഒരു ചുവടുമാറ്റം പ്രഗൽഭരായ പല സംവിധായരെയും സ്വാധീനിക്കുന്ന കാലമാണിത്. ഒറ്റനോട്ടത്തിൽ, പുതിയ സങ്കൽ‌പ്പമെന്നു തോന്നാമെങ്കിലും വൈവിധ്യപൂർണ്ണമായ ഓരോ ദേശത്തിന്റെയും ഭിന്നസ്വത്വങ്ങളെ കാഴ്ചയിൽ നിന്നു മറയ്ക്കുന്ന ഒരു ഘടകം ഇതിലുണ്ട്. ഇത് വിനാശകരമായ ആഗോളവൽക്കരണത്തെ അതിവേഗത്തിലാക്കുകയും ഏകതാനമായ ഒരു മോണോകൾച്ചറിലേക്ക് ദേശത്തെ ഒതുക്കുകയും ചെയ്യും. നവസിനിമയെന്ന പേരിൽ പുറത്തിറങ്ങുന്ന പല ചിത്രങ്ങളിലും വൻനഗരങ്ങളിലെ മെട്രോജീവിതം മുഖ്യപ്രമേയമാകുന്നതിനു പിന്നിൽ അതിരുകളില്ലാത്ത പൊതുവായ സ്വീകാ‍ര്യത എന്നൊരു ലക്ഷ്യം കൂടിയുണ്ടെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. ഇതിൽ നിന്നു ഭിന്നമായി, സ്വന്തം മണ്ണിൽ വേരുകളൂന്നി നിൽക്കുന്ന സിനിമയാണ് ‘ഫ്രൈഡേ‘. പോയ കാലത്ത് കിഴക്കിന്റെ വെനീസായിരുന്ന ആലപ്പുഴയുടെ  പുരാതനഭൂമികയാണ് ലിജിൻ തന്റെ സിനിമയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കാഴ്ചപ്പാടിലെ അടിസ്ഥാനപരമായ ഈ വ്യതിയാനം ശ്രദ്ധിക്കേണ്ട ഒന്നാണ്.

മറ്റൊന്ന്, ആഖ്യാനശൈലിയാണ്. അവിടവിടെ കൂട്ടിമുട്ടുന്ന എട്ടു കഥാതന്തുക്കൾ ഇഴ ചേർത്ത് നെയ്തെടുത്ത ഒരു multiple narrative ആണ് ഈ സിനിമയുടേത്. ഈയൊരു ക്രാഫ്റ്റ് പ്രേക്ഷകനു തലവേദന സൃഷ്ടിക്കാത്ത വിധം അനായാസമായി അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ലിജിനൊപ്പം തിരക്കഥാകൃത്തായ നജീം കോയയ്ക്കുകൂടി അവകാശപ്പെട്ടതാണ്. ശില്പത്തിലെ ഈ പുതുമയ്ക്കുമപ്പുറം, കഥാചിത്രങ്ങളുടെ പതിവുരീതികളെത്തന്നെ ഈ സിനിമ നിരസിക്കുന്നുണ്ട്. അല്പം കടന്നുചിന്തിച്ചാൽ, ഫിക്ഷന്റെ സാധ്യതകളുപയോഗിച്ച് ആലപ്പുഴയുടെ ഒരു ദിവസത്തെ ജീവിതം ചൂടോടെ പകർത്തിയ ഒരു മികച്ച ഡോക്കുമെന്ററിയാണ് ഫ്രൈഡേ എന്നുപോലും പറയാം. ഈ തീരദേശത്തിന്റെ ലാൻഡ്സ് കേപ്പുമായി  അത്രത്തോളം ഇണങ്ങിച്ചേർന്നതാണ് സിനിമയിൽ നാം കണ്ടുമുട്ടുന്ന മനുഷ്യർ. അത്രത്തോളം സ്വാഭാവികമാണ് അവരുടെ ശരീരഭാഷകൾ..ഭാഷണങ്ങൾ.!  മലയാളിക്കു പ്രിയങ്കരമായ രണ്ടു തെറിവാക്കുകൾ പോലും അധികൃതരാൽ നിശ്ശബ്ദമാക്കപ്പെടാതെ സിനിമയുടെ ശബ്ദപഥത്തിൽ കയറിപ്പറ്റിയിട്ടുണ്ട്.! തന്റെ ജന്മനാടിന്റെ ഹൃദയതാളങ്ങൾ ഒപ്പിയെടുക്കാൻ ലഭിച്ച സുവർണ്ണാവസരമായിക്കൂടി സംവിധായകൻ ഈ സിനിമയെ കണ്ടിട്ടുണ്ടാവണം.

ഒരു വെള്ളിയാഴ്ച പുലരുമ്പോൾ തുടങ്ങി അടുത്ത ഇരുപത്തിനാലു മണിക്കൂറിൽ അവസാനിക്കുന്നതാണ് സിനിമയിലെ കാലം. ആരൊക്കെയാണ് ഈ സിനിമയെ ചലിപ്പിക്കുന്ന മനുഷ്യർ.? അന്നന്നത്തെ അപ്പത്തിനു വേണ്ടി അധ്വാനിക്കുന്ന ബാലുവെന്ന ഓട്ടോഡ്രൈവർ (ഫഹദ് ഫാസിൽ), ഗൃഹനാഥനൊപ്പം (നെടുമുടി വേണു) പെൺകുട്ടിയുടെ കല്യാണത്തിനു തുണിയും സ്വർണ്ണവുമെടുക്കാൻ ടൌണിലെത്തുന്ന ഒരു കുടുബം, പെൺകുട്ടിയെ (നിമിഷ) വിവാഹം കഴിക്കാനൊരുങ്ങുന്ന അച്ചു എന്ന യുവാവ് (ടിനി ടോം) കമിതാക്കളായ ജിൻസിയും മുനീറും (ആൻ, മനു), പൂർണ്ണഗര്‍ഭിണിയായ ഒരു ഭിക്ഷാടക, അപൂര്‍വ്വയിനത്തിലുള്ള ഒരു പക്ഷിയെ കൊള്ളലാഭത്തിനു വില്‍ക്കാൻ കൊണ്ടുനടക്കുന്ന രണ്ടുപേർ, സർക്കാരാശുപത്രിയിൽ പ്രസവത്തിനെത്തിയ രണ്ടു യുവതികളും കുടുംബവും,  ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ബാംഗ്ലൂരിൽ നിന്നെത്തിയ ദമ്പതികൾ (പ്രകാശ് ബാരെ, ആശ ശരത്) , പുരോഹിതനായി അഭിനയിച്ച് അവരിൽ നിന്നു പണം തട്ടുന്ന മറ്റൊരാൾ..ചിലർ തമ്മിൽ യാദൃശ്ചികമായി കണ്ടുമുട്ടുകയും പിരിയുകയും ചെയ്യുന്നുണ്ട്. ചിലർ ജീവിതത്തിലേയ്ക്കും ചിലർ മരണത്തിലേക്കും ഇനിയും ചിലർ രണ്ടിനുമിടയിലെ തമോഗർത്തങ്ങളിലേയ്ക്കും ഇടറിവീഴുന്നുണ്ട്. അപ്രതീക്ഷിതമായ ചില പ്രതിസന്ധികൾ, വിസ്മയിപ്പിക്കുന്ന ചില തിരിച്ചറിവുകൾ…ഒടുവിൽ ആ ദിവസത്തെ അവസാനബോട്ടിൽ വീട്ടിലേക്കു മടങ്ങവെ, ആകസ്മികതയുടെ ഉത്സവമായ ജീവിതം ഒരിക്കൽക്കൂടി അവരെ ക്രൂരമായി പരീക്ഷിക്കുന്നു.!

ടീം ഫ്രൈഡേയുടെ കൂട്ടായ അധ്വാനത്തിന്റെ പ്രതിഫലനം ചിത്രത്തിൽ കാണാമെങ്കിലും ഇത് സംവിധായകന്റെ ചിത്രമാണെന്ന് അടിവരയിടുന്നതാണ് വിവേചനപൂർവം ലിജിൻ പകർത്തിയ ‘സിനിമാറ്റിക്’ ഷോട്ടുകൾ. അതങ്ങനെ തന്നെയാണ് വേണ്ടതും. ടോട്ടൽ സിനിമയിലേക്കുള്ള സമർത്ഥമായ ശ്രമങ്ങൾ മാത്രമായിരിക്കണം ഇതരസാങ്കേതികഘടകങ്ങൾ. നിരവധി കഥകളും ഉപകഥകളുമുള്ളപ്പോഴും കഥാഗതി സങ്കീർണ്ണമായിപ്പോകാതെ ഒന്നേമുക്കാൽ മണിക്കൂറിൽ സിനിമയെ വെട്ടിയൊതുക്കിയിട്ടുണ്ട്, ചെത്തിമിനുക്കിയിട്ടുണ്ട്. പാത്രസൃഷ്ടിയുടെ മികവിനാൽ, അല്പനേരത്തേക്കു മാത്രം പ്രത്യക്ഷപ്പെടുന്നവർ പോലും പ്രേക്ഷകന്റെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്. പരീക്ഷണത്തിനുവേണ്ടിയുള്ള ഒരു പരീക്ഷണത്തിനും മുതിരാതെ സവിശേഷമായ ഈ പ്രമേയത്തിനിണങ്ങിയ ക്രാഫ്റ്റ് കണ്ടെത്തി അതിനെ ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ ക്രെയിൻ ഷോട്ടിലും മറ്റും, ജോമോൻ തോമസിന്റെ സിനിമാറ്റോഗ്രഫി സിനിമയെ പുതിയ മാനങ്ങളിലേക്ക് ലിഫ്റ്റ് ചെയുന്നുണ്ട്. രംഗമറിഞ്ഞുള്ള റെക്സ് വിജയന്റെ പശ്ചാത്തലസംഗീതവും എടുത്തുപറയണം. ബീയാർ പ്രസാദും റോബിയും ചേർന്നൊരുക്കിയ ആ പ്രണയഗാനം ആലപ്പുഴയുടെ കടൽത്തീരത്തെ കൂടുതൽ സുന്ദരമാക്കി.

അഭിനേതാക്കളിൽ എടുത്തുപറയേണ്ടത് ഫഹദിന്റെ ഓട്ടോഡ്രൈവറെപ്പറ്റിയാണ്. സിറ്റി ഗൈ എന്ന നിലവിലുള്ള ഇമേജിനെ തകർത്തുകൊണ്ട് തന്റെ നടനചാരുതയുടെ റേഞ്ച് ഈ നടൻ തെളിയിച്ചു. സംവിധായകനോട് ഈ വേഷം ചോദിച്ചു വാങ്ങിയതിന്റെ യുക്തി ഫഹദ് ഫാസിൽ ഭദ്രമാക്കി. പുരുഷോത്തമൻ എന്ന ഗൃഹനാഥന്റെ ശ്വാസം മുട്ടിക്കുന്ന സന്ദിഗ് ദ്ധതകളെ പതിവുപോലെ നെടുമുടി അടിപൊളിയാക്കി..

ഒരു സംവിധായകന്റെ ആദ്യചിത്രമെന്ന പരിമിതികളൊന്നും തന്നെ സിനിമയിൽ പ്രകടമായി കാണുന്നില്ല. മാത്രമല്ല, ജീവിതത്തെക്കുറിച്ചുള്ള ചില വെളിപാടുകൾ മിന്നൽ‌പ്പിണരുകളായി, ചിന്തയുടെ വെളിച്ചമായി കഥാഗതിയിൽ ഇടയ്ക്കിടെ വാർന്നുവീഴുന്നുമുണ്ട്. എന്നാൽ, ക്ലൈമാക്സിലേക്കെത്തുമ്പോൾ, ഈ വെളിച്ചങ്ങളെ സിനിമയുടെ സമഗ്രമായ ദർശനസൌന്ദര്യമായി വളർത്തിയെടുക്കുന്നതിൽ സംവിധായകൻ വേണ്ടത്ര വിജയിച്ചിട്ടില്ല. ചിദംബരം, എലിപ്പത്തായം തുടങ്ങിയ മാസ്റ്റർപീസുകളുടെ അന്ത്യരംഗങ്ങൾ ഇവിടെ ഓർക്കാവുന്നതാണ്. അതുവരെ നിലനിർത്തിയ പഞ്ച് അന്ത്യരംഗത്തിൽ ചോർന്നുപോയെന്നു മാത്രമല്ല നിർണ്ണായകമായ ആ സംഭവത്തിന് യുക്തിഭദ്രത നഷ്ടപ്പെടുകയും ചെയ്തു.

പുതിയ ഫിലിംമേക്കർമാരെല്ലാം പലയിടത്തുനിന്നെത്തി കൊച്ചിയിൽ താവളമുറപ്പിക്കുന്നതിന്റെ ഒരു പരിമിതി നമ്മുടെ സിനിമയിൽ കാണുന്നുണ്ടോ എന്നു സംശയിക്കണം.! മിക്ക ചിത്രങ്ങളിലും കൊച്ചിയുടെ ഭൂമിശാസ്ത്രവും ഒപ്പം മന:ശ്ശാസ്ത്രവും കൂടുതലായി കടന്നുവരുന്നു. ഈ നഗരത്തിന്റെ ചടുലമായ ജീവിതസാഹചര്യങ്ങളല്ലല്ലോ ഇതരനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളത്. വൈവിധ്യം നിറഞ്ഞ ആ ജീവിതതാളങ്ങൾ കൂടി സിനിമക്കാർ കണ്ടെത്തണം. കോഴിക്കോടിന്റെ ജൈവസംസ്കാരം സരസമായി വിളമ്പിയ ഉസ്താദ് ഹോട്ടൽ ഒരാശ്വാസമായിരുന്നു. അല്പം കൂടി മന്ദതാളത്തിൽ ചലിക്കുന്ന ജീവിതമാണ് ആലപ്പുഴയുടേത്. വിശുദ്ധി നഷ്ടപ്പെടാത്ത ആ ഗ്രാമീണപൈതൃകത്തെ കൃത്യമായി ഒപ്പിയെടുക്കുന്നതിൽ ലിജിൻ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു.

ചുരുക്കത്തിൽ, എഴുപതുകളിൽ നല്ല സിനിമയ്ക്കായി രൂപമെടുത്ത സഹൃദയരുടെ കൂട്ടുകെട്ടുകൾ ഇപ്പോൾ ഒരിക്കൽക്കൂടി ആവർത്തിക്കുന്നത് ഒരു നല്ല സൂചന തന്നെയാണ്. പിടിച്ചതിലും വലുത് അളയിലുണ്ടെന്ന സൂചന.! എന്നാൽ, ഒരിക്കലും തൃപ്തിപ്പെടാത്ത ദോഷൈകദൃക്കാണ്,  പെർഫെക്ഷനിസ്റ്റാണ് എന്നും മലയാളി പ്രേക്ഷകൻ. അവന് ഇതൊന്നും പോര. മഹത്തായ സിനിമ വരാനിരിക്കുന്നതേയുള്ളു..!

No comments: