Tuesday, March 12, 2013

അന്നയും റസൂലും; സ്വപ്നം പോലെ ഒരു സത്യം

ല്ല സിനിമയ്ക്ക് കാലദേശഭേദങ്ങളില്ല. ഏതു കാലത്തും  സ്ഥലത്തും അത് സ്വയം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. അറിവില്ലായ്മ കൊണ്ട് നമ്മൾ പലപ്പോഴും പല പേരിൽ വിളിക്കുമെങ്കിലും പുതിയ തലമുറയെന്നോ പുതിയ തരംഗമെന്നോ അതിനില്ല. നല്ല സിനിമ സംവിധായകന്റെ വിധിയാണ്. അയാൾക്ക് അതു നിറവേറ്റിയേ പറ്റൂ. ചുരുക്കം ചിലർ സ്തുതിക്കും. പലരും തെറി പറയും. പോയ കാലത്തിന്റെ വക്താക്കൾ അയാളെ കുരിശിലേറ്റും. കലയെന്തെന്നറിയാത്ത തീയറ്ററുടമകൾ അയാളുടെ സിനിമ വെട്ടിമുറിക്കും. നിർമ്മാതാക്കൾ അയാളിൽ നിന്ന് ഓടിയൊളിക്കും. പക്ഷേ, അയാൾക്ക് സിനിമയിൽ നിന്നു രക്ഷപ്പെടാനാവില്ല. സിനിമയ്ക്ക് അയാളിൽ നിന്നും. കാരണം, സിനിമ കാലാതിവർത്തിയായ, ലോകാതിവർത്തിയായ കലയാണ്. അതിന് സംഭവിക്കാതിരിക്കാനാവില്ല.

പുതിയ കാലത്തിന്റെ പ്രതിനിധിയായ രാജീവ് രവിയെന്ന സിനിമറ്റോഗ്രാഫർ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുമ്പോൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാവാം? എങ്ങനെയാണയാൾ നവസിനിമയിൽ തന്റെ മുദ്ര പതിപ്പിക്കുക.? ഈ ജീവൽപ്രപഞ്ചത്തിൽ ഇതുവരെയായി കണ്ടെടുത്ത പ്രമേയപരിസരങ്ങളെല്ലാം തിരശ്ശീലയിൽ വന്നുപോയിരിക്കുന്നു. ഗ്രാമവും നഗരവും പ്രണയവും വിരഹവും ജീവിതവും മരണവുമെല്ലാം പല കോണുകളിൽ എന്നേ മുഖം കാണിച്ചുമടങ്ങി. സ്വയംവരവും ഉത്തരായനവുമൊക്കെ എഴുപതുകളിൽത്തന്നെ സംഭവിച്ചു. കൊച്ചിയുടെ ഭൂമികയിൽ ഒരു പ്രണയകഥ എന്ന ടാഗ് ലൈനാവട്ടെ, പണ്ടേ ക്ലീഷേ ആയിക്കഴിഞ്ഞു. അപ്പോൾപ്പിന്നെ, അയാൾക്കു ചെയ്യാനുള്ളത് നടപ്പുകാലത്തിന്റെ സ്പന്ദനങ്ങൾ പുതിയ രീതിയിൽ രേഖപ്പെടുത്തുകയാണ്. ദൃശ്യത്തിലും ശില്പത്തിലും പുതിയ ശൈലികൾ ആവിഷ്കരിക്കുകയാണ്. അതുതന്നെയാണ് ‘അന്നയും റസൂലും‘ എന്ന പുതിയ സിനിമയിലൂടെ ഇയാൾ ചെയ്യുന്നതും.

ഏവർക്കും സുപരിചിതമായ തീരദേശകൊച്ചിയുടെ പശ്ചാത്തലത്തിൽ ആരും പറയാത്ത പ്രണയകഥ പറയാനല്ല; മറിച്ച് ആരും പറയാത്ത രീതിയിൽ അതു പറയാനാണ് രാജീവ് രവി ശ്രമിക്കുന്നത് അഥവാ ശ്രമിച്ചു വിജയിക്കുന്നത്.! നല്ല മനുഷ്യപ്പറ്റുള്ള കലാകാരൻ ഒരു ദേശത്തെ അതിസൂക്ഷ്മമായി വാ‍യിക്കുന്ന, വരയ്ക്കുന്ന രീതി കാഴ്ചയുടെ ഓരോ നിമിഷത്തിലും എന്നെ ആവേശം കൊള്ളിച്ചു. റസൂലിനെയും അന്നയെയും അവരുടെ പ്രണയത്തെയും സിനിമയുടെ കേന്ദ്രത്തിൽത്തന്നെ പ്രതിഷ്ഠിക്കുമ്പോഴും അവർ ജീവിക്കുന്ന ദേശത്തിന്റെ സ്പന്ദനങ്ങൾ അയാൾ അവഗണിക്കുന്നില്ല. നമ്മൾ പതിവായി കാണാറുള്ളതുപോലെ, സ്ഥലത്തിൽ നിന്നും കാലത്തിൽ നിന്നും അടർത്തിമാറ്റി അവരെക്കൊണ്ടു പാട്ടുപാടിക്കുകയോ നൃത്തം ചെയ്യിക്കുകയോ ചെയ്യുന്നില്ല. പകരം ക്യാമറയുടെ ഫീൽഡ് അല്പം കൂടി വിശാലമാക്കി, അവർ നിൽക്കുന്ന പരിസരത്തെക്കൂടി സിനിമയുടെ ഫ്രെയിമിലേക്കു കൊണ്ടുവരുന്നു. അന്നയും റസൂലും അവർ ജീവിക്കുന്ന സ്ഥലത്തും കാലത്തിലും  ഉറച്ചു നിൽക്കുന്നു; ഒരുവേള ഉഴറി നിൽക്കുന്നു. ഒട്ടേറെ പ്രതിസന്ധികളിലൂടെ തുഴഞ്ഞു നീങ്ങുമ്പോഴും അവരുടെ മനസ്സുകൾ ഗാഢമായി പ്രണയിക്കുന്നു.  ജീവിതത്തിന്റെ ആരും കാണാത്ത  ദുരന്തമുഖങ്ങളിലേക്ക് പതിയെപ്പതിയെ ഒഴുകിപ്പോകുന്നു.!

മാസങ്ങൾക്കു മുൻപ് വേണു ബാലകൃഷ്ണൻ എന്ന റിപ്പോർട്ടർ ഫഹദ് ഫാസിലിനോട് തന്റെ നാടകീയശൈലിയിൽ ചോദിച്ചു: ‘താങ്കൾ മനസ്സിൽ കൊണ്ടുനടക്കുന്ന ഏറ്റവും വലിയ സ്വപ്നമെന്താണ്.?’ അല്പമൊന്നാലോചിച്ച് ഒരു കള്ളച്ചിരിയോടെ ഫഹദ് പറഞ്ഞു: ‘എനിക്ക് ഇങ്ങനെയിരുന്നാൽ മതി. ഞാൻ എന്റെ സ്വപ്നത്തിലാണ്.!’ ഫഹദിന്റെ മാത്രമല്ല, റസൂലിന്റെയും ആത്മാവിലേക്കു തുറക്കുന്ന വാക്കുകൾ. റസൂലും ഇങ്ങനെത്തന്നെയാണ്. ആകസ്മികമായി വഴിയരികിൽ കണ്ടുമുട്ടിയ അന്നയെന്ന സ്വപ്നത്തിലൂടെ അയാൾ ഒഴുകിപ്പോകുന്നു. ഒഴിവാക്കാനാവാത്തതുപോലെ, ഒടുവിലത് ഒരു വലിയ ദുരന്തത്തിലേക്കു ചെന്നുപതിക്കുന്നതു കണ്ട് തകർന്നുപോയി. കണ്ണുകൾ നിറഞ്ഞുപോയി. കണ്ടിറങ്ങുമ്പോഴും, സിനിമയോ ജീവിതമോ എന്നു തീർച്ചയില്ലായിരുന്നു. അല്പനേരത്തേയ്ക്ക് ആ ഒരു സ്വപ്നാവസ്ഥയിലായിരുന്നു. ഇപ്പോൾ, ഈ സിനിമയെപ്പറ്റി എന്തുപറഞ്ഞാലും അധികമാവില്ല. പറഞ്ഞില്ലെങ്കിൽ സമാധാനവുമില്ല. ഒന്നുമാത്രം പറയാം. നല്ല സിനിമ ഒരിക്കലും അവസാനിക്കുകയില്ല; നല്ല മനുഷ്യനും.!

അന്നയും റസൂലും നല്ല സിനിമയാകുന്നത് എവിടൊക്കെയാണെന്നു നോക്കാം. നാട്ടിലെ ജനങ്ങളുടെ ജാടയില്ലാത്ത സാന്നിധ്യമാണ് ഒന്നാമത്തെ വിജയഘടകം. ദേശത്തെ എഴുതുന്നതാണ് മികച്ച കലയെന്ന് ഈ സിനിമയുടെ ‘റിയൽ’ വിഷ്വലുകൾ വിളിച്ചുപറയുന്നു. ഫോർട്ടുകൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും വൈപ്പിൻകരയുടെയും ‘പുരാതന’മായ തെരുവുകൾ, വീടുകൾ, ഇടവഴികൾ ഒക്കെയും ഒരു മേക്കപ്പുമില്ലാതെ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. കായലും ബോട്ടും ബോട്ടുജെട്ടിയും പള്ളിയും പെരുന്നാളുമായി ആടയാഭരണങ്ങളില്ലാത്ത പച്ചജീവിതത്തിന്റെ കാഴ്ചകൾ. കൃത്രിമമായി വെളിച്ചപ്പെടുത്താത്ത ഫ്രെയിമുകളുടെ ഈ അസംസ്കൃതസൌന്ദര്യം സിനിമയുടെ പുതിയ മുഖമാണ്. മാർക്കറ്റ്സിനിമയുടെ ഭ്രമാത്മകമായ നിറക്കൂട്ടുകൾക്കിടയിൽ, ഒട്ടും പൊലിപ്പിക്കാത്ത യാഥാർത്ഥ്യത്തിന്റെ ഈ നിറം അഥവാ നിറമില്ലായ്മ ഭാവിയിൽ പുതിയൊരു ദൃശ്യശൈലിയായി, ശീലമായി വളരുമെന്നു തീർച്ചയാണ്.

നാട്ടിലേക്കു മടങ്ങിയെത്തിയ ആഷ് ലി യെന്ന പ്രവാസിയുടെ മനോഗതങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. തന്റെ നാട്ടുകാരായ റസൂൽ, അബു, ഫസീല, ഹൈദർ, ഉസ്മാൻ, റഷീദ് തുടങ്ങിയവരുടെ അനുഭവങ്ങളിലൂടെ ദേശത്തിന്റെ പുതിയ കഥ അയാൾ പറയുകയാണ്. വൈപ്പിൻകാരിയായ അന്നയെ റസൂൽ പ്രണയിച്ചുതുടങ്ങുന്നതോടെ ആ പരിസരവും അവിടെ ജീവിക്കുന്നവരും കൂടി ഫ്രെയിമിലേക്കു കടന്നുവരുന്നു. പെട്ടെന്നു പ്രതികരിക്കുന്ന, വികാരവിചാരങ്ങൾ നീറ്റുന്ന എന്നാൽ നിരുപാധികമായി സ്നേഹിക്കുന്ന കുറെ മനുഷ്യർ. അനുദിനം സംഘർഷങ്ങളിൽ പുലരുന്നവർ. ഒരു  പെരുന്നാൾരാത്രിയിൽ ആകസ്മികമായുണ്ടായ അടിപിടി അപ്രതീക്ഷിതമായി വലിയ അക്രമത്തിലേയ്ക്കു വളരുകയാണ്. നിനച്ചിരിക്കാത്ത സമയങ്ങളിൽ, സ്ഥലങ്ങളിൽ കീഴ്മേൽ മറിയുന്ന നിസ്സഹായജീവിതങ്ങൾ. അതിവൈകാരികതയിൽ, അതിസാഹസികതയിൽ ജീവിതം നഷ്ടപ്പെടുത്തുന്ന സാധാരണ മട്ടാഞ്ചേരിക്കാരനെപ്പറ്റി ഈ സിനിമ പരിതപിക്കുന്നു. ഒരു കൊലപാതകിയായിട്ടുപോലും ‘അബുവിനെ ആരോ കൊന്നു’വെന്നു കേൾക്കുമ്പോൾ,  സഹോദരന്റെ മരണത്തിലെന്നതുപോലെ നമ്മുടെ ഹൃദയം നുറുങ്ങിപ്പോവുന്നു..

കഥാപാത്രങ്ങളിലും അവരുടെ ഭാഷണങ്ങളിലും നാടകമില്ല; ജീവിതം മാത്രം. വെടിക്കെട്ടു സ്പീഡിൽ സീനുകൾ മിന്നിമറയുന്നില്ല. ഇടയ്ക്കിടെ പൊട്ടിവീഴുന്ന പാട്ടുകളില്ല. പല ട്രാക്കിൽ തീയറ്റർ നിറഞ്ഞുകവിയുന്ന ശബ്ദപഥമില്ല. പകരം ജീവിതത്തിൽ നാം കേൾക്കുന്ന, ചിലപ്പോൾ കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ, ഭാഷണങ്ങൾ അതേപടി. പ്രേക്ഷകന്റെ മുൻവിധികൾ തീരുമാനിച്ച വഴിയിലൂടെ ഈ സംവിധായകൻ നടക്കുന്നില്ല. പകരം ഇതാ മറ്റൊരു പുതിയ വഴി, ഇതിലേ നടക്കൂ എന്നയാൾ പ്രേക്ഷകനെ ക്ഷണിക്കുന്നു.

നല്ലൊരു മെലോഡ്രാമ പ്രതീക്ഷിച്ചു കയറിയ ചില കുടുംബസ്ത്രീകൾ അയ്യോ, ഇതെന്ത് അടൂരിന്റെ പടമോ എന്ന് ഇടയ്ക്കിടെ കോട്ടുവായിടുന്നു. എന്നാൽ, പിന്നീട് റസൂലിനൊപ്പം അവരും ചിരിക്കുന്നു, സ്വയമറിയാതെ ഒന്നു പ്രണയിച്ചുപോകുന്നു. അയ്യേ, ഒട്ടും സ്പീഡില്ല എന്നു ബോറടിച്ച പുതിയ കുട്ടികളും ചിന്തയെ ഉണർത്തുന്ന യാഥാർത്ഥ്യത്തിന്റെ തല്ലും തലോടലുമേറ്റ് ക്രമത്തിൽ നിശ്ശബ്ദരാവുന്നു; ‘ദൊരു പുതിയ സംഭവം തന്നെ‘യെന്നു തല കുലുക്കുന്നു. സത്യം പറയാലോ; സിനിമയുടെ വേഗത അതിൽ വിടരുന്ന ജീവിതത്തിന്റെ വേഗതയുമായി ചേർന്നു പോകുന്നതിനാൽ, 2 മണിക്കൂർ 47 മിനിറ്റെന്നത് അമിതദൈർഘ്യമായി ഒരിക്കൽ‌പ്പോലും എനിക്കനുഭവപ്പെട്ടില്ല.

സിനിമയുടെ ആത്മാവ് റസൂൽ തന്നെ. അന്നയെന്ന സ്വപ്നത്തിലൂടെ റസൂൽ സഞ്ചരിക്കുമ്പോൾ അയാൾക്കൊപ്പം ഒരു സിനിമ മുഴുവൻ സഞ്ചരിക്കുന്നു. റസൂൽ പ്രണയത്താൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട ഒരു ടാക്സിഡ്രൈവർ. അന്നയാകട്ടെ, ധർമ്മസങ്കടങ്ങൾ ഘനീഭവിച്ചുണ്ടായ ഒരു സെയിൽസ് ഗേൾ. വിഷാദത്തിന്റെ നൂറു മെഴുതിരികളെരിയുന്ന ഒരു ഹൃദയം. ഫഹദും ആംഗ്ലോ ഇന്ത്യക്കാരി ആൻഡ്രിയയും ചേർന്ന് ഇവരെ തങ്ങളുടെ ശരീരത്തിലേക്കും മനസ്സിലേക്കും ആവാഹിച്ചിരിക്കുന്നു. ഇവർക്കൊപ്പം സണ്ണി വെയ്നും രഞ്ജിത്തും ആഷിക്ക് അബുവും പി.ബാലചന്ദ്രനും ജോയ് മാത്യുവും കൂടിച്ചേർന്നപ്പോൾ കൊച്ചിയുടെ മുഖമുദ്രകളായ കുറെ കഥാപാത്രങ്ങൾ നമുക്കു ലഭിച്ചു. റസൂലിന്റെ സുഹൃത്തുക്കളായി വേഷമിട്ട ഷൈൻ ടോമിന്റെയും സുബിന്റെയും പ്രകടനം എടുത്തുപറയണം.

എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് എന്നു പറഞ്ഞപോലെ, ഇത് ഫഹദിന്റെ സമയം. കഥാപാത്രത്തിന്റെ ഭാഷയും ഭാവവും അനായാസമായി സ്വന്തം ശരീരത്തിലേക്കു കടത്തിവിടുന്ന ഫഹദിന്റെ പ്രതിഭ തിരിച്ചറിയപ്പെടുന്നു. ഈ മനുഷ്യൻ റസൂലിന്റെ ഹൃദയം കണ്ടിരിക്കുന്നു. നഗരകുമാരനിൽ നിന്ന് പ്രണയപരവശനായ ടാക്സിഡ്രൈവറായി അയാൾ പരിണമിക്കുന്നതു നോക്കിയിരിക്കാൻ രസമുണ്ട്. പ്രണയത്തിന്റെ കാര്യത്തിൽ ഇയാളൊരു ഉസ്താദ് തന്നെ.! അവസാന സീക്വൻസുകളിൽ ഫഹദ് പൂർണ്ണമായും റസൂലായി മാറിപ്പോയി എന്നു സംശയിക്കണം. Outstanding എന്ന വാക്കിന്റെ അർത്ഥം വ്യക്തമാക്കുന്ന ദുരന്തമുഹൂർത്തങ്ങൾ.!

അന്നയുടെ പരാജയത്തെ, അവളുടെ നിശ്ശബ്ദതയെ സ്ത്രീയുടെ പിൻവാങ്ങലായും സിനിമയുടെ പ്രത്യയശാസ്ത്രമായിത്തന്നെയും വായിക്കുന്ന ചില കുറിപ്പുകൾ കാണാനിടയായി. എന്നാൽ, നിവൃത്തികേടുകളിൽ പുലരുന്ന ഒരുവളുടെ മൌനം മാത്രമാണത് എന്നു കരുതാനാണ് എനിക്കിഷ്ടം. സ്വയം തെരഞ്ഞെടുപ്പുകൾ നടത്താൻ കെൽ‌പ്പുള്ളവൾ തന്നെയാണ് അന്ന. അന്യമതസ്ഥനായ റസൂലിനൊപ്പം ഇറങ്ങിപ്പുറപ്പെടുന്നതിലെ അവളുടെ ധൈര്യം ഒട്ടും ചെറുതല്ല. പ്രണയം മാത്രമല്ല, ഒടുവിലവൾ തെരഞ്ഞെടുത്ത മരണം പോലും ആ ഗഹനമൌനത്തിന്റെ ഒരു extension മാത്രം. ചിലർ അങ്ങനെയാണ്. ജീവിതത്തിലും മരണത്തിൽ‌പ്പോലും ആർക്കും പിടികൊടുക്കാത്തവർ.!

മുഖ്യപരിസരം പ്രണയമെങ്കിലും ഈ സിനിമ റസൂൽ/അന്ന പ്രണയത്തിൽ തുടങ്ങി അതിൽത്തന്നെ അവസാനിക്കുന്നില്ല. കൊച്ചിക്കാരന്റെ നിരവധി പരാധീനതകൾ അത് തുറന്നുകാട്ടുന്നുണ്ട്. മാനവികതയുടെ ഭാഗത്തുനിന്ന് അവയെ നോക്കിക്കാണുന്നുണ്ട്. പരമ്പരാഗതമതത്തിന്റെ ചങ്ങലക്കെട്ടുകൾ, തീവ്രവാദത്തിന്റെ ഇരകളാവാൻ വിധിക്കപ്പെട്ടവർ, തൊഴിലില്ലായ്മ, കുഴൽ‌പ്പണ മാഫിയ തുടങ്ങി പലതിലൂടെയും  സിനിമ കടന്നുപോകുന്നുണ്ട്. വെറുതെ ഒരു കാല്പനികപ്രണയം പറഞ്ഞുപോവുകയല്ല; മറിച്ച് ഒരു ടാക്സിഡ്രൈവറുടെ വരുമാനം ഒന്നിനും തികയില്ലെന്നും ഒരു സെയിൽസ് ഗേളിന്റെ പണി ഏതു നിമിഷവും പോകാമെന്നും അത് തിരിച്ചറിയുന്നു. സീമാസിന്റെ വർണ്ണപ്രപഞ്ചത്തിനു പിന്നിലിരുന്നു കാലിച്ചായ കുടിക്കുന്ന നിറം നഷ്ടപ്പെട്ടവരെയും രാത്രി വൈകിയും അരക്ഷിതമായ തെരുവുകളിലൂടെ വീട്ടിലേയ്ക്കു തുഴയുന്നവരെയും കാട്ടിത്തരുന്നു.

ഗാനങ്ങളെ അന്നയുടെയും റസൂലിന്റെയും ആത്മാലാപങ്ങളാക്കി മാറ്റാൻ സിനിമയുടെ ശിൽ‌പ്പികൾക്കു കഴിഞ്ഞിരിക്കുന്നു. അവ കഥാപാത്രങ്ങളുടെ ഹൃദയത്തിൽ നിന്ന് പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ഒഴുകിനിറയുന്നു. പ്രണയത്തെയും മരണത്തെയും പര്യായങ്ങളാക്കുന്ന റഫീക്കിന്റെ ‘സമ്മിലൂനി‘ എന്ന ഗാനം സിനിമയുടെ ഹൃദയതാളമായിത്തന്നെ മാറിയിരിക്കുന്നു. അൻവർ അലി എഴുതിയ 3 ഗാനങ്ങളും മെഹബൂബിന്റെ 2 പഴയ  ഗാനങ്ങളുടെ റീമിക്സും മനോഹരമായി സിനിമയിൽ ഉൾച്ചേർത്തിട്ടുണ്ട്. കെ എന്ന പേരിലറിയപ്പെടുന്ന കൃഷ്ണകുമാർ അന്നയുടെയും റസൂലിന്റെയും പ്രണയത്തിന് സുന്ദരമായ ശബ്ദഭാഷ്യം ചമയ്ക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. സിനിമറ്റോഗ്രഫിയാണ് ഈ സിനിമയുടെ മുഖ്യസൌന്ദര്യം. മധു നീലകണ്ഠനെന്ന പുതിയ സിനിമറ്റോഗ്രാഫറെ ഈ ഘട്ടത്തിൽ ഓർമ്മിക്കാതെ വയ്യ. സംവിധായകനാവശ്യമായ തിരക്കഥാശില്പം തന്നെ നിർമ്മിച്ചുനൽകിയ സന്തോഷ് എച്ചിക്കാനത്തെയും.

അമിതമായ ഉപയോഗത്താൽ, ഏതൊരു ശൈലിയും സങ്കേതവും അതിവേഗം ക്ലീഷേയായി മാറുന്ന ഒരു കാലത്ത് നവസിനിമകളുടെ പുതിയ മാതൃകകൾക്കും ഇതേ അവസ്ഥയെ നേരിടേണ്ടതുണ്ട്. സത്യത്തിൽ, ഈയൊരു വാർപ്പുമാതൃക പ്രതീക്ഷിച്ച് തീയറ്ററിലിരിപ്പുറപ്പിച്ച എന്നെ, അന്നയും റസൂലും ഞെട്ടിക്കുക തന്നെ ചെയ്തു.  നവസിനിമയെ വീണ്ടും പുതുക്കേണ്ടതെങ്ങനെയെന്നുള്ള ഒരു പാഠം സിനിമയിൽ അടങ്ങിയിരിക്കുന്നു. നല്ല സിനിമയെന്നാൽ നല്ല സങ്കേതമല്ലെന്നും വിപ്ലവമെന്നാൽ മുദ്രാവാക്യങ്ങളല്ലെന്നും ഈ സിനിമ നിശ്ശബ്ദമായി അഹങ്കരിക്കുന്നു. എല്ലാ സങ്കേതങ്ങളെയും ടോട്ടൽ സിനിമയിലേക്കുള്ള മുതൽക്കൂട്ടുകളായി മാത്രം ഉപയോഗിക്കുന്ന ഒരു കാലത്തിലേക്ക്, വിപ്ളവകരമായ ഒരു ‘റിയാലിറ്റി’യിലേക്ക് നാം വളരുകയാണ്.

വ്യവസ്ഥാപിതമായ ഭാഷയെ തകർത്ത് പുതിയ ഭാഷ സൃഷ്ടിക്കുന്നവനാണ് മികച്ച കലാകാരൻ. അന്നയും റസൂലും  മലയാളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യഭാഷയെ, സംസ്കാരത്തെ സിനിമയിലേക്കു മടക്കിവിളിക്കുന്നു. ഒപ്പം അതിനെ കാലാനുസൃതമായി പുതുക്കിനിശ്ചയിക്കുകയും ചെയ്യുന്നു. റിയലിസത്തിന്റെ വഴിവിളക്കുകളായ റേ, അരവിന്ദൻ, അടൂർ, ഷാജി തുടങ്ങിയ മഹാരഥന്മാരെ നന്ദിപൂർവം സ്മരിക്കുക. ആഷിക്, സമീർ, അൻവർ തുടങ്ങിയ എല്ലാ പുതുമുറക്കാരുടെയും ദൃശ്യപരിചരണരീതികളെ കലാപരമായിത്തന്നെ മറികടക്കാൻ രാജീവ് രവിയ്ക്കു കഴിഞ്ഞിരിക്കുന്നു. ഇത് തീർച്ചയായും ഭാവിയിലേക്കുള്ള ഒരു മുതൽമുടക്കാണ്. കലാപവുമാണ്. അന്നയെയും റസൂലിനെയും വെട്ടി മുറിച്ചവർ, തള്ളിപ്പറഞ്ഞവർ രാജീവ് രവിയുടെ മധുരപ്രതികാരങ്ങൾക്കായി കാത്തിരിക്കുക.!

2 comments:

ഇഗ്ഗോയ് /iggooy said...

സിനിമ അഒരു സീന്‍ മാത്രമല്ലെന്ന് അറിയാവുന്ന മനുഷ്യാ....

ശ്രീ said...

കൊള്ളാം