മലയാളസിനിമ പുതിയ അനുഭവലോകങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ടോ.? തുലാഭാരവും അരനാഴികനേരവും ചെമ്മീനും അനുഭവങ്ങൾ പാളിച്ചകളും നെല്ലും ഒരിക്കൽ പകർന്നു നൽകിയ അനുഭവലോകങ്ങൾ അന്നത്തെ സാമൂഹ്യജീവിതത്തെ ക്രിയാത്മകമായി സ്വാധീനിച്ചിരുന്നു. തീക്ഷ്ണമായ ഈ അനുഭവലോകം നമ്മുടെ പുതിയ സിനിമയിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. തീയറ്ററിലെ ഇരുട്ടിൽ നിന്ന് ശരാശരി പ്രേക്ഷകൻ ഇപ്പോൾ അധികമൊന്നും പ്രതീക്ഷിക്കാറില്ല. തന്റെ സാമാന്യബോധത്തെ നിർദ്ദയം ചവിട്ടിമെതിയ്ക്കാത്ത ഒരു സിനിമ. അത്രയൊക്കെയേയുള്ളു. പക്ഷേ, മിക്കവാറും രണ്ടരമണിക്കൂർ ശബ്ദഘോഷം നിറഞ്ഞ കസർത്തുകൾ കാട്ടി തീയേറ്റർ അവനെ കളിയാക്കുന്നു. കൊള്ളയടിച്ച് ഇറക്കിവിടുന്നു.
യുക്തിബോധത്തിനു നിരക്കുന്ന മികച്ച കച്ചവടസിനിമകൾ നമുക്കാവശ്യമായിരിക്കുന്നു. എന്തെന്നാൽ, ഈ തീയറ്ററുകൾ നിലനിന്നാലേ വേനൽമഴ പോലെ വല്ലപ്പോഴുമെത്തുന്ന കലാസിനിമകൾ കാണാനും നമുക്കവസരം ലഭിക്കുകയുള്ളു. ജനം തീയറ്ററിനെ വെറുത്താൽ നല്ല സിനിമയും വാണിജ്യസിനിമയും ഒരുപോലെ മരിക്കും. ഇവിടെയാണ് ആഷിക്കും സമീറും അരുണും അഞ്ജലിയും അൻവറും മറ്റും തങ്ങളുടെ ആർജ്ജവമുള്ള സമീപനങ്ങളുമായി സിനിമയുടെ രക്ഷയ്ക്കെത്തുന്നത്. വീക്ഷണത്തിലും രുചികളിലും പൊതുവെയുള്ള സമാനതകൾ ഇവരുടെ സിനിമകളിലൂടെ വെളിപ്പെടുന്നുണ്ട്. മറ്റു നിരവധി വിനോദോപാധികൾ തെരഞ്ഞെടുക്കാനുള്ളപ്പോൾ, കെട്ടുകാഴ്ചകൾ രംഗം കയ്യടക്കുമ്പോൾ മലയാളിയെ തീയറ്ററിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്ന ഇവരെ നമിയ്ക്കാതെ വയ്യ.!
ഉസ്താദ് ഹോട്ടൽ മഹത്തായ സിനിമയാണെന്ന് അതിന്റെ പരസ്യചിത്രങ്ങൾ പോലും അവകാശപ്പെടുന്നില്ല. അങ്ങനെ ചെയ്താൽ ഒരുപക്ഷേ, ആളുകുറയുമെന്ന് അവർക്കറിയാം. ‘The Taste of Kerala‘ എന്നുമാത്രമാണ് ആ പരസ്യവാചകം. പാത്രമറിഞ്ഞു വേണം കൊടുക്കാൻ എന്നാണല്ലോ? അതെന്തായാലും എല്ലാവർക്കും രുചികരമായ കാഴ്ചയുടെ വിരുന്നു തന്നെയാണ് അൻവറും അഞ്ജലിയും (തിരക്കഥ) ലോകനാഥനും (ദൃശ്യം) ഗോപി സുന്ദറും (ശബ്ദം) ചേർന്നൊരുക്കിയത്. സിനിമാസങ്കേതങ്ങളിൽ മലയാളവും ആഗോളനിലവാരത്തിലേയ്ക്ക് എത്തിച്ചേർന്നതായ ഒരു ഫീലുണ്ട്. ബോറടിപ്പിക്കാതെ വിഷ്വലുകൾ കൈകാര്യം ചെയ്യാൻ നമ്മളും പഠിച്ചിരിക്കുന്നു. രുചിയുടെ ഭാഷയിൽത്തന്നെ പറഞ്ഞാൽ, ഒരു സ്പെഷ്യൽ മലബാർ ബിരിയാണി തന്നെ.!
ബ്രഹ്മത്തിന് അന്നമെന്നൊരു അർത്ഥമുള്ളതായി ഉപനിഷത്തിലെവിടെയോ വായിച്ചിട്ടുണ്ട്. വിശക്കുന്നവനു മുന്നിൽ അന്നമാണു ദൈവമെന്നും അന്നദാനം മഹാദാനമാണെന്നും നാം കേട്ടിട്ടുണ്ട്. എന്നാൽ തൊട്ടടുത്ത്, നമ്മുടെ കൈയകലത്തിൽ ഒരാൾ വിശന്നിരിക്കുന്നുണ്ടോ എന്ന് നമ്മൾ ഒരിക്കലും തിരക്കാറില്ല. ഈ സിനിമയിൽ, ഉള്ളവൻ ഇല്ലാത്തവന് അലിവോടെ അന്നം പകർന്നുനൽകുന്നതു കണ്ടപ്പോൾ, ഹൃദയം വല്ലാതെ വിതുമ്പി. ഉള്ളിലെവിടെയോ വൻതിരമാലകളുയർന്ന് കണ്ണുകൾ തുളുമ്പി.
ഇത്രയൊക്കെ പറയാനെന്തിരിക്കുന്നു എന്നാണെങ്കിൽ, ഉസ്താദ് ഹോട്ടലിന്റെ വിഭവസമൃദ്ധിയെക്കുറിച്ച് ചിലതു പറയാം. ഒന്നാമതായി കോഴിക്കോടിന്റെ മുഖമുദ്രകളിലൊന്നായ മുസ്ലീം സംസ്കാരം നാട്ടുഭാഷയുടെയും തനതുസംഗീതത്തിന്റെയും അകമ്പടിയോടെ ഓരോ ഫ്രെയിമിലും നിറഞ്ഞുനിൽക്കുന്നു. സാഹിത്യത്തിലെയും സിനിമയിലെയും സവർണ്ണലോബികൾ അറിഞ്ഞോ അറിയാതെയോ തമസ്കരിച്ചുപോരുന്ന ഒരു ദേശത്തനിമയെ, അതിന്റെ എല്ലാ സൌന്ദര്യത്തോടെയും അൻവർ സിനിമയിലാക്കിയിരിക്കുന്നു. നാലുകെട്ടിന്റെ അകത്തളങ്ങളിലും വരേണ്യഭാഷയിലും വട്ടം കറങ്ങുന്ന സിനിമയെ അല്പനേരത്തെക്കെങ്കിലും അതിൽ നിന്നു മോചിപ്പിച്ചു. നായകവേഷങ്ങളിലെ സവർണ്ണമേധാവിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് നേരും നെറിവുമുള്ള കുറെ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ഈ വേറിട്ട കാഴ്ചയുടെ റിലീഫ് ഒന്നുവേറെത്തന്നെയാണ്.! പതിറ്റാണ്ടുകൾക്കു മുൻപ് ബഷീർ സാഹിത്യത്തിൽ ചെയ്തത് അൻവർ ഇപ്പോൾ സിനിമയിലും ചെയ്യുന്നു. നന്മയുടെയും മനുഷ്യസ്നേഹത്തിന്റെയും പ്രതിരൂപമായ കരീംക്കയെ സിനിമയുടെ നട്ടെല്ലായി ഉയർത്തിക്കാട്ടി, നല്ല മനുഷ്യർക്ക് വർണ്ണഭേദമില്ലെന്ന് ഈ സംവിധായകൻ ഓർമ്മപ്പെടുത്തി. മറവിയാഘോഷിക്കുന്നവരെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുക എന്ന ഒരു വിനീതദൌത്യം ടീം ഉസ്താദ് ഹോട്ടൽ ഏറ്റെടുത്തിരിക്കുന്നു.
മൂന്നു തലമുറയെ പ്രതിനിധാനം ചെയ്യുന്ന കരീം, റസാക്ക്, ഫൈസൽമാരുടെ ജീവിതം ലളിതമധുരമായിപ്പറയുമ്പോൾ അതിനുമപ്പുറത്തേയ്ക്ക് ശക്തനും ദുർബ്ബലനുമിടയിലെ അനിവാര്യമായ വിടവിലേയ്ക്കു കൂടിയാണ് ഈ ക്യാമറക്കണ്ണുകൾ നോക്കുന്നത്. അവിടെ നാം സൌകര്യപൂർവം അവഗണിക്കുന്നതു പലതും കാണുകയും ‘ഇതാ, നിങ്ങളും കാണൂ’ എന്നു ക്ഷണിക്കുകയും ചെയ്യുന്നു. പൊതുസമൂഹത്തിന്റെ വീക്ഷണത്തിൽ കരീംക്ക എന്ന കഥാപാത്രം ഒരു മിസ്ഫിറ്റാണ്. എന്നാൽ, അയാൾക്ക് തന്റെ ജീവിതദർശനത്തെപ്പറ്റി നല്ല ബോധ്യമുണ്ട്. ഭൌതികമായ എല്ലാ പരിമിതികൾക്കുമിടയിലും ദുർബ്ബലന്റെ കണ്ണീരൊപ്പാൻ അയാൾ സമയം കണ്ടെത്തുന്നു. ഇല്ലാത്തവനു വേണ്ടി വെച്ചുവിളമ്പുന്നു. നന്മയുടെ പ്രകാശം പരത്താൻ തന്റെ എളിയ ജീവിതത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നു. വിശ്വസാഹോദര്യത്തിന്റെ ഈ സന്ദേശത്തെ ഈ സിനിമയുടെ പൊരുളാക്കി മാറ്റുന്നതിൽ തിലകന്റെ സമർത്ഥമായ അഭിനയപാടവം ഒരു പ്രധാന പങ്കു വഹിക്കുന്നു. അഭിനയത്തിലെ ആ മിതത്വം അസൂയാർഹം. ഫൈസലിന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന ഉപ്പുപ്പയും ഇരുവരും തമ്മിലുള്ള വൈകാരികൈക്യവും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഒരുവേള, താരപുത്രനായ ദുൽക്കറിനെ അപ്രസക്തനാക്കിക്കൊണ്ട് നടൻ താരമായി മാറുന്ന കാഴ്ചയും നമുക്കിവിടെ കാണാം.
നടപ്പുജീവിതത്തെ എത്രമാത്രം ഒപ്പിയെടുക്കുന്നുവെന്നതും ഒരു സിനിമയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. കഴിഞ്ഞ പത്തുവർഷത്തേക്കാൾ നമ്മുടെ ജീവിതം എത്ര മാറിയിരിക്കുന്നു.! കമിതാക്കളായ ഫൈസലും ഷഹാനയും മിക്കവാറും ആംഗലേയത്തിലാണ് പ്രണയിക്കുന്നത് എന്നതും ഫൈസിയുടെ ആദ്യപ്രണയം ഒരു വിദേശവനിതയാണ് എന്നതും നമ്മുടെ ജീവിതത്തിൽ വന്നുചേർന്ന ‘ഗ്ലോബൽ ഫേസി‘നെ കൃത്യമായി വ്യക്തമാക്കുന്നു. ഇത്തരം അപ് ഡേറ്റുകളാണ് സിനിമയുടെ മറ്റൊരു സൌന്ദര്യം.
പ്രമേയത്തിൽ വ്യത്യസ്തതയുണ്ട്. പരിചരണത്തിൽ പുതുമയുണ്ട്. ജീവകാരുണ്യത്തിന്റേതായ സന്ദേശമുണ്ട്. എങ്കിലും ഉടനീളം ജീവിതതോടൊട്ടിനിൽക്കുന്ന സിനിമയെ ജനം തിരസ്കരിക്കുമെന്ന് നമ്മുടെ സിനിമാനിർമ്മാതാക്കൾ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു.! കുറഞ്ഞത് ഒരു ഐറ്റം ഡാൻസും ഒരിടിവെട്ടു പാട്ടും ഇപ്പോഴും അനിവാര്യമായിത്തുടരുന്നു. ചാനൽപരസ്യത്തിനു വേണ്ടിയാണെങ്കിൽക്കൂടി ഇത് സിനിമയുടെ ഒരു പരിമിതി തന്നെയാണ്. ഉസ്താദ് ഹോട്ടലിന്റെയും.!
തിരക്കഥ പ്രൊഫഷണൽ സമീപനം പുലർത്തുന്നുണ്ട്. സിനിമയ്ക്ക് വ്യക്തമായ ഒരു കാഴ്ചപ്പാടുമുണ്ട്. പക്ഷേ, നായികയുടെ പാത്രസൃഷ്ടിയിൽ സാരമായ ചില യുക്തിഭംഗങ്ങൾ വന്നുപെട്ടു. യാഥാസ്ഥിതിക കുടുംബത്തിലെ അവളുടെ സ്വതന്ത്രവ്യക്തിത്വം സമ്മതിച്ചുകൊടുക്കാം. എന്നാൽ അരാജകമായ അവളുടെ രാത്രിജീവിതം ഇത്തിരി കടന്നുപോയി. കാഴ്ചക്കാരായ തട്ടമിട്ട പെൺകുട്ടികൾക്ക് അത് ആവേശം പകർന്നേക്കാമെങ്കിലും നിലവിലുള്ള സാമൂഹ്യസാഹചര്യങ്ങളിൽ ഈ സ്വാതന്ത്ര്യം ഒരു സ്വപ്നം മാത്രമാണ്.
കേരളത്തിൽ വേരുറപ്പിച്ച അന്തർദ്ദേശീയ ചലച്ചിത്രമേളകളുടെ ഗുണപരമായ സ്വാധീനം നമ്മുടെ സിനിമയിൽ കണ്ടുതുടങ്ങിയിരിക്കുന്നുവെന്നത്, മലയാളസിനിമയുടെ ഭാവിയെപ്പറ്റി പ്രതീക്ഷ നൽകുന്നു. ഡീവിഡിയും ഇന്റർനെറ്റും ഈ മാറ്റത്തെ ത്വരിതപ്പെടുത്തുന്നുമുണ്ട്. ട്രാഫിക്, ചാപ്പാകുരിശ്, ഈ അടുത്ത കാലത്ത്, 22 എഫ് കെ, തുടങ്ങിയ സിനിമകൾ ലോകനിലവാരത്തിലുള്ള ഒരു ദൃശ്യഭാഷ നമ്മളും കണ്ടെത്തിക്കഴിഞ്ഞുവെന്ന് വെളിപ്പെടുത്തുന്നു.. നമ്മുടെ ഇത്തിരിവട്ടത്തിൽ ഉറച്ചുനിന്നുകൊണ്ട് മികച്ച അന്തർദ്ദേശീയസങ്കേതങ്ങൾ, ശൈലികൾ ക്രിയാത്മകമായി അനുകരിക്കുന്നതിനെ കോപ്പിയടിയായി കരുതേണ്ടതില്ല. സിനിമയെ ജീവിതമാക്കാനുറപ്പിച്ച യുവമനസ്സുകൾ നമുക്കിടയിൽ ഏറിവരുന്നതും ആഹ്ലാദകരമാണ്. ഏതാനും വർഷത്തിനപ്പുറം കറതീർന്ന ശുദ്ധസിനിമ നമ്മുടെ തിരശ്ശീലയിലേക്കു മടങ്ങിവരും എന്നതിന്റെ ശുഭസൂചനകൾ അന്തരീക്ഷത്തിൽ കാണാനുണ്ട്. ഒരു മാറ്റം എപ്പോഴും അനിവാര്യമാണ്. അതിനായി കാത്തിരിക്കാം. മാറാത്തതായി മാറ്റം മാത്രമേയുള്ളു.!
No comments:
Post a Comment