Monday, October 5, 2009

ദൃശ്യരൂപകങ്ങള്‍ കഥ പറയുമ്പോള്‍..!പുസ്തകവായനയില്‍ വാക്കുകള്‍ക്കിടയിലെ മൌനമെന്ന പോലെ, തിരശ്ശീലയില്‍ ദൃശ്യബിംബങ്ങള്‍ക്കിടയിലെ മൌനം പൂരിതമാവുമ്പോള്‍ മാത്രമാണ് പ്രേക്ഷകനില്‍ ചലച്ചിത്രാനുഭവം ഉണ്ടാകുന്നത്. കഥാപാത്രങ്ങളുടെ ഭാഷണങ്ങള്‍ക്കപ്പുറത്തുള്ള ഈ അതിമൌനം 'ദി റിട്ടേണ്‍' (മടക്കം) എന്ന റഷ്യന്‍ ചിത്രത്തെ ഒരു തീവ്രാനുഭവമാക്കി മാറ്റുന്നു.

പുതു തലമുറയില്‍പ്പെട്ട ആന്ദ്രേ വ്യാജിന്റ്സേവ് എന്ന യുവസംവിധായകന്റെ കന്നിച്ചിത്രമാണ് 2003-ല്‍ റിലീസ് ചെയ്യപ്പെട്ട 'ദി റിട്ടേണ്‍’. ഐസന്‍സ് റ്റീന്‍, തര്‍ക്കോവ്സ്കി, സുഖറോവ് തുടങ്ങിയ മഹാരഥന്മാര്‍ തീര്‍ത്ത റഷ്യന്‍ സിനിമയുടെ സര്‍ഗ്ഗപാരമ്പര്യവും തികച്ചും ആധുനികമായ സംവേദനക്ഷമതയും ഈ ചലച്ചിത്രത്തില്‍ സമ്മേളിക്കുന്നു.! വിഖ്യാതമായ വെനീസ് ചലച്ചിത്രമേളയില്‍, ഈ സിനിമയ്ക്കു സുവര്‍ണ്ണ ലയണ്‍ പുരസ്കാരം ലഭിച്ചു.

നീണ്ട പന്ത്രണ്ടു വര്‍ഷങ്ങളുടെ നിഗൂഢമായ അസാന്നിധ്യത്തിനു ശേഷം വീട്ടിലേക്കു മടങ്ങിയെത്തിയ അച്ഛനും രണ്ട് ആണ്‍മക്കളും തമ്മില്‍, ഏഴു ദിനങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ബന്ധമാണ് ചിത്രത്തിന്റെ പ്രതിപാദ്യം. ഒരു ഞായറാഴ്ചയില്‍ തുടങ്ങി അടുത്ത ശനിയാഴ്ചയില്‍ അവസാനിക്കുന്ന ഒരു ലഘുജീവിതചിത്രം. തികച്ചും നേര്‍ത്ത ഒരു കഥാഗാത്രത്തില്‍, മനുഷ്യമനസ്സിന്റെ അതിസൂക്ഷ്മ ചലനങ്ങളും ദുരൂഹതകളുമെല്ലാം സംവിധായകന്‍ വിദഗ്ദ്ധമായി ഒളിപ്പിച്ചിരിക്കുന്നു.!

വിഷാദ മധുരമായ ഒരു ദിനാന്തത്തില്‍, ഗ്രാമത്തിലെ തുറസ്സായ ജലാശയത്തില്‍ സ്ഥാപിച്ചിട്ടുള്ള ഡൈവിംഗ് സ്റ്റാന്‍ഡില്‍ നിന്നു മറ്റു കൂട്ടുകാരോടൊപ്പം താഴേക്കു ചാടുവാന്‍ ഭയന്ന്, അപകര്‍ഷതാബോധത്താല്‍ നീറി നില്‍ക്കുന്ന ഇവാന്‍ എന്ന ബാലന്റെ ദൃശ്യത്തിലാണ് ചിത്രത്തിന്റെ തുടക്കം. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന്, ജ്യേഷ്ഠനായ ആന്ദ്രേയും തന്നെ പരിഹസിച്ചത് നിഷ്കളങ്കനായ അവനെ പ്രകോപിപ്പിക്കുന്നു. പിറ്റേന്ന്, അടിപിടി യിലെത്തിയ വഴക്കിനെത്തുടര്‍ന്ന് വീട്ടിലെത്തിയ അവരെ എതിരേറ്റത് അച്ഛന്‍ മടങ്ങിയെത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ്. “അച്ഛന്‍ ഉറങ്ങുകയാണ്, ശബ്ദമുണ്ടാക്കരുത്”- അമ്മ മുന്നറിയിപ്പു നല്‍കുന്നു. ഓര്‍മ്മച്ചിത്രങ്ങളിലൊന്നും തെളിയാത്ത അച്ഛന്‍! വിസ്മയചിഹ്ന ങ്ങളായി മാറി രണ്ടുപേരും ഉറങ്ങുന്ന അച്ഛനെ ഉറ്റു നോക്കുന്നു. അപരിചിതത്വത്തിന്റെ നീണ്ട ഉറക്കം.!

തീന്‍മേശയ്ക്കു മുന്നിലെ അര്‍ത്ഥപൂര്‍ണ്ണമായ നിശ്ശബ്ദതയില്‍, അച്ഛന്‍ നടത്തുന്ന ചെറുതെങ്കിലും കര്‍ശനമായ ഇടപെടലുകള്‍ കുട്ടികളുടെ മനോഭാവം വ്യക്തമാക്കുന്നു. ഇവാന്‍ സന്തോഷവാനാണ്. എന്നാല്‍, അത് അച്ഛന്‍ തന്നെയെന്നുറപ്പിക്കാന്‍ അവന്‍ ഉപാധികള്‍ തേടുന്നു. ആന്ദ്രേയ്ക്ക് അച്ഛനെ ഇഷ്ടമാണ്; ആ ശിക്ഷണങ്ങളോട് തുറന്നു പറയാത്ത ഒരു നീരസമുണ്ടെങ്കില്‍പ്പോലും...

അടുത്ത ദിവസം രാവിലെ അച്ഛന്‍ കുട്ടികളുമായി ഒരു ഉല്ലാസയാത്ര പോകുന്നു. യാത്രക്കിടയിലെ നിരവധി സന്ദര്‍ഭങ്ങളില്‍, അവരുടെ അടഞ്ഞ മനസ്സുകള്‍ തുറന്ന്, സഹജമായ കഴിവുകള്‍ പുറത്തു കൊണ്ടുവരാന്‍ അച്ഛന്‍ നടത്തുന്ന കഠിനശ്രമങ്ങള്‍ ചിലപ്പോളെങ്കിലും നമ്മുടെ ഹൃദയത്തെയും പൊള്ളിച്ചേക്കാം. നല്ല ഹോട്ടല്‍ കണ്ടു പിടിക്കുക, തീന്‍മേശ മര്യാദകള്‍ പാലിക്കുക, പണമിടപാടു നടത്തുക തുടങ്ങിയ കൊച്ചുകാര്യങ്ങള്‍ പോലും വളരെ സൂക്ഷ്മതയോടെയാണ് അയാള്‍ അവരെ പരിശീലിപ്പിക്കുന്നത്. ഒരു ഘട്ടത്തില്‍, കുട്ടികളെ ആക്രമിച്ച് പണസഞ്ചിയുമായി കടന്നു കളഞ്ഞ തെമ്മാടിയെ കയ്യോടെ പിടികൂടി അവരുടെ മുമ്പില്‍ കൊണ്ടുന്നു നിര്‍ത്തുന്നു. അവനെ അടിക്കാനാവശ്യപ്പെട്ടെങ്കിലും ഈ ഘട്ടത്തില്‍ പതറി പിന്മാറിയ കുട്ടികളെ കളിയാക്കി, പിടിച്ചുപറിക്കാരനെ സദയം പോകാനനുവദിക്കുന്നു. അവനു ഭക്ഷണത്തിനുള്ള പണവും നല്‍കുന്നു.! ഇവിടെ അച്ഛന്‍ എന്ന കഥാപാത്രത്തിന് അസാധാരണമായ ഒരു മാനം കൈവരുന്നത് നാം കാണുന്നു. കാര്‍ക്കശ്യമേറിയ ശിക്ഷണങ്ങളിലും അയാള്‍ പ്രകടിപ്പിക്കുന്ന കരുതലും കാരുണ്യവും നമുക്കനുഭവ പ്പെടുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും, ആന്ദ്രേയുടെയും ഇവാന്റെയും മുന്നില്‍ പലപ്പോഴും അച്ഛന്‍ ദുരൂഹതയുടെ കൂടാരമാണ്.! ഒരവസരത്തില്‍, പരിപാടിയില്‍ പെട്ടെന്നു മാറ്റം വരുത്തി, ബസ്സില്‍ വീട്ടിലേക്കു മടങ്ങിക്കൊള്ളാന്‍ അയാള്‍ അവരോടു നിര്‍ദ്ദേശിക്കുന്നു. പിന്നീടു തീരുമാനം മാറ്റി, വിജനമായ ഒരു ദ്വീപിലേക്കു പുറപ്പെടാന്‍ തയ്യാറാവുന്നു. മീന്‍പിടുത്തം ഒരു ഇഷ്ടസ്വപ്നമായി കൊണ്ടു നടക്കുന്ന ഇവാനും ആന്ദ്രേയ്ക്കും, പിതാവിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും, ഈ തീരുമാനം സ്വീകാര്യമായി. അവര്‍ അജ്ഞാതദ്വീപിനെ സ്വപ്നം കണ്ടുറങ്ങുന്നു. പിറ്റേന്ന്, കടവിലേക്കുള്ള കാര്‍യാത്രയ്ക്കിടയില്‍, പെട്ടെന്നു മീന്‍പിടിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതില്‍ കുപിതനായി ഇവാനെ വഴിയിലിറക്കി വിട്ട് അയാള്‍ കാറോടിച്ചു പോകുന്നു. പേമാരിയില്‍ നനഞ്ഞുകുളിച്ച് അവന്‍ ആ വഴിയോരത്ത് കാത്തിരി ക്കുന്നു. ഒടുവില്‍ തന്നെ കൊണ്ടുപോകാനെത്തിയ അച്ഛനോട് അവന്‍ ഹൃദയ മുരുകി ചോദിക്കുന്നു: “നിങ്ങളെന്തിനാണ് മടങ്ങിവന്നത്?”പട്ടുപോലെ മൃദുലമായ ഇവാന്റെ മനസ്സു നോ വുന്നത് ആര്‍ക്കാണു സഹിക്കാനാവുക? ഇവാന്റെയുള്ളില്‍ നിറഞ്ഞു പെയ്യുന്ന വിഷാദമഴയില്‍ പ്രേക്ഷകനും നനഞ്ഞു കുതിരുന്നു..!

ദ്വീപിലേക്കുള്ള യാത്രയാരംഭിക്കുകയാണ്.. അനന്തവിശാലമായ കടല്‍ പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തിന്റെ രൂപകമായി മാറുന്നു. ഏറെ തടസ്സങ്ങള്‍ പിന്നിട്ട് ചെറുബോട്ടില്‍ അവര്‍ ആ സ്വപ്നഭൂമിയിലെത്തുന്നു. കുട്ടികള്‍ കൌതുകക്കാഴ്ചകളിലും മീന്‍പിടുത്തത്തിലും സ്വയം മറക്കുമ്പോള്‍ അച്ഛന്റെ രഹസ്യപ്രവൃത്തികള്‍ നമ്മുടെ മനസ്സില്‍ നിഗൂഢത നിറയ്ക്കുന്നു. ഒരു വൈകുന്നേരം, മീന്‍പിടുത്തത്തില്‍ മുഴുകി കരയിലേക്കു മടങ്ങാന്‍ വൈകിയ കുട്ടികളെ അയാള്‍ കഠിനമായി ശകാരിക്കുന്നു. സമയനിഷ്ഠ മറന്നതിന് ആന്ദ്രേയെ അടിക്കുന്നു. ഈ സമയം, ഒളിപ്പിച്ചു വെച്ചിരുന്ന കത്തിയുമായി ഇവാന്‍ അച്ഛനെ നേരിടുന്നു. ഒടുവില്‍ അച്ഛനെ തോല്‍പിക്കുവാന്‍, ദ്വീപിലെ പുരാതനമായ ലൈറ്റ്ഹൌസിന്റെ മേല്‍ക്കൂരയില്‍ വലിഞ്ഞുകയറി ആത്മഹത്യാഭീഷണി മുഴക്കുന്നു. കഥാഗതിയിലെ വിധിനിര്‍ണ്ണായകമായ ഈ നിമിഷത്തില്‍, അവനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍ നില തെറ്റി മരണത്തിലേക്കു പതിക്കുന്നു.! പ്രതീക്ഷിച്ചതിനു നേര്‍വിപരീതമായ ദുരന്തത്തിന്റെ ആഘാതം നിശ്ശബ്ദമായ ഒരു നിലവിളിയായി നമ്മുടെ ഹൃദയത്തില്‍ നിറയുന്നു.! സ്നേഹം വേദനയുടെ രൂപം കൈക്കൊള്ളുന്ന, ദൃശ്യസാക്ഷാത്കാരത്തിന്റെ മറ്റൊരു മുഹൂര്‍ത്തം.!!

അച്ഛന്റെ അപ്രതീക്ഷിത മരണം..! ആദ്യമാത്രയില്‍ തളര്‍ന്നു പോയെങ്കിലും അത് അവരെ വൈകാരികമായി പാകപ്പെടുത്തുന്നു. താമസിയാതെ, കുട്ടികളിലെ ഗുപ്തശേഷികളുടെ പേടകം തുറക്കുന്നു. ചപലഹൃദയനായിരുന്ന ആന്ദ്രേ പിതാവിന്റെ നിലയിലേക്കു വളര്‍ന്ന് പെട്ടെന്നു തീരുമാനമെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. മുതിര്‍ന്ന ഒരാളെപ്പോലെ അയാള്‍ ഇവാനു നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. . സ്വന്തം പിതാവിന്റെ മരണം, ക്രൂരമായ ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് അവരെ മടക്കിക്കൊണ്ടു വരുന്നു.! ഏതു വിധേനയും അച്ഛന്റെ മൃതദേഹം വീട്ടിലെത്തിക്കാനുള്ള കഠിനപരിശ്രമത്തില്‍ അവര്‍ ഏര്‍പ്പെടുന്നു. എല്ലാം മുന്‍കൂട്ടി കണ്ടതു പോലെ, അച്ഛന്‍ നല്‍കിയ തീവ്രപരിശീലനത്തിന്റെ ഓര്‍മ്മ പിടികിട്ടാത്ത ഒരു സമസ്യയായി, തീരാവ്യഥയായി പ്രേക്ഷകമനസ്സില്‍ ചേക്കേറുന്നു.!

വിജനമായ ദ്വീപില്‍ ലഭ്യമായ പരിമിതമായ സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തി അവര്‍ മൃതദേഹം മറുകരയിലെത്തിക്കുക തന്നെ ചെയ്യുന്നു. അപ്പോഴേക്കും തളര്‍ന്നവശരായ അവര്‍ അല്പനേരം വിശ്രമിക്കുന്നു. അച്ഛാ.. എന്ന ആന്ദ്രേയുടെ വിളികേട്ട് കണ്ണു തുറക്കുന്ന ഇവാന്‍ കാണുന്നത്, തിരയിളക്കത്തില്‍ കടലിലേക്കിറങ്ങിപ്പോയ ബോട്ട് അച്ഛന്റെ മൃതദേഹവുമായി ആഴത്തിലേക്കു മറയുന്നതാണ്. ജീവിതത്തിലാദ്യമായി സംശയലേശ മെന്യേ 'അച്ഛാ' എന്നുറക്കെ നിലവിളിച്ചുകൊണ്ട് അവന്‍ അതിനു പിന്നാലെ പായുന്നു..!

എന്നെ സംബന്ധിച്ച്, ഇതേ വരെ കാണുവാന്‍ കഴിഞ്ഞ സിനിമകളില്‍, ഏറ്റവും ഹൃദയ ദ്രവീകരണശേഷിയുള്ള ഒരു ചലച്ചിത്രാനുഭവമാണ് ‘ദി റിട്ടേണ്‍’. നമുക്കു തികച്ചും അന്യമായ മറ്റൊരു ഭൂഖണ്ഡത്തില്‍, തീര്‍ത്തും വ്യത്യസ്തമായ സാമൂഹ്യ പരിസരങ്ങളില്‍ നിന്നുള്ള ഈ ജീവിതചിത്രത്തിന് എങ്ങനെയാണ് ഏഷ്യാവന്‍കരയില്‍ ഇന്ത്യയുടെ തെക്കേ അറ്റത്തു ജീവിക്കുന്ന നമ്മുടെ മനസ്സിനെ ഇത്രമാത്രം മഥിക്കാന്‍ കഴിയുന്നത്? ആന്ദ്രേയുടെയും ഇവാന്റെയും ജീവിതാനുഭവങ്ങള്‍, തീര്‍ച്ചയായും നമ്മുടെയൊക്കെ ഭൂത, വര്‍ത്തമാനങ്ങളിലായി ചിതറിക്കിടപ്പുള്ളവ തന്നെയാണ്. ഈയൊരു സാര്‍വജനീന സ്വഭാവം തന്നെയാണ്, സ്ഥലവും കാലവുമെല്ലാം മറന്ന് ഈ കഥാപാത്രങ്ങളുമായി വൈകാരികമായ താദാത്മ്യം പ്രാപിക്കാന്‍ നമ്മെ സഹായിക്കുന്ന പ്രധാന ഘടകം.!

ദൃശ്യബിംബം ‘ടെക് സ്റ്റ് ’ആണെങ്കില്‍, ഈ സിനിമയിലെ ഓരോ ദൃശ്യത്തിലും നിരവധി സബ് ടെക് സ്റ്റുകള്‍‍ അഥവാ ആന്തരപാഠങ്ങള്‍ കൂടി അടങ്ങിയിട്ടുള്ളതായി കാണാം. ആസ്വാദകന്റെ വ്യാഖ്യാന സൌകര്യത്തിനായി ഇവ വിശദീകരിക്കുന്നതില്‍ നിന്നു സംവിധായകന്‍ ബുദ്ധിപൂര്‍വം ഒഴിഞ്ഞു നില്‍ക്കുന്നു. അച്ഛന്റെ അജ്ഞാതവാസം, ദ്വീപില്‍ നിന്നു് അയാള്‍ കുഴിച്ചെടുക്കുന്ന പേടകം തുടങ്ങി പലതും ചിത്രാന്ത്യത്തില്‍പ്പോലും അതീവരഹസ്യങ്ങളായിത്തന്നെ തുടരുന്നു. ഈനിഗൂഢസൌന്ദര്യം സിനിമയ്ക്കു നല്‍കുന്ന അധികമാനം പ്രത്യേകം ശ്രദ്ധേയമാണ്.

ദി റിട്ടേണ്‍ (മടക്കം) എന്ന ശീര്‍ഷകം അര്‍ത്ഥഗര്‍ഭമായിത്തീരുന്ന പല സീക്വന്‍സുകളും ചിത്രത്തിലുണ്ട്. പന്ത്രണ്ടു വര്‍ഷത്തിനു ശേഷമുള്ള അച്ഛന്റെ മടങ്ങിവരവ്, അന്തര്‍മുഖതയില്‍ നിന്നു ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള കുട്ടികളുടെ വളര്‍ച്ച, അച്ഛന്റെ മരണശേഷമുള്ള കുട്ടികളുടെ മടക്കം, ഒടുവില്‍ കടലിന്റെ അടിത്തട്ടിലേക്കുള്ള പിതാവിന്റെ അന്ത്യയാത്ര...! അങ്ങനെ, നിരവധി മടക്കയാത്രകള്‍...!

സിനിമയുടെ രണ്ടാം പകുതി മുഴുവന്‍ അരൂപിയായി നിറഞ്ഞു നില്‍ക്കുന്ന മരണമെന്ന കഥാപാത്രം, അവസാനം സിനിമയില്‍ നിന്നു ജീവിതത്തിലേക്കു പ്രവേശിച്ച മറ്റൊരു ദുരന്തസന്ദര്‍ഭത്തെക്കുറിച്ചു കൂടി പറഞ്ഞാലേ ഈ കുറിപ്പു പൂര്‍ത്തിയാക്കാനാവൂ. ചിത്രത്തില്‍, ആന്ദ്രേ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ വ്ളാഡിമിര്‍ ഗാരിന്‍ എന്ന കുമാരന്‍ ആദ്യപ്രദര്‍ശനത്തിനു മുന്‍പേ, സിനിമ ചിത്രീകരിച്ച ജലാശയത്തില്‍ മുങ്ങി, അപമൃത്യു വിനിരയായി.! ഒരു ചോദ്യം മാത്രം വീണ്ടും ബാക്കി: ഏതാണ് യാഥാര്‍ത്ഥ്യം? സിനിമയോ അതോ ജീവിതമോ?