Friday, September 11, 2009

മൂല്യവ്യവസ്ഥകളുടെ ‘ഋതു'സഞ്ചാരം










“I wanted to make a film about youth, finding themselves in a world of bewildering change that questions each and every belief and value oftheirs, whether it be ethical, emotional, social, professional or moral."
– Shyamaprasad
വിവരസാങ്കേതികവിദ്യയെന്നത് ഏറ്റവും ആകര്‍ഷകമായ തൊഴില്‍മേഖലയായി മാറുകയും യുവതലമുറ ഇരുകൈയും നീട്ടി അതിനെ സ്വീകരിക്കുകയും ചെയ്യുന്ന കാലത്താണല്ലോ നാം ജീവിയ്ക്കുന്നത്.! ഇന്ത്യയിലെ വന്‍നഗരങ്ങള്‍ പ്രമുഖ ഐ.ടി കമ്പനികള്‍ക്കു വേദിയൊരുക്കി നാടിന്റെ മുഖച്ഛായ മാറ്റുന്നു എന്നവകാശപ്പെടുമ്പോള്‍ത്തന്നെ ആഗോളമായ തിരിച്ചടികളില്‍പ്പെട്ട് കാര്യങ്ങള്‍ കീഴ് മേല്‍ മറിയുന്നതും നാം കാണുന്നു.! അഭ്യസ്തവിദ്യരായ നമ്മുടെ തൊഴില്‍രഹിതരെയൊഴികെ മറ്റു തനതുവിഭവങ്ങളൊന്നുമുപയോഗിക്കാത്ത ഈ വ്യവസായം കൊണ്ടുവരുന്ന സമ്പത്തും ഒരു പരിധിവരെ അസ്ഥിരവും അനിശ്ചിതവുമത്രേ.! അത്ര സുഖകരമമല്ലാത്ത ഈ തിരിച്ചറിവിലേയ്ക്ക് നാമിനിയും വളരുന്നതേ യുള്ളു..! മാത്രമല്ല; ഒരു ന്യൂനപക്ഷത്തിനു മാത്രം കരഗതമാവുന്ന ഈ അധികസമ്പത്ത് എവിടെയൊക്കെയോ സമൂഹത്തിന്റെ താളം തെറ്റിയ്ക്കുന്നുമുണ്ട്.! പ്രവാസജീവിതവും നഗരസംസ്കാരവും ചേര്‍ന്ന് യുവമാനസങ്ങളില്‍ സൃഷ്ടിക്കുന്ന മായികമായ പ്രലോഭനങ്ങളും സംഘര്‍ഷവും അതിലടങ്ങിയ മൂല്യങ്ങളുടെ കുഴമറിച്ചിലും സങ്കീര്‍ണ്ണമായ ഒരു സാമൂഹ്യപ്രശ്നമായിത്തന്നെ ഇന്നു മാറിയിട്ടുണ്ട്.
അതിവേഗത്തില്‍ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന നടപ്പുകാലത്തിന്റെ മൂല്യവ്യവസ്ഥകളെ ആധികാരികമായി വിശകലനം ചെയ്യാന്‍ അസാമാന്യമായ നിരീക്ഷണപാടവവും സര്‍ഗ്ഗശേഷിയുമാവശ്യമാണ്. വിലയിരുത്താന്‍ തുടങ്ങുമ്പോള്‍ത്തന്നെ, പുതിയ മാറ്റങ്ങള്‍ കടന്നുവരികയും ആധികാരികത നഷ്ടപ്പെട്ട് നമ്മുടെ കാഴ്ചകള്‍ കാലഹരണപ്പെടുകയും ചെയ്യുന്നു..! ഈ മാറ്റങ്ങളെ ഒരു കലാരൂപത്തിലേയ്ക്കു പകര്‍ത്തുമ്പോളാവട്ടെ, അപകടസാധ്യതകള്‍ ഏറുകയാണ്.! കാലത്തിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ടുതന്നെയാവാം, അടൂരിനെപ്പോലെ പ്രഗത്ഭനായ ഒരു ഫിലിംമേക്കര്‍ പോലും 'നാല്‍പതുകളുടെ നീതിശാസ്ത്രം' തേടി ഇപ്പോഴും കാലത്തിലൂടെ പിന്നിലേയ്ക്കു സഞ്ചരിക്കുന്നത്..! വിഖ്യാതസാഹിത്യകൃതികളെ ആസ്പദമാക്കി സ്വയം തിരക്കഥകളെഴുതിയിരുന്ന ശ്യാമപ്രസാദ് ഇതാദ്യമായി സമകാലത്തെ തൊട്ടറിയുന്ന ജോഷ്വാ ന്യൂട്ടണെന്ന പത്രപ്രവര്‍ത്തകനെ, തന്റെ പുതിയചിത്രത്തിന്റെ തിരക്കഥയ്ക്കായി സമീപിച്ചതിന്റെ കാരണവും മറ്റൊന്നാവാനിടയില്ല. മാധ്യമങ്ങളിലൂടെ വിളിച്ചുപറയാനാവാത്ത ഒട്ടേറെ ജീവിതകഥകളുടെ കലവറയാണല്ലോ പത്രപ്രവര്‍ത്തകന്റെ മനസ്സ്.! രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ഒന്നായപ്പോള്‍ മലയാളിയ്ക്ക് 'ഋതു' എന്ന നല്ല സിനിമ ലഭിച്ചു എന്നു പറയാം.
'ഋതുക്കള്‍ മാറുന്നു; നമ്മളോ..?' എന്ന് സിനിമ ചോദിക്കുന്നു..! മറുപടിയായി ശരത്തിന്റെയും സണ്ണിയുടെയും വര്‍ഷയുടെയും മാറ്റത്തിന്റെ കഥ പറയുന്നു.! മാറുന്ന കാലത്തിന്റെ പശ്ചാത്തലത്തില്‍, അവരുടെ സൌഹൃദത്തെയും കുടുംബബന്ധങ്ങളെയും വിശകലനം ചെയ്യുന്നു. ബാല്യം മുതല്‍ കളിക്കൂട്ടുകാരായി വളര്‍ന്ന് യൌവ്വനാരംഭത്തില്‍ വന്‍നഗരങ്ങളിലേയ്ക്കു പറിച്ചുനടപ്പെട്ടവരാണിവര്‍. വര്‍ഷയും സണ്ണിയും ബാംഗ്ളൂരിലെ 'ഇന്‍ഫോസിസി'ലേയ്ക്കു പോയപ്പോള്‍ യു.എസ്സിലെ ‘സിലിക്കണ്‍ വാലി’യിലെത്തിപ്പെടാനായിരുന്നു ശരത്തിന്റെ നിയോഗം.! ഏതാനും വര്‍ഷത്തെ പ്രവാസജീവിതത്തിനു ശേഷം മൂവരും നാട്ടിലേയ്ക്കു മടങ്ങിവരുന്നതാണ് സിനിമയുടെ പ്രമേയപരിസരം.
ജന്മനാടിനെക്കുറിച്ച് നനുത്ത സ്മരണകളുമായി, വര്‍ഷയുമായുള്ള വിവാഹസ്വപ്നങ്ങളില്‍ മുഴുകി, എയര്‍ പോര്‍ട്ടില്‍ നിന്നു വീട്ടിലേയ്ക്കു മടങ്ങുന്ന ശരത്തിന്റെ ദൃശ്യത്തില്‍ സിനിമ തുടങ്ങുന്നു. വീടെത്തും മുന്‍പു‍തന്നെ, തന്റെ ആത്മസുഹൃത്തുക്കളെക്കാണാന്‍ സമയം കണ്ടെത്തുന്നതില്‍ നിന്ന് അവന്റെ മുന്‍ഗണനകള്‍ വ്യക്തമാണ്.! നഗരത്തിലെ 'സൈബോ ത്രീ' എന്ന കമ്പനിയിലേയ്ക്ക് സണ്ണിയേയും വര്‍ഷയേയും ക്ഷണിച്ചുവരുത്തി, അവരോടൊപ്പം, കൌമാരസങ്കല്‍പ്പങ്ങള്‍ ഒന്നൊന്നായി സഫലീകരിക്കുക എന്നതാണ് ശരത്തിന്റെ പദ്ധതി. തങ്ങളുടെ വിഹാരകേന്ദ്രമായിരുന്ന ഗ്രാമത്തിലെ തടാകത്തോടു ചേര്‍ന്ന് ഒരു സ്വപ്നഭവനവും എഴുത്തുമേശയുമൊക്കെയാണ് അവന്റെ മനസ്സില്‍.! വര്‍ഷ‍യുമായി ഇക്കാര്യങ്ങള്‍ പങ്കുവെയ്ക്കവെ, 'നീയിതൊക്കെ ഇപ്പോഴും ഓര്‍ത്തുവെച്ചിരിക്കുവാണോ?' എന്ന് അവള്‍ അവനെ കളിയാക്കുകയാണ്.! ഓര്‍മ്മകള്‍ അപകടകരമാണെന്നും തനിക്കും കൂട്ടുകാര്‍ക്കുമിടയില്‍, അപരിചിതത്വത്തിന്റെ ഒരു വലിയ വിടവ് വന്നുകഴിഞ്ഞതായും അവന്‍ മനസ്സിലാക്കുന്നു.! സ്വപ്നനഗരത്തിലെ തന്റെ കാമുകന്മാരുമായി മൊബൈല്‍-ശൃംഗാരത്തിലഭിരമിക്കുന്ന വര്‍ഷയും സ്വന്തം നാട്ടുകാരെ 'ബ്ലഡി മല്ലൂസ്' എന്നു വിളിച്ചാക്ഷേപിക്കുന്ന സണ്ണിയും.! തന്റെ ചങ്ങാതിമാരുടെ ജീവിതശൈലിയിലും സമീപനത്തിലും കാലം വരുത്തിയ മാറ്റങ്ങള്‍ അവന്റെ തരളഹൃദയത്തില്‍ മുള്ളായി മാറുന്നു.!
സറീന എന്ന ഐ.ടി. വ്യവസായി നടത്തുന്ന 'സൈബോ ത്രീ'യില്‍, ഒരു യുവസംഘമായി അവര്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. ടീം ലീഡറായി ശരത്ത് സ്ഥാനമേറ്റെടുത്തതോടെ കമ്പനി നേട്ടങ്ങള്‍ കൊയ്യുന്നു. ഇതില്‍ അസൂയാലുവായ സണ്ണി ക്രമേണ, സറീനയെ വശീകരിച്ച് ടീം ലീഡര്‍ സ്ഥാനം കരസ്ഥമാക്കുന്നു. വര്‍ഷയാവട്ടെ, ശരത്തിന്റെ വിവാഹാഭ്യര്‍ത്ഥനകള്‍ അവഗണിച്ചു കൊണ്ട് പുതിയ 'മേച്ചില്‍പ്പുറങ്ങള്‍' തേടുകയാണ്.! ഇതിനിടെ, അകസ്മികമായുണ്ടായ അച്ഛന്റെ മരണവും ശരത്തിനെയാകെ തളര്‍ത്തുന്നു. പതനങ്ങളുടെ തുടര്‍ക്കഥയില്‍, എല്ലാ ധാര്‍മ്മികപിന്തുണയും നല്‍കി അവനെ അണച്ചുനിര്‍ത്താന്‍, 'പരാജിതനായ വിപ്ളവകാരി'യെന്ന ഇമേജിനുള്ളില്‍ സ്വയമുരുകിത്തീരുന്ന ജ്യേഷ്ഠന്‍ മാത്രം.!
നേതൃസ്ഥാനത്തെത്തിയതോടെ, സണ്ണി കമ്പനിയെത്തന്നെ വഞ്ചിച്ചുകൊണ്ട് ചില പ്രധാന സോഫ്റ്റ്വെയറുകള്‍ മറിച്ചു വിറ്റ് , പണം തട്ടാനുള്ള രഹസ്യനീക്കം നടത്തുന്നു.! തന്റെ ഇ-മെയില്‍ അഡ്രസ്സ് ഉപയോഗിച്ച്, തന്നെക്കൂടി കുടുക്കാനാണ് അവന്റെ പരിപാടിയെന്നു മനസ്സിലാക്കിയ ശരത്ത് കൃത്യസമയത്തുതന്നെ സറീനയെ വിവരമറിയിക്കുകയും അവര്‍ സണ്ണിയെ തന്ത്രപൂര്‍വം പിടികൂടുകയും ചെയ്യുന്നു.!ദുരനുഭവങ്ങളുടെ തിരയിളക്കത്തിനിടെ, ഒരു സന്തോഷവാര്‍ത്തയെത്തുന്നു. ശരത്തിന്റെ നോവല്‍ വിദേശപ്രസാധകര്‍ പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നു.! ‘കമ്പ്യൂട്ടറും കൊടച്ചക്രവു‘മെല്ലാമുപേക്ഷിച്ച്, തന്റെ ജീവിതാഭിലാഷമായ നോവല്‍ പൂര്‍ത്തിയാക്കുവാന്‍, അച്ഛന്റെ രചനാപരിസരമായിരുന്ന കല്‍ക്കത്തയിലേയ്ക്ക് അവന്‍ യാത്ര പുറപ്പെടുകയാണ്.! ജ്യേഷ്ഠന്റെ അനുഗ്രഹാശിസ്സുകളും പ്രണയത്തെയും സൌഹൃദത്തെയും കുറിച്ചുള്ള പുതിയ തിരിച്ചറിവുകളും യാത്രയില്‍ അവനു തുണയാവുന്നു.!
ഋതുക്കള്‍ പിന്നെയും മാറുന്നു..മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു പകല്‍.! ശരീരഭാഷയിലും സമീപനത്തിലും വളരെയേറെ മാറിക്കഴിഞ്ഞ വര്‍ഷയും സണ്ണിയും..! തപാലില്‍ തങ്ങളെത്തേടിയെത്തിയ ശരത്തിന്റെ 'Seasons’ എന്ന നോവല്‍ അവരെ വികാരഭരിതരാക്കുന്നു.! അവന്‍ നമ്മളോടു ക്ഷമിച്ചിട്ടുണ്ടാവുമോ എന്ന സണ്ണിയുടെ പശ്ചാത്താപവിവശമായ ചോദ്യത്തിനുത്തരമായി, 'ഈ പുസ്തകം മാത്രമല്ല; ജീവിതം മുഴുവന്‍ ഞാന്‍ സമര്‍പ്പിച്ച എന്റെ വര്‍ഷയ്ക്കും സണ്ണിയ്ക്കും' എന്ന ആദ്യപേജിലെ വരികള്‍ സ്ക്രീനില്‍ തെളിയുന്നു..!
അതീവലോലമായ ഒരു കഥാതന്തുവില്‍ നെയ്തെടുത്ത തിരക്കഥയില്‍, സംഭവങ്ങള്‍ക്കും ഭാഷണങ്ങള്‍ ക്കുമുപരി, കഥാപാത്രങ്ങളുടെ മാനസികഭാവങ്ങള്‍ക്കു പ്രാധാന്യം നല്‍കിയിരിക്കുന്നു. കഥ പറയുന്നതിനേക്കാള്‍, കാലികമായ ജീവിതസ്പന്ദങ്ങള്‍ പകര്‍ത്തി, പ്രമേയപരിസരത്തെ 'അപ് ഡേറ്റ്' ചെയ്യാനുള്ള തിരക്കഥാകൃത്തിന്റെ ശ്രമം ശ്രദ്ധേയമാണ്. മെട്രോ നഗരങ്ങളിലെ നൈറ്റ്ക്ളബ് സംസ്കാരം, പാര്‍ട്ടിയെന്ന പേരില്‍ നടക്കുന്ന മദ്യപാനസദസ്സുകള്‍, കമ്പനിയുടെ നിര്‍മ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന ദരിദ്രരുടെ കണ്ണീര്‍ക്കാഴ്ചകള്‍, നഗരകാന്താരത്തില്‍, പതിയെപ്പതിയെ മറനീക്കി പുറത്തുവരാന്‍ തുടങ്ങുന്ന സ്വവര്‍ഗ്ഗ-ലൈംഗികസ്വത്വങ്ങള്‍…പലതിനെയും സിനിമ തൊട്ടുകടന്നു പോകുന്നു.!
'ഋതു' എഴുതിയ ജോഷ്വാ ന്യൂട്ടന്റെ അഭിപ്രായത്തില്‍, 'എംപതിയുടെ നഷ്ടമാണ് പുതിയ മില്ലെനിയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി'. കേവലപ്രണയത്തിനും രതിയ്ക്കുമപ്പുറമുള്ള ഹ്രുദയവികാരങ്ങള്‍ യുവമനസ്സുകള്‍ക്കന്യമാവുകയാണോ എന്ന സന്ദേഹമാണ് സിനിമയിലെ നഗരക്കാഴ്ചകള്‍ പകര്‍ന്നുതരുന്നത്.! സിനിമയിലെ ഏറ്റവും വികാരനിര്‍ഭരമായ പിതാവിന്റെ മരണരംഗത്തെ തീയറ്ററില്‍ പൊട്ടിച്ചിരിയോടെ സ്വീകരിക്കുന്ന ‘പുതിയ പിള്ളേരും’ ഈ സംശയത്തെ ശരിവെയ്ക്കുന്നു.! നഗരജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ക്വൊട്ടേഷന്‍ സംഘങ്ങള്‍ പിറവിയെടുക്കുന്നത് ഇവരില്‍ നിന്നാവുമോ..? മേല്‍ത്തട്ടില്‍, പണത്തിന്റെയും അന്തസ്സിന്റെയും പ്രദര്‍ശനപരതയില്‍ സ്വയം മറക്കുന്നതിനിടെ, അന്തസ്സാരശൂന്യമായിപ്പോകുന്ന ജീവിതത്തിന്റെ ദുരന്തം ഐ. ടി.വ്യവസായിയായ സറീനയും ഭര്‍ത്താവ് ബാലഗോപാലും ഒരുപോലെ പങ്കിടുന്നു.!
വിഷാദപൂരിതമായ ഒരു ദൃശ്യവിരുന്നായി സിനിമയെ മാറ്റിയെടുക്കുന്നതില്‍ ശ്യാം ദത്തിന്റെ സ്വപ്നസദൃശമായ വാതില്‍പ്പുറദൃശ്യങ്ങളും രാഹുല്‍രാജിന്റെ വിസ്മയിപ്പിക്കുന്ന പശ്ചാത്തലസംഗീതവും പരസ്പരപൂരകമായി വര്‍ത്തിക്കുന്നു.! ഫ്രെയിമുകളുടെ കോമ്പസിഷനിലും ധ്വനിസമൃദ്ധിയിലും വീക്ഷണത്തിലും നിറങ്ങളുടെ ഉപയോഗത്തിലുമെല്ലാം വിദേശചിത്രങ്ങളോടു കിടപിടിക്കുന്നതാണ് ഋതുവിലെ വിഷ്വലുകള്‍. പ്രമേയമല്ല; വിഷ്വല്‍ ട്രീറ്റ്മെന്റു തന്നെയാണ് ഈ ചിത്രത്തെ ഒരു വ്യത്യസ്താനുഭവമാക്കി മാറ്റുന്നത്. പല സീക്വന്‍സുകളും മന്ദതാളത്തിലാക്കിയുള്ള വിനോദ് സുകുമാരന്റെ എഡിറ്റിങ്ങ് പാറ്റേണും എടുത്തുപറയേണ്ടതാണ്.!
മുഖ്യകഥാപാത്രങ്ങള്‍ക്കു വേണ്ടി പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള ശ്യാമിന്റെ തീരുമാനം താരാഭാസങ്ങള്‍ കൊടികുത്തിവാഴുന്ന ഇക്കാലത്ത് വലിയ വിപ്ളവം തന്നെയാണ്.! വര്‍ഷയായി റിമയും ശരത്തായി നിഷാനും സണ്ണിയായി ആസിഫും പാത്രസൃഷ്ടിയ്ക്കിണങ്ങിയ മികച്ച കണ്ടെത്തലുകള്‍ തന്നെ.! പരാജയപ്പെടുന്ന വിപ്ളവങ്ങള്‍ക്കും പുതുസമൂഹത്തിന്റെ സൃഷ്ടിയില്‍ ചില പങ്കുവഹിക്കാനുണ്ടെന്ന് ശരത്തിന്റെ ജ്യേഷ്ഠന്‍ നമ്മെ വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.! മിതമായ ഭാവപ്രകാശനത്തിലൂടെ, എം.ജി. ശശി ഈ കഥാപാത്രത്തിനു പുതിയൊരു മാനം നല്‍കിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു കാര്യം ഖേദപൂര്‍വ്വം രേഖപ്പെടുത്താതെ വയ്യ.! ഈ സംവിധായകന്റെ ചിത്രങ്ങള്‍ തുടക്കം മുതല്‍ പിന്തുടരുന്ന ഒരാളെന്ന നിലയില്‍, ശ്യാമിന്റെ മാസ്മരികസാന്നിദ്ധ്യം 'ഋതു'വില്‍ എനിയ്ക്കു കാണാന്‍ സാധിച്ചില്ല.! 'പെരുവഴിയിലെ കരിയിലകള്‍', 'ഉയിര്‍ത്തെഴുന്നേല്‍പ്പ്' തുടങ്ങിയ ടെലി-ചിത്രങ്ങളും 'അകലെ' എന്ന സിനിമയുമാണ് ഈ കലാകാരന്റെ വ്യക്തിമുദ്ര ആഴത്തില്‍ പതിഞ്ഞ സൃഷ്ടികളെന്നു ഞാന്‍ കരുതുന്നു. സമഗ്രജീവിതത്തെക്കുറിച്ച് ത്രസിപ്പിക്കുന്ന ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന സിനിമയുടെ ഉത്തമമാതൃകയായിത്തീരാന്‍ 'ഋതു'വിനു കഴിഞ്ഞിട്ടില്ല. എന്നാല്‍, കാലത്തിന്റെ സ്പന്ദമാപിനിയായിത്തീരാനുള്ള ഈ ശ്രമം, നല്ല സിനിമയെക്കുറിച്ച് തീര്‍ച്ചയായും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നു.!

2 comments:

Bijith :|: ബിജിത്‌ said...

One thing I noticed in every post of yours is the extra ( at times irritating ) use of '!'. Please think twice before you type the next !

ഇഗ്ഗോയ് /iggooy said...

ഇത് കണ്ടിട്ടുള്ള സിനിമയായതുകൊണ്ട് അന്നു മുതലേ ഉണ്ടായിരുന്ന സംശയം ചോദിക്കാം.
ആ ശരത്തിന്റെ പശ്ചാത്തല. പാര്‍ട്ടിയാല്‍ തഴയപ്പെട്ട നല്ല കമ്മ്യൂണിസ്റ്റ്കാരായ അച്ചനും ചേട്ടനും.
എഴുത്തിന്റേയും വായനയുടേയും പശ്ചാത്തലം. പിന്നെ പതിവുപോലെ വല്യപാരമ്പര്യംമുള്ള തറവാടും.
എഴുത്തുകാരനാകുന്ന ഏതിരു പയ്യന്റേയും പശ്ചാത്തലം ഇമ്മാതിരിയാക്കുന്നത് എന്തിനാണ്‌ എന്നു എനിക്ക് പിടികിട്ടിയില്ല.
(സിനിമയില്‍ കൊടുത്ത് അപശ്ചാത്തലം വളരെ ലോജിക്കലാണ്‌. അതില്‌ സംശയം ഇല്ല.)
ശേഷം കാര്യങ്ങള്‍ ഒക്കെ ഇഷ്ടപ്പെട്ടു.