Friday, September 11, 2009

അന്ധഹൃദയങ്ങള്‍ക്കായി ഒരാര്‍ദ്രഗീതം











ലാളിത്യമാണ് ഇറാനിയന്‍ സിനിമയുടെ മുഖമുദ്ര. അബ്ബാസ് കിരോസ്താമി, മൊഹ്സിന്‍ മഖ് മല്‍ ബഫ് തുടങ്ങിയ സംവിധായക പ്രതിഭകള്‍ ചേര്‍ന്ന് 80-കളില്‍ തുടങ്ങിവെച്ച നവീനചലച്ചിത്രപരീക്ഷണങ്ങള്‍ പിന്നീട്, ഒരു ദേശത്തിന്റെ തന്നെ സാംസ്കാരികചരിത്രമായി മാറുകയായിരുന്നു. ഇവരുടെ പിന്മുറക്കാരായ മജീദ് മജീദിയും ജാഫര്‍ പനാഹിയും മറ്റും ചേര്‍ന്ന്, ഇറാനിലെ സിനിമയെ ലോകത്തിന്റെ നിറുകയിലെത്തിച്ചു. മജീദിയുടെ 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്ന ചിത്രം വന്‍കരകള്‍ കടന്ന് 1998-ല്‍ ഓസ്കാറിനു നാമനിര്‍ദ്ദേശം നേടി.

ദുരൂഹബിംബങ്ങളോ, കണ്ണഞ്ചിപ്പിക്കുന്ന കംപ്യൂട്ടര്‍ വിഷ്വലുകളോ, അതിവേഗത്തില്‍ വെടിയുതിര്‍ക്കുന്ന തോക്കുകളോ, കാറോട്ടമോ, തുണിയുരിയുന്ന രതിയോ ഇല്ലാതെതന്നെ ഇറാന്‍ സിനിമ ലോകജനതയോടു സംവദിച്ചു; സമ്പന്നരാജ്യങ്ങളിലെ വാണിജ്യസിനിമയോടു മല്‍സരിച്ചു.
സാമ്പത്തികമായ പരാധീനതകളിലും രാഷ്ട്രീയ അതിക്രമങ്ങളിലും സാമൂഹ്യവിവേചനത്തിലും പെട്ടുഴലുന്ന ഒരു സമൂഹം, സിനിമ എന്ന കലാരൂപത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. അത്ഭുതങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാത്ത കടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്കാര ത്താല്‍, അവ നമ്മെ അമ്പരപ്പിച്ചു. നമ്മുടെ കണ്ണുകളെ ഈറനണിയിച്ചു. ഭക്ഷണത്തിനു വകയില്ലാതെ തെരുവില്‍ കഴിയുന്നവരും പര്‍ദ്ദയുടെ ഇരുട്ടില്‍ ജീവിതം ഹോമിച്ചു തീര്‍ക്കുന്നവരും പരുക്കന്‍ ചുറ്റുപാടുകളിലുരഞ്ഞ് ബാല്യത്തിലേ മുതിര്‍ന്ന കുട്ടികളുമൊക്കെ സമ്പന്നതയുടെ ആലസ്യത്തിലമര്‍ന്ന ഒരു സമൂഹത്തിനു മുന്നിലേക്കു വന്ന്, “നോക്കൂ, ഇങ്ങനെയും കുറേപ്പേര്‍ ഇവിടെയുണ്ട്”, എന്നോര്‍മ്മിപ്പിച്ചു. ആര്‍ദ്രമായ ചില ജീവിതചിത്രങ്ങള്‍ തെളിഞ്ഞൊഴുകുന്ന കാട്ടരുവിപോലെ മനസ്സിനെ തരളമാക്കി കടന്നുപോയപ്പോള്‍, മറ്റു ചിലവ വന്‍തിരമാലകളായി വന്ന്, പ്രേക്ഷകനില്‍ തീവ്രമായ ഹൃദയനൊമ്പരമുണര്‍ത്തി.

2000-മാണ്ടില്‍ പുറത്തിറങ്ങിയ മജീദ് മജീദിയുടെ ചിത്രം ‘കളര്‍ ഓഫ് പാരഡൈസ് ’(പറുദീസയുടെ നിറം) എട്ടു വയസ്സുകാരനായ മുഹമ്മദ് എന്ന അന്ധബാലന്റെ കഥ പറയുന്നു. മുഹമ്മദ് പഠിക്കുന്ന നഗരത്തിലെ അന്ധവിദ്യാലയം. അദ്ധ്യയനവര്‍ഷത്തിലെ അവസാന ദിവസം, തന്നെ കൂട്ടുവാനെത്തുന്ന അച്ഛനെ പ്രതീക്ഷിച്ച് അവന്‍ കാത്തുനില്‍ക്കുകയാണ്. എല്ലാവരും മടങ്ങിയിട്ടും അവനെക്കൊണ്ടുപോകാന്‍ മാത്രം ആരുമെത്തുന്നില്ല. ചുറ്റുമുള്ള പ്രകൃതി മാത്രം ഇളംകാറ്റായും കിളിയൊച്ചകളായും അവനോടൊപ്പം ചേരുന്നു. സ്ക്കൂളങ്കണത്തിലെ മരത്തില്‍, ഒരു കിളിക്കൂടുണ്ട്. ഒരു കിളിക്കുഞ്ഞ് കൂട്ടില്‍ നിന്നു താഴെവീണു കരയുന്നു. ഇരയെ മണത്തു വന്ന ഒരു പൂച്ചയെ ഓടിച്ച്, തന്റെ തന്നെ പ്രതിരൂപമായ കിളിക്കുഞ്ഞിനെ അല്പനേരത്തിനുള്ളില്‍, അവന്‍ കൂടിന്റെ സുരക്ഷിത വലയത്തിലെത്തി ക്കുന്നു. കണ്ണിലെ ഇരുട്ടിനെ ഒരു ബാലന്‍ മന:ശ്ശക്തിയാല്‍ തോല്‍പ്പിക്കുന്ന കാഴ്ച ആരിലും അനുതാപ മുണര്‍ത്തുന്നതാണ്. ഏറെ വൈകി അച്ഛനെത്തുന്നു. എന്നാല്‍, അവധിക്കാലത്ത് അവനെ സ്കൂളില്‍ താമസിപ്പിക്കണമെന്ന അപേക്ഷയുമായാണ് അയാളുടെ വരവ്. ഒടുവില്‍, സ്കൂളധികൃതരുടെ ശകാരവും കേട്ട്, മനസ്സില്ലാമനസ്സോടെ അയാള്‍ മകനുമായി മടങ്ങുന്നു. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് പുതിയൊരു ബീവിയെ സ്വപ്നം കണ്ടുകഴിയുന്ന അയാള്‍ക്ക് തന്റെ വീട്ടിലെ അന്ധനായ മുഹമ്മദിന്റെ സാന്നിധ്യം വലിയൊരസൌകര്യമത്രേ.

നഗരപാതകള്‍ പിന്നിട്ട്, വിസ്തൃതമായ വയലുകള്‍ കടന്ന്, ഗ്രാമത്തിലെ വസതിയിലേക്കുള്ള മുഹമ്മദിന്റെ യാത്ര അവനു മാത്രമല്ല, പ്രേക്ഷകനും സ്വപ്നസദൃശമായ ഒരനുഭവം തന്നെയാണ്. ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന്, കൈകള്‍ പുറത്തേക്കിട്ട് അവന്‍, കാറ്റിനെ പിടിച്ചെടുക്കുന്നു. കാട്ടുപച്ചകളുടെ സാന്നിധ്യ മറിയുന്നു. വീട്ടില്‍, വാല്‍സല്യനിധിയായ മുത്തശ്ശിയും കുസൃതിക്കുരുന്നുകളായ സഹോദരിമാരും ചേര്‍ന്ന് അവനെ സ്വീകരിക്കുന്നു. നഗരത്തില്‍ നിന്ന് അവര്‍ക്കായി കൊണ്ടുവന്ന സമ്മാനങ്ങള്‍ അവന്‍ പങ്കുവെയ്ക്കുന്നു. മൂവരും ചേര്‍ന്നു സൃഷ്ടിക്കുന്ന സ്നേഹത്തിന്റെ തുരുത്തില്‍ മുഹമ്മദ് തന്റെ കുറവുകളെല്ലാം മറക്കുകയാണ്. ഗ്രാമജീവിതത്തിന്റെ വറ്റാത്ത നന്മകള്‍ ഗൃഹാതുരസ്മരണകളുണര്‍ത്തി, സ്വര്‍ഗ്ഗം ഭൂമിയിലേക്കിറങ്ങിവന്ന പ്രതീതി ജനിപ്പിക്കുന്നു. വിളഞ്ഞ നെല്‍പ്പാടങ്ങളും, കാടും മലയും മരങ്ങളും പുഴയും ചേര്‍ന്ന വന്യപ്രകൃതി. മനസ്സിന്റെ കണ്ണിലൂടെ മാത്രം കാണുന്ന മുഹമ്മദിന്റെ ഭാവനയ്ക്കു വര്‍ണ്ണച്ചിറകുകള്‍ നല്‍കിക്കൊണ്ട് ഈ മനോഹര സീക്വന്‍സുകള്‍ സിനിമയുടെ ആത്മാവായി മാറുന്നു.

മുത്തശ്ശിയുടെ ആശീര്‍വാദത്തോടെ, സഹോദരിമാര്‍ പഠിക്കുന്ന സ്കൂളില്‍ അതിഥിയായെത്തിയ അവന്‍, തന്റെ ബുദ്ധിവൈഭവത്താല്‍, ക്ളാസ് മുറിയില്‍, മറ്റു കുട്ടികളെയും അധ്യാപകനെയും അത്ഭുതപ്പെടുത്തുന്നു. എന്നാല്‍, മുഹമ്മദ് കണ്ണിലെ കരടായ അച്ഛന് ഇതൊന്നുമിഷ്ടമായില്ല. തന്റെ പുനര്‍ വിവാഹത്തിനു മുന്‍പായി അവനെ വീട്ടില്‍ നിന്നൊഴിവാക്കി, അകറ്റിനിര്‍ത്തുകയാണ് അയാളുടെ ഉദ്ദേശ്യം. പ്രതിശ്രുതവധുവിനു സ്ത്രീധനവും സമ്മാനങ്ങളും നല്‍കി അയാള്‍ വിവാഹത്തിനൊരുങ്ങുന്നു. ഒപ്പം, അമ്മയുടെ എതിര്‍പ്പിനെ അവഗണിച്ച്, മകനെ ദൂരെയുള്ള അന്ധനായ ഒരു ആശാരിയുടെയൊപ്പം കൊത്തുപണികള്‍ പരിശീലിക്കുവാന്‍ ഏര്‍പ്പാടാക്കി മടങ്ങുന്നു.അന്ധതയുടെ തീരാശാപങ്ങളെ തന്റെ നിശ്ചയദാർഢ്യത്താല്‍ മറികടന്ന് ഒരു ജീവിതം കണ്ടെത്തിയ അലി എന്ന ആശാരി സ്നേഹവാല്‍സല്യങ്ങളാല്‍, അവന് ആശ്വാസം പകരുന്നുണ്ടെങ്കിലും തന്റെ ആത്മസുഹൃത്തായ മുത്തശ്ശിയെ പിരിഞ്ഞുള്ള ജീവിതം മുഹമ്മദിനു സഹിക്കാനാവുമായിരുന്നില്ല. ദുഖം താങ്ങാനാവാതെ അവന്‍ വിങ്ങിപ്പൊട്ടുന്നു: “ദൈവത്തിന് അന്ധരെ കൂടുതലിഷ്ടമാണെന്നാണു ടീച്ചര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍, എന്തിനാണു ഞങ്ങളെ അന്ധരായി ജനിപ്പിച്ചത്? എന്നെങ്കിലുമൊരിക്കല്‍, ഞാന്‍ ദൈവത്തെ കണ്ടുപിടിക്കും..ആരോടും പറയാത്ത ഒരുപാടു രഹസ്യങ്ങള്‍ ഞാന്‍ പറഞ്ഞുകൊടുക്കും.”

മുത്തശ്ശിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. അമ്മയില്ലാത്ത തന്റെ ചെറുമകന്റെ അനാഥജീവിത ത്തെക്കുറി ച്ചോര്‍ത്തു മനം നൊന്ത്, അവര്‍ വീടു വിട്ടിറങ്ങുന്നു. പിന്നീട്, മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടിലേക്കു മടങ്ങിയെങ്കിലും താമസിയാതെ അവര്‍ മരണപ്പെടുന്നു. മരണവേളയില്‍, ഏറെ ദൂരെയാണെങ്കിലും സ്നേഹത്താല്‍ ബന്ധിതരായ മുഹമ്മദിന്റെയും മുത്തശ്ശിയുടെയും മനസ്സുകള്‍ നിശ്ശബ്ദമായി സംവദിക്കുന്നതു നാം കാണുന്നു. മഞ്ഞുമൂടിയ മലകളും പുഴയും, അരിച്ചെത്തുന്ന മേഘപടലങ്ങളും...വിഷാദപൂരിതമായ പ്രകൃതിബിംബങ്ങള്‍ എത്രത്തോളം വാചാലമാവാമെന്നതിന് ഉത്തമനിദര്‍ശനമായിത്തീരുന്ന ഷോട്ടുകള്‍.!

അനിവാര്യമായതുപോലെ, ദുരന്തങ്ങള്‍ ഒന്നൊന്നായി മുഹമ്മദിനെയും പിതാവിനെയും തേടിയെത്തുന്നു. നിശ്ചയത്തിനു ശേഷം വീട്ടിലുണ്ടായ അപ്രതീക്ഷിതമരണം ഒരു ദുര്‍ന്നിമിത്തമായിക്കണ്ട്, പെണ്‍വീട്ടുകാര്‍ വിവാഹബന്ധത്തില്‍ നിന്നു പിന്‍വാങ്ങുന്നു. കെട്ടിയുയര്‍ത്തിയ സ്വപ്നഭവനം കണ്മുന്നില്‍ തകര്‍ന്നു വീഴുകയാണ്. മനംമടുത്ത അയാള്‍ നഗരത്തിലെത്തി മുഹമ്മദുമായി വീട്ടിലേക്കു മടങ്ങുന്നു. മടക്കയാത്രയില്‍, മരണം ഒരു മലവെള്ളപ്പാച്ചിലായി വന്ന് മുഹമ്മദിനെ ഒഴുക്കിക്കൊണ്ടു പോകുന്നു. മകനെ രക്ഷപ്പെടുത്താന്‍ മുന്നോട്ടാഞ്ഞ അയാള്‍ പെട്ടെന്ന് ചഞ്ചലചിത്തനാവുന്നു. അന്ധനായ മകന്റെ അഭാവം തന്റെ ജീവിതത്തില്‍ ഉണ്ടാക്കാനിടയുള്ള നേട്ടങ്ങള്‍, ഒരു വേള അയാളെ പ്രലോഭിപ്പിച്ചിരിക്കാം. പിന്നീട്, തിരിച്ചറിവിന്റെ മാത്രയില്‍, നദിയിലേക്കു ചാടുകയും മുഹമ്മദിനു പിന്നാലെ ഒഴുക്കില്‍പ്പെട്ടുലഞ്ഞ് കരയ്ക്കടിയുകയും ചെയ്യുന്നു. ഒടുവില്‍, ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ മൃതപ്രായനായ മകനെ നെഞ്ചോടു ചേര്‍ത്ത് , അയാള്‍ പൊട്ടിക്കരയുമ്പോള്‍, ദൈവത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു പോലെ, അവന്റെ കുരുന്നുകൈവിരലുകള്‍ സൂര്യവെളിച്ചത്തിനു നേരെ പതിയെ നിവരുന്നത് ഒരു ദീര്‍ഘനിശ്വാസത്തോടെ നാം കാണുന്നു.

യാഥാസ്ഥിതികവും പക്ഷപാതപരവുമായ ദൈവസങ്കല്‍പ്പങ്ങളെ ഊട്ടിയുറപ്പിക്കുന്ന എത്രയെങ്കിലും സിനിമകള്‍ നമുക്കുണ്ട്. എന്നാല്‍, തികച്ചും മാനവികമായ, മതനിരപേക്ഷമായ ഒരു ദൈവസങ്കല്‍പ്പംഈ ചിത്രത്തിനു നല്‍കുന്ന വ്യത്യസ്തമാനവും നിരുപമസൌന്ദര്യവും എടുത്തുപറയേണ്ടതാണ്. ദൈവനാമത്തില്‍ തുടങ്ങുന്ന സിനിമയിലെ ഓരോ കഥാപാത്രവും വിശേഷിച്ചു കുട്ടികള്‍, അദൃശ്യമായ ആ കരസ്പര്‍ശത്താല്‍, പൂര്‍ണ്ണരായിരിക്കുന്നു. നാമമാത്രമായ കഥാപാത്രങ്ങള്‍ മാത്രമേയുള്ളു; എന്നാല്‍, മജീദിയുടെ ക്യാമറക്കണ്ണുകള്‍ അവരുടെ സ്വഭാവസവിശേഷതകള്‍ ഒരു ഭൂതക്കണ്ണാടിയിലൂടെയെന്നവണ്ണം അതിസൂക്ഷ്മമായും വിശദമായും പിടിച്ചെടുക്കുന്നു. ഏറെക്കുറെ സമീപദൃശ്യങ്ങള്‍ മാത്രമുള്ള ചിത്രത്തിന്റെ ഘടനയും കുഞ്ഞുങ്ങളെപ്പോലും ആകര്‍ഷിക്കുന്ന അതീവലളിതമായ പരിചരണരീതിയും പ്രത്യേകം ശ്രദ്ധേയമാണ്. അന്ധനായിരിക്കുമ്പോഴും മുഹമ്മദിന്റെ സവിശേഷവ്യക്തിത്വത്തിന്റെ ഭാഗമായ നിരീക്ഷണപാടവവും പ്രകൃതിസ്നേഹവും ബുദ്ധിശക്തിയുമൊക്കെ അതിഭാവുകത്വമില്ലാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. മൊഹ് സിന്‍ റംസാനി എന്ന ബാലനടന്റെ പ്രകടനം മിതവും എന്നാല്‍, അവിസ്മരണീയമാം വിധം വികാരതീവ്രവുമാണ്. ദൈവത്തോടുള്ള മുഹമ്മദിന്റെ തീരാത്ത പരിഭവങ്ങള്‍ ഏതൊരു കഠിനഹൃദയന്റെയും കരളലിയിക്കുന്നതാണ്.

നന്മതിന്മകള്‍ ചതുരംഗം നടത്തുന്ന ചഞ്ചലമനസ്സുമായി നിരന്തരം സംഘര്‍ഷമനുഭവിക്കുന്ന പരുക്കനായ പിതാവിന്റെ ഭാവപ്രകാശനങ്ങള്‍ സൂക്ഷ്മാംശങ്ങളില്‍പ്പോലും കൃത്യതയുള്ളതാണ്. ഏതോ ദുരന്തത്തിന്റെ മുന്നറിയിപ്പുപോലെ അവ്യക്തമായ ഒരശരീരി അയാളെ എപ്പോഴും പിന്തുടരുന്നതു കാണാം. അത്യന്തം ദുഷ്കരമായ ഈ കഥാപാത്രത്തെ ഹുസൈന്‍ മഹ്ജൂബ എന്ന നടന്‍ സമര്‍ത്ഥമായി വ്യാഖ്യാനിച്ചിട്ടുണ്ട്. മകനെയും, അമ്മ നഷ്ടപ്പെട്ട ചെറുമകനെയും ഒരേപോലെ ഉള്‍ള്ളുവാനുള്ള വിഫലശ്രമത്തിനിടയില്‍, പുഞ്ചിരിക്കുന്ന മുഖവുമായി ജീവിതത്തില്‍ നിന്നു വിടപറയുന്ന സ്നേഹസ്വരൂപമായ മുത്തശ്ശിയും ദേവദൂതരെപ്പോലുള്ള മുഹമ്മദിന്റെ രണ്ടു സഹോദരിമാരുമൊക്കെ, പാത്രസൃഷ്ടിയുടെ മികച്ച മാതൃകകള്‍ തന്നെയാണ്.

ഈ ചിത്രത്തിലെ പശ്ചാത്തലസംഗീതം പ്രത്യേക പരാമര്‍ശിക്കുന്നു. അന്ധനായ മുഹമ്മദിന്റെ വീക്ഷണ ത്തിലുള്ള കഥാഖ്യാനത്തില്‍, പ്രകൃതിയുടെ നിറസാന്നിധ്യത്തിന് അകമ്പടി സേവിക്കുന്ന കാറ്റിന്റെയും കിളികളുടെയും പുഴയുടെയും ശബ്ദങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ഇക്കാരണത്താല്‍ത്തന്നെ, മുഹമ്മദിനെ പ്പോലെ അന്ധനായി ജനിക്കാനിടയായ ഒരു വ്യക്തിക്കു പോലും, ഈ സിനിമയുടെ സൌന്ദര്യം ആസ്വദിക്കാനും അതിന്റെ ദര്‍ശനം ഗ്രഹിക്കുവാനും കഴിയും.

ദൈവവും മനുഷ്യനും തമ്മില്‍, നന്മയും തിന്മയും തമ്മില്‍, ദുഖവും ആഹ്ളാദവും തമ്മില്‍ അജ്ഞേയമായ ഒരു ഒളിച്ചുകളി ചിത്രത്തിലുടനീളം തുടരുന്നു. മനുഷ്യനെന്ന നിലയ്ക്കുള്ള പരിമിതികള്‍, ഈ സിനിമയുടെ വിജയ ഘടകങ്ങളെക്കുറിച്ചു കൂടുതല്‍ ഉപന്യസിക്കുന്നതില്‍ നിന്ന് എന്നെ വിലക്കുന്നു. എന്തുകൊണ്ടെന്നാല്‍, ദൈവത്തിന്റെ വിശുദ്ധകരങ്ങളാല്‍, അനന്തവിഹായസ്സില്‍ വിരചിക്കപ്പെട്ടതത്രേ ഈ പറുദീസാ ചിത്രം!

3 comments:

Nila said...

Jigish..Valare nannayi ezhuthiyirikkunnu...

മനോഹര്‍ കെവി said...

ജൂലൈ ഒന്നിന് ഞങ്ങളുടെ ഫിലിം ക്ലബ് "ഇതള്‍" ( Indian Theatre and Arts Lovers ) ഉദ്ഘാടനം ആയിരുന്നു... ആദ്യ ചിത്രം ഈ മനോഹര ഫിലിം തന്നെ... മാജീദ് മജീദിയുടെ ഈ ചിത്രം എല്ലാവര്ക്കും ഇഷ്ടപ്പെട്ടു...വളരെ സിമ്പിള്‍ ആയി സംസാരിക്കുന്ന മാജീദിനെ , നമ്മുടെ സംവിധായകര്‍ ഒന്ന് പഠിക്കണം... ഒരു ചിത്രം സംവിധാനം ചെയ്യുമ്പോഴേക്കും ജാടയില്‍ സംസാരിക്കനാനല്ലോ നമ്മുടെ സംവിധായകര്‍ ശ്രദ്ധിക്കുക

ഫൈസൽ said...

മജീദിയും മക്മാല്ബാഫും കിരോസ്താമിയും ഹനയും സമീരയും അടക്കം നിരവധി പേര്‍ ഇറാനിയന്‍ സിനിമയെ ധന്യമാക്കി. അവര്‍ ഉണ്ടാക്കിയ ചലച്ചിത്രങ്ങള്‍ നമ്മുടെ മേളകളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ നമ്മുടെ സിനിമാക്കാര്‍ കൊട്ടകക്ക് വെളിയില്‍ നിന്ന് കാപ്പികുടിച്ചും പുകവലിച്ചും കത്തിവെച്ചും നേരം കളയുന്നു.