Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, October 1, 2009

കൊല്ലന്‍











യുവത്വത്തിന്റെ
നാവു പിഴുതെടുത്ത്
അരിവാള്‍ നിര്‍മ്മിച്ചു.

അധികാരത്തിന്റെ ചുറ്റിക
അതില്‍ ചേര്‍ത്തു വെച്ചു.

ഭയമെന്ന വികാരത്താല്‍
രക്ഷാകവചം തീര്‍ത്തു.

അനന്തരം ഉഷസ്സായി;
സന്ധ്യയായി; രാത്രിയായി.

കിഴക്കുനിന്ന് ‘മാവോ, മാവോ’
എന്ന അശരീരി മുഴങ്ങി.

സ്വര്‍ഗ്ഗരാജ്യത്തിന്റെ
വരവറിയിച്ചുകൊണ്ട്
ഒരു ചുവപ്പു നക്ഷത്രമുദിച്ചു..!

Tuesday, August 25, 2009

കവിജന്മം



ന്നെ നിങ്ങളറിയും.
സൂര്യന്റെ ഗര്‍വും
ഭൂമിയുടെ ക്ഷമയും ഞാന്‍.

പത്തുകല്പനയും
തത്വമസിയും
എനിക്കു സ്വന്തം.

പുരുഷോത്തമനായ രാമന്‍
പത്തുതലയുള്ള രാവണന്‍
ഇരയും വേട്ടക്കാരനും.

അഞ്ചുനേരവും നിസ്കാരം.
അരമനയും നരിമടയും
എന്റെ ആലയം.

ഉറക്കത്തിലു-
മുണര്‍ന്നിരിക്കുന്നവന്‍.
ഓരോ അണുവിലും
ജനിക്കുന്നവന്‍.
മരണത്തിലുമണയാത്തവന്‍.!

പെണ്ണിനോടും
ആണിനോടുംപ്രണയം.
മഴയും വെയിലും,
പുലിയും പുല്ലും
എന്റെ കൂട്ടുകാര്‍.

തന്തയില്ലാത്തവനെന്നുമാത്രം വിളിക്കരുത്.!
തന്തയും തള്ളയും ഈയുള്ളവന്‍.!

സ്വപ്നവും സത്യവും
സന്ധിക്കുമീ
ഭ്രാന്തന്‍ മുക്കിലും
നില്‍ക്കാത്ത
ത്രിലോകസഞ്ചാരി !

നിന്റെ കണ്ണാടിയില്‍
എന്നെതിരയുന്നതെന്തിന്.?
അതു നീ തന്നെയാണ്.!
ഭയപ്പെടേണ്ടാ;
ഞാന്‍ നിന്നോടു കൂടെയുണ്ട്..!!

Sunday, May 25, 2008

വീട്














വീട് ഒരു വെടിമരുന്നു ശാലയാണ്.
ഒരു തീപ്പൊരിയുടെ വിദൂരസാന്നിധ്യം പോലും
എന്നില്‍ അപകടഭീതിയുണര്‍ത്തുന്നു.

ഓര്‍മ്മയിലാണ്ടുമ്മറത്തിരിക്കെ
ഓര്‍ക്കാപ്പുറത്തൊരിടി വെട്ടുന്നു.
വീട് ഒരു വര്‍ഷകാലസന്ധ്യയാണ്...

സൌഹാര്‍ദ്ദത്തിന്റെ കടത്തുതോണി
സ്വപ്നം കണ്ടു മയങ്ങുന്ന ഒരു ദ്വീപ്..

വീട്, തുഴയും തുഴക്കാരനുമില്ലാതെ
പുഴനടുവിലൊറ്റപ്പെട്ട ഒരേകാന്തയാനപാത്രം..!!