Thursday, February 4, 2010

രവിയുടെ തുടര്‍ച്ചകള്‍.!

രവി

കാലവര്‍ഷത്തിന്റെ വെളുത്ത മഴ ശമിച്ചു. ജലം മാത്രം ഒഴുകി. ചെതലിയുടെ ചെരിവില്‍ നിന്ന്, അനേകം ധമനികളിലൂടെ മന്ദതാളത്തില്‍ അത് യാത്ര തുടര്‍ന്നു...വൈകുന്നേരത്തെ മന:ശ്ശാന്തിക്കുള്ള പഴുതു തേടിയിറങ്ങിയ കുപ്പുവച്ചനാണ് ആദ്യം കണ്ടത്. ബസ്റ്റോപ്പിലെ മണ്‍തിട്ടയ്ക്കരികെ, ഉടഞ്ഞ ശംഖു പോലെ ജല സമാധിയായി ഒരാൾ‍..കണ്ണില്ലാത്തവന്റെ ഹൃദയത്തിലേയ്ക്ക് ദുരന്തസാന്നിധ്യമായി രവി വന്നു നിറയുകയായിരുന്നു. വരണ്ട ആ കൺകുഴികൾ രണ്ടുതുള്ളി നീരിനായി ദാഹിച്ചു.! “എന്റെ ദെയ്‌വത്തുങ്ങളേ, നുമ്മടെ മേഷ് ക്കെന്താ പറ്റീത്..?” അയാള്‍ ആര്‍ത്തുവിളിച്ചു.! ആധിപൂണ്ട ഖസാക്കിലെ മനുഷ്യര്‍ ഒന്നൊന്നായി വെട്ടുവഴികളിലൂടെ അവിടേക്കൊഴുകിയെത്തി. അവരുടെ നിരുപാധിക സ്നേഹം പ്രാചീനമായ ഒരൊറ്റ നിലവിളിയായി രവിയെ ചൂഴ്ന്നു.! ആദിമമായ തണുപ്പില്‍ ലയിച്ച് അയാള്‍ സുഖനിദ്രയിലാണ്ടുകിടന്നു. നിരാസക്തിയുടെ ഒരു ചിരി ആ ചുണ്ടില്‍ അപ്പോഴും മായാതെ നിന്നു.!

എല്ലാ ശബ്ദവും നിലച്ച സ്കൂള്‍ വരാന്തയില്‍, രവിയെ കിടത്തി. മാധവന്‍ നായര്‍ കരഞ്ഞില്ല. രവിയുടെ തലയ്ക്കല്‍ കുന്തിച്ചിരുന്ന് അയാള്‍ ആ മുടിയിഴകളെ മാടിയൊതുക്കി. “യാ അള്ളാ..!” ഖാലിയാര്‍ രവിയുടെ ശാന്തിയ്ക്കായി മനസ്സലിഞ്ഞു പ്രാര്‍ത്ഥിച്ചു. കുഞ്ഞാമിനയുടെയും അപ്പുക്കിളിയുടെയും കണ്ണുകള്‍ നിര്‍ത്താതെ പെയ്തുകൊണ്ടി രുന്നു.! മൈമുന മാത്രം വന്നില്ല; അവളുടെ അഭാവം നിരവധി അർത്ഥങ്ങളുള്ള ഒരു മൌനമായി അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. സന്ധ്യയായി; രാത്രിയായി.. പതിയെപ്പതിയെ, ചെതലിയ്ക്കുമപ്പുറം പ്രഭാതം ചുവന്നു വെളുത്തു. പത്തുമണിയോടെ, കൂമന്‍ കാവിലെ തപാലാഫീസില്‍ നിന്ന് ചുരുങ്ങിയ വാക്കുകളില്‍ ഒരു ചരമസന്ദേശം രവിയുടെ വീട്ടിലേക്കു പുറപ്പെട്ടു. പിന്നീട്, നിരാലംബമായ ഒരു വിലാപമായി ഖസാക്ക് രവിക്കു വിട ചൊല്ലി. ആംബുലന്‍സിലെ ഇരുമ്പുതല്പത്തില്‍ നിത്യശാന്തമായ മനസ്സും ശരീരവുമായി രവി നീണ്ടുനിവര്‍ന്നു കിടന്നു.!

അച്ഛന്‍

തറവാടിന്റെ കിഴക്കേമുറ്റത്ത്, പുഷ്പചക്രങ്ങളുടെ മധ്യത്തില്‍ രവി അവസാനമായി ചമഞ്ഞുകിടക്കവേ, മകനെ അടുത്തുകാണാന്‍ അച്ഛന്‍ ആഗ്രഹിച്ചില്ല. ദുര്‍ബ്ബലമായ ആ ദേഹത്തെ ആരോ താങ്ങി, ഇറയത്തെ സോഫയില്‍ ചാരിയിരുത്തിയെങ്കിലും ആ കണ്ണുകള്‍ ദൂരെ, പാടത്തിനും പുഴയ്ക്കുമക്കരെ ശൂന്യതയിലെവിടെയോ നഷ്ടപ്പെട്ടു. തീവ്രവിഷാദത്തിന്റെ ഒരല ഉള്ളില്‍ നിറഞ്ഞുവന്നെങ്കിലും അയാള്‍ ഒന്നും കാണുന്നുണ്ടായിരു ന്നില്ല.! വിദൂരമായ ഏതോ മലഞ്ചരിവിലൂടെ അച്ഛനും കൌമാരം വിടാത്ത രവിയും സായാഹ്നയാത്രയിലായിരുന്നു.! കുട്ടിത്തം നിറഞ്ഞ കുസൃതിയോടെ, തന്നെ തോല്‍പ്പിച്ചുകൊണ്ട് മലമുകളിലേയ്ക്ക് ഓടിക്കയറുന്ന രവിയെ ഇടയ്ക്കിടെ, മൂടല്‍മഞ്ഞിന്റെ വെള്ളത്തിര വന്നു മൂടി. അപ്പോഴെല്ലാം അയാള്‍ ഭയം നിറഞ്ഞ കരുതലോടെ വിളിച്ചു പറഞ്ഞു: “മോനേ രവീ, അവിടെ നില്‍ക്ക്, ഞാനും കൂടി വരട്ടെ..!”

ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍, സന്ധ്യയുടെ ചുവപ്പു മുഴുവന്‍ അലിഞ്ഞു തീര്‍ന്നിരുന്നു..! ചെറിയ ശബ്ദങ്ങ ളും പിറുപിറുക്കലുകളും അകന്നകന്നു പോയി. തെക്കേമുറിയുടെ ജനാലയിലൂടെ കത്തിയമരുന്ന ചിതയിലേക്ക് നോക്കിയിരിക്കെ പത്മയ്ക്കു തന്റെ ബോധം മറയുന്ന പോലെ തോന്നി.

പത്മ

രവി യാത്രയായിട്ട് എത്ര ദിവസമായിക്കാണും.? പത്മയ്ക്ക് സ്വന്തം മുറി ഒരു തടവറയായി അനുഭവപ്പെട്ടു. ഇവിടെയെത്തി, കാലം നിശ്ചലമായ പോലെ..! ഓര്‍മ്മകള്‍ മനസ്സിന്റെ വെളിമ്പുറങ്ങളില്‍ കാരുണ്യമില്ലാതെ മേഞ്ഞുനടന്ന്, അവളെ കുത്തി മുറിവേല്‍പ്പിച്ചു.. രവിയില്‍ തുടങ്ങി രവിയിലവസാനിക്കുന്ന ഓര്‍മ്മകള്‍..! അവള്‍ക്കു രവിയോടു ദേഷ്യം തോന്നി. ‘നീ ശരിക്കും എന്നെ ഒറ്റയ്ക്കാക്കി. നീയില്ലാതെ എനിക്കൊന്നുമാവില്ലെന്നും എന്റെ ഭാഷ മനസ്സിലാവുന്ന വേറെ ആരും ഈ ഭൂമിയിലില്ലെന്നും നീ ഓര്‍ക്കാതിരുന്നതെന്ത്.? എന്റെ പഠനവും ഗവേഷണവുമെല്ലാം നിന്നെ മനസ്സിലാക്കാന്‍ വേണ്ടി മാത്രമായിരുന്നു..അഴിയുന്തോറും കെട്ടുപിണയുന്ന കുരുക്കുകളായി മാറിയ എന്റെ പരീക്ഷണങ്ങള്‍..! എല്ലാം വെറുതെയായി...” ഒരു നാടന്‍ പെണ്‍കൊടിയെപ്പോലെ, അവള്‍ പരിഭവിച്ചു. മനസ്സ് ഒരു കല്ലായി മാറിയിരിക്കുന്നു.! ഒന്നുറങ്ങാന്‍ കഴിഞ്ഞെങ്കില്‍..?

കിടക്കയില്‍ നിന്നെണീറ്റ്, അവള്‍ ജനാല തുറന്നു. പുറത്ത്, നല്ല നിലാവ്..! നേര്‍ത്ത ജലതരംഗമായി ഒരു മഴ തുടരുന്നുണ്ട്..! ഏതോ വിസ്മൃതിയില്‍, അവള്‍ അലമാരിയുടെ വാതില്‍ തുറന്ന് ഉറക്കഗുളികയുടെ കുപ്പി കൈയിലെടുത്തു. ഗുളികകള്‍ ഒന്നൊന്നായി വിഴുങ്ങവെ, അവളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. കൂജയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു..നല്ല സുഖം..! ഒന്നു മുറ്റത്തിറങ്ങിയാലോ..? മഴ നനഞ്ഞ് പതിയെ നടക്കവെ‍, അവള്‍ക്കു രവിയുടെ ഗന്ധം അനുഭവപ്പെട്ടു.! ചേരും ചതുരമുല്ലയും ഇഞ്ചയും പടര്‍ന്നു പിടിച്ച സര്‍പ്പക്കാവിലെ നാഗദൈവ ങ്ങള്‍ക്കരികിലൂടെ അവള്‍ കുളക്കരയിലേക്കു നടന്നു. തല നേരെ നില്‍ക്കുന്നില്ല. നല്ല മയക്കം.! സ്വസ്ഥതയോടെ അവള്‍ കിടന്നു. പിറ്റേന്നു പുലര്‍ച്ചെ, കുളക്കടവിനു സമീപം വീട്ടുകാര്‍ അവളെ കണ്ടെത്തുമ്പോള്‍ ആ ദേഹം തണുത്തു വിറങ്ങലിച്ചിരുന്നു..!

കഥാന്തരം

അനസൂയയുടെ ഇരുപതാം പിറന്നാളായിരുന്നു അന്ന്. അനുമോളെന്ന് അവളെ സ്നേഹത്തോടെ വിളിക്കുന്ന അമ്മമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി, രാവിലെ തന്നെ കുളിച്ചൊരുങ്ങി അവള്‍ അമ്പലത്തിലേക്കു പുറപ്പെട്ടു. ശ്രീകോവിലിനു മുന്നില്‍ ഇന്നു തിരക്കു കുറവാണ്.... ഓടക്കുഴലൂതുന്ന കൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ഏകാഗ്രയായി അവള്‍ കണ്ണടച്ചുനിന്നു. പ്രസാദം വാങ്ങി, പ്രദക്ഷിണവഴിയിലൂടെ ചുറ്റമ്പലത്തിനു വലം വെയ്ക്കവെ, വടക്കുപടിഞ്ഞാറെ മൂലയില്‍ പടര്‍ന്നു പന്തലിച്ചു നിന്ന അരയാല്‍ ഒരു ചിരിയാല്‍ അവളെ മാടിവിളിച്ചു. അവള്‍ അടുത്തുചെന്നു. വിണ്ടുകീറിയ തറയില്‍ വളര്‍ന്നു പടര്‍ന്ന വേരുകള്‍.! ഏതോ ഓര്‍മ്മയില്‍, അവള്‍ ആ വേരുപടലത്തില്‍ കൈ തൊട്ട് നിറുകയില്‍ വെച്ചു. ചെറിയൊരു കാറ്റ് അവളെ തഴുകി കടന്നുപോയി. അടര്‍ന്നു വീണ ഒരില അവളുടെ തുടുകവിളില്‍ സ്പര്‍ശിച്ച് താഴേയ്ക്കു പതിച്ചു. ഒരു കാറ്റു കൂടി വീശി. ഇത്തവണ, ആലിലകള്‍ തുറന്നുചിരിച്ചു. ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്ന് ആരോ അവളുടെ ചെവിയില്‍ പതിയെ മന്ത്രിച്ചു..“എന്റെ പെണ്‍കുട്ടീ, നീയെന്നെ മറന്നല്ലോ..?”

24 comments:

കൊച്ചുതെമ്മാടി said...

മലയാളാ സാഹിത്യത്തിലെ ഒരു നാഴികക്കല്ലായി എന്നും നിലനില്‍ക്കുന്ന ഖസാക്കിന്റെ ഇടവഴിയിലൂടൊരു എത്തിനോട്ടം....
രവിയെ മറ്റൊരു അവസ്ഥയില്‍
മറ്റൊരു കാലത്ത് പ്രതിഷ്ടിക്കാനുള്ള
ഈ ശ്രമം അഭിനന്ദനീയം
നല്ല ഒഴുക്കുള്ള ഭാഷ...
മനോഹരമായ വിവരണം....
ഇനിയും വരട്ടെ ഇത്തരം കിടുകിടുക്കന്‍ പോസ്റ്റുകള്‍
ആശംസകള്‍...

Manoraj said...

കാലാന്തരങ്ങളിലൂടെ, ദേശാന്തരങ്ങളിലൂടെ ഇത്ര സഞ്ചരിച്ചാലും മലയാളിക്ക്‌ മറക്കാനാവാത്ത കുറെ കഥാപാത്രങ്ങളെ സമ്മാനിച്ച നോവൽ.. നോവൽ സാഹിത്യത്തെ ഒരു പക്ഷെ, ഖസാക്കിനു മുൻപും ഖസാക്കിനു ശേഷവുമെന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു അല്ലേ ജിഗ്ഗി. രവിയുടെ തുടർച്ചകൾ നേരെ മരണക്കാഴ്ചകളിലേക്ക്‌ പോകണമായിരുന്നോ എന്നൊരു സംശയം.. രവി ജീവിക്കട്ടെ.. ഖസാക്കിനു മരണമില്ലാത്തതുപോലെ... താങ്ങളുടെ ഭാഷ മനോഹരമാട്ടോ... പിന്നെ, ഖസാക്കിന്റെ ഇതിഹാസം ഒരു വട്ടം കൂറ്റി വായിക്കുവാൻ ജിഗ്ഗീ താങ്കൾ എന്നെ നിർബന്ധിക്കുന്നു.. നന്ദി,...

Jishnu vediyoor namboodirippad said...

കൊള്ളാമല്ലോ ജിഗീഷ്‌ ചേട്ടാ! ഇങ്ങള് ഒരു പുലി തന്നെ! ഓള്‍ ദി ബെസ്റ്റ്‌! കീപ്‌ ഇറ്റ്‌ അപ്പ്‌!!! പൊക്കി പിടിച്ചു സൂക്ഷിക്ക്!!!

റ്റോംസ് കോനുമഠം said...

ജഗദീഷേട്ടാ,
നല്ല ഭാഷ.
ഖസാക്കിലാണ്‌ ഞാനൊക്കെ വായന്‍ തുടങ്ങിയത് തന്നെ..

Renjishcs said...

ഖസാക്കിന്റെ ഇതിഹാസകാരൻ നിർത്തിയിടത്തു നിന്ന് തുടങ്ങുക ദുഷ്കരം. എങ്കിലും ഇവിടെ ഈ ശ്രമം ശ്ലാഘനീയം. ഈ യാത്ര തുടരട്ടെ.

നീര്‍വിളാകന്‍ said...

ഹോ...വിശ്വസിക്കാന്‍ കഴിയുന്നില്ല ജിഗീഷ്.... അത്ര പെര്‍ഫെക്ഷന്‍ അവകാശപ്പെടാവുന്ന ഒരു എഴുത്ത്.... ഇതൊക്കെ സൂക്ഷിച്ച് വച്ചിട്ടാണോ താന്‍ ഞങ്ങാളുടെ ഇടയില്‍ വെറും സധാരണക്കാരനെ പോലെ ജീവിച്ചത്.... അപാരമായ ഒരു എഴുത്ത്.... മറ്റെല്ലാം ഉപേക്ഷിച്ച് എഴുത്തില്‍ മാത്രം ശ്രദ്ധിക്കൂ.... നാളത്തെ അറിയപ്പെടുന്ന ഒരു എഴുത്തുകാരന്‍ ആകാന്‍ തനിക്കു കഴിയുമെന്ന് ഈ ഒരൊറ്റ എഴുത്തിലൂടെ താന്‍ തളിയിച്ചിരിക്കുന്നു.... വളരെ ഇഷ്ടപ്പെട്ടു... വാക്കുകളില്ല!

സുനിൽ പണിക്കർ said...

ഗംഭീരം...!

JIGISH said...

തെമ്മൂ, മനോരാജ്, ജിഷ്ണൂ, ടോംസ്,
രഞ്ചൂ, അജിത്, സുനില്‍....

വാക്കുകള്‍ തോല്‍ക്കുന്നു.! ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഹൃദയപൂര്‍വമായ നന്ദി.!

jayarajmurukkumpuzha said...

ashamsakal............

Manoraj said...

സുഹൃത്തുകളേ,

വാക്ക് കൂട്ടായ്മയിൽ “രവിയുടെ തുടർച്ചകൾ” എന്ന വിഷയവും അതിനു ശേഷം ജിഗ്ഗി എഴുതിയ പോസ്റ്റും കണ്ടപ്പോൾ ഖസാക്കിലൂടെ വീണ്ടും ഒന്ന് സഞ്ചരിച്ചു.. അപ്പോൾ തോന്നിയ എന്റെ വികല്പമായ ചിന്ത.. എന്തുകൊണ്ടോ മയ്യഴിയിലൂടെയും ഒന്ന് പോകണമെന്ന്.. രണ്ടും വായിച്ച് കഴിഞ്ഞപ്പോൾ അതിലും വലിയ മണ്ടൻ ആശയം മനസ്സിലുദിച്ചു. അതിന്റെ പരിണാമമാണീ കഥ.. ഇതിനെ ഞാൻ കഥ എന്ന് വിളിക്കുമ്പോൾ ഒരു പക്ഷെ, ഖസാക്കിന്റെയും മയ്യയിഴുടെയും ഇതിഹാസകഥാകാരന്മാർ എനിക്ക് മാപ്പ് തരില്ല.. എങ്കിലും വിഡ്ഡികളുടെ വെളിപാടുകൾ വിവരമുള്ളവർ ക്ഷമിക്കുമല്ലോ. അതുപോലെ എന്റെയീ തെറ്റും നിങ്ങൾ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ.. വായനക്കായി ഇത് സമർപ്പിക്കട്ടെ...
ഖസാക്ക് തുടങ്ങിയ അതേ സ്ഥലത്ത് നിന്നും തന്നെ ഞാൻ ഇത് തുടങ്ങട്ടെ.. വഴിയമ്പലം തേടീ... വായിക്കുക...

സന്തോഷ്‌ പല്ലശ്ശന said...

നല്ല ശ്രമം

vinus said...

പ്രശംസനീയം തന്നെ ഈ ശ്രമം കഥന്തരം കൂടി ചേർന്നപ്പൊ മുഴുവനായി അഭിനന്ദനങ്ങൾ

Ajay said...

My dear Jigish,
Iam late to visit this page,
You describe yourself as "nothing"
in the profile details, that shows your humility, your greatness.To realise that Iam nothing requires a lot of wisdom.Great.And your stories, they simply take you to a really learned environ, where mundane creatures like us fear to tread. well conceived and written, congrats once agains jigish
ajay

ente lokam said...

ഋതു വഴി ആണ് വന്നത്...വളരെ
നന്നായി പറഞ്ഞിരിക്കുന്നു...ആശംസകള്‍..
ബ്ലോഗിന്റെ പരിമിതികള്‍ വിട്ടു എഴുത്തിന്റെ
വലിയ ലോകത്തേക്ക് വരാന്‍ അവസരം
ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

സതീഷ്‌ കുമാര്‍. എസ്‌ said...

@Manoraj
രവിയുടെ തുടർച്ചകൾ നേരെ മരണക്കാഴ്ചകളിലേക്ക്‌ പോകണമായിരുന്നോ എന്നൊരു സംശയം ..
താങ്കള്‍ക്കു തോന്നിയത് പോലെ എനിക്കും തോന്നിയിരുന്നു
പക്ഷെ ഒന്നോടെ വായിച്ചു നോക്ക് ...രവി മരിച്ചിടുണ്ടോ എന്നു ....

ജിഗിഷ് ഏട്ടാ ...മനോഹരം ...
പിന്നെ രവിയുടെ തുടര്‍ച്ചയെ ഈ മഴകാലത്ത് ഫേസ് ബുക്കിന്റെ
കിളി വാതിലൂടെ വിവരിച്ചു മനസിലാകി തന്നതിന് നന്ദി

Nila said...

Kuppuvachon was Blind?????

Marykkutty said...

nannayittundu..!

നികു കേച്ചേരി said...

പുതിയൊരു വായനയിലേക്കു തുറക്കുന്നു...നല്ല ശ്രമം...

JIGISH said...

നിളയുടെ നിരീക്ഷണം ശരിയാ..അതനുസരിച്ച് ചെറുതായി എഡിറ്റ് ചെയ്തിട്ടുണ്ട്..!നന്ദി...

ഞാൻ said...

good one liked it...

Dev Gowri said...
This comment has been removed by the author.
Dev Gowri said...
This comment has been removed by the author.
Dev Gowri said...

യാദൃശ്ചികമായി എത്തിപെ്പട്ടതാണ് . നല്ല എഴുത്ത് . ഏറെക്കുറെ അതേ അന്തരീക്ഷം തന്നെ അനുഭവേദ്യമാകുന്നുണ്ട്

anand manmadhan said...

കഥാതരം 👍