Thursday, January 2, 2014

വെടി വഴിപാട്













പുരോഗമനപരമല്ലാത്ത സദാചാരസംഹിതകളെ ചോദ്യം ചെയ്യുന്നത് പുതിയ കാര്യമൊന്നുമല്ല. പണ്ടുമുതലേ എഴുത്തുകാരും കലാകാരന്മാരും ഒരു നിയോഗമായി ഇതേറ്റെടുത്തിട്ടുണ്ട്. ഇക്കാരണത്താൽത്തന്നെ പലരെയും നമ്മൾ കുരിശിലേറ്റിയിട്ടുമുണ്ട്. എന്നിട്ടും കാലങ്ങളിലൂടെ ക്രിയാത്മകപ്രവർത്തനം തുടരുന്നു. ഡിബേറ്റ് ചെയ്യപ്പെടേണ്ട നിരവധിസദാചാരങ്ങൾ നമ്മളിപ്പോഴും കൃത്യമായി പരിപാലിച്ചുപോരുന്നുണ്ട് എന്നതാണ് അതിന്റെ കാലികപ്രസക്തി.

പൊതുവിൽ പറഞ്ഞുകേട്ടതുപോലെ െടിവഴിപാട്ഒരു ചീത്ത സിനിമയാണെന്നു കണ്ടപ്പോൾ തോന്നിയില്ല. പോസ്റ്ററുകളിൽ കണ്ടതുപോലെ, ഇതൊരു വെടിക്കെട്ടുസിനിമയല്ല. എന്നാൽ കലാകാരന്റെ കോട്ടുവായ പോലെ, വെറുമൊരു വഴിപാട് സിനിമയുമല്ല. സിനിമയിലെ പൊങ്കാല ഒരു നറേറ്റീവ് സങ്കേതം മാത്രമാണെന്നു കാണാൻ അതിബുദ്ധിയൊന്നും വേണ്ട. അതുപയോഗിച്ചുകൊണ്ട് ഒരു നഗരത്തിന്റെ 24 മണിക്കൂർ ജീവിതം തുറന്നുവെയ്ക്കുകയാണ് സിനിമ. ഏതൊരു നഗരത്തിലും, ഏതൊരു ദിവസത്തിലും ചേർത്തുവെയ്ക്കാവുന്ന ഒരു ജീവിതഖണ്ഡം. നഗരവാസികളായ നാലു യുവദമ്പതികളും ലൈംഗികത തൊഴിലായി സ്വീകരിച്ച ഒരു യുവതിയുമാണ് കഥാപാത്രങ്ങൾ. പുറംജീവിതത്തിനു സമാന്തരമായി നഗരത്തിന് ഒരു അകംജീവിതവുമുണ്ട്. അതിൽ രതിയുണ്ട്. തെറിയുണ്ട്. ചതിയുണ്ട്. പെർവെർഷനുണ്ട്. പരിഹാരമില്ലാത്ത വിഷാദം പോലുമുണ്ട്. ജീവിതത്തിലുള്ളത് അതേപടി കാണിച്ചാൽ കലയാകുമോ എന്നു ചോദിച്ചാൽ, ഇല്ല എന്നുതന്നെയാണുത്തരം. ആയതിനാൽ ഇതൊരു കലാസിനിമയൊന്നുമല്ല. ന്യൂ ജനറേഷനെന്നാൽ സോഫ്റ്റ് പോൺ മാത്രമാണ് എന്ന മുൻവിധിയും ശരിയല്ല. മനസ്സിൽ നിന്ന് കലയും കാല്പനികതയും ഒഴുക്കിക്കളയുന്ന ഒരു മുഷിഞ്ഞ റിയാലിറ്റിയാണ് സിനിമ.

സെൻസർബോർഡുമായുള്ള ഒരങ്കത്തിനു ശേഷം പ്രായപൂർത്തിയായവർക്കു മാത്രം എന്ന മുന്നറിയിപ്പുമായാണ് സിനിമ ഇറങ്ങിയത്. എന്നാൽ, ഇതുകൊണ്ടുമാത്രം ശംഭു പുരുഷോത്തമൻ എന്ന സംവിധായകന്റെ ഈ കന്നിസംരംഭത്തെ അവഗണിക്കാനാവില്ല. പോർണോഗ്രഫിയുടെ ഈ സുവർണ്ണകാലത്ത് ഈ ‘A’ സർട്ടിഫിക്കറ്റിനെന്തു പ്രസക്തി എന്നാണെങ്കിൽ, ചിത്രം അതിനുള്ള മറുപടി നൽകുന്നുണ്ട്. രതികേന്ദ്രീകൃതമായ ഒരു സറ്റയറിന്റെ ഫോർമാറ്റാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. പതിവിൽ നിന്നു ഭിന്നമായി ഡോക്കുമെന്ററി സ്വഭാവമുള്ള ഒരു നോൺലീനിയർ ശില്പത്തെ ഒട്ടും ബോറടിക്കാത്ത രീതിയിൽ മിനുക്കിയെടുത്തിട്ടുണ്ട്. ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മാത്രം നാം കണ്ടുപരിചയിച്ച രതിയെ നേർക്കുനേർ പറയുന്നതിന്റെ, കാണുന്നതിന്റെ ഒരസ്വസ്ഥത പലരും പ്രകടിപ്പിക്കുന്നുണ്ട്. തിരശ്ശീലയിലെ രതിമുഹൂർത്തങ്ങളുടെ ഫീഡ്ബാക്ക് അസഹിഷ്ണുതയിൽ പൊതിഞ്ഞ തെറിവാക്കുകളായി മടക്കിനൽകുന്ന പ്രേക്ഷകരും സിനിമയുടെ പ്രമേയത്തെ കൃത്യമായി വിശദീകരിക്കുന്നുണ്ട്. തെറിയുടെ അകമ്പടിയില്ലാതെ നമുക്കു രതിയുമില്ലല്ലോ.!

വിവാഹബന്ധത്തെയോ വിവാഹേതരബന്ധങ്ങളെയോ ആദർശവൽക്കരിക്കാനുള്ള ബോധപൂർവമായ ഒരു ശ്രമം സംവിധായകൻ നടത്തുന്നില്ല. എങ്കിലും, ജോസഫും (ഇന്ദ്രജിത്ത്) വിദ്യയും (മൈഥിലി) തമ്മിലുള്ള വിവാഹേതരബന്ധത്തെ പതിവുഫോർമാറ്റിൽ നിന്നു വ്യത്യസ്തമായി, വളരെ സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നു. ഏറെ ഹൃദ്യമായി വികസിച്ചുവരുന്ന അവരുടെ സംഭാഷണത്തിലൂടെയാണ് സിനിമയുടെ സന്ദേശം സംവിധായകൻ പ്രേക്ഷകനു കൈമാറുന്നതും. ഒരേ തരംഗദൈർഘ്യമുള്ള രണ്ടു മനസ്സുകളുടെ സ്വാഭാവികലയനമായി ഒരു പ്രണയം പരിണമിക്കുന്നത് നമുക്കിവിടെ കാണാം.

സന്ദേശത്തെക്കുറിച്ചാണെങ്കിൽ, ഏതുവിദ്യാസമ്പന്നനും വിശ്വസിക്കുന്ന ചൊവ്വാദോഷത്തെ സിനിമ ഡിബേറ്റ് ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട ചേർച്ചയില്ലാത്തവരുടെ അറേഞ്ച്ഡ് മാര്യേജിനെ ഡിബേറ്റ് ചെയ്യുന്നു. അതിൽ നിന്നുണ്ടാകുന്ന അസംതൃപ്തരതിയെ ഡിബേറ്റ് ചെയ്യുന്നു. അതിൽ നിന്നുണ്ടാകുന്ന വിവാഹേതരബന്ധത്തെയും ലൈംഗികപീഡനത്തെയും വ്യഭിചാരത്തെയും ഡിബേറ്റ് ചെയ്യുന്നു. യുക്തിഭദ്രമല്ലാത്ത ആണധികാരത്തെ ഡിബേറ്റ് ചെയ്യുന്നു. പുരുഷന്റെ ‘ലിംഗപര’മായ പരിമിതികളെ ഒരു നാണവുമില്ലാതെ വെളിപ്പെടുത്തുന്നു. രതിയുടെ സമസ്യകൾക്കപ്പുറം, ഷെയർമാർക്കറ്റിനെയും ചാനൽമാർക്കറ്റിനെയും ഡിബേറ്റ് ചെയ്യുന്നു. ഭക്തിയുടെയും ഉത്സവത്തിന്റെയും മാർക്കറ്റും ഡിബേറ്റ് ചെയ്യപ്പെടുന്നു.!

പോർണോഗ്രഫിയിലേയ്ക്കു വഴുതാനുള്ള ഒരു സാധ്യത സിനിമയിലെ ഓരോ സന്ദർഭത്തിലും ബോധപൂർവമെന്നോണം നിലനിർത്തുന്നുണ്ട്. എന്നാൽ ഈ സന്ദർഭങ്ങളോരോന്നും പ്രേക്ഷകന്റെ പ്രതീക്ഷയെ തെറ്റിച്ചുകൊണ്ട് ഒടുവിൽ, സാധ്യതയെ അസാധ്യതയാക്കി മാറ്റുകയും സിനിമയെ കൂടുതൽ സിനിമാറ്റിക്കാക്കുകയും ചെയ്യുന്നു. ഒടുവിൽ, രതിവില്പനക്കാരിയുടെ വള്ളി പൊട്ടിയ ചെരുപ്പിലേയ്ക്ക് ക്യാമറ തിരിച്ചുവെച്ചുകൊണ്ട് സംവിധായകൻ തന്റെ സമീപനം കൃത്യമായി വ്യക്തമാക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ, വ്യക്തിയുടെയും സമൂഹത്തിന്റെയും യാഥാർത്ഥ്യങ്ങളോടു പുറം തിരിഞ്ഞുനിൽക്കുന്ന സോപ്പ് സിനിമകൾ മാത്രം പോര. ലൈംഗികതയുൾപ്പെടെയുള്ള പ്രമേയങ്ങളെ അതീവഗൌരവത്തോടെ സമീപിക്കുന്ന നിലവാരമുള്ള ‘A’ സർട്ടിഫിക്കറ്റ് സിനിമകളും നമുക്കു വേണമെന്നർത്ഥം.!

No comments: