Monday, June 6, 2011

സഞ്ജുവിശ്വം; ഒരു ദുരന്തകഥ

 
ഒന്ന്
സഞ്ജുവിശ്വം എന്ന കുരുന്നുജീവനിൽ അതിബുദ്ധിയുടെ ജീനുകൾ നിറയ്ക്കുമ്പോൾ അത് ദൈവത്തിന്റെ നിഷ്കളങ്കമായ ഒരു അധികാരപ്രയോഗം മാത്രമായിരുന്നു..! വ്യത്യസ്തനായ ഒരു മനുഷ്യനു ഭൂമിയിൽ നേരിടേണ്ടിവരാവുന്ന പ്രശ്നങ്ങളെപ്പറ്റി അപ്പോൾ ദൈവം ചിന്തിച്ചിരുന്നില്ല. അധികാരമെന്ന ദുരൂഹസമസ്യയെപ്പറ്റി പ്രജയായ സഞ്ജുവിശ്വത്തിനും അറിവുണ്ടായിരുന്നില്ല.! അങ്ങനെയുള്ള ഒരാൾ, തികച്ചും നിരുപാധികമായി ജീവിതത്തെ നേരിടുമ്പോൾ എന്തൊക്കെയാവാം സംഭവിക്കുക..?

ബാലനായ സഞ്ചുവിന്റെ വ്യത്യസ്തതകൾ, ചെറുപ്രായത്തിൽത്തന്നെ അവനെ കളിക്കൂട്ടുകാരിൽ നിന്നകറ്റി.! ഇടവേളകളിൽ നിഴലും വെളിച്ചവും ചിത്രം വരയ്ക്കുന്ന സ്ക്കൂൾമുറ്റത്ത്, അരങ്ങേറുന്ന കള്ളനും പോലീസും കളിയിലെ അധികാരം അവനിഷ്ടമായിരുന്നില്ല. ആളൊഴിഞ്ഞ ക്ലാസ്സ് മുറിയിലെ ജനൽ‌പ്പടിയിൽ ഏകനായിരുന്ന് അവൻ പുറംലോകത്തെ ചടുലതകൾ വീക്ഷിച്ചു. എല്ലാ വിഷയത്തിനും ഉയർന്ന മാർക്കു വാങ്ങുന്ന അവനെ സഹവിദ്യാർത്ഥികൾ അസൂയയോടെ മാത്രം നോക്കി.. ഏഴാം ക്ലാസ്സിലെത്തുമ്പോഴേയ്ക്കും ബാലരമയും പൂമ്പാറ്റയും കളിക്കുടുക്കയുമടങ്ങുന്ന ബാലസാഹിത്യം മടുത്തിരുന്നു. നഗരസഭാ ലൈബ്രറിയിലെ ഷെൽഫിൽ നിരന്നിരുന്ന നോവലുകൾ അവന്റെ അവധിദിനങ്ങൾ അപഹരിച്ചു. സഞ്ജുവിന്റെ പകലുകൾ മിക്കവാറും കിടപ്പുമുറിയ്ക്കുള്ളിൽ തുടങ്ങി, അവിടെത്തന്നെ അവസാനിച്ചു. എങ്കിലും അവൻ ദു:ഖിതനായിരുന്നു. ഒരു ആത്മസുഹൃത്തിന്റെ സാമീപ്യത്തിനായി പലപ്പോഴും ഹൃദയം കൊതിച്ചു. തൊട്ടടുത്ത അമ്പലത്തിൽ ഒമ്പതാമുത്സവം പൊടിപൊടിയ്ക്കുമ്പോൾ, തനിക്കു കൂട്ടായി ഒപ്പം നടക്കാൻ ഒരാളെപ്പോലും കിട്ടാതെ, ഏകനായി അവൻ ആൾത്തിരക്കിലലഞ്ഞു. ഇടയ്ക്കിടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു..!

വീട്ടിൽ, അമ്മയായിരുന്നു അധികാരകേന്ദ്രം. ഒരിക്കലും അവസാനിക്കാത്ത അവരുടെ ശകാരവാക്കുകൾ അവനെ നിരന്തരം പിൻതുടർന്നു. യാഥാർത്ഥ്യം പ്രതികൂലമാണെന്നു മനസ്സിലാക്കിയ സഞ്ചുവിശ്വം ഭാവനയുടെ ലോകത്ത് യഥേഷ്ടം വിഹരിച്ചു. തന്റെ ഇഷ്ടനോവലുകളിലെ സ്നേഹവും സ്വാതന്ത്ര്യവും വേണ്ടുവോളം അനുഭവിക്കുന്ന കഥാപാത്രങ്ങൾക്കൊപ്പം അവരിലൊരാളായി അവൻ മാറി.
രണ്ട്
നഗരത്തിലെ പ്രമുഖകലാലയം അവനു മുന്നിൽ പുതിയൊരു ലോകംതുറന്നിട്ടു. ജീവിതത്തിലാദ്യമായി അമ്മയുടെ ശകാരത്തിൽ നിന്നും ഏട്ടന്റെയും ചേച്ചിമാരുടെയും കുത്തുവാക്കുകളിൽ നിന്നും അവൻ രക്ഷപ്പെട്ടു. എന്നാൽ, പ്രായത്തിൽ കവിഞ്ഞ പക്വതയുമായി, ചിന്തയിൽ മുഴുകി നടന്ന അവന് ‘പാവം’ എന്ന ബഹുമതിയാണ് സുഹൃത്തുക്കൾ കനിഞ്ഞുനൽകിയത്..! ഹോസ്റ്റലിലെ ആദ്യരാത്രിയിൽ, റാഗിംഗ് എന്ന പേരിൽ വീണ്ടും അധികാരം അവനു മുൻപിലെത്തിയെങ്കിലും നിഷ്കളങ്കമായ പുഞ്ചിരിയാൽ, ഒരു പരിധിവരെ അതിനെ നേരിടാൻ അവനു സാധിച്ചു.

കാമ്പസ്സ് ഒരു സ്വപ്നസാമ്രാജ്യം തന്നെയായിരുന്നു.! മാലാഖമാർ മാത്രമുള്ള ആ സ്വപ്നജീവിതത്തിൽ അവർക്കൊപ്പം അവനും പാറിനടന്നു. ആകാശത്തോളം വളർന്ന അവന്റെ ചിന്തകൾ, ഭാവനകൾ അക്ഷരങ്ങളായി കോളേജ് മാഗസിനിലെ മുൻപേജുകളിൽ സ്ഥാനം പിടിച്ചു. പതിയെപ്പതിയെ, സഞ്ജുവിശ്വം കാമ്പസ്സിൽ പ്രശസ്തനായി. കഥാമത്സരത്തിൽ ഒന്നാം സമ്മാനാർഹമായ അവന്റെ സൃഷ്ടി പ്രമുഖസാഹിത്യമാസികയിൽ പ്രസിദ്ധീകരിച്ചുവന്നതോടെ സഞ്ചുവിശ്വം ഒരു എഴുത്തുകാരന്റെ മേലങ്കി അണിയുകയായിരുന്നു.!

പ്രണയമായിരുന്നു കാമ്പസ്സിന്റെ ജീവൻ.! നഗരസന്തതികളായ പല പെൺകുട്ടികളും സഞ്ജുവിന്റെ പ്രണയത്തിനായി ദാഹിച്ചുവെങ്കിലും അവർക്കൊന്നും ആ ഹൃദയത്തിൽ കയറിപ്പറ്റാനായില്ല്ല. കാമ്പസ്സ്-ബുദ്ധിജീവിയും കവിയുമായ ചാരുലതയ്ക്കു മാത്രമാണ് അതിനു കഴിഞ്ഞത്. നീണ്ടുനീണ്ടുപോകുന്ന ബൌദ്ധികസംവാദങ്ങൾ അവരുടെ പകലുകളെ സജീവമാക്കി. എല്ലാ സംവാദങ്ങൾക്കുമപ്പുറം,ചാരുവിന്റെ സാമീപ്യം അവന് സ്വപ്നതുല്യമായ അനുഭവമായിരുന്നു. ക്രമേണ, ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്തവിധം അവരുടെ മനസ്സുകൾ പരസ്പരം കെട്ടപ്പെട്ടു. ഉറക്കത്തിലും ഉണർവിലും, അവൻ നോക്കുന്നിടത്തെല്ലാം അവളുണ്ടായിരുന്നു. ഉറക്കം വരാത്ത രാത്രികളിൽ, അസ്ഥിയിൽ തുളച്ചുകയറുന്ന വിരഹവുമായി മല്ലിടവേ, പ്രണയത്തിന് തന്റെ മേൽ ചെലുത്താൻ കഴിയുന്ന സ്വാധീനമോർത്ത് അവൻ പരിതപിച്ചു. വായിക്കുന്ന പുസ്തകങ്ങളിലൊന്നും, ഈ പൊള്ളുന്ന ചൂടിനെ തണുപ്പിക്കാനുള്ള ഉപായം കണ്ടെത്താനാവാതെ അവൻ കുഴങ്ങി. കൊല്ലുന്ന ഈ പാവനാടകത്തിൽ, തന്നെ നിയന്ത്രിക്കുന്ന ചരടുകൾ ചാരുലതയുടെ കൈയിലാണെന്ന സത്യം വേദനയോടെ അവൻ മനസ്സിലാക്കി.
മൂന്ന്
തറവാട്ടിൽ, പിതൃസ്വത്തിന്റെ വിഭജനം സംബന്ധിച്ച അധികാരത്തർക്കം മൂർദ്ധന്യത്തിലെത്തിയ കാലമായിരുന്നു. അനുസരണയില്ലാത്ത ഇളയപ്രജയുടെ രജിസ്റ്റർ-വിവാഹത്തിന്റെ വാർത്ത ഗൃഹസദസ്സിൽ, എരിതീയിലെ എണ്ണയായി. പുറത്താക്കപ്പെടുന്നതിനു മുൻപേ, വീട്ടിൽ നിന്ന് സ്വയം ഇറങ്ങാൻ തീരുമാനിച്ച സഞ്ചു തന്റെ മറുപാതിയായ ചാരുവിൽ മാത്രം വിശ്വാസമർപ്പിച്ച് നഗരത്തിലെ വാടകവീട്ടിൽ, പുതിയ ജീവിതം തുടങ്ങി.

പ്രണയം മാത്രം ഭക്ഷിച്ച് ജീവിക്കാനാവില്ലെന്ന അറിവ് താമസിയാതെ, അവരുടെ പുഷ്പതല്പത്തിൽ ആദ്യത്തെ മുള്ളായി.! ഒരു സായാഹ്നപ്പത്രത്തിൽ സബ് എഡിറ്റർ ജോലി തരപ്പെടുത്തി, ചാരുലത അന്നന്നത്തെ അത്താഴത്തിനുള്ള വക കണ്ടെത്തിയപ്പോൾ, അയാൾ ആത്മനിന്ദയുടെ തീയും പുകയുമായി നഗരങ്ങളിൽ തൊഴിൽ തേടിയലഞ്ഞു. ഉള്ളിൽ രൂപമെടുത്ത നിരവധി കഥാബീജങ്ങൾ പിറവിയെടുക്കും മുൻപേ, ചത്തുമലച്ചു. കലയും ജീവിതവും തമ്മിൽ നടന്ന രൂക്ഷമായ ശീതസമരത്തിൽ, ജീവിതം വിജയം വരിച്ചു. ഒടുവിൽ, സുഹൃത്തിന്റെ ശുപാർശയിൽ മന്ത്രിയുടെ പേഴ് സണൽ സ്റ്റാഫിൽ അയാൾ ഒരു താൽക്കാലികജോലി സമ്പാദിച്ചു.
എപ്പോഴാണ് പ്രണയാരാമത്തിൽ വെറുപ്പിന്റെ കള്ളിച്ചെടികൾ വളരാൻ തുടങ്ങിയതെന്നറിയില്ല. എന്തായിരുന്നു ആദ്യപ്രകോപനമെന്നും..കലഹങ്ങൾ, നിത്യസംഭവമായി മാറിക്കഴിഞ്ഞിരുന്നു..സ്വന്തം വിജയം സ്ഥാപിച്ചുകിട്ടാനുള്ള ശ്രമത്തിൽ അന്തിമമായി ഇരുവരും പരാജയപ്പെട്ടു.! പാതിരാവിന്റെ നിശ്ശബ്ദതയിൽ, ഒരു പാഴ് വാക്കിന്റെ വിനിമയം പോലും നഷ്ടപ്പെട്ട് മുഖംതിരിഞ്ഞുകിടക്കവേ, കാൽക്കീഴിൽ നിന്നു വഴുതിപ്പോകുന്ന തന്റെ ജീവിതത്തെപ്പറ്റി അയാൾ ഖേദിച്ചു. ഒരു ദൈവത്തിന്റെയും വാഹനമല്ലാത്ത സഞ്ചുവിശ്വത്തിന്റെ ആത്മാവിന് അഭയം നഷ്ടപ്പെട്ടിരുന്നു. ജീവിതത്തിന്റെ വഴികൾ താൻ കരുതിയതിനേക്കാളേറെ സങ്കീർണ്ണമാണെന്ന് അയാൾക്കു തോന്നി. ഉള്ളിൽ വളർന്നുമുറ്റിയ നിസ്സംഗത, നെഞ്ചിനെ നീറ്റുന്ന തീവ്രവിഷാദമായി മാറുന്നത് അയാളറിഞ്ഞു.
നാല്
കക്ഷിരാഷ്ട്രീയം ഒരിക്കലും സഞ്ജുവിനെ ആകർഷിച്ചിരുന്നില്ല. കാമ്പസ്സിൽ വെച്ച്, പുറത്തുനിന്നെത്തിയ ഭരണകക്ഷിയുടെ കൂലിപ്പടയാളികൾ ആത്മസുഹൃത്തിനെ കൺമുന്നിലിട്ട് തല്ലിച്ചതയ്ക്കുന്നതു കണ്ടതു മുതൽ അധികാരത്തോടു വിരക്തി തോന്നിയിരുന്നു.! എവിടെനിന്നോ ഇറക്കുമതി ചെയ്ത വിപ്ലവത്തിൽ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഉപജാപങ്ങളും ചതിയും വഞ്ചനയും കൂട്ടിക്കൊടുപ്പും നിറഞ്ഞ ആ ചതുപ്പുനിലത്തിൽത്തന്നെയാണ് ഒടുവിൽ എത്തിപ്പെട്ടത്. മന്ത്രിമന്ദിരത്തിലെ ദിനചര്യയിൽ അനിവാര്യമായ അഴിമതിയുമായി ഒട്ടും പൊരുത്തപ്പെടാൻ അയാൾക്കു കഴിഞ്ഞില്ല. ജീർണ്ണതയുടെ വിഴുപ്പുകൾ ചുമന്ന് അയാൾ തളർന്നു. അങ്ങനെയിരിക്കെ, ഒരു നാൾ, പ്രൈവറ്റ് സെക്രട്ടറി വിളിപ്പിച്ചതനുസരിച്ച് അയാൾ ഗസ്റ്റ് ഹൌസിലെത്തി. അധികാരരതിയുടെ ഉന്മാദം ബാധിച്ച ഫ്യൂഡൽപ്രഭുവിന്റെ മുഖത്തോടെ മന്ത്രി അയാളെ എതിരേറ്റു. വിശാലമായ കിടക്കയിൽ, കട്ടിയുള്ള തലയിണയിൽ ചാരിക്കിടന്ന് അയാൾ മൊഴിഞ്ഞു: “നിങ്ങൾ ഒന്നും സംസാരിക്കണമെന്നില്ല. പറയുന്നതു കേട്ടാൽ മതി. ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പുറത്തേക്കു ചോർത്തിക്കൊടുക്കുന്നതായി എനിക്കു വിവരം കിട്ടിയിട്ടുണ്ട്. ഇനി ക്ഷമിക്കാനാവില്ല; തൽക്കാലം, നിങ്ങളെ പിരിച്ചുവിടുകയാണ്.. കൂടുതലൊന്നും പറയാനില്ല. നിങ്ങൾക്കു പോകാം..”
അഞ്ച്
ഓഫീസിൽ നിന്നിറങ്ങി ജനത്തിരക്കിലൂടെ നടക്കവേ, അന്നുവരെ ചിരപരിചിതമായിരുന്ന നഗരം അയാൾക്ക് തീർത്തും അന്യമായിത്തോന്നി. അടുത്തുകണ്ട ബാറിൽക്കയറി, കൌണ്ടറിൽ നിന്നുതന്നെ രണ്ടു പെഗ്ഗ് അകത്താക്കി. മാർക്കറ്റിൽ നിന്ന് ചില അവശ്യവസ്തുക്കൾ വാങ്ങി, സ്റ്റാൻഡിലേയ്ക്കു നടന്നു. പതിവിൽനിന്നു ഭിന്നമായി മൂന്നാർ എന്നെഴുതിയ സൂപ്പർ ഫാസ്റ്റിലാണ് അയാൾ കയറിയത്. ആളൊഴിഞ്ഞ സൈഡ് സീറ്റിൽ സ്ഥാനം പിടിച്ച് സ്വസ്ഥമായി ചാരിക്കിടന്നു. കുന്നിൻ മുകളിലെ റിസോർട്ടിനു മുന്നിൽ ബസ്സിറങ്ങുമ്പോൾ, രാത്രി 11 മണി കഴിഞ്ഞിരുന്നു.
ഓഫ് സീസൺ ആയതിനാൽ, ടൂറിസ്റ്റുകൾ കുറവായിരുന്നു. കീ വാങ്ങി, മൂന്നാം നിലയിലെ ഡബിൾ റൂമിലെത്തി. റൂം ബോയിയോട് ഗ്ലാസ്സും ഒരു ബോട്ടിൽ വെള്ളവും ആവശ്യപ്പെട്ട് അയാൾ ബാൽക്കണിയിലേയ്ക്കു നടന്നു. അവിടെ, രാത്രിയുടെ അലൌകിക സൌന്ദര്യത്തിലേക്കു നോക്കിനിൽക്കെ, മലമുകളിൽ നിന്ന് മഞ്ഞുപാളികൾ അയാളെ വന്നുപൊതിഞ്ഞു. അവളിപ്പോൾ എന്തു ചെയ്യുകയാവും.? അയാൾ വെറുതെ ആലോചിച്ചു.

റെസ്റ്റോറന്റിൽ തിരക്കൊഴിഞ്ഞിരുന്നു. രണ്ടു ചപ്പാത്തി മാത്രം കഴിച്ച്, റൂമിലെത്തി അല്പനേരം കിടന്നു. പിന്നീട്, ബാഗ് തുറന്ന് മദ്യക്കുപ്പിയും ഒരു ചെറുപൊതിയുമെടുത്തു. പൊതിയിൽ നിന്ന് കടും നീലനിറത്തിലുള്ള തരികൾ ഗ്ലാസിലിട്ട് അതിൽ മദ്യമൊഴിച്ച് അലിയുന്നതുവരെ ഇളക്കി. പിന്നീട്, മൊബൈൽ ഫോണെടുത്ത് അതിൽ ഒരു സന്ദേശം കുറിച്ചു: “പ്രിയപ്പെട്ട ചാരൂ..ഞാൻ നിന്നോട് തെറ്റു ചെയ്തു...ഇതാദ്യമായി, എന്റെമേൽ എനിക്കുള്ള അധികാരത്തെ ഞാൻ ഉപയോഗിക്കുകയാണ്..എന്നോടു ക്ഷമിക്കൂ...നിനക്ക് എല്ലാ നന്മയും നേരുന്നു..ശുഭരാത്രി..!!” സെൻഡ് ബട്ടൺ അമർത്തിയശേഷം മൊബൈലിൽ നിന്ന് സിം കാർഡ് എടുത്തു മാറ്റി മേശമേൽ വെച്ചു. കിടക്കയിലിരുന്ന്, ഗ്ലാസ്സിലെ പാനീയം ഒറ്റവലിക്കു കുടിച്ചു. പിന്നെ വെളിച്ചമണച്ച്, ഫാൻ ഓൺ ചെയ്തശേഷം അയാൾ ഉറങ്ങാൻ കിടന്നു.!

2 comments:

ponmalakkaran | പൊന്മളക്കാരന്‍ said...

എന്റെമേൽ എനിക്കുള്ള അധികാരത്തെ ഞാൻ ഉപയോഗിക്കുകയാണ്..എന്നോടു ക്ഷമിക്കൂ...നിനക്ക് എല്ലാ നന്മയും നേരുന്നു..ശുഭരാത്രി..!!

Manoraj said...

ജിഗീഷ് .. കുറെ നാളുകള്‍ക്ക് ശേഷം വീണ്ടും ബ്ലോഗില്‍ കാണുന്നത് സന്തോഷം തന്നെ. പക്ഷെ ജിഗീഷില്‍ നിന്നും ഞാന്‍ എന്ത് പ്രതീക്ഷിച്ചോ അത് എനിക്ക് കിട്ടിയില്ലെന്ന് വിഷമത്തോടെ പറയട്ടെ. ഒരു ആവറേജ് പ്രമേയത്തെ തീര്‍ത്തും ആവറേജ് അവതരണത്തിലൂടെ പറയുക മാത്രമാണ് ജിഗീഷ് ഇവിടെ ചെയ്തത്. വല്ലപ്പോഴും മാത്രം കഥകളുമായി വരുന്ന ജിഗീഷില്‍ നിന്നും രവിയുടെ തുടര്‍ച്ചകള്‍ പോലെയുള്ള വ്യത്യസ്ഥത ആഗ്രഹിക്കുന്നതില്‍ തെറ്റില്ല എന്നറിയാമല്ലോ. എന്തോ ഈ കഥ അതുകൊണ്ട് തന്നെ പോരാ എന്നേ ഞാന്‍ പറയൂ. അവസാ‍ന ഭാഗം വരെ ആകാംഷയോടെ വായിച്ചത് ഈ പ്രമേയത്തില്‍ എന്തെങ്കിലും ജിഗി ടച്ച് വരുത്തിയിട്ടുണ്ടാവും എന്ന് കരുതിയാണ്. നിരാശപ്പെടുത്തി എന്ന് പറയട്ടെ.