Thursday, June 9, 2011

ആസക്തികളുടെ ചതുപ്പുനിലംപ്രിയസുഹൃത്തേ,
ഈ മെയില്‍ വായിക്കാൻ‍, നിനക്കു സമയമുണ്ടാവാനിടയില്ല. വല്ലപ്പോഴും വിളിച്ചാല്‍, ഫോണെടുക്കാന്‍ പോലും കഴിയാത്തത്ര വേഗതയില്‍ നിന്റെ ജീവിതം പായുകയാണെന്നറിയാം. ഒരിക്കല്‍ ആത്മസുഹൃത്തായിരുന്നവൻ‍ എന്ന അധികാരപ്രയോഗം തന്നെ. നീ കളിയാക്കാറുള്ളതു പോലെ, നിനക്കു വായിക്കാന്‍ വേണ്ടിയല്ല; എനിക്കു പറയാന്‍ വേണ്ടി മാത്രമാണീ എഴുത്തും.!

ത്യാഗം ജീവിതവ്രതമാക്കിയ ഒരു പ്രസ്ഥാനത്തില്‍ ആസക്തികള്‍ നുഴഞ്ഞു കയറുന്നതിനെപ്പറ്റിയാണ് ഇന്നലെ ഓണ്‍ലൈനില്‍ നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത്. അപ്പോഴാണു പെട്ടെന്നു സൈന്‍ ഔട്ട് ചെയ്തു നീ പൊയ്ക്കളഞ്ഞത്. എന്താണു പ്രകോപനമെന്നു പോലും പറയാതെയുള്ള ആ പോക്ക് എന്നെ അല്പം നിരാശപ്പെടുത്തി. എന്നാല്‍, നിന്റെ പ്രവൃത്തിയില്‍, എനിക്കു വലിയ അത്ഭുതമൊന്നും തോന്നിയില്ല. അല്ലെങ്കിലും, ഒരു ദൈവത്തിന്റെയും വാഹനമല്ലാത്തവനെ, ആരാണു ഗൌരവത്തിലെടുക്കുക..? ഒരു പക്ഷേ, നീയായിരിക്കാം ശരി. എങ്കിലും കൂട്ടുകാരാ, ഈ അരാഷ്ട്രീയവാദിയുടെ സംശയങ്ങള്‍ തീരുന്നില്ലല്ലോ.?

പഴയ കലാലയത്തിനു പിന്നിലെ കുന്നിന്‍പുറത്ത്, അസ്തമയസൂര്യന്റെ സാന്ധ്യശോഭയിലിരുന്ന് പുതിയ ലോകത്തിന്റെ പിറവിയെക്കുറിച്ചു നീ പറഞ്ഞതൊന്നും ഞാനിപ്പോഴും മറന്നിട്ടില്ല. ഭരണകൂടം കൊഴിഞ്ഞു വീഴുന്ന സുവര്‍ണകാല മായിരുന്നല്ലോ, അന്നത്തെ നമ്മുടെ ഭ്രാന്തന്‍ സ്വപ്നം‍.? ഒരുപക്ഷേ, നീയിപ്പോള്‍ അതൊക്കെ മറന്നു കാണും. ഒരു നാട്ടിന്‍പുറത്തുകാരന്‍ ഉള്ളിലിരിക്കുന്നതു കൊണ്ടാവാം, എനിക്കൊന്നും മറക്കാന്‍ കഴിയുന്നില്ല.

പത്തുവര്‍ഷം മുന്‍പ്, തലസ്ഥാനനഗരത്തിലേക്കു നീ വണ്ടി കയറവേ, നമ്മുടെ കണ്ണുകള്‍ ഒരേ സമയം നിറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. എന്നാലിന്നലെ, ഫേസ്ബുക്കില്‍‍ ചേര്‍ത്ത നിന്റെ ചിത്രവും ഖദറില്‍ പൊതിഞ്ഞ ആ വെള്ളച്ചിരിയും കണ്ടപ്പോള്‍, അതിലെന്തോ ഒരശ്ലീലമുള്ളതായി എനിക്കു തോന്നി. തീര്‍ത്തും അപരിചിതനായ ഒരാളെക്കാണുന്നതു പോലെ. എന്നുമുതലാണ് നീയും ഇമേജിന്റെ തടവറയിലായത്...?

കൊയ്ത്തുകാലത്ത്, പച്ചത്തത്തകള്‍ പറന്നിറങ്ങിയിരുന്ന വീടിനു പിന്നിലെ പുഞ്ചപ്പാടം തരിശുനിലമായി മാറിയത് നമ്മുടെ കണ്മുന്നിലാണല്ലോ..? ആ ബദാം മരം ഇപ്പോഴും അവിടെയുണ്ട്. നീണ്ട കാലം പണിയെടുത്തു പ്രായമായവര്‍ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ഇപ്പോഴും ആ ചെറ്റപ്പുരകളില്‍ ജീവിച്ചിരിപ്പുണ്ട്; നിരവധി ജാഥകള്‍ നയിച്ചു തളര്‍ന്ന ദിവാകരേട്ടനെ ഞാനിന്നലെ ചന്തമുക്കില്‍ കണ്ടിരുന്നു. രണ്ടു കാല്പാദങ്ങളിലും ആണിരോഗം വന്ന് തീരെ നടക്കാന്‍ വയ്യ. തളര്‍ന്ന ആ നോട്ടം കണ്ട് ഞാന്‍ കുറച്ചു പണം പോക്കറ്റിലിട്ടു കൊടുത്തു. ആ മുഖത്തു തെളിഞ്ഞ ഭാവമെന്തെന്ന് എനിക്കു വായിച്ചെടുക്കാനായില്ല. ഇലക്ഷനടുക്കുമ്പോള്‍, ഗൃഹാതുരമായ ഏതോ ഓര്‍മ്മയില്‍ മുഴുകി ഇപ്പോഴും അവര്‍ ജാഥയിലണിചേരുന്നു. നിന്നോടിതൊക്കെ പറഞ്ഞിട്ടെന്താ കാര്യം.? ‘വേണ്ടപ്പെട്ടവരു’ടെ ജോലിയ്ക്കും ട്രാന്‍സ്ഫറിനുമായി സെക്രട്ടറിയേറ്റില്‍ കയറിയിറങ്ങി നടക്കുന്നതിനിടയില്‍ നിനക്കിതൊക്കെ ഓര്‍ക്കാനെവിടെയാ നേരം, അല്ലേ.?

പിന്നെ, വലിയകവലയ്ക്കു പടിഞ്ഞാറുവശത്തെ വയല്‍ നികത്തി, അവിടെ ഒരു മണിമാളിക ഉയര്‍ന്നു വരുന്നുണ്ടിപ്പോള്‍. നിനക്കോര്‍മ്മ കാണും, ചിലപ്പോള്‍. കോളേജില്‍, ചെയര്‍മാനായി മത്സരിച്ചു ജയിച്ച അനിരുദ്ധനെ. അവന്റെ വീടാണ്. വാര്‍ഡുമെമ്പറുമൊക്കെയായി ആളിപ്പോള്‍ നല്ല നിലയിലാ. കുറഞ്ഞത് ഒരു കോടിയെങ്കിലും ചിലവു വരും. നമ്മുടെ നാട്ടില്‍ ഇത്രവലിയൊരു വീടു ഞാന്‍ കണ്ടിട്ടില്ല. അവന്റെ സ്വത്തിനെക്കുറിച്ചും വയല്‍ നികത്തിയതിനെക്കുറിച്ചുമൊക്കെയാണിപ്പോള്‍ നാട്ടിലെ സായാഹ്നചര്‍ച്ചകള്‍. പുഴയുടെ തീരത്തെ പത്തേക്കര്‍ തരിശുനിലം ഫ്ലാറ്റു നിര്‍മ്മിക്കുന്നതിനായി ആരോ വാങ്ങി. നിലം നികത്തുന്നതിനെതിരെ വലിയ പ്രതിഷേധമൊക്കെയായിരുന്നു. പിന്നീടെല്ലാം കെട്ടടങ്ങി. എല്ലാവര്‍ക്കും കീശനിറയെ കിട്ടിയെന്നാ കേട്ടത്. വാര്‍ത്തയെഴുതാതിരിക്കാന്‍ പത്രക്കാര്‍ക്കു കിട്ടിയ തുകയുടെ കണക്ക് നമ്മുടെ ദിനേശന്‍ ഇതുവഴി വന്നപ്പഴാ പറഞ്ഞു തന്നത്.

നീയിപ്പോള്‍ സിനിമയൊക്കെ കാണാറുണ്ടോ? ഇന്നലെ ഒരെണ്ണം കണ്ടു. സുനിയും തോമാച്ചനും കൂടി വന്നു നിര്‍ബന്ധിച്ചതു കൊണ്ടു പോയതാ. പേരു മറന്നു പോയി കേട്ടോ. പഴയ ജനകീയസാംസ്കാരികവേദിയുടെ നായകനായിരുന്ന കവി യുണ്ടല്ലോ. ആ മാന്യദേഹമായിരുന്നു വില്ലന്‍. ലവന്റെ പ്രകടനം കണ്ട് ഓക്കാനം വന്നതിനാല്‍, ഞാന്‍ ഇടയ്ക്കിറങ്ങിപ്പോന്നു. പുസ്തകവായനയും വളരെക്കുറവാ. നമ്മള്‍ പണ്ട് ആവേശത്തോടെ വായിച്ചിരുന്നവരൊന്നും ഇപ്പോള്‍ ഒന്നുമെഴുതിക്കാണാറില്ല. പലരും സീരിയലെഴുതുന്ന തിരക്കിലാണത്രേ.

എന്തായാലും, സംഘടനാ നേതൃത്വത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവുട്ടിക്കയറുന്ന നിന്റെ ഭാവിയെപ്പറ്റി, എനിക്കു തെല്ലും ആശങ്കയില്ല. ചാനലുകളിലെ നിറസാന്നിധ്യമായി നീ മാറിക്കഴിഞ്ഞല്ലോ. ഇലക്ഷന്‍ കാ‍ലമായതിനാല്‍, നല്ല തിരക്കുണ്ടാവുമെന്നറിയാം. എന്റെ വരണ്ട വിശേഷങ്ങള്‍ പറഞ്ഞ് നിന്നെ ബോറടിപ്പിക്കുന്നില്ല. കമ്പ്യൂട്ടറും പുസ്തകങ്ങളുമായി ഈ കുടുസ്സുമുറിയില്‍ അങ്ങനെ കഴിഞ്ഞുകൂടുന്നു. ചിലപ്പോഴൊക്കെ, ലോകജീവിതത്തോട് ഒരു വിരക്തി തോന്നുന്നു.

ഇടയ്ക്കു സമയം കിട്ടുമ്പോള്‍, ഓണ്‍ലൈനില്‍ വാ. ചുമ്മാ വഴക്കടിയ്ക്കാം.!

നിന്റെ സ്വന്തം,
കൂട്ടുകാരന്‍.

6 comments:

ചെറുത്* said...

ആര്‍ക്കൊക്കെയോ ഒരു താങ്ങ് താങ്ങീതാന്ന് മനസ്സിലായി. ഉം ഉം...

- സോണി - said...

താങ്ങുകിട്ടിയ ചിലരെ മാത്രം മനസ്സിലായി. ബാക്കി....
എനിക്ക് ജി.കെ. കുറവായതുകൊണ്ടാവണം.

ഇഗ്ഗോയ് /iggooy said...

പലയിടങ്ങളില്‍ കുത്തുന്ന കത്തിന്‌ ജിഗീ ഭാവുകങ്ങള്‍.

Manoraj said...

കത്തുന്ന ആക്ഷേപഹാസ്യം. ഇതില്‍ ചിലരെ അപ്റ്റി പറയുമ്പോള്‍ അത് മറ്റു ചിലര്‍ക്ക് കൂടെ കൊള്ളുന്നു എന്നത് വേദനയുളവാക്കുന്നു ജിഗി :) ഇനി ജിഗി ആരെയാണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല. ഉദ്ദേശിച്ചില്ല എന്നൊരു കള്ളം മാത്രം വേണ്ട :)

JIGISH said...

നന്ദി..സന്തോഷം.!എല്ലാവരെയും സുഖിപ്പിക്കുക. ആരെയും വേദനിപ്പിക്കാതിരിക്കുക..! അതാണോ ശരി മനൂ..? കാൽച്ചുവട്ടിലേയ്ക്കു നോക്കൂ..ആരുടെ ചോരയിൽ ചവിട്ടിയാണ് നാം നിൽക്കുന്നത്..?

നികു കേച്ചേരി said...

good :))