Sunday, November 20, 2016

യക്ഷം














ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ സ്ത്രീകളിന്നും സ്വയം പരിമിതപ്പെടുകയോ അല്ലെങ്കിൽ അപരൻ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന ഒരു ജീവിതാവസ്ഥയിൽത്തന്നെയാണു പുലർന്നു പോകുന്നത്. ഒരുപക്ഷേ തലമുറകൾ ചെയ്ത കുറ്റമാവാം. പരമ്പരാഗതമായ നിരവധി ശീലങ്ങളാൽ അവൾ എവിടെയും ബന്ധിതയാക്കപ്പെടുന്നു. സ്വതന്ത്രവ്യക്തിത്വത്തിന്റെ ആവിഷ്കാരമായി മാറാൻ കൊതിക്കുന്ന നഗരവനിതകൾ നമുക്കിടയിലുണ്ടാവാം. എങ്കിലും ഈ ന്യൂനപക്ഷം അവളുടെ പൊതുജീവിതത്തെ പ്രതിനിധാനം ചെയ്യുന്നില്ല. ‘ഇന്നത്തെ കറിയ്ക്കെന്താ’ എന്ന പ്രശ്നത്തിനപ്പുറത്തേക്കു ചിന്തിക്കുന്ന സ്ത്രീകൾ നമ്മുടെ ഗ്രാമങ്ങൾക്ക് ഇന്നും അപരിചിതമത്രേ. എനിവേ, പുതിയ സമൂഹത്തിൽ തീർച്ചയായും ചില വീണ്ടുവിചാരങ്ങളുണ്ട്. കുതറിമാറലുകളുണ്ട്. അവ ഉയർത്തിക്കൊണ്ടുവരുന്ന ആശയസമരവും അതിലടങ്ങിയ വിപ്ലവവുമുണ്ട്.

സ്ത്രീയെ പ്രകൃതിയായി സങ്കൽപ്പിക്കുന്നതിന്റെ നിരുപമസൌന്ദര്യം അരവിന്ദന്റെ കാഞ്ചനസീതയിൽ നാം കണ്ടതാണ്. ഇപ്പോൾ യക്ഷമെന്ന ഹ്രസ്വചിത്രത്തിന്റെ കാഴ്ച അരവിന്ദനെയും കാഞ്ചനസീതയെയും ഒരു നിമിഷനേരത്തേയ്ക്ക് മനോമുകുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു. ശ്രീകോവിൽ തുറന്ന് ദേവീവിഗ്രഹത്തെ പൂജയ്ക്കൊരുക്കാനെത്തുന്ന പൂജാരിയുടെ ഫാന്റസിയായാണ് ഞാൻ സിനിമയെ കണ്ടത്. അതെനിക്കു രസിച്ചു. നിരുപാധികമായ ഒരു സ്ത്രീപുരുഷപ്രണയത്തിന്റെ കാവ്യാത്മകമായ വിഷ്വലുകളിലൂടെയാണ് പിന്നെ നമ്മൾ കടന്നുപോകുന്നത്. അവയുടെ ഇഴയടുപ്പം നിർണ്ണയിക്കുന്ന സംഗീതവും ഒപ്പമുണ്ട്. പൂണൂലിന്റെ പാരമ്പര്യത്തെ ധിക്കരിച്ച് ഇഷ്ടകാമുകിയിൽ ലയിക്കാനൊരുങ്ങുന്ന പുരുഷനെയും അവന്റെ ഹൃദയത്തിൽ പ്രതിഷ്ഠിതമായ ഒരു സ്ത്രീയെയും നമുക്കു കാണാം. അത്രമേൽ പുരാതനമായ ഒരു പ്രകൃതിപുരുഷ ലയനവും കാണാം. വേണച്ചാൽ വിഗ്രഹവൽക്കരിക്കപ്പെട്ട സ്ത്രീത്വത്തെ വിമോചിപ്പിക്കാനെത്തിയ ഒരു പ്രണയിയുടെ കലാപവും കാണാവുന്നതേയുള്ളു. ഒരുവേള ഭക്തനും പ്രണയിക്കുമിടയിലെ വൈരുദ്ധ്യങ്ങളും കടന്ന് ഒരു നിർവചനത്തിലുമൊതുങ്ങാത്ത സമസ്യയായി, പ്രകൃതിയായി മടങ്ങുന്ന സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ഒരു സ്ത്രീയെയും കാണാം.

പൂജാരിയുടെ സംഭാഷണങ്ങൾക്ക് സാഹിത്യഭംഗി കൂടിയപ്പോൾ അത് അയാളുടെ നാവിലൊതുങ്ങാതെ കുറച്ചൊക്കെ കൃത്രിമമായിത്തീരുന്നുണ്ട്. സ്ത്രീയാവട്ടെ സംസാരിക്കുന്നില്ലെങ്കിലും ശരീരഭാഷ കൊണ്ടും കണ്ണുകൾ കൊണ്ടും അത്രമേൽ വാചാലയാകുന്നുമുണ്ട്. ഒരുപക്ഷേ പ്രകൃതിയുടെ മുന്നിൽ പരിമിതനാകുന്ന പുരുഷനെപ്പോലെ നടൻ നടിയുടെ മുൻപിൽ അല്പമൊക്കെ പതറുന്നതു കാണാം. ക്യാമറാവർക്ക് പോയട്രിയോടടുത്ത നിലവാരം പുലർത്തുന്നു. സംഗീതവുമതെ. അനാവശ്യമായ ഒരു ഷോട്ടുപോലുമില്ലാ‍ത്ത രീതിയിൽ അത്രമേൽ കൃത്യത പുലർത്തുന്ന എഡിറ്റിംഗാണ്. സിനിമയെന്ന മാധ്യമത്തെ നൂറു ശതമാനവും ജസ്റ്റിഫൈ ചെയ്യുന്ന ഒരു ടോട്ടൽ പരിചരണം ഇതിലുണ്ടെന്നു തോന്നി. ഒരു സംവിധായകനുണ്ടെന്നു തോന്നി. അതിനാൽ സിനിമ എനിക്കിഷ്ടമായി.

Friday, April 1, 2016

ആക്ഷൻ ഹീറോ ബിജു













ഒരു പൌരനെന്ന നിലയിൽ ഈ സിനിമയെപ്പറ്റി രണ്ടുവാക്ക് എഴുതാതിരിക്കുന്നത് മനസ്സാക്ഷിയോടുള്ള അനീതിയാവുമെന്നു തോന്നുന്നു. സിനിമാപ്രാന്തനായ ഒരു പ്രേക്ഷകന്റെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ ആക്ഷൻ ഹീറോ എന്നു പേരുള്ള ഒരു സിനിമയിൽ നായകനായ ബിജു പൌലോസിന്റെ ഹീറോയിസം പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ അയാളുടെ ഹീറോയിസത്തിലല്ല സിനിമയുടെ അഥവാ സംവിധായകന്റെ ഫോക്കസെങ്കിൽ അതും ഒരു തെറ്റല്ല. ചുരുക്കത്തിൽ ഒരു പോലീസ് ഓഫീസറോടൊപ്പം യാത്രചെയ്യാൻ ആവശ്യപ്പെടുന്ന ഈ സിനിമയിൽ നാം കടന്നുപോകുന്നത് അയാളുടെ വീരസാഹസികതകളുടെ തനിയാവർത്തനങ്ങളിലൂടെയല്ല. എത്രമേൽ കർക്കശമായ നിവൃത്തിയില്ലായ്മകളിലൂടെയാണ് ലോകം പുലർന്നുപോകുന്നതെന്ന തിരിച്ചറിവിലൂടെയാണ്. 

ലോകം പഴയ ലോകമല്ല. കാലം പഴയ കാലവുമല്ല. പഴയ കള്ളനും പഴയ പോലീസുമില്ല. ഒരു നിർവചനത്തിലുമൊതുങ്ങാത്ത, ഒരു പ്രത്യയശാസ്ത്രത്തിലും മെരുങ്ങാത്ത ഒരു ലോകമാണ്, അത്രമേൽ നിർദ്ദയമായ ഒരു കാലമാണ് ചുരുൾ നിവരുന്നത്. അതിനാൽ കണ്ടിരിക്കെ കഥയും കലയും സങ്കേതവും നിങ്ങൾ മറന്നുപോകുന്നു. പൊളിറ്റിക്കൽ കറക്റ്റ്നസ്സ് എന്നൊരു വാക്കു മറന്നുപോകുന്നു. നെഞ്ചിൻകൂട്ടിൽ നീറ്റലുണ്ടാക്കുന്ന ജീവിതത്തെപ്പറ്റി മാത്രമോർക്കുന്നു. സ്വയമറിയാതെ ചിലപ്പോൾ കണ്ണുകളിൽ നിന്ന് ഉറവ പൊട്ടുന്നതു മാത്രമറിയുന്നു. അങ്ങനെയിരിക്കെ മറവിയിലാണ്ടുപോയ സാമൂഹ്യപ്രതിബദ്ധത എന്നൊരു വാക്ക് സിനിമയുടെ മുൻപിലേക്കു കയറിവരുന്നു.

കഥാചിത്രമായിരിക്കെത്തന്നെ പരിചരണത്തിൽ ഒരു ഡോക്കുമെന്ററി സ്വഭാവം കടന്നുവരുന്നത് ഒട്ടും യാദൃശ്ചികമല്ല. സംഭാഷണങ്ങൾ നമ്മുടെ പരിസരത്തുനിന്ന് ഉണർന്നുവരുന്നു. കഥാപാത്രങ്ങളാകട്ടെ നിങ്ങളുടെ അയൽപക്കത്തുനിന്ന് ഒരു മുഖവുരയുമില്ലാതെ നേരിട്ടു പ്രവേശിക്കുന്നു. ഒരിക്കൽ നിങ്ങളെ ചിരിപ്പിച്ചുകൊന്ന ഒരു സുരാജ് ഒരു മരുന്നുമില്ലാത്ത വിഷാദത്താൽ വെറും രണ്ടു മിനിറ്റിൽ നിങ്ങളെ ശ്വാസംമുട്ടിക്കുന്നു. രോഹിണിയുടെ വേഷത്തിൽ വന്ന വേലക്കാരിയും മകളും നിവൃത്തികേടിന്റെ പര്യായങ്ങളായി നിങ്ങളെ വേദനിപ്പിക്കുന്നു. പേരുകൾക്കു പ്രസക്തിയില്ലാത്ത നിരവധി പേർ നിങ്ങളുടെ മുന്നിലൂടെ വന്നുപോകവേ ജീവിതം ജീവിതമെന്ന് മനസ്സിൽ ആരോ മന്ത്രിക്കുന്നു.

സമീപനം റിയാലിറ്റിയുടേതെങ്കിലും നിവിന്റെ ആരാധകരെ വെറുപ്പിക്കാത്ത ഒരു മധ്യമാർഗമാണ്. താരത്തിന്റെ വാചികാഭിനയത്തിലും ടൈമിംഗിലും ചില പിഴവുകൾ കാണാമെങ്കിലും തനിക്കുവേണ്ടിയല്ലാതെ ഓടിക്കൊണ്ടിരിക്കുന്ന സാമൂഹ്യബോധമുള്ള ഒരു മനുഷ്യനെ,ഒരു കൂട്ടം മനുഷ്യരെ അയാൾ കാണിച്ചുതരുന്നു. മടങ്ങിവരുമ്പോൾ നഗരത്തിരക്കിലൂടെ ഒരു പോലീസ് ജീപ്പു കടന്നുപോയി. എസ്.ഐ.ബിജുവും പോലീസുകാരും അതിലിരിക്കുന്നുണ്ടോയെന്ന് അല്പമൊരു ബഹുമാനത്തോടെ നോക്കി. അവരെല്ലാവരും അതിലുണ്ടായിരുന്നു.!

Tuesday, March 29, 2016

കുറ്റിപ്പുറം പാലം











തായ്ലൻഡിൽ നവസിനിമക്കാരനായ ഒരു സംവിധായകനുണ്ട്. Apichatpong എന്നാണു പേര്. ഈ മനുഷ്യൻ ചിത്രീകരിക്കുന്ന സംഭവങ്ങൾക്കും ദൃശ്യങ്ങൾക്കും മീതെ മാജിക്കലായ മറ്റൊരു സിനിമ കൂടി അദൃശ്യമായി സഞ്ചരിക്കുന്നുണ്ട്. ഒരുപക്ഷേ ആ സിനിമയാണ് യഥാർത്ഥ സിനിമ. കഥയെന്നും തിരക്കഥയെന്നും സംഭാഷണമെന്നും സിനിമയെ മനസ്സിലാക്കിവെച്ചിരിക്കുന്നവരെ ഇയാൾ നിരാശപ്പെടുത്തും. എന്നാൽ ദൃശ്യതയുടെ സ്വതന്ത്രാവിഷ്കാരമായി സിനിമയെ സമീപിക്കുന്നവരെ ആകർഷിക്കും. ‘ഞാൻ എനിക്കു തോന്നുന്നതു പോലെ സിനിമയെടുക്കും നീയൊക്കെ സൌകര്യമുണ്ടെങ്കിൽ ആസ്വദിച്ചാൽ മതി’ എന്നൊരു ലൈൻ തന്നെ. തുടക്കത്തിൽ അവഗണിക്കപ്പെട്ടുവെങ്കിലും സ്വന്തം ശൈലിയുടെയും സമീപനത്തിന്റെയും വ്യതിരിക്തത കൊണ്ടു മാത്രം ലോകസിനിമയിലെ ഒരു താരമായി ഇയാൾ മാറിക്കഴിഞ്ഞു.

ആമുഖമായി ഇത്രയും പറഞ്ഞത് കുറ്റിപ്പുറംപാലം കണ്ടതിന്റെ ഹാങ്ങോവറിലാണ്. ഒരുപക്ഷേ പോങ്ങിന് മലയാളത്തിൽ നിന്ന് ഒരു പിൻഗാമിയെ കിട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രതാപ് ജോസഫ് എന്ന സിനിമറ്റോഗ്രാഫർ ആദ്യമായി ഒരു സ്വതന്ത്രസിനിമയെടുത്തപ്പോൾ അതിന് കുറ്റിപ്പുറം പാലം എന്നാണ് പേരിട്ടത്. പേരിന്റെ പ്രധാന സാംഗത്യം ഇതേ പേരിലുള്ള ഇടശ്ശേരിയുടെ കവിതയാണ്. എന്നാൽ കവിതയുടെ ആവിഷ്കാരമല്ല സിനിമയെന്ന് സംവിധായകൻ മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട്. എനിവേ കവിതയുടെ ടോട്ടൽ സങ്കല്പത്തെ ഫിലിം മേക്കർ സ്വന്തം നിലയിൽ സ്വതന്ത്രമായി വ്യാഖ്യാനിക്കുന്നതായി കാണാം. നഗരവൽക്കരണം (urbanisation) എന്ന ഒരാശയമാണ് ഞാൻ സിനിമയിൽ നിന്നു പ്രധാനമായും വായിച്ചെടുത്തത്. ഒരുപക്ഷേ അതെന്റെ മാത്രം വീക്ഷണമാവാം. എങ്ങനെയും സമീപിക്കാനുള്ള ഒരു സാധ്യത ഇയാൾ തുറന്നിട്ടിട്ടുണ്ട്. 

കുറ്റിപ്പുറം പാലത്തിന്റെ പശ്ചാത്തലത്തിൽ, ഒരുവേള അതിന്റെ സ്മൃതികളിലൂടെ ഒരു മെഡിക്കൽ റെപ്പിന്റെയും ഒരു കുടിവെള്ളവിതരണക്കാരന്റെയും ഒരു ഫോട്ടോഗ്രാഫറുടെയും ഒരു ദിവസത്തെ ജീവിതത്തെ പിൻതുടരുക മാത്രമാണ് സിനിമ ചെയ്യുന്നത്. നഗരവൽക്കരണത്തിന്റെ ഉപോൽപ്പന്നങ്ങളായ രോഗം, വരൾച്ച, ഗൃഹാതുരത്വം എന്നിവയുടെ പ്രതിനിധികൾ കൂടിയാണിവർ. കാലങ്ങളിലൂടെ പ്രകൃതിയ്ക്കു നേരിട്ട വിപര്യയമോർത്ത് ഒരു നിശ്ശബ്ദസാക്ഷിയായി കുറ്റിപ്പുറം പാലം വിഷാദിക്കുന്നതായി നാം കാണുന്നു. ഈ വിഷാദം ഏകാകികളായ ഈ മനുഷ്യരിലേക്കും പകരുന്നതായി കാണുന്നു. ഒരു സംഭാഷണം പോലുമില്ലാത്ത ഈ ദൃശ്യപദ്ധതിയിൽ മൂന്നു മനുഷ്യർ മാത്രമല്ല പ്രകൃതിയും പങ്കെടുക്കുന്നുണ്ട്. വരണ്ടുണങ്ങിയതെങ്കിലും ഒരു ഭാരതപ്പുഴയുണ്ട്. ഒഴുകുന്ന ജലം സൂര്യപ്രകാശത്തിലെഴുതുന്ന അപൂർവസുന്ദരമായ ലിപികളുണ്ട്. ഉറുമ്പുകളും ചിലന്തികളും കിളികളുമുണ്ട്. അവയുടെ ധ്വനിസമ്പന്നമായ ചലനങ്ങളുണ്ട്. ധ്യാനനിരതമായ വിഷ്വലുകളുടെ വിവരണം അഥവാ നറേഷൻ മാത്രമായി ഒരു സിനിമ ചെയ്യാനുള്ള അസാമാന്യമായ ധൈര്യമുണ്ട്. ഒരു സംവിധായകന്റെ സിനിമ എന്തെന്നറിയണമെങ്കിൽ നിങ്ങൾക്കും കണ്ടുനോക്കാം. ഒരു സിനിമ എന്ന നിലയിൽ എനിക്കിഷ്ടമായി. കൂടുതൽ ധ്വനിസമൃദ്ധമായ, ചലനാത്മകമായ അടുത്ത പരീക്ഷണത്തിനായി കാത്തിരിക്കുന്നു.

ശവം













സനൽ കൂടി സന്നിഹിതനായ സദസ്സിലിരുന്ന് ശവം കാണുമ്പോൾ ഒരു ഫ്രോഗ് ഓർമ്മവരുന്നത് എന്തുകൊണ്ടാവാം? പൊതുവിൽ ഇവ രണ്ടും തമ്മിലൊന്നുമില്ലെങ്കിലും സംവിധായകന്റെ സിനിമ എന്ന ആശയത്തെ മനോഹരമായി ഉദാഹരിക്കുന്നു എന്നതാണ് ഈ ആദ്യസംരംഭങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം. അഥവാ മലയാളിക്കു പ്രതീക്ഷയർപ്പിക്കാവുന്ന ഒരു ഫിലിംമേക്കർ കൂടി ഉദയം ചെയ്യുന്നുവെന്നത് ഒരു മോശം കാര്യമല്ല.

സിനിമയെപ്പറ്റി പറഞ്ഞാൽ പ്രശസ്തനായ ആ സൈക്കിൾമോഷ്ടാവിൽ തുടങ്ങി പഥേർപാഞ്ചലിയിലൂടെയും എലിപ്പത്തായത്തിലൂടെയും മറ്റും റിയാലിറ്റി എന്ന സമീപനത്തിന്റെ പൊരുൾ നമ്മൾ കണ്ടുകഴിഞ്ഞതാണ്. ഏറെക്കുറെ ഇതേ റിയാലിറ്റി തന്നെയാണ് താഴ്ന്ന സ്ഥായിയിലുള്ള ഒരു കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ ശവത്തിന്റെയും സമീപനത്തെ തീരുമാനിക്കുന്നത്. ഒരു ശവമടക്കിൽ പങ്കെടുക്കുന്ന മനുഷ്യരൂപം ധരിച്ച കുറച്ചുപേരെയാണ് സിനിമയിൽ നാം കാണുന്നത്. മരണത്തിലേക്കു രക്ഷപ്പെട്ട് നീണ്ടുനിവർന്നുകിടക്കുന്ന തോമസ് സിനിമയുടെ ഫോക്കസിലേയ്ക്ക് ഒരിക്കലും കടന്നുവരുന്നേയില്ല. ഇതും സമീപനത്തിന്റെ തന്നെ ഭാഗമാവാം. കാരണം മരിച്ചവൻ മരിച്ചു. ഒരുപക്ഷേ സിനിമയുടെ പരിമിതിയുമാവാം. എനിവേ, ഈ അപരവീക്ഷണത്തിന്റെ നിസ്സംഗതയോടെ ക്യാമറ മറ്റുള്ളവരെ കാണുന്നു. അവരുടെ വാക്കിലും പ്രവൃത്തിയിലുമടങ്ങിയ വൈരുദ്ധ്യം കാണുന്നു. സ്നേഹരാഹിത്യം കാണുന്നു. അപ്രിയസത്യങ്ങൾ കാണുന്നു. പുറംമോടിയ്ക്കപ്പുറമുള്ള യഥാർത്ഥജീവിതത്തെ കൃത്യമായി പ്രത്യക്ഷപ്പെടുത്തുന്നു. ഇടയ്ക്കിടെ അമർത്തിയ ഒരു ചിരി ചിരിച്ച് പിന്നെയും യാഥാർത്ഥ്യത്തിലേക്കു മടങ്ങുന്നു.

തികച്ചും അനൌപചാരികമെന്നു പറയാവുന്ന ശൈലിയിലൂടെ ഒരു സംസ്കാരച്ചടങ്ങിൽ ആദ്യവസാനം പ്രേക്ഷകനെയും പങ്കെടുപ്പിക്കുന്ന സമീപനമാണ് ക്യാമറയുടേത്. ക്യാമറ അതിന്റെ സാന്നിധ്യത്തെ പാടെ മറയ്ക്കുകയും ഒരു കമന്റുപോലും പറയാതെ എല്ലാം കാണുകയും കേൾക്കുകയും മാത്രം ചെയ്യുന്നു. നിറങ്ങൾ നഷ്ടപ്പെട്ട ഒരു മരണവീടിനെ ബ്ലാക്ക് ആൻഡ് വൈറ്റിൽ വിശദമായി ചിത്രീകരിച്ചതും ഒരു പരീക്ഷണം തന്നെ. അത്രമേൽ സഹജമായും സ്വാഭാവികമായും സ്വയം ആവിഷ്കരിക്കുന്ന ഒരുപിടി നടീനടന്മാർ സിനിമയ്ക്ക് കറതീർന്ന ഒരു ഫ്രഷ്നസ് സംഭാവന ചെയ്യുന്നു. സിനിമയിൽ നിക്ഷിപ്തമായ പ്രമേയത്തിലും പരിചരണത്തിലും പൂർണ്ണമെന്നു പറയാമെങ്കിലും സിനിമയുടെ പൂർണ്ണത എന്ന സമീപനത്തിൽ നോക്കുമ്പോൾ ഈ സിനിമ എന്നെ അത്രതന്നെ തൃപ്തനാക്കിയില്ല. പിടിച്ചതിലും വലുത് അളയിലുണ്ടെന്നു തന്നെ പ്രതീക്ഷിക്കുന്നു. ദാറ്റ്സ് ഓൾ മൈ ബ്രോസ്.

Saturday, January 9, 2016

ഒരു മേളയുടെ ബാക്കിപത്രം

 






സിനിമയെന്ന മാധ്യമത്തിനു 100 വയസ്സു തികഞ്ഞു. കാനിലെ ലോകോത്തര ചലച്ചിത്രമേളയ്ക്ക് 68-ഉം ഇന്ത്യയുടെ മേളയ്ക്ക് 46-ഉം വയസ്സായി. നമ്മുടെ സ്വന്തം മേളയ്ക്ക് 20 വയസ്സായി. എന്നാൽ മലയാളസിനിമ ഇപ്പോഴും അതിന്റെ കൌമാരദശയിൽത്തന്നെ തുടരുന്നതുപോലെ. നിരുപാധികമായി വളർന്നുപടരാൻ ഭയമുള്ളതുപോലെ അത് എവിടെയൊക്കെയോ തട്ടിത്തടഞ്ഞുനിൽക്കുന്നു. നമ്മുടെ ഫിലിംഫെസ്റ്റിവൽ ഇന്ന് അത്രമേൽ ജനകീയമായ ഒരു സാംസ്കാരികമേളയായി മാറിയിട്ടുണ്ട്. എന്നാൽ എന്നുമിങ്ങനെ സിനിമ കണ്ടു നടന്നാൽ മതിയോ എന്നൊരു ചോദ്യം അതിൽത്തന്നെ അടങ്ങിയിട്ടുണ്ട്. കാഴ്ച മാത്രമായി സിനിമ ചുരുങ്ങിപ്പോകരുത്, സിനിമ പിടിക്കുക തന്നെ വേണം. ആത്യന്തികമായി ഏതൊരു മേളയിലുമടങ്ങിയ പൊരുളും അതുതന്നെ.

എന്താണ് നമ്മുടെ സ്വതന്ത്രസിനിമയുടെ പരിസരം? ഒരുപക്ഷേ കവിതയെഴുതുന്നതുപോലെ നിരുപാധികമായി സ്വന്തം പ്രതിഭയുടെ പ്രകാശം പരത്തി പടമെടുക്കുകയും അതു പൊതുസമൂഹത്തിനു മുൻപിൽ പ്രദർശിപ്പിച്ച് നിസ്സംഗനായി മാറിനിൽക്കുകയും ചെയ്യുന്ന ഫിലിംമേക്കർ ഒരപൂർവജനുസ്സാണ്. അയാളെ സംബന്ധിച്ച് സിനിമ ഒരു കലാരൂപമാണ്. എന്നാൽ രസകരമായ വിനോദോപാധികൾ തിരഞ്ഞു വരുന്ന നിഷ്കളങ്കരായ ഭൂരിപക്ഷം പ്രേക്ഷകർക്കും സിനിമയെന്നാൽ കഥയാണ്. അഥവാ ഒരു കഥ മനോഹരമായി പറഞ്ഞുതീർക്കാനുള്ള മറ്റൊരുപാധിയാണ്. സിനിമ സമം കഥ എന്ന മുഖ്യധാരാ സെൻസിബിലിറ്റി സിനിമയുടെ വളർച്ചയിലെ ഒരു പ്രധാന തടസ്സമാണ്. നിർമ്മാണമേഖലയിൽ മാത്രമല്ല ആസ്വാദനരംഗത്തും നമുക്കു ചില ഇരട്ടത്താപ്പുകളുണ്ട്. മേളയിൽ ആഘോഷപൂർവം സ്വീകരിക്കപ്പെടുന്ന സിനിമകൾ തന്നെ തീയേറ്ററിൽ റിലീസ് ചെയ്യുമ്പോൾ നിരാകരിക്കപ്പെടുന്നു. ഇത് നമ്മുടെ സമീപനത്തിലടങ്ങിയ ഒരു കള്ളത്തരമാണ്. അവികസിതമായ ഈയൊരു മാനസികാവസ്ഥയും നവസിനിമയുടെ വളർച്ചയ്ക്കു വിലങ്ങുതടിയാണ്. എനിവേ, സോ കോൾഡ് സിനിമയിൽ നിന്നു യഥാർത്ഥ സിനിമയെ പുറത്തു കൊണ്ടുവരാനുള്ള ധീരമായ ഒറ്റപ്പെട്ട ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷേ സ്വതന്ത്രസിനിമയുടെ ഈ വക്താക്കൾക്കു മുന്നിൽ വെല്ലുവിളികളേറെയാണ്. സ്വന്തം സർഗ്ഗാത്മകത മുതൽമുടക്കി, കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി ഒരു പടം പിടിച്ചാൽത്തന്നെ അതു ജനങ്ങളിലെത്തിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം കൂടി പിന്നീട് അയാളുടെ ചുമലിൽ വന്നുവീഴുന്നു.

അഭിരുചിയെന്നത് തികച്ചും ആപേക്ഷികമായതിനാൽ ചലച്ചിത്രമേളയിൽ ഒരാൾക്കിഷ്ടമായ സിനിമകളെപ്പറ്റി ഉപന്യസിക്കുന്നതിൽ ഒരു തമാശയുണ്ട്. എങ്കിലും ചില കാര്യങ്ങൾ പറയുന്നു. ലോകസിനിമയിലും പ്രാദേശികസിനിമയിലും മികച്ച രചനകൾ പൊതുവിൽ മത്സരവിഭാഗത്തിനു പുറത്താണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ഒരു കാണിയെന്ന നിലയിൽ മത്സരവിഭാഗത്തെ മിക്കവാറും അവഗണിക്കുകയാണ് പതിവ്. കലാകാരൻ പൊതുവിൽ ഒരു മത്സരാർത്ഥിയല്ല. കല ഒരു മത്സരവുമല്ല. അത് ഒരാവിഷ്കാരം മാത്രമാണ്. അവാർഡുകൾ വാരിക്കൂട്ടുന്ന ചില സിനിമകൾ പിന്നീടു കാണേണ്ടിവന്നപ്പോൾ അവാർഡെന്ന പരിപാടി തന്നെ അവസാനിപ്പിക്കേണ്ടതല്ലേ എന്നും തോന്നിയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മലയാളമെന്ന ചെറുദേശത്തെ ചെറിയ ഭാഷയിൽ നിന്ന് ലോകത്തിനു മുൻപിൽ വെയ്ക്കാവുന്ന സിനിമകൾ ഉണ്ടാകുന്നുവെന്നത് അത്യന്തം ആഹ്ലാദകരമാണ്.

പതിവുപോലെ പതിഞ്ഞ സ്ഥായിയിലാണു ഇത്തവണയും മേള തുടങ്ങിയത്. ആദ്യദിനങ്ങൾ ശരാശരി ദൃശ്യാനുഭവങ്ങളായി കൊഴിഞ്ഞുവീണുകൊണ്ടിരിക്കെ ഒരു മലയാളസിനിമയാണ് നല്ലൊരു ഷോക്ക് തന്നുകൊണ്ട് പൊടുന്നനെ മേളയിലെ ഡിസ്കവറിയായി മാറിയത്. സിനിമയുടെ പേര് ഒഴിവുദിവസത്തെ കളി. ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള കഥയുടെ സ്വതന്ത്രാവിഷ്കാരമാണ്. ഒരാൾപ്പൊക്കത്തിലൂടെ ഇതിനകംതന്നെ ശ്രദ്ധേയനായ സനൽകുമാർ ശശിധരനാണ് സംവിധായകൻ. ഒരുവേള അരവിന്ദനു ശേഷം സിനിമയിൽ ധ്വനിയുടെ സാധ്യതകൾ അസ്തമിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് ഒരാൾപ്പൊക്കവുമായി സനലിന്റെ വരവ്. ഒഴിവുദിവസത്തിലെത്തുമ്പോൾ ആ കവിതയും ധ്വനിയും കൂടുതൽ പാകമായിരിക്കുന്നു. പൂർണ്ണമായിരിക്കുന്നു.

തെരഞ്ഞെടുപ്പുദിവസത്തിന്റെ ആനുകൂല്യത്തിൽ ഒരു വനമേഖലയിൽ അടിച്ചു പൊളിക്കാനെത്തിയ അഞ്ചു പേരാണു സിനിമയിൽ. അവരുടെ ഒരു പകൽ അസ്തമിക്കുന്നതിനു മുൻപു നടക്കുന്ന സംഭവങ്ങളിലൂടെ ഒരു സമൂഹത്തിന്റെ യഥാർത്ഥ അന്തസ്സത്തയിലേക്കു ക്യാമറ തിരിച്ചുവെയ്ക്കുകയാണ് സംവിധായകൻ. ഒരു സാമൂഹ്യപരിഷ്കർത്താവിനെപ്പോലെ അയാൾ ആശയങ്ങളും സിദ്ധാന്തങ്ങളും ഉദ്ധരിക്കുന്നില്ല. മുദ്രാവാക്യങ്ങൾ വിളിച്ചുപറയുന്നില്ല. ഒരു പരിഹാരവും നിർദ്ദേശിക്കുന്നില്ല. നിസ്സംഗനായ ഒരു വഴിപോക്കനെപ്പോലെ കാര്യങ്ങൾ അടുത്തുനിന്നു വീക്ഷിക്കുന്നു. ആഴത്തിൽ നിരീക്ഷിക്കുന്നു. ഇരുട്ടിൽ തപ്പുന്ന ഒരു അവികസിതജനതയോട് ദാ ഇതാണു നിന്റെ സത്യമെന്നും സ്വത്വമെന്നും പറയുന്നു. ഫിലിംമേക്കർ കവിയും ദാർശനികനുമായി മാറുന്നു.

പൊളിറ്റിക്കലി കറക്റ്റാവാതെ തന്നെ മികച്ച പൊളിറ്റിക്കൽ സിനിമയുണ്ടാക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഒഴിവുദിവസം. വെറുമൊരു കാഷ്വൽ രംഗത്തിലൂടെ ഈ രാഷ്ട്രീയത്തിലെ ധ്വനിസമ്പന്നത വ്യക്തമാക്കാം. ഇരുൾ മൂടിയ വനപ്രദേശം. ചങ്ങാതിസംഘത്തിലെ ഒരാൾ മൊബൈലിനു റെയ്ഞ്ചില്ലാത്തതിനാൽ പുറത്തേക്കിറങ്ങുന്നു. അപരനെ ഫോണിൽ കിട്ടുന്നില്ല. ‘ഞാൻ നമ്പൂതിരിയാണ്…’ എന്നു പറയുന്നുണ്ട്. മറുപടി വ്യക്തമല്ലാത്തതിനാൽ നമ്പൂതിരിയാണ്…’ എന്നു വീണ്ടും വീണ്ടും ആവർത്തിക്കുന്നു. സ്വന്തം പേരിനെ തോൽപ്പിച്ചുകൊണ്ട് ജാതി അത്രമേൽ നിഷ്കളങ്കമായി ജീവിതങ്ങളെ സ്വാധീനിച്ചുകഴിഞ്ഞതിനെ ഇതിലും കാവ്യാത്മകമായി എങ്ങനെയാണ് പറയാൻ കഴിയുക? അന്ത്യത്തിലേക്കെത്തുമ്പോൾ ജാതിയെന്ന ആശയം സമൂഹത്തെക്കുറിച്ചുള്ള ദുരന്തപൂർണ്ണമായ ഒരു പാഠമായി പ്രേക്ഷകമനസ്സിൽ ചേക്കേറുന്നു. ദൃശ്യശൈലിയിലും ദർശനത്തിലും ഒരാൾപ്പൊക്കത്തിൽ നിന്നു വേറിട്ട ഒരു രചന നിർവഹിച്ചതിൽ സനലിന്റെ കലാപ്രതിഭയും പ്രൊഫഷണലിസവും കൃത്യമായി വെളിപ്പെടുന്നുണ്ട്. ക്യാമറയുടെ വിദഗ്ദ്ധമായ അസാന്നിധ്യത്തിൽ, സംഭാഷണത്തിലെ അന്യാദൃശമായ ജീവിതഗന്ധത്തിൽ, സംഗീതത്തിന്റെ വശ്യമായ ഒതുക്കത്തിൽ ഒരു ലാൻഡ് മാർക്ക് കൂടിയാണീ ചിത്രം.

നവസിനിമയുടെ വക്താവായ മനു പി.എസിന്റെ 'മൺറോ തുരുത്താ’യിരുന്നു മേളയുടെ മറ്റൊരു കണ്ടെത്തൽ. വർഷങ്ങൾക്കു ശേഷം വിദേശത്തുനിന്നു നാട്ടിൽ മടങ്ങിയെത്തിയ യുവാവായ കേശുവും മുത്തച്ഛനുമാണ് കഥാപാത്രങ്ങൾ. തലമുറകളുടെ വിടവു മാത്രമല്ല സംസ്കാരങ്ങളുടെ വിടവും പ്രമേയമാണ്. സത്യവും കളവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത സങ്കീർണ്ണതയുടെ തുരുത്തിലെത്തിച്ചേർന്ന അനുഭവം. ഓരോ മനുഷ്യനും മുങ്ങാൻ തുടങ്ങുന്ന ദ്വീപായി മാറുന്നതിന്റെ വൈരുദ്ധ്യം. വിചിത്രവും ദുരന്തപൂർണ്ണവുമായ ഒരു ഗെയ്മായി മാറുന്ന ലോകജീവിതം. 'ഒന്നുകളവാ ഒന്നു സത്യമാ. എങ്ങനെയറിയും?' എന്നൊരു ദുരൂഹസമസ്യയിലാണ് സിനിമ തീരുന്നത്. ലോകത്തെ സംബന്ധിച്ചും ഒരുപക്ഷേ കലയെ സംബന്ധിച്ചുപോലുമുള്ള ഈ സമസ്യയെ ഒരു മലയാളസിനിമയായി കാണുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇന്ദ്രൻസ് എന്ന നടൻ ഒരു താരമായി മാറുന്നതിന്റെ മാജിക്കും ഈ സിനിമയ്ക്കു സ്വന്തം.

സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേർന്നു സംവിധാനം ചെയ്ത ചായം പൂശിയ വീട് എന്ന സിനിമയ്ക്കു ഗോവയിലെ മേളയിൽ പ്രവേശനം ലഭിച്ചിരുന്നില്ല. മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ സിനിമ ഒരു എഴുത്തുകാരന്റെ ‘നന്മ നിറഞ്ഞ ആശയങ്ങളു’ടെ അന്തസ്സാരശൂന്യതയെ വെളിപ്പെടുത്താനുള്ള ശ്രമമാണ്. പരിഷ്കൃതമനുഷ്യൻ വളരെ ബുദ്ധിമുട്ടി നിലനിർത്തിപ്പോരുന്ന തന്റെ ഇമേജും അവന്റെ യഥാർത്ഥ ഇമേജും തമ്മിലുള്ള അന്തരമാണ് സിനിമയുടെ പ്രമേയപരിസരം.

 ലോകസിനിമാവിഭാഗത്തിലും ഭാവുകത്വത്തിലെ പുതിയ നിർമ്മിതികൾക്കു വേണ്ടിയാണ് തിരഞ്ഞത്. ചില മുത്തുകൾ വീണുകിട്ടി. പലതും നഷ്ടമായി. കല, ചരിത്രം, അധികാരം തുടങ്ങിയ ഗഹനതകളിൽ കാവ്യാത്മകമായി മുഴുകുന്ന സിനിമയായിരുന്നു റഷ്യൻ മാസ്റ്റർ സൊകുറോവിന്റെ Francofonia. ഈ സിനിമയെ തോൽ‌പ്പിച്ച് വെനീസ് മേളയിൽ സമ്മാനിതമായ From Afar മനോവിശകലനത്തിലും സ്വഭാവപഠനത്തിലും ഒരു പുത്തൻ പരീക്ഷണമായിരുന്നു. വെനിസ്യൂലയിൽ നിന്നു വന്ന ഈ സിനിമ നവാഗതനായ Lorenzo Vigas-ന്റേതാണ്.

Secret എന്ന ടർക്കിഷ് സിനിമയുടെ പ്രമേയത്തെ പൊതിഞ്ഞുനിൽക്കുന്ന വിനാശകാരികളായ രണ്ടു രഹസ്യങ്ങളുണ്ട്. എന്നാൽ അവയേക്കാൾ അവയെ കൈകാര്യം ചെയ്ത ഒതുക്കമുള്ള രീതിയാണ് ഇഷ്ടമായത്. ആയുധം എന്ന സമീപനത്തോട് പൊതുവിൽ അനുഭാവമില്ലാത്തതിനാലാവാം Assassin എന്ന ചൈനീസ് ചിത്രത്തോട് അത്രമേൽ ഇഷ്ടം തോന്നിയില്ല. നല്ല പ്രൊഡക്ഷൻ ക്വാളിറ്റിയുണ്ട്. കൊതിപ്പിക്കുന്ന നിറങ്ങളുടെ ഉൽസവമുണ്ട്. പ്രമേയത്തിലും പരിചരണത്തിലും പരമ്പരാഗതരീതിയിൽ നിന്നു വലിയ മാറ്റം കാണാൻ കഴിഞ്ഞില്ല. എനിവേ, കാനിലെ ബെസ്റ്റ് ഡയറക്ടർ അവാർഡ് ഈ സിനിമയ്ക്കാണ്. സംവിധായകൻ Hou Hsiao-Hsien.

ധ്യാനനിരതമായ ദൃശ്യബിംബങ്ങളിലൂടെ യൂറോപ്പിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് തായ്ലൻഡിലെ നവസിനിമക്കാരനായ Apichatpong വിശ്വസിക്കുന്നു. സിനിമയുടെ പേര് Cemetery of Splendour. ലോകസിനിമയിൽത്തന്നെ വ്യത്യസ്തനായ ഈ മനുഷ്യൻ ചിത്രീകരിക്കുന്ന സംഭവങ്ങൾക്കും ദൃശ്യങ്ങൾക്കും മീതെ മാജിക്കലായ മറ്റൊരു സിനിമ കൂടി സഞ്ചരിക്കുന്നുണ്ട്. നിശ്ശബ്ദതയുടെ ആഴമുള്ള ആ സിനിമയത്രേ യഥാർത്ഥ സിനിമ. എല്ലാ തത്വശാസ്ത്രവും തോറ്റുപോകുന്ന ദാരിദ്ര്യത്തിന്റെ വിളനിലമായ എത്യോപ്യയുടെ മണ്ണിൽ നിന്നാണ് Lamb എന്ന സിനിമയുടെ ജനനം. വിശപ്പുയർത്തുന്ന കനത്ത വെല്ലുവിളികൾക്കിടയിലും മാനവികതയെ നെഞ്ചോടു ചേർക്കുന്ന ഒരു ജനതയെ യാഥാർത്ഥ്യബോധത്തോടെ പകർത്തിയിരിക്കുന്നു സംവിധായകനായ Yared Zeleke.

നർമ്മബോധത്തിലൂടെ മാത്രമേ ലോകത്തെ അഡ്രസ് ചെയ്യാൻ കഴിയുകയുള്ളു എന്നൊരു തത്വം ഫ്രഞ്ച് മാസ്റ്റർ Toni Gatlif-നെ നയിക്കുന്നതായി തോന്നുന്നു. മേളയുടെ ആഘോഷമായിരുന്നു ഈ ഫിലിം മേക്കർ. വീടുവിട്ടിറങ്ങിയ മൂന്നു സുഹൃത്തുക്കൾക്കൊപ്പം മനുഷ്യഭാഷയിൽ സംസാരിക്കുന്ന ഒരു ദേശാടനപ്പക്ഷിയും ഒരു നരേറ്ററും ക്യാമറയുമാണ് Children of the Stork എന്ന സിനിമയിലെ മുഖ്യകഥാപാത്രങ്ങൾ. എല്ലാ അതിർത്തികളും ഭേദിച്ചുകൊണ്ട് അവർ നിരുപാധികസ്വാതന്ത്യത്തിലേക്കു മുന്നേറുകയാണ്.

Deniz Gamze Ergüven സംവിധാനം ചെയ്ത Mustang എന്ന ടർക്കിഷ് സിനിമ ഒരു കുടുംബത്തിലെ സമർത്ഥരായ അഞ്ചു പെൺകുട്ടികളെയും അവരുടെ അദമ്യമായ സ്വാതന്ത്ര്യദാഹത്തെയും വികാരനിർഭരമായി ആവിഷ്കരിക്കുന്നു. Youth എന്ന ഇറ്റാലിയൻ സിനിമ വാർദ്ധക്യം, സംഗീതം, ജീവിതരതി എന്നിവയെ മനോഹരമായ ദൃശ്യഭാഷയിൽ ഇണക്കിച്ചേർത്തിരിക്കുന്നു. താളവും ലയവുമുള്ള വിഷ്വലുകൾ കൊണ്ട് കലയെ പുതുക്കിപ്പണിയുന്ന ചിത്രം.

Under Construction എന്ന ബംഗ്ളാദേശ് ചിത്രം ഏറെ ഇഷ്ടപ്പെട്ടു. മികച്ച മേക്കിംഗ്. ഈ പേരിന് സിനിമയിൽ പല അടരുകളുണ്ട്. പ്രമേയത്തിന്റെ ഭാഗമായിത്തന്നെ ടാഗോർ കൃതികളിലെ സൌന്ദര്യദർശനവും സിനിമയിൽ അടങ്ങിയിരിക്കുന്നു. Standing Tall എന്ന ഫ്രഞ്ച് സിനിമ അപരിമേയമായ മാനവികതയും ചടുലമായ അവതരണവും കൊണ്ടാണ് ഇഷ്ടമായത്. ക്രിമിനൽ സ്വഭാവം പുലർത്തുന്ന ഒരു വ്യക്തിയെ നല്ല പൌരനായി മാറ്റിയെടുക്കാൻ പരിഷ്കൃതമായ ഒരു ഭരണകൂടത്തിന് എന്തൊക്കെ ചെയ്യാൻ കഴിയും എന്നന്വേഷിക്കുന്ന ചിത്രം. സാമൂഹ്യവിരുദ്ധതയുടെ വേരുകൾ മനശ്ശാസ്ത്രപരമായി അന്വേഷിക്കുക കൂടി ചെയ്യുന്നുണ്ട് ഈ പടം.

Bridgend എന്ന ഡെൻമാർക്ക് ചിത്രം കൗമാര ആത്മഹത്യകൾ അനുഷ്ഠാനമായി മാറിയ ഒരു ഗ്രാമത്തെ പിന്തുടരുന്നു. Tangerine എന്ന അമേരിക്കൻ സിനിമ ഒരു നഗരത്തിന്റെ ചടുലജീവിതത്തെ നർമ്മരസത്തിൽ മുക്കിയെടുക്കുന്നു. അർജന്റീനയിൽ നിന്നുള്ള The Fire സ്നേഹവും വെറുപ്പും ഒളിച്ചുകളിക്കുന്ന ഒരു ദാമ്പത്യത്തിലെ ധർമ്മസങ്കടങ്ങളാണ്. പാലസ്തീനിയൻ സിനിമ Degrade കലാപകലുഷിതമായ അവിടത്തെ ജീവിതത്തെ ഏതാനും സ്ത്രീകളുടെ വീക്ഷണത്തിൽ ആവിഷ്കരിക്കുന്നു…

കാണാത്ത സിനിമയെപ്പറ്റി ചോദിക്കരുത്. അതിമധുരമോ അതിവിരസമോ ആകാം. ആപേക്ഷികമാണെല്ലാം. എനിവേ ഏതാനും വർഷങ്ങളായി അന്തർദ്ദേശീയ സിനിമകളുമായുള്ള സഹജീവിതം മലയാള സിനിമയുടെ പരമ്പരാഗതഭാവുകത്വത്തിൽ സാരമായ വിള്ളലുകൾ വീഴ്ത്തുന്നുണ്ടെന്നത് ആശ്വാസകരമാണ്. ലോകസിനിമയിൽ നിന്ന് ഒരു ദേശത്തിന്റെ സിനിമയിലേക്കുള്ള പാലമാണ് അഥവാ ആവണം ഫെസ്റ്റിവലുകൾ. മലയാളത്തിൽ നിന്നു തന്നെ സ്വതന്ത്രസംവിധായകരുടെ ഒരു നീണ്ട നിര രൂപപ്പെടുകയും ദേശത്തെയും ചരിത്രത്തെയും രേഖപ്പെടുത്തുന്ന നിരവധി പ്രൊഡക്ഷനുകൾ ഉണ്ടാവുകയും ചെയ്യുമ്പോഴാണ് നമ്മുടെ ഫെസ്റ്റിവലും അതിലൂടെ സിനിമയും സഫലമായിത്തീരുന്നത്. ഒരു ഭാഷയെയും സംസ്കാരത്തെയും ജൈവമാക്കി നിലനിർത്താൻ, ലോകത്തിന്റെ നിറുകയിലെത്തിക്കാൻ വേറെ മാർഗ്ഗമില്ല.

Saturday, December 26, 2015

ചാർലി














പടം കണ്ടിറങ്ങി പതുക്കെ വണ്ടിയോടിച്ചുപോരുമ്പോൾ പഴയൊരു പാട്ടാണ് ഓർമ്മ വന്നത്. ‘ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ.’ ഇതൊരു ക്രിസ്മസ് ദിവസമായതു കൊണ്ടോ സിനിമയിൽ നല്ലൊരു ഭക്തിഗാനമുള്ളതു കൊണ്ടോ അല്ല. കാരണം ചോദിക്കരുത്. അകാരണമാണ്. അഥവാ അകാരണമായ ഒരു വികാരമാണ് സ്നേഹം. പരിധികളില്ലാത്ത ഹൃദയങ്ങളിൽ അതങ്ങനെ നിരുപാ‍ധികമായി ഇരിക്കും കിടക്കും പാടും ഒഴുകിനടക്കും. നിലയ്ക്കുകയില്ല. ഒഴുക്കു നിലയ്ക്കുമ്പോൾ അതിനു പരിധികളുണ്ടാവും. അതോടെ സ്നേഹം തീരും. സിനിമയും.

ഇതുകൊണ്ടൊക്കെയാവണം ചാ‍ർലിയും ഒരിടത്തും നിൽക്കാതെ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നത്. നിലയ്ക്കാതെ ഒഴുകിനടക്കുന്നത്. കണ്ടിരിക്കുമ്പോൾ ഇടയ്ക്കിടെ ശിശിരത്തിലെ കമ്പിളിപ്പുതപ്പാ‍യി സ്നേഹം നമ്മളെ വന്നു പൊതിയുന്നുണ്ട്. ഇക്കിളിയിടുന്നുണ്ട്. സുഖദമാണ് ആ അനുഭവം. കല സുഖിപ്പിക്കലാണോ എന്നു ചോദിക്കരുത്. കല ദുഖമാണോ എന്നു തിരിച്ചുചോദിക്കും. ദുഖം പോലെ തന്നെ സുഖവും ഒരനുഭവമാണ്. പൊതുവിൽ അപരിചിതമായ അതിനെ പരിചയപ്പെടുത്തുക കൂടിയാണ് ഒരു കലാകാരൻ. അഥവാ ഒരു കൂട്ടം കലാകാരന്മാർ.

ദുൽക്കറിനേക്കാൾ, പാർവതിയേക്കാൾ, അപർണ്ണയേക്കാൾ, ചെമ്പനേക്കാൾ, ഒരുപക്ഷേ മാർട്ടിനേക്കാൾ ഉണ്ണിയാണ് താരം. ഉണ്ണി ആർ എന്നുള്ള ചോദ്യത്തിന് ഒരുത്തരം കൂടിയാണ് ഈ ചിത്രം. മുന്നറിയിപ്പിനെപ്പോലെയോ ഒഴിവുദിവസത്തെപ്പോലെയോ രാഷ്ട്രീയ ഗഹനതകളില്ല. ഇല്ലേ എന്നു ചോദിച്ചാൽ ഉണ്ട്. ലോകാസമസ്താ എന്നൊരു സമീപനമുണ്ടല്ലോ അതിലെ ആ പ്രസാദാത്മകതയുണ്ടല്ലോ. അതൊരു രാഷ്ട്രീയമാണ്. ചുറ്റും നിറഞ്ഞുനിൽക്കുമ്പോഴും വെറുപ്പിനെപ്പറ്റിപ്പറയാതെ സ്നേഹത്തെപ്പറ്റി പറയാനുള്ള ആ തീരുമാനമുണ്ടല്ലോ. അതും ഒരു രാഷ്ട്രീയമാണ്. ലോകസ്നേഹത്തിനു മുൻപിൽ പരിമിതമായ പ്രണയം തോറ്റുപോകുന്നതിന്റെ ആ രസമുണ്ടല്ലോ. അതിലുമുണ്ട് ഒരു രാഷ്ട്രീയം. അദ് നമ്മളെ പിടിക്കും. ചില നിമിഷങ്ങളിൽ താഴെ വീഴണോ വേണ്ടയോ എന്നു സംശയിച്ച് രണ്ടു തുള്ളികൾ കണ്ണുകളിൽ പിടയ്ക്കും. ആരവം മുഴക്കാൻ പോലും മറന്ന് ദുൽക്കറിന്റെ ഫാനുകൾ അടങ്ങിയിരിക്കും. അദ്ദാണ് ചാർലി.

ഒഴിവുദിവസത്തെ കളി











ഇതായിരുന്നു ഈ വർഷത്തെ മേളയിലെ സിനിമ. ഒരു ദിവസം മുഴുവൻ ഇതിന്റെ ഹാങ്ങോവറിലായിരുന്നു. പിന്നീടു കണ്ടതൊന്നും ഏശിയില്ല. അഥവാ ഒരു ചെറുദേശത്തെ ചെറിയ ഭാഷയിൽ ഒരു അന്തർദ്ദേശീയസിനിമ കണ്ടതിന്റെ ത്രിൽ ഇപ്പോഴും മാറിയിട്ടില്ല.

ഒഴിവുദിവസത്തിലെ ഉന്മാദം നിറഞ്ഞ ഒരു കളിയെ പുതിയ ജനാധിപത്യത്തിന്റെ രൂപകമായി കൺസീവ് ചെയ്യുന്നതിൽ ഒരു വലിയ സിനിമ അടങ്ങിയിട്ടുണ്ട്. രാഷ്ട്രീയപ്രബുദ്ധരും തത്വജ്ഞാനികളുമായിരിക്കെത്തന്നെ ദളിതരോടും സ്ത്രീകളോടും മൃഗങ്ങളോടും അത്രമേൽ അപരിഷ്കൃതമായ കാടത്തം പുലർത്തുന്ന ഒരു സമൂഹത്തെപ്പറ്റിയുള്ള സൂചനകളുണ്ട്. ഒരു പുസ്തകസിദ്ധാന്തത്തിന്റെയും വിധിപ്രസ്താവത്തിന്റെയും അകമ്പടിയില്ലാതെ ഒരൊഴിവു ദിവസത്തെ സംഭവങ്ങളിലൂടെ ഇതു ദൃശ്യവൽക്കരിക്കുന്നതിലെ കല ഒന്നു കാണേണ്ടതുതന്നെയാണ്. കട്ടില്ലാത്ത സ്റ്റെഡിക്യാം സൗന്ദര്യവും വനഹൃദയത്തിലെ ബിംബസമ്യദ്ധിയും ഭാഷണത്തിലെ നാട്ടുചന്തവും ശബ്ദലേഖനത്തിലെ സൂക്ഷ്മതയും ചില ഉദാഹരണങ്ങൾ മാത്രം. 

അഞ്ചുപുറത്തിൽ കവിയാത്ത ഉണ്ണിയുടെ കഥയെ രാഷ്ടീയമാനങ്ങൾ നിറഞ്ഞ ഒരു പൂർണ്ണസിനിമയായി സനൽ വളർത്തിയെടുത്തിരിക്കുന്നു. വരികൾക്കിടയിലെ നിശ്ശബ്ദതകളെല്ലാം പൂരിപ്പിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു വാർത്തകൾ ഒരു പാരഡിയായി പശ്ചാത്തലത്തിൽ മുഴങ്ങവെ, കളി നടക്കുന്ന മട്ടുപ്പാവ് പതിയെപ്പതിയെ ഒരു രാജ്യമായി രൂപാന്തരപ്പെടുന്നു. രാജാവും മന്ത്രിയും ന്യായാധിപനും കള്ളനും പോലീസും തങ്ങളുടെ റോളുകൾ ഭംഗിയായി നിർവഹിക്കുകയും ഒടുവിൽ അനിവാര്യമായ ആ ദുരന്തം സംഭവിക്കുകയും ചെയ്യുന്നു. സിനിമ തന്നെ ഒരു പ്രതീകമായി മാറുന്നു.

കൃത്യമായ രാഷ്ട്രീയധ്വനികൾ ഈ സിനിമയെ ദേശീയ അന്തർദ്ദേശീയ മാനങ്ങളിലേയ്ക്ക് ഉയർത്തി പ്രതിഷ്ഠിക്കുന്നു. ചക്കയിടാനും കോഴിയെ കൊല്ലാനുമെന്നപോലെ കൊല്ലപ്പെടാനും കറുത്തവൻ തന്നെ നിയുക്തനാവുന്നതിന്റെ രാഷ്ടീയം മാത്രമല്ല ഇരയുടെ റോളിലകപ്പെട്ട സ്ത്രീയുടെ പ്രതിരോധവും അതിജീവനവും മാത്രമല്ല അധികാരരതി മാത്രമല്ല മൃഗങ്ങളോടും പക്ഷികളോടുമുള്ള ക്രൂരത മാത്രമല്ല ഓരോ വ്യക്തിക്കും അവനവനോടു തന്നെയുള്ള സമീപനവും രാഷ്ടീയമാനമാർന്ന് നമ്മളെ ചിന്തിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നു.
ദൃശ്യശൈലിയിലും ദർശനത്തിലും ഒരാൾപ്പൊക്കത്തിൽ നിന്നു തീർത്തും വേറിട്ട ഒരു രചന നിർവഹിച്ചതിലാണ് സനലിന്റെ കലാപ്രതിഭയും പക്വതയാർന്ന ആത്മവിശ്വാസവും കൃത്യമായി വെളിപ്പെടുന്നത്. ഒരു നിമിഷം പോലും വഴുതിപ്പോകാതെ തുടക്കം മുതൽ ഒടുക്കം വരെ അയാൾ ടോട്ടൽസിനിമയെ ഹൃദയത്തോടു ചേർത്തുപിടിച്ചിരിക്കുന്നു. ഈ അപൂർവതയുടെ രൂപവും ഭാവവും നിർണ്ണയിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഇന്ദ്രജിത്തിനെയും ബേസിൽ ജോസഫിനെയും സന്തോഷപൂർവം ഓർക്കുന്നു. സ്വന്തം സാഹചര്യങ്ങളോടു ക്രിയാത്മകമായി സംവദിക്കുന്ന ആരുടെയും ഒരു ദിവസത്തെ ഉറക്കം കെടുത്താൻ ഈ സിനിമയ്ക്കു കഴിയുമെന്നുറപ്പാണ്.