Saturday, December 26, 2015

ചാർലി














പടം കണ്ടിറങ്ങി പതുക്കെ വണ്ടിയോടിച്ചുപോരുമ്പോൾ പഴയൊരു പാട്ടാണ് ഓർമ്മ വന്നത്. ‘ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ.’ ഇതൊരു ക്രിസ്മസ് ദിവസമായതു കൊണ്ടോ സിനിമയിൽ നല്ലൊരു ഭക്തിഗാനമുള്ളതു കൊണ്ടോ അല്ല. കാരണം ചോദിക്കരുത്. അകാരണമാണ്. അഥവാ അകാരണമായ ഒരു വികാരമാണ് സ്നേഹം. പരിധികളില്ലാത്ത ഹൃദയങ്ങളിൽ അതങ്ങനെ നിരുപാ‍ധികമായി ഇരിക്കും കിടക്കും പാടും ഒഴുകിനടക്കും. നിലയ്ക്കുകയില്ല. ഒഴുക്കു നിലയ്ക്കുമ്പോൾ അതിനു പരിധികളുണ്ടാവും. അതോടെ സ്നേഹം തീരും. സിനിമയും.

ഇതുകൊണ്ടൊക്കെയാവണം ചാ‍ർലിയും ഒരിടത്തും നിൽക്കാതെ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നത്. നിലയ്ക്കാതെ ഒഴുകിനടക്കുന്നത്. കണ്ടിരിക്കുമ്പോൾ ഇടയ്ക്കിടെ ശിശിരത്തിലെ കമ്പിളിപ്പുതപ്പാ‍യി സ്നേഹം നമ്മളെ വന്നു പൊതിയുന്നുണ്ട്. ഇക്കിളിയിടുന്നുണ്ട്. സുഖദമാണ് ആ അനുഭവം. കല സുഖിപ്പിക്കലാണോ എന്നു ചോദിക്കരുത്. കല ദുഖമാണോ എന്നു തിരിച്ചുചോദിക്കും. ദുഖം പോലെ തന്നെ സുഖവും ഒരനുഭവമാണ്. പൊതുവിൽ അപരിചിതമായ അതിനെ പരിചയപ്പെടുത്തുക കൂടിയാണ് ഒരു കലാകാരൻ. അഥവാ ഒരു കൂട്ടം കലാകാരന്മാർ.

ദുൽക്കറിനേക്കാൾ, പാർവതിയേക്കാൾ, അപർണ്ണയേക്കാൾ, ചെമ്പനേക്കാൾ, ഒരുപക്ഷേ മാർട്ടിനേക്കാൾ ഉണ്ണിയാണ് താരം. ഉണ്ണി ആർ എന്നുള്ള ചോദ്യത്തിന് ഒരുത്തരം കൂടിയാണ് ഈ ചിത്രം. മുന്നറിയിപ്പിനെപ്പോലെയോ ഒഴിവുദിവസത്തെപ്പോലെയോ രാഷ്ട്രീയ ഗഹനതകളില്ല. ഇല്ലേ എന്നു ചോദിച്ചാൽ ഉണ്ട്. ലോകാസമസ്താ എന്നൊരു സമീപനമുണ്ടല്ലോ അതിലെ ആ പ്രസാദാത്മകതയുണ്ടല്ലോ. അതൊരു രാഷ്ട്രീയമാണ്. ചുറ്റും നിറഞ്ഞുനിൽക്കുമ്പോഴും വെറുപ്പിനെപ്പറ്റിപ്പറയാതെ സ്നേഹത്തെപ്പറ്റി പറയാനുള്ള ആ തീരുമാനമുണ്ടല്ലോ. അതും ഒരു രാഷ്ട്രീയമാണ്. ലോകസ്നേഹത്തിനു മുൻപിൽ പരിമിതമായ പ്രണയം തോറ്റുപോകുന്നതിന്റെ ആ രസമുണ്ടല്ലോ. അതിലുമുണ്ട് ഒരു രാഷ്ട്രീയം. അദ് നമ്മളെ പിടിക്കും. ചില നിമിഷങ്ങളിൽ താഴെ വീഴണോ വേണ്ടയോ എന്നു സംശയിച്ച് രണ്ടു തുള്ളികൾ കണ്ണുകളിൽ പിടയ്ക്കും. ആരവം മുഴക്കാൻ പോലും മറന്ന് ദുൽക്കറിന്റെ ഫാനുകൾ അടങ്ങിയിരിക്കും. അദ്ദാണ് ചാർലി.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ലോകസ്നേഹത്തിനു മുൻപിൽ പരിമിതമായ
പ്രണയം തോറ്റുപോകുന്നതിന്റെ ആ രസമുണ്ടല്ലോ.
അതിലുമുണ്ട് ഒരു രാഷ്ട്രീയം. അദ് നമ്മളെ പിടിക്കും.
ചില നിമിഷങ്ങളിൽ താഴെ വീഴണോ വേണ്ടയോ എന്നു
സംശയിച്ച് രണ്ടു തുള്ളികൾ കണ്ണുകളിൽ പിടയ്ക്കും. ആരവം
മുഴക്കാൻ പോലും മറന്ന് ദുൽക്കറിന്റെ ഫാനുകൾ അടങ്ങിയിരിക്കും. അദ്ദാണ് ചാർലി.

പിന്നെ
ഇവിടെ ലണ്ടനിലും ചാർലിയുടെ ഈ ലോകസ്നേഹം ഇപ്പോഴും നിറഞ്ഞൊഴുകികൊണ്ട്റ്റിരീക്കുകയാണ്...