Monday, September 8, 2014

മുന്നറിയിപ്പ്, ഒരു പുനർവായന



 













മീഡിയോക്കർ എന്ന പദമായിരുന്നു പ്രകോപനം. അത് സിനിമയെ ഒരിക്കൽക്കൂടി റീവൈൻഡ് ചെയ്തുകാണാൻ പ്രേരിപ്പിച്ചു. മുഖ്യധാരയുമായി ഇടഞ്ഞുനിന്നുകൊണ്ട് വ്യത്യസ്തമായ സമീപനത്തിൽ നിർമ്മിച്ചതാണെന്ന കാര്യത്തിൽ തർക്കമുണ്ടാവാൻ വഴിയില്ല. പാട്ടില്ല. പ്രണയമില്ല. ഇതു രണ്ടുമില്ലാത്ത പടങ്ങൾ മലയാളത്തിൽ ഓർത്തെടുക്കാൻ പാടാണ്. പെട്ടിയിൽ കാശുവീഴാനുള്ള മറ്റു ചേരുവകളുമില്ല. ഇതുകൊണ്ടൊന്നും നല്ല പടമാകില്ല എന്നറിയാം. എന്നാൽപ്പിന്നെ ഈ മീഡിയോക്കർ സിനിമയുടെ സ്ഥലവും കാലവും ഒരിക്കൽക്കൂടി വായിച്ചുനോക്കാമെന്നുവെച്ചു.

നാല്പതുകളിൽ രാഷ്ട്രീയത്തടവുകാരനായിരുന്ന മതിലുകളിലെ ബഷീറിന്റെ ഫിലോസഫി രാഘവനിലുണ്ട്. കയ്യൊപ്പിലെ ബാലചന്ദ്രന്റെ നിസ്സംഗതയുമുണ്ട്. രണ്ടുപേരും എഴുത്തുകാരാണ്. രാഘവനും ചിലതൊക്കെ എഴുതുന്നുണ്ട്. എഴുതുന്നതെന്തായാലും അത് അയാളുടെ ആത്മാവിന്റെ ഭാഗമാണ്. ബഷീറിന്റെ സ്വാതന്ത്ര്യബോധം രാഘവനിലും കാണാം. ബഷീറിനെപ്പോലെ അയാളും ജയിൽജീവിതം ആസ്വദിക്കുന്നുണ്ട്.. ആർക്കുവേണം ഈ സ്വാതന്ത്ര്യം എന്നാണ് റിലീസ് ചെയ്യുമ്പോൾ ബഷീർ ചോദിക്കുന്നത്. രാഘവനാവട്ടെ തന്റെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ ഒരു കുറ്റം ചെയ്തുകൊണ്ട് ജയിലിലേക്കുതന്നെ രക്ഷപ്പെടുന്നു. പുറംലോകം ഒരു തുറന്ന ജയിലാണെന്ന ബഷീറിന്റെ തത്വമാണ് രാഘവനും പിൻപറ്റുന്നത്. ഒരുവേള, അയാൾ ഒരടികൂടി മുന്നോട്ടുപോകുന്നുണ്ട്. ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ളവമുണ്ടായാൽ ചോര വീഴുമെന്ന് അയാൾ പറയുന്നത് ഒട്ടും സന്ദേഹമില്ലാതെയാണ്. അഞ്ജലി അറയ്ക്കൽ എന്ന പത്രപ്രവർത്തകയുടെയും കോർപ്പറേറ്റ് ഭീമന്മാരുടെയും അത്യാഗ്രഹങ്ങൾക്കു മുന്നിൽ പണയം വെയ്ക്കാനുള്ളതല്ല അയാൾക്കു ജീവിതം. പേനയും കടലാസും കൊടുത്ത് എഴുതാൻ പറഞ്ഞാൽ എഴുതിത്തീർക്കാവുന്നതുമല്ല. സോ, അയാൾ തന്റെ നിസ്സംഗതയുടെ ഭാഷ ഉപയോഗിച്ചുതന്നെ കൊല്ലുന്നു. സ്വാതന്ത്ര്യം വീണ്ടെടുക്കുന്നു. ഇങ്ങനെയാണ് ഞാൻ സിനിമയെ മനസ്സിലാക്കിയത്. ‘മലയാളിയുടെ ജിവിതപ്രതിസന്ധിയാണ് അവന്റെ ഭാഷാപ്രതിസന്ധി’യെന്ന് ശ്രീ കെ. ആർ. ടോണി ഇന്നലെ എഴുതിയതു വായിച്ചപ്പോൾ ഒട്ടും യാദൃശ്ചികമല്ലാതെ ഈ മനുഷ്യനെ ഓർക്കുകയും ചെയ്തു.

കാലത്തിൽ നിന്നടർന്നു മാറാൻ ഒരു കലാകാരനു കഴിയില്ല. എന്നാലിത് ഒത്തുതീർപ്പുകളുടെ കാലമാണ്. ഏറ്റവും പുതിയ രാഷ്ട്രീയ സിനിമയെടുക്കുന്നവരും ചതുരവടിവിൽ ഒരു പ്രണയം എഴുതിച്ചേർക്കുന്ന കാലം. നിരുപാധികതയ്ക്ക് എവിടെയും നേരിടാനുള്ളത് പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ്. ഒരു ദേശത്തിന്റെ, ജനതയുടെ തനതുസാംസ്കാരികധാരകളെല്ലാം വറ്റിപ്പോകുന്ന ഒരു കോർപ്പറേറ്റ് കാലത്തിന്റെ വക്കിൽ നിന്നുകൊണ്ടാണ് നമ്മൾ ഇതെല്ലാം പുലമ്പുന്നത്. ഉപരിതലത്തിൽ ജീവിച്ചുകൊണ്ട് ആഴങ്ങളെ സ്വപ്നം കാണാൻ കഴിയുമോ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. അവിടെയാണ് outstanding സിനിമയിൽ നിന്ന് mediocre സിനിമയിലേക്കുള്ള വഴികൾ ആരംഭിക്കുന്നതെന്നു തോന്നുന്നു. ഈ മീഡിയോക്കർ സിനിമകളെങ്കിലും ഇതുപോലെ നിലനിൽക്കാനിടയാവട്ടെ എന്നു വെറുതെ ആഗ്രഹിക്കുന്നു.

സപ്തമശ്രീ തസ്കര:



 










വിനോദം ഒരു മോശം കാര്യമല്ല. സംഘർഷം ലോകസ്വഭാവമായി മാറുന്ന ഒരു കാലത്ത് അത് മുറിവുണക്കുന്ന ഔഷധവുമാണ്. പക്ഷേ, എന്തുചെയ്യാം? മുറിവൈദ്യന്മാരുടെ പറുദീസയാണ് സിനിമാലോകം. നന്നായി മാർക്കറ്റ് ചെയ്യാവുന്ന ഒരു മൂല്യം തന്നെയാണ് നർമ്മം. എന്നാൽ മർമ്മമറിയുന്നവർക്കു മാത്രം നല്ല ഫലങ്ങൾ ലഭിക്കുന്നു. ഒപ്പം പ്രേക്ഷകന് അനല്പമായ ആഹ്ളാദവും. ഇത്രയൊക്കെയുണ്ടോ എന്നു ചോദിച്ചാൽ അത്രയ്ക്കൊന്നുമില്ല. ഒരോളത്തിനങ്ങു പറഞ്ഞുപോയതാണ്. ഇല്ലേ എന്നാണെങ്കിൽ ഉണ്ട്. പഴകിത്തേഞ്ഞ വഷളൻ പ്രമേയങ്ങൾക്കിടയിൽ ഒരു പുതിയ വിഷയം. അലക്കിത്തേച്ച പോലീസുകാരുടെ പതിവുബഹളത്തിനിടയിൽ നന്നെ മുഷിഞ്ഞ ഏഴു കള്ളന്മാർ. ഇക്കിളിയിടാതെ ചിരിക്കാനുതകുന്ന ഇത്തിരി ശുദ്ധഹാസ്യം. ശുദ്ധഗതികൊണ്ട് മിക്കവാറും പിടിക്കപ്പെടുന്ന ഇവർ തൃശൂർക്കാരും കൂടിയായാലോ? പെട്ടു.

അവതരണത്തിലുമുണ്ട് രസങ്ങൾ. കഥയമമ കഥയമമ എന്നൊരു പറച്ചിൽശൈലിയുണ്ട്. നന്മതിന്മകൾ തമ്മിൽ നടക്കുന്ന പുരാതനമായ ആ ചതുരംഗമുണ്ടല്ലോ, അതുതന്നെയാണ് ഇന്നും നമ്മുടെ സിനിമയിലെ അണ്ടർകറന്റ്. ഈ കളിയാണ് സിനിമയിൽ വൈരുദ്ധ്യവും ഒപ്പം സൌന്ദര്യവും നിറയ്ക്കുന്നത്. പരമ്പരാഗതമായ ഈ ചതുരവടിവിൽ നിന്നെല്ലാം ലോകസിനിമ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഭാഗ്യവശാൽ നമ്മളതൊന്നും അറിഞ്ഞിട്ടില്ല. പിന്നൊരുകാര്യം. ലോജിക്കിന്റെ ചൂരൽവടിയുമായി തീയേറ്ററിൽ പോയിരിക്കരുത്. ആ കാലമെല്ലാം പോയി. മെലോഡ്രാമയും ഫാന്റസിയും സെന്റിമെന്റുമെല്ലാം ഇപ്പോൾ സിനിമയുടെ സങ്കേതങ്ങളാണ്. പ്രമേയമല്ല ടോട്ടൽ ലൈഫാണ് പ്രധാനം. കഥയല്ല ഫീലാണ് മുഖ്യം.

തുല്യ പ്രാധാന്യമുള്ള ഏഴുകഥാപാത്രങ്ങൾ ഒരേസമയം ഫ്രെയിമിൽ വരുന്നതിനാൽ നാട്യപ്രധാനമാണ്. നിലനിൽപ്പിന്റെ കൂടി കളിയായതിനാൽ ഏഴു കള്ളന്മാരും മത്സരിച്ചഭിനയിക്കുന്നുണ്ട്. ആസിഫും പൃഥ്വിയുമുണ്ടെങ്കിലും ചെമ്പനാണ് താരം. ആ തന്മയീഭാവം കണ്ടുതന്നെ അറിയേണ്ടതാണ്. നീരജ് എന്ന നടനെയും ഈ സിനിമ കൃത്യമായി കണ്ടെടുക്കുന്നുണ്ട്. ഓണക്കാലത്ത് റിലീസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ സംവിധായകൻ ബോധപൂർവം മറന്നിട്ടുണ്ട്. എന്നാൽ സാന്ദർഭികമായി ഒരു പുലിയിറക്കവും ഓണത്തല്ലും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിലനേരങ്ങളിൽ അല്പമൊരു ലാഗ് ഫീൽ ചെയ്തെങ്കിലും ഇടയ്ക്കിടെ നല്ല ട്വിസ്റ്റുകളുമുണ്ട്. നർമ്മത്തിനിടെ സമകാലികമായ ജീവിതചിന്തകളുമുണ്ട്. ഇത്രയൊക്കെയേയുള്ളു. പിന്നെ, ഒരുപാടൊന്നും ങ്ങട് പറയാനും പാടില്ല. പടം റിലീസാണിഷ്ടാ.!

Sunday, August 24, 2014

മുന്നറിയിപ്പ്











ഉത്തമകലയെക്കുറിച്ചുള്ള സന്ദേഹങ്ങൾ നിങ്ങളുടെ മനസ്സിൽ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിൽ സമഗ്രജീവിതത്തെക്കുറിച്ചുള്ള ചില വെളിപാടുകൾ നൽകുന്ന ഒന്നിനെ ആ ഗണത്തിൽപ്പെടുത്താവുന്നതാണ്. നിരുപാധികമായി ചിന്തിച്ചാൽ, കഥയും കവിതയും നോവലും പോലെ ചലച്ചിത്രവും ഒരു സ്വതന്ത്രാവിഷ്കാരമാണ്. ആ നിലയിൽ കാണുമ്പോൾ, ഇതാ ഒരു മികച്ച സിനിമയെന്ന് മനസ്സ് മുന്നറിയിപ്പു നൽകിക്കൊണ്ടിരുന്നു. നീതിമാനും സ്വതന്ത്രമായി ചിന്തിക്കുന്നവനുമായ ഒരു സാധാരണപൌരനെ സാമൂഹ്യമായ ചുറ്റുപാടുകൾ എത്രമേൽ ഉപദ്രവിക്കുന്നുവെന്നും തന്ത്രപരമായി തടവിൽ പാർപ്പിക്കുന്നുവെന്നും വേദനയോടെ കണ്ടുകൊണ്ടിരുന്നു. ഓരോ ഘട്ടത്തിലും തനിക്കു മാത്രം സ്വന്തമായ രീതിയിൽ അയാൾ ആ സന്ദർഭങ്ങളെ നേരിടുന്നതും സ്വാതന്ത്ര്യം തിരിച്ചുപിടിക്കുന്നതും അത്ഭുതത്തോടെ നോക്കിയിരുന്നു. അങ്ങനെയിരിക്കെ വേട്ടക്കാരനും ഇരയായി മാറുന്നതു കണ്ടു. സിനിമ ജീവിതമാകുന്നതു കണ്ടു.

ബഷീറിനെപ്പോലെ ഒരു മാനവികബോധം അഥവാ സ്വാതന്ത്ര്യബോധം ഈ ഫിലിംമേക്കറെയും നയിക്കുന്നുണ്ട്. ലോകമെന്നത് ഒരു തുറന്ന ജയിൽ തന്നെയാണെന്ന് അയാൾ മനസ്സിലാക്കുന്നുണ്ട്. അനുനിമിഷം മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന കാണാച്ചരടുകളെപ്പറ്റി പറയാതെ പറയുന്നുണ്ട്. ഒരു പ്രത്യേക പ്രമേയത്തിലൊതുക്കാതെ സമഗ്രതയിലേക്കു നോക്കുന്നുണ്ട്. എന്നാൽ ഒരു വ്യത്യാസമുണ്ട്. നായകനായ സി.കെ. രാഘവനെപ്പോലെതന്നെ സിനിമയും ഇക്കാര്യങ്ങൾ ഉറക്കെ വിളിച്ചുപറയുന്നില്ല. പതിവുനാടകീയതയുടെ വാതിലുകൾ തുറക്കുന്നില്ല. തെളിച്ചുപറഞ്ഞാൽ, വിളിച്ചുപറയാത്തതെന്തോ അതാണ് സിനിമ എന്ന ഒരു സങ്കൽപ്പത്തിലാണ് ഈ സിനിമയുടെ നിൽപ്പുതന്നെ. ഈ നിൽപ്പ് ഒരു പ്രശ്നം തന്നെയാണ്. കാരണം, ശബ്ദഘോഷങ്ങളിൽ മുങ്ങിപ്പോയ, മെലോഡ്രാമയിൽ അഭിരമിക്കുന്ന നമ്മുടെ സിനിമയ്ക്കും അതിന്റെ പ്രേക്ഷകർക്കും ഈ ഗഹനത അഥവാ subtlety പരിചയമില്ല. ഇതാണു പ്രശ്നം. അഥവാ, സിനിമയുടെ മുഖ്യസൌന്ദര്യഘടകമെന്തോ അതുതന്നെ കാണികളെ അതിൽനിന്നകറ്റുന്ന വിചിത്രമായ ഒരു വൈരുദ്ധ്യം അതിലടങ്ങിയിരിക്കുന്നു.

എനിക്കു സിനിമ ഏറെയിഷ്ടമായി. മുന്നറിയിപ്പ് എന്ന പേരിൽ ഗഹനത കുറഞ്ഞുപോയെങ്കിലും ദൃശ്യപരമായും ശബ്ദപരമായും മികച്ച ഒരനുഭവം തന്നെയാണ്. ആർ. ഉണ്ണിയെപ്പോലെ ഒരാൾ സിനിമയെഴുതുമ്പോൾ ദൃശ്യങ്ങൾ കഥാപരമായിത്തീരുന്നുണ്ട്. ഒരുപക്ഷേ, ആത്മകഥാപരമായിത്തീരുന്നുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം വേണു എന്ന സിനിമറ്റോഗ്രാഫർ രാഷ്ട്രീയമാനമുള്ള ഒരു ചിത്രത്തിലൂടെ സ്വയം അപ്ഡേറ്റ് ചെയ്യുന്നുണ്ട്. കോർപ്പറേറ്റ് കാലത്തും നല്ല സിനിമ സാധ്യമാണെ
ന്ന പ്രതീക്ഷ പങ്കിടുന്നുണ്ട്. ശക്തമായ സ്ത്രീകഥാപാത്രം ഒരു ജാടയല്ലെന്ന് അപർണ്ണയും ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന് മമ്മൂട്ടിയും വെളിപ്പെടുത്തുന്നുണ്ട്. ഒടുവിൽ നമ്മൾ ഞെട്ടിയുണരുന്നത് അപ്രതീക്ഷിതമായ ഒരു ക്ളൈമാക്സ്ഷോട്ടിലേക്കു മാത്രമല്ല, ഏറ്റവും പുതിയ സാമൂഹ്യപാഠങ്ങളിലേക്കു കൂടിയാണ്.!

Sunday, August 10, 2014

ഞാൻ സ്റ്റീവ് ലോപ്പസ്











‘നിഷ്കളങ്കതയെക്കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതൽ.’ ഇതാണ് സിനിമയുടെ തലവാചകം. അപരനോടുള്ള കരുതൽ അസംഭാവ്യതയായി മാറിക്കഴിഞ്ഞ ഒരു കാലത്ത് സ്റ്റീവ് എന്ന കഥാപാത്രം പുതിയ യുവാവിനെ ആകർഷിക്കുന്നില്ല എന്നതിൽ വിശേഷിച്ച് ഒന്നുമില്ല. എന്നാൽ എന്തോ ഉണ്ട്. ആ ഇല്ലായ്മ, ശൂന്യത അയാളുടെ പ്രശ്നമല്ല. എന്നാൽ, എന്റെയും നിങ്ങളുടെയും പ്രശ്നമാണ്. നീതിയെ സംബന്ധിച്ച പ്രശ്നങ്ങൾ ഒട്ടുമേ അലട്ടാത്ത ഒരു സമൂഹം പിന്നെന്തിനുവേണ്ടി പുലരുന്നു എന്നു ചോദിച്ചാൽ, തിന്നാനും കുടിയ്ക്കാനും രമിക്കാനുമെന്ന അതിലളിതമായ ഒരുത്തരമാണ് കിട്ടുക. അതു തന്നെയാണു സത്യവും.

സ്റ്റീവ് എന്ന യുവാവ് ഒരു സംഭാവ്യതയല്ല എന്നു ഭൂരിപക്ഷം പ്രേക്ഷകരെയും പോലെ വേണമെങ്കിൽ നിങ്ങൾക്കും തീരുമാനിക്കാം. പക്ഷേ, കലാകാരൻ റിയാലിറ്റിയുടെ മാത്രം പ്രതിനിധിയല്ല. അയാൾ ഭാവനയുടെയും ഫാന്റസിയുടെയും കൂടി ആളാണ്. രാജീവ് രവി എന്ന കലാകാരൻ തന്റെയുള്ളിലെ മനുഷ്യപ്പറ്റെല്ലാം ചേർത്തുവച്ച് സ്റ്റീവ് ലോപ്പസ് എന്നൊരു കഥാപാത്രത്തെ നിർമ്മിക്കുന്നു. നീതിയെ സംബന്ധിച്ച സമസ്യകൾ അയാളെയും അയാൾ സമസ്യകളെയും എങ്ങനെയൊക്കെ പിന്തുടരുന്നു എന്നു നിരീക്ഷിക്കുന്നു. അയാൾ നിൽക്കുന്ന, നടക്കുന്ന സ്ഥലത്തെയും സമയത്തെയും കൃത്യമായി രേഖപ്പെടുത്തുന്നു. മനുഷ്യനെപ്പറ്റിയുള്ള തന്റെ ആശങ്കകൾ ലോകത്തോടു പങ്കുവെയ്ക്കുന്നു. യുക്തിഭദ്രമായ, നിരുപാധികമായ ആ ഷെയറിംഗ് ദാർശനികമായ തന്റെ കണ്ടെത്തലാക്കി മാറ്റുകയും ചെയ്യുന്നു.

സിനിമയെക്കാൾ, എന്നെ ചിന്തിപ്പിച്ചത് അതിലെ സത്യത്തോടുള്ള കാണികളുടെ ഉദാസീനതയാണ്. വരുംകാലത്തെക്കുറിച്ചുള്ള അതിന്റെ ദുരന്തസൂചനകളാണ്. ക്ഷമിച്ചേക്കാം. അവസാനം ഹരിയുടെ അവശേഷിച്ച വസ്തുവകകൾ ഭാര്യയെ മടക്കിയേൽപ്പിച്ച് ആശ്വസിക്കുന്ന സ്റ്റീവിനെപ്പോലെ ഒരുവേള, സംവിധായകനും ആശ്വസിക്കുന്നുണ്ടാവാം. തന്റെ മനസ്സിലെ ഭാരത്തെ പ്രേക്ഷകനു കൈമാറി അയാൾ നിശ്വാസമുതിർക്കുന്നുണ്ടാവാം. തന്റെ ജോലി ചെയ്തു; ഇനി ലോകം തള്ളുകയോ കൊള്ളുകയോ ചെയ്യട്ടെ എന്നു കരുതുന്നുണ്ടാവാം. എനിവേ, ജീവിക്കുന്ന കാലത്തോട് ഇത്രമേൽ ദൃശ്യപരമായി പ്രതികരിച്ച ഒരു മനുഷ്യന് കാലഹരണപ്പെട്ട മറ്റൊരു മനുഷ്യന്റെ ദുർബലമായ ഹാറ്റ്സ് ഓഫ്.!

Tuesday, July 15, 2014

How Old Are You?



 










സ്ത്രീകൾ സിനിമയുടെ പശ്ചാത്തലസൌന്ദര്യം മാത്രമായിക്കഴിഞ്ഞ കാലത്ത് പെട്ടെന്നൊരു ദിവസം ഒരു സ്ത്രീ സ്ക്രീനിനു നടുവിലേക്കു കയറിനിൽക്കുമ്പോൾ അതിലൊരു പുതുമയുണ്ട്. രസമുണ്ട്. ആ സ്ത്രീ മഞ്ജുവാര്യർ കൂടിയാവുമ്പോൾ ആ രസം ഇരട്ടിക്കുന്നു. വീണ്ടും ഒരിക്കൽക്കൂടി നടിയെ മനസ്സിൽക്കണ്ട് ഒരു പടമുണ്ടാവുന്നത് തന്റെ മടങ്ങിവരവോടെയാണെന്നത് മഞ്ജുവിനും ഒരുവേള, ഈ സിനിമയ്ക്കും ക്രെഡിറ്റ് തന്നെ. രണ്ടും മോശമായില്ല. സ്ത്രീയും അവളുടെ ആത്മാവിഷ്കാരവുമാണ് കേന്ദ്രപ്രമേയമെങ്കിലും സമകാലികജീവിതത്തിന്റെ സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയെല്ലാം അത് കടന്നുപോകുന്നുണ്ട്. മഞ്ജുവാണ് താരമെങ്കിലും ചാക്കോച്ചനടക്കം വേഷമിട്ടവരെല്ലാം മനോഹരമായി തൊട്ടുതൊട്ടുനിൽ‌പ്പുണ്ട്. അത് ബോബിയുടെയും സഞ്ജയിന്റെയും രചനാഗുണം.

‘യുവർ ഡ്രീം ഈസ് യുവർ സിഗ്നേച്ചർ’ എന്ന് ഒടുവിൽ എഴുതിക്കാണിക്കുന്ന ഒരു പടം മാത്രമായിരുന്നെങ്കിൽ, ഇതൊരു സിനിമയാകുമായിരുന്നില്ല. ഈ ആശയം കൃത്യമായി, സമർത്ഥമായി വിഷ്വലൈസ് ചെയ്തു എന്നതാണ് റോഷൻ ആൻഡ്രൂസ് ചെയ്ത പുണ്യപ്രവൃത്തി. വിശേഷിച്ച് ചാനലുകൾ സിനിമയെ വിലയ്ക്കുവാങ്ങി അതിന്റെ വില കെടുത്തിയ ഇക്കാലത്ത് അതൊരു വലിയ കാര്യമാണ്. തിരക്കഥയുണ്ട് എന്നതുതന്നെ ഇന്ന് സിനിമയെ സംബന്ധിച്ച് വലിയ സംഭവമാണ്. പരസ്യവാചകമായി കാണുകയില്ലെങ്കിൽ ഒന്നു പറയാം. എല്ലാ മലയാളികളും മനസ്സിലാക്കേണ്ട നിരവധി സന്ദേശങ്ങൾ സിനിമയിൽ അടങ്ങിയിരിക്കുന്നു. വിശദാംശങ്ങൾ ചോദിക്കരുത്. അതറിയാൻ കാശുമുടക്കി സിനിമ കാണുകതന്നെ വേണം.!

ബാംഗ്ളൂർ ഡെയ്സ്



 











പണവും പ്രശസ്തിയും ഒരുപോലെ ലഭിക്കാനുതകുന്ന മാറ്റങ്ങളാണ്, പൊതുവിൽ പോപ്പുലർ സിനിമയുടെ സമീപനത്തിൽ കണ്ടുവരുന്നത്. സാമൂഹ്യ, രാഷ്ട്രീയ ചിന്തയിൽ നിന്ന് അത് സുരക്ഷിതമായ അകലം പാലിക്കുന്നു. പകരം, താരമൂല്യത്തെക്കുറിച്ചും ചാനലിനെക്കുറിച്ചും ചിന്തിക്കുന്നു. പരീക്ഷണസിനിമക്കാരും ഇപ്പോൾ ഇതേ വഴിയിലൂടെ നടക്കാൻ തുടങ്ങിയിരിക്കുന്നു. പത്തുപേരടങ്ങുന്ന ഒരു ജൂറിയുടെ അവാർഡിനേക്കാൾ വലുത് അടിപൊളിയുവത്വത്തിന്റെ അംഗീകാരമാണെന്ന് അവരും മനസ്സിലാക്കിയിരിക്കുന്നു. മികച്ച കലയും സങ്കേതവും കൈകോർക്കുന്ന സിനിമയെടുത്ത് തീയറ്റർ കിട്ടാതെ അലയുന്നതിനേക്കാൾ അഭികാമ്യം എല്ലാരുമറിയുന്ന സെലിബ്രിറ്റിയാകുന്നതത്രേ.

ഏതാനും വർഷം മുൻപ് അഞ്ജലി മേനോൻ എന്ന സംവിധായികയെ കാണുമ്പോൾ അവർ അന്തർദ്ദേശീയ ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു. കയ്യിൽ ഒരു ‘മഞ്ചാടിക്കുരു’വുമായി വന്ന് അവാർഡും വാങ്ങിപ്പോയ അവർക്ക് അടുത്ത സിനിമയിലെത്തുമ്പോൾ വന്ന മാറ്റം നമ്മുടെ സിനിമയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ‘പ്രായോഗികത’യുടെ സ്വഭാവത്തെ കാട്ടിത്തരുന്നുണ്ട്.

യുവത്വം ആഘോഷിക്കുന്നവരെ സന്തോഷിപ്പിക്കാൻ വേണ്ടിയൊരുക്കിയ ബാംഗ്ളൂർ ഡേയ്സ് ആ കർമ്മം നന്നായി നിർവഹിക്കുന്നുണ്ട്. യുവതയുടെ സങ്കല്പങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ റിയാലിറ്റിയുടെ മുകളിലത്തെ നിലയിലൂടെ അത് സഞ്ചരിക്കുന്നു. നിലവിൽ ഏറ്റവും മാർക്കറ്റുള്ള മൂന്നു താരങ്ങളെ നന്നായി ഉപയോഗിക്കുന്നു. പോസിറ്റീവായ, പ്രസാദാത്മകമായ, അതിലളിതമായ പരിചരണത്തിലൂടെ രസിപ്പിക്കുന്നു. സുഖിപ്പിക്കുന്നു. സാമൂഹ്യമോ രാഷ്ട്രീയമോ ആയ പരാമർശങ്ങൾ ഒഴിവാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. പ്രണയവും പാട്ടും വിരഹവും ബൈക്ക് റേസും മരുന്നിന് അല്പം ഗൃഹാതുരത്വവും ചേർക്കുന്നു. ഇത്രയുമൊക്കെയുണ്ടെങ്കിൽ ഏതൊരു പയ്യൻസും രണ്ടു മണിക്കൂറും അമ്പത്തിരണ്ട് മിനിറ്റും ക്ഷമയോടെയിരിക്കുമെന്ന് കണ്ടുപിടിക്കുന്നു. ചുരുക്കത്തിൽ, നല്ല സിനിമയുടെ ഭാഷയും സാധ്യതയുമറിയുന്ന ഒരു ഫിലിംമേക്കർ കൂടി സൌകര്യപൂർവം ജനപ്രിയസിനിമയിലേയ്ക്കു കുടിയേറുന്നു.!

Monday, July 14, 2014

ഒരു ബസ് യാത്ര













നല്ല മഴക്കാറുണ്ടായിരുന്നതൊഴിച്ചാൽ, കഥ തുടങ്ങുമ്പോൾ ഒരു നാടകീയതയ്ക്കും സാധ്യതയില്ലായിരുന്നു. ഒരു പകലിന്റെ മുഴുവൻ വേവലാതിയും തലയിലേന്തി, ഞാൻ ബസ് സ്റ്റോപ്പിലേക്കു നടക്കുകയാണ്. വിരസമായ ഈ ദിനചര്യയുടെ കുറ്റിയിൽ കിടന്നു കറങ്ങാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടാവുന്നു. ഈ ജോലിയുപേക്ഷിച്ച്, ജീവിതത്തോട് ശക്തമായി പ്രതികരിക്കണമെന്നൊക്കെ ചിലപ്പോൾ തോന്നും. എന്നാൽ, അരി മേടിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിൽ, ഒടുവിൽ ഒരൊത്തുതീർപ്പിലെത്തുകയാണ് പതിവ്.

പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. അല്ലെങ്കിലും മഴയ്ക്കു വെറുതെ പെയ്താൽ മതിയല്ലോ. സ്റ്റോപ്പിൽ നിറഞ്ഞുനിന്ന മനുഷ്യർ അസ്വസ്ഥരായി തിക്കിത്തിരക്കി. അപ്പോൾ വന്ന ഒരു സൂപ്പർഫാസ്റ്റിലേക്കു ചാടിക്കയറി, ഞാൻ രക്ഷപ്പെട്ടു. ഒരു സീറ്റുമാത്രമേ ഒഴിവുള്ളു. അതു ഞാൻ സ്വന്തമാക്കി. ഒരു പോലീസുകാരനാണ് ഇടതുവശത്തേക്കൊതുങ്ങി എനിക്കിരിക്കാൻ സ്ഥലം തന്നത്. ഇരുന്നുകഴിഞ്ഞാണ് വലതുഭാഗത്ത് എന്നോടു ചേർന്നിരിക്കുന്നയാളിന്റെ കൈയിലെ വിലങ്ങ് എന്റെ ശ്രദ്ധയിൽ‌പ്പെട്ടത്. ഓ, അതൊരു കുറ്റവാളിയാണ്.! പോലീസുകാരൻ അയാളുടെ ഉടമസ്ഥനും.

ഒരു കുറ്റവാളിയെ ഇത്രയടുത്തു കാണുന്നത് ആദ്യമായിട്ടാണ്. മുപ്പത്തഞ്ചുവയസോളം തോന്നിക്കുന്ന മെലിഞ്ഞ യുവാവ്. മുടിയിൽ അല്പം നര കയറിയിട്ടുണ്ട്. ഇവിടെ വേണമെങ്കിൽ ഒരു ചെറിയ നാടകീയതയ്ക്കു സ്കോപ്പുണ്ട്. ഒരേ സീറ്റിൽ തൊട്ടുതൊട്ടിരിക്കുന്ന ഞങ്ങൾ മൂന്നുപേരെ ഇപ്പോൾ നിരീക്ഷിക്കുന്ന ഒരാൾ പെട്ടെന്ന് ഞാനും ഒരു കുറ്റവാളിയാണെന്നു സംശയിച്ചേക്കാം. എനിക്ക് ഒരു കുറ്റവാളിയുടെ മുഖമുണ്ടോ.? ഞാനയാളുടെ മുഖത്തേക്കു നോക്കി. അതൊരു കുറ്റവാളിയുടെ മുഖമല്ലായിരുന്നു. കണ്ണുകളിൽ ദു:ഖം ഖനീഭവിച്ചുകിടന്നിരുന്നു. എന്റെയുള്ളിലെ തീവ്രവിഷാദങ്ങൾ ആവിയായിപ്പോയി. ഒരു മനുഷ്യൻ കുറ്റവാളിയായിത്തീരുന്ന നിമിഷത്തെപ്പറ്റി ഞാൻ പെട്ടെന്നോർത്തു.

പുറത്തേക്കു നോക്കിയിരുന്ന അയാൾ, മഴ ശക്തമായതോടെ ഷട്ടറിട്ടു. ഞങ്ങൾ മൂവരും അതിവേഗത്തിൽ ഒരു ഏകാന്തതയിലകപ്പെട്ടു. എന്തുകുറ്റമാവും അയാൾ ചെയ്തിട്ടുണ്ടാവുക.? ആരെയെങ്കിലും കൊന്നുകാണുമോ? ഒരുവേള, വെറുമൊരു കള്ളനോ പിടിച്ചുപറിക്കാരനോ ആവുമോ? എനിക്ക് ആ വ്യക്തിയോട് ഒരനുഭാവം തോന്നി. അയാളെപ്പറ്റി കൂടുതലറിയാൻ ആഗ്രഹം തോന്നി. എന്നാൽ, ഇവിടെ തൊട്ടടുത്തിരിക്കുമ്പോഴും ഒരു കുറ്റവാളിയെ പരിചയപ്പെടാനുള്ള സ്വാതന്ത്ര്യം എനിക്കില്ല. ഇടതുവശത്തിരിക്കുന്ന പോലീസുകാരന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അയാളും അടിച്ചേൽ‌പ്പിക്കപ്പെട്ട സ്വന്തം ഏകാന്തതയിൽ അഭിരമിക്കുകയായിരുന്നു. പതിവുജോലിയുടെ നിസ്സംഗതയാണ് ആ മുഖത്തും കാണാൻ കഴിഞ്ഞത്. അയാളോടും ഒരു വാക്കു സംസാരിക്കാനോ വിവരങ്ങളറിയാനോ എനിക്കനുവാദമില്ല എന്നു ഞാനോർത്തു.

സമയം കടന്നുപോയ്ക്കൊണ്ടിരുന്നു. ഇടയ്ക്ക് ഷട്ടർ അല്പം തുറന്ന് ആ മനുഷ്യൻ ഒരു കാറ്റിനെ അകത്തേയ്ക്കു കടത്തിവിട്ടു. ഞങ്ങളുടെ ഏകാന്തതയ്ക്ക് പെട്ടെന്നൊരു ശമനമുണ്ടായി. ഏതാനും മഴത്തുള്ളികൾ ഞങ്ങളുടെ മുഖത്തേക്കു പാറിവീണു. ഒരുപക്ഷേ, അയാളിപ്പോൾ ബസ്സിന്റെ ജനാലയിലൂടെ കോരിച്ചൊരിയുന്ന മഴയിലേയ്ക്ക് ചാടി രക്ഷപ്പെടാനുള്ള സാധ്യതയെപ്പറ്റിയും അതിന്റെ തുടർസാധ്യതകളെപ്പറ്റിയും ഞാൻ വെറുതെ ആലോചിച്ചുകൊണ്ടിരുന്നു. ഒരു കുറ്റവാളിക്കും പോലീസുകാരനുമിടയിലെ അനിവാര്യമായ ഏകാന്തത ഞാൻ ആദ്യമായി അനുഭവിക്കുകയായിരുന്നു.

അങ്ങനെയിരിക്കെ സ്റ്റോപ്പെത്തി. ഞാനിതാ പെരുമഴയിലേക്കിറങ്ങുന്നു. നാടകീയമായി ഒന്നും സംഭവിക്കാതെ, അനാഥമായ മൂന്ന് ഏകാന്തതകളുടെ സമാന്തരസഞ്ചാരം മാത്രമായി ഈ കഥ അവസാനിക്കുകയാണ്. അത്യന്തം വിരസമായ ഈ കഥയിൽ അപ്രതീക്ഷിതമായ എന്തെങ്കിലും ട്വിസ്റ്റ് നിങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ, അതെന്റെ കുറ്റമല്ല. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്തും സമയത്തും സംഭവിക്കുന്ന ഒന്നല്ല അത്. ഒട്ടും നിനച്ചിരിക്കാതെ പടികയറിവരുന്ന അപരിചിതനാണത്.

ഇറങ്ങും മുൻപ് സീറ്റിലേയ്ക്കു ചാഞ്ഞുകിടക്കുന്ന അയാളുടെ മുഖത്തേക്ക് ഞാൻ ഒരിക്കൽക്കൂടി നോക്കി. ആ അടഞ്ഞ കണ്ണുകൾക്കു താഴെ ഒരു ജലസ്പർശം കണ്ടു. എന്നാൽ അത് പാറിവീണ മഴത്തുള്ളിയോ കണ്ണുനീരോ എന്ന് എനിക്കു തിരിച്ചറിയാനായില്ല.