Thursday, January 2, 2014

സക്കറിയായുടെ ഗർഭിണികൾ













സത്യത്തിൽ എന്താണു സംഭവിച്ചതെന്നു ചോദിച്ചാൽ, ദൈവം ഒന്നു തുടങ്ങിക്കൊടുത്തെങ്കിലും പിന്നെയുള്ള പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചത് സ്ത്രീയാണ്.! പുരുഷൻ ഒരുപകരണം മാത്രമായിരുന്നു. അല്ലെങ്കിലും ഈയൊരഹങ്കാരം സത്രീയ്ക്ക് എന്നുമുണ്ടാവും. ലോകം തന്റെ കാൽക്കീഴിലാണെന്ന ഒരു ഗർവ്വ് ഏതൊരു ഗർഭിണിയുടെയും മുഖത്തുനിന്ന് വായിച്ചെടുക്കാം. മറുവശത്ത്, ഈ പുണ്യകർമ്മത്തിൽത്തന്നെ ഒട്ടും പ്രിയമല്ലാത്ത ഗഹനതകളും അടങ്ങിയിട്ടുമുണ്ട്. ചുരുക്കത്തിൽ, ഗർഭത്തിന്റെയും മാതൃത്വത്തിന്റെയും മഹത്വത്തെക്കുറിച്ചുള്ള വീമ്പുപറച്ചിലല്ല, അതിലടങ്ങിയ കാലികമായ സങ്കീർണ്ണതകളാണ് ഈ സിനിമയെ സിനിമയാക്കുന്നത്. എന്തുകൊണ്ട് ഗർഭിണികൾ എന്ന ചോദ്യം ന്യായമാണ്. ഉത്തരവുമുണ്ട്. മനുഷ്യനും മൃഗത്തിനുമിടയ്ക്കുള്ള വരകൾ മാഞ്ഞുപോകുന്ന ഈ കാലത്തെ വരയ്ക്കാൻ ഇതിലും നല്ലൊരു പ്ലോട്ട് വേറെയുണ്ടോ.?

അനീഷ് അൻവർ എന്ന പുരുഷനാണ് സിനിമയുടെ സ്രഷ്ടാവെങ്കിലും സിനിമ സ്ത്രീപക്ഷമാണ്. സ്വാതന്ത്ര്യത്തിന്റെ തുറസ്സിലേയ്ക്കുണരുന്ന പുതിയ കാലത്തിന്റെ പ്രതിനിധികളാണ് ഇതിലെ അഞ്ചു സ്ത്രീകളും. ജാരൻ, വിത്തുകാള, ഷണ്ഡൻ തുടങ്ങിയ വിശേഷണപദങ്ങൾ പുരുഷകേസരികൾക്കെതിരെ കൃത്യമായി എടുത്തുവീശുന്നുണ്ട്. അല്ല, പറയുന്നതിൽ അല്പം കാര്യവുമുണ്ട്. പത്രവാർത്തകൾ വെറും വാർത്തകൾ മാത്രമല്ലല്ലോ. പുതിയ കാലത്തിൽ തറച്ചുനിർത്തിയ ഭയപ്പെടുത്തുന്ന ഈ സത്യസന്ധതയെ നമ്മൾ മാനിച്ചേ പറ്റൂ.  പുതിയ സംവിധായകന്റെ പേരു കണ്ട് പടം കാണാതിരിക്കണ്ട. മെലോഡ്രാമയുടെ മുഖപടമൂരിയെറിഞ്ഞ് സിനിമ അതിന്റെ പേസ് കണ്ടെത്തുന്നതിന്റെ വിശ്വസനീയമായ തൊണ്ടിമുതൽ തന്നെയാണ് സംഭവം.!

ഇടുക്കി ഗോൾഡ്















കല കാലികമായിരിക്കണം. കാലത്തിനപ്പുറത്തേയ്ക്കു കൂടി നോക്കുമ്പോൾ അത് ഉദാത്തമായിത്തീരുന്നു. മേക്കിങ്ങ് അഥവാ ക്രാഫ്റ്റാണു കലയെന്ന് പുതിയ കാലം കരുതുന്നു. കാലികതയിൽ അഭിരമിക്കുന്നുണ്ടെങ്കിലും അതിനപ്പുറത്തേയ്ക്കുള്ള കാഴ്ചകൾ പൊതുവിൽ സിനിമയ്ക്ക് അന്യമായിരിക്കുന്നു.

ഗൃഹാതുരത്വമെന്ന ക്ലീഷെയെ ഒരു സിനിമ വീണ്ടും ദൃശ്യവൽക്കരിക്കുമ്പോൾ അതിൽ വലിയൊരു അപകടമുണ്ട്. ഈ പ്ലോട്ടിന്റെ ഇരുവശത്തുമായി കള്ളും കഞ്ചാവും കൂടിവരുമ്പോൾ അതല്പം കൂടി ഗുരുതരമാവുന്നു. എന്നാൽ, സംവിധായകന്റെയും തിരക്കഥാകൃത്തുകളുടെയും സമർത്ഥമായ ഇടപെടൽ സിനിമയെ രക്ഷപ്പെടുത്തുന്നു. ജാടകളില്ലാത്ത ഒരു റിയാലിറ്റിയും അതിഭാവുകത്വമില്ലാത്ത ഒരു കറുത്ത ഹാസ്യവും സിനിമയ്ക്ക് വ്യത്യസ്തമായ ഒരു ടോൺ നൽകുന്നുണ്ട്. ‘ഇതൊരു കെട്ടിച്ചമച്ച കഥയാണ്. ലഹരിവസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നില്ല. അവ ഉപയോഗിച്ചാൽ ഷണ്ഡതയുണ്ടാവു‘മെന്ന ആ കടുപ്പമുള്ള തുടക്കത്തിൽത്തന്നെ പടത്തിന്റെ മൂഡ് കാണാം. ആരോപണം സിനിമക്കാർ നേരത്തെ കണ്ടിരുന്നുവെന്നു സാരം. ഒരു സിനിമയുടെയും സഹായമില്ലാതെ തന്നെ മലയാളി നന്നായി മദ്യപിക്കുകയും കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നതായി നമുക്കറിയാമെങ്കിലും കലയിലെ ലഹരിയെ വിമർശിക്കുകയെന്നത് നമ്മുടെ സദാചാരശീലമാണ്.!

ഒരു ചെറുകഥയെ 2 മണിക്കൂർ സിനിമയാക്കിയതിന്റെ ആശയക്കുഴപ്പങ്ങൾ അവിടവിടെയുണ്ട്. രണ്ടാം പകുതി അത്ര രസായില്ല. എന്തായാലും, എൺപതുകളിൽ യുവാക്കളായിരുന്ന അഞ്ചു നായകനടന്മാർക്ക് ഈ സിനിമ ഗൃഹാതുരതയുടെ ആഘോഷം തന്നെയായിരിക്കും. ചരിത്രത്തിലാദ്യമായി സ്വഭാവനടനായി മാറിയ ബാബു അന്റണിയുടെ ചിരി ഈ സിനിമയുടെ ഭാഗ്യം തന്നെയാണ്. ‘നിന്റെ കുഞ്ഞിന്റെ പിതാവാരെന്ന് ഞാനിതുവരെ ചോദിച്ചിട്ടില്ലല്ലോ’ എന്ന ഭാര്യയോടുള്ള അയാളുടെ ചോദ്യം തന്നെയാണ് ഈ സിനിമയെ കാലത്തിൽ തളച്ചുനിർത്തുന്നതും. മധ്യവയസ്സിന്റെ മടുപ്പിക്കുന്ന ജീവിതസന്ധിയിലെത്തി തിരിഞ്ഞുനോക്കുന്ന അഞ്ചു പുരുഷന്മാർ. ബാല്യത്തെ ഒരിക്കൽക്കൂടി പുണരാൻ കൊതിക്കുന്ന അവരുടെ ഭാഷയും ഭാവവും സമാനഹൃദയരുടെ മനം കവരും. അല്ലാത്തവർക്ക് പടം ബോറടിച്ചേക്കാം. അതിന് ആരും ഉത്തരവാദിയല്ല.!

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി












ഗുണപരമായ കാര്യങ്ങൾ പറഞ്ഞാൽ, ന്യൂജനറേഷൻ കുട്ടികളിൽ നിന്ന് മികച്ച മേക്കിങ്ങിനപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന നിരൂപകമതത്തിനുള്ള ഒരു കുഞ്ഞു തിരിച്ചടിയാണ് ഈ സിനിമയുടെ ഭൂമിയും ആകാശവും. താരങ്ങളുടെ സിനിമയിൽ നിന്ന് സംവിധായകന്റെ സിനിമയിലേക്കുള്ള ഒരു transition ഇതിലുണ്ട്. മേക്കിങ്ങിലെ പുതുമയ്ക്കൊപ്പം ഉള്ളടക്കത്തിന്റെ പ്രാധാന്യത്തിലേയ്ക്കുള്ള മടക്കം ശ്രദ്ധേയമാണ്. മലയാളഭാഷയിൽ ഒരിന്ത്യൻ സിനിമ പിടിക്കാനുള്ള വിനീതശ്രമമായും കാണാം. ഒരു ടിപ്പിക്കൽ ക്ലീഷേ പ്രണയപശ്ചാത്തലം നമുക്കിപ്പോഴും അനിവാര്യമാണെങ്കിലും മതമെന്ന സമകാലികസമസ്യയെ അല്പം ഗൌരവമായി അഡ്രസ്സ് ചെയ്യുന്നുണ്ട്. ചില രാഷ്ട്രീയപ്രമേയങ്ങളെയും തൊട്ടു കടന്നുപോകുന്നുണ്ട്. നന്ന്. റോഡ് മൂവീയുടെ സാധ്യതകൾ ഉപയോഗിച്ച് പുതിയ ഇന്ത്യയുടെ റഫ് സ്കെച്ച് വരയ്ക്കാനുള്ള നീക്കം അഭിനന്ദനാർഹം. കണ്ടിരിക്കെ, Walter Salles-ന്റെ The Motorcycle Diaries ഓർമ്മവരുന്നുണ്ട് എന്നതു നേരാണ്. ചെറിയ ചെഗുവേരയുടെ ലോകസഞ്ചാരം മാത്രമല്ല ആ ഡയറിയും സിനിമയും ഒരുപോലെ പ്രശസ്തമാണല്ലോ. ഈയൊരു റോഡ് മൂവീയുടെ ശില്പം അതേപടി ആവർത്തിച്ചിട്ടുണ്ട്. ലോകസിനിമയുടെ ഫോർമാറ്റിലേക്കു വളരാനുള്ള ശ്രമം അതിലെ ശരിയുമാണ്. എനിവേ, മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്ന മനുഷ്യന്റെ കഥ, ലോകമനുഷ്യന്റെ, മാനവികതയുടെ കഥ തന്നെയാണ്.

Sunday, September 1, 2013

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

















ഇടതിന്റെ വലതുവ്യതിയാനങ്ങൾ മലയാളസിനിമയിൽ ഒരു പുതിയ പ്രമേയമല്ല. പാടിപ്പതിഞ്ഞ ആ പാട്ട് ഒരിക്കൽക്കൂടി പാടാൻ ഒരു പടത്തിന്റെ ആവശ്യവുമില്ല. പിന്നെന്തുകൊണ്ട് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന ചോദ്യത്തിന് ഈ സിനിമ നൽകുന്ന മറുപടി വിപ്ലവത്തിന്റെ ഉറവിടം കുടുംബമാണെന്നാണ്. ബാല്യവും ജനിതകഘടകങ്ങളുമാണ് മനുഷ്യനെ ആത്യന്തികമായി നിർണ്ണയിക്കുന്നതെന്ന് അതു വിശദീകരിക്കുന്നു. ഈ ആശയത്തെ വ്യത്യസ്തരായ മൂന്നു മനുഷ്യരിലൂടെ അവതരിപ്പിക്കുന്നു. ബാല്യം (1969) മുതൽ നടപ്പുകാലം വരെ അവരെ അനുധാവനം ചെയ്യുന്നു. കൈതേരി സഹദേവൻ, ചെഗുവേര റോയ്, വട്ടു ജയൻ എന്നീ മൂന്നുകഥാപാത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന സിനിമ ബാല്യകാലാനുഭവങ്ങളും പാരമ്പര്യവും മനുഷ്യനെ എങ്ങോട്ടെല്ലാം വലിച്ചുകൊണ്ടുപോകുന്നുവെന്നു പറയുന്നു.

ഇതോടൊപ്പം, റോയിയെയും സഹദേവനെയും ഇരുധൃവങ്ങളിലാക്കി മുഖ്യധാരാഇടതുപക്ഷത്തിന്റെ സമീപനങ്ങളെ വിമർശിക്കുന്നതാണ് സിനിമയെ പ്രതിരോധത്തിലാക്കിയത്. പിരിഞ്ഞുപോയവരോടുള്ള ശത്രുതാപരമായ സമീപനത്തെയും ഉന്മൂലനത്തെയും എതിർക്കുന്നുണ്ട്. ചടുലമായ ജീവിത മുഹൂർത്തങ്ങളും സംഭാഷണങ്ങളുമുണ്ട്. ഭയമെന്ന വികാരത്തെ കൃത്യമായി ദൃശ്യവൽക്കരിക്കുന്നുണ്ട്. കഥാപാത്രങ്ങളെ യുക്തിഭദ്രമായി പിന്തുടരുന്നുണ്ട്. അഭിനേതാക്കൾ അവരെ കൃത്യമായി വ്യാഖ്യാനിക്കുന്നുണ്ട്. ഹരീഷ് പേരാടി എന്ന നടൻ പലപ്പോഴും അഭിനയമികവിനാൽ, പ്രതിനായകനിൽ നിന്നു നായകനായി വേഷം മാറുന്നുണ്ട്. മനുഷ്യനായിരിക്കണം മുഖ്യമാനദണ്ഡമെന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട്. എല്ലാം നന്നായിരിക്കുന്നു പക്ഷേ, ഹിംസയെ നഖശിഖാന്തം എതിർക്കുന്ന സിനിമ ഒടുവിൽ ഇതേ ആലയത്തിൽത്തന്നെ തലയടിച്ചുവീഴുന്ന കാഴ്ച ഹൃദയഭേദകമാണ്. അതുവരെയുള്ള സിനിമയെ റദ്ദുചെയ്യുന്ന ഈ ക്ലൈമാക്സ് സിനിമയുടെ രാഷ്ട്രീയത്തെ നിന്നനിൽ‌പ്പിൽ ഇല്ലാതാക്കുന്നു.!

ഉള്ളടക്കം എത്ര മികച്ചതായാലും സിനിമയെ സിനിമയാക്കുന്നത് ട്രീറ്റ്മെന്റിലെ പുതിയ രീതികൾ തന്നെയാണ്. മികച്ച എഡിറ്റർകൂടിയായ അരുൺകുമാറിന്റെ കത്രിക വിദഗ്ദ്ധമായി ചലിച്ചിരുന്നെങ്കിൽ സിനിമയുടെ ശില്പം കൂടുതൽ മികച്ചതാവുമായിരുന്നു. റോയ് ജോസഫിനെ വിശദമായി അവതരിപ്പിച്ചതിനുശേഷം, ആശുപത്രിക്കിടക്കയിലായ അദ്ദേഹത്തിന്റെ ഫ്ലാഷ്ബാക്ക് ഒരിക്കൽക്കൂടി ആവർത്തിച്ചത് കല്ലുകടിയായി. സഖാവിന്റെ മൃതദേഹത്തിൽ സമർപ്പിക്കപ്പെട്ട സംഘടനാനേതാവിന്റെ ‘പേരെഴുതിയ’ റീത്ത് സ്കൂൾനാടകത്തെപ്പോലും തോൽ‌പ്പിക്കുന്ന അമച്വർ സ്വഭാവം പ്രദർശിപ്പിക്കുന്നു. വട്ടുജയനെ വിശദീകരിക്കുന്ന ഒരു ഗാനരംഗം കൂടി കട്ട് ചെയ്യാമായിരുന്നു. ചുരുക്കത്തിൽ ‘ഈ അടുത്ത കാലത്തി’ൽ കണ്ട മികച്ച മേക്കിംഗും പരിചരണത്തിലെ പുതുമകളും പുതിയ തീരങ്ങളിലേക്കു സഞ്ചരിക്കുന്നില്ല എന്നത് അല്പം നിരാശയുണ്ടാക്കി.

സൃഷ്ടി കഴിയുന്നതോടെ, സ്രഷ്ടാവിന്റെ പണി കഴിഞ്ഞെന്നും പിന്നീട് അതിൽനിന്നു വിടുതൽ നേടണമെന്നുമാണു വിവരമുള്ളവർ പറയുന്നത്. അതുപോലെ തന്നെ, ആസ്വാദനത്തിന്റെ പൂർണ്ണതയ്ക്കും സൃഷ്ടിയിൽ നിന്നുള്ള വൈയക്തികമാ‍യ ഒരകലം അവശ്യമാണ്. കല കല മാത്രമാണെന്നും ജീവിതത്തിന്റെ തനിപ്പകർപ്പല്ലെന്നും മനസ്സിലാക്കി അതിലെ സാർവലൌകികമായ രസഭാവങ്ങൾ ദർശിക്കാനുള്ള ഒരു വിവരം ആസ്വാദകനും ആർജ്ജിക്കേണ്ടതുണ്ട്. ഇതു രണ്ടും സ്വാഭാവികമായി സംഭവിക്കുമ്പോഴാണ് ഏതൊരു ദേശത്തിന്റെയും കലാരംഗം പൂർണവളർച്ചയെത്തി വിപ്ലവത്തിനു പാകമാവുന്നത്. കാലികരാഷ്ട്രീയത്തിന്റെ പരിസരങ്ങൾ മറന്നുകൊണ്ടും ഈ സിനിമയെ കണ്ടുനോക്കാവുന്നതാണ്. ഒരുവേള, സ്ഥലവും കാലവുമില്ലാത്ത കലയുടെ സൌന്ദര്യത്തിലേയ്ക്ക് ഒരു കിളിവാതിൽ തുറന്നുകിട്ടാനിടയുണ്ട്.!

Tuesday, June 4, 2013

ആമേൻ


 












പ്പോൾ പറഞ്ഞുവന്നത് എന്താണെന്നുവെച്ചാൽ, കാരണമുള്ളതും ഇല്ലാത്തതുമായ നിരവധി സംഘർഷങ്ങളിൽ പുലരുന്ന മനുഷ്യന് വിനോദമെന്നത് എപ്പോഴും കൂടെക്കൊണ്ടുനടക്കേണ്ടുന്ന മരുന്നാണ്. നിർഭാഗ്യവശാൽ, എന്റർടെയിനർ എന്ന പേരിലിറങ്ങുന്ന മിക്ക സിനിമകളും പ്രേക്ഷകനെ സംബന്ധിച്ച് തീയറ്ററിലെ ഇരുട്ടടിയുമാണ്. ഇവിടെയാണ്, ആമേൻ എന്ന പ്രസാദാത്മകചിത്രത്തിന്റെ പ്രസക്തി.!

ലിജോ ജോസെന്ന സംവിധായകനെ അധികമാരും അറിയില്ല. പോരാത്തതിന് രണ്ടു പരീക്ഷണസിനിമകളെടുത്ത് പരാജയപ്പെട്ടവനെന്ന ചീത്തപ്പേരുമുണ്ട്. അങ്ങനെയിരിക്കെയാണ് ഒന്നുപിഴച്ചാൽ മൂന്നെന്ന ഒഴികഴിവു തെറ്റിച്ചുകൊണ്ട് ആമേൻ എന്ന സൂപ്പർ പാരഡിയുമായി അദ്ദേഹത്തിന്റെ വരവ്. അടിച്ച വഴിയേ പോയില്ലെങ്കിൽ പോയവഴിയേ അടിക്കുക എന്ന ശീലം തെറ്റിച്ചു എന്നതാണ് ഈ സിനിമയിലൂടെ ഇയാൾ പ്രകടിപ്പിക്കുന്ന ധൈര്യം. അഥവാ, കലാപരമായി കോംപ്രമൈസ് ചെയ്യാതെ തന്നെ താൻ തെളിച്ച വഴിയിലൂടെ പ്രേക്ഷകനെ നടത്തുന്നതിൽ ഈ സംവിധായകൻ വിജയിച്ചു എന്നു സാരം.

കുമരംകരി എന്ന സാങ്കൽ‌പ്പികസ്ഥലം ഉപയോഗിച്ച് കാണികളുടെ കാലഗണനയെ മന:പ്പൂർവം തെറ്റിക്കുന്ന ഒരു മാജിക്കൽ/റിയൽ സംഭവം തന്നെയാണ് ലിജോ ഒരുക്കിയത്. മാർക്കേസിന്റെ സൌന്ദര്യശാസ്ത്രത്തെ സ്വന്തം മനോധർമ്മത്തിലൂടെ  കേരള ഗ്രാമത്തിലേക്കു പറിച്ചുനടുക മാത്രമല്ല; പ്രേക്ഷകനെ അനുനിമിഷം രസിപ്പിക്കുന്ന ഒരു മുഴുനീളപാരഡിയായി അതിനെ വികസിപ്പിക്കാനും ലിജോയ്ക്കു കഴിഞ്ഞിരിക്കുന്നു. ബൈബിൾകഥയിലെ ഇതിഹാസസമാനരായ കഥാപാത്രങ്ങളാ‍യിമാറി, നവരസങ്ങളും വിചിത്രഭാവങ്ങളുമായി ഈ നാട്ടിൻപുറത്തുകാർ നമ്മെ പൊട്ടിച്ചിരിപ്പിക്കുകയും  ഇരുത്തിച്ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ദൃശ്യത്തിന്റെയും സംഗീതത്തിന്റെയും മോഹിപ്പിക്കുന്ന സമന്വയമാണ് ആമേൻ.2013-ലിറങ്ങിയ ഒരു സിനിമയിൽ കഥാപാത്രങ്ങൾ ഗാനങ്ങളിലൂടെ സംവദിക്കുന്നതിന്റെ ഒരു രസമുണ്ടല്ലോ. അത് ഒന്നൊന്നര രസം തന്നെയാണ്.! വിശ്വപ്രസിദ്ധമായ കാർമെൻ എന്ന ഓപ്പറയുടെ ആഫ്രിക്കൻ ആഖ്യാനമായി അതേ പേരിൽ ഒരു സിനിമയുണ്ട്. ഓർമ്മ വന്നു. ദിവ്യപ്രണയത്തിന്റെ വക്താക്കളായിരിക്കുമ്പോൾ തന്നെ സോളമനും ശോശന്നയും ബഷീറിയൻ ചുവയുള്ള പ്രണയത്തിന്റെ പാരഡിയുമായിത്തീരുന്നു. തികച്ചും നവീനവും അന്തർദ്ദേശീയനിലവാരമുള്ളതുമായ ഒരാവിഷ്കാരത്തെ മുഖ്യധാരാമലയാളിയുടെ ഹൃദയത്തിലേയ്ക്ക് നിക്ഷേപിക്കാൻ കഴിഞ്ഞതിൽ ലിജോ ജോസിന് തീർച്ചയായും അഹങ്കരിക്കാം.!

Saturday, April 13, 2013

ഷട്ടറിലെ സമകാലികത










നിഷ്ക്രിയതയുടെ അഥവാ പ്രതിഭാമാന്ദ്യത്തിന്റെ അന്തരാളഘട്ടത്തിനു ശേഷം അനിവാര്യമായതുപോലെ, മലയാളസിനിമ ഇപ്പോൾ ഒരു നവതരംഗത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. സിനിമയെ ഹൃദയത്തിലേറ്റിയ ഊർജ്ജസ്വലരായ യുവാക്കൾ ഒരിക്കൽക്കൂടി പുതിയ ആശയങ്ങളുമായി, ശൈലികളുമായി കടന്നുവരുന്നു. അതിനിടയിലാണ് 80-കളിൽ നാടകപ്രവർത്തനങ്ങളിലൂടെ കടന്നുവന്ന ജോയ് മാത്യു ‘ഷട്ടറെ’ന്ന പേരിൽ തന്റെ ആദ്യസിനിമാസംരംഭവുമായെത്തുന്നത്. ഒരുവേള, പോയകാലത്തിന്റെ പ്രതിനിധിയായ അദ്ദേഹത്തിന്റെ ഈ ചിത്രം ‘പുതിയ തലമുറ സിനിമ’യിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും നമ്മുടെ സമകാലികതയിൽ ഈ സിനിമ അടയാളപ്പെടുത്തുന്നതെന്ത് എന്നുമുള്ള ചോദ്യങ്ങൾ സ്വാഭാവികമായും ഉയർന്നുവരാം. എന്റെ ഉത്തരമിതാണ്. ഈ സിനിമ ഇപ്പോൾ ഒരു തരംഗമായി മാറിയിട്ടുള്ള ന്യൂ ജനറേഷൻ ട്രെൻഡുകളിൽ നിന്നെല്ലാം വേറിട്ടുനിൽക്കുകയും മേക്കിംഗിനേക്കാൾ പ്രമേയത്തിനു പ്രാധാന്യം നൽകുകയും ചെയ്യുന്നു. ഒരുപക്ഷേ ജോയ് മാത്യുവിനെ സംബന്ധിച്ച്, ‘അമ്മ അറിയാനി’ൽ നിന്നാരംഭിച്ച തന്റെ അന്വേഷണങ്ങളുടെ ഒരു തുടർച്ച തന്നെയാവാം ഇത്. തനിക്കു ചുറ്റുമുള്ള സമൂഹത്തോട് ഇണങ്ങിയും ഇടഞ്ഞും ജീവിക്കുന്ന ഒരു സാംസ്കാരികപ്രവർത്തകന്റെ ആർജ്ജവം ഈ കലാസൃഷ്ടിയെയും സത്യസന്ധമായ ഒരിടപെടലാക്കി മാറ്റിയിരിക്കുന്നു.

എന്താണ് ഫിലിം മേക്കർ ഈ സൃഷ്ടിയിലൂടെ ചെയ്യുന്നത് അഥവാ എന്താണയാൾ ചെയ്യാതിരിക്കുന്നത്.? നവതരംഗത്തിന്റെ  മുദ്രയായി മാറിക്കഴിഞ്ഞ പുതിയ സങ്കേതങ്ങളുടെ പരീക്ഷണശാലയായി അയാൾ സിനിമയെ മാറ്റുന്നില്ല. പരിചരണത്തിലെ പുതിയ വിസ്മയങ്ങൾ കൊണ്ട് പ്രേക്ഷകനെ ഞെട്ടിയ്ക്കുന്നില്ല. മറിച്ച് കോഴിക്കോടിന്റെ രണ്ടു ദിനരാത്രങ്ങളെ മന:ശ്ശാസ്ത്രപരമായ സമീപനത്തോടെ വിശകലനവിധേയമാക്കുന്നു. മനുഷ്യനെന്ന മാനദണ്ഡത്തിൽ ഉറച്ചുനിന്നുകൊണ്ട്, ഒരു ഗൃഹാതുരത്വവുമില്ലാതെ ആ നഗരജീവിതത്തെയും അതിലെ ശ്രുതിഭംഗങ്ങളെയും നോക്കിക്കാണുന്നു. സിനിമയെന്നാൽ സങ്കേതമല്ലെന്നും അത് ജീവിതം തന്നെയാണെന്നും വിളിച്ചുപറയുന്നു.

ഈ ഉദ്യമത്തിൽ, ആരൊക്കെയാണ് സംവിധായകന്റെ ഉപകരണങ്ങൾ.? സ്വന്തമായി പേരു തന്നെയില്ലാത്ത ഒരു തെരുവുവേശ്യയാണ് സിനിമയുടെ നട്ടെല്ല്. ഈ പേരില്ലായ്മ തന്നെ നല്ലൊരു സിനിമയാണ്.! ശരീരത്തിന്റെ മാത്രം മേൽവിലാസത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവൾ. കോഴിക്കോടിനു പ്രിയപ്പെട്ട ബഷീറിന്റെ തൂലികയിൽ നിന്ന് എഴുന്നേറ്റുവന്നവളെപ്പോലെ അവൾ വിശുദ്ധമായ തങ്കത്തിന്റെ പ്രഭ ചൊരിയുന്നു. താനൊരു ശരീരം മാത്രമല്ലെന്ന് സ്വന്തം വ്യക്തിസത്തയിലൂടെ ബോധ്യപ്പെടുത്തുന്നു. മാനവികമായ അനുതാപത്തോടെ  തന്നെ കാണുവാൻ പ്രേക്ഷകനെ നിർബന്ധിക്കുന്നു.

നഗരരാത്രികളുടെ കാവൽക്കാരനായ ഓട്ടോക്കാരൻ, നന്മയിൽ സുരനാണ് അടുത്തയാൾ. ഒരുപാടു നിവൃത്തികേടുകളിൽ പുലരുന്നവൻ. അബദ്ധങ്ങളിൽ നിന്ന് അബദ്ധങ്ങളിലേയ്ക്ക് എന്നും വണ്ടിയോടിക്കുന്നവൻ. നിരുപാധികമായ നന്മ കൊണ്ടുവന്നു തരുന്ന ചതിക്കുഴികളിൽ നിരന്തരം വീഴുന്നവൻ. പ്രവാസജീവിതത്തിൽ നിന്നു മടങ്ങിയെത്തിയ ഇടത്തരം പൊങ്ങച്ചത്തിന്റെ പ്രതിനിധി, റഷീദാണ് മറ്റൊരാൾ. സിനിമാചർച്ചകൾക്കായി നഗരത്തിലെത്തിപ്പെട്ട മനോഹരൻ എന്ന ഫിലിം മേക്കർ ടി കഥാപാത്രങ്ങൾക്കിടയിൽ ഒരു രാസത്വരകമായി പ്രവർത്തിക്കുന്നു. സ്വന്തം വ്യക്തിത്വത്തിന്റെ നടത്തിപ്പിൽ ഒരൊത്തുതീർപ്പിനും വഴങ്ങാത്തവരാണ് ഇവരെല്ലാം. അതു നിർമ്മിക്കുന്ന ചിരിയും ചിന്തയും തന്നെയാണ് ഈ സിനിമയുടെ സൌന്ദര്യവും. ഇവരെ സമർത്ഥമായി ഉപയോഗിച്ച്, അടിമുടി ജീവിതം മണക്കുന്ന, നാടകീയത നിറഞ്ഞ ഒരു സസ്പെൻസ് ത്രില്ലറാണ് സംവിധായകൻ ഒരുക്കിയിട്ടുള്ളത്.

സ്വയം പുരോഗമിക്കുന്നതിനിടെ വ്യക്തിതലത്തിൽ നിന്ന് ചിന്തോദ്ദീപകമായ സാമൂഹ്യപാഠങ്ങളിലേക്കും സിനിമ വളരുന്നുണ്ട്. ഓരോ നഗരജീവിയുടെയും ചിരപരിചിതമായ ജീവിതമാകയാൽ, കണ്ടിരിക്കാൻ ഒരു പ്രത്യേക രസം തന്നെയുണ്ട്. കഥാപാത്രങ്ങളിൽ മാറിമാറി സ്വന്തം പ്രതിബിംബത്തെത്തന്നെ കാണുകയാൽ, ഇടയ്ക്കിടെ കണ്ണു തുടയ്ക്കാനോ കയ്യടിക്കാനോ നമ്മൾ നിർബന്ധിതരായിത്തീരുന്നുണ്ട്. ഒറ്റ നിമിഷത്തിന്റെ അശ്രദ്ധയിൽ കൈവിട്ടുപോകാവുന്ന ജീവിതത്തെപ്പറ്റി ഓർമ്മിപ്പിക്കുന്നുണ്ട്. സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ കാണാപ്പുറങ്ങളെപ്പറ്റി മുന്നറിയിപ്പു തരുന്നുണ്ട്. രതിയുടെ ചതുപ്പുനിലങ്ങളെപ്പറ്റി ചിന്തിപ്പിക്കുന്നുണ്ട്. പ്ലസ്ടുവിനു പഠിക്കുന്ന കുമാരനെയും കുമാരിയെയും മനസ്സിലാക്കുകയും പുതിയ കൌമാരത്തിന്റെ ജീവിതസമീപനത്തെ മുഖവിലയ്ക്കെടുക്കുകയും ചെയ്യുന്നുണ്ട്.  ലാലിന്റെയും സജിതയുടെയും വിനയിന്റെയും പ്രതിഭയുടെ പരിപ്പെടുക്കുന്നുണ്ട്. ഹരി നായരുടെ ചടുലമായ ഫ്രെയിമുകൾ നമ്മളെ വിടാതെ പിന്തുടരുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, അമിതമായ ആത്മവിശ്വാസവും സൂക്ഷ്മതക്കുറവും ചിലപ്പോഴൊക്കെ സിനിമയുടെ ആധികാരികതയ്ക്ക് പരിക്കുകൾ ഏൽ‌പ്പിക്കുന്നുമുണ്ട്.

തന്റെ അൻപതുകളുടെ ആദ്യദശയിൽ നിന്നുകൊണ്ട്, ഇപ്പോൾ മുപ്പതുകളുടെ യുവത്വമാഘോഷിക്കുന്ന സിനിമക്കാരെ ഒരു സംവിധായകൻ, വെല്ലുവിളിക്കുകയാണ്. തികച്ചും സമകാലികമായ തന്റെ സൃഷ്ടിയെ മുന്നിൽ നിർത്തി, മികച്ച കലയ്ക്ക് പ്രായഭേദമില്ലെന്ന് തെളിയിക്കുകയാണ്. സിനിമയെന്നാൽ വെറും ട്രീറ്റ്മെന്റല്ല, അത് നിർമ്മിച്ചെടുക്കുന്ന സാംസ്കാരികഭൂമിക തന്നെയാണെന്ന് തിരുത്തുകയാണ്.! ഈ വെല്ലുവിളി അവർ ഏറ്റെടുക്കട്ടെ. ഇവ രണ്ടും കൃത്യമായി സമ്മേളിക്കുന്ന പുതിയ സിനിമകൾ ഈ സംവാദത്തിൽ നിന്നു പിറക്കട്ടെ.

Sunday, March 17, 2013

സെല്ലുലോയിഡ്; സിനിമയുടെ നഷ്ടചരിത്രം











രിത്രമെന്നത് ഒരു സവർണ്ണനിർമ്മിതിയാണെന്ന സത്യം പണ്ടേ അറിയാമെങ്കിലും അതിന്റെ കൊടുംക്രൂരതകൾ പരസ്യമായിപ്പറയാൻ നമുക്കിപ്പോഴും പേടിയാണ്. അപ്രിയസത്യത്തോടുള്ള പരമ്പരാഗതമായ ഭയം. ചാരത്തിൽ മൂടിക്കിടന്ന ജെ.സി. ഡാനിയലിന്റെയും പി.കെ.റോസിയുടെയും ചരിത്രം ഇതാദ്യമായി സിനിമയിൽ രേഖപ്പെടുത്താൻ ഒടുവിൽ ഒരു കമൽ തന്നെ വേണ്ടിവന്നു. മലയാളസിനിമയുടെ പേര് കടൽ കടത്തിയ നമ്മുടെ വിശ്വോത്തരപ്രതിഭകൾക്കൊന്നും ഇതുവരെയും ഈ ദൌത്യം ഏറ്റെടുക്കാൻ കഴിഞ്ഞില്ല. ‘സെല്ലുലോയിഡ് ’ എന്ന സിനിമ തമസ്കരിക്കപ്പെട്ട ആ ചരിത്രത്തെ മലയാളിയുടെ മാടമ്പിമനസ്സിനു മുൻപിൽ അവതരിപ്പിച്ച് ഒരുവേള, ആ രണ്ടു മനുഷ്യരോടും മരണാനന്തരനീതി പുലർത്തിയിരിക്കുന്നു.! മനസ്സാക്ഷി മരവിക്കാത്ത ആരെയും കുത്തിനോവിക്കുന്ന ഈ സത്യപ്രസ്താവത്തെ മികച്ച സിനിമയായി തെരഞ്ഞെടുത്ത്, കേരളവും എട്ടുപതിറ്റാണ്ടുകൾ വൈകിയ ഒരു കുറ്റസമ്മതം നടത്തിയിരിക്കുന്നു. ഗ്രേറ്റ്.!

മലയാളസിനിമയുടെ പിതാവായ ജെ.സി.ഡാനിയലിനെ ഒരുപക്ഷേ, നമ്മളറിയുന്നത് രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ് കേരളസർക്കാർ ഏർപ്പെടുത്തിയ ഒരവാർഡിന്റെ പേരിലാണ്. മരണത്തിനു തൊട്ടുമുൻപോ നിർഭാഗ്യവശാൽ, അതിനുശേഷമോ ചലച്ചിത്രകലാ‍കാരന്മാർക്കു നൽകിവരുന്ന ഒരു പുരസ്കാരത്തിന്റെ പേരു മാത്രമായിരുന്നു ഇതുവരെ ജെ.സി.ഡാനിയൽ. എന്നാലിപ്പോൾ അങ്ങനെയല്ല. കേരളത്തിലെ സാമാന്യജനങ്ങൾക്ക് ഈ പേര് സുപരിചിതമായിരിക്കുന്നു. സിനിമയെന്ന മാധ്യമത്തിനു മാത്രം കരഗതമായ ഒരു സ്വാധീനം. കമൽ സംവിധാനം ചെയ്ത ‘സെല്ലുലോയിഡ്’ എന്ന സിനിമയെ കേരളത്തിലെ സഹൃദയർ ഏറ്റെടുത്തിരിക്കുന്നു. ജാതിവെറിയന്മാരായ തിരുവിതാംകൂറിലെ സവർണ്ണമേലാളന്മാർ ചരിത്രത്തിൽ നിന്നു തൂത്തെറിഞ്ഞ ഡാനിയലിനെയും റോസിയെയും മലയാളി ക്ഷമാപണത്തോടെ ഇന്നു നെഞ്ചിലേറ്റുന്നു. ഗൃഹാതുരത്വത്തോടെ ഈ സിനിമയിലെ ഗാനങ്ങൾ പാടിനടക്കുന്നു. ഏഴു സംസ്ഥാന അവാർഡുകൾ നൽകി സർക്കാരും ഈ സിനിമയെ അംഗീകരിക്കുന്നു. ഇതൊന്നും പോരാഞ്ഞ്, നമ്മുടെ ജീവിതരീതിയായി മാറിക്കഴിഞ്ഞ കുറെ വിവാദങ്ങളും ഈ സിനിമയ്ക്കൊപ്പം നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്നു.!

യഥാർത്ഥത്തിൽ എന്താണ് ഈ സിനിമ പറയാൻ ശ്രമിക്കുന്നത്.? എട്ടു പതിറ്റാണ്ടുകൾക്കു മുൻപ്, സിനിമയെന്നത് കേട്ടുകേൾവി മാത്രമായിരുന്ന ഒരു കാലത്ത് ഡാനിയലെന്ന സാഹസികനായ മലയാളി തന്റെ അമിതാവേശത്തിൽ സ്വയം മറന്ന് സിനിമയെന്ന സ്വപ്നത്തെ സാക്ഷാത്കരിക്കാൻ ശ്രമിച്ചതിന്റെ ദുരന്തകഥയാണിത്. ഒപ്പം, ഈ മനുഷ്യനെ തമസ്കരിക്കാൻ തൊലിവെളുപ്പുള്ള നമ്മുടെ പൂർവികർ ചേർന്നു നടത്തിയ ഹീനശ്രമങ്ങളെക്കുറിച്ചുള്ള സുഖകരമല്ലാത്ത ഒരോർമ്മപ്പെടുത്തലും.
 
1928-ൽ ‘വിഗതകുമാരൻ’ എന്ന മലയാളത്തിലെ ആദ്യ സിനിമയുടെ നിർമ്മാണദൌത്യം വിജയകരമായി ഏറ്റെടുത്ത ജെ.സി.ഡാനിയലിനെയാണ് ചിത്രത്തിന്റെ ആദ്യപകുതിയിൽ നാം കാണുന്നത്. ദളിത് യുവതിയായ റോസി സിനിമയിൽ നായർസ്ത്രീയായി വേഷമിട്ടതിന്റെ പേരിൽ സിനിമയുടെ ആദ്യപ്രദർശനം തന്നെ അട്ടിമറിക്കപ്പെടുന്നു. ഡാനിയൽ അധിക്ഷേപിക്കപ്പെടുന്നു. റോസിയും കുടുംബവും ക്രൂരമായി ആക്രമിക്കപ്പെടുന്നു. ഇരുളിന്റെ മറവിൽ, സ്വന്തം ജീവനും കയ്യിൽ‌പ്പിടിച്ച് അവൾ ഓടിമറയുകയാണ്. അഥവാ ബലപ്രയോഗത്തിലൂടെ, ചരിത്രത്തിൽ നിന്ന് ഒരു സ്ത്രീയെക്കൂടി തുടച്ചുമാറ്റുകയാണ്. സിനിമയിലഭിനയിച്ചു എന്ന ക്രിമിനൽകുറ്റത്തിന് ഒരു ദളിത് യുവതിയെ നാടുകടത്തിയ നമ്മുടെ കുലീനപാരമ്പര്യം! ഇന്നു കാണുമ്പോൾ, ഒരുപക്ഷേ, കൽ‌പ്പിതകഥയെന്നു പോലും തോന്നാവുന്ന ഈ ദൃശ്യഖണ്ഡത്തിന് പാരമ്പര്യത്തെ സംബന്ധിച്ച മലയാളിയുടെ എല്ലാ പൊങ്ങച്ചങ്ങളെയും റദ്ദു ചെയ്യാൻ പോന്ന കരുത്തുണ്ട്.  

1966-ലാരംഭിക്കുന്ന സിനിമയുടെ രണ്ടാം പകുതിയിൽ, എല്ലാവരും മറന്നുകഴിഞ്ഞ ഡാനിയലിനെ നാം കാണുന്നു. അയാളുടെ നഷ്ടചരിത്രം കണ്ടുപിടിച്ച് രേഖപ്പെടുത്താൻ ശ്രമിക്കുന്ന ഒരു പത്രപ്രവർത്തകനെ കാണുന്നു. യുക്തിഭദ്രമല്ലാത്ത യുക്തികൾ നിരത്തി ഒരു ഉന്നത ഉദ്യോഗസ്ഥൻ അതിനു തുരങ്കം വെയ്ക്കുന്നതു കണുന്നു. ആദ്യമലയാളസിനിമ ബാലനാണെന്ന വ്യാജചരിത്രത്തിലെ സത്യം കാണുന്നു. മനസ്സിലെ ജാതിക്കറ മറച്ചുപിടിച്ച് മാന്യരായി നടക്കുന്ന നമ്മളെത്തന്നെ കാണുന്നു. ഒടുവിൽ നിരാലംബനായി, ആരാലും തിരിച്ചറിയപ്പെടാതെ മലയാളസിനിമയിലെ ചരിത്രപുരുഷൻ മരിക്കുന്നതു കാണുന്നു.

പഴയകാലത്തെയും സ്ഥലത്തെയും മനുഷ്യരെയും ഭാഷയെയും തനിമയാർന്ന സൌന്ദര്യത്തോടെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ചരിത്രത്തെ പുനർനിർമ്മിക്കുമ്പോൾ പൊതുവെ സംഭവിക്കാറുള്ള മെലോഡ്രാമയിൽ നിന്ന് ഈ സിനിമ ഏറെക്കുറെ മുക്തമായിട്ടുണ്ട്. പരിചരണത്തിൽ പുതിയ പരീക്ഷണങ്ങൾക്കൊന്നും മുതിരുന്നില്ലെങ്കിലും മാധ്യമത്തിലുള്ള അസാധാരണമായ ഒരു കയ്യടക്കം സിനിമയെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകന്റെ ഹൃദയത്തോടു ചേർത്തുനിർത്തുന്നുണ്ട്. വിസ്താരത്താൽ പരന്നുപോകാമായിരുന്ന ഒരു തിരക്കഥയെ രണ്ടുമണിക്കൂർ ഒമ്പതുമിനിറ്റിലേയ്ക്ക് വെട്ടിയൊതുക്കിയിട്ടുണ്ട്. ഡാനിയലിന്റെയും റോസിയുടെയും സ്വപ്നനഷ്ടങ്ങൾ മനസ്സിനെ നീറ്റുകയും കണ്ണുകളെ ഈറനണിയിക്കുന്നുമുണ്ട്.

ജെ.സി. ഡാനിയൽ പൃഥ്വീരാജിന്റെ കരിയറിലെ ഒരു മികച്ച വേഷം തന്നെയാണ്. മൂന്നു കാലങ്ങളുടെ ശരീരഭാഷകൾ ആവശ്യപ്പെടുന്ന കഥാപാത്രം. താരത്തിന്റെ പതിവുമാനറിസങ്ങൾ ഒഴിവാക്കി നടൻ അതിനോടു നീതിപുലർത്തുകയും ചെയ്തിരിക്കുന്നു. എന്നാൽ, ചാന്ദ്നിയെന്ന പെൺകുട്ടി റോസിയെന്ന കഥാപത്രത്തിനു നൽകിയ അസാധാരണമായ മിഴിവാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഈ പുതുമുഖനടിയുടെ ശരീരഭാഷയും ഭാവപ്രകടനവും അത്രമേൽ മനോഹരമാണ്. നിനച്ചിരിക്കാതെ, ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാ സാഹേബിനെയും വയലാർ രാമവർമ്മയെയും സ്ക്രീനിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും മറച്ചുവെയ്ക്കുന്നില്ല. വേണുവെന്ന ക്യാമറാമാന്റെ കൃത്യതയുള്ള ഫ്രെയിമുകൾ കമലിനെ തന്റെ  ചരിത്രദൌത്യത്തിൽ വേണ്ടത്ര സഹായിച്ചിട്ടുണ്ട്. പാട്ടുകളെപ്പറ്റി ഒന്നും പറയാനില്ല.! മലയാളിയുടെ മുഴുവൻ ഗൃഹാതുരത്വവും റഫീക് അഹമ്മദ്, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, എം ജയചന്ദ്രൻ എന്നിവർ ചേർന്ന് രണ്ടു ഗാനങ്ങളിലേയ്ക്ക് ഒതുക്കിയിട്ടുണ്ട്. സിതാര, ശ്രീറാം, വൈക്കം വിജയലക്ഷ്മി എന്നിവർ ഇവയ്ക്കു നൽകിയ ഭാവപ്രകാശനവും ചരിത്രമായിരിക്കുന്നു.!

കമൽ എന്ന സംവിധായകനെക്കുറിച്ചുള്ള മുൻവിധികൾ ഈ സിനിമ തെറ്റിച്ചു. ഒരുപക്ഷേ, സവർണ്ണതയെ സാമാന്യം ഭേദപ്പെട്ട രീതിയിൽ ആഘോഷിക്കുന്ന തന്റെതന്നെ പല ചിത്രങ്ങളെയും റദ്ദുചെയ്യുന്ന ഒരു ശ്രമം. സിനിമയുൾപ്പെടെ, സകലമേഖലകളിലും ഇന്നും തുടരുന്ന സവർണ്ണമേധാവിത്തത്തിന്റെ പശ്ചാത്തലത്തിൽ ഈ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ. ചേലങ്ങാട്ട് ഗോപാലകൃഷ്ണനെഴുതിയ ഡാനിയലിന്റെ ജീവചരിത്രവും വിനു അബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലുമാണ് സിനിമയ്ക്കാധാരം. ഇതിൽ, ഡാനിയലിനോ റോസിയ്ക്കോ ആർക്കാണു പ്രാധാന്യം നൽകുകയെന്നത് ചലച്ചിത്രകാരന്റെ തീരുമാനമാണ്. റോസിയെ തമസ്കരിച്ചെന്നും പൈങ്കിളിവൽക്കരിച്ചെന്നും ചില ആരോപണങ്ങൾ കേട്ടു. ഇവയിലെ യുക്തിഭദ്രതയെപ്പറ്റി എനിക്കു സംശയമുണ്ട്. രണ്ടുപേരോടും നീതിപുലർത്തുന്ന മാനവികസമീപനമാണ് എനിക്കു കാണാൻ കഴിഞ്ഞത്. 85 വർഷങ്ങൾക്കിടയിൽ ഒരു സിനിമക്കാരൻ പോലും തിരിഞ്ഞുനോക്കാതിരുന്ന ഒരു ചരിത്രഖണ്ഡത്തെ സിനിമയിൽ അവതരിപ്പിച്ചു എന്നതു തന്നെയായിരിക്കും ഈ സിനിമയുടെ പ്രസക്തി. വിവാദങ്ങൾക്കിടയിൽ, ഈ സത്യം കാണാതെ പോകരുതല്ലോ.?

പ്രാഥമികമായി, ഏതൊരു സിനിമയെയും അതിന്റെ യഥാർത്ഥ സ്പേസിൽ പ്രതിഷ്ഠിക്കാനാണ് നിരൂപകർ ശ്രമിക്കേണ്ടതെന്നു തോന്നുന്നു. അതിനുശേഷം അതിന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ശ്രമിക്കുന്നതിൽ തെറ്റില്ല. നിർഭാഗ്യവശാൽ അതുണ്ടാവുന്നില്ല. ടോട്ടൽ സിനിമയെ കാണാൻ ശ്രമിക്കാതെ, പലപ്പോഴും സിനിമ തന്നെ കാണാൻ മെനക്കെടാതെ, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പരിമിതവൃത്തത്തിൽ നിന്നുകൊണ്ട് അതിനെ കീറിമുറിക്കാനുള്ള ഒരു പ്രവണത ഏറിവരുന്നു. ബോധപൂർവമോ അബോധപൂർവമോ എന്നു നിശ്ചയമില്ല; ഈ സമീപനം വിശാലമായ ഒരു മാനവികതയിൽ നിന്നകന്നു പോവുകയും പ്രതിലോമപരമായ ഒരു തീവ്രവാദത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. സിനിമയും അതിൽ തന്റെ സർഗ്ഗാത്മകത മുതൽമുടക്കിയ കലാകാരനും അകാരണമായി ക്രൂശിക്കപ്പെടുന്ന ഈ അവസ്ഥ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്.