നിഷ്ക്രിയതയുടെ അഥവാ പ്രതിഭാമാന്ദ്യത്തിന്റെ അന്തരാളഘട്ടത്തിനു ശേഷം അനിവാര്യമായതുപോലെ, മലയാളസിനിമ ഇപ്പോൾ ഒരു നവതരംഗത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. സിനിമയെ ഹൃദയത്തിലേറ്റിയ ഊർജ്ജസ്വലരായ യുവാക്കൾ ഒരിക്കൽക്കൂടി പുതിയ ആശയങ്ങളുമായി, ശൈലികളുമായി കടന്നുവരുന്നു. അതിനിടയിലാണ് 80-കളിൽ നാടകപ്രവർത്തനങ്ങളിലൂടെ കടന്നുവന്ന ജോയ് മാത്യു ‘ഷട്ടറെ’ന്ന പേരിൽ തന്റെ ആദ്യസിനിമാസംരംഭവുമായെത്തുന്നത്. ഒരുവേള, പോയകാലത്തിന്റെ പ്രതിനിധിയായ അദ്ദേഹത്തിന്റെ ഈ ചിത്രം ‘പുതിയ തലമുറ സിനിമ’യിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും നമ്മുടെ സമകാലികതയിൽ ഈ സിനിമ അടയാളപ്പെടുത്തുന്നതെന്ത് എന്നുമുള്ള ചോദ്യങ്ങൾ സ്വാഭാവികമായും ഉയർന്നുവരാം. എന്റെ ഉത്തരമിതാണ്. ഈ സിനിമ ഇപ്പോൾ ഒരു തരംഗമായി മാറിയിട്ടുള്ള ന്യൂ ജനറേഷൻ ട്രെൻഡുകളിൽ നിന്നെല്ലാം വേറിട്ടുനിൽക്കുകയും മേക്കിംഗിനേക്കാൾ പ്രമേയത്തിനു പ്രാധാന്യം നൽകുകയും ചെയ്യുന്നു. ഒരുപക്ഷേ ജോയ് മാത്യുവിനെ സംബന്ധിച്ച്, ‘അമ്മ അറിയാനി’ൽ നിന്നാരംഭിച്ച തന്റെ അന്വേഷണങ്ങളുടെ ഒരു തുടർച്ച തന്നെയാവാം ഇത്. തനിക്കു ചുറ്റുമുള്ള സമൂഹത്തോട് ഇണങ്ങിയും ഇടഞ്ഞും ജീവിക്കുന്ന ഒരു സാംസ്കാരികപ്രവർത്തകന്റെ ആർജ്ജവം ഈ കലാസൃഷ്ടിയെയും സത്യസന്ധമായ ഒരിടപെടലാക്കി മാറ്റിയിരിക്കുന്നു.
എന്താണ് ഫിലിം മേക്കർ
ഈ സൃഷ്ടിയിലൂടെ ചെയ്യുന്നത് അഥവാ എന്താണയാൾ ചെയ്യാതിരിക്കുന്നത്.?
നവതരംഗത്തിന്റെ മുദ്രയായി മാറിക്കഴിഞ്ഞ
പുതിയ സങ്കേതങ്ങളുടെ പരീക്ഷണശാലയായി അയാൾ സിനിമയെ മാറ്റുന്നില്ല. പരിചരണത്തിലെ
പുതിയ വിസ്മയങ്ങൾ കൊണ്ട് പ്രേക്ഷകനെ ഞെട്ടിയ്ക്കുന്നില്ല. മറിച്ച് കോഴിക്കോടിന്റെ
രണ്ടു ദിനരാത്രങ്ങളെ മന:ശ്ശാസ്ത്രപരമായ സമീപനത്തോടെ വിശകലനവിധേയമാക്കുന്നു.
മനുഷ്യനെന്ന മാനദണ്ഡത്തിൽ ഉറച്ചുനിന്നുകൊണ്ട്, ഒരു ഗൃഹാതുരത്വവുമില്ലാതെ ആ നഗരജീവിതത്തെയും
അതിലെ ശ്രുതിഭംഗങ്ങളെയും നോക്കിക്കാണുന്നു. സിനിമയെന്നാൽ സങ്കേതമല്ലെന്നും അത്
ജീവിതം തന്നെയാണെന്നും വിളിച്ചുപറയുന്നു.
ഈ ഉദ്യമത്തിൽ,
ആരൊക്കെയാണ് സംവിധായകന്റെ ഉപകരണങ്ങൾ.? സ്വന്തമായി പേരു തന്നെയില്ലാത്ത ഒരു
തെരുവുവേശ്യയാണ് സിനിമയുടെ നട്ടെല്ല്. ഈ പേരില്ലായ്മ തന്നെ നല്ലൊരു സിനിമയാണ്.! ശരീരത്തിന്റെ
മാത്രം മേൽവിലാസത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവൾ. കോഴിക്കോടിനു പ്രിയപ്പെട്ട ബഷീറിന്റെ
തൂലികയിൽ നിന്ന് എഴുന്നേറ്റുവന്നവളെപ്പോലെ അവൾ വിശുദ്ധമായ തങ്കത്തിന്റെ പ്രഭ
ചൊരിയുന്നു. താനൊരു ശരീരം മാത്രമല്ലെന്ന് സ്വന്തം വ്യക്തിസത്തയിലൂടെ
ബോധ്യപ്പെടുത്തുന്നു. മാനവികമായ അനുതാപത്തോടെ
തന്നെ കാണുവാൻ പ്രേക്ഷകനെ നിർബന്ധിക്കുന്നു.
നഗരരാത്രികളുടെ
കാവൽക്കാരനായ ഓട്ടോക്കാരൻ, നന്മയിൽ സുരനാണ് അടുത്തയാൾ. ഒരുപാടു നിവൃത്തികേടുകളിൽ
പുലരുന്നവൻ. അബദ്ധങ്ങളിൽ നിന്ന് അബദ്ധങ്ങളിലേയ്ക്ക് എന്നും വണ്ടിയോടിക്കുന്നവൻ. നിരുപാധികമായ
നന്മ കൊണ്ടുവന്നു തരുന്ന ചതിക്കുഴികളിൽ നിരന്തരം വീഴുന്നവൻ. പ്രവാസജീവിതത്തിൽ
നിന്നു മടങ്ങിയെത്തിയ ഇടത്തരം പൊങ്ങച്ചത്തിന്റെ പ്രതിനിധി, റഷീദാണ് മറ്റൊരാൾ.
സിനിമാചർച്ചകൾക്കായി നഗരത്തിലെത്തിപ്പെട്ട മനോഹരൻ എന്ന ഫിലിം മേക്കർ ടി
കഥാപാത്രങ്ങൾക്കിടയിൽ ഒരു രാസത്വരകമായി പ്രവർത്തിക്കുന്നു. സ്വന്തം
വ്യക്തിത്വത്തിന്റെ നടത്തിപ്പിൽ ഒരൊത്തുതീർപ്പിനും വഴങ്ങാത്തവരാണ് ഇവരെല്ലാം. അതു
നിർമ്മിക്കുന്ന ചിരിയും ചിന്തയും തന്നെയാണ് ഈ സിനിമയുടെ സൌന്ദര്യവും. ഇവരെ സമർത്ഥമായി
ഉപയോഗിച്ച്, അടിമുടി ജീവിതം മണക്കുന്ന, നാടകീയത നിറഞ്ഞ ഒരു സസ്പെൻസ് ത്രില്ലറാണ്
സംവിധായകൻ ഒരുക്കിയിട്ടുള്ളത്.
സ്വയം പുരോഗമിക്കുന്നതിനിടെ
വ്യക്തിതലത്തിൽ നിന്ന് ചിന്തോദ്ദീപകമായ സാമൂഹ്യപാഠങ്ങളിലേക്കും സിനിമ വളരുന്നുണ്ട്.
ഓരോ നഗരജീവിയുടെയും ചിരപരിചിതമായ ജീവിതമാകയാൽ, കണ്ടിരിക്കാൻ ഒരു പ്രത്യേക രസം
തന്നെയുണ്ട്. കഥാപാത്രങ്ങളിൽ മാറിമാറി സ്വന്തം പ്രതിബിംബത്തെത്തന്നെ കാണുകയാൽ,
ഇടയ്ക്കിടെ കണ്ണു തുടയ്ക്കാനോ കയ്യടിക്കാനോ നമ്മൾ നിർബന്ധിതരായിത്തീരുന്നുണ്ട്. ഒറ്റ
നിമിഷത്തിന്റെ അശ്രദ്ധയിൽ കൈവിട്ടുപോകാവുന്ന ജീവിതത്തെപ്പറ്റി
ഓർമ്മിപ്പിക്കുന്നുണ്ട്. സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ കാണാപ്പുറങ്ങളെപ്പറ്റി
മുന്നറിയിപ്പു തരുന്നുണ്ട്. രതിയുടെ ചതുപ്പുനിലങ്ങളെപ്പറ്റി
ചിന്തിപ്പിക്കുന്നുണ്ട്. പ്ലസ്ടുവിനു പഠിക്കുന്ന കുമാരനെയും കുമാരിയെയും മനസ്സിലാക്കുകയും
പുതിയ കൌമാരത്തിന്റെ ജീവിതസമീപനത്തെ മുഖവിലയ്ക്കെടുക്കുകയും ചെയ്യുന്നുണ്ട്. ലാലിന്റെയും സജിതയുടെയും വിനയിന്റെയും
പ്രതിഭയുടെ പരിപ്പെടുക്കുന്നുണ്ട്. ഹരി നായരുടെ ചടുലമായ ഫ്രെയിമുകൾ നമ്മളെ വിടാതെ
പിന്തുടരുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, അമിതമായ ആത്മവിശ്വാസവും
സൂക്ഷ്മതക്കുറവും ചിലപ്പോഴൊക്കെ സിനിമയുടെ ആധികാരികതയ്ക്ക് പരിക്കുകൾ ഏൽപ്പിക്കുന്നുമുണ്ട്.
തന്റെ അൻപതുകളുടെ
ആദ്യദശയിൽ നിന്നുകൊണ്ട്, ഇപ്പോൾ മുപ്പതുകളുടെ യുവത്വമാഘോഷിക്കുന്ന സിനിമക്കാരെ ഒരു
സംവിധായകൻ, വെല്ലുവിളിക്കുകയാണ്. തികച്ചും സമകാലികമായ തന്റെ സൃഷ്ടിയെ മുന്നിൽ
നിർത്തി, മികച്ച കലയ്ക്ക് പ്രായഭേദമില്ലെന്ന് തെളിയിക്കുകയാണ്. സിനിമയെന്നാൽ വെറും
ട്രീറ്റ്മെന്റല്ല, അത് നിർമ്മിച്ചെടുക്കുന്ന സാംസ്കാരികഭൂമിക തന്നെയാണെന്ന് തിരുത്തുകയാണ്.!
ഈ വെല്ലുവിളി അവർ ഏറ്റെടുക്കട്ടെ. ഇവ രണ്ടും കൃത്യമായി സമ്മേളിക്കുന്ന പുതിയ
സിനിമകൾ ഈ സംവാദത്തിൽ നിന്നു പിറക്കട്ടെ.
No comments:
Post a Comment