Sunday, November 20, 2016

ആനന്ദം











ഒരാനന്ദത്തിൽ ചിലപ്പോൾ ഒന്നൊന്നര ആനന്ദമുണ്ടാവാം. ചിലപ്പോൾ പല ആനന്ദങ്ങൾ ഉണ്ടായെന്നും വരാം. താരപരിവേഷമില്ല എന്നത് ഒരു വലിയ ആനന്ദമാണ്. അതു കൊണ്ടുവരുന്ന വേറെയും ആനന്ദങ്ങളുണ്ട്. താരത്തിന് പശ്ചാത്തലസൗന്ദര്യമായി അവശ്യം ഉണ്ടായിരിക്കേണ്ട വാട്ടർബറീസ് അനുചരന്മാരും ഇല്ല. ഹീറോയിസത്തിന് എരിവുംപുളിയും പകരാൻ തൊട്ടാൽകരയുന്ന ഹീറോയിനും ഇടികൊള്ളാൻ സദാ സന്നദ്ധരായി തടിയും തൂക്കവുമുള്ള സിക്സ്പായ്ക്കുകളും ഇല്ല. വലിയ ആനന്ദം തന്നെയാണ്.

ഫ്രെയിമിൽ നിറഞ്ഞു നിൽക്കുന്ന യുവതയുടെ അനായാസമായ charm ആണ് മറ്റൊന്ന്. അതിൽ ആണും പെണ്ണുമുണ്ട്‌. അന്തർമുഖരും ബഹിർമുഖരുമുണ്ട്. സാഹസികരും പേടിത്തൂറികളുമുണ്ട്. പ്രണയികളും വിരഹികളുമുണ്ട്. ഇവരുടെ അടിപൊളി ജീവിതത്തിനിടയിൽ അബദ്ധത്തിൽപ്പോലും സ്ത്രീവിരുദ്ധതയുടെ ഒരു സീനില്ല. അടിമുടി സ്ത്രീവിരുദ്ധമായ ഒരു സമൂഹത്തിന്റെ കൂടെയിരുന്ന് പെണ്ണിനെ underestimate ചെയ്യാത്ത ഒരു സിനിമ കാണുന്നത് മറ്റൊരാനന്ദമാണ്.

വിനോദചിത്രമാണ്. എഞ്ചിനീയറിംഗ് പഠനത്തിന്റെ പിരിമുറുക്കത്തിനിടയിൽ ഐവിയെന്ന പേരിൽ അരങ്ങേറുന്ന ഒരു വിനോദയാത്ര. പിണക്കങ്ങൾ, ഇണക്കങ്ങൾ, രസങ്ങൾ, നിറങ്ങൾ, ഗന്ധങ്ങൾ.! സ്വപ്നലോകത്തിലെ മാലാഖമാരെപ്പോലെയുള്ള ഒരു ജീവിതം. എനിവേ വലിയ മെലോഡ്രാമയില്ല. കോസ്റ്റ്യൂമിലും ഭാഷയിലും ഭാവത്തിലും കഴിയുന്നത്ര റിയാലിറ്റിയും മിതത്വവും പുലർത്തിയിരിക്കുന്നു.
തിരക്കും സംഘർഷവും നിറഞ്ഞ ലോകജീവിതത്തിനിടയിൽ പ്രസാദാത്മകമായ രണ്ടുമണിക്കൂർ വീണുകിട്ടുന്നത് ഒരാനന്ദമാണ്. അതിനിണങ്ങിയ ഒരു ദൃശ്യപരിചരണം സിനിമയിലുണ്ട്. കണ്ണിനും മനസ്സിനും കുളിർമ പകരുന്ന ഒരാംബിയൻസ്. തെക്കേ ഇൻഡ്യയിലെ മനോഹരമായ സ്ഥലങ്ങൾ നിങ്ങൾ ഇനിയും കണ്ടിട്ടില്ലെങ്കിൽ അടുത്ത തീയേറ്റർ വരെ പോയാൽ ചുരുങ്ങിയ ചെലവിൽ കാര്യം നടക്കുന്നതാണ്. ചുരുക്കത്തിൽ ഒരു ജാതി പരമാനന്ദം!

ഗ്രേസ് വില്ല്ല












ഉള്ളടക്കത്തിലും മേക്കിംഗിലും വൈവിധ്യമുള്ള സിനിമകൾ സ്ഥിരമായി കാണാൻ കിട്ടണം എന്നതാണ് പൊതുവിൽ ഒരു സിനിമാസ്വാദകന്റെ അത്യാഗ്രഹം. അതിപ്പോ ചെറുതായാലും വലുതായാലും അയാൾക്കു പ്രശ്നമൊന്നുമില്ല. ഒരു ഹ്രസ്വചിത്രത്തെ സംബന്ധിച്ച് അതിനിണങ്ങിയ ഒരു പ്ലോട്ട് കണ്ടെത്തുന്നതു തന്നെ സൃഷ്ടിയോളം വലിയ കാര്യമാണെന്നു തോന്നുന്നു. സ്ക്രീനിൽ വിജയിച്ച ഹ്രസ്വചിത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാവുന്ന ഒരു കാര്യം അവ ഹ്രസ്വചിത്രം എന്ന രീതിശാസ്ത്രത്തിൽ മാത്രമേ അത്രത്തോളം ഫലപ്രദമാവുകയുള്ളു എന്നതാണ്. ആ ഒരു സാധ്യത പൂർണ്ണമായി ഉപയോഗിച്ച ഒരു ഹ്രസ്വചിത്രം കാണാൻ കിട്ടുക വലിയ സന്തോഷമാണ്. അഥവാ ഇന്ന് സന്തോഷമുള്ള ഒരു ദിവസമാണ്.

Grace villa എന്ന സിനിമയുടെ സമയം കേവലം 15 മിനിറ്റാണ്. ഇതൊരു മേക്കിംഗിന്റെ സിനിമ തന്നെയാണ്. പതിനഞ്ചു മിനിറ്റിലെ ഓരോ നിമിഷവും സിനിമാറ്റിക്കായി ഉപയോഗിക്കുന്നു എന്നതാണ് പ്രധാന ഹൈലൈറ്റ്. ഒരു ക്രൈംത്രില്ലർ സ്വഭാവം കൂടിയുള്ളപ്പോൾ ഈ സാങ്കേതികപൂർണ്ണതയുടെ പ്രാധാന്യം ഇരട്ടിയാണല്ലോ. അവസാനനിമിഷം വരെ സിനിമയുടെ മിസ്റ്ററി അഥവാ ഉള്ളടക്കം ഒളിച്ചുവെച്ചിരിക്കുന്നതിൽ ഒരു ത്രില്ല്ലുണ്ട്. അവിടെയാണ് സിനിമയുടെ സൗന്ദര്യം ഇരിക്കുന്നത് എന്നും പറയാം. പാത്രസൃഷ്ടിയിലും അതിന്റെ ഒതുക്കത്തിലും നടീനടന്മാരുടെ ശരീരഭാഷയിലും വേണ്ടത്ര ജാഗ്രത പുലർത്തിയിട്ടുണ്ട്. വിഷ്വലുകളും ശബ്ദവും സംഗീതവും ചിത്രസന്നിവേശവും ആകെമൊത്തം ടോട്ടലായി പ്രണയപൂർവം ഇണങ്ങിച്ചേർന്നിട്ടുണ്ട്. മേക്കിംഗാണ് സിനിമയെ നിർണ്ണയിക്കുന്നതെന്ന് സംവിധായകൻ ഉറപ്പിച്ചിട്ടുണ്ട് എന്നു തോന്നുന്നു. ആ ഒരാത്മവിശ്വാസം സ്ക്രീനിൽ കാണാം. ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാം. ചെറിയ സിനിമ അത്ര കുറഞ്ഞ കാര്യമല്ലെന്ന് വിളിച്ചു പറയുന്നുണ്ട്. അഥവാ എല്ലാവരും വലിയ സിനിമ പിടിക്കണമെന്ന് നമ്മൾ നിർബന്ധം പിടിക്കേണ്ട കാര്യമില്ല. ഒരു വലിയ സംവിധായകനു മാത്രമേ ഒരു ചെറുസിനിമയുടെ സാധ്യത പൂർണ്ണമായി ഉപയോഗിക്കാൻ കഴിയൂ എന്നും ഏറെക്കുറെ വ്യക്തമായിരിക്കുന്നു.

Binoy Raveendran, Bahul Ramesh എന്നീ പേരുകൾ മാത്രം തൽക്കാലം എടുത്തുപറയുന്നു. യഥാക്രമം സംവിധായകനും സിനിമറ്റോഗ്രാഫറുമാണ് ഇവർ. പിന്നെ കുസാറ്റിൽ നിന്ന് വളരെ കൂളായി എം.ടെക്. സമ്പാദിച്ചതിനു ശേഷം ഒരു കലാസംവിധായകന്റെ നാട്യത്തിൽ നടക്കുന്ന ഇങ്ക്വിലാബ്സിന്റെ ഒരു മകനുണ്ട്, Abhijith Ashok. അയാൾക്കും സ്തുതി. നിരൂപണം ഇതി സമാപ്തം!

ഗ്രഹണം (Eclipse)


ഒരു അവധിദിനത്തിന്റെ ആലസ്യത്തിലാണ് കൊച്ചിൻ ഫിലിം സൊസൈറ്റിയുടെ പ്രതിമാസസ്ക്രീനിംഗിനെത്തിയത്. സിനിമയെക്കുറിച്ച് യാതൊരു ഐഡിയയുമില്ലായിരുന്നു. അപരിചിതനായ ഒരാളുടെ ആദ്യസിനിമ. ഫോർട്ട് കൊച്ചിക്കാരനായ മിഥുൻ മുരളിയെന്ന യുവാവ് വിനയം കലർന്ന ക്ഷമാപണസ്വരത്തിലാണ് തന്റെ ചിത്രം കാണികൾക്കു മുന്നിൽ അവതരിപ്പിച്ചത്. മുടക്കുമുതൽ അമ്പതിനായിരം രൂപ മാത്രമാണെന്നും സ്മാർട്ട്ഫോണിലാണ് ശബ്ദലേഖനം ചെയ്തതെന്നും കൂടി പറഞ്ഞതോടെ നമ്മുടെ പ്രതീക്ഷകൾ മങ്ങി. പക്ഷേ സിനിമയെന്ന നിലയിൽ ഈ ഗ്രഹണം രണ്ടു മണിക്കൂർ സമയത്തേക്ക് മനസ്സിനെ മനോഹരമായി അപഹരിച്ചു എന്നതാണ് സത്യം.

പതിനഞ്ചു വയസ്സുള്ള ലക്ഷ്മിയെന്ന സ്കൂൾ വിദ്യാർത്ഥിനിയും ആദിത്യനെന്ന ഏകാകിയായ അധ്യാപകനുമാണ് മുഖ്യകഥാപാത്രങ്ങൾ. ലക്ഷ്മിയുടെ സവിശേഷമായ വ്യക്തിത്വത്തിലാണ് ഫോക്കസ്. ബുദ്ധിമതിയും കവിയും മാത്രമല്ല തന്റെ അധ്യാപകനെ മറയില്ലാതെ പ്രണയിക്കുന്നവളുമാണവൾ. അപൂർവതയുള്ളതും ഏറെക്കുറെ സങ്കീർണ്ണവുമായ ഒരു പ്രണയബന്ധത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഇരുവരുടെയും ജീവിതപരിസരങ്ങൾ അത്രമേൽ അസുന്ദരവും ക്രൂരവുമാണ്. സ്വാഭാവികമായും അനിവാര്യമായ ദുരന്തങ്ങളിലേക്കു തന്നെ അവർ എത്തിച്ചേരുന്നു.

സ്ത്രീകേന്ദ്രീകൃതമായ സിനിമ തന്നെയാണ്. ലക്ഷ്മിയുടെയും ആദിയുടെയും കഥാപാത്രങ്ങളെ സംവിധായകൻ കൃത്യമായി കൺസീവ് ചെയ്യുകയും പുതുമുഖങ്ങളുടെ യാതൊരു കുറവുമില്ലാതെ നടനും നടിയും അവരെ സുന്ദരമായി വ്യാഖ്യാനിക്കുകയും ചെയ്തിരിക്കുന്നു. സിനിമയുടെ പ്രധാനവിജയഘടകം ഈ കഥാപാത്രനിർമ്മിതികൾ തന്നെയാണ്. വെറും ഉള്ളടക്കത്തിലൊതുക്കാതെ പുതുമയാർന്ന ഒരു രൂപം അതിനു നൽകാൻ ശ്രമിച്ചുവെന്നതാണ് മറ്റൊരു ഘടകം. നിരവധി മൊണ്ടാഷ് വിഷ്വലുകൾ ഒട്ടിച്ചുചേർത്ത വിചിത്രമായ ഒരു കൊളാഷിന്റെ ഘടനയാണ് പൊതുവിൽ ചിത്രത്തിന്റേത്. അത് സിനിമയുടെ ടോട്ടൽ മൂഡിനെ നിർണ്ണയിക്കുന്ന നല്ലൊരു പരീക്ഷണമായി അനുഭവപ്പെടുകയും ചെയ്തു. കാവ്യാത്മകമായി ചിന്തിക്കുന്ന ഒരു പെൺകുട്ടിയുടെ മനസ്സിനെ വിഷ്വലൈസ് ചെയ്യാൻ പ്രകൃതിദൃശ്യങ്ങളെ ഭാവനയോടെ ഉപയോഗിച്ചിട്ടുണ്ട്. കവിത നിറഞ്ഞ അവളുടെ മോണോലോഗുകൾ അല്പം അധികമായോ എന്നു മാത്രമേ സംശയമുള്ളു. കഥാപാത്രങ്ങളുടെ ദുരന്തപൂർണ്ണമായ ജീവിതാനുഭവങ്ങളുടെ കറുപ്പുനിറം പ്ലോട്ടിലാകെ പരന്നുകിടപ്പുണ്ട്. അതോടൊപ്പം ആത്മീയതയിലൂന്നിയ പ്രത്യാശയുടെ ഒരു കിരണവുമുണ്ട്.

പുതിയ മലയാളസിനിമയിലെ വ്യത്യസ്തമായ ഒരു കളർസീനായി മിഥുൻ എന്ന പ്രതിഭ ഉയർന്നുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സിനിമ കഴിഞ്ഞ് അണിയറക്കാരെയും അഭിനേതാക്കളെയും പരിചയപ്പെടുമ്പോഴാണ് സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമ ശ്രദ്ധയിൽപ്പെട്ടത്. എല്ലാവരും നിരന്നുനിന്നപ്പോൾ അതൊരു കുടുംബഫോട്ടോ ആയിരുന്നു. അഥവാ യഥാർത്ഥത്തിലുള്ള ഒരു കുടുംബചിത്രമേത് എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം കൂടിയാണ് ഗ്രഹണം.

വെളുത്ത രാത്രികൾ














മനുഷ്യരായ മനുഷ്യരെല്ലാം എന്തുകൊണ്ടാണ് അവരവരുടെ വികാരവിചാരങ്ങൾ അതേപടി പ്രകടിപ്പിക്കാത്തത് എന്നൊരു ചോദ്യമുണ്ട്. പ്രാഥമികവും എന്നാൽ നമ്മൾ അബോധമായോ ബോധപൂർവമോ അവഗണിക്കുന്നതുമായ ഒരു ചോദ്യം. അങ്ങനെയിരിക്കെ ഒരു സിനിമ ഒരു വളച്ചുകെട്ടുമില്ലാതെ ഈ ചോദ്യം ചോദിക്കുന്നു. ഇന്നലെയായിരുന്നു അത്. അപ്പോൾ മുതൽ തടാകത്തിൽ വീണ ചെറുകല്ലായി അത് ഉള്ളിൽ അലകളുയർത്തിക്കൊണ്ടിരിക്കുന്നു.

സിനിമയുടെ പേര് വെളുത്ത രാത്രികൾ. സംവിധായകൻ റാസി. Dostoevsky-യുടെ ഇതേപേരുള്ള കഥയുടെ രൂപാന്തരമാണ്. മൂലകൃതിയിൽ നിന്നു നല്ല അന്തരമുണ്ട്. സ്ഥലത്തിലും കാലത്തിലും മാത്രമല്ല പാത്രസൃഷ്ടിയിലും മുഹൂർത്തങ്ങളിലും സാരമായ വ്യതിയാനമുണ്ട്. സ്ഥലം സെന്റ്പീറ്റേഴ്സ്ബർഗിൽ നിന്ന് കേരളത്തിലെ അട്ടപ്പാടിയിലേക്കു പറിച്ചുനട്ടിരിക്കുന്നു. കാലമാകട്ടെ മൊബൈലിന്റെയും ലാപ്പിന്റേതുമായിരിക്കുന്നു. കഥയിൽനിന്നു ഭിന്നമായി മുഖ്യകഥാപാത്രമായ സ്ത്രീ പുരുഷനു പകരം ഒരു സ്ത്രീയെ പ്രണയിക്കുന്നു. ചുരുക്കത്തിൽ സിനിമ കഥയിൽനിന്നു മാറി ഒരു കലാകാരന്റെ സ്വതന്ത്രമായ ജീവിതവ്യാഖ്യാനമായിരിക്കുന്നു.

ഏകാന്തത നിരന്തരമായി അലട്ടുന്ന മനുവെന്ന യുവാവും ചെല്ലിയെന്ന യുവതിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. നാലു രാത്രികളിലെ അവരുടെ സമാഗമവും സംഭാഷണവും ഉള്ളടക്കത്തെ മൊത്തത്തിൽ തീരുമാനിക്കുന്നു. അഞ്ചാം ദിവസത്തെ സ്വച്ഛസുന്ദരമായ ആകാശത്തിൽ സിനിമ തീരുന്നു. ചിത്രകാരൻ കൂടിയായ സംവിധായകന്റെ സൗന്ദര്യബോധം ഹരിതാഭമായ പ്രകൃതിയായും നിരുപാധികമായ സ്നേഹമായും ഫ്രെയ്മിൽ നിറയുന്നുണ്ട്. ഒരു ദളിത് യുവതിയെ സിനിമയുടെ കേന്ദ്രത്തിൽത്തന്നെ പ്രതിഷ്ഠിച്ചതിലൂടെ സിനിമയുടെ ചരിത്രത്തിലും രാഷ്ട്രീയത്തിലും സജീവമായി ഇടപെടുന്നുണ്ട്. മാത്രമല്ല അവൾ നിൽക്കുന്ന പരിസരത്തിന്റെ സവിശേഷമായ ചില പ്രശ്നങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. പ്രമേയത്തിലും പരിചരണത്തിലും പാലിച്ചിട്ടുള്ള വ്യതിരിക്തമായ ഈ നിലപാട് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

കാഴ്ചയുടെ ഒഴുക്കിൽ വന്നുപെടുന്ന ചില ജെർക്കുകളുമുണ്ട്. ടെക്സ്റ്റിൽ വായിച്ച കഥാപാത്രങ്ങളുടെ വൈകാരികതീവ്രത കുറെയൊക്കെ ചോർന്നുപോയിട്ടുണ്ട്. വിശേഷിച്ച് വിഷാദത്തിന്റെ തീയിലുരുകുന്ന മനുവിന്റെ മനസ്സ് കൃത്യമായി സ്ക്രീനിലേക്കു പകർന്നിട്ടില്ല. മറിച്ച് ചെല്ലിയുടെ സ്വഭാവരീതികളും അവളുടെ സമീപനത്തിലെ ആർജ്ജവവും ധൈര്യവും നടിയുടെ കൈയിൽ ഏറെക്കുറെ ഭദ്രമായിരിക്കുന്നു. സംഭാഷണത്തിലെ കൃത്രിമത്വമാണ് സിനിമയുടെ പ്രകൃതിയുമായിണങ്ങാത്ത മുഖ്യഘടകം. മാനുഷികമായ സഹജപ്രതികരണത്തിനുമപ്പുറം അച്ചടിഭാഷയുടെ കടുപ്പം സീനുകളുടെ സൌന്ദര്യത്തെ ആകെമൊത്തം ഉലയ്ക്കുന്നു. പലപ്പോഴും പുസ്തകത്തിൽ നോക്കി വായിക്കുന്ന പ്രതീതി പോലും ജനിപ്പിക്കുന്നു. രണ്ടാം പകുതിയിലാണ് സിനിമ അതിന്റെ ഫ്ലേവർ തിരിച്ചുപിടിക്കുന്നത്. മികച്ച ഒരു എഡിറ്ററുടെ അഭാവം മൂലം ചില രംഗങ്ങൾ ലാഗ് ചെയ്യുന്നുമുണ്ട്.

130 മിനിറ്റുള്ള സിനിമ ഇനിയും തീയേറ്ററിൽ റിലീസ് ചെയ്തിട്ടില്ല. ഇതരകൃതിയെ ആസ്പദമാക്കിയുള്ള മികച്ച തിരക്കഥയ്ക്ക് കേരള സർക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. എനിവേ പോസിറ്റീവായ ഒരു അമേച്വർ സ്വഭാവം നിലനിർത്തിക്കൊണ്ട് സിനിമയെന്ന കലയുടെ അപാരമായ സാധ്യതകളിലേക്ക് മിഴിതുറക്കുകയാണ് ഈ നവസിനിമയും.

ഒഴിവുദിവസത്തെ കളി 2















ഓര്‍ഗാനിക് ആയി സംഭവിക്കുന്നതാണ് എന്റെ സിനിമ. 

അങ്ങനെ സംഭവിക്കുന്ന സിനിമ നല്‍കുന്ന തൃപ്തിയാണ് 
എന്റെ ആഹാരം.’-സനൽകുമാർ ശശിധരൻ

കല കലയായി മാറുന്നത് ചരിത്രവും വർത്തമാനവും പ്രവചനസ്വഭാവത്തോടെ അതിൽ രേഖപ്പെടുമ്പോഴാ‍ണ്. നടപ്പുകാലത്തെയും സ്ഥലത്തെയും രാഷ്ട്രീയധ്വനികൾ ചോർന്നു പോകാതെ കരുതലോടെ പകർത്തിയ സിനിമയാണ് ഒഴിവുദിവസത്തെ കളി. ഒരു ദിവസത്തെ കളിയെങ്കിലും അതിൽ പല കളികളുണ്ട്. പല തലങ്ങളുണ്ട്. സമകാലികമായ ഇന്ത്യനവസ്ഥയെ കറന്റായി പ്രതിഫലിപ്പിക്കുന്നതും എന്നാൽ കലാപരമായി ഒരൊത്തുതീർപ്പിനും വഴങ്ങാത്തതുമായ സിനിമയാണിത്.  ഒരുപക്ഷേ നാളത്തെ സിനിമയുടെ ഭാഷയെയും ഭാവത്തെയും നിർണ്ണയിച്ചേക്കാം. കലാസിനിമയെക്കുറിച്ചു പൊതുവിൽ നിലവിലുള്ള എല്ലാ മുൻവിധികളെയും എഴുതിത്തള്ളുന്ന ഒരു പാത്ത് ബ്രേക്കിംഗ് ഈവന്റാണ് ഈ ചിത്രം. 

ശുദ്ധമായ രാഷ്ട്രീയസിനിമകൾ പൊതുവിൽ രാഷ്ട്രീയം പറയാറില്ല. ലോകത്തെ നമുക്കു മുൻപിൽ നിർവ്യാജം പ്രദർശിപ്പിച്ച് നിശ്ശബ്ദമായി മാറിനിൽക്കുകയേ ഉള്ളു. ആ നിശ്ശബ്ദതയ്ക്ക് പക്ഷേ ഒരു അണുബോംബിന്റെ വികിരണശേഷിയുണ്ടാവും. പിന്നിലേക്കു നോക്കിയാൽ ഒരുപക്ഷേ നമ്മൾ ഒടുവിൽ കണ്ട രാഷ്ട്രീയസിനിമയേതെന്ന് ഓർമ്മവരികയില്ല. കുറച്ചുകൂടി ആലോചിച്ചാൽ ഒരുപക്ഷേ ചില പേരുകൾ ഓർമ്മവരും. എലിപ്പത്തായം, വാസ്തുഹാര, പിറവി, ആദാമിന്റെ വാരിയെല്ല്, ആലീസിന്റെ അന്വേഷണം തുടങ്ങിയ ചില പേരുകൾ. ഒരു താരതമ്യം അനുവദിക്കുമെങ്കിൽ എലിപ്പത്തായം എന്ന സിനിമയെടുക്കാം. എല്ലാ അഹങ്കാരവും ശമിച്ചൊടുങ്ങിയ ജന്മിത്വത്തിന്റെ ശിഷ്ടജീവിതമായിരുന്നു അതിൽ നാം കണ്ടത്. വിശേഷിച്ചൊരു കമന്റും പറയാതെ ശ്വാസംമുട്ടിക്കുന്ന ഒരു സത്യദർശനത്തിലേക്കാണ് അടൂർ നമ്മെ കൂട്ടിക്കൊണ്ടുപോയത്. ഇതിലാകട്ടെ പുതിയ കാലമാണ്. അഴിമതിയിലും കള്ളത്തരത്തിലും മുങ്ങിയ ഒരു സമൂഹമാണ്. മദ്യത്തിൽ തുടിച്ചുകുളിക്കുന്ന ഒരു കേരളമാണ്. സ്വത്വബോധങ്ങൾ ഉണർന്നെഴുന്നേൽക്കുന്ന സമയമാണ്. അപ്പോഴാണ് അഞ്ചു കൂട്ടുകാർ കള്ളുകുടിക്കാൻ പോകുന്നത്. വെറുതെ രാഷ്ട്രീയം പറഞ്ഞിരിക്കുന്നത്. പറഞ്ഞിരിക്കെ അവരുടെ തനിരാഷ്ട്രീയം പുറത്തുവരുന്നത്. കണ്ണാടിയിലെന്നപോലെ നമ്മൾ നമ്മളെ കണ്ടു ഞെട്ടുന്നത്. 


ക്ലാസ്സിക് സിനിമകളിൽ പൊതുവിൽ കണ്ടുവരുന്നതുപോലെ ഏതൊരുവനും മുന്നിൽ അതൊരു ദർശനം തുറന്നിടുന്നു. കള്ളുകുടിയന് മദ്യപാനത്തെക്കുറിച്ചുള്ള ഒരു ഗുണപാഠമുണ്ട്. പള്ളീലച്ചനാവട്ടെ സദാചാരത്തെക്കുറിച്ചുള്ള ഒരു സാരോപദേശമുണ്ട്. ക്ഷോഭിക്കുന്ന യുവാവിന് തോൽക്കുന്ന ജനതയെക്കുറിച്ചുള്ള ഒരു പ്രസ്താവമുണ്ട്. സ്ത്രീയ്ക്ക് ഒരു പ്രതിരോധമുണ്ട്. ദളിതന് ഒട്ടും ശുഭകരമല്ലാത്ത ഒരുൾക്കാഴ്ചയുണ്ട്. മാറ്റത്തിനുള്ള പ്രബോധനമുണ്ട്. കലാസ്വാദകനു മുന്നിൽ അധികാരം, ജനാധിപത്യം, രതി, വർഗ്ഗം, വർണ്ണം തുടങ്ങി സങ്കീർണ്ണമായ വിവിധ തലങ്ങളുണ്ട്. എന്നാൽ അപ്പോഴും കലാകാരൻ നിശ്ശബ്ദനാണ്. അയാൾ ഒന്നും വിളിച്ചുപറയുന്നില്ല. തന്റെ ക്യാമറ കാവ്യാത്മകമായി പ്രവർത്തിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. അത്രമേൽ മുഷിഞ്ഞ ഒരു കാലത്തെ ലോകത്തിനു മുന്നിൽ സത്യസന്ധമായി തുറന്നുവെച്ചുകൊണ്ട് കലാകാരൻ മാറിനിൽക്കുമ്പോൾ കല യൂണിവേഴ്സലായിത്തീരാതെ വയ്യ. അതിന്റെ നിരുപാധികമായ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടാതെ വയ്യ. ഈ വസ്തുതയാണ് ഒരുപക്ഷേ ഈ സിനിമയുടെ പ്രസക്തിയെ നിർണ്ണയിക്കുന്നതും.
  
ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് ഒഴിവുദിവസത്തെ കളി.  ഒരു തെരഞ്ഞെടുപ്പുദിവസത്തിന്റെ ആനുകൂല്യത്തിൽ ഇരുൾ മൂടിയ ഒരു വനമേഖലയിൽ അടിച്ചുപൊളിക്കാനെത്തിയ അഞ്ചു പേരാണു സിനിമയിൽ. അവരുടെ ഒരു പകൽ അസ്തമിക്കുന്നതിനു മുൻപു നടക്കുന്ന സംഭവങ്ങളിലൂടെ ഒരു സമൂഹത്തിന്റെ യഥാർത്ഥ അന്തസ്സത്തയിലേക്കു ക്യാമറ തിരിച്ചുവെയ്ക്കുകയാണ് സംവിധായകൻ. നാലു പുറത്തിൽ കവിയാത്ത ഉണ്ണിയുടെ കഥയെ രാഷ്ടീയമാനങ്ങൾ നിറഞ്ഞ ഒരു പൂർണ്ണസിനിമയായി സനൽ വളർത്തിയെടുത്തിരിക്കുന്നു. വരികൾക്കിടയിലെ നിശ്ശബ്ദതകളെല്ലാം പൂരിപ്പിച്ചിരിക്കുന്നു. ഒരു സാമൂഹ്യപരിഷ്കർത്താവിനെപ്പോലെ അയാൾ ആശയങ്ങളും സിദ്ധാന്തങ്ങളും ഉദ്ധരിക്കുന്നില്ല. മുദ്രാവാക്യങ്ങൾ വിളിച്ചുപറയുന്നില്ല. ഒരു പരിഹാരവും നിർദ്ദേശിക്കുന്നില്ല. മറിച്ച് കാര്യങ്ങൾ അടുത്തുനിന്നു വീക്ഷിക്കുന്നു. ആഴത്തിൽ നിരീക്ഷിക്കുന്നു. ഇരുട്ടിൽ തപ്പുന്ന ഒരു അവികസിതജനതയോട് ദാ ഇതാണു നിന്റെ സത്യമെന്നും സ്വത്വമെന്നും പറയുന്നു. ഫിലിംമേക്കർ ഒരു കവിയും ദാർശനികനുമായി മാറുന്നു. 

സ്വാതന്ത്ര്യം ലഭിച്ച് എഴുപതു വർഷങ്ങൾ പിന്നിടുമ്പോഴും നമ്മുടെ സമൂഹത്തിൽ ജാതി ഇന്നും ഒരു മർദ്ദനോപാധിയാണ്. ഒരിക്കലും അവസാനിക്കുകയില്ല എന്ന തോന്നൽ ജനിപ്പിച്ചുകൊണ്ട്, ദുർബലമായ പ്രതിരോധങ്ങൾ ക്കിടയിലൂടെ അത് ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
രാഷ്ട്രീയപ്രബുദ്ധരും തത്വജ്ഞാനികളുമായിരിക്കെത്തന്നെ ദളിതരോടും സ്ത്രീകളോടും മൃഗങ്ങളോടും അത്രമേൽ കാടത്തം പുലർത്തുന്ന ഒരു സമൂഹത്തെപ്പറ്റിയുള്ള വ്യക്തമായ സൂചനകൾ സിനിമയിലുണ്ട്. ഒരു സൈദ്ധാന്തികചർച്ചയിലും സെമിനാറിലും വിഷയമായിത്തീരാതെ എപ്പോഴും പുറത്തുനിർത്തപ്പെടുന്ന അഥവാ അതിക്രൂരമായി ഇരയാക്കപ്പെടുന്ന ദളിതനാണ് അതിന്റെ ഫോക്കസ്.  ഒരു പുസ്തകസിദ്ധാന്തത്തിന്റെയും മുദ്രാവാക്യത്തിന്റെയും അകമ്പടിയില്ലാതെ ഒരൊഴിവു ദിവസത്തെ സംഭവങ്ങളിലൂടെ ഇതു ദൃശ്യവൽക്കരിക്കുന്നതിലെ കല ഒന്നു കാണേണ്ടതു തന്നെയാണ്. കൃത്യമായ രാഷ്ട്രീയധ്വനികൾ ഈ സിനിമയെ പ്രാദേശികതയിൽ നിന്നടർത്തി ദേശീയ അന്തർദ്ദേശീയമാനങ്ങളിലേയ്ക്ക് ഉയർത്തി പ്രതിഷ്ഠിക്കുന്നു. ചക്കയിടാനും കോഴിയെ കൊല്ലാനുമെന്ന പോലെ കൊല്ലപ്പെടാനും കറുത്തവൻ തന്നെ നിയുക്തനാവുന്നതിന്റെ രാഷ്ടീയം മാത്രമല്ല ഇരയുടെ റോളിലകപ്പെട്ട സ്ത്രീയുടെ പ്രതിരോധവും അതിജീവനവും മാത്രമല്ല അധികാരരതി മാത്രമല്ല ഓരോ വ്യക്തിക്കും അവനവനോടു തന്നെയുള്ള സമീപനവും അതിലെ ആന്തരികവൈരുദ്ധ്യങ്ങളും രാഷ്ടീയമാനമാർന്ന് നമ്മളെ ചിന്തിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നു.

ഒഴിവുദിവസത്തെ ഉന്മാദം നിറഞ്ഞ ഒരു കളിയെ പുതിയ ജീവിതാവസ്ഥയുടെ രൂപകമായി കൺസീവ് ചെയ്യുന്നതിൽ ഒരു വലിയ സിനിമ അടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പു വാർത്തകൾ ഒരു പാരഡിയായി പശ്ചാത്തലത്തിൽ മുഴങ്ങവെ, കളി നടക്കുന്ന മട്ടുപ്പാവ് പതിയെപ്പതിയെ ഒരു രാജ്യമായി രൂപാന്തരപ്പെടുകയാണ്. ഓരോ നിമിഷവും പിരിമുറുക്കം കൂടിക്കൂടി വരുന്നു. ഒടുവിൽ കളി കാര്യമാവുന്നു. രാജാവും മന്ത്രിയും ന്യായാധിപനും കള്ളനും പോലീസും തങ്ങളുടെ റോളുകൾ ഭംഗിയായി നിർവഹിച്ചുകൊണ്ടു മുന്നേറുന്ന കളിയുടെ ദുരന്തപൂർണ്ണമായ ക്ലൈമാക്സ് 105 മിനിറ്റുകൾ മാത്രമുള്ള ഈ ദൃശ്യപദ്ധതിയെ ഒരു സാമൂഹ്യവ്യവസ്ഥയുടെ തന്നെ ഗഹനപ്രതീകമാക്കി മാറ്റുന്നു.
ദൃശ്യശൈലിയിലും ദർശനത്തിലും ആദ്യചിത്രമായ ഒരാൾപ്പൊക്കത്തിൽ നിന്നു തീർത്തും വേറിട്ട ഒരു രചന നിർവഹിച്ചതിലാണ് സനലിന്റെ കലാപ്രതിഭയും മാധ്യമത്തിനു മേലുള്ള കയ്യടക്കവും കൃത്യമായി വെളിപ്പെടുന്നത്. ഒരു നിമിഷം പോലും വഴുതിപ്പോകാതെ തുടക്കം മുതൽ ഒടുക്കം വരെ അയാൾ ടോട്ടൽസിനിമയെ ഹൃദയത്തോടു ചേർത്തുപിടിച്ചിരിക്കുന്നു. കട്ടില്ലാത്ത സ്റ്റെഡിക്യാം ഷോട്ടിന്റെ സൗന്ദര്യവും വനഹൃദയത്തിലെ വാചാലമായ ബിംബസമ്യദ്ധിയും സംഭാഷണത്തിലെ നാട്ടുചന്തവും ശബ്ദലേഖനത്തിലെ സൂക്ഷ്മതയും ചില ഉദാഹരണങ്ങൾ മാത്രം. ഈ അപൂർവതയുടെ രൂപവും ഭാവവും നിർണ്ണയിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സിനിമറ്റോഗ്രാഫർ ഇന്ദ്രജിത്തിനെയും സംഗീതസംവിധായകൻ ബേസിൽ ജോസഫിനെയും അത്രമേൽ അർത്ഥവത്തായി ഫ്രെയിമുകൾ രൂപകല്പന ചെയ്ത മുരുകനെയും ഓർക്കുന്നു.ദൃശ്യശൈലിയിലും ദർശനത്തിലും ഒരാൾപ്പൊക്കത്തിൽ നിന്നു വേറിട്ട ഒരു രചന നിർവഹിച്ചതിൽ സനലിന്റെ കലാപ്രതിഭയും പ്രൊഫഷണലിസവും കൃത്യമായി വെളിപ്പെടുന്നുണ്ട്. ക്യാമറയുടെ വിദഗ്ദ്ധമായ അസാന്നിധ്യത്തിൽ, സംഭാഷണത്തിലെ അന്യാദൃശമായ ജീവിതഗന്ധത്തിൽ, സംഗീതത്തിന്റെ വശ്യമായ ഒതുക്കത്തിൽ ഒരു ലാൻഡ് മാർക്ക് കൂടിയാണീ ചിത്രം.

പൊളിറ്റിക്കലി കറക്റ്റാവാതെ തന്നെ മികച്ച പൊളിറ്റിക്കൽ സിനിമയുണ്ടാക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഒഴിവുദിവസം. സ്വന്തം സാഹചര്യങ്ങളോടു സഹജമായി സംവദിക്കുന്ന ആരുടെയും ഒരു ദിവസത്തെ ഉറക്കം കെടുത്താൻ കഴിയുന്ന ഒന്ന്. വെറുമൊരു കാഷ്വൽ രംഗചിത്രീകരണത്തിലൂടെ ഈ രാഷ്ട്രീയത്തിലെ ധ്വനിസമ്പന്നത വ്യക്തമാക്കാം. വനപ്രദേശത്തെ വസതിയിൽ ഒത്തുചേരുന്ന ചങ്ങാതിസംഘത്തിലെ ഒരാൾ മൊബൈലിനു റെയ്ഞ്ചില്ലാത്തതിനാൽ പുറത്തേക്കിറങ്ങുന്നു. അപരനെ ഫോണിൽ കിട്ടുന്നില്ല. ‘ഞാൻ നമ്പൂതിരിയാണ്..’ എന്നു പറയുന്നുണ്ട്. മറുപടി വ്യക്തമല്ലാത്തതിനാൽ നമ്പൂതിരിയാണ്..’ എന്നു വീണ്ടും വീണ്ടും ആവർത്തിക്കുന്നു. സ്വന്തം പേരിനെ തോൽപ്പിച്ചുകൊണ്ട് ജാതി അത്രമേൽ നിഷ്കളങ്കമായി നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ചുകഴിഞ്ഞതിനെ ഇതിലും കാവ്യാത്മകമായി എങ്ങനെയാണ് പറയാൻ കഴിയുക? അന്ത്യത്തിലെത്തുമ്പോൾ ജാതിയെന്ന ആശയവും അതിന്റെ പീഡനസ്വഭാവവും സമൂഹമനസ്സിനെക്കുറിച്ചുള്ള ഒരു പുതിയ പാഠമായി പ്രേക്ഷകമനസ്സിൽ ചേക്കേറുന്നു. 

ഇന്ത്യൻ ജാതിവ്യവസ്ഥയുടെ തീരാത്ത ക്രൂരതകൾ പ്രതീകാത്മകമായി ആവിഷ്കരിച്ച ഒഴിവുദിവസത്തെ കളിയിലെ രംഗങ്ങൾ മൂർത്തരൂപമാർന്ന് ഇപ്പോൾ നമ്മുടെ അയൽപക്കത്ത് ആവർത്തിക്കുന്നുവെന്നത് കലയുടെ അത്ഭുതകരമായ പ്രവചനസ്വഭാവത്തെപ്പറ്റി ഓർമ്മിപ്പിക്കുന്നു.  ഒരു സയൻസ് റൈറ്ററാകാനാഗ്രഹിച്ച രോഹിത് എന്ന ഗവേഷകവിദ്യാർത്ഥിയെപ്പറ്റി ഇപ്പോൾ ഓർമ്മവരുന്നത് ഒട്ടും യാദൃശ്ചികമല്ല. ഒരു വഴിത്തിരിവിൽ പൊടുന്നനെ തന്റെ ജീവിതം അവസാനിപ്പിച്ചുകൊണ്ട്  അയാൾ ലോകത്തോടു പറഞ്ഞ വാക്യം ഈ കുറിപ്പവസാനിപ്പിക്കാൻ എന്തുകൊണ്ടും അനുയോജ്യമാണെന്നു തോന്നുന്നു. കാരണം ഒരു മനുഷ്യന്റെ ചുരുങ്ങിയ ജീവിതചക്രത്തിനിടയിൽ അയാൾക്കു വായിക്കാൻ കിട്ടുന്ന ഏറ്റവും മഹത്തായ കവിതയായിരിക്കണം അത്. അതിങ്ങനെയാണ്. ‘എന്റെ ജനനമായിരുന്നു എനിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധം.’

അനുരാഗക്കരിക്കിൻ വെള്ളം














പ്രണയം അത്രമേൽ സൗന്ദര്യവും മിസ്റ്ററിയും ചേർത്തു നിർമ്മിക്കപ്പെട്ട ഒരു ഹൃദയവികാരമാകുന്നു. എത്രമേൽ അതിന്റെ കാഠിന്യം കൂടുന്നോ അത്രമേൽ അതിലടങ്ങിയ നർമ്മവും അസംബന്ധവും കൂടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ആകെ മൊത്തം ടോട്ടലായി അത് ജീവിതത്തെ പ്രസാദാത്മകമാക്കുന്നു.

ഈ സിനിമ അടുത്തറിയാവുന്ന ചില പ്രണയങ്ങളെയും പ്രണയികളെയും ഓർമ്മയിലേക്കു കൊണ്ടുവന്നു. കുറഞ്ഞപക്ഷം ഒരു രാത്രിയെ അത് അത്ഭുതകരമാംവിധം പ്രതീക്ഷാനിർഭരമാക്കിയിരിക്കുന്നു.

യക്ഷം














ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ സ്ത്രീകളിന്നും സ്വയം പരിമിതപ്പെടുകയോ അല്ലെങ്കിൽ അപരൻ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന ഒരു ജീവിതാവസ്ഥയിൽത്തന്നെയാണു പുലർന്നു പോകുന്നത്. ഒരുപക്ഷേ തലമുറകൾ ചെയ്ത കുറ്റമാവാം. പരമ്പരാഗതമായ നിരവധി ശീലങ്ങളാൽ അവൾ എവിടെയും ബന്ധിതയാക്കപ്പെടുന്നു. സ്വതന്ത്രവ്യക്തിത്വത്തിന്റെ ആവിഷ്കാരമായി മാറാൻ കൊതിക്കുന്ന നഗരവനിതകൾ നമുക്കിടയിലുണ്ടാവാം. എങ്കിലും ഈ ന്യൂനപക്ഷം അവളുടെ പൊതുജീവിതത്തെ പ്രതിനിധാനം ചെയ്യുന്നില്ല. ‘ഇന്നത്തെ കറിയ്ക്കെന്താ’ എന്ന പ്രശ്നത്തിനപ്പുറത്തേക്കു ചിന്തിക്കുന്ന സ്ത്രീകൾ നമ്മുടെ ഗ്രാമങ്ങൾക്ക് ഇന്നും അപരിചിതമത്രേ. എനിവേ, പുതിയ സമൂഹത്തിൽ തീർച്ചയായും ചില വീണ്ടുവിചാരങ്ങളുണ്ട്. കുതറിമാറലുകളുണ്ട്. അവ ഉയർത്തിക്കൊണ്ടുവരുന്ന ആശയസമരവും അതിലടങ്ങിയ വിപ്ലവവുമുണ്ട്.

സ്ത്രീയെ പ്രകൃതിയായി സങ്കൽപ്പിക്കുന്നതിന്റെ നിരുപമസൌന്ദര്യം അരവിന്ദന്റെ കാഞ്ചനസീതയിൽ നാം കണ്ടതാണ്. ഇപ്പോൾ യക്ഷമെന്ന ഹ്രസ്വചിത്രത്തിന്റെ കാഴ്ച അരവിന്ദനെയും കാഞ്ചനസീതയെയും ഒരു നിമിഷനേരത്തേയ്ക്ക് മനോമുകുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു. ശ്രീകോവിൽ തുറന്ന് ദേവീവിഗ്രഹത്തെ പൂജയ്ക്കൊരുക്കാനെത്തുന്ന പൂജാരിയുടെ ഫാന്റസിയായാണ് ഞാൻ സിനിമയെ കണ്ടത്. അതെനിക്കു രസിച്ചു. നിരുപാധികമായ ഒരു സ്ത്രീപുരുഷപ്രണയത്തിന്റെ കാവ്യാത്മകമായ വിഷ്വലുകളിലൂടെയാണ് പിന്നെ നമ്മൾ കടന്നുപോകുന്നത്. അവയുടെ ഇഴയടുപ്പം നിർണ്ണയിക്കുന്ന സംഗീതവും ഒപ്പമുണ്ട്. പൂണൂലിന്റെ പാരമ്പര്യത്തെ ധിക്കരിച്ച് ഇഷ്ടകാമുകിയിൽ ലയിക്കാനൊരുങ്ങുന്ന പുരുഷനെയും അവന്റെ ഹൃദയത്തിൽ പ്രതിഷ്ഠിതമായ ഒരു സ്ത്രീയെയും നമുക്കു കാണാം. അത്രമേൽ പുരാതനമായ ഒരു പ്രകൃതിപുരുഷ ലയനവും കാണാം. വേണച്ചാൽ വിഗ്രഹവൽക്കരിക്കപ്പെട്ട സ്ത്രീത്വത്തെ വിമോചിപ്പിക്കാനെത്തിയ ഒരു പ്രണയിയുടെ കലാപവും കാണാവുന്നതേയുള്ളു. ഒരുവേള ഭക്തനും പ്രണയിക്കുമിടയിലെ വൈരുദ്ധ്യങ്ങളും കടന്ന് ഒരു നിർവചനത്തിലുമൊതുങ്ങാത്ത സമസ്യയായി, പ്രകൃതിയായി മടങ്ങുന്ന സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ഒരു സ്ത്രീയെയും കാണാം.

പൂജാരിയുടെ സംഭാഷണങ്ങൾക്ക് സാഹിത്യഭംഗി കൂടിയപ്പോൾ അത് അയാളുടെ നാവിലൊതുങ്ങാതെ കുറച്ചൊക്കെ കൃത്രിമമായിത്തീരുന്നുണ്ട്. സ്ത്രീയാവട്ടെ സംസാരിക്കുന്നില്ലെങ്കിലും ശരീരഭാഷ കൊണ്ടും കണ്ണുകൾ കൊണ്ടും അത്രമേൽ വാചാലയാകുന്നുമുണ്ട്. ഒരുപക്ഷേ പ്രകൃതിയുടെ മുന്നിൽ പരിമിതനാകുന്ന പുരുഷനെപ്പോലെ നടൻ നടിയുടെ മുൻപിൽ അല്പമൊക്കെ പതറുന്നതു കാണാം. ക്യാമറാവർക്ക് പോയട്രിയോടടുത്ത നിലവാരം പുലർത്തുന്നു. സംഗീതവുമതെ. അനാവശ്യമായ ഒരു ഷോട്ടുപോലുമില്ലാ‍ത്ത രീതിയിൽ അത്രമേൽ കൃത്യത പുലർത്തുന്ന എഡിറ്റിംഗാണ്. സിനിമയെന്ന മാധ്യമത്തെ നൂറു ശതമാനവും ജസ്റ്റിഫൈ ചെയ്യുന്ന ഒരു ടോട്ടൽ പരിചരണം ഇതിലുണ്ടെന്നു തോന്നി. ഒരു സംവിധായകനുണ്ടെന്നു തോന്നി. അതിനാൽ സിനിമ എനിക്കിഷ്ടമായി.

Friday, April 1, 2016

ആക്ഷൻ ഹീറോ ബിജു













ഒരു പൌരനെന്ന നിലയിൽ ഈ സിനിമയെപ്പറ്റി രണ്ടുവാക്ക് എഴുതാതിരിക്കുന്നത് മനസ്സാക്ഷിയോടുള്ള അനീതിയാവുമെന്നു തോന്നുന്നു. സിനിമാപ്രാന്തനായ ഒരു പ്രേക്ഷകന്റെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ ആക്ഷൻ ഹീറോ എന്നു പേരുള്ള ഒരു സിനിമയിൽ നായകനായ ബിജു പൌലോസിന്റെ ഹീറോയിസം പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ അയാളുടെ ഹീറോയിസത്തിലല്ല സിനിമയുടെ അഥവാ സംവിധായകന്റെ ഫോക്കസെങ്കിൽ അതും ഒരു തെറ്റല്ല. ചുരുക്കത്തിൽ ഒരു പോലീസ് ഓഫീസറോടൊപ്പം യാത്രചെയ്യാൻ ആവശ്യപ്പെടുന്ന ഈ സിനിമയിൽ നാം കടന്നുപോകുന്നത് അയാളുടെ വീരസാഹസികതകളുടെ തനിയാവർത്തനങ്ങളിലൂടെയല്ല. എത്രമേൽ കർക്കശമായ നിവൃത്തിയില്ലായ്മകളിലൂടെയാണ് ലോകം പുലർന്നുപോകുന്നതെന്ന തിരിച്ചറിവിലൂടെയാണ്. 

ലോകം പഴയ ലോകമല്ല. കാലം പഴയ കാലവുമല്ല. പഴയ കള്ളനും പഴയ പോലീസുമില്ല. ഒരു നിർവചനത്തിലുമൊതുങ്ങാത്ത, ഒരു പ്രത്യയശാസ്ത്രത്തിലും മെരുങ്ങാത്ത ഒരു ലോകമാണ്, അത്രമേൽ നിർദ്ദയമായ ഒരു കാലമാണ് ചുരുൾ നിവരുന്നത്. അതിനാൽ കണ്ടിരിക്കെ കഥയും കലയും സങ്കേതവും നിങ്ങൾ മറന്നുപോകുന്നു. പൊളിറ്റിക്കൽ കറക്റ്റ്നസ്സ് എന്നൊരു വാക്കു മറന്നുപോകുന്നു. നെഞ്ചിൻകൂട്ടിൽ നീറ്റലുണ്ടാക്കുന്ന ജീവിതത്തെപ്പറ്റി മാത്രമോർക്കുന്നു. സ്വയമറിയാതെ ചിലപ്പോൾ കണ്ണുകളിൽ നിന്ന് ഉറവ പൊട്ടുന്നതു മാത്രമറിയുന്നു. അങ്ങനെയിരിക്കെ മറവിയിലാണ്ടുപോയ സാമൂഹ്യപ്രതിബദ്ധത എന്നൊരു വാക്ക് സിനിമയുടെ മുൻപിലേക്കു കയറിവരുന്നു.

കഥാചിത്രമായിരിക്കെത്തന്നെ പരിചരണത്തിൽ ഒരു ഡോക്കുമെന്ററി സ്വഭാവം കടന്നുവരുന്നത് ഒട്ടും യാദൃശ്ചികമല്ല. സംഭാഷണങ്ങൾ നമ്മുടെ പരിസരത്തുനിന്ന് ഉണർന്നുവരുന്നു. കഥാപാത്രങ്ങളാകട്ടെ നിങ്ങളുടെ അയൽപക്കത്തുനിന്ന് ഒരു മുഖവുരയുമില്ലാതെ നേരിട്ടു പ്രവേശിക്കുന്നു. ഒരിക്കൽ നിങ്ങളെ ചിരിപ്പിച്ചുകൊന്ന ഒരു സുരാജ് ഒരു മരുന്നുമില്ലാത്ത വിഷാദത്താൽ വെറും രണ്ടു മിനിറ്റിൽ നിങ്ങളെ ശ്വാസംമുട്ടിക്കുന്നു. രോഹിണിയുടെ വേഷത്തിൽ വന്ന വേലക്കാരിയും മകളും നിവൃത്തികേടിന്റെ പര്യായങ്ങളായി നിങ്ങളെ വേദനിപ്പിക്കുന്നു. പേരുകൾക്കു പ്രസക്തിയില്ലാത്ത നിരവധി പേർ നിങ്ങളുടെ മുന്നിലൂടെ വന്നുപോകവേ ജീവിതം ജീവിതമെന്ന് മനസ്സിൽ ആരോ മന്ത്രിക്കുന്നു.

സമീപനം റിയാലിറ്റിയുടേതെങ്കിലും നിവിന്റെ ആരാധകരെ വെറുപ്പിക്കാത്ത ഒരു മധ്യമാർഗമാണ്. താരത്തിന്റെ വാചികാഭിനയത്തിലും ടൈമിംഗിലും ചില പിഴവുകൾ കാണാമെങ്കിലും തനിക്കുവേണ്ടിയല്ലാതെ ഓടിക്കൊണ്ടിരിക്കുന്ന സാമൂഹ്യബോധമുള്ള ഒരു മനുഷ്യനെ,ഒരു കൂട്ടം മനുഷ്യരെ അയാൾ കാണിച്ചുതരുന്നു. മടങ്ങിവരുമ്പോൾ നഗരത്തിരക്കിലൂടെ ഒരു പോലീസ് ജീപ്പു കടന്നുപോയി. എസ്.ഐ.ബിജുവും പോലീസുകാരും അതിലിരിക്കുന്നുണ്ടോയെന്ന് അല്പമൊരു ബഹുമാനത്തോടെ നോക്കി. അവരെല്ലാവരും അതിലുണ്ടായിരുന്നു.!

Tuesday, March 29, 2016

കുറ്റിപ്പുറം പാലം











തായ്ലൻഡിൽ നവസിനിമക്കാരനായ ഒരു സംവിധായകനുണ്ട്. Apichatpong എന്നാണു പേര്. ഈ മനുഷ്യൻ ചിത്രീകരിക്കുന്ന സംഭവങ്ങൾക്കും ദൃശ്യങ്ങൾക്കും മീതെ മാജിക്കലായ മറ്റൊരു സിനിമ കൂടി അദൃശ്യമായി സഞ്ചരിക്കുന്നുണ്ട്. ഒരുപക്ഷേ ആ സിനിമയാണ് യഥാർത്ഥ സിനിമ. കഥയെന്നും തിരക്കഥയെന്നും സംഭാഷണമെന്നും സിനിമയെ മനസ്സിലാക്കിവെച്ചിരിക്കുന്നവരെ ഇയാൾ നിരാശപ്പെടുത്തും. എന്നാൽ ദൃശ്യതയുടെ സ്വതന്ത്രാവിഷ്കാരമായി സിനിമയെ സമീപിക്കുന്നവരെ ആകർഷിക്കും. ‘ഞാൻ എനിക്കു തോന്നുന്നതു പോലെ സിനിമയെടുക്കും നീയൊക്കെ സൌകര്യമുണ്ടെങ്കിൽ ആസ്വദിച്ചാൽ മതി’ എന്നൊരു ലൈൻ തന്നെ. തുടക്കത്തിൽ അവഗണിക്കപ്പെട്ടുവെങ്കിലും സ്വന്തം ശൈലിയുടെയും സമീപനത്തിന്റെയും വ്യതിരിക്തത കൊണ്ടു മാത്രം ലോകസിനിമയിലെ ഒരു താരമായി ഇയാൾ മാറിക്കഴിഞ്ഞു.

ആമുഖമായി ഇത്രയും പറഞ്ഞത് കുറ്റിപ്പുറംപാലം കണ്ടതിന്റെ ഹാങ്ങോവറിലാണ്. ഒരുപക്ഷേ പോങ്ങിന് മലയാളത്തിൽ നിന്ന് ഒരു പിൻഗാമിയെ കിട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രതാപ് ജോസഫ് എന്ന സിനിമറ്റോഗ്രാഫർ ആദ്യമായി ഒരു സ്വതന്ത്രസിനിമയെടുത്തപ്പോൾ അതിന് കുറ്റിപ്പുറം പാലം എന്നാണ് പേരിട്ടത്. പേരിന്റെ പ്രധാന സാംഗത്യം ഇതേ പേരിലുള്ള ഇടശ്ശേരിയുടെ കവിതയാണ്. എന്നാൽ കവിതയുടെ ആവിഷ്കാരമല്ല സിനിമയെന്ന് സംവിധായകൻ മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട്. എനിവേ കവിതയുടെ ടോട്ടൽ സങ്കല്പത്തെ ഫിലിം മേക്കർ സ്വന്തം നിലയിൽ സ്വതന്ത്രമായി വ്യാഖ്യാനിക്കുന്നതായി കാണാം. നഗരവൽക്കരണം (urbanisation) എന്ന ഒരാശയമാണ് ഞാൻ സിനിമയിൽ നിന്നു പ്രധാനമായും വായിച്ചെടുത്തത്. ഒരുപക്ഷേ അതെന്റെ മാത്രം വീക്ഷണമാവാം. എങ്ങനെയും സമീപിക്കാനുള്ള ഒരു സാധ്യത ഇയാൾ തുറന്നിട്ടിട്ടുണ്ട്. 

കുറ്റിപ്പുറം പാലത്തിന്റെ പശ്ചാത്തലത്തിൽ, ഒരുവേള അതിന്റെ സ്മൃതികളിലൂടെ ഒരു മെഡിക്കൽ റെപ്പിന്റെയും ഒരു കുടിവെള്ളവിതരണക്കാരന്റെയും ഒരു ഫോട്ടോഗ്രാഫറുടെയും ഒരു ദിവസത്തെ ജീവിതത്തെ പിൻതുടരുക മാത്രമാണ് സിനിമ ചെയ്യുന്നത്. നഗരവൽക്കരണത്തിന്റെ ഉപോൽപ്പന്നങ്ങളായ രോഗം, വരൾച്ച, ഗൃഹാതുരത്വം എന്നിവയുടെ പ്രതിനിധികൾ കൂടിയാണിവർ. കാലങ്ങളിലൂടെ പ്രകൃതിയ്ക്കു നേരിട്ട വിപര്യയമോർത്ത് ഒരു നിശ്ശബ്ദസാക്ഷിയായി കുറ്റിപ്പുറം പാലം വിഷാദിക്കുന്നതായി നാം കാണുന്നു. ഈ വിഷാദം ഏകാകികളായ ഈ മനുഷ്യരിലേക്കും പകരുന്നതായി കാണുന്നു. ഒരു സംഭാഷണം പോലുമില്ലാത്ത ഈ ദൃശ്യപദ്ധതിയിൽ മൂന്നു മനുഷ്യർ മാത്രമല്ല പ്രകൃതിയും പങ്കെടുക്കുന്നുണ്ട്. വരണ്ടുണങ്ങിയതെങ്കിലും ഒരു ഭാരതപ്പുഴയുണ്ട്. ഒഴുകുന്ന ജലം സൂര്യപ്രകാശത്തിലെഴുതുന്ന അപൂർവസുന്ദരമായ ലിപികളുണ്ട്. ഉറുമ്പുകളും ചിലന്തികളും കിളികളുമുണ്ട്. അവയുടെ ധ്വനിസമ്പന്നമായ ചലനങ്ങളുണ്ട്. ധ്യാനനിരതമായ വിഷ്വലുകളുടെ വിവരണം അഥവാ നറേഷൻ മാത്രമായി ഒരു സിനിമ ചെയ്യാനുള്ള അസാമാന്യമായ ധൈര്യമുണ്ട്. ഒരു സംവിധായകന്റെ സിനിമ എന്തെന്നറിയണമെങ്കിൽ നിങ്ങൾക്കും കണ്ടുനോക്കാം. ഒരു സിനിമ എന്ന നിലയിൽ എനിക്കിഷ്ടമായി. കൂടുതൽ ധ്വനിസമൃദ്ധമായ, ചലനാത്മകമായ അടുത്ത പരീക്ഷണത്തിനായി കാത്തിരിക്കുന്നു.