Monday, April 6, 2015

മലയാളസിനിമ ഇന്ന്

കണ്ണിൽച്ചോരയില്ലാത്ത ഒരു കോർപ്പറേറ്റ് കാലത്ത് കലയും കലാകാരനും അതിജീവിക്കുമോ എന്ന തീവ്രമായ പ്രശ്നത്തിന്റെ പരിസരത്താണ് നാമിപ്പോൾ നിൽക്കുന്നത്. വിപണിയുടെ അതിരില്ലാത്ത ആർത്തികൾ അതിനിണങ്ങുന്ന വിധത്തിൽ സമസ്തമേഖലകളുടെയും മൂല്യവ്യവസ്ഥകളെ തച്ചുടയ്ക്കുകയോ മാറ്റിപ്പണിയുകയോ ചെയ്യുന്നു. ഈയൊരു അന്തരാളഘട്ടത്തിൽ നിരുപാധികമായി കലയോടും കാലത്തോടും സംവദിക്കുന്നവന് ആരാണു രക്ഷ? ഒരുവേള നിർമ്മിക്കപ്പെട്ടാൽത്തന്നെ ആ സൃഷ്ടികൾക്കു ജനങ്ങൾക്കിടയിലെത്തിച്ചേരാനുള്ള അവസരങ്ങളുണ്ടോ? ആ കലയും കലാകാരനും തിരിച്ചറിയപ്പെടുമോ? ഒരുവേള, ഏതൊരു പ്രതികൂലസാഹചര്യത്തെയും അതിജീവിച്ചു പുലർന്നു പോരുന്ന മലയാളസിനിമയെ സംബന്ധിച്ചാണ് ഈ പ്രശ്നം ഏറെ പ്രസക്തമായിട്ടുള്ളതെന്നു തോന്നുന്നു.

കലാസിനിമയുടേതുപോലെ തന്നെ സംഘർഷഭരിതമാണ് കച്ചവടസിനിമയുടെയും ചുറ്റുപാടുകൾ. വാണിജ്യസിനിമയുടെ രംഗത്തെ പുതിയ അന്തരീക്ഷനിർമ്മിതികൾ മുൻപുണ്ടായിരുന്ന അതിന്റെ പ്രൊഫഷണൽ സ്വഭാവത്തെത്തന്നെ ഇല്ലാതാക്കിയിട്ടുണ്ട്. ഉപഗ്രഹചാനലുകളുടെ ഇടപെടലും ജനങ്ങളുടെ സിനിമകാണൽ ശീലങ്ങളിൽ വന്ന മാറ്റവുമൊക്കെ ഇവയിൽ പ്രധാനമാണ്. പണവും പ്രശസ്തിയും ഒരുപോലെ ലഭിക്കാനുതകുന്ന മാറ്റങ്ങളാണ് പോപ്പുലർ സിനിമയുടെ സമീപനത്തിൽ ഇപ്പോൾ കണ്ടുവരുന്നത്. സാമൂഹ്യ, രാഷ്ട്രീയ ചിന്തയിൽ നിന്ന് അത് സുരക്ഷിതമായ അകലം പാലിക്കുന്നു. പകരം, താരമൂല്യത്തെക്കുറിച്ചും ചാനലിനെക്കുറിച്ചും മാത്രം ചിന്തിക്കുന്നു. വന്നുവന്ന് പരീക്ഷണസിനിമക്കാരും ഇപ്പോൾ ഇതേ വഴിയിലൂടെ നടക്കാൻ തുടങ്ങിയിരിക്കുന്നു. പത്തുപേരടങ്ങുന്ന ഒരു ജൂറിയുടെ അവാർഡിനേക്കാൾ വലുത് അടിപൊളിയുവത്വത്തിന്റെ അംഗീകാരമാണെന്ന് അവരും കണ്ടുപിടിച്ചിരിക്കുന്നു. കച്ചവടസിനിമയിൽ അല്പം കലാമൂല്യവും കലാസിനിമയിൽ വിപണിയുടെ ചേരുവകളും കൂടിക്കലരുന്ന കാഴ്ചയും കാണാം.

കലാസിനിമയ്ക്ക് ഏതുകാലത്തും നേരിടാനുള്ളത് പ്രതിസന്ധികളാണ്. അതിന്റെ ആസ്വാദകർ എവിടെയും എന്നും ന്യൂനപക്ഷവുമാണ്. എങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി  ആസ്വാദനനിലവാരത്തിലും സംവേദനക്ഷമതയിലും പ്രേക്ഷകർക്കിടയിൽ ചില മുന്നേറ്റങ്ങൾ കാണുന്നുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യ, ഇന്റർനെറ്റ്, ഡിവിഡി, ടൊറന്റ് തുടങ്ങിയ മാറ്റങ്ങൾ യുവാക്കളുടെ സെൻസിബിലിറ്റിയുടെ ആകാശത്തെ വിശാലമാക്കിയിട്ടുണ്ട്. എന്നാൽ നിർമ്മാതാക്കളെയും വിതരണക്കാരെയും കിട്ടാത്തതും തീയേറ്ററുകൾ ഈ സിനിമകളെ പൂർണ്ണമായും അവഗണിക്കുന്നതും മറ്റും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുന്നു.

മേളയിലേക്കു വന്നാൽ ഏഴു സിനിമകളാണ് മലയാളസിനിമ ഇന്ന് വിഭാഗത്തിലുള്ളത്. ഇവയിൽ ഒരുവേള ഏറ്റവും ഗൌരവസ്വഭാവമുള്ളതും വ്യാഖ്യാനസാധ്യതകളുള്ളതുമായ ചിത്രമാണ് ഒരാൾപ്പൊക്കം. കടുത്ത സിനിമാപ്രേമികളായ നിരവധി സുഹൃത്തുക്കളുടെ നിരുപാധികമായ സഹകരണത്തോടെയാണ് യുവസംവിധായകനായ സനൽകുമാർ ശശിധരന്റെ മനസ്സിലെ ഈ സിനിമ സത്യമായത്. എന്താണ് താങ്കളുടെ സിനിമയെന്നു ചോദിച്ചാൽ അദ്ദേഹം ഇങ്ങനെ പറയും: ‘ഒരാൾപ്പൊക്കം സത്യത്തിൽ ഒരാളുടെ ഉയരത്തിന്റെ കഥപറയുന്ന സിനിമയല്ല. ഒരുവേള, സ്ത്രൈണപ്രകൃതിയുടെ ഉയരത്തിനു മുന്നിൽ നിസ്സാരനായിപ്പോവുന്ന മനുഷ്യന്റെ കഥയാണ് അഥവാ കഥയില്ലായ്മയാണ് ഇതു പറയുന്നത്. എന്നെ സംബന്ധിച്ച് കഠിനമായ ഒരാഗ്രഹത്തിന്റെ സാക്ഷാത്കാരമാണ് ഇതെന്നു പറയാം. സിനിമയാണ് എന്റെ ഇടം എന്നൊരു അന്ധമായ വിശ്വാസം ഉണ്ടായിരുന്നു. സത്യത്തിൽ ഇതെന്റെ ആദ്യത്തെ ഫീച്ചർ സിനിമ എന്ന് പറയുന്നത് തികച്ചും സാങ്കേതികമായ അർത്ഥത്തിലാണ്. കഴിഞ്ഞ 14 വർഷമായി ഞാൻ ധാരാളം സ്ക്രിപ്റ്റുകൾ എഴുതി.. അവയുടെ ഷോട്ട് ബൈ ഷോട്ട് മനസ്സിലുണ്ടാക്കി. പൂർണ്ണമായ സിനിമ എന്ന നിലയിൽ തന്നെ അവയെ ഞാനാസ്വദിച്ചിട്ടുണ്ട്. കൺസീവ് ചെയ്യുന്ന സിനിമ എന്ന രീതിയിൽ ഇത് എട്ടാമത്തേയോ ഒൻപതാമത്തെയോ ആണ്. പതിനാലു വർഷമായി ഞാൻ ഒരു സിനിമ കൊണ്ടു നടക്കുകയായിരുന്നില്ല. ഒന്നിനു പിന്നാലെ ഒന്നെന്ന രീതിയിൽ പല സിനിമകൾ മനസ്സിൽ വളർത്തി. അവസാനം ഉപേക്ഷിച്ചു.’

സിനിമയുടെ ഉള്ളടക്കം/രൂപം എന്നിവയെക്കുറിച്ചും ഈ സംവിധായകനു കൃത്യമായ കാഴ്ചപ്പാടുണ്ട്. ‘എന്നെ സംബന്ധിച്ച് ഞാൻ സിനിമയെയാണ് മനസിൽ കൊണ്ടുനടന്നത്. ഏതെങ്കിലും ഒരു സിനിമാക്കഥയല്ല. സിനിമയിൽ മാത്രമല്ല, എല്ലാ കലാരൂപങ്ങളിലും കഥയുടെ ഒരു അപ്രമാദിത്വമുണ്ട്. കവിതയിൽപ്പോലും നമ്മൾ നല്ല കവിത എന്ന് പൊതുവേ (ഒറ്റനോട്ടത്തിൽ ) പറയുന്നവയിൽ കഥയുണ്ടാവും. ഇതൊന്ന് ബ്രേക്ക് ചെയ്യണമെന്നുണ്ടായിരുന്നു. കഥയിൽ നിന്നു വിട്ടുള്ള ഒരനുഭവമാണ് യഥാർത്ഥത്തിൽ വേണ്ടതെന്ന് ആഗ്രഹമുണ്ട്. എന്നാൽ കാഴ്ചക്കാരെ വെറുതേ പരീക്ഷിക്കാനും താൽപര്യമില്ല. കഥയെക്കാൾ കൂടുതൽ അബ്സ്ട്രാക്ടും സ്വതന്ത്രവുമായ ഒരു മീഡിയമാണ് കവിത. അത്തരം ഒന്നിലേക്ക് പോകാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. വിജയിച്ചോ എന്ന് ചോദിച്ചാൽ എനിക്കുത്തരമില്ല.’ സനൽ പറയുന്നു.

എബ്രിഡ് ഷൈൻ ഒരുക്കിയ 1983 ആണ് മേളയിലിടം കിട്ടിയ മറ്റൊരു ചിത്രം. തീയേറ്ററിലും ഓടിയ സിനിമ ചടുലമായ ഗതിവേഗമുൾപ്പെടെ പോപ്പുലർ സിനിമയുടെ ഘടകങ്ങൾ സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇതൊരു സംവിധായകന്റെ സിനിമയുമാണ്. തുടക്കം മുതൽ ഒടുക്കം വരെ അല്പം പോലും വ്യതിചലിക്കാതെ, തന്റെ പ്രമേയത്തിൽത്തന്നെ അയാൾ ക്യാമറയെ തറച്ചുനിർത്തുന്നു. മനസ്സിലെ സിനിമയെ കണ്ണിലെ കൃഷ്ണമണി പോലെ കരുതലോടെ കൈകാര്യം ചെയ്യുന്നു. ഒരു നവാഗതന്റെ വേവലാതികളില്ലാതെ കറതീർന്ന തന്റെ മാധ്യമബോധം വെളിപ്പെടുത്തുന്നു. മുഖ്യപ്രമേയമായി ക്രിക്കറ്റിനെ കിറുകൃത്യമായി ഉപയോഗിക്കുമ്പോഴും അതിനിടയിലൂടെ കറന്റായ ജീവിതം പറയുന്നു. രമേശനെപ്പോലെ നിസ്വനായി പുലരുന്ന ഏതൊരു ഗ്രാമീണനും പൊരുതാനുള്ള ആത്മവിശ്വാസം പകരുന്നു. കപിലും സച്ചിനും കളിക്കുന്ന ഒറിജിനൽ ഫുട്ടേജുകൾ സങ്കേതമായി ഉപയോഗിച്ച് ഒരു ഗ്രാമത്തിന്റെ കളങ്കരഹിതമായ ജീവിതചിത്രം അയാൾ വരച്ചെടുക്കുകയാണ്.

രഞ്ജിത്തിന്റെ ഏറ്റവും പുതിയ സംരംഭമാണ് ‘ഞാൻ.’ പ്രേക്ഷകർ പൊതുവിൽ മറന്നുതുടങ്ങിയ ‘സ്ഥലവും കാലവും’ സിനിമയിലേക്കു മടങ്ങിവരുന്നത് സന്തോഷമുള്ള കാര്യമാണ്. കോട്ടൂർ ഒരു സ്ഥലവും കാലവുമാണ്. ഒപ്പം കഥാപുരുഷനുമാണ്. നാല്പതുകളാണ് കാലം. മനുഷ്യപക്ഷത്തു നിൽക്കാനുറച്ച ഒരു സ്വതന്ത്രചിന്തകന്റെ ജീവിതവഴികളാണ് ടി.പി. രാജീവന്റെ നോവലിനെ ചലിപ്പിക്കുന്നത്. സിനിമയെയും. നോവലിലെ നോവുകൾ സിനിമയിലേക്കു പകർന്നിട്ടുണ്ട്. കോട്ടൂരിന്റെ ആത്മസംഘർഷവും സമൂഹവുമായുള്ള സംഘർഷവും തന്നെ പ്രമേയം. ചരിത്രത്തോടൊപ്പവും പിന്നെ വഴിമാറിയും നടന്ന വ്യക്തിയായിരുന്നു കോട്ടൂർ. ചരിത്രവും ഫിക്ഷനും ഇടകലരുന്ന പരിചരണരീതിയാണ് സിനിമയും പരീക്ഷിക്കുന്നത്. കുടുംബത്തിലെയും സമൂഹത്തിലെയും നിലവിലുള്ള മൂല്യസങ്കൽപ്പങ്ങളുമായി കലഹിക്കുന്ന വ്യക്തിയാണയാൾ. അവനവനുമായിക്കൂടി സംഘർഷത്തിലാകുമ്പോൾ സിനിമ മനുഷ്യജീവിതത്തിന്റെ ദർപ്പണമാകുന്നു. അനിവാര്യമായതുപോലെ ഒടുവിൽ അയാൾ അപ്രത്യക്ഷനാവുന്നു. ചരിത്രമാവുന്നു. വിസ്മയിപ്പിക്കുന്ന കയ്യടക്കമാണ് സജിതയും മുത്തുമണിയും സുരേഷ്കൃഷ്ണയും സൈജുവും രഞ്ചിപണിക്കരുമടക്കമുള്ള അഭിനേതാക്കൾ പ്രദർശിപ്പിക്കുന്നത്. കോട്ടൂർ എന്ന വ്യക്തിത്വത്തെ സ്വാംശീകരിക്കാനുള്ള ദുൽക്കറിന്റെ ശ്രമവും അഭിനന്ദനമർഹിക്കുന്നു.

രചന ഫിലിംസിന്റെ ബാനറിൽ എം.പി. സുകുമാരൻ നായർ സംവിധാനം ചെയ്ത ‘ജലാംശ’മാണ് മറ്റൊരു ചിത്രം. ഏറെവർഷത്തെ ജയിൽവാസത്തിനു ശേഷം നാട്ടിലേക്കു മടങ്ങിയെത്തുന്ന കുഞ്ഞൂഞ്ഞ് എന്ന മധ്യവയസ്കന്റെ കഥ പറയുന്ന ചിത്രത്തിൽ ജഗദീഷാണ് മുഖ്യവേഷം ചെയ്യുന്നത്. ശ്രീ ടി. കെ. സന്തോഷിന്റെ വിദൂഷകൻ എന്ന സിനിമ ഹാസ്യസാഹിത്യകാരനായിരുന്ന എം.ആർ. നായർ എന്ന സഞ്ചയന്റെ ജീവിതത്തിലെ അന്ത്യനിമിഷങ്ങളെ പുനരാവിഷ്കരിക്കുന്നു. പ്രമുഖ ഫിലിം മേക്കർ വി.കെ. പ്രകാശാണ് സഞ്ചയനെ അവതരിപ്പിക്കുന്നത്. ശ്രീ എൻ.കെ. മുഹമ്മദ് കോയയുടെ ചിത്രം ‘അലിഫ്’ കണ്ണൂർ നിവാസിയായ ഫാത്തിമ എന്ന സ്ത്രീയുടെ ജീവിതം പിൻതുടരുമ്പോൾ സലിൽ ലാൽ അഹമ്മദിന്റെ ‘Calton Towers’ യുവാവായ മകന്റെ മരണത്തിലെ ദുരൂഹതകൾ തിരഞ്ഞുപോകുന്ന ഒരു പിതാവിന്റെ അനുഭവങ്ങളാണ്.

കലാമൂല്യവും രാഷ്ട്രീയമാനങ്ങളുമുള്ള രണ്ടു സിനിമകൾ ഈ വർഷം സിനിമാപ്രേമികളുടെ മനസ്സിലിടംപിടിച്ചിരുന്നു. ഞാൻ സ്റ്റീവ് ലോപ്പസും മുന്നറിയിപ്പും. ഇവ രണ്ടും മേളയിലില്ല എന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്. നിരുപാധികതയ്ക്ക് എവിടെയും നേരിടാനുള്ളത് പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ്. ഒരു ജനതയുടെ തനതായ സാംസ്കാരികധാരകളെല്ലാം വറ്റിപ്പോകുന്ന ഒരു കാലത്തിന്റെ വക്കിൽ നിന്നുകൊണ്ടാണ് നമ്മൾ ഇതെല്ലാം പുലമ്പുന്നത്. ഉപരിതലത്തിൽ ജീവിച്ചുകൊണ്ട് ആഴങ്ങളെ സ്വപ്നം കാണാൻ കഴിയുമോ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. അവിടെയാണ് outstanding സിനിമയിൽ നിന്ന് mediocre സിനിമയിലേക്കുള്ള വഴികൾ ആരംഭിക്കുന്നതെന്നു തോന്നുന്നു.

(iffk'14-ലെ മലയാളസിനിമ ഇന്ന് വിഭാഗത്തെപ്പറ്റി അക്ഷരം
ഓൺലൈൻ മാസികയ്ക്കു വേണ്ടി തയ്യാറാക്കിയ കുറിപ്പ്)

8 comments:

Joselet Mamprayil said...

മനോഹരമായ നിരൂപണം.

Kattil Abdul Nissar said...

നല്ലൊരു ആസ്വാദനമാണ് .
ആവര്‍ത്തിച്ചു വരുന്ന "ഒരു വേള " പലയിടത്തും ഒഴിവാക്കാമായിരുന്നു

Melvin Joseph Mani said...

നല്ലൊരു അവലോകനം :)

റോസാപ്പൂക്കള്‍ said...

നല്ല പോസ്റ്റ്.നല്ല അവലോകനം. ആശംസകള്‍

Cv Thankappan said...

ശ്രദ്ധേയമായ വിലയിരുത്തല്‍.
എനിക്കേറെ ഇഷ്ടപ്പെട്ടു.
ആശംസകള്‍

ajith said...

ഒരു രഹസ്യം പറയട്ടെ. എനിക്കീ പടം ഇഷ്ടപ്പെട്ടില്ല. 40% കണ്ട് ഉപേക്ഷിച്ചു

vettam said...

രണ്ടു പടങ്ങളും കയ്യിലുണ്ട്.കാണണം

JIGISH said...

അജിത്ത്, ഏത് പടാ ഇഷ്ടപ്പെടാത്തതെന്നു പറഞ്ഞില്ല.