Monday, April 6, 2015

നൂറു പ്രണയദിവസങ്ങൾസൈബർകാലം കൊണ്ടുവന്ന നവമാധ്യമങ്ങളുടെ തിരയിൽ‌പ്പെട്ട് സിനിമയെന്ന രൂപവും കാലഹരണപ്പെടുമോ എന്നൊരു സന്ദേഹം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. ഇന്നിപ്പോൾ ഏതുസമയത്തും നിങ്ങളുടെ കണ്ണിനും കാലത്തിനുമിടയിൽ ഒരു സ്ക്രീനുണ്ട്. അതൊരു മൊബൈലോ ലാപ്പോ കമ്പ്യൂട്ടറോ ടീവിയോ ആവാം. ഇരിക്കുമ്പോഴും കിടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും തിന്നുമ്പോഴും കുടിക്കുമ്പോഴും നിങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. കാണി മാത്രമായിക്കൊണ്ടിരിക്കുകയാണ്. ലോകം ഒരു കാഴ്ച മാത്രമായിക്കൊണ്ടിരിക്കുകയാണ്. ഒന്നിനുപകരം ഒരായിരം സിനിമകൾ നിങ്ങളുടെ വിരലിനും സ്ക്രീനിനുമിടയിൽ ഒരു സ്പർശത്തിനായി കാത്തുനിൽക്കുമ്പോഴാണ് ദൂരെയുള്ള ഒരു നഗരം നിങ്ങളെ വരൂ എന്നു ക്ഷണിക്കുന്നത്. ആ ക്ഷണം സ്വീകരിക്കുന്നതിനു തൊട്ടുമുൻപ് നിങ്ങൾക്കു മുന്നിൽ ഒരായിരം ഓപ്ഷനുകൾ നിരന്നുനിൽക്കുന്നുണ്ട്. നിങ്ങൾ പതുക്കെ പിൻവാങ്ങുകയാണ്. അഥവാ തീയേറ്റർ പതിയെപ്പതിയെ ശൂന്യമാവുകയാണ്.

പണ്ടൊക്കെ ഒരു പടം കാണാനിറങ്ങുമ്പോൾ തിരക്കു കാരണം ടിക്കറ്റു കിട്ടുമോ എന്നാണു ചിന്തിച്ചിരുന്നതെങ്കിൽ ആളില്ലാത്തതിനാൽ അതേ ടിക്കറ്റുതന്നെ കിട്ടാതിരിക്കുമോ എന്നാണ് നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. അത്രത്തോളം കാര്യങ്ങൾ പുരോഗമിച്ചിട്ടുണ്ട്. ഇത്രയും പുറത്തു സംഭവിക്കുമ്പോൾ ഉള്ളിലും സിനിമയ്ക്കു മാറാതെ വയ്യ. നഗരവൽക്കരണം, കോർപ്പറേറ്റുകൾ, ചാനലുകൾ, താരങ്ങൾ, വാണിജ്യസംസ്കാരം തുടങ്ങിയ വാക്കുകൾക്കിടയിലൂടെ അതു ഞെരുങ്ങുന്നുണ്ട്. പരസ്യചിത്രങ്ങളായി ചുരുങ്ങുന്നുണ്ട്. എട്ടുനിലയിൽ പൊട്ടുന്നുണ്ട്. സിനിമയ്ക്ക് അതാവശ്യപ്പെടുന്ന കലയെ എത്രത്തോളം പിൻപറ്റാൻ കഴിയും എന്ന ചോദ്യമുന്നയിക്കാതെ ഇനി സിനിമയ്ക്കു പോകാൻ പറ്റുമെന്നു തോന്നുന്നില്ല. അതിനെപ്പറ്റി സംസാരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. അഥവാ ഇത്രയും പ്രതിസന്ധികൾക്കിടയിലൂടെയാണ് ഒരാൾ അയാളുടെ കലയെ സിനിമയിൽ പ്രതിഫലിപ്പിക്കാൻ നോക്കുന്നത്. അതു കാണാൻ ഒരാൾ തീയേറ്റർ തേടിപ്പോകുന്നത്.

പണം മാനദണ്ഡമാവുന്ന കാലത്ത് പ്രണയവും പ്രതിസന്ധിയിലാണ്. എന്നിട്ടും മനുഷ്യർ പ്രണയിക്കുന്നു. പരാജയപ്പെടുന്നു. പരാജയപ്പെടുന്നവർക്കു ചിരിക്കാൻവേണ്ടി ഒരു റൊമാന്റിക് കോമഡിയുണ്ടാവുന്നു. അങ്ങനെയിരിക്കെ അതു കാണാൻ പോകുന്നു. ബാലൻ കെ.നായരും ഷീലയും തമ്മിൽ പ്രണയിക്കുന്നതിലെ രസവും വൈരുദ്ധ്യവുമോർക്കുന്നു. ഉമ്മർ ഒരു പാവം കൂട്ടുകാരൻ മാത്രമാകുന്ന വില്ലത്തരമോർക്കുന്നു. അവന്റെ കണ്ണിൽ പെട്ടെന്നു പൊടിച്ചുവന്ന ഒരുതുള്ളി ജലത്തെയോർക്കുന്നു. നഗരസ്വാധീനത്തിലും പ്രണയം അതിജീവിക്കുന്നതോർക്കുന്നു. നിത്യനൂതനമായ ഒരു പുഞ്ചിരി ലോകം കീഴടക്കുന്നതിനെപ്പറ്റിയോർക്കുന്നു. പെണ്ണിന്റെ തെരഞ്ഞെടുപ്പുകളെപ്പറ്റിയോർക്കുന്നു. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പ്രണയഗാ‍നമോർക്കുന്നു. ഒരു കലാപത്തിനും മുതിരാതെ വളരെ മൃദുവായും പ്രേമിക്കാമെന്നോർക്കുന്നു. ചെറിയ ചെറിയ ട്വിസ്റ്റുകൾ പ്രണയത്തിൽ കൊളുത്തിവലിയ്ക്കുന്നതും കറുത്ത ചിരികൾ അവിടവിടെ പൊട്ടിമുളയ്ക്കുന്നതുമോർക്കുന്നു. നല്ല കത്രികയാണ് നല്ല സിനിമയെ നിർമ്മിക്കുന്നതെന്നോർക്കുന്നു. നിലാവു മുഖം നോക്കുന്ന പുഴയുടെ തീരത്തുകൂടി ഒരിളംകാറ്റിന്റെ തലോടലേറ്റുകൊണ്ട് അത്രമേൽ നിഷ്കളങ്കമായി ഒരു പ്രണയസിനിമ കണ്ടുമടങ്ങുന്നു എന്നെഴുതി പിന്നെ അയ്യേ എന്നു വിചാരിച്ച് വെട്ടിക്കളയുന്നു. എന്നാലിനിയൊരു റിവ്യൂ എഴുതിക്കളയാമെന്നാലോചിക്കുന്നു. വേണ്ടെന്നു വെയ്ക്കുന്നു. എണീറ്റുപോകുന്നു.

3 comments:

Joselet Mamprayil said...

//നിലാവു മുഖം നോക്കുന്ന പുഴയുടെ തീരത്തുകൂടി ഒരിളംകാറ്റിന്റെ തലോടലേറ്റുകൊണ്ട് അത്രമേൽ നിഷ്കളങ്കമായി ഒരു പ്രണയസിനിമ കണ്ടുമടങ്ങുന്നു എന്നെഴുതി പിന്നെ അയ്യേ എന്നു വിചാരിച്ച് വെട്ടിക്കളയുന്നു. എന്നാലിനിയൊരു റിവ്യൂ എഴുതിക്കളയാമെന്നാലോചിക്കുന്നു. വേണ്ടെന്നു വെയ്ക്കുന്നു. എണീറ്റുപോകുന്നു.//

പൈങ്കിളി ഇഷ്ടപ്പെട്ടെന്നു പറയാനാകാത്ത ബുജികളുടെ വിഷമം പിന്നെ ആരോട് പറയും?

ajith said...

അപ്പം ഇദ് റിവ്യൂ അല്ലാര്‍ന്നോ!!!

JIGISH said...

ആണെന്നും അല്ലെന്നും പറയാം ഹിഹി.