Monday, July 14, 2014

ഒരു ബസ് യാത്ര













നല്ല മഴക്കാറുണ്ടായിരുന്നതൊഴിച്ചാൽ, കഥ തുടങ്ങുമ്പോൾ ഒരു നാടകീയതയ്ക്കും സാധ്യതയില്ലായിരുന്നു. ഒരു പകലിന്റെ മുഴുവൻ വേവലാതിയും തലയിലേന്തി, ഞാൻ ബസ് സ്റ്റോപ്പിലേക്കു നടക്കുകയാണ്. വിരസമായ ഈ ദിനചര്യയുടെ കുറ്റിയിൽ കിടന്നു കറങ്ങാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടാവുന്നു. ഈ ജോലിയുപേക്ഷിച്ച്, ജീവിതത്തോട് ശക്തമായി പ്രതികരിക്കണമെന്നൊക്കെ ചിലപ്പോൾ തോന്നും. എന്നാൽ, അരി മേടിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിൽ, ഒടുവിൽ ഒരൊത്തുതീർപ്പിലെത്തുകയാണ് പതിവ്.

പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. അല്ലെങ്കിലും മഴയ്ക്കു വെറുതെ പെയ്താൽ മതിയല്ലോ. സ്റ്റോപ്പിൽ നിറഞ്ഞുനിന്ന മനുഷ്യർ അസ്വസ്ഥരായി തിക്കിത്തിരക്കി. അപ്പോൾ വന്ന ഒരു സൂപ്പർഫാസ്റ്റിലേക്കു ചാടിക്കയറി, ഞാൻ രക്ഷപ്പെട്ടു. ഒരു സീറ്റുമാത്രമേ ഒഴിവുള്ളു. അതു ഞാൻ സ്വന്തമാക്കി. ഒരു പോലീസുകാരനാണ് ഇടതുവശത്തേക്കൊതുങ്ങി എനിക്കിരിക്കാൻ സ്ഥലം തന്നത്. ഇരുന്നുകഴിഞ്ഞാണ് വലതുഭാഗത്ത് എന്നോടു ചേർന്നിരിക്കുന്നയാളിന്റെ കൈയിലെ വിലങ്ങ് എന്റെ ശ്രദ്ധയിൽ‌പ്പെട്ടത്. ഓ, അതൊരു കുറ്റവാളിയാണ്.! പോലീസുകാരൻ അയാളുടെ ഉടമസ്ഥനും.

ഒരു കുറ്റവാളിയെ ഇത്രയടുത്തു കാണുന്നത് ആദ്യമായിട്ടാണ്. മുപ്പത്തഞ്ചുവയസോളം തോന്നിക്കുന്ന മെലിഞ്ഞ യുവാവ്. മുടിയിൽ അല്പം നര കയറിയിട്ടുണ്ട്. ഇവിടെ വേണമെങ്കിൽ ഒരു ചെറിയ നാടകീയതയ്ക്കു സ്കോപ്പുണ്ട്. ഒരേ സീറ്റിൽ തൊട്ടുതൊട്ടിരിക്കുന്ന ഞങ്ങൾ മൂന്നുപേരെ ഇപ്പോൾ നിരീക്ഷിക്കുന്ന ഒരാൾ പെട്ടെന്ന് ഞാനും ഒരു കുറ്റവാളിയാണെന്നു സംശയിച്ചേക്കാം. എനിക്ക് ഒരു കുറ്റവാളിയുടെ മുഖമുണ്ടോ.? ഞാനയാളുടെ മുഖത്തേക്കു നോക്കി. അതൊരു കുറ്റവാളിയുടെ മുഖമല്ലായിരുന്നു. കണ്ണുകളിൽ ദു:ഖം ഖനീഭവിച്ചുകിടന്നിരുന്നു. എന്റെയുള്ളിലെ തീവ്രവിഷാദങ്ങൾ ആവിയായിപ്പോയി. ഒരു മനുഷ്യൻ കുറ്റവാളിയായിത്തീരുന്ന നിമിഷത്തെപ്പറ്റി ഞാൻ പെട്ടെന്നോർത്തു.

പുറത്തേക്കു നോക്കിയിരുന്ന അയാൾ, മഴ ശക്തമായതോടെ ഷട്ടറിട്ടു. ഞങ്ങൾ മൂവരും അതിവേഗത്തിൽ ഒരു ഏകാന്തതയിലകപ്പെട്ടു. എന്തുകുറ്റമാവും അയാൾ ചെയ്തിട്ടുണ്ടാവുക.? ആരെയെങ്കിലും കൊന്നുകാണുമോ? ഒരുവേള, വെറുമൊരു കള്ളനോ പിടിച്ചുപറിക്കാരനോ ആവുമോ? എനിക്ക് ആ വ്യക്തിയോട് ഒരനുഭാവം തോന്നി. അയാളെപ്പറ്റി കൂടുതലറിയാൻ ആഗ്രഹം തോന്നി. എന്നാൽ, ഇവിടെ തൊട്ടടുത്തിരിക്കുമ്പോഴും ഒരു കുറ്റവാളിയെ പരിചയപ്പെടാനുള്ള സ്വാതന്ത്ര്യം എനിക്കില്ല. ഇടതുവശത്തിരിക്കുന്ന പോലീസുകാരന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അയാളും അടിച്ചേൽ‌പ്പിക്കപ്പെട്ട സ്വന്തം ഏകാന്തതയിൽ അഭിരമിക്കുകയായിരുന്നു. പതിവുജോലിയുടെ നിസ്സംഗതയാണ് ആ മുഖത്തും കാണാൻ കഴിഞ്ഞത്. അയാളോടും ഒരു വാക്കു സംസാരിക്കാനോ വിവരങ്ങളറിയാനോ എനിക്കനുവാദമില്ല എന്നു ഞാനോർത്തു.

സമയം കടന്നുപോയ്ക്കൊണ്ടിരുന്നു. ഇടയ്ക്ക് ഷട്ടർ അല്പം തുറന്ന് ആ മനുഷ്യൻ ഒരു കാറ്റിനെ അകത്തേയ്ക്കു കടത്തിവിട്ടു. ഞങ്ങളുടെ ഏകാന്തതയ്ക്ക് പെട്ടെന്നൊരു ശമനമുണ്ടായി. ഏതാനും മഴത്തുള്ളികൾ ഞങ്ങളുടെ മുഖത്തേക്കു പാറിവീണു. ഒരുപക്ഷേ, അയാളിപ്പോൾ ബസ്സിന്റെ ജനാലയിലൂടെ കോരിച്ചൊരിയുന്ന മഴയിലേയ്ക്ക് ചാടി രക്ഷപ്പെടാനുള്ള സാധ്യതയെപ്പറ്റിയും അതിന്റെ തുടർസാധ്യതകളെപ്പറ്റിയും ഞാൻ വെറുതെ ആലോചിച്ചുകൊണ്ടിരുന്നു. ഒരു കുറ്റവാളിക്കും പോലീസുകാരനുമിടയിലെ അനിവാര്യമായ ഏകാന്തത ഞാൻ ആദ്യമായി അനുഭവിക്കുകയായിരുന്നു.

അങ്ങനെയിരിക്കെ സ്റ്റോപ്പെത്തി. ഞാനിതാ പെരുമഴയിലേക്കിറങ്ങുന്നു. നാടകീയമായി ഒന്നും സംഭവിക്കാതെ, അനാഥമായ മൂന്ന് ഏകാന്തതകളുടെ സമാന്തരസഞ്ചാരം മാത്രമായി ഈ കഥ അവസാനിക്കുകയാണ്. അത്യന്തം വിരസമായ ഈ കഥയിൽ അപ്രതീക്ഷിതമായ എന്തെങ്കിലും ട്വിസ്റ്റ് നിങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ, അതെന്റെ കുറ്റമല്ല. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്തും സമയത്തും സംഭവിക്കുന്ന ഒന്നല്ല അത്. ഒട്ടും നിനച്ചിരിക്കാതെ പടികയറിവരുന്ന അപരിചിതനാണത്.

ഇറങ്ങും മുൻപ് സീറ്റിലേയ്ക്കു ചാഞ്ഞുകിടക്കുന്ന അയാളുടെ മുഖത്തേക്ക് ഞാൻ ഒരിക്കൽക്കൂടി നോക്കി. ആ അടഞ്ഞ കണ്ണുകൾക്കു താഴെ ഒരു ജലസ്പർശം കണ്ടു. എന്നാൽ അത് പാറിവീണ മഴത്തുള്ളിയോ കണ്ണുനീരോ എന്ന് എനിക്കു തിരിച്ചറിയാനായില്ല.

35 comments:

ഉദയപ്രഭന്‍ said...

സാധ്യതകള്‍ ആരായുന്ന കഥ ഇഷ്ടമായി.

Cv Thankappan said...

"ഞാനിതാ പെരുമഴയിലേക്കിറങ്ങുന്നു. നാടകീയമായി ഒന്നും സംഭവിക്കാതെ, അനാഥമായ മൂന്ന് ഏകാന്തതകളുടെ സമാന്തരസഞ്ചാരം മാത്രമായി ഈ കഥ അവസാനിക്കുകയാണ്"
അവസാനിക്കുന്നില്ലല്ലോ!പെരുമഴപെയ്ത്തിന്‍റെ ഇരമ്പം പോലെ അനുവാചകന്‍റെ ഉള്ളിലും........
കഥ ഇഷ്ടപ്പെട്ടു.
ആശംസകള്‍

ajith said...

നല്ല കഥ.
പറഞ്ഞ രീതി വളരെ ഇഷ്ടപ്പെട്ടു

Sandeep Palakkal said...

Cute:)

Manoj Vellanad said...

സിമ്പിള്‍.. ഒരു കുഞ്ഞുമഴപെയ്ത പോലെ.. നന്നായി.. :)

Jefu Jailaf said...

എന്തിനായിരിക്കും ആ വിലങ്ങ്‌. കാരണങ്ങൾക്ക്‌ വേണ്ടി മനസ്സ്‌ പരതുന്നു വായനക്ക്‌ ശേഷം. നല്ല അവതരണം.

Akakukka said...

അവിചാരിതമായി
ഒരു കുറ്റവാളിയുമായി
ഒരേ വാഹനത്തില്‍ യാത്രചെയ്യേണ്ടിവരുമ്പോള്‍
ആ അനുഭവം എങ്ങിനെ മനോഹരമായി
വായനക്കാരിലെത്തിക്കുക എന്ന
പ്രതിഭാസമ്പന്നനായ ഒരെഴുത്തുകാരന്‍
ചെയ്യുന്ന ക്രിയയേ താങ്കളും ചെയ്തുള്ളൂ..

അതത്ര വലിയ കുറ്റമൊന്നുമല്ല.
അസ്സലായി അവതരിപ്പിച്ചു.
ഇഷ്ടമായി,
അഭിനന്ദനങ്ങള്‍..

pradeep nandanam said...

നല്ല ഒഴുക്കിൽ കഥ പറയാൻ കഴിഞ്ഞു. ആശംസകൾ..

വീകെ said...

അവസാനം ഒരു ട്വിസ്റ്റ് ആകാമായിരുന്നു. വേറൊന്നിനുമല്ല, വായനക്കാരുടെ ഒരു സംതൃപ്തിക്കു വേണ്ടി. അതിനുവേണ്ടി ആയിരുന്നു അവസാനം വരെ ഒറ്റയിരുപ്പിനു വായിച്ചത്. ഇതിപ്പോൾ ആദ്യം മുതൽ കൂടെയുണ്ടായിരുന്ന ഞങ്ങളെയൊക്കെ ആ വണ്ടിയിൽ തന്നെ കളഞ്ഞിട്ട് കഥാകാരൻ ഒന്നും മിണ്ടാതെ ഇറങ്ങിയങ്ങു പൊയ്ക്കളഞ്ഞതു പോലെ ആയി.. ആ‍ശംസകൾ..

എന്‍.പി മുനീര്‍ said...

കൊള്ളാം..വ്യത്യസ്ഥം..

ലംബൻ said...

ട്വിസ്റ്റ്‌ ഇല്ലാത്തതു കൊണ്ടാണ് ഈ കഥ ഇഷ്ടമായത്..
വേണ്ടുന്ന ട്വിസ്റ്റ്‌ ഒക്കെ വായനക്കാരന്‍ കൊടുക്കട്ടെ.

ലംബൻ said...

ട്വിസ്റ്റ്‌ ഇല്ലാത്തതു കൊണ്ടാണ് ഈ കഥ ഇഷ്ടമായത്..
വേണ്ടുന്ന ട്വിസ്റ്റ്‌ ഒക്കെ വായനക്കാരന്‍ കൊടുക്കട്ടെ.

modhan kattoor said...

എനിക്ക് ഒരു തുടര്‍ക്കഥ ക്കുള്ള സ്കോപ് ഉണ്ട് . പറഞ്ഞു നിര്‍ത്തിയ ഇടത്തുനിന്നും തുടങ്ങാന്‍ അനുവധിക്കുമല്ലോ .

R@y said...

ഈ കഥ ഒരുപാടിഷ്ട്ടമായി :)

Muralee Mukundan , ബിലാത്തിപട്ടണം said...

കഥ വായിച്ച് ഒരു സംതൃപ്തി
വന്നില്ലെങ്കിലും ,ഇനി എന്ത് പരിണാമഗുപ്തിയാണിതിനുണ്ടാകുക
എന്നോർത്തുൾല ഒരു അസ്വസ്ഥത കൈ മുതലായി....

ഓർമ്മ said...

ഇറങ്ങും മുൻപ് സീറ്റിലേയ്ക്കു ചാഞ്ഞുകിടക്കുന്ന അയാളുടെ മുഖത്തേക്ക് ഞാൻ ഒരിക്കൽക്കൂടി നോക്കി. ആ അടഞ്ഞ കണ്ണുകൾക്കു താഴെ ഒരു ജലസ്പർശം കണ്ടു. എന്നാൽ അത് പാറിവീണ മഴത്തുള്ളിയോ കണ്ണുനീരോ എന്ന് എനിക്കു തിരിച്ചറിയാനായില്ല.
ജിഗീഷ്ജീ....(y)

ഗൗരിനാഥന്‍ said...

ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു പോയ കഥയില്ലാ കഥ അഥവാ കാര്യം...

ബൈജു മണിയങ്കാല said...

എഴുത്തിന്റെ സാദ്ധ്യതകൾ മനോഹരമായി ഉപയോഗപ്പെടുത്തി ഒരു കഥ ഒഴിവാക്കി അത് തന്നെ കഥയായി

ചന്തു നായർ said...

പുതു തലമുറക്കാരിലും കഥ എഴുതുവാൻ കഴിവുള്ളവരെ കാണൂന്നു.അത് തന്നെ നല്ല കാര്യം....സന്തോഷം സഹോദരാ‍.......എന്നെ ഇവിടെ എത്തിച്ച അജിത്തിനും നന്ദി.......

ഷൈജു.എ.എച്ച് said...

മനോഹരമായി കഥ പറഞ്ഞു..നല്ല രീതി...ടിസ്റ്റ് സസ്പെൻസ് സ്റ്റോറി...
അഭിനന്ദനങ്ങൾ

vazhitharakalil said...

ഇഷ്ടപ്പെട്ടുപോയി അവതരണം

പട്ടേപ്പാടം റാംജി said...

നന്നായി അവതരിപ്പിച്ചു.

Sudheer Das said...

ഇഷ്ടായി.. കഥയില്ലായ്മയിലും കഥ കണ്ടെത്തിയ എഴുത്തുകാരന് ആശംസകള്‍.

viddiman said...

എഴുത്ത് ശൈലി മനോഹരമാണ്.

കഥയവസാനിക്കുന്നിടത്തു നിന്നും മനസ്സിലെ വായന തുടരാനും അവസരമൊരുക്കിയിട്ടുണ്ട്. ( ശ്രീ മോദൻ കാട്ടൂരിന്റെ കമന്റ് തന്നെ അതിനുള്ള സൂചനയാണ്). ഞാനാണ് ഈ കഥയെഴുതിയതെങ്കിൽ കഥാതന്തുവിനെ അധികമൊന്നും സംസ്ക്കരിച്ചെടുക്കാൻ നിൽക്കാതെ വായനക്കാരനു മുന്നിലേക്കു വെച്ചിരിക്കുന്ന തോന്നലാണുണ്ടാവുക. പ്രഗത്ഭനായ , എന്നാൽ മടിയനായ ശില്പി ഒരു കല്പാളിയിൽ കുറച്ചൊന്ന് ഉളിയോടിച്ച് മുന്നിൽ നിർത്തിയ ശില്പം പോലെ.

ഫൈസല്‍ ബാബു said...

കഥയില്ലായ്മയില്‍ നിന്നൊരു കഥ, ഒതുക്കി പറയുകയും എന്താണോ കഥയിലൂടെ പറയാന്‍ ശ്രമിക്കുന്നത് അത് വായനക്കാരന് കുറഞ്ഞ വരികളില്‍ കൂടി പകര്‍ന്നു നല്‍കുകയും ചെയ്തു എന്നതാണ് ഈ കഥയില്‍ കൂടി ഞാന്‍ അനുഭവിച്ചത് . ആശംസകള്‍ .

ajith said...

വായനക്കാര്‍ പ്രതീക്ഷിക്കുന്നപോലെ ഒരു ട്വിസ്റ്റ് കൊണ്ടുവന്നിരുന്നെങ്കില്‍ ഇത് വെറും ഒരു സാധാരണ കഥയായി ജനിച്ച്, സാധാരണകഥയായി വളര്‍ന്ന് സാധാരണകഥയായി മരിച്ചേനെ. എന്നാല്‍ അവസാനം വായനക്കാരെയൊക്കെ അവരവരുടെ ചിന്താലോകത്ത് സ്തബ്ധരാക്കിവിട്ട് കഥാകൃത്ത് പടിയിറങ്ങിപ്പോയതാണ് ഈ കഥയുടെ ഏറ്റവും വലിയ ട്വിസ്റ്റ് എന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല, അവസാനത്തെ ആ മഴക്കണ്ണീര്‍ത്തുള്ളി കഥയ്ക്ക് മകുടം പോലെ മനോഹരവുമായി. ഈ കഥയുടെ വായനയും അഭിപ്രായവും എങ്ങനെ പുരോഗമിക്കുന്നുവെന്ന് അറിയാന്‍ വീണ്ടും ഒരിക്കല്‍ വന്നതാണ്. കഥാകാരന് ആശംസകള്‍.

AnuRaj.Ks said...

good story and craft work....congrats

V P Gangadharan, Sydney said...

ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങള്‍ ഇവിടെ മുന്തി നില്‍ക്കുന്നു:
"ആരാണ്‌ കുറ്റവാളി? കുറ്റവാളിയല്ലാത്തവനാര്‌?? ബസ്സ്‌ നിറഞ്ഞിരിപ്പുള്ള സര്‍വ്വ കുറ്റവാളികള്‍ക്കും കൈവിലങ്ങില്ലാത്തതിനാല്‍ തങ്ങള്‍ ചെയ്ത കുറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്‌ നഷ്ടപ്പെട്ടിരിക്കുന്നു..."
ഇപ്രകാരം ചിന്തിച്ചുകൊണ്ട്‌ പുറത്തേക്കു നോക്കിയിരുന്ന താന്‍ ഇറങ്ങേണ്ട ഇടം എത്തിയിട്ടും ബസ്സിറങ്ങാന്‍ മറന്നു. അടുത്ത സ്റ്റോപ്പെത്തിയപ്പോള്‍ ധൃതിവെച്ചിറങ്ങി. തൊട്ടു മുന്‍പില്‍ കൈയ്യാമം നീട്ടിക്കാട്ടിക്കൊണ്ട്‌ ഒരു പോലീസ്‌ തന്നോട്‌ കല്‍പ്പിച്ചതു കേട്ടു ഞെട്ടി: "നീട്ടൂ, രണ്ടു കൈകളും!"

കഴിവുറ്റ കഥാകാരാ, ജീവിത ചിന്തകള്‍ കത്തിപ്പടരട്ടെ...

ദീപ എന്ന ആതിര said...

ജിഗ് ജിഗൂ ..പറയാതെ പറയുന്ന വലിയ കഥയുടെ രീതി കൊള്ളാം ട്ടോ ..ഇഷ്ടായി

JIGISH said...

അരമണിക്കൂർ ബസ് യാത്രയെ പത്തുമിനിറ്റുകൊണ്ട് എഴുതിയതാണ്. ഇഷ്ടമായതിൽ സന്തോഷം.
എല്ലാവർക്കും, എല്ലാ വായനയ്ക്കും നന്ദി.

വരികള്‍ക്കിടയില്‍ said...

ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ്‌ അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ 

അന്നൂസ് said...

ആദ്യമായാണിവിടെ...ഇഷ്ട്ടമായി...ആശംസകള്‍ അറിയിക്കട്ടെ

JIGISH said...

‘വരികൾക്കിടയിൽ’ വായിച്ചു. നന്ദി.

Sathees Makkoth said...

നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്തും സമയത്തും സംഭവിക്കുന്ന ഒന്നല്ല അത്. ഒട്ടും നിനച്ചിരിക്കാതെ പടികയറിവരുന്ന അപരിചിതനാണത്.
വാസ്തവം!
വ്യത്യസ്തമായ കഥ.
ഇവിടെയെത്തിച്ച ഫൈസൽ ബാബുവിന്‌ നന്ദി.
കഥാകാരനും നന്ദി. ആശംസകൾ!

uttopian said...

simple and subtle... ലളിതമായ ഒരു കഥ... നന്ദി :)