Monday, September 22, 2014

ഞാൻ











പ്രേക്ഷകർ പൊതുവിൽ മറന്നുതുടങ്ങിയ ‘സ്ഥലവും കാലവും’ സിനിമയിലേക്കു മടങ്ങിവരുന്നത് സന്തോഷമുള്ള കാര്യമാണ്. കോട്ടൂർ ഒരു സ്ഥലവും കാലവുമാണ്. ഒപ്പം കഥാപുരുഷനുമാണ്. നാല്പതുകളാണ് കാലം. മനുഷ്യപക്ഷത്തു നിൽക്കാനുറച്ച ഒരു സ്വതന്ത്രചിന്തകന്റെ ജീവിതവഴികളാണ് ടി.പി. രാജീവന്റെ നോവലിനെ ചലിപ്പിക്കുന്നത്. സിനിമയെയും. നോവലിലെ നോവുകൾ സിനിമയിലേക്കു പകർന്നിട്ടുണ്ട്. കോട്ടൂരിന്റെ ആത്മസംഘർഷവും സമൂഹവുമായുള്ള സംഘർഷവും തന്നെ പ്രമേയം. പാലേരിമാണിക്യവുമായി സാദൃശ്യമുള്ള ഒരു പ്രകൃതി തന്നെയാണ് ചിത്രത്തിലെങ്കിലും അത്രമേൽ സോദ്ദേശ്യപരമായ സംവിധായകന്റെ ഈ ഉദ്യമത്തെ സ്നേഹിക്കാതെ വയ്യ. 

ചരിത്രത്തോടൊപ്പവും പിന്നെ വഴിമാറിയും നടന്ന വ്യക്തിയായിരുന്നു കോട്ടൂർ. ചരിത്രവും ഫിക്ഷനും ഇടകലരുന്ന പരിചരണരീതിയാണ് സിനിമയും പരീക്ഷിക്കുന്നത്. കണ്ടിരിക്കെ, പേഴ്സണൽ ഈസ് പൊളിറ്റിക്കൽ എന്ന ഒരശരീരി മനസ്സിലേയ്ക്കു കടന്നുവന്നു. കുടുംബത്തിലെയും സമൂഹത്തിലെയും നിലവിലുള്ള മൂല്യസങ്കൽപ്പങ്ങളുമായി കലഹിക്കുന്ന വ്യക്തിയാണയാൾ. അവനവനുമായിക്കൂടി സംഘർഷത്തിലാകുമ്പോൾ സിനിമ മനുഷ്യജീവിതത്തിന്റെ ദർപ്പണമാകുന്നു. അനിവാര്യമായതുപോലെ ഒടുവിൽ അയാൾ അപ്രത്യക്ഷനാവുന്നു. ചരിത്രമാവുന്നു.

കോട്ടൂർ എന്ന വ്യക്തിത്വത്തെ സ്വാംശീകരിക്കാനുള്ള ദുൽക്കറിന്റെ ശ്രമം അഭിനന്ദനമർഹിക്കുന്നു. ഈ നടന്റെ റേഞ്ചിനു നേരെ ഉയർന്ന ഏറ്റവും മികച്ച വെല്ലുവിളിയുമാണിത്. എന്നാൽ ഈ കാസ്റ്റിംഗിൽ പിഴവുണ്ട്. കാലാനുസൃതമായി പകർന്നാടാൻ വിസമ്മതിക്കുന്ന ആ ശരീരഭാഷയും ഭാവവും പരിക്കേൽപ്പിക്കുന്നത് കോട്ടൂരിന്റെ സങ്കീർണ്ണവ്യക്തിത്വത്തെത്തന്നെയാണ്. എന്നാൽ വിസ്മയിപ്പിക്കുന്ന കയ്യടക്കമാണ് സജിതയും മുത്തുമണിയും സുരേഷ്കൃഷ്ണയും സൈജുവും രഞ്ചിപണിക്കരുമടക്കമുള്ള അഭിനേതാക്കൾ പ്രദർശിപ്പിക്കുന്നത്. കലാസംവിധായകനെ നമിയ്ക്കുന്നു. പഴമയുടെ കൊതിപ്പിക്കുന്ന ആ നിഴലും വെളിച്ചവും നിറവും മണവും സിനിമയുടെ ആത്മാവിനെ തൊടുന്നുണ്ട്. ഭൂതകാലത്തിന്റെ ജീവസ്സുറ്റ മുഹൂർത്തങ്ങളിൽ നിന്ന് ‘നാടകീയമായ’ വർത്തമാനത്തിലേയ്ക്കുള്ള മടക്കമാണ് ക്രാഫ്റ്റിനെ ഇടയ്ക്കിടെ ഉലയ്ക്കുന്നത്. സാമാന്യം ലൌഡായിപ്പോയ സംഗീതവും.

പരിമിതികളൊന്നും സാരമാക്കണ്ട. ഏതു പ്രതിസന്ധികൾക്കിടയിലും പ്രതിഭയുള്ളവർക്ക് യഥാർത്ഥസിനിമയെ പ്രണയിക്കാതെ വയ്യെന്ന് ഈ സിനിമയും അടിവരയിടുന്നുണ്ട്. അതാണു കാര്യം. കാരണവും.

Monday, September 8, 2014

മുന്നറിയിപ്പ്, ഒരു പുനർവായന



 













മീഡിയോക്കർ എന്ന പദമായിരുന്നു പ്രകോപനം. അത് സിനിമയെ ഒരിക്കൽക്കൂടി റീവൈൻഡ് ചെയ്തുകാണാൻ പ്രേരിപ്പിച്ചു. മുഖ്യധാരയുമായി ഇടഞ്ഞുനിന്നുകൊണ്ട് വ്യത്യസ്തമായ സമീപനത്തിൽ നിർമ്മിച്ചതാണെന്ന കാര്യത്തിൽ തർക്കമുണ്ടാവാൻ വഴിയില്ല. പാട്ടില്ല. പ്രണയമില്ല. ഇതു രണ്ടുമില്ലാത്ത പടങ്ങൾ മലയാളത്തിൽ ഓർത്തെടുക്കാൻ പാടാണ്. പെട്ടിയിൽ കാശുവീഴാനുള്ള മറ്റു ചേരുവകളുമില്ല. ഇതുകൊണ്ടൊന്നും നല്ല പടമാകില്ല എന്നറിയാം. എന്നാൽപ്പിന്നെ ഈ മീഡിയോക്കർ സിനിമയുടെ സ്ഥലവും കാലവും ഒരിക്കൽക്കൂടി വായിച്ചുനോക്കാമെന്നുവെച്ചു.

നാല്പതുകളിൽ രാഷ്ട്രീയത്തടവുകാരനായിരുന്ന മതിലുകളിലെ ബഷീറിന്റെ ഫിലോസഫി രാഘവനിലുണ്ട്. കയ്യൊപ്പിലെ ബാലചന്ദ്രന്റെ നിസ്സംഗതയുമുണ്ട്. രണ്ടുപേരും എഴുത്തുകാരാണ്. രാഘവനും ചിലതൊക്കെ എഴുതുന്നുണ്ട്. എഴുതുന്നതെന്തായാലും അത് അയാളുടെ ആത്മാവിന്റെ ഭാഗമാണ്. ബഷീറിന്റെ സ്വാതന്ത്ര്യബോധം രാഘവനിലും കാണാം. ബഷീറിനെപ്പോലെ അയാളും ജയിൽജീവിതം ആസ്വദിക്കുന്നുണ്ട്.. ആർക്കുവേണം ഈ സ്വാതന്ത്ര്യം എന്നാണ് റിലീസ് ചെയ്യുമ്പോൾ ബഷീർ ചോദിക്കുന്നത്. രാഘവനാവട്ടെ തന്റെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ ഒരു കുറ്റം ചെയ്തുകൊണ്ട് ജയിലിലേക്കുതന്നെ രക്ഷപ്പെടുന്നു. പുറംലോകം ഒരു തുറന്ന ജയിലാണെന്ന ബഷീറിന്റെ തത്വമാണ് രാഘവനും പിൻപറ്റുന്നത്. ഒരുവേള, അയാൾ ഒരടികൂടി മുന്നോട്ടുപോകുന്നുണ്ട്. ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ളവമുണ്ടായാൽ ചോര വീഴുമെന്ന് അയാൾ പറയുന്നത് ഒട്ടും സന്ദേഹമില്ലാതെയാണ്. അഞ്ജലി അറയ്ക്കൽ എന്ന പത്രപ്രവർത്തകയുടെയും കോർപ്പറേറ്റ് ഭീമന്മാരുടെയും അത്യാഗ്രഹങ്ങൾക്കു മുന്നിൽ പണയം വെയ്ക്കാനുള്ളതല്ല അയാൾക്കു ജീവിതം. പേനയും കടലാസും കൊടുത്ത് എഴുതാൻ പറഞ്ഞാൽ എഴുതിത്തീർക്കാവുന്നതുമല്ല. സോ, അയാൾ തന്റെ നിസ്സംഗതയുടെ ഭാഷ ഉപയോഗിച്ചുതന്നെ കൊല്ലുന്നു. സ്വാതന്ത്ര്യം വീണ്ടെടുക്കുന്നു. ഇങ്ങനെയാണ് ഞാൻ സിനിമയെ മനസ്സിലാക്കിയത്. ‘മലയാളിയുടെ ജിവിതപ്രതിസന്ധിയാണ് അവന്റെ ഭാഷാപ്രതിസന്ധി’യെന്ന് ശ്രീ കെ. ആർ. ടോണി ഇന്നലെ എഴുതിയതു വായിച്ചപ്പോൾ ഒട്ടും യാദൃശ്ചികമല്ലാതെ ഈ മനുഷ്യനെ ഓർക്കുകയും ചെയ്തു.

കാലത്തിൽ നിന്നടർന്നു മാറാൻ ഒരു കലാകാരനു കഴിയില്ല. എന്നാലിത് ഒത്തുതീർപ്പുകളുടെ കാലമാണ്. ഏറ്റവും പുതിയ രാഷ്ട്രീയ സിനിമയെടുക്കുന്നവരും ചതുരവടിവിൽ ഒരു പ്രണയം എഴുതിച്ചേർക്കുന്ന കാലം. നിരുപാധികതയ്ക്ക് എവിടെയും നേരിടാനുള്ളത് പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ്. ഒരു ദേശത്തിന്റെ, ജനതയുടെ തനതുസാംസ്കാരികധാരകളെല്ലാം വറ്റിപ്പോകുന്ന ഒരു കോർപ്പറേറ്റ് കാലത്തിന്റെ വക്കിൽ നിന്നുകൊണ്ടാണ് നമ്മൾ ഇതെല്ലാം പുലമ്പുന്നത്. ഉപരിതലത്തിൽ ജീവിച്ചുകൊണ്ട് ആഴങ്ങളെ സ്വപ്നം കാണാൻ കഴിയുമോ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. അവിടെയാണ് outstanding സിനിമയിൽ നിന്ന് mediocre സിനിമയിലേക്കുള്ള വഴികൾ ആരംഭിക്കുന്നതെന്നു തോന്നുന്നു. ഈ മീഡിയോക്കർ സിനിമകളെങ്കിലും ഇതുപോലെ നിലനിൽക്കാനിടയാവട്ടെ എന്നു വെറുതെ ആഗ്രഹിക്കുന്നു.

സപ്തമശ്രീ തസ്കര:



 










വിനോദം ഒരു മോശം കാര്യമല്ല. സംഘർഷം ലോകസ്വഭാവമായി മാറുന്ന ഒരു കാലത്ത് അത് മുറിവുണക്കുന്ന ഔഷധവുമാണ്. പക്ഷേ, എന്തുചെയ്യാം? മുറിവൈദ്യന്മാരുടെ പറുദീസയാണ് സിനിമാലോകം. നന്നായി മാർക്കറ്റ് ചെയ്യാവുന്ന ഒരു മൂല്യം തന്നെയാണ് നർമ്മം. എന്നാൽ മർമ്മമറിയുന്നവർക്കു മാത്രം നല്ല ഫലങ്ങൾ ലഭിക്കുന്നു. ഒപ്പം പ്രേക്ഷകന് അനല്പമായ ആഹ്ളാദവും. ഇത്രയൊക്കെയുണ്ടോ എന്നു ചോദിച്ചാൽ അത്രയ്ക്കൊന്നുമില്ല. ഒരോളത്തിനങ്ങു പറഞ്ഞുപോയതാണ്. ഇല്ലേ എന്നാണെങ്കിൽ ഉണ്ട്. പഴകിത്തേഞ്ഞ വഷളൻ പ്രമേയങ്ങൾക്കിടയിൽ ഒരു പുതിയ വിഷയം. അലക്കിത്തേച്ച പോലീസുകാരുടെ പതിവുബഹളത്തിനിടയിൽ നന്നെ മുഷിഞ്ഞ ഏഴു കള്ളന്മാർ. ഇക്കിളിയിടാതെ ചിരിക്കാനുതകുന്ന ഇത്തിരി ശുദ്ധഹാസ്യം. ശുദ്ധഗതികൊണ്ട് മിക്കവാറും പിടിക്കപ്പെടുന്ന ഇവർ തൃശൂർക്കാരും കൂടിയായാലോ? പെട്ടു.

അവതരണത്തിലുമുണ്ട് രസങ്ങൾ. കഥയമമ കഥയമമ എന്നൊരു പറച്ചിൽശൈലിയുണ്ട്. നന്മതിന്മകൾ തമ്മിൽ നടക്കുന്ന പുരാതനമായ ആ ചതുരംഗമുണ്ടല്ലോ, അതുതന്നെയാണ് ഇന്നും നമ്മുടെ സിനിമയിലെ അണ്ടർകറന്റ്. ഈ കളിയാണ് സിനിമയിൽ വൈരുദ്ധ്യവും ഒപ്പം സൌന്ദര്യവും നിറയ്ക്കുന്നത്. പരമ്പരാഗതമായ ഈ ചതുരവടിവിൽ നിന്നെല്ലാം ലോകസിനിമ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഭാഗ്യവശാൽ നമ്മളതൊന്നും അറിഞ്ഞിട്ടില്ല. പിന്നൊരുകാര്യം. ലോജിക്കിന്റെ ചൂരൽവടിയുമായി തീയേറ്ററിൽ പോയിരിക്കരുത്. ആ കാലമെല്ലാം പോയി. മെലോഡ്രാമയും ഫാന്റസിയും സെന്റിമെന്റുമെല്ലാം ഇപ്പോൾ സിനിമയുടെ സങ്കേതങ്ങളാണ്. പ്രമേയമല്ല ടോട്ടൽ ലൈഫാണ് പ്രധാനം. കഥയല്ല ഫീലാണ് മുഖ്യം.

തുല്യ പ്രാധാന്യമുള്ള ഏഴുകഥാപാത്രങ്ങൾ ഒരേസമയം ഫ്രെയിമിൽ വരുന്നതിനാൽ നാട്യപ്രധാനമാണ്. നിലനിൽപ്പിന്റെ കൂടി കളിയായതിനാൽ ഏഴു കള്ളന്മാരും മത്സരിച്ചഭിനയിക്കുന്നുണ്ട്. ആസിഫും പൃഥ്വിയുമുണ്ടെങ്കിലും ചെമ്പനാണ് താരം. ആ തന്മയീഭാവം കണ്ടുതന്നെ അറിയേണ്ടതാണ്. നീരജ് എന്ന നടനെയും ഈ സിനിമ കൃത്യമായി കണ്ടെടുക്കുന്നുണ്ട്. ഓണക്കാലത്ത് റിലീസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ സംവിധായകൻ ബോധപൂർവം മറന്നിട്ടുണ്ട്. എന്നാൽ സാന്ദർഭികമായി ഒരു പുലിയിറക്കവും ഓണത്തല്ലും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിലനേരങ്ങളിൽ അല്പമൊരു ലാഗ് ഫീൽ ചെയ്തെങ്കിലും ഇടയ്ക്കിടെ നല്ല ട്വിസ്റ്റുകളുമുണ്ട്. നർമ്മത്തിനിടെ സമകാലികമായ ജീവിതചിന്തകളുമുണ്ട്. ഇത്രയൊക്കെയേയുള്ളു. പിന്നെ, ഒരുപാടൊന്നും ങ്ങട് പറയാനും പാടില്ല. പടം റിലീസാണിഷ്ടാ.!

Sunday, August 24, 2014

മുന്നറിയിപ്പ്











ഉത്തമകലയെക്കുറിച്ചുള്ള സന്ദേഹങ്ങൾ നിങ്ങളുടെ മനസ്സിൽ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിൽ സമഗ്രജീവിതത്തെക്കുറിച്ചുള്ള ചില വെളിപാടുകൾ നൽകുന്ന ഒന്നിനെ ആ ഗണത്തിൽപ്പെടുത്താവുന്നതാണ്. നിരുപാധികമായി ചിന്തിച്ചാൽ, കഥയും കവിതയും നോവലും പോലെ ചലച്ചിത്രവും ഒരു സ്വതന്ത്രാവിഷ്കാരമാണ്. ആ നിലയിൽ കാണുമ്പോൾ, ഇതാ ഒരു മികച്ച സിനിമയെന്ന് മനസ്സ് മുന്നറിയിപ്പു നൽകിക്കൊണ്ടിരുന്നു. നീതിമാനും സ്വതന്ത്രമായി ചിന്തിക്കുന്നവനുമായ ഒരു സാധാരണപൌരനെ സാമൂഹ്യമായ ചുറ്റുപാടുകൾ എത്രമേൽ ഉപദ്രവിക്കുന്നുവെന്നും തന്ത്രപരമായി തടവിൽ പാർപ്പിക്കുന്നുവെന്നും വേദനയോടെ കണ്ടുകൊണ്ടിരുന്നു. ഓരോ ഘട്ടത്തിലും തനിക്കു മാത്രം സ്വന്തമായ രീതിയിൽ അയാൾ ആ സന്ദർഭങ്ങളെ നേരിടുന്നതും സ്വാതന്ത്ര്യം തിരിച്ചുപിടിക്കുന്നതും അത്ഭുതത്തോടെ നോക്കിയിരുന്നു. അങ്ങനെയിരിക്കെ വേട്ടക്കാരനും ഇരയായി മാറുന്നതു കണ്ടു. സിനിമ ജീവിതമാകുന്നതു കണ്ടു.

ബഷീറിനെപ്പോലെ ഒരു മാനവികബോധം അഥവാ സ്വാതന്ത്ര്യബോധം ഈ ഫിലിംമേക്കറെയും നയിക്കുന്നുണ്ട്. ലോകമെന്നത് ഒരു തുറന്ന ജയിൽ തന്നെയാണെന്ന് അയാൾ മനസ്സിലാക്കുന്നുണ്ട്. അനുനിമിഷം മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന കാണാച്ചരടുകളെപ്പറ്റി പറയാതെ പറയുന്നുണ്ട്. ഒരു പ്രത്യേക പ്രമേയത്തിലൊതുക്കാതെ സമഗ്രതയിലേക്കു നോക്കുന്നുണ്ട്. എന്നാൽ ഒരു വ്യത്യാസമുണ്ട്. നായകനായ സി.കെ. രാഘവനെപ്പോലെതന്നെ സിനിമയും ഇക്കാര്യങ്ങൾ ഉറക്കെ വിളിച്ചുപറയുന്നില്ല. പതിവുനാടകീയതയുടെ വാതിലുകൾ തുറക്കുന്നില്ല. തെളിച്ചുപറഞ്ഞാൽ, വിളിച്ചുപറയാത്തതെന്തോ അതാണ് സിനിമ എന്ന ഒരു സങ്കൽപ്പത്തിലാണ് ഈ സിനിമയുടെ നിൽപ്പുതന്നെ. ഈ നിൽപ്പ് ഒരു പ്രശ്നം തന്നെയാണ്. കാരണം, ശബ്ദഘോഷങ്ങളിൽ മുങ്ങിപ്പോയ, മെലോഡ്രാമയിൽ അഭിരമിക്കുന്ന നമ്മുടെ സിനിമയ്ക്കും അതിന്റെ പ്രേക്ഷകർക്കും ഈ ഗഹനത അഥവാ subtlety പരിചയമില്ല. ഇതാണു പ്രശ്നം. അഥവാ, സിനിമയുടെ മുഖ്യസൌന്ദര്യഘടകമെന്തോ അതുതന്നെ കാണികളെ അതിൽനിന്നകറ്റുന്ന വിചിത്രമായ ഒരു വൈരുദ്ധ്യം അതിലടങ്ങിയിരിക്കുന്നു.

എനിക്കു സിനിമ ഏറെയിഷ്ടമായി. മുന്നറിയിപ്പ് എന്ന പേരിൽ ഗഹനത കുറഞ്ഞുപോയെങ്കിലും ദൃശ്യപരമായും ശബ്ദപരമായും മികച്ച ഒരനുഭവം തന്നെയാണ്. ആർ. ഉണ്ണിയെപ്പോലെ ഒരാൾ സിനിമയെഴുതുമ്പോൾ ദൃശ്യങ്ങൾ കഥാപരമായിത്തീരുന്നുണ്ട്. ഒരുപക്ഷേ, ആത്മകഥാപരമായിത്തീരുന്നുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം വേണു എന്ന സിനിമറ്റോഗ്രാഫർ രാഷ്ട്രീയമാനമുള്ള ഒരു ചിത്രത്തിലൂടെ സ്വയം അപ്ഡേറ്റ് ചെയ്യുന്നുണ്ട്. കോർപ്പറേറ്റ് കാലത്തും നല്ല സിനിമ സാധ്യമാണെ
ന്ന പ്രതീക്ഷ പങ്കിടുന്നുണ്ട്. ശക്തമായ സ്ത്രീകഥാപാത്രം ഒരു ജാടയല്ലെന്ന് അപർണ്ണയും ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന് മമ്മൂട്ടിയും വെളിപ്പെടുത്തുന്നുണ്ട്. ഒടുവിൽ നമ്മൾ ഞെട്ടിയുണരുന്നത് അപ്രതീക്ഷിതമായ ഒരു ക്ളൈമാക്സ്ഷോട്ടിലേക്കു മാത്രമല്ല, ഏറ്റവും പുതിയ സാമൂഹ്യപാഠങ്ങളിലേക്കു കൂടിയാണ്.!

Sunday, August 10, 2014

ഞാൻ സ്റ്റീവ് ലോപ്പസ്











‘നിഷ്കളങ്കതയെക്കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതൽ.’ ഇതാണ് സിനിമയുടെ തലവാചകം. അപരനോടുള്ള കരുതൽ അസംഭാവ്യതയായി മാറിക്കഴിഞ്ഞ ഒരു കാലത്ത് സ്റ്റീവ് എന്ന കഥാപാത്രം പുതിയ യുവാവിനെ ആകർഷിക്കുന്നില്ല എന്നതിൽ വിശേഷിച്ച് ഒന്നുമില്ല. എന്നാൽ എന്തോ ഉണ്ട്. ആ ഇല്ലായ്മ, ശൂന്യത അയാളുടെ പ്രശ്നമല്ല. എന്നാൽ, എന്റെയും നിങ്ങളുടെയും പ്രശ്നമാണ്. നീതിയെ സംബന്ധിച്ച പ്രശ്നങ്ങൾ ഒട്ടുമേ അലട്ടാത്ത ഒരു സമൂഹം പിന്നെന്തിനുവേണ്ടി പുലരുന്നു എന്നു ചോദിച്ചാൽ, തിന്നാനും കുടിയ്ക്കാനും രമിക്കാനുമെന്ന അതിലളിതമായ ഒരുത്തരമാണ് കിട്ടുക. അതു തന്നെയാണു സത്യവും.

സ്റ്റീവ് എന്ന യുവാവ് ഒരു സംഭാവ്യതയല്ല എന്നു ഭൂരിപക്ഷം പ്രേക്ഷകരെയും പോലെ വേണമെങ്കിൽ നിങ്ങൾക്കും തീരുമാനിക്കാം. പക്ഷേ, കലാകാരൻ റിയാലിറ്റിയുടെ മാത്രം പ്രതിനിധിയല്ല. അയാൾ ഭാവനയുടെയും ഫാന്റസിയുടെയും കൂടി ആളാണ്. രാജീവ് രവി എന്ന കലാകാരൻ തന്റെയുള്ളിലെ മനുഷ്യപ്പറ്റെല്ലാം ചേർത്തുവച്ച് സ്റ്റീവ് ലോപ്പസ് എന്നൊരു കഥാപാത്രത്തെ നിർമ്മിക്കുന്നു. നീതിയെ സംബന്ധിച്ച സമസ്യകൾ അയാളെയും അയാൾ സമസ്യകളെയും എങ്ങനെയൊക്കെ പിന്തുടരുന്നു എന്നു നിരീക്ഷിക്കുന്നു. അയാൾ നിൽക്കുന്ന, നടക്കുന്ന സ്ഥലത്തെയും സമയത്തെയും കൃത്യമായി രേഖപ്പെടുത്തുന്നു. മനുഷ്യനെപ്പറ്റിയുള്ള തന്റെ ആശങ്കകൾ ലോകത്തോടു പങ്കുവെയ്ക്കുന്നു. യുക്തിഭദ്രമായ, നിരുപാധികമായ ആ ഷെയറിംഗ് ദാർശനികമായ തന്റെ കണ്ടെത്തലാക്കി മാറ്റുകയും ചെയ്യുന്നു.

സിനിമയെക്കാൾ, എന്നെ ചിന്തിപ്പിച്ചത് അതിലെ സത്യത്തോടുള്ള കാണികളുടെ ഉദാസീനതയാണ്. വരുംകാലത്തെക്കുറിച്ചുള്ള അതിന്റെ ദുരന്തസൂചനകളാണ്. ക്ഷമിച്ചേക്കാം. അവസാനം ഹരിയുടെ അവശേഷിച്ച വസ്തുവകകൾ ഭാര്യയെ മടക്കിയേൽപ്പിച്ച് ആശ്വസിക്കുന്ന സ്റ്റീവിനെപ്പോലെ ഒരുവേള, സംവിധായകനും ആശ്വസിക്കുന്നുണ്ടാവാം. തന്റെ മനസ്സിലെ ഭാരത്തെ പ്രേക്ഷകനു കൈമാറി അയാൾ നിശ്വാസമുതിർക്കുന്നുണ്ടാവാം. തന്റെ ജോലി ചെയ്തു; ഇനി ലോകം തള്ളുകയോ കൊള്ളുകയോ ചെയ്യട്ടെ എന്നു കരുതുന്നുണ്ടാവാം. എനിവേ, ജീവിക്കുന്ന കാലത്തോട് ഇത്രമേൽ ദൃശ്യപരമായി പ്രതികരിച്ച ഒരു മനുഷ്യന് കാലഹരണപ്പെട്ട മറ്റൊരു മനുഷ്യന്റെ ദുർബലമായ ഹാറ്റ്സ് ഓഫ്.!

Tuesday, July 15, 2014

How Old Are You?



 










സ്ത്രീകൾ സിനിമയുടെ പശ്ചാത്തലസൌന്ദര്യം മാത്രമായിക്കഴിഞ്ഞ കാലത്ത് പെട്ടെന്നൊരു ദിവസം ഒരു സ്ത്രീ സ്ക്രീനിനു നടുവിലേക്കു കയറിനിൽക്കുമ്പോൾ അതിലൊരു പുതുമയുണ്ട്. രസമുണ്ട്. ആ സ്ത്രീ മഞ്ജുവാര്യർ കൂടിയാവുമ്പോൾ ആ രസം ഇരട്ടിക്കുന്നു. വീണ്ടും ഒരിക്കൽക്കൂടി നടിയെ മനസ്സിൽക്കണ്ട് ഒരു പടമുണ്ടാവുന്നത് തന്റെ മടങ്ങിവരവോടെയാണെന്നത് മഞ്ജുവിനും ഒരുവേള, ഈ സിനിമയ്ക്കും ക്രെഡിറ്റ് തന്നെ. രണ്ടും മോശമായില്ല. സ്ത്രീയും അവളുടെ ആത്മാവിഷ്കാരവുമാണ് കേന്ദ്രപ്രമേയമെങ്കിലും സമകാലികജീവിതത്തിന്റെ സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയെല്ലാം അത് കടന്നുപോകുന്നുണ്ട്. മഞ്ജുവാണ് താരമെങ്കിലും ചാക്കോച്ചനടക്കം വേഷമിട്ടവരെല്ലാം മനോഹരമായി തൊട്ടുതൊട്ടുനിൽ‌പ്പുണ്ട്. അത് ബോബിയുടെയും സഞ്ജയിന്റെയും രചനാഗുണം.

‘യുവർ ഡ്രീം ഈസ് യുവർ സിഗ്നേച്ചർ’ എന്ന് ഒടുവിൽ എഴുതിക്കാണിക്കുന്ന ഒരു പടം മാത്രമായിരുന്നെങ്കിൽ, ഇതൊരു സിനിമയാകുമായിരുന്നില്ല. ഈ ആശയം കൃത്യമായി, സമർത്ഥമായി വിഷ്വലൈസ് ചെയ്തു എന്നതാണ് റോഷൻ ആൻഡ്രൂസ് ചെയ്ത പുണ്യപ്രവൃത്തി. വിശേഷിച്ച് ചാനലുകൾ സിനിമയെ വിലയ്ക്കുവാങ്ങി അതിന്റെ വില കെടുത്തിയ ഇക്കാലത്ത് അതൊരു വലിയ കാര്യമാണ്. തിരക്കഥയുണ്ട് എന്നതുതന്നെ ഇന്ന് സിനിമയെ സംബന്ധിച്ച് വലിയ സംഭവമാണ്. പരസ്യവാചകമായി കാണുകയില്ലെങ്കിൽ ഒന്നു പറയാം. എല്ലാ മലയാളികളും മനസ്സിലാക്കേണ്ട നിരവധി സന്ദേശങ്ങൾ സിനിമയിൽ അടങ്ങിയിരിക്കുന്നു. വിശദാംശങ്ങൾ ചോദിക്കരുത്. അതറിയാൻ കാശുമുടക്കി സിനിമ കാണുകതന്നെ വേണം.!

ബാംഗ്ളൂർ ഡെയ്സ്



 











പണവും പ്രശസ്തിയും ഒരുപോലെ ലഭിക്കാനുതകുന്ന മാറ്റങ്ങളാണ്, പൊതുവിൽ പോപ്പുലർ സിനിമയുടെ സമീപനത്തിൽ കണ്ടുവരുന്നത്. സാമൂഹ്യ, രാഷ്ട്രീയ ചിന്തയിൽ നിന്ന് അത് സുരക്ഷിതമായ അകലം പാലിക്കുന്നു. പകരം, താരമൂല്യത്തെക്കുറിച്ചും ചാനലിനെക്കുറിച്ചും ചിന്തിക്കുന്നു. പരീക്ഷണസിനിമക്കാരും ഇപ്പോൾ ഇതേ വഴിയിലൂടെ നടക്കാൻ തുടങ്ങിയിരിക്കുന്നു. പത്തുപേരടങ്ങുന്ന ഒരു ജൂറിയുടെ അവാർഡിനേക്കാൾ വലുത് അടിപൊളിയുവത്വത്തിന്റെ അംഗീകാരമാണെന്ന് അവരും മനസ്സിലാക്കിയിരിക്കുന്നു. മികച്ച കലയും സങ്കേതവും കൈകോർക്കുന്ന സിനിമയെടുത്ത് തീയറ്റർ കിട്ടാതെ അലയുന്നതിനേക്കാൾ അഭികാമ്യം എല്ലാരുമറിയുന്ന സെലിബ്രിറ്റിയാകുന്നതത്രേ.

ഏതാനും വർഷം മുൻപ് അഞ്ജലി മേനോൻ എന്ന സംവിധായികയെ കാണുമ്പോൾ അവർ അന്തർദ്ദേശീയ ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു. കയ്യിൽ ഒരു ‘മഞ്ചാടിക്കുരു’വുമായി വന്ന് അവാർഡും വാങ്ങിപ്പോയ അവർക്ക് അടുത്ത സിനിമയിലെത്തുമ്പോൾ വന്ന മാറ്റം നമ്മുടെ സിനിമയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ‘പ്രായോഗികത’യുടെ സ്വഭാവത്തെ കാട്ടിത്തരുന്നുണ്ട്.

യുവത്വം ആഘോഷിക്കുന്നവരെ സന്തോഷിപ്പിക്കാൻ വേണ്ടിയൊരുക്കിയ ബാംഗ്ളൂർ ഡേയ്സ് ആ കർമ്മം നന്നായി നിർവഹിക്കുന്നുണ്ട്. യുവതയുടെ സങ്കല്പങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ റിയാലിറ്റിയുടെ മുകളിലത്തെ നിലയിലൂടെ അത് സഞ്ചരിക്കുന്നു. നിലവിൽ ഏറ്റവും മാർക്കറ്റുള്ള മൂന്നു താരങ്ങളെ നന്നായി ഉപയോഗിക്കുന്നു. പോസിറ്റീവായ, പ്രസാദാത്മകമായ, അതിലളിതമായ പരിചരണത്തിലൂടെ രസിപ്പിക്കുന്നു. സുഖിപ്പിക്കുന്നു. സാമൂഹ്യമോ രാഷ്ട്രീയമോ ആയ പരാമർശങ്ങൾ ഒഴിവാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. പ്രണയവും പാട്ടും വിരഹവും ബൈക്ക് റേസും മരുന്നിന് അല്പം ഗൃഹാതുരത്വവും ചേർക്കുന്നു. ഇത്രയുമൊക്കെയുണ്ടെങ്കിൽ ഏതൊരു പയ്യൻസും രണ്ടു മണിക്കൂറും അമ്പത്തിരണ്ട് മിനിറ്റും ക്ഷമയോടെയിരിക്കുമെന്ന് കണ്ടുപിടിക്കുന്നു. ചുരുക്കത്തിൽ, നല്ല സിനിമയുടെ ഭാഷയും സാധ്യതയുമറിയുന്ന ഒരു ഫിലിംമേക്കർ കൂടി സൌകര്യപൂർവം ജനപ്രിയസിനിമയിലേയ്ക്കു കുടിയേറുന്നു.!

Monday, July 14, 2014

ഒരു ബസ് യാത്ര













നല്ല മഴക്കാറുണ്ടായിരുന്നതൊഴിച്ചാൽ, കഥ തുടങ്ങുമ്പോൾ ഒരു നാടകീയതയ്ക്കും സാധ്യതയില്ലായിരുന്നു. ഒരു പകലിന്റെ മുഴുവൻ വേവലാതിയും തലയിലേന്തി, ഞാൻ ബസ് സ്റ്റോപ്പിലേക്കു നടക്കുകയാണ്. വിരസമായ ഈ ദിനചര്യയുടെ കുറ്റിയിൽ കിടന്നു കറങ്ങാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടാവുന്നു. ഈ ജോലിയുപേക്ഷിച്ച്, ജീവിതത്തോട് ശക്തമായി പ്രതികരിക്കണമെന്നൊക്കെ ചിലപ്പോൾ തോന്നും. എന്നാൽ, അരി മേടിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിൽ, ഒടുവിൽ ഒരൊത്തുതീർപ്പിലെത്തുകയാണ് പതിവ്.

പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. അല്ലെങ്കിലും മഴയ്ക്കു വെറുതെ പെയ്താൽ മതിയല്ലോ. സ്റ്റോപ്പിൽ നിറഞ്ഞുനിന്ന മനുഷ്യർ അസ്വസ്ഥരായി തിക്കിത്തിരക്കി. അപ്പോൾ വന്ന ഒരു സൂപ്പർഫാസ്റ്റിലേക്കു ചാടിക്കയറി, ഞാൻ രക്ഷപ്പെട്ടു. ഒരു സീറ്റുമാത്രമേ ഒഴിവുള്ളു. അതു ഞാൻ സ്വന്തമാക്കി. ഒരു പോലീസുകാരനാണ് ഇടതുവശത്തേക്കൊതുങ്ങി എനിക്കിരിക്കാൻ സ്ഥലം തന്നത്. ഇരുന്നുകഴിഞ്ഞാണ് വലതുഭാഗത്ത് എന്നോടു ചേർന്നിരിക്കുന്നയാളിന്റെ കൈയിലെ വിലങ്ങ് എന്റെ ശ്രദ്ധയിൽ‌പ്പെട്ടത്. ഓ, അതൊരു കുറ്റവാളിയാണ്.! പോലീസുകാരൻ അയാളുടെ ഉടമസ്ഥനും.

ഒരു കുറ്റവാളിയെ ഇത്രയടുത്തു കാണുന്നത് ആദ്യമായിട്ടാണ്. മുപ്പത്തഞ്ചുവയസോളം തോന്നിക്കുന്ന മെലിഞ്ഞ യുവാവ്. മുടിയിൽ അല്പം നര കയറിയിട്ടുണ്ട്. ഇവിടെ വേണമെങ്കിൽ ഒരു ചെറിയ നാടകീയതയ്ക്കു സ്കോപ്പുണ്ട്. ഒരേ സീറ്റിൽ തൊട്ടുതൊട്ടിരിക്കുന്ന ഞങ്ങൾ മൂന്നുപേരെ ഇപ്പോൾ നിരീക്ഷിക്കുന്ന ഒരാൾ പെട്ടെന്ന് ഞാനും ഒരു കുറ്റവാളിയാണെന്നു സംശയിച്ചേക്കാം. എനിക്ക് ഒരു കുറ്റവാളിയുടെ മുഖമുണ്ടോ.? ഞാനയാളുടെ മുഖത്തേക്കു നോക്കി. അതൊരു കുറ്റവാളിയുടെ മുഖമല്ലായിരുന്നു. കണ്ണുകളിൽ ദു:ഖം ഖനീഭവിച്ചുകിടന്നിരുന്നു. എന്റെയുള്ളിലെ തീവ്രവിഷാദങ്ങൾ ആവിയായിപ്പോയി. ഒരു മനുഷ്യൻ കുറ്റവാളിയായിത്തീരുന്ന നിമിഷത്തെപ്പറ്റി ഞാൻ പെട്ടെന്നോർത്തു.

പുറത്തേക്കു നോക്കിയിരുന്ന അയാൾ, മഴ ശക്തമായതോടെ ഷട്ടറിട്ടു. ഞങ്ങൾ മൂവരും അതിവേഗത്തിൽ ഒരു ഏകാന്തതയിലകപ്പെട്ടു. എന്തുകുറ്റമാവും അയാൾ ചെയ്തിട്ടുണ്ടാവുക.? ആരെയെങ്കിലും കൊന്നുകാണുമോ? ഒരുവേള, വെറുമൊരു കള്ളനോ പിടിച്ചുപറിക്കാരനോ ആവുമോ? എനിക്ക് ആ വ്യക്തിയോട് ഒരനുഭാവം തോന്നി. അയാളെപ്പറ്റി കൂടുതലറിയാൻ ആഗ്രഹം തോന്നി. എന്നാൽ, ഇവിടെ തൊട്ടടുത്തിരിക്കുമ്പോഴും ഒരു കുറ്റവാളിയെ പരിചയപ്പെടാനുള്ള സ്വാതന്ത്ര്യം എനിക്കില്ല. ഇടതുവശത്തിരിക്കുന്ന പോലീസുകാരന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അയാളും അടിച്ചേൽ‌പ്പിക്കപ്പെട്ട സ്വന്തം ഏകാന്തതയിൽ അഭിരമിക്കുകയായിരുന്നു. പതിവുജോലിയുടെ നിസ്സംഗതയാണ് ആ മുഖത്തും കാണാൻ കഴിഞ്ഞത്. അയാളോടും ഒരു വാക്കു സംസാരിക്കാനോ വിവരങ്ങളറിയാനോ എനിക്കനുവാദമില്ല എന്നു ഞാനോർത്തു.

സമയം കടന്നുപോയ്ക്കൊണ്ടിരുന്നു. ഇടയ്ക്ക് ഷട്ടർ അല്പം തുറന്ന് ആ മനുഷ്യൻ ഒരു കാറ്റിനെ അകത്തേയ്ക്കു കടത്തിവിട്ടു. ഞങ്ങളുടെ ഏകാന്തതയ്ക്ക് പെട്ടെന്നൊരു ശമനമുണ്ടായി. ഏതാനും മഴത്തുള്ളികൾ ഞങ്ങളുടെ മുഖത്തേക്കു പാറിവീണു. ഒരുപക്ഷേ, അയാളിപ്പോൾ ബസ്സിന്റെ ജനാലയിലൂടെ കോരിച്ചൊരിയുന്ന മഴയിലേയ്ക്ക് ചാടി രക്ഷപ്പെടാനുള്ള സാധ്യതയെപ്പറ്റിയും അതിന്റെ തുടർസാധ്യതകളെപ്പറ്റിയും ഞാൻ വെറുതെ ആലോചിച്ചുകൊണ്ടിരുന്നു. ഒരു കുറ്റവാളിക്കും പോലീസുകാരനുമിടയിലെ അനിവാര്യമായ ഏകാന്തത ഞാൻ ആദ്യമായി അനുഭവിക്കുകയായിരുന്നു.

അങ്ങനെയിരിക്കെ സ്റ്റോപ്പെത്തി. ഞാനിതാ പെരുമഴയിലേക്കിറങ്ങുന്നു. നാടകീയമായി ഒന്നും സംഭവിക്കാതെ, അനാഥമായ മൂന്ന് ഏകാന്തതകളുടെ സമാന്തരസഞ്ചാരം മാത്രമായി ഈ കഥ അവസാനിക്കുകയാണ്. അത്യന്തം വിരസമായ ഈ കഥയിൽ അപ്രതീക്ഷിതമായ എന്തെങ്കിലും ട്വിസ്റ്റ് നിങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ, അതെന്റെ കുറ്റമല്ല. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്തും സമയത്തും സംഭവിക്കുന്ന ഒന്നല്ല അത്. ഒട്ടും നിനച്ചിരിക്കാതെ പടികയറിവരുന്ന അപരിചിതനാണത്.

ഇറങ്ങും മുൻപ് സീറ്റിലേയ്ക്കു ചാഞ്ഞുകിടക്കുന്ന അയാളുടെ മുഖത്തേക്ക് ഞാൻ ഒരിക്കൽക്കൂടി നോക്കി. ആ അടഞ്ഞ കണ്ണുകൾക്കു താഴെ ഒരു ജലസ്പർശം കണ്ടു. എന്നാൽ അത് പാറിവീണ മഴത്തുള്ളിയോ കണ്ണുനീരോ എന്ന് എനിക്കു തിരിച്ചറിയാനായില്ല.

ലോ പോയിന്റ്
















ജീവിതത്തിന്റെ അത്യപൂർവമായ പ്രകാശങ്ങളിലേയ്ക്ക് പ്രചോദിപ്പിക്കുന്ന സിനിമകളേക്കാൾ അതിന്റെ ഇരുൾ വീണ തുരങ്കങ്ങളിലേക്ക് നിങ്ങളെ തുറന്നുവിടുന്ന സിനിമകളാണ് ഇപ്പോൾ അധികം. പുറത്തെ ജീവിതമാണ് അകത്തെ സിനിമയെ നിർമ്മിക്കുന്നതെന്നും അകത്തെ സിനിമ കണ്ടാണ് പുറത്തെ ജീവിതം ഇരുളുന്നതെന്നും രണ്ടു പക്ഷമുണ്ട്. തർക്കങ്ങൾ തുടരുമ്പോഴും ഒരു സത്യം ബാക്കി വരുന്നു. കലാകാരന്റെ അവ്യക്തത, ദർശനരാഹിത്യം ലോകത്തിനു മേൽ കരിനിഴൽ വീഴ്ത്തുക തന്നെ ചെയ്യും.

ഇതൊരു പ്രസാദാത്മകമായ സിനിമയാണ്. ചെറുകാറ്റിന്റെ തലോടൽ പോലെ അലസമായി ആസ്വദിക്കാവുന്ന ഒന്ന്. രതിയുടെയും ക്രൈമിന്റെയും കോമഡിയുടെയും മെലോഡ്രാമയുടെയും ആർഭാടമില്ല. ഏതൊരു ചെറിയ ജീവിതമുഹൂർത്തത്തിലും സിനിമ ഒളിച്ചിരിക്കുന്നുണ്ടെന്ന ഒരു തത്വം. ഒപ്പം രണ്ടു നുണക്കഥകളുടെ രസകരമായ സമന്വയത്തിലൂടെ സിനിമയെന്നത് ഒരു നമ്പർ വൺ നുണയാണെന്ന മറ്റൊരു തത്വം. ഒറ്റ നിമിഷത്തിന്റെ വികാരാവേശത്തിൽ പെട്ടെന്ന് അവസാനിപ്പിക്കാനുള്ള യാത്രയല്ല മനുഷ്യജീവിതമെന്ന ഒന്നു കൂടി. ഒന്നരമണിക്കൂറിൽ ഇതുപോലുള്ള ചെറുസിനിമകൾ നമുക്കാവശ്യമാണ്. ആശ്വാസമാണ്. ലിജിൻ ജോസിന്റെ സമീപനത്തിലെ വിനയമുള്ള പരീക്ഷണം അഭിനന്ദനമർഹിക്കുന്നു. പ്രതീക്ഷ നൽകുന്നു.!

Tuesday, May 20, 2014

സെവൻത് ഡേ



 










ഉള്ളടക്കത്തിൽ നിന്ന് രൂപത്തിലേയ്ക്കുള്ള സിനിമയുടെ പിന്മടക്കത്തിന്റെ കാലം. പ്രമേയത്തിലെ ഗഹനതയിൽ നിന്ന് പരിചരണത്തിലെ ചടുലതയിലേയ്ക്ക് അത് ചുവടു മാറ്റിയിരിക്കുന്നു. അതിവേഗത്തിലോടുന്ന മെട്രോജീവിതത്തിന്റെ പ്രതിഫലനമാകാം. എന്തായാലും ഈയൊരു സമസ്യയെ മനസ്സിലാക്കിയവരാണ് ഇപ്പോൾ വിജയിക്കുന്നത്. അവർ സിനിമയെടുക്കുമ്പോൾ മാത്രം തീയറ്ററുകൾ നിറയുന്നു. പാരമ്പര്യവും മുൻപരിചയവും പതിവു ഫോർമുലകളുമെല്ലാം അപ്രസക്തമാകുന്നു. അങ്ങനെ, ശ്യാംധർ എന്ന സംവിധായകൻ ജനിക്കുന്നു.

ഒരു പ്രണയഗാനമോ പ്രണയരംഗമോ പോലുമില്ലാത്ത സിനിമയാണ് സെവൻത് ഡേ. എന്നിട്ടും യുവാക്കൾ ഈ സിനിമയെ ഹൃദയത്തിലേറ്റുന്നു. വിക്കിപ്പീഡിയയിൽ പോലും പേരില്ലാത്ത ഒരു യുവാവിന്റെ പടം കാണാൻ പുറപ്പെടുന്നതിന് നല്ല ധൈര്യം വേണമെങ്കിൽ, അയാൾക്ക് തന്റെ പ്രതിഭ പ്രകടിപ്പിക്കാൻ വേണ്ടിവരുന്ന ധൈര്യത്തെപ്പറ്റി ആലോചിച്ചുനോക്കൂ. വിശ്വാസം അയാളെ രക്ഷിച്ചു. അധികം സങ്കീർണ്ണതകളില്ലാത്ത ഒരു ത്രില്ലറിന്റെ ത്രെഡിനെ അതിനിണങ്ങിയ ദൃശ്യഗൌരവത്തോടെ സമീപിച്ചിരിക്കുന്നു. അനാവശ്യമായ വിശദാംശങ്ങളെല്ലാം വൃത്തിയായി എഡിറ്റ് ചെയ്തുകളഞ്ഞിട്ടുണ്ട്. ആദ്യവസാനം, ശ്രദ്ധയെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുക്കുന്നുണ്ട്. നാടകീയതയും സസ്പെൻസും നടനചാരുതയുമുണ്ട്. കൂടുതൽ ചിന്തിക്കരുത്. ഇപ്പോൾ ഇത്രയൊക്കെത്തന്നെ ധാരാളമാണ്. കാരണം, ബിംബത്തെ റിയാലിറ്റിയാക്കുന്ന, നുണയെ സത്യമാക്കുന്ന കലയത്രേ സിനിമ.!

Thursday, February 13, 2014

ഓം ശാന്തി ഓശാന



 












പെണ്ണിന്റെ വീക്ഷണത്തിൽ, അവളുടെ മനോഗതങ്ങളുടെ വോയ്സ് ഓവറോടെ ഒരു സിനിമ മുഴുവനായി പറയാൻ ഇതുവരെ ആരും തയ്യാറാകാതിരുന്നത് എന്തുകൊണ്ടാവാം? സംശയമില്ല. ഈ ലോകം പോലെ തന്നെ സിനിമയും പുരുഷന്റേതു മാത്രമാണ് എന്ന ധാരണയാണ് അതിനു പിന്നിൽ. പഴുതു മനസ്സിലാക്കി ഈയൊരു ഗാപ്പ് ഫിൽ ചെയ്തതിന്റെ വിജയമാണ് ഓംശാന്തി ഓശാന എന്ന സിനിമ. വിജയമെന്നു പറയുമ്പോൾ തെറ്റിദ്ധരിക്കരുത്. കോമഡിയെന്നോ പാരഡിയെന്നോ ജീവിതമെന്നോ പറയാം. മസിലൊക്കെ ഒന്നു റിലാക്സ് ചെയ്ത് അല്പനേരം ചിരിക്കാം. ഗഹനമായ പ്രമേയങ്ങളൊന്നും വലിച്ചുകീറി പ്രേക്ഷകനെ ചിന്താവിഷ്ടനാക്കുന്നില്ല. ചിരി തന്നെയാണ് കാര്യവും കാരണവും. ടീനേജറായ നായികയുടെ പ്രണയ ഫാന്റസികൾ, ചപലഭാവനകൾ ജാടയില്ലാതെ ആവിഷ്കരിക്കുമ്പോൾ സ്വാഭാവികമായി അതു നിർമ്മിക്കപ്പെടുന്നു. ആ ഭാവനയിൽ നടക്കുന്ന ‘ആണുകാണൽ’ ചടങ്ങ് സിനിമയിലെ നല്ലൊരു ഇന്നവേഷൻ തന്നെയാണ്. സിനിമ ആവശ്യപ്പെടുന്ന നർമ്മം കൃത്യമായ അളവിലും തൂക്കത്തിലും നൽകുന്ന അജു വർഗീസ് എന്ന നടന്റെ ശരീരഭാഷ ഇയാളെ ഭാവിയിൽ തിരക്കുള്ള പ്രൊഫഷണലായി മാറ്റിയേക്കും. ട്രീറ്റ് മെന്റാണ് സിനിമ എന്ന കണ്ടെത്തൽ ഒരുവേള, ജൂഡ് ആന്റണി ജോസഫ് എന്ന നവാഗതസംവിധായകനെയും.

Wednesday, February 12, 2014

1983

 












ക്രിക്കറ്റാണ് പ്രമേയം. എന്നാൽ ക്രിക്കറ്റല്ല. കഴിഞ്ഞുപോയ വർഷങ്ങളിലെ ക്രിക്കറ്റ് വിഷ്വലുകളിലൂടെയുള്ള ഒരു വൈകാരികസഞ്ചാരമായി ഈ സിനിമയെ ചുരുക്കാനാവില്ല. വെറുതെ ചിരിച്ചു തള്ളാനാവില്ല. കാരണം ക്രിക്കറ്റെന്തെന്നറിയാത്ത എന്റെ മനസ്സിന്റെ അകത്തളത്തിലും ഞാനറിയാതെ ഈ സിനിമ കയറിയിരുന്നു. ഭൂതകാലത്തിന്റെ മുഴുവൻ സന്തോഷത്തെയും വേദനകളെയും അത് ഒരിക്കൽക്കൂടി കൂടു തുറന്നുവിട്ടു.

ഇതൊരു സംവിധായകന്റെ സിനിമയാണ്. തുടക്കം മുതൽ ഒടുക്കം വരെ അല്പം പോലും വ്യതിചലിക്കാതെ, തന്റെ പ്രമേയത്തിൽത്തന്നെ അയാൾ ക്യാമറയെ തറച്ചുനിർത്തുന്നു. മനസ്സിലെ സിനിമയെ, കണ്ണിലെ കൃഷ്ണമണി പോലെ കരുതലോടെ കൈകാര്യം ചെയ്യുന്നു. ഒരു നവാഗതന്റെ വേവലാതികളില്ലാതെ കറതീർന്ന തന്റെ മാധ്യമബോധം വെളിപ്പെടുത്തുന്നു. മുഖ്യപ്രമേയമായി ക്രിക്കറ്റിനെ കിറുകൃത്യമായി ഉപയോഗിക്കുമ്പോഴും അതിനിടയിലൂടെ എന്റെയും നിന്റെയും കറന്റായ ജീവിതം പറയുന്നു. രമേശനെപ്പോലെ നിസ്വനായി പുലരുന്ന ഏതൊരു ഗ്രാമീണനും പൊരുതാനുള്ള ആത്മവിശ്വാസം പകരുന്നു.

രമേശൻ അടിച്ചുപറത്തുന്ന സിക്സറുകളെപ്പോലെ സിനിമയിലെ ഓരോ ഷോട്ടും പ്രേക്ഷകരുടെ ഹൃദയത്തിൽത്തന്നെയാണ് വന്നുപതിയ്ക്കുന്നത്. കപിലും സച്ചിനും കളിക്കുന്ന ഒറിജിനൽ ഫുട്ടേജുകൾ സങ്കേതമായി ഉപയോഗിച്ച് ഒരു ഗ്രാമത്തിന്റെ കളങ്കരഹിതമായ ജീവിതചിത്രം അയാൾ വരച്ചെടുക്കുകയാണ്. സിരകളിൽ ആവേശം നിറയ്ക്കുന്ന കളിയുടെ ചടുലതയ്ക്കൊപ്പം, മുഷിഞ്ഞ യാഥാർത്ഥ്യവും മനുഷ്യനന്മയും പ്രണയവും വിഷാദവും നിരാശയും നർമ്മവും മാറിമാറി പകർന്നാടുന്ന റിയൽ മുഹൂർത്തങ്ങൾ. കാഴ്ചയുടെ ഈ മാജിക്ക് കണ്ടുതന്നെ അറിയേണ്ടതാണ്. യുക്തിഭദ്രമായ ഈ ശുഭാപ്തിവിശ്വാസത്തിന് ഒരു ഹാറ്റ്സ് ഓഫ് ഒട്ടും അധികമല്ല.!

Friday, January 10, 2014

അങ്കിൾ ബൂണ്മിയും പൂർവജീവിതങ്ങളും















                                                               
തായ് നവസിനിമയുടെ വക്താവായ Apichatpong Weerasethakul-ന്റെ Uncle Boonme who can remember his past lives എന്ന സിനിമ പ്രേക്ഷകന്റെ യാഥാർത്ഥ്യസങ്കൽപ്പങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്ന, ഒരു ധ്യാനാത്മകവും ഒപ്പം ധ്വന്യാത്മകവുമായ ഒരനുഭവമാണ്. യാഥാർത്ഥ്യത്തിനും ഭ്രമാത്മകതയ്ക്കുമിടയിലെ വിടവുകളെ ബോധപൂർവം അവഗണിക്കുന്ന സംവിധായകൻ സൌന്ദര്യാസ്വാദനത്തിന് ചില പുതിയ നിർവചനങ്ങൾ ചമയ്ക്കുന്നു.  കരൾ രോഗം ബാധിച്ച്, മരണാസന്നനായ അങ്കിൾ ബൂണ്മി തന്റെ  പൂർവജീവിതങ്ങളോർക്കുന്നതാണ് പ്രമേയം. ഒപ്പം, മരണത്തിനപ്പുറത്തേയ്ക്കുള്ള ആത്മാവിന്റെ തുടർച്ചകൂടിയാണ് സിനിമ തേടുന്നത്. തന്റെ ഭൂതകാലവും പൂർവ്വജീവിതങ്ങളും ഒരിക്കലും മനുഷ്യനെ വിട്ടുപോകുന്നില്ലെന്ന ആശയം തന്റേതായ ശൈലിയിൽ അദ്ദേഹം അവതരിപ്പിക്കുന്നു. ജീവിച്ചിക്കുന്നവരും മരിച്ചവരുമായ കഥാപാത്രങ്ങൾ സിനിമയിൽ, ഒരു മേശക്കിരുപുറവുമായിരുന്നു സംസാരിക്കുന്നതു കണ്ട് അതിശയിക്കേണ്ട. സൌന്ദര്യാസ്വാദനത്തിന് എല്ലാമറിയണമെന്നില്ല എന്നും ചിന്താഘടന ക്രമാനുഗതമല്ല, അത് കുരങ്ങനെപ്പോലെ ചാടിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

തായ് ലൻഡിലെ കച്ചവടസിനിമയെ പ്രതിരോധിച്ചുകൊണ്ടു കടന്നുവന്നപോങ്ങിന്റെ മുൻ ചിത്രങ്ങൾക്ക് സ്വന്തം നാട്ടിൽത്തന്നെ സെൻസറിങ്ങിനെ നേരിടേണ്ടിവന്നു. എന്നാൽ, ഈ സിനിമ 2010-ലെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാം നേടിയതോടെ അദ്ദേഹത്തിന്റെ സിനിമാശൈലിക്ക് അന്തർദ്ദേശീയാംഗീകാരമായി. തായ് സിനിമാചരിത്രത്തിലെ ദൃശ്യശൈലികളുടെ പരിണാമദശകളെ അടയാളപ്പെടുത്തിക്കൊണ്ട്, സിനിമയിലെ നായകകഥാപാത്രത്തെപ്പോലെ, മരണത്തോടടുത്ത സ്വന്തം നാട്ടിലെ കലാസിനിമയുടെ അതിജീവനത്തെക്കുറിച്ചു കൂടിയാണ് സിനിമ സംസാരിക്കുന്നത്.

ധ്വനിസമൃദ്ധമായ ഇമേജുകളും പ്രകൃതിയും നിശ്ശബ്ദതയും ഉപയോഗിച്ചാണ് ഇദ്ദേഹം തന്റെ ദൃശ്യവ്യാഖ്യാനം നിർവഹിക്കുന്നത്. ബിംബങ്ങൾ ഹോളിവുഡ്ഡിന്റെ സ്വാധീനത്തിൽ നിന്നു തീത്തും മുക്തമാണെന്നത് സവിശേഷശ്രദ്ധയർഹിക്കുന്ന കാര്യമാണ്. സിനിമയിലൂടെ സ്വന്തം ആത്മീയാനുഭവങ്ങൾ തേടുന്ന ഫിലിം മേക്കറുടെ പരീക്ഷണങ്ങളിൽ ഒത്തുതീർപ്പില്ല എന്നു സമ്മതിക്കുമ്പോഴും ചിത്രത്തിന്റെ ഘടനയും ഷോട്ടുകളുടെ ദൈർഘ്യവും കുറെയൊക്കെ സംവേദനത്തെ ബാധിക്കുന്നുണ്ടെന്നു പറയാതെ വയ്യ.

ഋതുഭേദങ്ങളുടെ പകര്‍ന്നാട്ടം













ഓര്‍മ്മകളുടെ അമിതഭാരം മൊബൈല്‍ഫോണിനെയും ഭാവനയുടെ അനന്തസാധ്യതകള്‍ കമ്പ്യൂട്ടറിനെയും അന്വേഷണങ്ങളെല്ലാം ഗൂഗിളിയുമേല്പിച്ച് സ്വസ്ഥനാവാന്‍ വൃഥാ ശ്രമിക്കുന്ന മനുഷ്യനെ തെക്കന്‍ കൊറിയയില്‍ നിന്നുള്ള 'കിം കി ഡുക്കെ'ന്ന സെന്‍മാസ്റ്റര്‍ തന്റെ സിനിമയിലൂടെ തിരുത്തുന്നു. പ്രാപഞ്ചികജീവിതത്തിന്റെ അത്യപൂര്‍വ്വമായ സൌന്ദര്യത്തെയും അലംഘനീയമായ തുടര്‍ച്ചയെയും അമാനുഷികമായ കരവിരുതോടെ, എന്നാല്‍ ഒരു കര്‍മ്മയോഗിയുടെ നിസ്സംഗതയോടെ നമുക്കു കാട്ടിത്തരുന്നു. 2003-ല്‍ പുറത്തിറങ്ങിയ കിമ്മിന്റെ 'സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്റ് സ്പ്രിംഗ്' എന്ന ചിത്രം മനുഷ്യന്‍ പ്രകൃതിയിലും പ്രകൃതിയുടെ സഹജപ്രേരണകള്‍ മനുഷ്യനിലും നടത്തുന്ന ഇടപെടലുകള്‍ ഒരു സ്ഫടികദര്‍പ്പണത്തിലെന്ന പോലെ പ്രതിഫലിപ്പിച്ചു കാട്ടി, പ്രേക്ഷകനെ ഒരു ഉയര്‍ന്ന ജീവിതാവബോധത്താല്‍, വിശാലമായ പ്രപഞ്ചവീക്ഷണത്താല്‍ വിമലീകരിക്കുന്നു.

ഹരിതസമൃദ്ധമായൊരു വനമേഖലയാല്‍ ചുറ്റപ്പെട്ട്, ജീവിതത്തിന്റെ ഗഹനപ്രതീകമെന്ന പോലെ സ്വച്ഛസുന്ദരമായി ഒഴുകുന്ന പുഴയും പുഴനടുവിലെ വൃദ്ധതാപസന്റെ പര്‍ണ്ണാശ്രമവുമാണ് ചലച്ചിത്രകാരന്റെ പശ്ചാത്തലം. ആശ്രമപരിസരത്തെ ജീവജാലങ്ങളോടൊപ്പം കളിച്ചുനടന്ന്, ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങുന്ന കുരുന്നുശിഷ്യനും ഗുരുവിന്റെ കൂടെയുണ്ട്. കൌതുകക്കാഴ്ചകള്‍ തേടി കാടുകയറുന്ന ബാലനു മുന്നില്‍, ജലമല്‍സ്യവും തവളയും പാമ്പുമൊക്കെ കളിപ്പാട്ടങ്ങളാകുന്നു. ചരടിനാല്‍ വരിഞ്ഞു കെട്ടി അവന്‍ ആ സുന്ദരജീവിതങ്ങളെ ബന്ധനസ്ഥമാക്കുന്നു. പിന്‍ഗാമിയെ സൂക്ഷ്മനിരീക്ഷണം നടത്തുന്ന മാസ്റ്റര്‍, ശിക്ഷയായി മുതുകത്ത് ഒരു ഭീമന്‍കല്ലു കെട്ടി, മിണ്ടാപ്രാണികളെ സ്വതന്ത്രരാക്കുവാന്‍ ഉപദേശിച്ച്, അവനെ തിരിച്ചയക്കുന്നു. 'നിന്റെ പ്രവൃത്തിയാല്‍ ആ ജീവിതങ്ങള്‍ പൊലിഞ്ഞുവെങ്കില്‍, ആ ഭാരം മരണം വരെ നീ ചുമക്കും'- അദ്ദേഹം പറയുന്നു. ഏറെ വിഷമിച്ച് ശിഷ്യന്‍ അവയെ കണ്ടെത്തുമ്പോഴേക്കും പാവം മല്‍സ്യവും പാമ്പും ചത്തു കഴിഞ്ഞിരുന്നു. ആദ്യപാഠം നല്‍കിയ തിരിച്ചറിവില്‍ കരള്‍ പിളര്‍ന്ന് അവൻ കരയുമ്പോള്‍, ലളിതസുന്ദരമായ ജീവിത സമസ്യയുടെ പൊരുള്‍ ഒരു മിന്നല്‍പ്പിണരായി പ്രേക്ഷകനെയും സ്പര്‍ശിക്കുന്നു.!

സിനിമയുടെ രണ്ടാം ഖണ്ഡത്തില്‍ വസന്തം മാറി വേനലെത്തുന്നു. ബാലശിഷ്യന്‍ ഇപ്പോള്‍ കൌമാരകൌതൂഹലങ്ങളിലേക്കു വളര്‍ന്നിട്ടുണ്ട്. ഇണ ചേരുന്ന പാമ്പുകളും ജലക്രീഡയിലേര്‍പ്പെട്ട അരയന്നങ്ങളും അവനില്‍ രതിചിന്ത നിറയ്ക്കുന്നു. പ്രകൃതിയില്‍ നിന്നുള്ള ഒരു സ്വാഭാവിക സംക്രമണം. പ്രണയപരവശനായ അവന്‍ ആശ്രമത്തില്‍ മനോചികിത്സയ്ക്കെത്തിയ യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ഒടുവില്‍, ആശ്രമം വിട്ട് അവളുടെ പിന്നാലെ പായുന്നു. കാലാന്തരത്തില്‍, ഒരു കൊലപാതകിയായി മാറി വീണ്ടും ആശ്രമത്തില്‍ തിരിച്ചെത്തുന്നു. കുറ്റബോധത്താല്‍ നീറി, വിഭ്രാന്തിയുടെ വക്കിലെത്തിയ അവനെ തന്റെ മാന്ത്രികസ്പര്‍ശത്താല്‍ ഗുരു ശാന്തനാക്കുന്നു. എന്നാല്‍, താമസിയാതെ അറസ്റ്റു ചെയ്യപ്പെട്ട്, അവന്‍ ജയിലിലടയ്ക്കപ്പെടുന്നു.

സമയരഥം വീണ്ടും ചലിക്കുന്നു. ശൈത്യത്തിന്റെ ഉച്ചസ്ഥായിയില്‍, പുഴ ഒരു മഞ്ഞുപാളിയായി മാറിയ കാലത്ത്, ശിക്ഷ കഴിഞ്ഞ്, ഗുരുസവിധം തേടി യുവശിഷ്യന്‍ മടങ്ങിയെത്തുമ്പോഴേക്കും, തന്റെ കര്‍മ്മകാണ്ഡം പൂര്‍ത്തിയാക്കി, സ്വയം തീര്‍ത്ത ചിതയില്‍ മാസ്റ്റര്‍ എരിഞ്ഞു തീര്‍ന്നിരുന്നു. അനന്തമായ സമയപ്രവാഹത്തില്‍, മഹാവിസ്മയമായ ജീവന്റെ ഗതിയോര്‍ത്ത് പ്രേക്ഷകന്റെ ശ്വാസഗതി നിലച്ചു പോകുന്ന നിമിഷം! തീവ്രാനുഭവങ്ങളുടെ പടവുകള്‍ പിന്നിട്ട്, ഇതിനകം സാത്വികനായി മാറിക്കഴിഞ്ഞ അയാള്‍ ഗുരുവിന്റെ നിശ്ശബ്ദ നിയോഗം സര്‍വാത്മനാ ഏറ്റെടുക്കുന്നു.

വിഷാദമധുരമായ ഒരു ദിനാന്ത്യത്തില്‍, മറ്റേതോ നിയോഗത്താലെന്ന പോലെ മുഖം മറച്ച ഒരു മാതാവ് നിറകണ്ണുകളോടെ, തന്റെ പിഞ്ചുകുഞ്ഞിനെ ആശ്രമത്തില്‍ ഉപേക്ഷിച്ച് നദീഹൃദയത്തില്‍ മറയുന്നു. സന്യാസം ജീവിതചര്യയാക്കിയ യുവതാപസനോടൊപ്പം ഈ അനാഥബാലന്‍ ആശ്രമത്തില്‍ പിച്ചവച്ചു തുടങ്ങുന്നു..ഒരു ചക്രം പൂര്‍ത്തിയാവുകയാണ്. കര്‍മ്മബന്ധങ്ങളുടെ ഭാരവും പേറി വിരക്തനായ ആ പുണ്യാത്മാവ് മല കയറുമ്പോള്‍, കുരുന്നുബാലന്‍ ഒരിക്കല്‍ക്കൂടി തന്റെ കളിക്കൂട്ടുകാരെ തേടുകയായി.

ഫിലിം മേക്കർ എന്ന നിലയ്ക്കുള്ള കിം കി ഡുക്കിന്റെ ജീവചരിത്രത്തിലെ വേറിട്ട അധ്യായമായ ഈ ചിത്രം മനുഷ്യപ്രകൃതിയിലെ ഋതുഭേദങ്ങളെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. അക്രമവാസനയിലും ലൈംഗിതയിലുമൂന്നിയ മുന്‍കാല പ്രമേയങ്ങളെ കൈവിട്ട്, ഈ അപൂര്‍വസൃഷ്ടിയിലെത്തുമ്പോൾ, സംവിധായകന്‍ മാനവികതയുടെ ഉന്നതമൂല്യങ്ങളിലേക്കു വളര്‍ന്നിരിക്കുന്നു. കാടും ജലപ്പരപ്പും വിവിധ ജീവരൂപങ്ങളായ മത്സ്യം, അരയന്നം, ആമ, കോഴി, പൂച്ച, തവള, പാമ്പ്, പച്ചക്കുതിര തുടങ്ങിയവയോടൊപ്പം മനുഷ്യനും മാറി മാറി പകര്‍ന്നാടുന്ന ചിത്രത്തിലെ ഓരോ ദൃശ്യബിംബവും പ്രപഞ്ചജീവിതസത്തയെ അതിസമര്‍ത്ഥമായി എന്നാല്‍, തികച്ചും ലളിതമായി പ്രതീകവല്‍ക്കരിക്കുന്നു; സമസ്യകളെ പൂരിപ്പിക്കുന്നു. സിനിമയുടെ എല്ലാവിധ സാങ്കേതികത്വത്തിനുമപ്പുറം, ഏതൊരു ഉന്നത കലാസൃഷ്ടിയെയും പോലെ, സമഗ്രജീവിതത്തെ സംബന്ധിച്ച ഒരു വെളിപാടായി ചിത്രം മാറുന്നു.

ബാല്യത്തില്‍ തുടങ്ങി വാര്‍ധക്യം വരെയുള്ള ഘട്ടങ്ങളില്‍ കഥാപുരുഷന്‍ കടന്നുപോകുന്ന വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ഓരോ പ്രേക്ഷകനും സ്വന്തം ജീവിതത്തിനു നേരേ പിടിച്ച കണ്ണാടിയായി മാറുന്നു എന്നതാണ്, ഒരു സെന്‍കഥയുടെ സരളമാധുര്യം പേറുന്ന ഈ സിനിമയുടെ ദാര്‍ശനികസൌന്ദര്യം. ചിത്രാന്ത്യത്തില്‍, ബുദ്ധപ്രതിമയുമായി മല കയറുന്ന സന്യാസിയുടെ സീക്വന്‍സ് മനുഷ്യാവസ്ഥയെ അതിന്റെ എല്ലാവിധ സംഘര്‍ഷങ്ങളോടും കൂടി ബിംബവല്‍ക്കരിക്കുന്നു. ഏതൊരു പ്രൊഫഷണലിനെയും അതിശയിക്കുന്ന മികവാണ് ഈ രംഗചിത്രീകരണത്തില്‍ കിം കിഡുക്ക് പ്രദര്‍ശിപ്പിക്കുന്നത്.

സിനിമറ്റോഗ്രഫി എന്ന കലയുടെയും സംഗീതത്തിന്റെയും മാത്രമല്ല, ദൃശ്യഭാഷയുടെ തന്നെ പുത്തന്‍ വ്യാഖ്യാനങ്ങളാണ് കിമ്മിന്റെ കയ്യൊപ്പുപതിഞ്ഞ ചിത്രത്തിലെ ഫ്രെയിമുകളോരോന്നും. തന്റെ വേറിട്ട വീക്ഷണകോണിലൂടെ ജീവിതത്തെ കാണുവാന്‍ സംവിധായകന്‍ നമ്മെ ഹൃദയപൂര്‍വം ക്ഷണിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍, ചലച്ചിത്രമെന്നാല്‍ വെറും കഥ പറച്ചിലോ, നാടകീയത നിറഞ്ഞ രംഗങ്ങളോ, സാങ്കേതികതയിലൂന്നിയ ദൃശ്യവിസ്മയങ്ങളോ ഒന്നുമല്ല, കലാകാരന്റെ ജീവിതദര്‍ശനം തന്നെയാണെന്നു വരുന്നു. നവീനമായ ഈ ആശയത്തിന് ഉത്തമദൃഷ്ടാന്തം കൂടിയായി മാറുന്നു സിനിമയുടെ ഈ വസന്തം.

Wednesday, January 8, 2014

ദൃശ്യം; ഒരു വീണ്ടുവിചാരം













ദൃശ്യം എന്ന സിനിമയുടെ അഭൂതപൂർവമായ ജനസമ്മതി വെളിപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. അത്യന്തം വിരസമായ യാഥാർത്ഥ്യങ്ങളേക്കാൾ സംഭവിക്കാനിടയില്ലാത്ത ഫാന്റസികളാണ് നമ്മുടെ പ്രേക്ഷകർക്കിഷ്ടം എന്നതാണത്. സാമാന്യം നല്ലൊരു മെലോഡ്രാമയെ സിനിമയെന്ന നിലയിൽ രണ്ടാഴ്ചകളായി നമ്മൾ ആഘോഷിച്ചുകൊണ്ടിരിക്കുന്നതിൽ ആലോചനാമൃതമായ ഒരു രസവും ഒപ്പം ഒരു രസമില്ലായ്മയുമുണ്ട്.

26 വർഷം മുൻപിറങ്ങിയ കെ.ജി.ജോർജ്ജിന്റെ യവനികയുമായി ദൃശ്യത്തെ താരതമ്യപ്പെടുത്തുന്ന നിരൂപകരുണ്ട്. എന്നാൽ, ഈ താരതമ്യത്തിൽ സാരമായ യുക്തിഭംഗമുണ്ട്. രണ്ടു സിനിമയും തമ്മിലുള്ള വ്യത്യാസം, പ്രൊഫഷണൽ സിനിമയും അമച്വർ സിനിമയും തമ്മിലുള്ള വ്യത്യാസം തന്നെയാണ്. ജീവിതത്തിന്റെ നിറവും മണവും നഷ്ടപ്പെട്ട യവനികയിലെ നാടകനടിയ്ക്കും ദൃശ്യത്തിലെ നാലാംക്ലാസ്സുകാരനായ കേബിൾ ഓപ്പറേറ്റർ ജോർജ്ജുകുട്ടിയ്ക്കുമിടയിലുള്ളത് ഒരു ചെറിയ ദൂരമല്ല. അത് സിനിമയും മെലോഡ്രാമയും തമ്മിലുള്ള ദൂരം തന്നെയാണ്. കലയും ക്രാഫ്റ്റും തമ്മിലുള്ള ദൂരമാണ്.

ചിരപരിചിതമല്ലാത്ത ഒരു ത്രെഡ് തിരക്കഥയാക്കുന്നതിൽ ജിത്തുവിനുള്ള പ്രതിഭ അഭിനന്ദനാർഹമാണ്. വളരെക്കാലംകൂടി തീയറ്ററുകൾ നിറച്ചതിന്റെ ക്രെഡിറ്റ് സിനിമയുടെ ശില്പികൾക്ക് അവകാശപ്പെട്ടതുമാണ്. എന്നാൽ, സിനിമയിലെ വിധിനിർണ്ണായകമായ ആ സംഭവം ഉറപ്പിച്ചിരിക്കുന്നത് എത്രത്തോളം ദുർബ്ബലമായ അടിത്തറയിലാണെന്നു നോക്കൂ. തന്റെ കേബിൾ ബിസ്സിനസ് തടസ്സമില്ലാതെ നിർവഹിക്കാൻ, ഭാര്യയെയും രണ്ടു പെണ്മക്കളെയും രാത്രി വീട്ടിൽ ഒറ്റയ്ക്കുറങ്ങാൻ വിട്ട് നമ്മുടെ നായകൻ പതിവായി വീടുവിട്ടുനിൽക്കുകയാണ്. ക്ഷമിക്കണം; അങ്ങനെയൊരാളെ നാട്ടിലെവിടെയും കണ്ടുമുട്ടാനിടയില്ലെങ്കിലും ഈ സിനിമയിൽ കാണാം. ജോലിയിൽ, സ്വന്തമായി ഒരു ബാച്ചിലർ പയ്യന്റെ സേവനം ലഭ്യമായിരിക്കെയാണ് അയാൾ ഈ സാഹസമൊക്കെ ചെയ്യുന്നത് എന്ന വിവരം നമ്മൾ ദയവായി മറക്കേണ്ടതാണ്. കാരണം, ആ ഓർമ്മ നമ്മുടെ സംവിധായകന് ഒട്ടും ഇഷ്ടമാകാനിടയില്ല.

ഇനി,  നിർണ്ണായകമായ ആ ചരിത്രസന്ദർഭത്തിലെ മെലോഡ്രാമ എത്ര ഭയങ്കരമാണെന്നു നോക്കൂ. ഒരു പ്ലസ് ടു പയ്യൻ തന്റെ മൊബൈൽ ക്യാമറയിൽ പെൺകുട്ടിയോട് ചെയ്യുന്ന ക്രൂരത മനസ്സിലാക്കാം. അവനൊറ്റയ്ക്ക് പാതിരാത്രിയിൽ, സ്വന്തം കാറിൽ നമ്മുടെ നായകനും കുടുംബവും താമസിക്കുന്ന വീട്ടിൽ കയറിവന്ന് ബ്ലാക്ക് മെയിൽ ഭീഷണി മുഴക്കി അവളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതും മനസ്സിലാക്കാം. അവളെ കിട്ടിയില്ലെങ്കിൽ അമ്മയായാലും മതി എന്ന അവന്റെ ആഗ്രഹം പോലും മനസ്സിലാക്കാം. എന്നാൽ, നല്ല ആരോഗ്യമുള്ള രണ്ടു പെണ്ണുങ്ങൾക്ക് കൂളായി രണ്ടെണ്ണം കൊടുത്ത്, ആ മൊബൈലും മേടിച്ചെടുത്ത് ‘പോ മോനേ ദിനേശാ’ എന്നു പറഞ്ഞുവിടാവുന്ന കേസിലാണ് ഈ ചരിത്രസംഭവം നടക്കുന്നത്.! നായകൻ അന്നു രാത്രി വീട്ടിലില്ലെന്നും ദൂരെയുള്ള അയാളുടെ മുറിയിലെ ഫോൺ എപ്പോഴും കേടാണെന്നും മൊബൈൽ ഫോൺ അയാൾക്ക് ഹറാമാണെന്നും കൂടി ഇവിടെ നാമോർക്കണം. പോരാ, ഇക്കാര്യമൊന്നും ഓപ്പറേഷനു വരുന്ന ആ പാവം പയ്യനറിയില്ല എന്നും നമ്മുടെ നായികയ്ക്കും മക്കൾക്കും മാത്രമേ അതറിയാവൂ എന്നുകൂടി നാമോർത്തേ പറ്റൂ. കാരണം, ഈ സന്ദിഗ്ദ്ധഘട്ടത്തിലും പ്രേക്ഷകനേക്കാൾ സംവിധായകന്റെ ഈ ആവശ്യത്തെ നമുക്കു പരിഗണിച്ചേ പറ്റൂ.

സിനിമയിലെ അടിസ്ഥാനപരമായ ഡ്രാമയ്ക്ക് ഇത്രയും ഉറപ്പേയുള്ളു. ബാക്കിയുള്ള ഡ്രാമയുടെ കാര്യവും വ്യത്യസ്തമല്ല. കുറ്റം തെളിയിക്കാനുള്ള തീവ്രാഭിലാഷവുമായി ഒരു ഐ.ജി. ലോക്കൽസ്റ്റേഷനിലെ ആൺപോലീസുകാരെ ഉപയോഗിച്ച് 10 വയസ്സുപോലുമില്ലാത്ത പെൺകുട്ടിയടക്കമുള്ള മൂന്നു സ്ത്രീകളെ ഭീകരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ നമ്മുടെ നടപ്പുജീവിതത്തെയും നീതിന്യായത്തെയും പല്ലിളിച്ചുകാട്ടുന്നതാണ്. പോട്ടെ. സംഭവം നടന്ന ദിവസത്തെ മാനിപ്പുലേറ്റ് ചെയ്ത് മറ്റൊരു ദിവസമാക്കി മാറ്റിയ നായകന്റെ അതിബുദ്ധി അപാ‍രമെന്ന് നമ്മൾ എന്തായാലും അംഗീകരിച്ചേ പറ്റൂ. മാത്രമല്ല; ആ കാർ എടുത്തുമാറ്റുന്നതിനു ദൃക്‌സാക്ഷിയായ പോലീസുകാരനും മറ്റും തീയതി മറന്നുപോകാൻ മാത്രം സ്ഥലകാലബോധം നഷ്ടപ്പെട്ടവരാണെന്നുകൂടി ദയവായി നമ്മൾ മനസ്സിലാക്കണം. ഒപ്പം, നാട്ടിലെ സമർത്ഥരായ കുറ്റാന്വേഷണ ഏജൻസികളെക്കുറിച്ച് സൌകര്യപൂർവം മറക്കുക കൂടി ചെയ്താൽ എല്ലാം ശുഭം. ഇതുപോലൊരു സിനിമയെ മനസ്സുകൊണ്ടും ശരീരം കൊണ്ടും വിജയിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ മലയാളിയാണെന്നും പറഞ്ഞ് നമ്മളെന്തിനാ ഇങ്ങനെ നടക്കുന്നത്.!

മോഹൻലാലിനും മീനയ്ക്കും ഹിറ്റായി ഓടിയ തങ്ങളുടെ മുൻവേഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ സിനിമയിൽ ഒന്നും ചെയ്യാനില്ല. ആശാ ശരത്ത് എന്ന നടിയ്ക്കും ഷാജോൺ എന്ന നടനും തങ്ങളുടെ റേഞ്ച് പുറത്തുകൊണ്ടുവരാൻ ഈ സിനിമ അവസരമൊരുക്കിയെന്നത് ഒരു വലിയ കാര്യമാണ്. 

യവനികയുടെ കറതീർന്ന ക്രാഫ്റ്റ് നമ്മെ വിസ്മയിപ്പിക്കുന്നതാണ്. ആരാണ് കൃത്യം ചെയ്തതെന്ന സസ്പെൻസ് സംവിധായകൻ അവസാനനിമിഷം വരെ നിലനിർത്തുകയും ചെയ്യുന്നു. തബല അയ്യപ്പൻ അവസാനിച്ച രാത്രിയുടെ കൃത്യമായ വിശദാംശങ്ങൾ ആ സിനിമയെ ഒരു യാഥാർത്ഥ്യമായി നമുക്കൊപ്പം വീട്ടിലേയ്ക്കു കൊണ്ടുപോരുന്നു. എന്നാൽ ദൃശ്യത്തിലാവട്ടെ, സസ്പെൻസ് കുറ്റം തെളിയിക്കപ്പെടുമോ എന്നതിൽ മാത്രമൊതുങ്ങുന്നു. മറ്റു വിശദാംശങ്ങൾ സംവിധായകൻ വിഴുങ്ങിക്കളയുന്നു. പോലീസ് സ്റ്റേഷനിലെ ക്ലൈമാക്സ് സീക്വൻസ് ഒന്നുമേ പറയാതെ നമ്മെ കബളിപ്പിച്ചു കടന്നുകളയുന്നു.!  

തെറ്റ് ശരിയായി വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു സവിശേഷസന്ദർഭത്തെയും ഈയൊരു സാമൂഹ്യമനശ്ശാസ്ത്രത്തെയും സമർത്ഥമായി ചൂഷണം ചെയ്യുന്നതിൽ ജിത്തുജോസഫ് വിജയിച്ചതിന്റെ കൃത്യമായ പ്രതിഫലനം തീയറ്ററിൽ കാണാം. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമോ എന്ന പ്രശ്നത്തിൽ നിന്ന് ചെയ്ത കുറ്റം തെളിയിക്കപ്പെടുമോ എന്ന പ്രശ്നത്തിലേയ്ക്കുള്ള ഈ ഷിഫ്റ്റ് കൃത്യമായ ഒരു ന്യൂ ജനറേഷൻ പാഠമാണ്. ഈ സമീപനത്തിന്റെ അന്തിമമായ അനന്തരഫലം ഒരുവേള, അരാജകത്വവുമാണ്.

മെമ്മറീസ് എന്ന മുൻവിധിയുമായി പോയതുകൊണ്ടുകൂടിയാവാം ദൃശ്യത്തെ ഏറെക്കുറെ ലൌഡായ ഒരു മൂന്നു മണിക്കൂർ നാടകമായി മാത്രമേ എനിക്കു കാണാൻ കഴിഞ്ഞുള്ളു. സിനിമാറ്റിക്കായ ഒരു ദൃശ്യം പോലുമില്ലാത്ത, സംഭവങ്ങളും സംഭാഷണങ്ങളും നിറഞ്ഞുകവിയുന്ന ഒരു ചിത്രം. ഇത് ശരിക്കും സംവിധായകന്റെ സിനിമയല്ല; തിരക്കഥാകൃത്തിന്റെ സിനിമയാണ്. ഇതിലെ യഥാർത്ഥ മാനിപ്പുലേറ്റർ നമ്മുടെ പ്രിയപ്പെട്ട നായകനുമല്ല; സംവിധായകൻ തന്നെയാണ്.! 

Monday, January 6, 2014

അഞ്ചു സൌന്ദര്യങ്ങൾ














ഇന്ത്യൻ സിനിമ നൂറാം പിറന്നാൾ ആഘോഷിക്കുകയാണ്. പിന്നിട്ട നൂറു വർഷങ്ങൾ, ധൈര്യസമേതം ലോകത്തിനു മുൻപിൽ വെക്കാവുന്ന എത്ര സിനിമകൾ നമുക്കുതന്നു എന്ന ചോദ്യം ഇപ്പോൾ പ്രസക്തമാണ്. മറുപടിയ്ക്കായി വിരലുകൾ അധികം മടക്കേണ്ടിവരില്ല. നേരനുഭവത്തിന്റെ, ചരിത്രബോധത്തിന്റെ, ലോകവീക്ഷണത്തിന്റെ പരിമിതികൾ ന്യായമായും നമ്മുടെ കലയെയും തളർത്തിയിട്ടുണ്ട്. ‘പഥേർ പാഞ്ചലി’ക്കപ്പുറത്തേക്ക് ഇന്ത്യയുടെ ദൃശ്യഭാഷ വളർന്നിട്ടുണ്ടോ എന്ന സംശയം സിനിമക്കാർക്കിടയിൽത്തന്നെ പ്രബലമാണ്.

ഈ ഘട്ടത്തിലാണ്, സിനിമയെ ഗാഢമായി പ്രണയിക്കുന്ന അഞ്ചു യുവാക്കൾ ഇന്ത്യൻ സിനിമയ്ക്ക് ഒരു പിറന്നാൾ സമ്മാനവുമായി വരുന്നത്. ‘അഞ്ചുസുന്ദരികൾ’ എന്നാണ് സിനിമയുടെ പേരെങ്കിലും പ്രണയനൂലിൽ കോർത്തെടുത്ത അഞ്ചു ചെറുചിത്രങ്ങളുടെ പാക്കേജാണിത്. സവിശേഷമായ ഒരു ചരിത്രസന്ദർഭത്തോടുള്ള നീതിപുലർത്തൽ മാത്രമല്ല; ഭാഷയിലും ഭാവത്തിലും തികച്ചും വ്യത്യസ്തരായ അഞ്ചു സ്ത്രീകളുടെ ആത്മാവിഷ്കാരം കൂടിയാണിത്. സ്ത്രീയുടെ സ്വത്വം ഓരോ നിമിഷവും ചരക്കുവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത്, പുരുഷന്മാരേറ്റെടുത്ത ഈ സ്ത്രീ-പ്രകാശനങ്ങൾക്ക് സവിശേഷമായ പ്രസക്തിയുണ്ട്. കണ്ടിരിക്കെ, ജീവിതം ജീവിതമെന്ന് പലപ്പോഴും ഹൃദയം മന്ത്രിച്ചു. ചില നേരങ്ങളിൽ, സ്ക്രീനിലേക്കു നോക്കാനാവാതെ മനസ്സുലഞ്ഞു. മനസ്സറിയാതെ കണ്ണുകൾ നിറഞ്ഞു. ചുരുക്കത്തിൽ, അഞ്ചുസുന്ദരികളും ചേർന്ന് ഒന്നുരണ്ടു രാത്രികളുടെ ഉറക്കം കെടുത്തിക്കളഞ്ഞു.

പരസ്പരം മത്സരിക്കുന്ന അഞ്ചു സുന്ദരികളാവുമ്പോൾ, മനസ്സിനെ കീഴടക്കിയതിന്റെ  ക്രമത്തിൽ പറയുന്നതാവും ഉചിതം.

ആമി
ഒരു രക്ഷയുമില്ലാത്ത പ്രണയത്തിന്റെ ഊഷ്മളതയാണിവൾ. കലയിലും ക്രാഫ്റ്റിലും അതിസുന്ദരമായി രൂപകല്പന ചെയ്ത ഈ റോഡ് മൂവീ, പരസ്പരപ്രണയത്തിന്റെ ചൂരും ചൂടും ആവിഷ്കരിക്കുന്നതിനൊപ്പം രാത്രി പുലരുവോളം ഈ പാരസ്പര്യം ഒരു മനുഷ്യനെ പിന്തുടരുന്നതും തീരുമാനിക്കുന്നതും കാട്ടിത്തരുന്നു. പലവിധത്തിലുള്ള സങ്കീർണ്ണതകളിൽ പുലരുന്ന അജ്മലെന്ന ബിസ്സിനസ്സുകാരന്റെ കാർയാത്രയാണ് സിനിമയിൽ നാം കാണുന്ന ഒരേയൊരു വിഷ്വൽ. എന്നാൽ, അതു മാത്രമാണോ.? അല്ല.യാത്രയ്ക്കിടയിലെ വലുതും ചെറുതുമായ സംഭവങ്ങൾ മനുഷ്യജീവിതത്തിന്റെ മുഴുവൻ സന്ദിഗ്ദ്ധതകളും വിദഗ്ദ്ധമായി പ്രേക്ഷകനിലേയ്ക്കു പകരുന്നു. ആമിയെന്ന സ്ത്രീയെ അവസാനത്തെ ഒരേയൊരു ഷോട്ടിലേ നമ്മൾ കാണുന്നുള്ളു. പക്ഷേ, ദേശത്തനിമയൂറുന്ന മധുരശബ്ദത്തിലൂടെ സിനിമയിലുടനീളം അവളെ കാണാതെകാണുന്നു. ആ പ്രണയം അനുഭവിക്കുന്നു. അന്തർദ്ദേശീയനിലവാരമുള്ള ഇത്ര സുന്ദരമായ ഒരു നറേറ്റീവ് മലയാളസിനിമയിൽ വളരെ അപൂർവമത്രേ. ഇന്ത്യൻ സിനിമയുടെ നൂറാം പിറന്നാളിൽ ലോകത്തിനു സമർപ്പിക്കാൻ പറ്റിയ സിനിമ തന്നെ. തിരക്കഥ, ദൃശ്യം, ശബ്ദം എന്നീ ഘടകങ്ങളെ കൃത്യമായി സമന്വയിപ്പിച്ച ഒരു സംവിധായകന്റെ ചിത്രം. അൻവർ റഷീദിന്റെ അഭിമാനചിത്രം.!

സേതുലക്ഷ്മി
ഇവൾ ആരും തോറ്റുപോവുന്ന പ്രണയത്തിന്റെ നിഷ്കളങ്കതയാണ്. പത്തുവർഷം മുൻപ് എം. മുകുന്ദനെഴുതിയ ഫോട്ടോ എന്ന കഥയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു വന്നവൾ. ആസുരമായ രതിയുടെയും ആസക്തികളുടെയും കാലത്ത് ഏതൊരു വേട്ടക്കാരനെയും വിരക്തനാക്കാൻ പോന്ന ഒരു പുഞ്ചിരി. സിനിമയുടെ മുഴുവൻ സൌന്ദര്യവും ആവാഹിക്കുന്ന ആ മുഖം തന്നെ ഒരു സിനിമയാണ്. അനിക എന്ന ബാലതാരത്തിന്റെ അന്യായഭാവപ്രകടനങ്ങൾ സേതുലക്ഷ്മിയെ പ്രേക്ഷകന്റെ അരുമയാക്കി മാറ്റുന്നു. നിസ്സഹായയായ ഇരയുടെ വിവരണാതീതമായ ആ നോട്ടങ്ങൾക്ക്, നീർ നിറഞ്ഞ കണ്ണുകൾക്ക് ഒരു ജീവിതകാലം മുഴുവൻ നിങ്ങളെ പിന്തുടരാൻ പോന്ന കരുത്തുണ്ട്.

ഷൈജു ഖാലിദെന്ന സിനിമറ്റോഗ്രാഫറുടെ ആദ്യസംരംഭമെന്ന നിലയിൽ, ഈ സിനിമ ഒരു സംവിധായകന്റെ ഉദയം കുറിക്കുന്നു. ബാലപീഡനമെന്ന പ്രമേയത്തിൽ പുറത്തുവന്ന ഏറ്റവും നല്ല ഒരാവിഷ്കാരമാണിത്. കഥാകൃത്തിന് ഈ സിനിമ ഏറെ ഇഷ്ടമായതിൽ അത്ഭുതമില്ല. വരമൊഴിയെ വെല്ലുന്ന വിഷ്വലും ശില്പവും തന്നെ. അല്പം തെറ്റിയാൽ, ഇരയുടേതിൽ നിന്നു വേട്ടക്കാരന്റെ വീക്ഷണത്തിലേയ്ക്ക് പ്രേക്ഷകമനസ്സ് മാറിപ്പോകാനിടയുള്ള രംഗങ്ങളുണ്ട്. അവിടെയെല്ലാം, ദൈവത്തിന്റെ കരവിരുതോടെ ഷൈജു പ്രവർത്തിക്കുന്നു. ഇരയോടുള്ള സഹാനുഭൂതിയും വേട്ടക്കാരനോടുള്ള വിരോധവും സൃഷ്ടിക്കുന്നു. ഈ സിനിമ ഭോഗാന്ധതയിൽ മുങ്ങിയ നമ്മുടെ സമൂഹത്തെപ്പറ്റിയുള്ള ഒരു വിഷ്വൽ പ്രസ്താവം കൂടിയാണ്. ഏതിരുട്ടിൽനിന്നും വിശ്വമാനവികത വളർത്തിയെടുക്കാനാവുമെന്നതിന്റെ ഒരുത്തമദൃഷ്ടാന്തവും.

കുള്ളന്റെ ഭാര്യ
സ്വന്തമായി ഒരു പേരുപോലുമില്ലാത്ത ഇവൾ മരണത്തിലും കെടാത്ത പ്രണയത്തിന്റെ സൌന്ദര്യമാണ്. അപ്പാർട്ട്മെന്റിലെ വാടകമുറിയിൽ താമസത്തിനെത്തുന്ന കുള്ളനും സുന്ദരിയായ ഭാര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെങ്കിലും നാഗരികസമൂഹത്തിന്റെ മുഖമുദ്രയായ ഒളിഞ്ഞുനോട്ടവും പരദൂഷണവുമാണ് സിനിമയുടെ ശരിക്കുള്ള പ്രമേയപരിസരം. പരപീഡനത്തോളം നീളുന്ന ഈ സദാചാരനാട്യങ്ങൾ പരിഷ്കൃതരെന്നഭിമാനിക്കുന്ന നമ്മുടെ മുഴുവൻ കള്ളത്തരവും സംസ്കാരശൂന്യതയും തുറന്നുകാട്ടുന്നുണ്ട്. ഒടുവിൽ, തികച്ചും അപ്രതീക്ഷിതമായി മരണമെന്ന കോമാളി രംഗത്തെത്തുകയും തീവ്രവിഷാദത്തിന്റെ മഴയിൽ എല്ലാവരെയും നനയ്ക്കുകയും ചെയ്യുന്നു. നിറഞ്ഞുപെയ്യുന്ന കണ്ണീർമഴയിൽ ഉയർത്തിപ്പിടിച്ച കുടയുമായി കുള്ളൻ നടന്നുപോകുമ്പോൾ, വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടതിന്റെ ഒരു വിലാപം നമ്മുടെയുള്ളിലും അണപൊട്ടുന്നു. ഒരു ശക്തിയ്ക്കും നികത്താനാവാത്ത, നിറയ്ക്കാനാവാത്ത ചില ശൂന്യതകളെപ്പറ്റി നാം ഓർത്തുപോവുന്നു.!

താൽക്കാലികമായി വീൽച്ചെയറിൽ തളയ്ക്കപ്പെട്ട ഒരാളുടെ ജാലകക്കാഴ്ചകൾ, ഹൊറർ മാന്ത്രികൻ ഹിച്ച് കോക്കിന്റെ Rear Window-യിൽ കണ്ടതാണെങ്കിലും, സ്ഥലവും കാലവും മാറുമ്പോഴുള്ള കാഴ്ചയുടെ വ്യത്യസ്തത സിനിമയെ നല്ലൊരു പരീക്ഷണമാക്കുന്നുണ്ട്. സംവിധായകനെന്ന നിലയിൽ, അമൽ നീരദിന്റെ ഏറ്റവുംമികച്ച സിനിമയും ഇതുതന്നെ.

ഇഷ
പുരുഷനെ വെല്ലുന്ന പുതിയ കാലത്തിന്റെ പ്രലോഭനമായ ഇവൾ, കാലത്തിനുമുൻപേ പറക്കുന്ന പക്ഷി. പ്രണയത്തിന്റെ പാരമ്യമെങ്കിലും സമീപനത്തിൽ കള്ളനു കഞ്ഞി വെച്ചവൾ. പുരുഷനു മുൻപിൽ തോൽക്കാനിഷ്ടമല്ലാത്ത പുതിയ പെണ്ണ്. അവന്റെ കല്പനകൾക്കായി കാത്തിരിക്കുന്ന നാടൻ പെൺകൊടിമാരുടെ സങ്കൽ‌പ്പങ്ങളിൽപ്പോലും കടന്നുവരാനിടയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ തുറസ്സ്.

പുതുവർഷരാത്രിയിൽ, ഒരേലക്ഷ്യവുമായി ഒരുവീട്ടിലെത്തുന്ന ഇഷയും ജിനുവുമാണ് സിനിമയിൽ. സിരകളെ ചൂടാക്കുന്ന പ്രണയത്തിലും ആരെയും ത്രസിപ്പിക്കുന്ന ക്രാഫ്റ്റിലും ചടുലമായ പരിചരണത്തിലും വിസ്മയിപ്പിക്കുന്ന സസ്പെൻസിലുമാണ് സമീർ താഹിറിന്റെ ഊന്നൽ. ചാപ്പാകുരിശിന്റെ സംവിധായകനിൽ നിന്നു പ്രതീക്ഷിച്ച ഒരു ഒരു വിസ്മയം കിട്ടിയില്ലെങ്കിലും മലയാളിയ്ക്ക് ഒട്ടും പരിചയമില്ലാത്ത ഒരു സ്ത്രീകഥാപാത്രത്തെ സൃഷ്ടിച്ച സിദ്ധാർത്ഥ് ഭരതനും സമീറും അഭിനന്ദനമർഹിക്കുന്നു. പാത്രസൃഷ്ടിയുടെ കാര്യത്തിൽ ഇഷ മലയാളസിനിമയിലെ ഒരു വിപ്ലവം തന്നെ. അതിസുന്ദരിയായ ഈ പെൺകൊടിയെപ്പോലെതന്നെ, ഏതാംഗിളിൽ നോക്കിയാലും മനോഹരമായ ഒരു ദൃശ്യശില്പം.

ഗൌരി
ഏതൊരു പ്രണയത്തിലും പതിയിരിക്കുന്ന ദുരൂഹമായ ഏകാന്തതയാണ് ഗൌരി. അമൽ നീരദിന്റെ ഈ മാനസപുത്രിയ്ക്ക് ആഷിക് ജീവൻ നൽകുമ്പോൾ, ഒരിക്കലും വെളിപ്പെടാത്ത ചില ജീവിതസമസ്യകളുടെ മലമുകളിലെത്തിപ്പെട്ട പ്രതീതി. ഉയരം ഒരു ഹരമായ ജോയും നർത്തകിയായ ഗൌരിയും. ഹിൽസ്റ്റേഷനിലെ ഒറ്റപ്പെട്ട കോട്ടേജിൽ താമസിക്കുന്ന ഇവരുടെ ജീവിതം പ്രണയത്തിനു സമർപ്പിക്കപ്പെട്ടതാണ്. പക്ഷേ, വിവാഹവാർഷിക ദിനത്തിൽ ഒരുവിസ്മയം പ്രതീക്ഷിച്ച് വാതിൽ തുറക്കുന്ന ഗൌരിയുടെയുടെ മുന്നിൽ കള്ളച്ചിരിയുമായി കാത്തുനിൽക്കുന്നത് മരണമെന്ന രംഗബോധമില്ലാത്ത കോമാളിയാണ്.!

ചിത്രത്തിൽ അന്തർലീനമായ പ്രണയവിഷാദത്തിന്റെ സ്വപ്നതുല്യമായ മൂഡ് സൃഷ്ടിക്കുന്നതിൽ രാജീവ് രവി എന്ന സിനിമറ്റോഗ്രാഫറുടെ പങ്ക് വളരെ വലുതാണ്. ഉപേക്ഷിക്കപ്പെട്ട കോട്ടേജിന്റെ ആ ക്ലൈമാക്സ് ഷോട്ടിന് ഒരു ക്ലാസ്സിക് സ്വഭാവം തന്നെ കൈവന്നിട്ടുണ്ട്. പ്രണയം, ഏകാന്തത, വിഷാദം, യാദൃശ്ചികത, രതി, മരണം ഇവയെല്ലാം മാറിമാറി പകർന്നാടുന്നുണ്ട്. കഥ പറയുന്ന ജോലി പൂർണ്ണമായും വിഷ്വലുകളെ ഏല്പിച്ചതാവാം പ്രേക്ഷകൻ അല്പം പിണങ്ങിനിൽക്കാൻ കാരണം. മാതൃത്വമെന്ന ഗൌരിയുടെ സ്വപ്നത്തിനും സ്വയമറിഞ്ഞു കൊണ്ടുള്ള ജോയുടെ പതനത്തിനുമിടയിൽ ചില മൌനങ്ങൾ സംവിധായകൻ ഒളിച്ചുവെച്ചിരിക്കുന്നു. എവിടെയോ ചില കണ്ണികൾ  വിട്ടുപോയിട്ടുണ്ട്. മുഴുവൻ വ്യക്തമാക്കണമെന്ന പിടിവാശി നമ്മെ വിട്ടുപോകാത്തതിന്റെ പ്രശ്നവുമുണ്ട്.!

ചരിത്രത്തിലേക്കു മടങ്ങിവന്നാൽ, അഞ്ചുസുന്ദരികൾ  അഞ്ചു സൌന്ദര്യങ്ങൾ തന്നെയാണ്. ഇടക്കെങ്കിലും സംഭവിക്കുന്ന ശുദ്ധകലയിലേക്കുള്ള ഈ പിന്മടക്കങ്ങൾ തന്നെയാണ് സിനിമയെ ശരിക്കും സിനിമയാക്കി മാറ്റുന്നത്. ഏതൊരു അന്തർദ്ദേശീയവേദിയിലും മലയാളത്തെ പ്രതിനിധാനം ചെയ്യാൻ കെൽ‌പ്പുള്ള ചലച്ചിത്രത്തിന്റെ ഉത്തമമാതൃക തന്നെയാണിത്. ചുരുക്കിപ്പറഞ്ഞാൽ, പ്രണയത്തിന്റെ മാത്രമല്ല, നമ്മുടെ യുവതയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നിരുപാധികമായ സൌഹൃദത്തിന്റെകൂടി സിനിമയാണിതെന്നു പറയാം. അഹംഭാവത്തിന്റെ ജാടകളഴിച്ചുകളഞ്ഞ്, കൊണ്ടും കൊടുത്തും മുന്നേറിയാൽ, കളഞ്ഞുപോയ സിനിമയെ വീണ്ടും കണ്ടെത്താമെന്നതിന്റെ ഏറ്റവും പുതിയ തെളിവ്. ഒപ്പം, കേരളത്തിലെ യുവാക്കളുടെ കരങ്ങളിൽ സിനിമ സുരക്ഷിതമാണ് എന്നതിന്റെയും.

Sunday, January 5, 2014

ആർട്ടിസ്റ്റ്










കലാകാരന്റെ ആത്മസംഘർഷങ്ങൾ മാത്രമല്ല ആർട്ടിസ്റ്റ് എന്ന സിനിമ. പലപ്പോഴും സ്വന്തം നിയന്ത്രണത്തിലല്ലാത്ത ആ വ്യക്തിത്വത്തിലെ വൈരുദ്ധ്യങ്ങൾ, പ്രണയം അയാളിൽ നിർമ്മിക്കുന്ന ആവേഗങ്ങൾ, അന്ധതയെപ്പോലും തോൽ‌പ്പിക്കുന്ന അയാളുടെ ക്രിയാത്മകത, അതിനിടയിൽ അനിവാര്യമെന്നതുപോലെ സംഭവിക്കുന്ന തിരുത്താനാവാത്ത തെറ്റുകൾ, നഷ്ടങ്ങൾ...നോവൽ വായിച്ചിട്ടില്ലെങ്കിലും ശ്യാമിന്റെ അഡാപ്റ്റേഷനിൽ വൈകാരികത ഒട്ടും ചോർന്നിട്ടില്ലെന്നു തോന്നി. നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഭാഷയിലെയും ഭാവത്തിലെയും കേരളീയത തന്നെയായിരിക്കണം. അത് ഒരുപക്ഷേ, വിദേശത്ത് ട്രെയിൻഡായ ഫിലിം മേക്കറുടെ ശക്തിയോ ദൌർബല്യമോ ആവാം. എന്തായാലും സിനിമ ഇഷ്ടപ്പെട്ടു. ഫഹദിന്റെ മനോധർമ്മങ്ങൾ ആനിന്റെ പ്രൊഫഷണലിസത്തോടേറ്റുമുട്ടുന്നതു കാണാൻ കൌതുകമുണ്ട്. കലാകാരനല്ല, അവനെ നിർമ്മിച്ചെടുക്കുന്ന, അതിനുവേണ്ടി ജീവിതത്തോടു യുദ്ധം ചെയ്യുന്ന അവന്റെ പ്രണയിനി തന്നെയാണ് അല്പം മുന്നിൽ. അവളുടെ ഒറ്റപ്പെടലിൽ തന്നെയാണ്, ഒടുവിൽ സംവിധായകൻ കയ്യൊപ്പു ചാർത്തുന്നതും. പണ്ടൊക്കെ ഏതുസിനിമയും കണ്ടിറങ്ങുമ്പോളെന്നപോലെ, അതിനുശേഷം മൈക്കേലിനും ഗായത്രിക്കും എന്തു സംഭവിച്ചിരിക്കാം എന്നൊരു കൌതുകം തോന്നി. കണ്ടിരിക്കെ, ഒന്നുരണ്ടു സന്ദർഭങ്ങളിൽ അവരോടൊപ്പം വെറുതേയൊന്നു കരയാൻപോലും ഒരു സന്തോഷം തോന്നി!

Saturday, January 4, 2014

മെമ്മറീസ്


 











കലാപരമായ പരിചരണത്തിലൂടെ നുണയെ സത്യമാക്കി മാറ്റുന്നതിന്റെ സൌന്ദര്യമത്രേ സിനിമ. ഒറ്റവാക്കിൽ മേക്ക് ബിലീഫെന്നും പറയാം. അഭിനയമികവിലെ അത്ഭുതകരമായ കൃത്യത, ഇടത്തും വലത്തും പതറാതെ പ്രേക്ഷകനിൽ പിടിമുറുക്കുന്ന തരത്തിലുള്ള വൈകാരികതയുടെ മാനേജ്മെന്റ്,  ഒരേ നൂലിൽ കൊരുത്തതുപോലുള്ള ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും സമഞ്ജസമായ സമന്വയം, കാച്ചിക്കുറുക്കിയ പാൽ പോലെ തെളിമയും ഒതുക്കവുമുള്ള ചിത്രസന്നിവേശത്തിന്റെ ശില്പസൌകുമാര്യം.. ഇതൊക്കെ ചേർന്നാൽ, ഏതു കല്ലുവെച്ച നുണയും നമ്മൾ സത്യം പോലെ വിശ്വസിക്കും. പലപ്പോഴും സ്വയം മറന്ന് നിറകണ്ണുകളോടെ ദീർഘനിശ്വാസമുതിർക്കും. ഒരുവേള, നമ്മളെ ഈ അവസ്ഥയിലെത്തിച്ച സംവിധായകനെപ്പോലും മറക്കും. സാം എന്ന മനുഷ്യൻ കടന്നുപോകുന്ന സങ്കീർണ്ണമായ അനുഭവലോകത്തെക്കുറിച്ചും പൃഥ്വിരാജെന്ന ബുദ്ധിമാനായ നടനെക്കുറിച്ചും മാത്രമോർക്കും.!

നോർത്ത് 24 കാതം












ജാതകവശാൽ വൃത്തിബോധം അല്പം കൂടിപ്പോയ ഹരി എന്ന യുവാവിന്റെ എക്സെൻട്രിക്കായ പ്രവൃത്തികളിലാണ് സംവിധായകന്റെ ഫോക്കസ്. ഏറിയും കുറഞ്ഞും ഒരു ഹരി എല്ലാവരിലും ഒളിഞ്ഞിരിപ്പുള്ളതിനാൽ കാണികൾക്ക് പലപ്പോഴും കണ്ണാടിയിൽ നോക്കുന്ന പ്രതീതി ലഭിക്കുന്നുണ്ട്. അത് പൊട്ടിച്ചിരിയായോ അമർത്തിച്ചിരിയായോ മാറുന്നുണ്ട്. ഫഹദിന് അറിഞ്ഞഭിനയിക്കാനുള്ള വകുപ്പുണ്ട്. നടപ്പിലും എടുപ്പിലുമൊക്കെ അയാൾ സ്വന്തം റിയൽ വ്യക്തിത്വത്തെ മാറ്റിമറിയ്ക്കുന്നുമുണ്ട്. ആ ശരീരഭാഷയ്ക്കു വേണ്ടി ഉടലെടുത്ത തിരക്കഥ തന്നെയാണെന്നു വ്യക്തം . 24 മണിക്കൂർ ദൈർഘ്യമുള്ള റോഡ് മൂവിയുടെ ക്രാഫ്റ്റ് പുതിയ ഫാഷനുമാണ്. പിന്നെന്താണൊരു പ്രശ്നം.? പ്ലോട്ടിലെ/പരിചരണത്തിലെ  പുതുമ മാത്രം പോരാ. വിശദാംശങ്ങളുടെ വിശ്വാസ്യത വളരെ പ്രധാനമാണ്. ഇക്കാര്യം ഫിലിം മേക്കർ അത്ര ഉൾക്കൊണ്ട മട്ടില്ല. കൊല്ലം മുതൽ കോഴിക്കോട് വരെ നീളുന്ന ഹർത്താൽദിന യാത്രയുടെ ഡീറ്റെയിൽസ് വേണ്ടത്ര യുക്തിഭദ്രമല്ല. യുക്തിഭംഗം രണ്ടാം പകുതിയെ അല്പം സില്ലിയാക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും അവിടവിടെ ജീവിതം കയറിവരുന്നുണ്ട്. ചിരിക്കൊപ്പം ചിന്തയുടെ മേമ്പൊടി വിതറുന്നുണ്ട്. കയറിപ്പോയ കുറ്റത്തിന് പ്രേക്ഷകനെ പ്രതിയാക്കുന്ന പടങ്ങൾക്കിടയിൽ ഇതൊക്കെ ഒരു വലിയ റിലീഫ് തന്നെയാണേയ്.!