Wednesday, February 12, 2014

1983

 












ക്രിക്കറ്റാണ് പ്രമേയം. എന്നാൽ ക്രിക്കറ്റല്ല. കഴിഞ്ഞുപോയ വർഷങ്ങളിലെ ക്രിക്കറ്റ് വിഷ്വലുകളിലൂടെയുള്ള ഒരു വൈകാരികസഞ്ചാരമായി ഈ സിനിമയെ ചുരുക്കാനാവില്ല. വെറുതെ ചിരിച്ചു തള്ളാനാവില്ല. കാരണം ക്രിക്കറ്റെന്തെന്നറിയാത്ത എന്റെ മനസ്സിന്റെ അകത്തളത്തിലും ഞാനറിയാതെ ഈ സിനിമ കയറിയിരുന്നു. ഭൂതകാലത്തിന്റെ മുഴുവൻ സന്തോഷത്തെയും വേദനകളെയും അത് ഒരിക്കൽക്കൂടി കൂടു തുറന്നുവിട്ടു.

ഇതൊരു സംവിധായകന്റെ സിനിമയാണ്. തുടക്കം മുതൽ ഒടുക്കം വരെ അല്പം പോലും വ്യതിചലിക്കാതെ, തന്റെ പ്രമേയത്തിൽത്തന്നെ അയാൾ ക്യാമറയെ തറച്ചുനിർത്തുന്നു. മനസ്സിലെ സിനിമയെ, കണ്ണിലെ കൃഷ്ണമണി പോലെ കരുതലോടെ കൈകാര്യം ചെയ്യുന്നു. ഒരു നവാഗതന്റെ വേവലാതികളില്ലാതെ കറതീർന്ന തന്റെ മാധ്യമബോധം വെളിപ്പെടുത്തുന്നു. മുഖ്യപ്രമേയമായി ക്രിക്കറ്റിനെ കിറുകൃത്യമായി ഉപയോഗിക്കുമ്പോഴും അതിനിടയിലൂടെ എന്റെയും നിന്റെയും കറന്റായ ജീവിതം പറയുന്നു. രമേശനെപ്പോലെ നിസ്വനായി പുലരുന്ന ഏതൊരു ഗ്രാമീണനും പൊരുതാനുള്ള ആത്മവിശ്വാസം പകരുന്നു.

രമേശൻ അടിച്ചുപറത്തുന്ന സിക്സറുകളെപ്പോലെ സിനിമയിലെ ഓരോ ഷോട്ടും പ്രേക്ഷകരുടെ ഹൃദയത്തിൽത്തന്നെയാണ് വന്നുപതിയ്ക്കുന്നത്. കപിലും സച്ചിനും കളിക്കുന്ന ഒറിജിനൽ ഫുട്ടേജുകൾ സങ്കേതമായി ഉപയോഗിച്ച് ഒരു ഗ്രാമത്തിന്റെ കളങ്കരഹിതമായ ജീവിതചിത്രം അയാൾ വരച്ചെടുക്കുകയാണ്. സിരകളിൽ ആവേശം നിറയ്ക്കുന്ന കളിയുടെ ചടുലതയ്ക്കൊപ്പം, മുഷിഞ്ഞ യാഥാർത്ഥ്യവും മനുഷ്യനന്മയും പ്രണയവും വിഷാദവും നിരാശയും നർമ്മവും മാറിമാറി പകർന്നാടുന്ന റിയൽ മുഹൂർത്തങ്ങൾ. കാഴ്ചയുടെ ഈ മാജിക്ക് കണ്ടുതന്നെ അറിയേണ്ടതാണ്. യുക്തിഭദ്രമായ ഈ ശുഭാപ്തിവിശ്വാസത്തിന് ഒരു ഹാറ്റ്സ് ഓഫ് ഒട്ടും അധികമല്ല.!

2 comments:

Unknown said...

satyom .... nostalgia kadal thanne idilakki vittu

Muralee Mukundan , ബിലാത്തിപട്ടണം said...

ക്രിക്കറ്റെന്തെന്നറിയാത്ത എന്റെ മനസ്സിന്റെ അകത്തളത്തിലും ഞാനറിയാതെ ഈ സിനിമ കയറിയിരുന്നു. ഭൂതകാലത്തിന്റെ മുഴുവൻ സന്തോഷത്തെയും വേദനകളെയും അത് ഒരിക്കൽക്കൂടി കൂടു തുറന്നുവിട്ടു.